വിഷ്ണു ശര്‍മ്മാവ് എന്ന കവി രചിച്ച അതിപ്രശസ്തമായ ഒരു പ്രാചീന കൃതിയാണിത്. പഞ്ചതന്ത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. എങ്കിലും അതില്‍ നിഗുംഫനം ചെയ്തിരിക്കുന്നു, എന്തിനുവേണ്ടിയാണ് ഇതു രചിച്ചത് എന്നും മറ്റും അറിയാവുന്നവര്‍ ചുരുക്കം. അവരുടെ അിറവിലേക്ക് സാമാന്യ വിവരം നല്‍കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ തന്നെ കൃതിയുടെ രചനയെക്കുറിച്ച് സൂചനയുണ്ട്. ഭാരതത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമര ശക്തി എന്നൊരു ചക്രവര്‍ത്തി നാടുവാണിരുന്നു. സമര്‍ത്ഥനും പ്രസിദ്ധനുമായ അദ്ദേഹത്തിനു ജനിച്ച പുത്രന്മാര്‍ മൂവരും വിധിവശാല്‍ ശുദ്ധ വിഡ്ഢിക്കുശ്മാണ്ഢങ്ങളും! ചക്രവര്‍ത്തിയുടെ സങ്കടം ഊഹിക്കാവുന്നതേയുള്ളൂ, വിശിഷ്യാ അത്തരം സന്താനങ്ങളുടെ രക്ഷിതാക്കള്‍ക്ക്.
ചക്രവര്‍ത്തി പുത്രന്മാരെ ബുദ്ധിമാന്മാരും സമര്‍ത്ഥരുമാക്കിയെടുക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലം പരാജയമായിരുന്നു. നിരാശനായ അദ്ദേഹം രാജ സഭ വിളിച്ചു കൂട്ടി തന്റെ പ്രശ്‌നം അവതരിപ്പിച്ചു. സഭാവാസികളില്‍ സുമതി എന്നൊരു വിദ്വാന്‍ എഴുന്നേറ്റ് പരിഹാര മാര്‍ഗ്ഗം തിരുമുമ്പാകെ ഉണര്‍ത്തിച്ചു.
കുട്ടികളെ ഓരോ ശാസ്ത്രങ്ങളായി പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്കു നാരസ ജനകമാണ്. കൂടാതെ അതിനായി അനേകം വര്‍ഷങ്ങള്‍ പാഴാക്കുകയായകും ഫലം. നതി ശാസ്ത്രം ധര്‍മ്മ ശാസ്ത്രം, ആദിയായ ശാസ്ത്രങ്ങളെല്ലാം കൂട്ടിക്കുഴച്ച് ഒരു മധുര പലഹാര രൂപമാക്കി കുറേശെ നല്‍കിയാല്‍ ഫലപ്രദമായേക്കും. അതിനു പറ്റിയ ഒരാള്‍ നമ്മുടെ രാജ്യത്തു തന്നെ ഉണ്ട്. അദ്ദേഹം സര്‍വ്വകാല വല്ലഭനും, സഹ്രദയാഗ്രണിയും, ശിഷിലാളനാവിദഗ്ധനുമാണ്. അദ്ദേഹം കുമാരന്മാരെ വിദ്വാന്‍മാരാക്കി തീര്‍ക്കുമെന്നുള്ളതില്‍ എനിക്കു സംശയമില്ല.
ഇതു കേട്ടയുടന്‍ ചക്രവര്‍ത്തി വിഷ്ണു ശര്‍മ്മനെ വരുത്തി വിവരങ്ങളെല്ലാം ധരിപ്പിച്ചു. പിതാവിന്റെ ആഗ്രഹവും പുത്രന്മാരുടെ സ്വഭാവവും വേണ്ട വിധം ഗ്രഹിച്ച ശേഷം അദ്ദേഹം കുട്ടികളെ കയ്യേറ്റു. കേവലം ആറുമാസം കൊണ്ട് വിഷ്ണു ശര്‍മ്മന്‍ കഥകള്‍ പറഞ്ഞു പറഞ്ഞ് അവരെ രാജ്യ തന്ത്രത്തില്‍ നിഷ്ണാതരാക്കി.
പദത്തില്‍ നിന്നു ഗ്രഹിക്കാവുന്നതുപോലെ പഞ്ചതന്ത്രത്തില്‍ അഞ്ചുതന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ തന്ത്രത്തിലും രാഷ്ട്രീയ തത്ത്വങ്ങള്‍ അടങ്ങിയ അനേകം കഥകളാണുള്ളത്. ഗദ്യപദ്യ സമ്മിശ്രമാണിത്. ആദ്യതന്ത്രം… 'മിത്രഭേദം' ഇതില്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രാഷ്ട്രീയ നയമാണുള്ളത്. ഈ തന്ത്രം ബ്രിട്ടീഷുകാരുടെ സ്വന്തമാണെന്ന് ധരിക്കേണ്ട. അവര്‍ നമ്മുടെ നാട്ടില്‍ കാലു കുത്തുംമുമ്പേ ഈ തന്ത്രം ഇവിടെ പ്രയോഗിച്ചിരുന്നു എന്നറിയുക.
മിത്രഭേദത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കരടകന്‍, ദമനകന്‍, എന്ന രണ്ടു അതിബുദ്ധിശാലികളായ കുറുക്കന്മാരാണ്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തെയും കാളയേയും പല ഏഷണികള്‍ പറഞ്ഞു ഭിന്നിപ്പിച്ച് കുറുക്കന്മാര്‍ ആഹ്ലാദിക്കുന്നു. വളരെ രസകരമായ കൃതികളാണ് ഇതിലെ പ്രതിപാദ്യം.
രണ്ടാമത്തെ തന്ത്രം മിത്രലാഭമാണ് സുപരീക്ഷിതമായിരിക്കണം മിത്രങ്ങളുടെ തെരഞ്ഞെടുപ്പ് എന്ന വിദഗ്‌ദോപദേശമാണ് ഇതില്‍ നല്‍കുന്നത്. ഇതിനായി ആമ, മാന്‍, കാക്ക, എലി എന്നീ ജീവികളെയാണ് കവി ഉപകരണങ്ങളാക്കിയത്. മൂന്നാമത്തേത്… കാകോലുമീയം എന്ന തന്ത്രമാണ്. പ്രക്രൃത്യാ ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായി തീര്‍ന്നാലുണ്ടാകുന്ന ആപത്താണ് ഇതിലെ പ്രതിപാദ്യം. പ്രധാന കഥാപാത്രങ്ങള്‍ കാക്കയും, മൂങ്ങയും.
നാലാമത്തെ തന്ത്രം… ലബ്ധ പ്രാണാശം ആണ്. കയ്യില്‍ കിട്ടിയത് എങ്ങനെ നഷ്ടമാകുന്നു എന്നത് ഇതില്‍ വിശദമാക്കുന്നു. കുരങ്ങും ചീങ്കണ്ണിയും കഥാപാത്രങ്ങളായുള്ള ഈ കഥ മിക്കവര്‍ക്കും അറിയാമെന്ന് കരുതുന്നു.
ഒടുവിലത്തേത്… അപരീക്ഷികാരിതം ഒരു കാര്യം പറയുമ്പോള്‍ അതിന്റെ നാനാവശങ്ങളെക്കുറിച്ചും ചിന്തിക്കാതിരുന്നാലുള്ള ദോഷ വശമാണ് ഇതിലെ പ്രതിപാദ്യം. ഇതിനായി കവി ഒട്ടനവധി കഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡക്കാന്‍ പീഠഭൂമിയിലെ മഹിളാരോപ്യം എന്ന രാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയാണ് അമരശക്തിയെന്നു പറയുന്നുണ്ടെങ്കിലും ഇതിനാധി കാര്യമായ തെളിവുകള്‍ ലഭ്യമല്ല. എന്നാല്‍ പഞ്ചതന്ത്രത്തിന് ആഗോള വ്യാപകമായ പ്രചാരം ലഭിച്ചിട്ടുണ്ടെന്നുള്ളതിന് രേഖകളുണ്ട്. എ.ഡി. 531 നും 575 നും ഇടക്ക് മൂലഭാഷയായ സംസ്‌കൃതത്തില്‍ നിന്ന് പെലവി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് ര്‍സ്സോ എന്നൊരു പേര്‍ഷ്യന്‍ കവിയാണെന്നും പറയപ്പെടുന്നു. ഖൊസ്രു അനുശ്രുവാന്‍ എന്ന രാജാവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇങ്ങനെ ഒരു ഭാഷാന്തരം നടന്നതെന്നും ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അറബിയിലേക്കും മിക്ക യൂറോപ്യന്‍ ഭാഷകളിലേക്കും ഇതിന്റെ പരിഭാഷ നടന്നിട്ടുണ്ട്. ഗ്രീക്ക്, എബ്രായ ലാറ്റിന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍ ആദിയായ ഭാഷകളിലേക്ക് ഒന്നും രണ്ടും ശതകങ്ങളിലായി ഇതിന്റെ തര്‍ജ്ജമ നടന്നതായും ചുരുങ്ങിയപക്ഷം അമ്പതുഭാഷകളിലായി ഇരുന്നൂറില്‍ തര്‍ജ്ജമകള്‍ ഉണ്ടായിട്ടുള്ളതായിട്ടാണ് അനുമാനം. ഈ മഹല്‍ ഗ്രന്ഥത്തിന്റെ രചന കാഷ്മീരില്‍ വെച്ചാണെന്നും അതല്ല മഗഥയില്‍വെച്ചാണെന്നും സിദ്ധാന്തിക്കുന്നവരുണ്ടുമുണ്ട്. അതെന്തായാലും ജീവിതത്തിന്റെ വിവിധ വശങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജകമായ വിധമാണ് ഈ വിശിഷ്ട ഗ്രന്ഥം. വിഷ്ണു ശര്‍മ്മനെന്ന അസാധാരണ പ്രതിഭാശാലി ലോകത്തിനു നല്‍കിയത്.
നമുക്കിതിന്റെ രണ്ടു പതിപ്പുകള്‍ ലഭ്യമാണ്. ഒന്ന്… കാഷ്മീരില്‍ പ്രചാരത്തിലുള്ളത്. തന്ത്രാഖ്യായിക എന്നപേരിലാണ് ഇതറിയപ്പെടുന്നത്. മറ്റൊന്ന് കഥാസരിത്സാഗരിലും, ബ്രഹത്ത്കഥാമഞ്ജരിയിലും കാണുന്ന രൂപമാണ്. കേരളത്തിലും ഇതര ദക്ഷിണ സംസ്ഥാനങ്ങളിലും ഇതിന്റെ പലപതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. കാലദേശാനുസാരിയായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത് സ്വാഭാവികമാണല്ലൊ.
(കഥകള്‍ അടുത്ത ലക്കത്തില്‍ വായിക്കുക.)
നന്മ നിറഞ്ഞവര്‍ രണ്ടു തരക്കാര്‍… ഒന്നു മരിച്ചവര്‍, രണ്ടാത്തേത് ജനിക്കാത്തവര്‍(ചൈനീസ് പഴമൊഴി)
നല്ല മനുഷ്യര്‍ ദൈവത്തിന്റെ പ്രത്യേക പരിഗണനയിലാണ്.(ഓ.വി.ഡ്.)
ഒരിടത്തും തിന്മകാണാത്തവരാണ് നന്മ നിറഞ്ഞ മനുഷ്യര്‍ (മില്‍ട്ടന്‍)
അഞ്ജതയുടെ മകളാണ് പ്രശംസ…(ഫ്രാങ്ക്‌ളി)
അഭിവൃദ്ധി ഒരു ശരിയായ അളവുകോലല്ല. സ്‌നേഹിതന്മാരുട അളവുകോല്‍ ആപത്കാലമാണ്.(പ്ലൂട്ടാര്‍ക്ക്)
ഒരാള്‍ നിങ്ങളോട് ഉപദേശം തേടുമ്പോള്‍ സാധാരണ ഗതിയില്‍ അയാള്‍ പ്രശംസയാണ് ആഗ്രഹിക്കുന്നത്.(ചെസ്റ്റര്‍ ഫീല്‍ഡ്)
സല്‍സ്വഭാവം വാളിന്റെത്തലയേക്കാള്‍ മൂര്‍ച്ചയേറിയതാണ്. (എമേഴ്‌സന്‍)