അദ്ധ്യായം-9
രാവിലെ തുടങ്ങിയതാണ് ജോലി തേടിയുളള അലച്ചില്‍. ഈസ്റ്റ് ക്രോയിഡോണ്‍ മുതല്‍ ലണ്ടന്‍ റോഡിന്റെ അങ്ങേയറ്റം വരെയുളള എല്ലാ കടകളിലും ചോദിച്ചു. പക്ഷേ നിരാശയാണ് ഫലം. ഗ്ലൗസിന്റെ അങ്ങേയറ്റം ഉളളില്‍ കിടന്ന് കൈവിരലുകളും ഷൂസിന്റെ ഉളളില്‍ നിന്ന് പാദങ്ങളും തണുത്ത് മരവിച്ചു തുടങ്ങി. ഗ്ലൗസിനും സോക്‌സിനും നല്ല കട്ടിയുണ്ട്. എന്നിട്ടും തണുപ്പ് തോക്കാന്‍ തയ്യാറല്ലാത്ത പോരാളിയെപ്പോലെ അരിച്ച് കയറുന്നു.
ഇനി ഈ തണുപ്പത്ത് ഒരടി നടക്കാന്‍ കഴിയില്ല. ടോണി വേഗം ടൗണ്‍ സെന്ററിലെ ഷോപ്പിങ്ങ് മാളിലേക്ക് നടന്നു. ഷോപ്പിങ്ങ് മാളില്‍ ചെന്നിരുന്ന് ശരീരത്തിന്റെ തണുപ്പ് മാറ്റിയിട്ട് തുടങ്ങാം ഇനി അടുത്ത അലച്ചില്‍. മണിക്കൂറുകള്‍ നീണ്ട അലച്ചിലിനു ശേഷം ബെഞ്ചിലിരുന്നപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി.
തൊട്ടടുത്ത് എവിടെയോ നിന്ന് ഉയര്‍ന്ന് വരുന്ന വയലിന്‍ നാദം കേട്ട് ടോണി ചുറ്റും നോക്കി. ഷോപ്പിങ്ങ് മാളിന്റെ ഒരു മൂലയില്‍ ഇരുന്ന് ചെമ്പിച്ച താടിയും മുഷിഞ്ഞ ജാക്കറ്റും ഇട്ട ഒരു വൃദ്ധന്‍ ഈണത്തില്‍ വയലിന്‍ വായിക്കുകയാണ്. അയാളുടെ മടിയില്‍ നിശബ്ദനായി തലവച്ചുറങ്ങുന്ന നായയെ ടോണി ശ്രദ്ധിച്ചു. വയലിന്‍ന്റെ മെലഡി കേട്ടാസ്വദിച്ചപ്പോലെയാണ് അവന്റെ ഉറക്കം. വയലിന്റെ ശ്രുതി മാറുന്നതിന് അനുസരിച്ച് നായ തല അനക്കുന്നത് ടോണി ശ്രദ്ധിച്ചു. ഉദാത്തമായ സംഗീതത്തിനുമുമ്പില്‍ ആരും കീഴടങ്ങുമെന്ന് പറയുന്നത് എത്ര സത്യമാണ്.
ഏതോ വെളളക്കാരി വലിയ ശബ്ദത്തോടെ നാണയ തുട്ടുകള്‍ ആ വൃദ്ധന്റെ അലൂമിനിയം പാത്രത്തില്‍ ഇട്ടപ്പോള്‍ നായ പെട്ടന്ന് എവിടെ നിന്നാണ് ആ അപശ്രുതി വന്നതെന്ന് തലപൊക്കി നോക്കി.
ആരോ പുറകില്‍ നിന്ന് തോണ്ടി വിളിച്ചപ്പോള്‍ ടോണി തിരിഞ്ഞു നോക്കി. ഏതോ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു യുവാവ് കിതച്ച് കൊണ്ട് ചോദിച്ചു:
“ഡൂ യു വാണ്ട് എ ന്യൂ ആപ്പിള്‍ ലാപ് ടോപ്പ് ഫോര്‍ ഹാഫ്‌പ്രൈസ്”
“നോ ഐ ഡോണ്ട് വാണ്ട് ”
എവിടെ നിന്നോ ലാപ്‌ടോപ്പ് പിടിച്ച് പറച്ചുകൊണ്ട് ഓടി വരുന്ന വഴിക്ക് കിട്ടുന്ന വിലയ്ക്ക് വില്‍ക്കാനുളള പരിപാടിയാണ്. അത് മേടിച്ചാല്‍ മോഷണകുറ്റത്തിന് താന്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിവരും. അന്യന്റെ മുതല്‍ മോഷ്ടിച്ച് ജീവിക്കാതെ ഇവനൊക്കെ പണിയെടുത്ത് ജീവിച്ചാല്‍ എന്താണ് പ്രശ്‌നം.
ഇവിടെ ശരീരം വിറ്റ് ജീവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന റഫ്യൂജികളെ താന്‍ തെരുവില്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് തീര്‍ച്ചയായും ഇവനെ പോലുളളവരെക്കാള്‍ മാന്യത ഉണ്ട്.
മടുപ്പ് മാറിയപ്പോള്‍ ടോണി ജാക്കറ്റിന്റെ പോക്കറ്റില്‍ തപ്പി ഒരു പൗണ്ടിന്റെ കോയിന്‍ എടുത്ത് ആ വൃദ്ധന്റെ അരികില്‍ ചെന്ന് മുമ്പിലെ പാത്രത്തിലിട്ട് മയങ്ങി കിടക്കുന്ന നായയുടെ തലയില്‍ മെല്ല തലോടി. അതിഷ്ടപ്പെട്ടിട്ടെന്നപ്പോലെ അവന്‍ ടോണിയുടെ കൈ നക്കിയപ്പോള്‍ വൃദ്ധന്‍ വയലിന്‍ വായന നിര്‍ത്തിയിട്ട് പറഞ്ഞു: “താങ്ക്യൂ”
“വെല്‍ക്കം”
ഏതായാലും ഇന്നത്തെ അലച്ചില്‍ ഇത്രയും മതി. ഇനി വീട്ടില്‍ പോകാം. ടോണി കൈയ്യില്‍ മടക്കി പിടിച്ച സി.വി.യെടുത്ത് ബാഗില്‍ തിരിച്ചിട്ട് നേരെ വീട്ടിലേക്ക് നടന്നു.
മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് ടോണി പാന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബബൈല്‍ എടുത്ത് നോക്കി.
“ഹലോ എമിലി”
“ഹായ് ടോണി ഹൗ ഈസ് എവരി തിങ്ങ് ”
“ഫൈന്‍”
“ഡോണ്ട് ബി സാഡ് ടോണി. ഞാന്‍ ഇനി യുകെയിലേക്ക് വരുന്നില്ല. ഡാഡിക്കെന്നെ വിട്ട് പിരിഞ്ഞിരിക്കാന്‍ കഴിയുന്നില്ല. ഇനിയുളള കാലമെങ്കിലും ഡാഡിക്ക് എന്റെയൊപ്പം താമസിക്കണമെന്ന് വല്ലാത്ത ആഗ്രഹം. ആശുപത്രി കിടക്കയില്‍ കിടന്ന് ഡാഡി കുറേ നേരം എന്റെ കൈ പിടിച്ചു കരഞ്ഞു. ഡാഡിയുടെ സ്‌നേഹത്തിന്റെ ആഴം ഞാന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇനിയിപ്പോള്‍ ഡാഡി റിക്കവര്‍ ആയി കഴിയുമ്പോള്‍ ബിസ്സിനസ്സില്‍ ഡാഡിയെ സഹായിച്ച് കൂടെ നില്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു”
“നല്ല തീരുമാനം എമിലി”
“ഓകെ ഐവില്‍ കോള്‍ യുലെയ്റ്റര്‍ ടോണി. ഡാഡിയും ഞാനും ഇപ്പോള്‍ ഔട്ടിങ്ങിന് പോകാന്‍ തയ്യാറെടുക്കുവാ”
“ഓകെ എമിലി”
എമിലി ഇനി കൂടെ ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാന്‍ ടോണിക്ക് കഴിഞ്ഞില്ല. എമിലി തനിക്ക് കേവലം സുഹൃത്തിന് അപ്പുറം മറ്റെന്തെല്ലാമോ ആയിരുന്നുവെന്ന് ഇപ്പോള്‍ തോന്നി പോകുന്നു. തീര്‍ച്ചയായും എമിലി താന്‍ ജീവിതത്തില്‍ കണ്ട സ്ത്രീകളില്‍ നിന്നൊക്കെ വ്യത്യസ്തയാണ്. അവളെന്നും അവളുടെ മനഃസ്സാക്ഷിയോട് മാത്രമേ നീതി പുലര്‍ത്തിയിരുന്നുളളൂ. എങ്കിലും അവള്‍ക്ക് മറ്റുളളവരുടെ മനസ്സ് കാണാനുളള ഹൃദയ വിശാലതയുണ്ടായിരുന്നു.
താന്‍ ഒരിക്കലും തന്റെ അമ്മയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടില്ല. സ്‌നേഹം പിടിച്ച് മേടിക്കാന്‍ പറ്റുന്നതല്ലെന്ന് അമ്മ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. ചാച്ചനെന്നും അമ്മയുടെ താളത്തിനൊപ്പം തുളളുന്ന വെറുമൊരു പാവമാത്രമാണെന്ന് തോന്നിയത് കൊണ്ടാവാം ചാച്ചനോടും ഒരിക്കലും ആത്മാര്‍ത്ഥമായ സ്‌നേഹം തോന്നാതിരുന്നത്.
എമിലി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ജീവിതത്തിലെ കടുത്ത സ്‌നേഹ നിഷേധങ്ങള്‍ക്കും മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും നടുവില്‍ അവള്‍ തീര്‍ച്ചയായും തനിക്ക് വലിയൊരു ആശ്വാസമായിരുന്നു.
ഇതുവരെയും ശരീരത്തിന്റെ ക്ഷീണത്തില്‍ തളരാതിരുന്ന മനസ്സിലേക്ക് കുറേ അധികം അസ്വസ്ഥകള്‍ പതുക്കെ ഇഴഞ്ഞ് വരുന്നത് അവന്‍ അറിഞ്ഞു.
നാട്ടിലെ പുഴയില്‍ ഒന്ന് മുങ്ങികുളിക്കാന്‍ പറ്റിയെങ്കില്‍. മനസ്സ് ശാന്തമായെനെ.
ടോണി റൂമിലെത്തിയ ഉടനെ ബാഗ് ഫ്‌ളോറിലേക്കിട്ട് മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്ന് കുറേ വെളളം കുടിച്ച് തളര്‍ന്നവശനായി ബെഡിലേക്ക് വീണു.