Image

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ആറ്)- ജിന്‍സന്‍

ജിന്‍സന്‍ ഇരിട്ടി Published on 04 January, 2014
തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ആറ്)- ജിന്‍സന്‍
അദ്ധ്യായം -6
ലണ്ടന്‍ ബ്രിഡ്ജിന്റെ കൈവരിയില്‍ ചാരി നിന്ന് ടവര്‍ ബ്രിഡ്ജിനെ ചൂണ്ടികൊണ്ട് ടോണി തന്റെ സുഹ്യത്ത് സുധീഷിനോട് പറഞ്ഞു:
അതാണ് ബ്രിട്ടന്റെ സ്വകാര്യ അഹങ്കാരമായി ലോകത്തിന് മുന്‍പില്‍ ഉയര്‍ത്തി കാണിക്കുന്ന വികടോറിയന്‍ ഏകാധിപത്യത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ സ്മാരകങ്ങളിലൊന്ന്.
“ഒന്നാം തരം ക്രാഫ്റ്റ് അല്ലേ”
അത് കേട്ട് പുച്ഛത്തോടെ ടോണി പറഞ്ഞു:
“എന്ത് ക്രാഫ്റ്റ് ഈ ടവര്‍ ബ്രിഡ്ജ് കാണുമ്പോഴൊക്കെ എന്നെ ഓര്‍മ്മപ്പെടുത്തും. ഇതിന്റെ ഓരോ ഇഷ്ടികയും കോളനി വാഴ്ചയില്‍ തകര്‍ന്ന ജീവിതങ്ങളുടെ ചോരയും വിയര്‍പ്പുമുണ്ടെന്ന്. ബ്രിട്ടനിലെ മിക്ക ചരിത്ര സ്മാരകങ്ങളും കൊളളയടിക്കപ്പെട്ട മൂന്നാം ലോക രാജ്യങ്ങളുടെ കണ്ണുനീരില്‍ പടുത്തുയര്‍ത്തവയാണ് ”
“ഒരു തരത്തില്‍ അതു ശരിയാണ് എത്രയോ വര്‍ഷം ഏഷ്യയേയും ആഫ്രിക്കയേയും കോളനികളാക്കി പാവപ്പെട്ടവന്റെ സ്വത്ത് പിടിച്ച് പറിച്ച് ബ്രിട്ടനിലേക്ക് കടല്‍ കടത്തി.”
ക്യൂന്‍സ് വാക്കിലൂടെ നടന്ന ടവര്‍ ബ്രിഡ്ജിന് മുമ്പിലത്തെ സിറ്റി ഹാളില്‍ എത്തിയപ്പോള്‍ ടോണി പറഞ്ഞു:
“ഈ സിറ്റി ഹാള്‍ വ്യവസായ വിപ്ലവത്തിന് ശേഷമുണ്ടായ ആധുനിക ബ്രിട്ടന്റെ മുഖമാണ്. ബ്രിട്ടനിലെ ചിന്തിക്കുന്ന യുവജനത ബ്രിട്ടന്റെ ക്രൂരമായ ഭൂതകാലത്തെ കുഴിച്ച് മൂടി ജനാധിപത്യ ലിബറിസത്തെ പുനഃസൃഷ്ടിച്ചു. ഈ ജനാധിപത്യ ലിബറിസത്തിന് ബ്രിട്ടന്റെ ഭൂതകാലത്തിന്റെ രക്തക്കറയെ മായ്ക്കാന്‍ കഴിയുമോ എന്നറിയില്ല. എങ്കിലും ജനാതിപത്യത്തിന്റെ മഹത്വം ഇനിയും നമ്മള്‍ പാശ്ചാത്യ ഭരണകൂടങ്ങളില്‍ നിന്ന് പഠിക്കേണ്ടിയിരുന്നു. ലോകത്തിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്ത്രീകളെ എങ്ങനെ കൂടുതല്‍ കറുത്ത തുണിയില്‍ ഒളിപ്പിക്കാമെന്ന് ആലോചിക്കുമ്പോള്‍ ഇവിടെ ലിബറിസത്തില്‍ ജനങ്ങളുടെ പൂര്‍ണ്ണ നഗ്നരായി നടക്കാനുളള അവകാശത്തെ എങ്ങനെ അംഗീകരിക്കുമെന്നതിനെക്കുറച്ചാണ് ആലോചിക്കുന്നത് ”
“ശരിയാണ് ഞാന്‍ ഇന്നലെ കൂടി പത്രത്തില്‍ വായിച്ചു രണ്ട് വയസ്സുകാരി പെണ്‍കുട്ടിയെ പര്‍ദ്ദയിടീക്കണമെന്ന സൗദി ഭരണകൂടത്തിന്റെ ജല്‍പ്പന്നങ്ങള്‍”
ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നറിയില്ല. എങ്കിലും ഒരു ഭരണകൂടത്തിനും മനുഷ്യര്‍ക്ക് ചിന്താശേഷിയുളള കാലത്തോളം അവരെ വിഡ്ഢികളാക്കി അടക്കി ഭരിക്കാന്‍ കഴിയില്ല.”
ലണ്ടന്‍ ഐയുടെയും പാര്‍ലമെന്റിന്റേയും ഇടയിലത്തെ പാലത്തിലൂടെ നടന്നപ്പോള്‍ ടോണി പറഞ്ഞു:
“രണ്ടാം ലോക മഹാ യുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ സര്‍വ്വാധിപത്യത്തെ തകര്‍ത്ത വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ധീരമായ വാക്കുകള്‍ പ്രകമ്പനം കൊണ്ട പാര്‍ലമെന്റാണിത് ”
ടോണി ഒന്ന് നിര്‍ത്തിയിട്ട് ബിഗ് ബെന്നിനെ ചൂണ്ടികൊണ്ട് പറഞ്ഞു:
“ഈ ക്ലോക്ക് ടവര്‍ ഒരു കാലത്ത് ബ്രിട്ടന്റെ ദിശാ സൂചിയായരുന്നു. ബിഗ് ബെന്നിനെ തകര്‍ത്താല്‍ ബ്രിട്ടനെ തകര്‍ത്തെന്ന നാസികള്‍ പ്രഖ്യാപിച്ച രണ്ടാം ലോക മഹായുദ്ധ കാലത്ത് ലണ്ടനിലെ ജനത അതിന്റെ ഓരോ നാഴിക മണിയും ഹ്യദയത്തോട് ചേര്‍ത്തു വച്ചു”
“തെംസ് നദിയുടെ കരയിലെ ഈ ക്ലോക്ക് ടവറും പാര്‍ലമെന്റും വല്ലാത്ത വിസ്മയം തന്നെ ബ്രിട്ടീഷ് കരവിരുതിന്റെ മറ്റൊരു അത്ഭുതം”
തെംസ് നദിയില്‍ സ്ഥാപിച്ചിരിക്കുന്ന ലണ്ടന്‍ ഐയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ടോണി ചോദിച്ചു:
“സുധീഷേ ലണ്ടന്‍ ഐയില്‍ കയറണോ ലണ്ടന്‍ നഗരത്തിന്റെ മുകളില്‍ തൊട്ട് തിരിച്ചുവരാം.”
“ഉം”
“ലണ്ടന്റെ ആകാശത്തിന് ഉച്ചിയില്‍ നിന്നുകൊണ്ട് തിരക്ക് പിടിച്ച മഹാനഗരത്തെ നോക്കിയപ്പോള്‍ ടോണിക്ക് വല്ലാത്ത വിസ്മയം തോന്നി. ഇരുട്ട് വീഴും മുമ്പ് എന്തോ ചെയ്ത് തീര്‍ക്കാന്‍ ഉളളതുപോലെ തിക്കി തിരക്കി നാലുപാടും ഓടുന്ന മനുഷ്യരും, മേഘങ്ങളെ തൊടാന്‍ വെമ്പി നില്‍ക്കുന്ന ഗോപുരങ്ങളും, നഗരത്തിന്റെ മുഴുവന്‍ ബഹളവും ഹൃദയത്തില്‍ ഏറ്റുവാങ്ങി സര്‍വ്വം സഹയായി ഒഴുകുന്ന തെം നദിയും കാഴ്ചകള്‍ക്ക് പുതുമാനം തീര്‍ക്കുന്നു.
എമിലിയൊടൊത്ത് താന്‍ പലപ്രാവശ്യവും ഇതില്‍ കയറിയിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യവും കയറുമ്പോഴും ആദ്യം കയറുന്നതുപോലെയുളള വിസ്മയം തോനുന്നു.
ക്യാബില്‍ കയറങ്ങി ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കികൊണ്ട് സുധീഷ് പറഞ്ഞു:
“ഇത് ശരിക്കും ലണ്ടന്റെ മൂന്നാം കണ്ണ് തന്നെ”
“ശരിയാ എനിക്കിപ്പോള്‍ ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ കിളിക്കൂട്ടില്‍ നിന്ന് പറന്ന് പറന്ന് ഈ ആകാശത്ത് കൂടി ഒരു നഗര പ്രദിക്ഷണം നടത്തിയേനേ”
അത് കേട്ട് ചിരിച്ചുകൊണ്ട് സുധീഷ് പറഞ്ഞു:
“യൂ സോ ഫാന്റസ്റ്റിക്ക് ” 
ഹൈഗേറ്റില്‍ ട്യൂബിറങ്ങി കാറല്‍ ശവകൂടീരത്തിലേക്ക് നടക്കുമ്പോള്‍ ടോണി പറഞ്ഞു:
“സമയം വൈകി ഇനി എന്‍ട്രന്‍സ് പാസ്സ് കിട്ടുമോ എന്നറിയില്ല. എങ്കിലും നമുക്ക് ശ്രമിച്ചു നോക്കാം”
അവര്‍ അവിടെ എത്തിയപ്പോഴേക്കും എന്‍ട്രന്‍സ് ക്ലോസ്സ് ചെയ്തിരുന്നു. അവസാനം പാസ് കൊടുക്കാന്‍ നില്‍ക്കുന്ന ഇംഗ്ലീഷ്‌കാരിയോട് കെഞ്ചി പാസ് സംഘടിപ്പിച്ചു.
“ഏതായാലും മാര്‍ക്‌സിന് നമ്മളെ കാണാനുളള ഭാഗ്യമുണ്ട് ”
അത് കേട്ട് ഇഷ്ടപ്പെട്ട പോലെ സുധീഷ് പറഞ്ഞു:
“ശരിയാ” 
ഗേറ്റ് കടന്ന് വിക്‌ടോറിയന്‍ ചരിത്ര മുദ്രകള്‍ പതിഞ്ഞ ശവകുടീരങ്ങള്‍ക്കും സ്മാരകങ്ങള്‍ക്കും അടുത്തുകൂടി നടന്നപ്പോള്‍ ആ പഴയ വിക്‌ടോറിയന്‍ കാലഘട്ടത്തിലൂടെ നടന്നതുപോലെ ടോണിക്ക് തോന്നി.
വിശ്വ സാഹിത്യകാരന്‍ ചാള്‍സ് ഡീക്കന്‍സിന്റെ അച്ഛന്‍ ജോണ്‍ ഡീക്കിന്റെ ശവകുടീരത്തിന് മുമ്പിലൂടെ നടന്നപ്പോള്‍ ടോണി പറഞ്ഞു:
“ഞാന്‍ ഏതോ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ഇവിടെ അന്ത്യ വിശ്രമം കൊളളുന്ന പലരും ഒരുകാലത്ത് ചാള്‍സ് ഡീക്കിന്റെ കഥാപാത്രങ്ങളായിരുന്നെന്ന് ”
അവര്‍ നടന്ന് അവസാനം മാര്‍ക്‌സിന്റേയും ഹെര്‍ബര്‍ബര്‍ട്ട്‌സ് പെന്‍സറിന്റേയും ശവകുടീരങ്ങള്‍ക്ക് മുന്‍മ്പില്‍ എത്തിയപ്പോള്‍ സുധീഷ് പറഞ്ഞു :
“വിസ്മയം തന്നെ പരസ്പര വിരുദ്ധമായ രണ്ടാശയങ്ങള്‍ക്കു വേണ്ടി ജീവിച്ചവര്‍ അവസാനം മരണത്തിനു ശേഷം മുഖത്തോട് മുഖം നോക്കി സൗമ്യരായികിടക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വയം പ്രഖ്യാപിത വെടി നിര്‍ത്തല്‍ നടപ്പിലാക്കി മൗനത്തിലായതുപോലെ”
“മരിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാ മനുഷ്യരും തുല്യരല്ലേ. മാര്‍ക്‌സിന്റെ ശവവും, ഹെര്‍ബര്‍ട്ട് സ്‌പെന്‍സറിന്റെ ശവവും മണ്ണിനും മണ്ണിരകള്‍ക്കും ഒരു പോലെ തന്നെ. പിന്നെ അവര്‍ അടുത്തടുത്ത് കിടന്നാലും അകലെ കിടന്നാലും എന്താ പ്രശ്‌നം. മാര്‍കസിന്റെ മഹത്വമറിയാന്‍ അദ്ദേഹത്തിന്റെ പുസ്തകം മതി. ആ പുസ്തകങ്ങള്‍ ഇരുപതാം നൂറ്റാണ്ടിനെ മാറ്റി മറിച്ചത് നമ്മള്‍ കണ്ടതാണ് ”
മാര്‍ക്‌സിന്റെ പ്രതിമക്ക് താഴെ കല്ലറയില്‍ എഴുതിയ വാചകം ടോണി വായിച്ചു:
“വര്‍ക്കേഴ്‌സ് ഓഫ് ഓള്‍ ലാന്റ് യുണൈറ്റ് ”
മാര്‍ക്‌സിന്റെ നീണ്ട താടിയും മുടിയിയും തീക്ഷണമായ കണ്ണുകളിലും നോക്കിയിട്ട് ഇത് വായിക്കുമ്പോള്‍ മാര്‍ക്‌സ് തന്നോട് ഈ വാചകം ഉച്ചത്തില്‍ പറയുന്നതുപോലെ ടോണ്ക്ക് തോന്നി. അല്‍പനേരത്തെ മൗനത്തിനു ശേഷം ടോണി പറഞ്ഞു :
“മാര്‍കസ് മനസ്സിലായിക്കയതുപോലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ വേറെയാരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോനുന്നില്ല. അത് ദാസ് ക്യാപിറ്റലും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചവര്‍ക്ക് മനസ്സിലാകും”
പറയുന്നതിനിടയില്‍ ജാക്കറ്റില്‍ കിടന്ന മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് ടോണി മൊബൈല്‍ എടുത്ത് നോക്കി. എമിലിയാണ്.
“ടോണി വെയര്‍ ആര്‍ യു”
“ഞാന്‍ നാട്ടില്‍ നിന്ന് ബിസിനസ്സ് ട്രിപ്പിന് വന്ന എന്റെയൊരു സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങിയതാ”
“ടോണി എനിക്ക് അര്‍ജന്റായി ഇന്ന് നാട്ടില്‍ പോകണം. എന്റെ ഡാഡി ഹോസ്പിറ്റലിലാ”
അതുകേട്ട് തിടുക്കപ്പെട്ട് ടോണി ചോദിച്ചു:
“എന്ത് പറ്റി”
“ഡാഡിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിട്ട് പെട്ടന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നു. ഡാഡി ഇപ്പോള്‍ ഐസിയുവിലാണുളളത്. ഹോസ്പിറ്റലില്‍ നിന്ന് വിളിച്ച് ഡാഡിക്ക് എന്നെ ഉടനെ കാണണമെന്ന് പറഞ്ഞു”
“എമിലി കൊച്ചു കുട്ടിയെപ്പോലെ ഫോണിലൂടെ കരയുന്നത് കേട്ട് ടോണി പറഞ്ഞു”
“നീ കരയാതെ ഡാഡിക്കൊന്നും സംഭവിക്കില്ല. ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട് വരാം”
ടോണി വീട്ടിലെത്തിയപ്പോള്‍ എമിലി പോകാന്‍ റെഡിയായി കൊണ്ടിരിക്കുകയായിരുന്നു.
“ടോണി ഞാന്‍ രാത്രി എട്ടേമുപ്പതിന്റെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യ്തിട്ടുണ്ട്. ഞാന്‍ ഡ്രസ്സ് മാറുമ്പോഴേക്കും നീ എന്റെ ഇമെയില്‍ നിന്നും വേഗം ടിക്കറ്റിന്റെ പ്രിന്റ് എടുക്ക് ”
എമിലിയുടെ ലാപ്‌ടോപ്പ് ഓണാക്കി ഇമെയിലില്‍ നിന്ന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ടിക്കറ്റിന്റെ റേറ്റ് കണ്ട് ടോണി ആശ്ചര്യപ്പെട്ട് പോയി. സാധരണ ടിക്കറ്റിന്റെ നാലിരട്ടി.
“നീയെന്തിനാ ഇത്രയും വലിയ ചാര്‍ജിന് ബുക്ക് ചെയ്തത്. ഞാന്‍ വേറെ ഏജന്‍സിയില്‍ നിന്ന് ചാര്‍ജ് കുറച്ച് ബുക്ക് ചെയ്ത് തരില്ലായിരുന്നോ. അത്യാവശ്യക്കാരനെ പരമാവധി പിഴിയുകയെന്നത് ലാഭക്കൊതിയന്മാരുടെ ഒരു സ്ഥിരം തന്ത്രമാണ് ”
“ഐ ഡോണ്ട് കെയര്‍ ടോണി എനിക്കെന്റെ ഡാഡിയെ എത്രയും പെട്ടന്ന് കാണണം അത്രമാത്രമേ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുളളൂ”
ടാക്‌സിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ വിഷാദത്തോടെ ഗ്ലാസ്സിലൂടെ പുറത്തേക്ക് കണ്ണുംനട്ട് മൗനിയായി ഇരിക്കുന്ന എമിലിയുടെ കൈ തണ്ടയില്‍ മെല്ലെ തലോടിക്കൊണ്ട് ടോണി പറഞ്ഞു:
“ഡോണ്ട് വറി എമിലി യുവര്‍ ഡാഡി വില്‍ ബി ഓള്‍ റൈറ്റ് ”
എമിലി മറുപടിയൊന്നും പറയാതെ ടോണിയെ നോക്കിയിട്ട് സീറ്റിലേക്ക് തല ചായ്ച്ച് ഇരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു:
“അമ്മ മരിച്ചതിനു ശേഷം എനിക്കെല്ലാമെന്റെ ഡാഡിയാണ്. ഡാഡിയിലൂടെയാണ് ഞാന്‍ ഈ ലോകത്തെ കണ്ടത്. ഡാഡിയെന്നും ബിസിനസ്സിന്റെ തിരക്കുകളിലാണ് ജീവിച്ചതെങ്കിലും ഡാഡിക്ക് എന്നോടുളള സ്‌നേഹത്തിന്റെ ആഴം എനിക്ക് നന്നായി അറിയാം. ഐ ലൗ ഹിം റ്റൂ മച്ച് ”
അവളുടെ വാക്കുകള്‍ ഇടറി. നിറഞ്ഞു വന്ന കണ്ണുനീര്‍ കയ്യിലെ തൂവാലകൊണ്ട് ഒപ്പിയെടുത്ത് നിശബ്ദയായി അവള്‍ ഡോറിന്റെ ഗ്ലാസ്സിലേക്ക് തലചായ്ച്ചു.
“എമിലി നീ കരയാതെ ഡാഡിക്കൊന്നും സംഭവിച്ചില്ലല്ലോ”
ടോണി അല്‍പനേരത്തെ മൗനത്തിനുശേഷം വീണ്ടും പറഞ്ഞു:
“മനുഷ്യന്റെ ജീവിതക്രമത്തിന് മാറ്റം വരുമ്പോള്‍ അതനനുസരിച്ച് രോഗങ്ങളിലും മാറ്റം വരും. ഇവിടെ കാന്‍സര്‍ ഒരു നിത്യസംഭവം ആണെങ്കില്‍ നമ്മുടെ നാട്ടില്‍ കൊളസ്‌ട്രോള്‍ ഒരു വലിയ പ്രശ്‌നമാണ്. മനുഷ്യന്‍ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഈ കൊളസ്‌ട്രോളും ക്യാന്‍സറുമൊക്കെ സ്വയം നിയന്ത്രിക്കാവുന്നതേയുളളൂ”
അവള്‍ തൂവാലകൊണ്ട് മുഖം തുടയ്ക്കുന്നത് കണ്ട് ടോണി പറഞ്ഞു:
“നീ ബോള്‍ഡ് പോലെ തന്നെ സോ സോഫ്റ്റുമാണ് ”
അത് കേട്ട് അവള്‍ ചിരിച്ച് കൊണ്ട് ടോണിയെ നോക്കി. അവന്‍ അപ്പോള്‍ അവളുടെ കവിളില്‍ മെല്ലെ തട്ടിയിട്ട് പറഞ്ഞു:
“ദേ…ഇങ്ങനെ ചിരിക്കുന്ന എമിലിയെയാണ് എനിക്കിഷ്ടം. കരയുന്ന എമിലിക്ക് തീരെ ഭംഗിയില്ല”
എയര്‍പോര്‍ട്ടില്‍ നിന്ന് പിരിയാന്‍ സമയമായപ്പോള്‍ അവന്‍ പറഞ്ഞു:
“ഇനി നീ വരുന്നതുവരെ ഭയങ്കര ബോറിങ്ങായിരിക്കും”
അവന്റെ വിഷാദം നിഴലിച്ച കണ്ണുകളിലേക്ക് നോക്കിയിട്ട് എമിലി പറഞ്ഞു:
“എനിക്ക് കുറെ നാള്‍ എന്റെ ഡാഡിയൊടൊപ്പം നില്‍ക്കണം. അതിനുശേഷം ഞാന്‍ വരും. എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. മിക്കവാറും രണ്ടോ മൂന്നോ മാസമോ അല്ലങ്കില്‍ അതില്‍ കൂടുതലോ”
ഫ്‌ളളൈറ്റിന്റെ അനൗണ്‍സ്‌മെന്റ് മുഴങ്ങുന്നതു കേട്ട് എമിലി പറഞ്ഞു:
“എനിക്ക് പോകാന്‍ സമയമായി. ഉടനെ ബോഡിങ്ങ് തുടങ്ങും”
 അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ടോണി അവളുടെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു:
“നാട്ടില്‍ എത്തിയാല്‍ ഉടനെ എന്നെ വിളിക്കാന്‍ മറക്കരുത് ”
“ഞാന്‍ വിളിക്കാം. യു ടെയ്ക്ക് കെയര്‍”
“യൂ റ്റൂ”
എമിലി ധൃതിയില്‍ ട്രോളിയും വലിച്ച് മറയുന്നതും നോക്കി ടോണി നടന്നു.



തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ആറ്)- ജിന്‍സന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക