MediaAppUSA

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏട്ട്) - ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 18 January, 2014
തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏട്ട്) - ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം-8
ഓരോ മരണ വാര്‍ത്തയും ടോണിക്ക് മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്കുളള ദൂരം അളക്കലാണ്. ജീവിതവും മരണവും പരസ്പരം ഇഴചേര്‍ന്ന യാഥാര്‍ത്ഥ്യങ്ങളാണ് അതുകൊണ്ടായിരിക്കാം ജീവിതത്തിന്റെ പരമകോടിയില്‍ നില്‍ക്കുന്ന ജീവിതങ്ങളോട് ചിലപ്പോള്‍ മരണത്തിന് ഇങ്ങനെ സ്‌നേഹരഹിതമായി പെരുമാറാന്‍ കഴിയുന്നത്.
ടോണി ബെഡല്‍ കിടന്നുകൊണ്ട് അരകിലേ മേശപ്പുറത്ത് തലേന്ന് രാവിലെ വായിച്ചുവച്ച മരണത്തേക്കുറിച്ചുളള ലേഖനത്തിന്റെ അവസാന ഖണ്ഡിക വീണ്ടും എടുത്ത് വായിച്ചു.
“എല്ലാ നദികളും സമുദ്രത്തില്‍ ലയിക്കുന്നത് പോലെ എല്ലാ ജീവിത ദുരിതങ്ങളും മരണത്തില്‍ സ്വതന്ത്രമാവുക തന്നെ ചെയ്യും. മരണത്തിലേക്ക്  കൂടുന്ന ഓരോ ദൂരവും സ്വാതന്ത്രത്തെ അത്രക്കൂടി അകലെയാക്കും”
ഇന്നലെ രാത്രി എപ്പോഴാണ് വന്ന് കിടന്നതെന്നോര്‍മ്മയില്ല. ക്രോയിഡോണ്‍ ഹാളിലെ പൊതു ദര്‍ശനത്തിനു ശേഷം ഫാത്തിമയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി എയര്‍പോര്‍ട്ടില്‍ നിന്ന് അവര്‍ പുറപ്പെടുമ്പോള്‍ തന്നെ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. അതിനുശേഷം റോസ്‌മേരിയെ വീട്ടില്‍ കൊണ്ടു ചെന്നാക്കി തിരിച്ച് വീട്ടിലെത്തി തളര്‍ന്ന് അവശനായി ബെഡിലേക്ക്  വീഴുന്‍പോള്‍ തന്നെ ഏകദേശം വെളുക്കാറായിട്ടുണ്ടാവും.
മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് ടോണി തലയണയിടെ അടിയില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി. കെയര്‍ ഹോമില്‍ നിന്നാണ്.
കോള്‍ എടുക്കണോ വേണ്ടയോയെന്ന് ടോണി ഒരു നിമിഷം ആലോചിച്ചു. ചിലപ്പോള്‍ ഡ്യൂട്ടി ചെയ്യാന്‍ ആളില്ലാത്തതുകൊണ്ട് കവറ് ചെയ്യാന്‍ വിളിക്കുന്നതായിരിക്കും. ഇന്ന് ഡ്യൂട്ടി ചെയ്യാന്‍പറ്റുന്ന മാനസിക അവസ്ഥയിലല്ല താന്‍. ഏതായാലും കോള്‍ അറ്റന്റ് ചെയ്യാം.
“ഹലോ ടോണി ഞാന്‍ കെയര്‍ ഹോമില്‍ നിന്ന് പ്രകാശാണ് വിളിക്കുന്നത് ”
“ഹലോ പ്രകാശ് ”
“മാനേജര്‍ക്ക് നിന്നെ അത്യാവശ്യമായൊന്ന് കാണണമെന്ന് പറഞ്ഞു”
“ഓക്കെ ഞാന്‍ വരാം”
മാനേജരുടെ ഉച്ചത്തിലുളള പുലഭ്യം കേട്ട് കൊണ്ടാണ് ടോണി അവിടെയെത്തിയത് നോക്കിയപ്പോള്‍ മാനേജര്‍ സോണിയയെ എന്തിനോ വഴക്ക് പറയുകയാണ്.
അയാളുടെ ശകാരം മുഴുവന്‍ കേട്ടിട്ട് അവള്‍ ഇറങ്ങി വന്നപ്പോള്‍ ടോണി ചോദിച്ചു:
“എന്ത് പറ്റി സോണിയ”
“ഓ അയാള്‍ക്ക് ഭ്രാന്താ ഞാന്‍ ട്രാഫിക്ക് ബ്ലോക്ക് കാരണം പതിനഞ്ച് മിനിറ്റ് വൈകി വന്നതിനാ അയാള്‍ ഇങ്ങനെ കിടന്ന് ചാടുന്നത്”
അവള്‍ ദേഷ്യത്തോടെ പറഞ്ഞ് നടന്നകന്നപ്പോള്‍ ടോണി ഒരു നിമിഷം മാനേജരുടെ റൂമിലേക്ക് എത്തിനോക്കി. അയാള്‍ നല്ല ദേഷ്യത്തിലാണ് ഇപ്പോള്‍ താനങ്ങോട്ട് പോയാല്‍ തന്നെയും എന്തെങ്കിലും കാരണമുണ്ടാക്കി കടിച്ചു കീറാന്‍ സാധ്യതയുണ്ട്.
“കം ഇന്‍”
ടോണി റൂമിലേക്ക് എത്തിനോക്കുന്നത് കണ്ട് മാനേജര്‍ പറഞ്ഞു.
“ഐ കോള്‍ഡ് യു റിഗാഡിങ്ങ് യുവര്‍ വിസ യു ഗോ ആന്റ് മീറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രകാശ് ”
അതു കേട്ട് ടോണി ഒന്നു പരിഭ്രമിച്ചു. വിസയ്ക്ക് എന്താണാവോ കുഴപ്പം. വിസ തീരാന്‍ ഇനിയും ഒരു വര്‍ഷത്തിന്‍മേലെയുണ്ട്. ഇനി ചിലപ്പോള്‍ തന്റെ കോളേജില്‍ നിന്ന് ഹോം ഓഫീസിലേക്ക് വിളിച്ച് താന്‍ കോളേജിലേക്ക് ചെല്ലാറില്ലെന്നങ്ങാനും പറഞ്ഞിരിക്കുമോ. ടോണി വിധത്തിലുളള സന്ദേഹങ്ങളോടെ അഡ്മിനിസ്‌ട്രേറ്ററുടെ മുമ്പിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:
“ടോണി ഒരു കുഴപ്പമുണ്ട്. കമ്പിനിയുടെ ഓണര്‍ ഇന്ന് രാവിലെ വിളിച്ച് പറഞ്ഞു സ്റ്റുഡന്റ് വിസക്കാര്‍ക്ക് വിസയില്‍ പറഞ്ഞിരിക്കുന്ന അത്ര മണിക്കൂര്‍ മാത്രമേ ജോലികൊടുക്കാന്‍ പാടുളളൂന്ന്. ഇപ്പോള്‍ ബോര്‍ഡര്‍ ഏജന്‍സിക്കാര്‍ മിക്ക കെയര്‍ ഹോമിലും ചെക്കിങ്ങിന് ഇറങ്ങിയിട്ടുണ്ട്. പിടിച്ചാല്‍ വലിയൊരു സംഖ്യ കെയര്‍ ഹോം പിഴയായിട്ട് അടയ്‌ക്കേണ്ടി വരും” 
അയാള്‍ ഒന്ന് നിര്‍ത്തിയിട്ട് ടോണിയുടെ വിസയെടുത്ത് കാണിച്ചിട്ട് പറഞ്ഞു:
“ഇതാ നിന്റെ വിസയില്‍ എഴുതിയിരിക്കുന്നത് നിനക്ക് പതിനഞ്ച് മണിക്കൂറേ ജോലി ചെയ്യാന്‍ പാടുളളൂന്നാണ്. അതു കൊണ്ട് മാനേജര്‍ അടുത്തയാഴ്ച മുതല്‍ ഉളള ഡ്യൂട്ടി റോട്ടയില്‍ നിന്ന് നിന്റെ അവേഴ്‌സ് പതിനഞ്ച് മണിക്കൂറായി വെട്ടി കുറച്ചു. ഇത് പറയാനാണ് നിന്നെ വിളിച്ചത് ”
ടോണി മറുപടിയൊന്നും പറയാതെ ദേഷ്യത്തോടെ പുറത്തിറങ്ങി നേരെ നടന്നു.
മിനിമം വേജസിന് വെറും പതിനഞ്ച് മണിക്കൂര്‍ മാത്രം ജോലി ചെയ്ത് താന്‍ എങ്ങനെയാണ് ജീവിക്കുക. കഷ്ടിച്ച് വാടക കൊടുക്കാന്‍ മാത്രമേ അതുകൊണ്ട് തികയുകയുളളൂ. ചിലവിന് വേറേ പണം കണ്ടത്തേണ്ടി വരും. നാട്ടില്‍ നിന്ന് ഇങ്ങോട്ട് വരാന്‍ വേണ്ടി ബാങ്കില്‍ നിന്ന് എടുത്ത ലോണിന്റെ പലിശ കൂടുന്നതല്ലാതെ കാല്‍ഭാഗം പോലും തനിക്ക് ഇതുവരെ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും മറ്റൊരു ജോബ് കണ്ട് പിടിക്കാതെ തനിക്കിവിടെ മുന്നോട്ട് പോകാന്‍ കഴിയില്ല.തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏട്ട്) - ജിന്‍സന്‍ ഇരിട്ടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക