Image

റിട്ടേണ്‍ ഫ്‌ലൈറ്റ് -(കഥ : റീനി മമ്പലം)

റീനി മമ്പലം Published on 27 January, 2014
റിട്ടേണ്‍ ഫ്‌ലൈറ്റ് -(കഥ : റീനി മമ്പലം)
പുറത്ത് വസന്തത്തിന് ഹയാസിന്തും ഡാഫൊഡില്‍സും വിരിയും മുമ്പെയുള്ള മണമായിരുന്നു.

'നിന്റെ മൂക്കിന് വല്ല കുഴപ്പോം കാണും' അശോകിന് അവള്‍ ഉദ്ദേശിക്കുന്ന മണം മനസിലായില്ല. ശിശിരത്തിന്റെ തുടക്കത്തിലാണ് വീസ കിട്ടി അവള്‍ അശോകിനോടൊപ്പം താമസമായത്. വസന്തത്തില്‍ അവനോടൊപ്പം നടക്കാനിറങ്ങിയപ്പോഴെല്ലാം അവളുടെ മുടിയിലും ജാക്കറ്റിലും അവന്റെ മുടിയിലുമെല്ലാം ആ മണം പിടിച്ചിരുന്നു.  ശിശിരം കൊഴിച്ചുകളഞ്ഞ ഇലകള്‍  മഞ്ഞിലും  മഴയിലും ജീര്‍ണ്ണിച്ച മണം.

ചുറ്റും സാറ്റിന്‍ തുണിയുടെ തിളക്കമുള്ള വെളുപ്പാണ്. ഇരുണ്ടനിറമുള്ളവര്‍ക്ക് ഇണങ്ങാത്ത നിറം. അതുകൊണ്ടാണ് വിവാഹസാരി ക്രീംനിറമുള്ളതാവണമെന്ന് അവള്‍ ശഠിച്ചത്. ഒരു അമേരിക്കക്കാരന് ഗര്‍വ്വോടെ കൊണ്ടുനടക്കുവാന്‍ പാകത്തില്‍ സുന്ദരിയായൊരു വധുവായിരുന്നവള്‍.
 
നേഴ്‌സിങ്ങ് പഠിത്തം കഴിഞ്ഞപ്പോഴാണ് പാലാക്കാരന്‍  റ്റോമിയുടെ വിവാഹാലോചന വന്നത്. അല്പ്പം റബ്ബര്ര്‍എസ്‌റ്റേറ്റുമായി തരക്കേടില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്ന ആ വിവാഹാലോചന അവള്‍ നിരസിച്ചു. എനിക്കു പാലാക്കാരന്‍ തോമാച്ചന്റെ ഭാര്യയായിട്ട് ആ കാട്ടില് കഴിയാന്‍ വയ്യ  ഭാവിവരന്‍ മധുരമുള്ള അസ്വസ്ഥതയായി മനസ്സില്‍നിറയാന്‍ തുടങ്ങിയപ്പോഴാണ് സ്വന്തത്തിലുള്ളൊരാളുടെ മകന്റെ വിവാഹാലോചനയുമായി അമ്മായി വന്നത്. ചെറുക്കന്‍ കുടുംബസഹിതം അമേരിക്കയിലാണ്.

'നീ കോളടിച്ചല്ലോ. അമേരിക്ക വ്യക്തിസ്വാതന്ത്ര്യത്തിന്റെ നാടല്ലേ. അവിടെച്ചെന്ന് ചെത്തിനടന്നിട്ട് അവധിക്കൊരുവരവുണ്ട്' കൂട്ടുകാരിയവളെ കളിയാക്കി.

പെര്‍ഫ്യൂമിന്റെ മണം പരത്തിയും പുറംകാഴ്ചയില്‍ പണം ചുരത്തിയും വന്ന അമ്മയോടും അപ്പനോടുമൊപ്പം അശോക് അവളെ പെണ്ണുകാണാന്‍ വന്നു. ചെറുക്കനും പെണ്ണിനും തമ്മിലറിയുവാന്‍ കുറച്ചുസമയം തനിയെ കിട്ടണമെന്നവന്‍ ആവശ്യപ്പെട്ടു.

അവര്‍ പട്ടണത്തിലെ പാര്‍ക്കില്‍ കറങ്ങിനടന്നു. 'ഐ വോണ്ട് റ്റു ഗെറ്റ് റ്റു നൊ യു' പാര്‍ക്കിലെ അണ്ണാറക്കണ്ണന്മാരെയും കാക്കകളെയും കുസൃതികാട്ടി അവന്‍ വിരട്ടിയോടിച്ചു.

കുസൃതി ചെക്കന്‍ അവള്‍ ചിരിച്ചു.

വൈകുന്നേരം റെസ്‌റ്റോറന്റില്‍ ചില്ലിചിക്കനും കരിമീന്‍െ്രെഫക്കും മുകളിലൂടെ അവളുടെ കൈ പിടിച്ചു 'എനിക്ക് നിന്നെ ഇഷ്ടമായി. വില്‍ യൌ മാരി മീ? അമേരിക്കന്‍ ആചാരമനുസരിച്ച് മോതിരം കൊടുത്താണ് പ്രൊപ്പോസ് ചെയ്യേണ്ടത്. നേരത്തെ ആലോചിച്ച് ഉറപ്പിച്ചതല്ലല്ലോ. അതിനാല്‍ ഒരു മാലയാണിത്'. മേസീസിന്റെ ഒരു ചെറിയ പെട്ടി അവന്‍ നീട്ടി .

'പെണ്ണിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രൊപ്പോസ് ചെയ്യുകയാണ് പതിവ്. അങ്ങനെ ചെയ്താല്‍ എനിക്ക് കിറുക്കാണന്ന് ആള്‍ക്കാര്‍ വിചാരിച്ചാലോ?' അവന്‍ ഉറക്കെ ചിരിച്ചു. ചുറ്റുമിരുന്നവര്‍ തിരിഞ്ഞുനോക്കുവാന്‍ തക്കവണ്ണം അവരുടെ ചിരി നിയന്ത്രണം വിട്ടു. അവനെയും അമേരിക്കന്‍ ആക്‌സന്റിലുള്ള അവന്റെ സംസാരവും അവള്‍ക്ക് നന്നെ ഇഷ്ടപ്പെട്ടു.

'ഇത്രയും പെട്ടന്ന് അവര്‍ക്ക് വാക്ക് കൊടുക്കേണ്ടിയിരുന്നില്ല. അമേരിക്കേല് അറിയാവുന്ന വല്ലോരോടുമൊക്കെ ചോദിച്ചിട്ട് തീരുമാനിച്ചാല്‍ മതിയായിരുന്നു' അമ്മ ആശങ്ക കാണിച്ചു.

'നിന്റെ നാത്തൂന് നല്ലോണം അറിയാവുന്ന ആള്‍ക്കാരല്ലേ, പിന്നെന്താ ഒരു സംശയം?. അഞ്ജൂനും അതല്ലേ താല്പര്യം? അതല്ലേ അവന്‍ കൊടുത്ത മാലേം കൊണ്ട് വീട്ടില്‍ വന്നത്?'

അവളപ്പോള്‍ ഹൃദയത്തിന്റെ ആകൃതിയില്‍ പെന്‍ഡന്റുള്ള മാലയിട്ട് കണ്ണാടിയില്‍ നോക്കി ആസ്വദിക്കയായിരുന്നു. ഇനിമുതല്‍ സുന്ദരമായൊരുജീവിതം കണ്ണാടിയിലെ പെണ്ണിനെപ്പോലെ കയ്യെത്തിപ്പിടിക്കാനാവാത്തതല്ല. സ്ത്രീധനമായി അവര്‍ കറന്‍സിയും സ്വര്‍ണ്ണവുംകൊണ്ട് തുലാഭാരം ചോദിച്ചുമില്ല.

എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുന്നു. നല്ല തണുപ്പുണ്ട്. അമേരിക്കയില്‍ വന്നിട്ട് നാട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണ്. ഒക്കത്തൊരു കുഞ്ഞുമായി അശോകിനോടൊപ്പം പോകേണ്ടവള്‍. കണ്ണുചിമ്മി തുറക്കുവാന്‍ ശ്രമിച്ചപ്പോള്‍ കനംതൂങ്ങിയ കണ്ണുകള്‍ അടഞ്ഞുതന്നെയിരുന്നു.

'എന്റെ കുഞ്ഞിനെ കടലുകടത്തുകാ നിങ്ങളെല്ലാരും കൂടി. ഒന്നു നല്ലോണം തിരക്കീട്ടുമതിയാരുന്നു. എടുപിടീന്ന് നടത്തേണ്ടാരുന്നു ഈ കല്യാണം'  വല്യമ്മച്ചി മാത്രം കല്യാണത്തലേന്നുവരെ സന്ദേഹം പ്രകടിപ്പിച്ചു.

'ഈ അമ്മക്ക് എന്തവാ? ഒരുനല്ല കാര്യം നടക്കാന്‍ പോകുമ്പോഴാ ഒരു സങ്കടം പറച്ചില്‍' അമ്മ ദേഷ്യപ്പെട്ടു. സൗഭാഗ്യം തേടിവരുമ്പോള്‍ ലോകം കാണാത്തവര്‍ പറയുന്നതൊക്കെ ആരാ ശ്രദ്ധിക്കുന്നതെന്ന മട്ടില്‍ ചാച്ചന്‍ ഇതൊന്നും കേട്ടില്ലെന്ന് നടിച്ചു.

അശോക് മടങ്ങിപ്പോകുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. ആരെയും കൂസലില്ലാതെയുള്ള അവന്റെ തുറന്നപെരുമാറ്റം അവള്‍ക്കിഷ്ടമായി. പ്രത്യേകിച്ചും ആവശ്യത്തിലേറെ സ്‌നേഹം അവള്‍ക്ക് വാരിച്ചൊരിയുമ്പോള്‍. 'അഞ്ജു, ഐ ലവ് യൂ' തന്നെ ഓര്‍മ്മിപ്പിക്കുവാനെന്നപോലെ ഇടക്കിടെ അവന്‍ പറഞ്ഞു. വര്‍ത്തമാനകാലത്തിനുനേരെ അന്ധനായി അവളെ കെട്ടിപ്പിടിച്ച് അവളോടൊട്ടിയിരുന്നു, അവന്റെ മമ്മിയും ഡാഡിയും അതേമുറിയിലുണ്ട് എന്നത് വകവെക്കാതെ.

'അവന്‍ ഒറ്റക്ക് വളര്‍ന്നതാ, അല്പ്പം വാശിക്കാരനും പൊസസീവും ആണെന്നു കണ്ടോ, മോളൊന്ന് വിട്ടുകൊടുത്താല്‍ മതി. അശോകിന്റെ മമ്മി അവളുടെ മുടിയില്‍ തലോടി.

'സ്വീറ്റ്‌സ്, എനിക്ക് നിന്നെ കാണാതിരിക്കാന്‍ വയ്യ' മടങ്ങിപ്പോവും മുമ്പ് അശോകനവളെ പൊക്കിയെടുത്ത് വട്ടം കറങ്ങി, അമ്മയുടെയും ചാച്ചന്റെയും  മുന്നില്‍ വച്ചു തന്നെ.

'സ്‌നേഹം കൊണ്ടല്ലേ' പരസ്യമായി കൈപിടിക്കുന്നതുതന്നെ അശ്‌ളീലമെന്ന് കരുതിയ അമ്മ ചിരിച്ച് ചാച്ചനോട് പറഞ്ഞു. 'എന്തായാലും അവനുള്ളപ്പോള്‍ ഒരനക്കമുണ്ടായിരുന്നു'

'ഞാന്‍ പെട്ടന്ന് ചത്തുപോയാല്‍ എന്റെ കുഞ്ഞിന് ശവം പോലും ഒന്ന് കാണാന്‍ പറ്റത്തില്ലല്ലോ' അവളുടെ പേപ്പേര്‍സ് എല്ലാം ശരിയായി അമേരിക്കയിലേക്ക് പോകുന്നദിവസം വല്യമ്മച്ചിമാത്രം പരാതിപറഞ്ഞ് കരഞ്ഞു.

'ഈ അമ്മക്ക് എന്തവാ, നല്ലൊരു കാര്യത്തിന് പോകുമ്പോഴാ ഒരു പരാതി പറച്ചില്‍' അമ്മ പതിവുപോലെ ദേഷ്യപ്പെട്ടു.

അവള്‍ അമേരിക്കയിലെത്തിയപ്പോള്‍ ശിശിരം തുടങ്ങിയിരുന്നു, ഇലപൊഴിയും കാലം. മരങ്ങളുടെ നഗ്‌നമാക്കപ്പെട്ട ചില്ലകള്‍ക്കിടയിലൂടെ തണുപ്പരിച്ചുവന്നു. അവന്റെ ദാഹം അവളില്‍ വേനല്കാറ്റായി പടര്‍ന്നു. മനസും ശരീരവും തുറന്നിട്ട ജാലകങ്ങളായി.

' ഈ ചെറിയ കുപ്പികള്‍ക്കുള്ളിലെ കുഞ്ഞുഗുളികകള്‍ കണ്ടില്ലേ, ഈ ഗുളികകളാണ് എന്റെ മനസിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. പേടിക്കേണ്ട എല്ലാം അണ്ടര്‍ കണ്ട്രോള്‍. മുടങ്ങാതെ എടുത്താല്‍ മാത്രം മതി'

ഋതുക്കള്‍ മാറി. മഞ്ഞുകാലം വന്നു.

പുറത്ത് കനത്ത മഞ്ഞ് പെയ്തു. അവളുടെ ആദ്യത്തെ സ്‌നോസ്‌റ്റോം. അശോകനാണ് അവളെ നിര്‍ബന്ധിച്ച് ആളൊഴിഞ്ഞ മഞ്ഞുമൂടിയ വഴികളിലൂടെ കാറോടിച്ച് കൊണ്ടുപോയത്.  ഇലകൊഴിഞ്ഞ മരങ്ങളിലും കുറ്റിച്ചെടികളും നിറഞ്ഞുനിന്ന മഞ്ഞില്‍ ഒരു വിന്റെര്‍വണ്ടര്‍ലാണ്ട്.  കാറുകളില്ലാത്ത പാര്‍ക്കിങ്ങ്‌ലോട്ടില്‍ ആവുംവേഗത്തില്‍ നിയന്ത്രണംവിടുമാറ്, അവള്‍ക്ക് പേടിതോന്നും വിധം അവന്‍ ആക്‌സിലറേറ്ററില്‍ ആഞ്ഞുചവുട്ടി. യുവത്വത്തിന്റെ തിളപ്പ്, മനസിന്റെ ഉന്മാദം.

'നിര്‍ത്തു' അവള്‍ പേടിച്ച് കരയുവാന്‍ തുടങ്ങി.

പ്രകോപനം കൊണ്ടമുഖത്ത് തെളിഞ്ഞുകണ്ടത് പൈശാചീകതയാണ്. 'യൂ ഷട്ട് അപ്പ്' കരുത്തുള്ള കൈപ്പത്തികള്‍ അവള്‍ക്ക് നേരെ ഉയര്‍ന്നുതാണു.

'ചിലപ്പോഴൊക്കെ ഇങ്ങനെ നിയന്ത്രണം വിടാറുണ്ട്'. 'കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ അവന്‍ മരുന്നുകഴിച്ചുകാണില്ല. മറന്നുകാണും. നീയിതൊക്കെ നോക്കീം കണ്ടും ചെയ്യേണ്ട കാര്യങ്ങളല്ലേ?

മമ്മി അവനെയും കൊണ്ട് പതിവുഡോക്ടറുടെ അടുക്കല്‍ പോയി. മരുന്ന് മാറ്റിയെടുത്തു. മുടങ്ങാതെ കഴിക്കുന്നുണ്ടന്നവര്‍ ഉറപ്പുവരുത്തി.  മരുന്നുകള്‍ക്കും കടിഞ്ഞാണിടാനാവത്തൊരു മനസ്സുണ്ടെന്ന് അവള്‍ക്ക് ബോധ്യമായി.'ബൈപോളാര്‍, മേനിയ, ഡിപ്രെഷെന്‍' മെഡിക്കല്‍ വാക്കുകള്‍ അവളുടെ മുന്നില്‍ ഉരുണ്ടുകളിച്ചു.

'നീ ഈ വിവരങ്ങളൊന്നും നാട്ടിലേക്ക് വിളിച്ചു പറയേണ്ട. കുഞ്ഞും കുട്ടിം ഒന്നുമല്ലല്ലോ ഇങ്ങനെ കരഞ്ഞോണ്ടിരിക്കാന്‍. വല്ലതും പഠിച്ച് നേഴ്‌സിങ്ങ്പരീക്ഷ പാസാകാന്‍ നോക്ക്'

കുട്ടിയാണന്ന് തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞാല്‍ കുട്ടിത്തം മാറ്റിവെക്കണമെന്ന് അറിയാഞ്ഞിട്ടുമല്ല. പരീക്ഷപാസായി ജോലിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. കരയുമ്പോള്‍ മനസിന്റെ ഭാരം അല്പ്പം ഒഴുക്കിത്തീര്‍ക്കാമെന്ന് ഒരു മിഥ്യാബോധമായിരുന്നു.

'അവന്‍ പിന്നേം ഡ്രഗ്‌സ് എടുക്കാന്‍ തുടങ്ങിയെന്നാ തോന്നുന്നെ' മമ്മിയും ഡാഡിയും ശബ്ദം താഴ്ത്തി സംസാരിച്ചു. അശോക് തെരുവുഡ്രഗുകള്‍ തേടിപ്പോയി.

അവള്‍ ആര്‍ത്തിപിടിച്ച് പഠിച്ചു. ജോലിതുടങ്ങിയാല്‍ വീടിന് വെളിയില്‍ ഇറങ്ങാമല്ലോ. ചാച്ചനോടും അമ്മയോടും രഹസ്യമായി സംസാരിക്കുവാന്‍ ഇന്ത്യന്‍ കടകളില്‍നിന്ന് കോളിങ്ങ്കാര്‍ഡ് വാങ്ങുവാന്‍ പോലും പറ്റാത്തൊരു സ്ഥിതി. നടന്നുപോവാന്‍ പറ്റിയ ദൂരത്തില്‍ കടകളില്ല. കാറോടിക്കുവാന്‍ ഇതുവരെ ലൈസന്‍സ് ഇല്ല. ഒരു ബസ്സ്‌റ്റോപ്പുപോലും അടുത്തെങ്ങുമില്ല.

'നേരത്തും കാലത്തും കൊച്ചുങ്ങളെ ഉണ്ടാക്കിയാല്‍ എനിക്ക് ആരോഗ്യം ഉള്ളപ്പോള്‍ വളര്‍ത്താന്‍ സഹായിക്കാം'. പരീക്ഷ പാസായി ജോലികിട്ടിയപ്പോള്‍ മമ്മി പറഞ്ഞുതുടങ്ങി. ഇങ്ങനത്തെ  ഒരു പരിതസ്ഥിതിയില്‍ കുട്ടികള്‍? ആ ചിന്ത കൊലക്കയറുപോലെ അവളുടെ മുന്നില്‍ കിടന്നാടി.

നിനച്ചിരിക്കാത്ത നേരത്താണ് ജീവിതം നേരമ്പോക്കുകളുമായി വരുന്നത്, എല്ലാവരെയും ഒന്ന് പരിഹസിക്കാന്‍. പ്രസിഡന്റ് ബുഷ് വൈറ്റ് ഹൗസ് വിടും മുമ്പെ അമേരിക്കന്‍ ജോലികള്‍ കടലുകടന്നു. അവക്ക് പിറകെ കടല്ക്കാക്കകള്‍ കരഞ്ഞ് വിലാപയാത്ര നടത്തി. 'വാള്‍സ്ട്രീറ്റിലെ കറുത്ത ദിവസങ്ങള്‍ അമേരിക്കന്‍ സാമ്പത്തികസ്ഥിതിയില്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ഓബാമ വൈറ്റ് ഹൗസിലേക്ക് വന്നു. അശോകിന് ജോലി നഷ്ടപ്പെട്ടു. ഒബാമയെന്നും  ബുഷ് എന്നും പക്ഷഭേദമില്ലാത്ത രോഗങ്ങള്‍ അഞ്ജു ജോലിചെയ്യുന്ന ആശുപത്രിയിലെ തിരക്കുകൂട്ടി.

'അവന് വേറൊരു ജോലിയെന്തിനാ? നമ്മുടെ ഗ്യാസ്സ്‌റ്റേഷന്‍ നോക്കിനടത്തിയാല്‍ മതിയല്ലോ. നീയവനെ ഓരോന്ന് പറഞ്ഞ് കൊച്ചാക്കാതിരുന്നാല്‍ മതി. അവനേക്കാളും കൂടുതല്‍ ശമ്പളമുള്ളതിന്റെ അഹംഭാവമാ നിനക്ക് പണ്ടേ'.

അശോകിനോടൊപ്പമുള്ള ജീവിതം കടലിലെ തോണിയിലെന്നപോലെ. അപ്രതീക്ഷിതമായ ക്ഷോഭങ്ങള്‍, തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നും താഴ്ന്നും. ബാലിശമായ ചിലപെരുമാറ്റങ്ങള്‍, എടുത്തുചാട്ടങ്ങള്‍. മാനസികവും ശാരീരികവുമായ പീഢനങ്ങള്‍. തെരുവുസംസ്‌കാരം പലപ്പോഴും വെളിയില്‍ വന്നു. വിവാഹജീവിതം കന്നുപൂട്ടി നിലം ഉഴുകുന്നതുപോലെയാണ്. രണ്ട് കന്നുകളും ഒരേപോലെ യത്‌നിച്ചെങ്കിലേ മുന്നോട്ടുപോകാനാവു, നുകത്തിന്റെ ഭാരം താങ്ങാനാവു. കാര്യമായും കരഞ്ഞും സംസാരിച്ചു നോക്കി.

പള്ളിയില്‍വെച്ച് പരിചയമുള്ളൊരു ആന്റി, മമ്മി കൂടെയില്ലാതിരുന്ന നേരം നോക്കി, അടുത്തുവന്നു. 'അശോകിന് പഴയ ഡ്രഗ് പ്രോബ്ലം തുടങ്ങിയല്ലേ? കുറച്ചുനാള്‍ ക്ലീന്‍ ആയി നടന്ന സമയത്താണ് നാട്ടില്‍ കൊണ്ടുപോയി പെണ്ണുകെട്ടിച്ചത്. കൂടാതെ മാനസികരോഗിയുമാണല്ലേ?. ഇതൊക്കെ ഇവിടെയെല്ലാവര്‍ക്കും പണ്ടേ അറിയാവുന്ന കാര്യങ്ങളാ'.

ജോലി നഷ്ടപ്പെട്ടതിനാല്‍ അശോക് മിക്കവാറും വീട്ടില്‍ തന്നെ. ഡ്രഗ്‌സിന്റെ സ്വാധീനമേറിയ ഒരുരാവില്‍ അവന്റെ സിരകളില്‍ ആസക്തി പടര്‍ന്നു, കാമം കത്തി. 'അഞ്ജു, എനിക്ക് ഒരു കുഞ്ഞുവേണം. എന്റെയും നിന്റെയും രക്തം അവനിലൂടെ ഒഴുകണം.'

സാധാരണ പരിതസ്ഥിതിയില്‍ മാധുര്യമൂറുമായിരുന്ന വാക്കുകള്‍ തലക്കുള്ളില്‍ സ്‌ഫോടനമുണ്ടാക്കി. അമ്മയുടെ അസമയത്തുവന്ന ഫോണ്‍കോളാണ് അവളെ രക്ഷിച്ചത്. അനുജത്തിയുടെ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു. ലിവിങ്ങ്‌റൂമിലിരുന്ന് സംസാരിക്കുമ്പോള്‍ മമ്മി ബെഡ്രൂമില്‍ നിന്നിറങ്ങിവന്ന് കഴുകന്റെ കണ്ണുകളോടെയും വവ്വാലിന്റെ ചെവികളോടെയും സോഫയിലിരുന്നു. തന്റെ സ്വകാര്യത പണ്ടേ പണയത്തിലാണ്.

ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ അശോകിന്റെ കുട്ടിയെ പ്രസവിക്കുക? തെരുവുഡ്രഗുകള്‍ രക്തത്തിലലിഞ്ഞിരിക്കുമ്പോഴല്ല ഒരു കുഞ്ഞുപിറക്കേണ്ടത്, സ്‌നേഹം സിരകളില്‍ ഒഴുകുമ്പോഴല്ലേ?. അവരുടെ കുഞ്ഞ്, അവനുമായി ബന്ധിച്ചിട്ട ഇരുമ്പുചങ്ങലയായി കഴുത്തില്‍ ചുറ്റി മുറുക്കി. അവള്‍ക്ക് ശ്വാസം മുട്ടി, ജീവവായു ലഭ്യമല്ലാത്തപോലെ.

കൂടെ ജോലി ചെയ്യുന്ന രശ്മി ഓടിവന്നു 'നിനക്ക് പാനിക്ക് അറ്റാക്കാണ്. ഇങ്ങനെ ആദ്യമായി വരികയാണോ. നീയെന്താണ് ഇത്രയധികം ഭയപ്പെടുന്നത്'?

എല്ലാം തുറന്ന് പറയേണ്ടി വന്നു. അവള്‍ക്ക് ധൈര്യം കൊടുത്തുകൊണ്ട് കൂട്ടുകാരി പറഞ്ഞു 'പോംവഴികളില്ലാത്ത പ്രശ്‌നങ്ങളുണ്ടോ, അഞ്ജു'.

പീഢിതരായ സ്ത്രീകളെ സഹായിക്കുന്ന മലയാളിസംഘടനകളുണ്ട്. വക്കിലന്മാര്‍ അവരുടെ സേവനം സൗജന്യമായി ഇത്തരം സംഘടനകള്‍ക്ക് നല്കുന്നുണ്ട്. ചാച്ചനോടുമാത്രം അവള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു, അതും രശ്മിയുടെ സെല്‌ഫോണിലൂടെ.  എല്ലാം വിട്ടെറിഞ്ഞ് തിരികെ വരുവാനാണ് ചാച്ചന്‍ ആവശ്യപ്പെട്ടത്. അനുജത്തിയുടെ വിവാഹം ഉറപ്പിച്ചതിനാല്‍ തല്ക്കാലം എല്ലാം രഹസ്യമായിത്തന്നെയിരിക്കട്ടെ എന്നായിരുന്നു അവളുടെ തീരുമാനം. വിവരം ഉടനെ അറിയിച്ച് അമ്മയുടെ മനസ്സ് വിഷമിപ്പിക്കുവാന്‍ ചാച്ചനും ഇഷ്ടമുണ്ടായിരുന്നില്ല. ജീവിതത്തിലാദ്യമായി ഒരു മകള്‍ക്ക് ഒരിക്കലും തോന്നുവാന്‍ പാടില്ലാത്തവിധം അമ്മയോട് അസൂയ തോന്നിഅമ്മയെക്കുറിച്ച് കരുതുവാന്‍ ചാച്ചനുണ്ടല്ലോ!

അവനില്‍നിന്ന് രക്ഷപെടണം. മരക്കുരിശില്‍ കിടക്കുമ്പൊഴും മാനസാന്തരപ്പെടാത്ത ജന്മമാണ് അവനിപ്പോള്‍.

രാത്രി അധികം വൈകിയില്ലാത്തതിനാല്‍ മമ്മിയും ഡാഡിയും ഗ്യാസ്സ്‌റ്റേഷന്‍ അടച്ച് വീട്ടില്‍ എത്തിയിരുന്നില്ല. അശോക് മുറിയിലാകെ എന്തോ തിരയുകയായിരുന്നു. കയ്യിലുള്ള പണം തീര്‍ന്നുകാണണം.

'അഞ്ജു' ഒരു ഗര്‍ജ്ജനമായിരുന്നു.

അശോക് ഒരു വെളിച്ചപ്പാട് പോലെ ഉറഞ്ഞുതുള്ളുന്നു. അവന്റെ കയ്യില്‍ അവള്‍ ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ചുവെച്ച ഗര്‍ഭനിരോധന ഗുളികകളുടെ പാക്കേജ്.

അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. അവന്റെ സിരകളില്‍ പടര്‍ന്നത് പ്രതികാരം. സ്‌നേഹത്തിന്റെ നൂലിഴകള്‍ പാകാത്ത മുഖത്തും കണ്ണുകളിലും കത്തിയത് ഉന്മാദം. അവന്‍ തലയിണ പലതവണ അവളുടെ മുഖത്തോടമര്‍ത്തിപ്പിടിച്ചു. എതിര്‍ക്കുവാന്‍ ശക്തിയില്ലാതായപ്പോള്‍ ശവത്തിലെന്നപോലെ പുഴുക്കള്‍ ഇഴഞ്ഞു. പഴുതാര അവളില്‍ വിഷമിറക്കി.

പെണ്ണിന്റെ വേദന ഏദന്തോട്ടത്തില്‍ വെച്ച് ഹൗവ്വയില്‍ തുടങ്ങിയതാണ്. ഹൗവ്വയെ പഴം കാട്ടി പ്രലോഭിപ്പിച്ച് അവള്‍ക്ക് വേദനകൊടുത്ത പാമ്പ്. അതൊരു ആണ്‍ പാമ്പായിരുന്നോ? ആദാം ഇല്ലാതിരുന്ന തക്കം നോക്കി അവളുടെ അടുത്ത് വന്നതല്ലേ? അവളുടെ രക്ഷകനായ ആദാം അന്ന് എവിടെയായിരുന്നു?  ദൈവം അന്ന് കോപിച്ചു. ആദാം അവളെ കുറ്റപ്പെടുത്തി, അവളോട് കലഹിച്ചു. ഹൗവ്വ പിന്നീട് മക്കളെ നൊന്തുപ്രസവിച്ചു.

മടുത്ത ജീവിതം തലയിണക്കടിയില്‍ ശ്വാസം കിട്ടാതെ പിടയുന്നു. മരുന്നിന്റെ ഓവെര്‍ഡോസ്.. തടാകത്തിലെ നിലയില്ലാക്കയം,.. കൈത്തണ്ടയിലെ നീലക്കുഴലുകളില്‍ അമര്‍ന്നുവീഴുന്ന വേദന...എന്തെല്ലാം എന്തെല്ലാം വഴികള്‍!

ധൈര്യം എവിടെനിന്നോ ഇഴഞ്ഞുവന്നു, ഏദന്‍തോട്ടത്തിലെ പാമ്പിനെപ്പോലെ പ്രലോഭിപ്പിച്ചുകൊണ്ടും മോഹിപ്പിച്ചുകൊണ്ടും  ജീവിതം മധുരമുള്ളൊരു കനിയാണ്, ഒന്ന് രുചിച്ച് നോക്കു. നിന്റേതായൊരു ജീവിതമുണ്ടാക്കാം. ഡ്രഗുകള്‍ക്ക് അടിമയാക്കപ്പെട്ടവന്റെ അടിമയാകരുത്.   

'ഇതെന്താ നിന്റെ മുഖത്തും  കഴുത്തിലും നിറയെ പാടുകള്‍? എന്തെങ്കിലും ഫിസിക്കല്‍ അബ്യൂസ്?

'നിന്റെ ഭര്‍ത്താവിനെപ്പോലുള്ളവനെയാണ് ഭാര്യയെ ബലാല്‍സംഗം ചെയ്തവന്‍ എന്നുവിളിക്കുന്നത്. നിന്നെ കൊല്ലാന്‍ ശ്രമിച്ചില്ലേ, എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പായി പോലീസില്‍ പരാതികൊടുക്കണം. ഞാന്‍ സഹായിക്കാം. നീ എന്റെ കൂടെ വന്ന് താമസിക്ക് മോളെ' മദ്യപാനിയായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ഉറയാതെ പിടിച്ചു നില്ക്കുന്ന രശ്മി പറഞ്ഞു. 

അശോക് വീട്ടിലില്ലാതിരുന്ന ഒരു സന്ധ്യക്ക് കുറെ തുണികളുമായി വീടുവിട്ടു. ഇനി വിഷപ്പാമ്പിന്റെ ദംശം ഏല്ക്കാന്‍ വയ്യ. ഇന്നു വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്താതാവുമ്പോള്‍ തന്നെ കാണാതായി എന്ന് മമ്മിയും ഡാഡിയും അശോകും പോലീസില്‍ പരാതികൊടുക്കും. താമസിയാതെ തന്നെ അശോക് അവളില്‍നിന്ന് അകന്ന് നില്ക്കണമെന്ന് ആവശ്യപ്പെടുന്ന പോലീസ്ഓര്‍ഡര്‍ അവന് കിട്ടും.
 
ആരും ആശുപത്രിയില്‍ തിരക്കി വന്നില്ല. അനുജത്തിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയായിരുന്നു. പല ഒഴിവുകഴിവുകള്‍ പറഞ്ഞവള്‍ വിവാഹത്തിന് പോയില്ല. ഇന്നു രാത്രിയില്‍ അമ്മയെ വിളിച്ച് വിവരങ്ങള്‍ പറയണം. അമ്മ വിഷമിക്കും, തീര്‍ച്ച. തന്നത്താന്‍ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയുള്ള പെണ്ണായി മാറിയെന്ന് അമ്മയെ മനസ്സിലാക്കണമപ്പോള്‍. ഉടനെ വക്കീലിനെക്കൊണ്ട് ഡിവോഴ്‌സിനുള്ള പേപ്പറുകള്‍ ഫയല്‍ ചെയ്യിക്കണം. റ്റിക്കറ്റിന് വിലകൂടും മുമ്പ് നാട്ടില്‍ പോകുവാന്‍ അവധി ചോദിക്കണം. നിര്‍ബന്ധിച്ചാല്‍ അമ്മയും ചാച്ചനും ഒരിക്കല്‍ അമേരിക്ക കാണാന്‍ വരാതിരിക്കില്ല. അങ്ങനെ പല ചിന്തകളുമായാണ് അന്നവള്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചത്. അന്ന് രശ്മിക്ക് ഈവനിങ്ങ് ഷിഫ്റ്റായിരുന്നു.

പ്ലെയിന്‍ ഒന്ന് കുലുങ്ങി താണു. എയര്‍പോക്കറ്റിലൂടെ കടന്നുപോവുകയാവും. താഴ്ന്ന് പറന്നുതുടങ്ങിയെന്നു തോന്നുന്നു. പെട്ടന്ന് വലിയൊരു പ്രകാശം കടന്നുവന്നു. പ്രകാശവലയത്തില്‍ അകപ്പെട്ടപ്പോള്‍ വെള്ളച്ചിറകുള്ള മാലാഖമാര്‍.

'ഇന്നു മൂന്നാം ദിവസമല്ലേ? നീ വരുമെന്ന് ഉറപ്പായിരുന്നു. ഇതാണ് നിന്റെ ആത്മാവിനും അവകാശപ്പെട്ട സ്വര്‍ഗം. നിന്റെ ശരീരം ഭൂമിയിലെവിടെയോ ഇപ്പോള്‍ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു'. സ്‌നേഹത്തിന്റെ ഊഷ്മളതയില്ലാത്ത കാരുണ്യം നിറഞ്ഞ ചൈതന്യമായിരുന്നു അവരുടെ മുഖങ്ങളില്‍.

'നിനച്ചിരിക്കാത്ത നേരത്ത്, ജീവിച്ചുകഴിയാത്ത ജീവിതങ്ങളില്‍ അടിച്ചേല്പ്പിക്കുന്ന സ്വര്‍ഗം എനിക്ക് വേണ്ട. എന്നെ സ്‌നേഹിക്കുന്നവരോടൊപ്പം എനിക്ക് ജീവിക്കണം. എനിക്ക് സ്‌നെഹം വേണം. ഞാന്‍ എന്തു പാപമാണ് ചെയ്തത്?'

വിമാനം എയര്‍പോര്‍ട്ടില്‍ താഴ്ന്നിറങ്ങി. ചാച്ചനും അമ്മയും കാത്തുനില്ക്കുന്നുണ്ടാവും. നടക്കാനാവാത്തതിനാല്‍ വല്യമ്മച്ചി വന്നു കാണില്ല. സില്ക്കുസാരിയണിഞ്ഞ സുന്ദരികളായ എയര്‍ഹോസ്റ്റസുമാരെ അടുത്തെങ്ങും കണ്ടില്ല, പകരം പെട്ടിക്കുള്ളിലെ സാറ്റിന്‍ തുണിയുടെ വെളുത്ത തിളക്കം മാത്രം. കൈകള്‍ വിടുവിക്കുവാന്‍ നോക്കി. അനങ്ങുന്നില്ല. കൂട്ടിപ്പിടുപ്പിച്ചിരിക്കുന്ന കൈകള്‍ക്കുള്ളില്‍ കൊന്തയും കുരിശും.   

അവള്‍ ഇപ്പോള്‍ എല്ലാം ഓര്‍ക്കുന്നു. അന്ന് രശ്മിക്ക് ഈവനിങ്ങ് ഷിഫ്റ്റായിരുന്നതിനാല്‍ തനിയെയാണ് ജോലിയില്‍ നിന്നിറങ്ങിയത്. അപ്പാര്‍ട്ടുമെന്റിന്റെ താക്കോല്‍ പഴുതിലിട്ടുതിരിച്ചു. പുറകില്‍ നിന്നും കരുത്ത കൈകള്‍ വായ് പൊത്തി. മുഖത്തിന് അശോകിന്റെ ഛായ, ഒരുവര്‍ഷം മുമ്പ് പാര്‍ക്കില്‍ അണ്ണാറക്കണ്ണനെ വിരട്ടിയോടിച്ച കുസൃതിച്ചെക്കനായിരുന്നില്ല അവനപ്പോള്‍. തോക്കിന്റെ പിന്നാലെ  അകത്തുകയറി.

'നിനക്കെന്നെ മാറ്റിനിര്‍ത്തണം, അല്ലേ?' പോലീസിന്റെ റിസ്‌ട്രെനിങ്ങ് ഓര്‍ഡര്‍ അവന്റെ കയ്യില്‍ വിറച്ചു.

'അഞ്ജു, എന്റെ അഞ്ജു, നീ എന്റേതുമാത്രം'  അവന്‍ കരഞ്ഞോ?  അഞ്ചാമത്തെ തവണ അവന്‍ തോക്ക് തിരിച്ചുപിടിച്ചു. നിറയൊഴിയുന്ന തോക്ക് ജീവനൊടുക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നില്ലേ?




റിട്ടേണ്‍ ഫ്‌ലൈറ്റ് -(കഥ : റീനി മമ്പലം)
Join WhatsApp News
2020-07-29 11:50:24
‘മെറിൻ ജോയിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും’ എന്ന വാർത്ത കണ്ടപ്പോൾ റീനി മമ്പലത്തിന്റെ ‘റിട്ടേൺ ഫ്ലൈറ്റ്’ എന്ന കഥ ഓർത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക