ഇന്നു രാവിലെയെങ്കിലും ദിവ്യ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. ടെലഫോണിന്റെ ഓരോ മണിയടിയും രമയെ പ്രതീക്ഷകളുടെ കൊടുമുടിയിലേക്ക് കൊണ്ടുപോവുകയും കുറച്ചുനിമിഷങ്ങള്‍ക്കുള്ളില്‍ നിരാശയുടെ താഴ്വാരത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ചിന്തകള്‍ മനസ്സിനെ അലട്ടിയപ്പോള്‍ തെല്ലൊരാശ്വാസം കിട്ടുവാന്‍ അവള്‍ ഉച്ചയുറക്കത്തിന്റെ മറക്കുട തേടി.
ആകാശം ഇരുണ്ടുകൂടുകയും ഇടിമുഴങ്ങുകയും ചെയ്തത് പെട്ടെന്നായിരുന്നു. കാറ്റില്‍ ജനല്പ്പാളികള്‍ ആഞ്ഞടഞ്ഞപ്പോള്‍ തെല്ലൊരു അലോസരത്തോടവള്‍ കണ്ണുകള്‍ തുറന്നു.
'രമേ, നീയുണര്‍ന്നുവോ? പുറത്തുനിന്ന് തുണികള്‍ എടുക്കു'.
രവിയുടെ അമ്മ വരാന്തയില്‍നിന്നും ഉറക്കെപറഞ്ഞു.
ഇടവപ്പാതിയില്‍ ഈറനണിയുന്ന രാപലുകള്‍. തോരാത്ത മഴയില്‍ ഉണങ്ങാത്ത തുണികളും കാറ്റൊന്നുവീശിയാല്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ ആവുന്ന ടെലഫോണും ഈ അവധിക്കാലത്ത് രമയെ ഒരു ദുഃസ്വപ്നംപോലെ അലട്ടി. ഏറെക്കാലത്തെ അമേരിക്കന്‍ ജീവിതം അവളുടെ ചിന്തകളെ സ്വാധീനിച്ചിരുന്നു.
നനഞ്ഞ തുണികള്‍ വാരിയെടുത്ത് വീട്ടിനുള്ളിലേക്ക് കയറുമ്പോഴേക്കും ശ്രീദേവിയും മഴയും ഒരുപോലെ മുറ്റത്ത് എത്തി.
'ചേച്ചി, ഹെഡ്മാസ്റ്ററുടെ വീട്ടില്‍ അരി ഇടിച്ചോണ്ടിരുന്നപ്പോഴാണ് ഇവിടെ അലക്കിവിരിച്ചിട്ട തുണികളെക്കുറിച്ചോര്‍ത്തത്'.
ആഞ്ഞടിച്ച ഭ്രാന്തന്‍കാറ്റ് ജനാലകര്‍ട്ടനുകളെ ഊതിവീര്‍പ്പിച്ചു. ശ്രീദേവി ഈറന്‍തുണികള്‍ മുറിക്കുള്ളിലെ അയയില്‍ വിരിച്ചുതുടങ്ങി. അവ ഇടവപ്പാതിയുടെ പേക്കോലങ്ങളായി അവളുടെ കൈകളുടെ ചലനത്തിനൊത്ത് തുള്ളിക്കളിച്ചു.
തെങ്ങിന്‍തൈകളെ ക്ഷോഭിപ്പിച്ചുകൊണ്ട് കാറ്റ് ചുഴറ്റിയടിച്ചു. ആകാശം പിളരുമ്പോലൊരു ഇടിമുഴക്കം.
'എന്റമ്മോ' തുണി വിരിക്കുന്നതിനിടയില്‍ ശ്രീദേവി വിളിച്ചുപോയി.
'കുട്ട്യോളുടെ അടുത്ത് ആരുമില്ല. ഇടിയും മിന്നലും അവര്‍ക്ക് പേടിയാ'.
ചിന്തകള്‍ ചിതല്പ്പുറ്റുപോലെ് ശ്രീദേവിയെ മൂടി. വല്ലാത്തൊരു അസ്വസ്ഥത രമയെയും പൊതിഞ്ഞു. കുട്ടികളെക്കുറിച്ചുള്ള വ്യാകുലതകള്‍ അവര്‍ക്കുചുറ്റും തളംകെട്ടി.
ഈ കാറ്റില്‍ ഏതെങ്കിലും മരം ടെലഫോണ്‍കമ്പിയില്‍ വീണാല്‍? രമ റിസീവര്‍ എടുത്തുനോക്കി. ഡയല്‌റ്റോണ്‍ ഇല്ല. ദേഷ്യവും സങ്കടവും ഒരുമിച്ച് പതഞ്ഞു.
നിരങ്ങിനീങ്ങുന്ന, നിശ്ചലതക്ക് തുല്യമായ, നാട്ടിന്‍പുറത്തെ പകലുകളില്‍ രമ ടെലഫോണിന്റെ മണിയൊച്ചക്കും അതിലൂടെ ഒഴുകിയെത്തുന്ന പരിചിതമായൊരു സ്വരത്തിനും വേണ്ടി കാത്തിരുന്നു. വികാരങ്ങള്‍ തുള്ളിത്തുളുമ്പിയപ്പോള്‍ മനസ്സ് അസ്വസ്ഥമായി. ദിവ്യക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ? രണ്ടുദിവസം മുമ്പ് അവള്‍ക്ക് മെസേജ് ഇട്ടതുമാണ്.
മഴ തെല്ലൊന്നടങ്ങിയപ്പോള്‍ ശ്രീദേവി ഇറങ്ങിയോടി. ഒരു കുട കൊടുത്ത് അവളെ കുട്ടികളുറ്റെ അടുത്തേക്ക് നേരത്തെ പറഞ്ഞയക്കാമായിരുന്നു. ആകുലതകളുടെ കുഴിക്കുള്ളില്‍ വീണുകിടക്കുമ്പോള്‍ കണ്ണടയ്ക്കാതെതന്നെ എപ്പോഴും ഇരുട്ട്.
കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ തുണികഴുകുവാന്‍ സഹായത്തിനെത്തിയതാണ് ശ്രീദേവി. ആകര്‍ഷണമുള്ള മുഖത്ത് ഗ്രാമത്തിന്റെ പ്രസരിപ്പ്. അത്യാവശ്യം വീട്ടുപണികള്‍ക്കും അവള്‍ സഹായത്തിനെത്തി. എന്നും സന്ധ്യയായാല്‍ വീട്ടിലത്തുവാന്‍ തിടുക്കം കൂട്ടി.
'കുട്ട്യോള് തനിച്ചാ ചേച്ചി. അവര്‍ക്ക് തനിയെ ഇരിക്കുവാന്‍ പേടിയാ'.
'നിന്റെ ഭര്‍ത്താവ് എവിടെ'? ഒരിക്കല്‍ രമ ചോദിച്ചു.
'ചേട്ടന്‍ ഏതെങ്കിലും കടത്തിണ്ണയില്‍ ഇരുപ്പുണ്ടാവും. വലത്തെ കൈക്ക് സ്വാധീനം കുറവാണ്. അതുകൊണ്ട് പണിക്ക് പോവുന്നില്ല'.
പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നനവിന്റെ തിളക്കം.
'ഞാന്‍ അറിഞ്ഞോണ്ടൊന്നും ചെയ്തതല്ല ചേച്ചി. കള്ളുകുടിച്ചു വന്ന് എന്നെ പൊതിരെ തല്ലിയപ്പോള്‍ തടുക്കുവാന്‍ എന്റെ കയ്യില്‍ കിട്ടിയത് വാക്കത്തിയാണ്'.
അവളുടെ ശബ്ദം വിറപൂണ്ടിരുന്നു. അടുക്കളയുടെ സിമന്റിളകിയ തറയിലേക്ക് നോക്കി പരിതപിക്കുന്ന മുഖഭാവത്തോടെ ശ്രീദേവി കുറച്ചുസമയം നിന്നു. നിറഞ്ഞകണ്ണുകള്‍ ആവിയില്‍ ഒളിപ്പിക്കുവാനെന്നപോലെ അവള്‍ അടുപ്പത്തിരുന്ന് തിളക്കുന്ന കറിയുടെ വേവുനോക്കി. ജിജ്ഞാസ തലപൊക്കിയെങ്കിലും അവളുറ്റെ ലോകത്തിലേക്ക് ചെന്ന് കൂടുതല്‍ വേദനിപ്പിക്കുവാനാവാതെ രമ പുറത്തേക്ക് കണ്ണുകള്‍ പായിച്ചു.
സന്ധ്യയുടെ ചേലയിലാകെ രാത്രി കറുപ്പ് പടര്‍ത്തിയപ്പോള്‍ അമ്മ കൊടുത്ത ഭക്ഷണവുമായി അന്തിക്ക് ചേക്കേറുവാന്‍ പറക്കുന്ന അമ്മക്കിളിയെപ്പോലെ ശ്രീദേവി ഇരുട്ടില്‍ മറഞ്ഞു.
' ആ പെണ്ണിന്റെ ഒരു വിധി'.
ശ്രീദേവി നടന്നുമറഞ്ഞ വഴിയെ നോക്കി രവിയുടെ അമ്മ പറഞ്ഞു.
'എന്തെങ്കിലും കഴിക്കാന്‍ കൊടുത്താല്‍ അത് കുട്ടികള്‍ക്കും ഭര്‍ത്താവിനും കൊടുക്കും. ഭര്‍ത്താവ് പണ്ടേ കുടിയനായിരുന്നു. വാക്കത്തികൊണ്ട് മുറിവേറ്റത് വലതുകയ്യിലെ ഞരമ്പിനാണ്.'
അമ്മ പറഞ്ഞത് കേട്ടപ്പോള്‍ രമക്ക് ദുഃഖം തോന്നി. ഗ്രാമസന്ധ്യ ഉളവാക്കിയ ഏകാന്തമൂകത അവളെ സുഖകരമല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു.
രമ ഇത്തവണ അവധിക്ക് വന്നപ്പോള്‍, ഒക്കത്തിരുന്ന് ചിരിതൂവുന്ന ഒരാണ്‍കുട്ടിയുമായി ശ്രീദേവി ഓടിയെത്തി.
'ഈശ്വരന്‍ തന്നതാ. രണ്ടു കയ്യും നീട്ടി വാങ്ങിച്ചു. വയസ്സുകാലത്തു നോക്കുവാന്‍ ഒരു ആണ്‍കുട്ടിയാവുമല്ലോ'.
അപ്പോള്‍ വയസ്സുകാലത്ത് തനിച്ച് താമസിക്കുന്ന രവിയുടെ അമ്മയെ ഓര്‍ത്ത് രമ വിഷമിച്ചു.
ചിന്തകളെ പന്താടിയും തട്ടിത്തെറിപ്പിച്ചും നേരം ഇരുട്ടിയതവളറിഞ്ഞില്ല. പുറത്ത് അപ്പോഴും ചന്നംപിന്നം മഴപെയ്തുകൊണ്ടിരുന്നു.
വൈകിട്ട് ഭക്ഷണത്തിനിരിക്കുമ്പോള്‍ അമ്മ പറഞ്ഞു.
'ദിവ്യയുടെ വിവരം ഒന്നുമില്ലല്ലോ മോളെ.'
'ഫോണ്‍ വര്‍ക്കുചെയ്തങ്കിലല്ലേ ഇങ്ങോട്ടുവിളിക്കുവാന്‍ സാധിക്കു'
മറുപടിയില്‍ നിരാശയുടെ നിഴലുവീണിരുന്നു.
ദാരിദ്ര്യം മെഴുകിയ അടുക്കളത്തറയില്‍ ഭര്‍ത്താവും കുട്ടികളുമായി അമ്മ കൊടുത്ത ഭക്ഷണം പങ്കിട്ടുകഴിക്കുന്ന ശ്രീദേവിയുടെ പ്രസരിപ്പുള്ള മുഖം മനസ്സില്‍ കണ്ടു.
പിറ്റെ ദിവസം ടൗണില്‍ പോയി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നവള്‍ തീരുമാനിച്ചു. ഈവക സൗകര്യങ്ങള്‍ ആഢംബരമെന്ന് വിശ്വസിക്കുന്ന അമ്മയെക്കുറിച്ചോര്‍ത്ത് ഊറിച്ചിരിച്ചു..
'മൂന്നാഴ്ചയെങ്കിലും നിനക്ക് സെല്‌ഫോണില്ലാതെ കഴിച്ചുകൂടെ?'
ചീവീടിനെപ്പോലെ ചെവിയില്‍ പിടിച്ചിരുന്ന് സദാ ചിലച്ചുകൊണ്ടിരിക്കുന്ന സെല്‌ഫോണില്‍ നിന്നും ഒരു വിടുതല്‍ കാത്തിരുന്ന രവിയുടെ പ്രതീകരണം അവള്‍ ഊഹിച്ചെടുത്തു. അയാളുടെ സമയം തങ്ങളുടേതെന്ന് ഓര്‍മ്മിപ്പിക്കുമ്പോലെ സെല്‌ഫോണിലൂടെ രാവിലെമുതല്‍ ജോലിക്കാര്യങ്ങളുമായി വിളിച്ചലട്ടിയിരുന്ന ബോസ്സില്‍നിന്നും മൂന്നാഴ്ചത്തേക്ക് ഒരു മോചനം.
ഈ അവധിക്ക് കൂട്ടത്തില്‍ വരണമെന്ന് ദിവ്യയോട് പലവട്ടം പറഞ്ഞതാണ്. സ്വന്തക്കാരെയും ബന്ധുക്കളെയും കണ്ട് മടങ്ങാമല്ലോ. അവളെ സ്‌റ്റേറ്റ്‌സില്‍ ആക്കിയിട്ട് നാട്ടിലേക്ക് വരുവാന്‍ മനസ്സിന് ധൈര്യക്കുറവുമായിരുന്നു.
'ഞാന്‍ മുതിര്‍ന്ന കുട്ടിയല്ലെ? എന്നെ എന്റെ തീരുമാനങ്ങള്‍ എടുക്കുവാന്‍ അനുവദിച്ചുകൂടെ? ഈ സമ്മറില്‍ എനിക്ക് കോളെജില്‍ ഒരു ജോലി കണ്ടുപിടിക്കുവാന്‍ സാധിക്കും'.
ദിവ്യ എന്തേ സ്വയം തിരഞ്ഞെടുത്ത വഴികളില്‍ മാത്രം സഞ്ചരിക്കണമെന്ന് പലപ്പോഴും ശഠിക്കുന്നു? അല്പമൊന്ന് മാറിനടന്നാല്‍ ....അത് അമ്മക്ക് തെല്ലൊരാശ്വാസം പകര്‍ന്നു കൊടുത്താല്‍ ....അവള്‍ അവളല്ലാതായിത്തീരുമോ? ഒരു പക്ഷെ 'ഞാന്‍, എനിക്കു മാത്രം' എന്നു ചിന്തിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഇങ്ങനെയൊരു തന്‍കാര്യമനോഭാവം കൈക്കൊള്ളണമായിരിക്കും. വളര്‍ന്ന മണ്ണില്‍ അല്പംതായ്വേര് ഇപ്പോഴുംശേഷിക്കുന്ന പറിച്ചുമാറ്റപ്പെട്ട വൃക്ഷങ്ങളാണ് തങ്ങളെന്ന് രമക്ക് പലപ്പോഴും തോന്നാറുണ്ട്.
അമ്മ കറികള്‍ക്കൊപ്പം തന്റെ പരാതികളും വിളമ്പിക്കൊടുത്തു. അവ കറികളുടെ രുചി കെടുത്തിയപ്പോള്‍ അമ്മയുടെ ഏറിവരുന്ന പ്രയാസങ്ങളോര്‍ത്ത് രമ ദുഃഖിച്ചു.
'അമ്മക്ക് സരളേടത്തിയോടൊപ്പം താമസിച്ചുകൂടേ'?
രമ ചോദിച്ചു.
'ഒരു മകനുള്ളപ്പോള്‍ ഞാന്‍ മകളുടെയും ഭര്‍ത്താവിന്റെയും കൂടെ താമസിക്കാനോ? ഞാനിവിടംവിട്ട് എങ്ങോട്ടുമില്ല'.
ചവച്ചിറക്കിയ ചപ്പാത്തിക്കഷ്ണം രമയുടെ തൊണ്ടയില്‍ തടഞ്ഞു.
ആരും ഒന്നും സംസാരിക്കാതെ പോയ കുറെ നിമിഷങ്ങള്‍ക്കു ശേഷം എന്തോ ഓര്‍ത്തെന്നപോലെ അമ്മ പറഞ്ഞു.
'രവി, നീയ് പഠിക്കുവാന്‍ അമേരിക്കക്ക് പോവുമ്പോള്‍ നിനക്ക് ദിവ്യയുടെ പ്രായമായിരുന്നു.'
നേരിയ ദുഃഖം ഇഴപാകിയ ചിന്തകള്‍ അവളെ ഊണുമേശയില്‍നിന്നും ഒറ്റപ്പെടുത്തി അകലെയുള്ള മകളുടെ അടുക്കലെത്തിച്ചു. കുറുമ്പിയെങ്കിലും അവളുടെ സംസാരത്തില്‍, അവളുടെ ആശ്‌ളേഷത്തില്‍, തന്നിലെ മാതൃവികാരങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു.
അമ്മയുടെ സംസാരം രവിയുടെ മനസ്സിനെ ഉലച്ചു. തണുപ്പുള്ള പാതിരക്കാറ്റ് ഇരുട്ടിനെ കെട്ടിപ്പിടിച്ച് പലവട്ടം മുറിക്കുള്ളില്‍ കയറിയിറങ്ങിയിട്ടും രാത്രി അയാള്‍ക്കും ഉറക്കം നിഷേധിക്കുന്നതവളറിഞ്ഞു. ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും വാക്കുകളുടെ രൂപം കൊടുക്കുവാന്‍ അറിയില്ലാതിരുന്ന അയാളോട് കുറച്ചുനേരം അവള്‍ ചേര്‍ന്നുകിടന്നു. അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു. തലമുറകള്‍ സൃഷ്ടിച്ച തടവറയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ ഒരു മാന്ത്രികപ്പാലം പണിത് അവള്‍ മകളുടെ അടുക്കലെത്തി. പറക്കമുറ്റിയാല്‍ കുഞ്ഞുങ്ങളെ കൊത്തിയകറ്റുന്ന പക്ഷികള്‍ മാന്ത്രികപ്പാലത്തിനുമുകളിലുറ്റെ പറന്നുപോയി.
സ്‌നേഹം പിടിച്ചുവാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്കല്ലെ ദാനം കിട്ടുന്ന സ്‌നേഹത്തിന്റെ വിലയറിയു.
പിറ്റേന്ന് രാവിലെയും ടെലഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍.
മൂകയായി നടക്കുന്ന രമയെ അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
'ഇവിടെ അടുത്ത് വന്നിരിക്ക് മോളെ'.
കസേര വലിച്ചിട്ടുകൊണ്ട് അമ്മ പറഞ്ഞു.
'ദിവ്യയുടെ വിവരമൊന്നും അറിയാതെ നീ വിഷമിക്കുന്നുണ്ടല്ലേ? ടെലഫോണ്‍ ശരിയായാലുടന്‍ അവള്‍ വിളിക്കും. അമ്മയുടെ മനസ്സിന്റെ വേദന എത്ര ദൂരത്തിലാണെങ്കിലും മക്കള്‍ക്ക് മനസ്സിലാവും'.
പുറത്ത് സൂര്യന്‍ തെളിഞ്ഞിരുന്നു. വെള്ളം പൊങ്ങിക്കിടക്കുന്ന അടുത്തുള്ള വയലുകളിലേക്ക് അമ്മ കുറെ സമയം നോക്കിയിരുന്നു.
'എല്ലാ വരമ്പുകളും കവിഞ്ഞൊഴുകുന്ന വെള്ളം കണ്ടോ? ഒരമ്മയുടെ സ്‌നേഹം, അതിനെ ഒരു വരമ്പിനും തടഞ്ഞുനിര്‍ത്തുവാനാവില്ല.'.
അമ്മ അല്പ്പസമയം മൌനമായിരുന്നു.
'നീ ഇന്നലെ ചോദിച്ചതിലും കാര്യമുണ്ട് മോളെ. ഞാന്‍ സരളയോടൊപ്പം താമസിക്കുവാന്‍ തീരുമാനിച്ചു. അവര്‍ എന്നെ കുറെ നാളുകളായി നിര്‍ബന്ധിക്കുന്നു'.
അമ്മയുടെ മുഖത്തപ്പോള്‍ നിശ്ചയദാര്‍ഢ്യം നിറഞ്ഞിരുന്നു.
'ഞാന്‍ ഇന്നലെരാത്രി അല്പ്പം സ്വാര്‍ത്ഥയായി. നീയത് ക്ഷമിക്കുമല്ലോ'?
കവിഞ്ഞൊഴുകുന്ന സ്‌നേഹനദിയുടെ ആഴവും പരപ്പും രമ മനസ്സിലാക്കുകയായിരുന്നു. കാതലില്ലാത്ത പൊങ്ങുതടിയായി അവള്‍ ഒഴുകി. സരളേടത്തിയുടെ പട്ടണത്തിലുള്ള വീടിനെക്കുറിച്ച് അമ്മ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. അമ്മയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഈ വളപ്പിനുള്ളിലാണ്. നിസ്വാര്‍ത്ഥവും സ്‌നേഹപൂരിതവുമായ ഈ ത്യാഗമനോഭാവം കൈവരുവാനുള്ള പക്വത ഒരു ജീവിതകാലം മുഴുവന്‍ കാത്തിരുന്നാലും തനിക്ക് കിട്ടുമോയെന്ന് രമ സംശയിച്ചു.
'ചേച്ചി' അടുക്കളവാതിലില്‍ നിന്നും ശ്രീദേവിയുടെ വിളികേട്ടു.
'കഴുകുവാനുള്ള തുണികള്‍ എടുത്തു തരൂ. വെയിലുതെളിഞ്ഞുനില്ക്കുന്ന നേരത്ത് കഴുകിയിട്ടാല്‍ ഉണങ്ങിക്കിട്ടുമല്ലോ'
ഒഴിവുദിവസമായിരുന്നതിനാല്‍ അവളുടെ മൂത്തകുട്ടികളും കൂടെയുണ്ടായിരുന്നു. അവളുടെ മുഖത്ത് പതിവുപോലെ മഞ്ഞവെയില്‍ പരത്തുന്ന സൂര്യന്റെ തെളിച്ചം.
ടെലഫോണിന്റെ ചിലമ്പല്‍. തുടര്‍ന്ന് രവിയുടെ വാത്സല്ല്യം തുളുമ്പുന്ന സംസാരം.
'രമേ' എന്നുള്ള വിളിക്ക് കാത്തുനില്ക്കാതെ കൂടണയുവാന്‍ വൈകിയ അമ്മക്കിളിയായി അവള്‍ പറക്കുകയായിരുന്നു.