രമേശന് നായര്‍! അതാണയാളുടെ പേര്. കുബേരന്‍. സ്ഥലത്തെ പ്രധാന ദിവ്യന്‍. നാട്ടുമ്പുറത്തെ ഒരു മാതിരിപ്പെട്ട അടിപിടിക്കേസുകളും അതിരുതര്‍ക്കങ്ങളും മറ്റ് അല്ലറ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുമൊക്കെ കക്ഷിയുടെ മധ്യസ്ഥതയിലാണു ഒത്തുതീര്‍പ്പാകുന്നത്. അതുകൊണ്ട് സ്ഥല്തതെ ചില കേസില്ലാ വക്കീലന്മാര്‍ക്ക് അയാളോടു കടുത്ത അസൂയയുണ്ട്. തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റയിടുന്ന' ആ വേന്ദ്രന്‍ മുടിഞ്ഞുപോകട്ടെ എന്നാണ് അവര്‍ അയാളെ മനസാ 'ആശംസിക്കുന്നത്!'
മാത്തായിക്കുട്ടിയും കേശവന്‍നായരും അയല്‍ക്കാരാണ്, ഉറ്റചങ്ങാതിമാരും. നാട്ടിന്‍പുറത്ത് അവരുടെ മൈത്രി എല്ലാവര്‍ക്കും അറിയാം. അിത്രമായാല്‍ ഇങ്ങനെ വേണമെന്ന് അസൂയാലുക്കള്‍ പോലും പറയാറുണ്ട്. മിത്രലാഭം ഒരു ചെറിയ കാര്യമല്ല. നല്ലൊരു സ്‌നേഹിതനെ കിട്ടുകയെന്നു വച്ചാല്‍ അതില്‍പരം സൗഭാഗ്യം ഒരാള്‍ക്കു വേറെയില്ല. കൂടെ നടക്കുകയും കാലില്‍ ചവിട്ടുകയും ചെയ്യുന്ന തഥാകഥിത മിത്രങ്ങള്‍ എവിടെയുമുണ്ട്. അവര്‍ തരം വരുമ്പോള്‍ മുങ്ങിക്കളയും. ഇവര്‍ ആ തരത്തില്‍പെട്ട സ്‌നേഹിതരല്ല. ഏതാപത്തിലും, ഏതു കാര്യത്തിനും പരസ്പരം തുണയായി കഴിയുമ്പോഴാണ് ആ അത്യാഹിതം നടന്നത്.
മത്തായിക്കുട്ടിയുടെ ജഴ്‌സിപ്പശു എങ്ങനെയാണെന്നറിഞ്ഞില്ല ചത്തു. പത്തുപതിനഞ്ചുകുപ്പി പാല്‍ ക്ലീനായിട്ടു കിട്ടുന്നതാണ് പ്രസവിച്ചിട്ട് അധികമായില്ല. വീട്ടിലെ ഓമന മത്തായിക്കുട്ടിക്ക് അവളെയും കുട്ടി നാലുമക്കളെന്നാണ് അയാള്‍ പറയാറ്. ഓമനയെന്നു തന്നെ അവള്‍ക്കുപേരും.
ഇതെങ്ങനെ സംഭവിച്ചു? കപ്പയില തിന്നു കട്ടുപിടിച്ചു ചത്തതാണെന്നു മൃഗവൈദ്യന്‍ തീര്‍പ്പുകല്പിച്ചു. തലേദിവസം കേശവന്‍ നായരുടെ പറമ്പിലെ കപ്പ പറിച്ചതാണ്. ഇല മത്തായിക്കുട്ടിയുടെ വേലിയുടെ ചേര്‍ത്താണ് കൂനകൂട്ടിയത്. ഓമനയുടെ കഴുത്തിലെ കയര്‍ ബലമായിട്ടാണു കെട്ടിയിരുന്നതെങ്കിലും തെങ്ങില്‍ കെട്ടിയഅറ്റം മുറികിയിട്ടായിരുന്നു. പള്ളിയില്‍ പോകാനുള്ള ധൃതിയില്‍ തൊഴുത്തില്‍ നിന്നു രാവിലെ ഇറക്കി തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയതാണ്. ഇലകണ്ടു കഴുത്തു ബലമായിട്ടൊന്നു നീട്ടിയപ്പോള്‍ കയറികഴിഞ്ഞു. ഓമന തൃപ്തിയാവോളം ഇലയും തൊട്ടടുത്തു കിടന്ന കപ്പത്തൊലിയുമൊക്കെ ഉള്ളിലാക്കി.
പള്ളിയില്‍ നിന്നും മത്തായിയും കുടുംബവും വന്നപ്പോള്‍ കണ്ട കാഴ്ച! ഓമന കൈയും കാലുമിട്ടടിക്കുന്നു. കണ്ണുകള്‍ തുറിച്ചു വെളിയില്‍ വന്നിരിക്കുന്നു. വായില്‍ നിന്നു നുരയും പതയും വരുന്നു.
മത്തായിക്കുട്ടി 'എന്റെ കര്‍ത്താവേ' എന്നു ചങ്കുപൊട്ടി വിളിച്ചു കൊണ്ട് മൃഗഡോക്ടറുടെ അടുത്തേക്കോടി. ഭാര്യ ഏലിയാമ്മച്ചേടത്തിയും മക്കളും പശുവിനു ചുറ്റും നിന്ന് അലറിക്കരയുന്നു. കരച്ചില്‍ കേട്ട് കേശവന്‍ നായരും കുടുംബവും ചുറ്റുവട്ടത്തുള്ളവരും വന്നു അല്പം ദൂരെ മാറി നിന്ന് മൂക്കത്തു വിരല്‍വച്ചും ശ്ലോ കഷ്ടം പറഞ്ഞുമൊക്കെ അവരവരുടെ മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കുന്നുണ്ട്.
ഡോക്ടറെ കണ്ടാല്‍ പോയ മത്തായിക്കുട്ടിയുടെ കഷ്ടകാലം! കടത്തുകടവില്‍ ചെന്നപ്പോള്‍ വള്ളം അക്കരെ. കടത്തുകാരന്‍ കാപ്പിക്കടയില്‍! മത്തായിച്ചേട്ടന്‍ വിളിച്ചുകൂവിയതിന്റെ ഫലമായി കുളിക്കാന്‍ വന്ന ആരോ വള്ളം ഇക്കരെയെത്തിച്ചു. അക്കരെ ചെന്നതും മത്തായിച്ചേട്ടന്റെ കാലില്‍ ചിറകുമുളച്ചതുപോലെയുള്ള പറക്കലായിരുന്നു. നാലുനാഴിക നടന്നാലേ ആശുപത്രിയിലെത്തൂ. ഒരു ഓട്ടോപോലും കിട്ടാത്ത സ്ഥലം! മത്തായിക്കുട്ടി ഓടിപ്പാഞ്ഞ് അവിടെയെത്തിയപ്പോള്‍ കാറിനടിയില്‍പെട്ടു മുറിവേറ്റ ഒരു പട്ടിയുടെ ചികിത്സയിലാണ് ഡോക്ടറദ്ദേഹം. ഏതോ ബഡാ പാര്‍ട്ടിയുടെ അല്‍സേഷനാണ്. തരം കിട്ടയപ്പോള്‍ ഗേറ്റിനുവെളിയിലിറങ്ങി നാടുകാണാനുള്ള പോക്കായിരുന്നു. റോഡുമുറിച്ചു കടന്നപ്പോഴേക്കും പാഞ്ഞു വന്ന കാറിനടിയില്‍പെട്ടു. കാറ് ബ്രേക്കു ചെയ്തപ്പോഴേക്കും നായയേയും കൊണ്ടു കാര്‍ കുറച്ചുദൂരം പോയിരുന്നു. അതും അന്നാരം പുന്നാരമായി വളര്‍ത്തപ്പെടുന്നതാണ്. വന്‍പാര്‍ട്ടിയും പരിചയക്കാരുമാകയാല്‍ ഡോക്ടര്‍ നേരിട്ട് അറ്റന്റു ചെയ്യുകയാണ്.
മത്തായിക്കുട്ടിയുടെ കരച്ചിലും വെപ്രാളവും കണ്ട് ഡോക്ടറുടെ ബൈക്കില്‍ രണ്ടുപേരും തിരിച്ചു. കടത്ത് കടവുവരെയേ ബൈക്കിനു സഞ്ചരിക്കാന്‍ പറ്റൂ. കടത്തുകടന്ന് വീണ്ടും ഒരു കിലോമീറ്ററോളം നടക്കണം, വീടെത്താന്‍. രണ്ടുപേരും എത്തിയപ്പോഴേക്ക് ഓമനകാലുകളെല്ലാം നിവര്‍ത്തി നീണ്ടുനിവര്‍ന്നു കിടക്കുന്നു! ഏലിയാമ്മച്ചേടത്തിയും പിള്ളേരും ഉച്ചത്തില്‍ കരയുന്നു. കാഴ്ചക്കാര്‍ ഒരുപാടുപേരുണ്ട്! കേശവന്‍നായര്‍ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ പശുവിന്റെ അരികില്‍ നിശ്ശബ്ദം ഒരു പ്രതിമപോലെ നില്‍പുണ്ട്. ഓമനയുടെ അകിടില്‍ ചുരത്തിയ പാല്‍ തറയിലൂടെ ഒഴുകുന്നു…
ചാവാലിപ്പശുവല്ല ചത്തത്. ജേഴ്‌സി! ബാങ്കില്‍ നിന്നു ലോണെടുത്തു വാങ്ങിച്ചതാണ്.
കഷ്ടകാലംവരാന്‍ എത്രനേരം വേണം? വിവരമറിഞ്ഞ് പറയക്കുടിലില്‍ നിന്ന് ആളുകളെത്തിയിരുന്നു. ചത്തമൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ അവര്‍ക്കവകാശപ്പെട്ടതാണ്. അങ്ങനെ ഓമന ഓര്‍മമ്മയായി.
അതില്‍പ്പിന്നെ മത്തായിക്കുട്ടിയും കേശവപിള്ളയും തമ്മില്‍ മിണ്ടാട്ടമില്ലാതായി. വഴിയില്‍വച്ചു കണ്ടാലും കാണാത്ത മട്ടില്‍ കടന്നു പോകും. മത്തായിക്കുട്ടിയുടെ ബാങ്കുലോണ്‍ അടയ്ക്കാന്‍ കിടക്കുന്നു! ഉണ്ടായിരുന്ന ഏകവരുമാനം മുട്ടി. ലിസിമോള്‍ പുരനിറത്തു നില്‍ക്കുന്നു. നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല. കേശവപിള്ള ധനസ്ഥിതിയില്‍ തന്നേക്കാള്‍ മുന്‍പന്തിയിലാണ്. അയാള്‍ കപ്പത്തൊലിയും ഇലയും വേലിക്കരികില്‍ ഇട്ടില്ലായിരുന്നെങ്കില്‍ എങ്കില്‍, തന്റെ ശ്രദ്ധക്കുറവുമുണ്ട്. പള്ളിയില്‍ പോകാനുള്ള ധൃതിയില്‍ കയറുമുറുക്കി കെട്ടിയില്ല. എങ്കിലും അപ്പുറത്ത് എല്ലാവരുമുണ്ടായിരുന്നു. ഒന്നു ശ്രദ്ധിക്കാമായിരുന്നു. എന്നാലും തന്നോടീ കൊലച്ചതി വേണ്ടായിരുന്നു. എന്റെ അന്തോണീസു പുണ്യാളാ, വേളാങ്കണ്ണി മാതാവേ, കര്‍ത്താവീശോമിശിഹായേ ഞാനിനി എന്തോ ചെയ്യും? പക്ഷേ, അവരാരും മത്തായിക്കുട്ടിയുടെ വിലാപം ശ്രദ്ധിച്ച മട്ടില്ല. മത്തായിക്കുട്ടിക്കു ഒരെത്തും പിടിയും കിട്ടുന്നില്ല.
വിഷയം ആരോ ഒക്കെ രമേശന്‍ നായരുടെ മുമ്പില്‍ അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു:
'നഷ്ടപരിഹാരത്തിനൊന്നും യാതൊരു പഴുതുമില്ല. കേശവന്‍നായര്‍ എന്തുപിഴച്ചു? അയാള്‍ ഇയാളുടെ പറമ്പിലേക്ക് ഒന്നും ഇട്ടില്ലല്ലൊ. അയാളുടെ പറമ്പില്‍ അയാള്‍ക്ക് ഇഷ്ടം പോലെ പെരുമാറാം.'
'എന്നാലും-'
വാചകം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ മുതലാളി പറഞ്ഞു:
'ഒരെന്നാലുമില്ല. ഇതില്‍ ആര്‍ക്കുമൊന്നും ചെയ്യാന്‍ പറ്റത്തില്ല.'
'ആ പാവത്തിന്റെ കാര്യം കഷ്ടമാണ്' ആരോ ഒരാള്‍ തന്റെ അനുകമ്പ പ്രകടമാക്കി.
നമുക്കെന്തുചെയ്യാന്‍ പറ്റും? ന്യായം, ന്യായംതന്നെ രമേശന്‍നായര്‍ കയ്യൊഴിഞ്ഞു.
കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്നു പറയാറുണ്ടല്ലോ. മത്തായിക്കുട്ടിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ.
ഒരു ദിവസം നേരം വെളുക്കാറായപ്പോള്‍ ഏലിയാമ്മച്ചേടത്തി കരഞ്ഞുകൊണ്ട് ഉറങ്ങിക്കിടന്ന മത്തായിച്ചേട്ടനെ കുലുക്കിയുണര്‍ത്തി പറഞ്ഞു-
'ദേ നമ്മുടെ ലിസിമോളെ കാണുന്നില്ല. നിങ്ങളൊന്നെണീറ്റേ.'
പാതിയുറക്കത്തില്‍ മത്തായിച്ചേട്ടന്‍ പറഞ്ഞു.
'അവളെവിടെപ്പോകാനാ. പറമ്പിലെങ്ങാനും കാണും.'
എന്റെ മനിഷേനെ. ഇവിടെങ്ങും അവളില്ല. ഞാനെല്ലാടോം നോക്കുകേം വിളിക്കുകേം ചെയ്തു.
ഇതിനിടെ കേശവന്‍നായരുടെ വീട്ടിലും മകന്‍ സുരേഷിനെക്കുറിച്ചുള്ള അന്വേഷണമായി. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നവനെ നേരം വെളുത്തപ്പോള്‍ കാണുന്നില്ല. ഇതെന്തു മറിമായം!
ഒരേസമയം രണ്ടുവീട്ടിലേയും മക്കളെ കാണുന്നില്ല. അപ്പോഴാണ് ലിസിമോള്‍ടെ അനിയത്തി പൊടിയമ്മ തന്റെ ചേച്ചിയും അങ്ങേതിലെ സുരേഷും തമ്മില്‍ വേലിക്കല്‍ നിന്ന് കുശുകുശുക്കുന്നതും അപ്പുറവും ഇപ്പുറവും നിന്നു കയ്യും കലാശവുമൊക്കെ കാണിക്കുന്നതും അമ്മയോടു പറയുന്നത്.
നീ ഇപ്പോഴാണോടീ ഇതൊക്കെ പറയുന്നത് എന്തിരവളേ കുരുത്തം കെട്ടവളേ, ദേഷ്യം സഹിക്കാതെ ഏലിയാമ്മചേട്ടത്തി പൊടിയമ്മയ്ക്കിട്ടു രണ്ടു വീക്കുവച്ചു കൊടുത്തു. അവള്‍ ഇറങ്ങി മുറ്റത്തേക്കോടി.
'നീ എന്തിനാടീ അവളെ തല്ലുന്നത്? പെണ്‍മക്കളെ ഉലക്കയ്ക്കടിച്ചു വളര്‍ത്തണം. എല്ലാം നിന്റെ കുറ്റം തന്നെ. മക്കളെ ചൊല്ലും ചോറും കൊടുത്തു വളര്‍ത്തണമെടീ. നാശം പിടിച്ചവളെ…'
ഉറക്കത്തില്‍ നീന്നെണീറ്റിരുന്നു കാര്യത്തിന്റെ കിടപ്പു മനസ്സിലാക്കിവന്ന മത്തായിച്ചേട്ടന്‍ ഇരുന്ന ഇരുപ്പില്‍ നിന്ന് എണീക്കാതെ ഏലിയാമ്മ ചേട്ടത്തിയുടെ നേരെ തട്ടിക്കയറി. ഒളിച്ചോടിപ്പോയവരെ എവിടെവച്ചു പിടികൂടാനാണ്! പശു ചത്തതിന്റെ ആഘാതം മാറും മുമ്പാണഅ ഇടിവെട്ടിയവന്റെ തലയില്‍ പാമ്പുകടിച്ചെന്നു പറയുംപോലെ പാവം മത്തായിച്ചേട്ടന് ഈയൊരു കനത്ത അടികൂടി ഏല്‍ക്കേണ്ടി വന്നത്.
സംഗതി പൂച്ചും പൂച്ചം എല്ലാവരും പറഞ്ഞ് പറഞ്ഞ് നാട്ടില്‍ മുഴുവന്‍ പാട്ടായി. ഗ്രാമപ്രദേശത്ത് ഇതൊരു വാര്‍ത്താ പ്രാധാന്യമുള്ള സംഗതിയാണല്ലൊ. ആരാന്റെ അമ്മയ്ക്കു ഭ്രാന്തുപിടിച്ചാല്‍ കാണാനെന്തുരസം!
സംഗതി രമേശന്‍ മുതലാളിയുടെ കോര്‍ട്ടിലെത്തി.
മുതലാളി പറഞ്ഞു:
എടോ മത്തായി, പശു ചത്ത നഷ്ടം തനിക്കു നികന്നു കിട്ടിയില്ലേ? കാര്യം കാശുചെലവില്ലാതെ തനിക്കു മോളെ ഒരുത്തന്റെ കൂടെ ഇറക്കിവിടാന്‍ പറ്റിയില്ലേ? അതും ഒന്നാന്തരം ഒരു നായരുകുട്ടിയുടെ കൂടെ. ഇതില്‍ക്കൂടുതല്‍ എന്താ തനിക്കു വേണ്ടത്?
മുതലാളി ജീവച്ഛവം പോലെ നിന്ന കേശവന്‍നായരെ നോക്കി പറഞ്ഞു:
എന്റെ പിള്ളേച്ചാ. കാലം മാറിപ്പോയി. ഇപ്പോ ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെടോ. മനസ്സു തമ്മിലുള്ള പൊരുത്തമാണെടോ വല്യപൊരുത്തം. രണ്ടുപേരുംകൂടി കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ഇവിടെത്തന്നെ വരും ഭൂമി ഇരുണ്ടതല്ല്യോ. വരുമ്പോ നമുക്കു കല്യാണമങ്ങു നടത്താം. പണ്ടേ നിങ്ങളു വീട്ടുകാരുതമ്മില്‍ കരളും കരളുമല്ല്യോ. ഇപ്പോ ബന്ധം ഒന്നുകൂടി മുറുകി, അല്ലാതെന്താ?
പിള്ളേച്ചനും മത്തായിച്ചനും ഉത്തരമില്ലായിരുന്നു. നിഷ്പന്ദമായ കണ്ണുകളും ശ്വാസഗതിയറ്റ ശരീരവുമായി അവരിരുവരും കുറച്ചു നേരം കൂടി അവിടെ നിന്നു. പിന്നീട് രണ്ടുപേരും തലയും താഴ്ത്തി മുമ്പിലും പിറകിലുമായി നടന്നു. അവര്‍ക്കിടയില്‍ വാചാലമായ മൗനം സ്ഥാനം പിടിച്ചു. മൗനത്തിന്റെ വാല്മീകത്തിലേക്ക് ഉള്‍വലിഞ്ഞ ഇരുവരേയും വിധികേള്‍ക്കാനെത്തിയ ജനം സമ്മിക്ര വികാരങ്ങളോടെ നോക്കിനിന്നു.
ഒരു കുട്ടി പിറക്കുമ്പോള്‍ അവരുടെ പിണക്കമൊക്കെ തീരും- ഒരനുഭവസ്ഥന്റെ സാക്ഷിപത്രം!