അദ്ധ്യായം-13
ഡിസംബറിനെ കുളിരണിയിച്ച മഞ്ഞുകാലം വസന്തകാലത്തിന് വഴി മാറി.
എക്കാലത്തെയും പോലെ മാഞ്ചസ്റ്റര്‍ വീണ്ടും മഞ്ഞിന്റെ പാളികളെ തട്ടിമാറ്റി വസന്തത്തില്‍ ആടി തിമര്‍ത്തു.
എങ്ങും പാട്ടും നൃത്തവും കൊണ്ട് ജീവിതത്തെ ആഘോഷമാക്കി ആളുകള്‍ തെരുവോരങ്ങളില്‍ ചമയമുഖരിതമാക്കി.
മാഞ്ചസ്റ്ററിന് മഞ്ഞ് കാലത്തിലും വസന്തകാലത്തിലും രണ്ട് ഭാവമാണെന്ന് ടോണിക്ക് തോന്നി. പക്ഷേ തനിക്കി രണ്ട് ഭാവങ്ങളോടും ഒരു പോലെ പ്രണയമാണ്.
മൊബൈല്‍ ബെല്ലടിക്കുന്നത് കണ്ട് ടോണി എടുത്തു നോക്കി.
“ഹലോ റൊസാരിയോ”
“നീ ജോലി കഴിഞ്ഞ് ഇറങ്ങിയില്ലേ”
“ഉം ഞാന്‍ പിക്കാഡലിയിലെത്തി”
“ഞാന്‍ ഇവിടെ ചൈനാ ടൗണിലെ നമ്മുടെ സ്ഥിരം പവ്വിലുണ്ട്. നീ നേരെയിങ്ങോട്ടു പോരെ.
നമുക്കിന്നത്തെ രാത്രി ഇവിടെ വെളുപ്പിക്കാം”
“ഞാന്‍ വന്നേക്കാം”
ടോണി പിക്കാഡലി ഗാര്‍ഡനിലെ ഇടവഴിലേക്ക് കയറിയപ്പോള്‍ മുന്നിലെ സ്‌പ്രേ വാട്ടറില്‍ ബിക്കിനിയിട്ട് ആര്‍ത്തുല്ലസിക്കുന്ന മദാമ്മമാരെ കണ്ട് അല്പനേരം നോക്കി നിന്നു. ശരീരത്തില്‍ ഒട്ടിപിടിച്ച ബിക്കിനിയിട്ട് വെളളത്തില്‍ ഇങ്ങനെ ചാടി മറയുന്ന സുന്ദരികളെ ഒരു തീക്ഷണമായ കണ്ണും പിന്‍തുടരുന്നില്ല എന്നത് അതിശയം തന്നെ. നാട്ടില്‍ ആണെങ്കില്‍ ഇത് കാണാന്‍ പുരുഷാരം ഉണ്ടാവും.
പിന്നെ ഇവിടെ വല്ല ഒറ്റപെട്ട കണ്ണുകളും ഇമവെട്ടാതെ എറിയുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായിട്ടും ലൈംഗികതയ്ക്കും, വസ്ത്രധാരണത്തിനും കൂച്ചുവിലങ്ങിട്ട ഏതെങ്കിലും സദാചാരക്കാരന്റെതായിരിക്കും.
“ടോണി”
ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ റോസ് മേരി തൊട്ടടുത്ത് നില്‍ക്കുന്നു.
“ആ ചേച്ചിയോ”
“നിന്റെ ഒരു വിവരവും ഇല്ലല്ലോ. നീ എവിടെയാ”
“ഞാന്‍ ഇവിടെ ഒരു കമ്പനിയിലാ ഇപ്പോള്‍ ജോലി ചെയ്യുന്നത്.”
“ചേച്ചിയെന്താ ഇവിടെ”
“ഞങ്ങള്‍ ഇവിടെ, എന്‌റെ ഒരു കസിന്റെ വീട്ടില്‍ വന്നതാ. വന്നിട്ടിപ്പോള്‍ രണ്ട് ദിവസമായി ഇന്നു തിരിച്ചു പോകും. നീ എന്താ പിന്നെയെന്നെ വിളിക്കുകയൊന്നും ചെയ്യാതിരുന്നത്.”
“എന്റെ പഴയ മൊബൈല്‍ ഞാന്‍ വിറ്റു. അതു കൊണ്ട് അതിലുളള കുറേ നമ്പര്‍ എനിക്ക് മിസ്സായി. അതാ നിങ്ങളാരെയും ഞാന്‍ വിളിക്കാതിരുന്നത്.”
“എമിലിയിപ്പോള്‍ വിളിക്കാറില്ലേ?”
“അവള്‍ വിളിച്ചിട്ട് കുറേയായി”
അവിടേക്ക് റഫീക്ക് ആല്‍ബിനേയും അലീനയേയും കൂട്ടി വരുന്നത് കണ്ട് ടോണി ആശ്ചര്യത്തോടെ ചോദിച്ചു:
“റഫീക്കുമുണ്ടായിരുന്നോ കൂടെ”
“ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചാണ് താമസിക്കുന്നത്. ഞാന്‍ ജോസുമായിട്ട് ബന്ധം വേര്‍ പിരിഞ്ഞു. അയാളെ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. ഇനിയും എനിക്ക് കഴിയില്ലാന്ന് തോന്നിയപ്പോള്‍ വേര്‍ പിരിഞ്ഞു. അല്ലെങ്കില്‍ തന്നെ ഒരിക്കലും ഒത്തുപോകാന്‍ കഴിയില്ലാന്ന് ബോധ്യമായവര്‍ പിന്നെ ഒരുമിച്ചു ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉളളത്. അയാള്‍ക്ക് ആവശ്യം മദ്യവും,സെക്‌സും മാത്രമാണ്. സ്‌നേഹവും, ബഹുമാനവും, സഹാനുഭൂതിയുമൊക്കെ അയാളുടെ നിഘണ്ടുവിലേയില്ല. ഞാനും കുട്ടികളും ഇപ്പോള്‍ വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. ഒരിക്കല്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി പോയ സ്‌നേഹവും, സന്തോഷവും, സമാധാനവുമൊക്കെ ഞാന്‍ ഇപ്പോള്‍ വീണ്ടും അനുഭവിക്കുകയാണ്.”
അവളുടെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് കണ്ട് റഫീക്ക് അവളുടെ തോളില്‍ തട്ടിയിട്ട് പറഞ്ഞു:
“ഇറ്റ്‌സ് ഓക്കെ”
“നന്നായി ചേച്ചി കാലം നിങ്ങളെ വീണ്ടും ഒന്നിപ്പിച്ചത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം”
അവള്‍ തൂവാലകൊണ്ട് കണ്ണുകള്‍ തുടച്ച് മുഖം പ്രസന്നമാക്കിയിട്ട് പറഞ്ഞു:
“ ഞങ്ങള്‍ വിവാഹം ഒന്നും കഴിച്ചിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ട് അതു നടക്കാതെ പോയി. ഇപ്പോള്‍ എനിക്ക് വിവാഹം എന്ന സങ്കല്‍പ്പത്തോട് തന്നെ വെറുപ്പാണ്. ഒരാള്‍ മറ്റൊരാളെ ചൂഷണം ചെയ്യാനുളള ലൈസന്‍സായി വിവാഹം മാറി കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ പരസ്പരം സ്‌നേഹിക്കുന്നവര്‍ തമ്മില്‍ ഒരുമിച്ചു ജീവിക്കുന്നതിന് എന്തിനാണ് വിവാഹം കഴിക്കണമെന്ന നിര്‍ബന്ധം”
“ശരിയാണ്. വിവാഹം ഒരു നിയമ കുരുക്ക് മാത്രമാണ്.”
റഫീക്കിന്റെ തോളില്‍ കയറി ഇരിക്കുന്ന അലീലനയുടെ കൈ പിടിച്ച് കുലുക്കിയിട്ട് ടോണി ചോദിച്ചു:
“മോള്‍ക്ക് ഓര്‍മ്മയുണ്ടോ അങ്കിളിനെ” അവള്‍ നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ട് റഫീക്കിന്റെ തലയില്‍ വട്ടം പിടിച്ച് കണ്ണുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ റഫീക്ക് പറഞ്ഞു:
“അവള്‍ക്ക് ആരെയെങ്കിലും കണ്ടാല്‍ പിന്നെ ഭയങ്കര നാണമാ”
“റഫീക്കെ, നമുക്ക് പോകാന്‍ സമയമായി കേട്ടോ, ഇനിയും വൈകിയാല്‍ ട്രെയിന്‍ മിസ്സാകും”
അവര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ റോസ് മേരി പറഞ്ഞു:
നീ വിളിക്കാന്‍ മറക്കരുത്. ഒരു ദിവസം നീ വീട്ടിലേക്ക് വരണം.
“ഉം”
അവര്‍ നടന്ന് ആള്‍ക്കൂട്ടത്തില്‍ മറയുന്നതും നോക്കി ടോണി നിന്നു. റൊസാരിയോ മദ്യത്തിന്റെ ചെറിയ ആലസ്യത്തില്‍ ടോണിയുടെ തോളില്‍ പിടിച്ച് ഫുഡ്പാത്ത് സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ അങ്ങനെ നടന്നു.
“നിങ്ങള്‍ എന്തായാലും ആ ചൈനക്കാരനെ ചീത്ത വിളിക്കണ്ടായിരുന്നു”
“അവനോട് പോകാന്‍ പറ. ഞാന്‍ മനഃപൂര്‍വ്വം ചീത്ത വിളിച്ചതാ. കുറേ നാള്‍ അവനെന്റെ കയ്യിലെ കാശ് കൊണ്ട് തിന്ന് കൊഴുത്തതാ. എന്നിട്ടിപ്പോള്‍ കയ്യില്‍ കാശ് വന്നപ്പോള്‍ എന്നോട് പുച്ഛം.
നന്ദിയില്ലാത്ത തെണ്ടി…”
റൊസാരിയോ കലിതുളളി റോഡില്‍ കാര്‍ക്കിച്ചു തുപ്പിയിട്ട് വീണ്ടും കുറേ പുലഭ്യം പറഞ്ഞു.
“പോട്ടെ റൊസാരിയോ വാ മതി”
“ടോണി എനിക്കൊരു ലാര്‍ജ്കൂടെ അടിക്കണം. എന്നാലെ എനിക്കിന്ന് ഉറങ്ങാന്‍ കഴിയൂ”
“വേണ്ട മതി. ഇപ്പോള്‍ തന്നെ നിങ്ങള്‍ നല്ല പൂസാ”
ടോണി പറയുന്നതു ശ്രദ്ധിക്കാതെ അയാള്‍ തൊട്ടടുത്ത ബാറിലേക്ക് കയറിചെന്ന് ഒരു ലാര്‍ജ്ജുകൂടി അടിച്ചിട്ട് പറഞ്ഞു:
“തീ തുപ്പുന്ന തോക്കിന്‍ കുഴലിനു മുമ്പില്‍ ഞാന്‍ ചങ്കുറപ്പോടെ നില്‍ക്കും. പക്ഷേ സ്‌നേഹ നിഷേധം എന്നെ തളര്‍ത്തി കളയും”
അജ്ഞാതമായ ഏതോ ഉള്‍വനത്തില്‍ ഒറ്റപ്പെടാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യ ജീവിയുടെ രോദനം ആ ഹൃദയത്തില്‍ നിന്ന് ഒഴുകി വരുന്നത് ടോണി അറിഞ്ഞു.
അയാള്‍ പോക്കറ്റില്‍ നിന്ന് ചുരുട്ട് കത്തിക്കാന്‍ കഴിയാതെ കൈ വിറയ്ക്കുന്നത് കണ്ട് ടോണി ലൈറ്റര്‍ മേടിച്ച് കത്തിച്ച് കൊടുത്തു. ചുരുട്ടിന്റെ പുക ഉളളില്‍ ചെന്നപ്പോള്‍ ജീവിതം വീണ്ടെടുത്തവന്റെ ഉന്മേഷം ടോണി ആ മുഖത്ത് കണ്ടു.
“മതി ഇനി നമുക്ക് പോകാം”
കുഴഞ്ഞ കാലുകളുമായി റൊസാരിയോ ടോണിയുടെ തോളില്‍ വട്ടം പിടിച്ചു. അത്ര വലിയ മനുഷ്യന്റെ ഭാരം താങ്ങാനാവാതെ ടോണി ഒരു വശത്തേക്ക് ചെരിഞ്ഞ് മസില് പിടിച്ച് നടന്നു. ഇപ്പോള്‍ പെട്ടന്ന് ഓര്‍മ്മ വരുന്നത് പണ്ട് താന്‍ എമിലിയുമായി ഇങ്ങനെ നടന്ന രാത്രികളാണ്. മദ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ടു പേരും തുല്യര്‍ തന്നെ. കുടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഉളളതു മുഴുവന്‍ വലിച്ചു കേറ്റണം. എന്നിട്ട് ലക്കും ലഗാനുമില്ലാതെ സംസാരവും പ്രവര്‍ത്തിയും.
ഫോക്ലാക് സ്ട്രീറ്റിലേക്ക് കയറിയപ്പോള്‍ റൊസാരിയോ കിതച്ചു കൊണ്ട് ഫുട്പാത്തിലെ അര മതിലേക്ക് ചാഞ്ഞു കിടന്നിട്ട് പറഞ്ഞു:
“നീ പൊയ്‌ക്കോ ഞാനിവിടെ കിടന്നിട്ട് നാളെ വന്നേക്കാം. ഇതെനിക്ക് ശീലമാ.”
“ഈ ഫുട്പാത്തിലോ. അത് വേണ്ടാ നമ്മുടെ വീടെത്തി. ഇനി ഇവിടുന്ന് മൂന്നാമത്തെ വീടാ പ്ലീസ് എണീക്ക്.”
ടോണിയുടെ സ്‌നേഹത്തിനു മുമ്പില്‍ അയാള്‍ മനസ്സില്ലാ മനസ്സോടെ കീഴടങ്ങി. അവന്റെ തോളില്‍ പിടിച്ച് ഏന്തി വലിഞ്ഞ് വീട്ടിലെ സോഫയിലേക്ക് ചെന്ന് വീണു.
ടോണി അയാളുടെ തൊപ്പിയും, ഷൂസുമൂരിയിട്ട് ടേബിളിരുന്ന ജഗ്ഗില്‍ നിന്ന് കുറേ വെളളം കുടിച്ച് തളര്‍ന്നവശനായി തൊട്ടടുത്ത സോഫയിലേക്ക് വീണു.
മൊബൈല്‍ നിറുത്താതെ പോക്കറ്റില്‍ നിന്ന് ബെല്ലടിക്കുന്നത് കേട്ടാണ് ടോണി രാവിലെ ഉണര്‍ന്നത്. നോക്കുമ്പോള്‍ നാട്ടിലെ ചേട്ടന്‍ കുറേ തവണ വിളിച്ചിരിക്കുന്നു.
എന്തെങ്കിലും ആശ്യം ഉണ്ടാകും. അല്ലെങ്കില്‍ ഇങ്ങനെ വിളിക്കില്ല.
വീണ്ടും ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ടോണി കോള്‍ എടുത്തു.
“ഹലോ ടോണി, ചാച്ചന്‍ സുഖമില്ലാതെ ആശുപത്രയില്‍ വെന്റിലേറ്ററിലാ ഉളളത്. ന്യൂമോണിയ മൂര്‍ച്ചിച്ച് ശ്വാസകോശത്തില്‍ അണുബാധയായി. ഞങ്ങള്‍ രണ്ടു ദിവസമായി വിളിക്കുന്നു. പക്ഷേ വിളിക്കുമ്പോഴൊക്കെ വോയ്‌സ് മെയിലിലാ പോകുന്നത്.”
“എന്നിട്ടിപ്പോള്‍ എങ്ങനെയുണ്ട്.”
“ഒന്നും പറയാറായിട്ടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്.”
“ഏത് ആശുപത്രിയിലാ”
“തലശ്ശേരി സഹരണ ആശുപത്രയില്‍”
“ഞാന്‍ എന്നാല്‍ ഉടനെ നാട്ടിലേക്ക് വരാം.”
ടോണി കോള്‍ കട്ട് ചെയ്തിട്ട് റൊസാരിയോയെ കുലുക്കി വിളിച്ചു. മൂളുന്നതല്ലാതെ കണ്ണുകള്‍ തുറക്കാനുളള യാതൊരു ഭാവവും കാണുന്നില്ല. ടോണി വേഗം ട്രാവല്‍ ഏജന്‍സിയെ വിളിച്ച് നാട്ടിലേക്കുളള ടിക്കറ്റ് ബുക്ക് ചെയ്തിട്ട് മുകളിലത്തെ മുറയിലേക്ക് ചെന്ന് കൊണ്ടു പോകാനുളള സാധനങ്ങള്‍ റെഡിയാക്കി.
“ടോണി”
അവന്‍ സ്റ്റെയര്‍ കേസിലേക്ക് ഇറങ്ങി വന്നപ്പോള്‍ റൊസാരിയോ ചോദിച്ചു:
“നീ എന്തിനാ എന്നെ വിളിച്ചത്.”
ടോണി കാര്യം പറഞ്ഞപ്പോള്‍ എല്ലാം കേട്ട് അല്പനേരം നിശബ്ദനായി ഇരുന്നിട്ട് റൊസാരിയോ പറഞ്ഞു:
“വീണ്ടും ഞാന്‍ തനിച്ചായി. ചാച്ചന്റെ അസുഖം മാറി കഴിഞ്ഞാല്‍ നീ ഉടനെ വരണം”
“ഞാന്‍ വരാം”
ടോണി ബാഗെടുത്ത് പോകാന്‍ ഇറങ്ങിയപ്പോള്‍ റൊസാരിയോ പറഞ്ഞു:
“നീ നില്‍ക്ക് ”
അയാള്‍ മുറിയില്‍ പോയി കയ്യില്‍ കുറെ മുഷിഞ്ഞ നോട്ടുകളുമായി വന്ന് ടോണിയുടെ ജാക്കറ്റിന്റെ പോക്കറ്റില്‍ വച്ച് പറഞ്ഞു:
“ഇത് കയ്യില്‍ വച്ചോ. കൂടെ ഞാനും വരണോ എയര്‍പോര്‍ട്ട് വരെ”
“വേണ്ടാ ഞാന്‍ തനിച്ച് പൊയ്‌ക്കോളാം”
ടോണി കാറില്‍ കയറിയപ്പോള്‍ റൊസാരിയോ പറഞ്ഞു:
ചെന്നിട്ട് വിളിക്കാന്‍ മറക്കരുത്.
“ഉം”
കാര്‍ പതിയെ ട്രാഫിക്കില്‍ നിന്ന് മറയുന്നതും നോക്കി വിഷാദത്തോടെ അയാള്‍ നിന്നു. ടോണി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ചാച്ചനെ വെന്റിലേറ്ററില്‍ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
ടോണിയെ കണ്ട് ചേട്ടന്‍ ചോദിച്ചു:
“നിന്റെ യാത്രയൊക്കെ സുഖമായിരുന്നോ.”
“ഉം”
“ഇപ്പോള്‍ ചെറിയ കുറവുണ്ട്. പേടിക്കാനൊന്നുമില്ലാന്നാ ഡോക്ടര്‍ അല്പം മുമ്പ് കണ്ടപ്പോള്‍ പറഞ്ഞത്.”
ഐ.സി.യു.വിലേക്ക് എത്തി നോക്കിയപ്പോള്‍ അമ്മയെ കാണാഞ്ഞ് ടോണി ചോദിച്ചു:
“അമ്മയില്ലെവിടെ”
“അമ്മ ഇന്നലെ വീട്ടില്‍ പോയി. ഇന്ന് വൈകിട്ട് ചേട്ടന്റെയൊപ്പം വരും.”
ഐ.സി.യു.വില്‍ കയറാന്‍ അനുമതി കൊടുത്തപ്പോള്‍ ടോണി ചാച്ചന്റെയടുത്തേക്ക് ചെന്നു.
ടോണിയെ കണ്ട് ആശ്ചര്യത്തോടെ മുഖത്തെ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയിട്ട് താഴ്ന്ന ശബ്ദത്തില്‍ ചാച്ചന്‍ ചോദിച്ചു:
“നീ എപ്പോഴാ വന്നത്.”
“ഞാന്‍ ഇപ്പം വന്നതേയുളളൂ”
“നിനക്ക് സുഖമല്ലേ?”
“ഉം”
രോഗവും മരുന്നും ഏല്‍പ്പിച്ച ക്ഷീണം ശരീരത്ത് നിഴലിച്ച് നില്‍ക്കുന്നു. ഊര്‍ജമില്ലാത്ത ആ നോട്ടത്തില്‍ നിന്ന് തന്നെ മനസ്സിന്റേയും, ശരീരത്തിന്റെയും ക്ഷീണം വ്യക്തം.
“എനിക്കെപ്പഴാ ഹോസ്പിറ്റലില്‍ നിന്ന് പോകാന്‍ പറ്റുക. എനിക്കിവിടം മടുത്തു.”
“ഉടനെ പോകാം. അസുഖം നന്നായിട്ട് ഭേദമാവട്ടെ.”
ടോണി ചാച്ചനെ സമാധാനിപ്പിച്ചിട്ട് ഓക്‌സിജന്‍ മാസ്‌ക് എടുത്ത് മുഖത്തോട് ചേര്‍ത്ത് വച്ചു.
“ഞാന്‍ പുറത്തു നില്‍ക്കാം”
ചാച്ചന്‍ ശരിയെന്നു തലയാട്ടിയിട്ട് അവന്‍ ഇറങ്ങി പോകുന്നതും നോക്കി കിടന്നു.
“നീ എന്തെങ്കിലും കഴിച്ചതാണോ”
“ഇല്ല ഞാന്‍ പുറത്ത് പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. ചേട്ടന്‍ വരുന്നോ”
“ഇല്ല ഞാനിപ്പം കഴിച്ചതേളളൂ.”
ടോണി ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങി ധര്‍മ്മടത്തേക്കുളള ബസ് കാത്ത് നിന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് പഠനം ഉപേക്ഷിച്ച് ഒരു രാത്രി ബാംഗ്ലൂരിലേക്ക് നേഴ്‌സിംഗ് പഠിക്കാന്‍ വേണ്ടി വണ്ടി കയറിയതാണ്. അതിനുശേഷം ഇപ്പോള്‍ ആദ്യമായിട്ടാണ് ധര്‍മ്മടത്തേക്ക് പോകുന്നത്.
കോളേജിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നില്‍ക്കുമ്പോഴാണ് ഒരു ദിവസത്തെ തീരുമാനം കൊണ്ട് ബാംഗ്ലൂരിലേക്ക് ഒരു പറിച്ച് നടല്‍. അത് എന്ത് കൊണ്ടെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഒരു ഉത്തരമില്ല. അങ്ങനെ തോന്നി, അത്ര തന്നെ.
എന്തായാലും ഒരു കാര്യം ഉറപ്പാണ്, താനെന്നും എവിടെ ആയിരുന്നാലും മനുഷ്യത്വത്തോട് ചേര്‍ന്ന് മാത്രമേ നിന്നിട്ടുളളൂ. അതിനെ വേണമെങ്കില്‍ ഇടതുപക്ഷമെന്നോ, മനുഷ്യപക്ഷമെന്നോ എന്ത് വേണമെങ്കിലും വിളിക്കാം.
ധര്‍മ്മടത്ത് തനിക്ക് കുറേ ഏറേ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അതിലാദ്യം ഓര്‍മ്മ വരുന്ന മുഖങ്ങള്‍ തന്നെ ആദ്യമായി പ്രണയത്തിന്റെ ചൂടറിയിച്ച ലതയുടെയും പിന്നെ കോളേജിനു മുമ്പില്‍ ചായക്കട നടത്തിയ രാഘവേട്ടന്റെയുമാണ്.
കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ രാഘവേട്ടന്റെ കടയിലെ സ്ഥിരം പറ്റുകാരനായിരുന്നു. രാഘവേട്ടന് തന്നോടെന്തോ ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. പലപ്പോഴും പറ്റ് കുന്ന്കൂടുമ്പോള്‍ തന്റെ കയ്യില്‍ പണം ഇല്ലെന്നറിഞ്ഞ് രാഘവേട്ടന്‍ കടം എഴുതി തളളാറാണ് പതിവ്. എങ്കിലും പണം ഇല്ലാത്തതിന്റെ പേരില്‍ രാഘവേട്ടന്‍ ഒരിക്കല്‍ പോലും ഭക്ഷണം തരാതിരുന്നിട്ടില്ല.
പിന്നീട് ബ്രണ്ണന്‍ കോളേജ് ഉപേക്ഷിച്ച് പോയപ്പോഴും രാഘവേട്ടന്റെ കടം ബാക്കി വച്ചിട്ടാണ് പോയത്.
തീര്‍ച്ചയായും ഇന്ന് രാഘവേട്ടനെ കണ്ടാല്‍ പഴയ പറ്റ് പലിശ സഹിതം വീട്ടണം. ടോണി ധര്‍മ്മടത്ത് ബസിറങ്ങി നോക്കിയപ്പോള്‍ പഴയ രാഘവേട്ടന്‍ന്റെ മേശയും, ബഞ്ചുമിട്ട സ്ഥാനത്ത് അതെ പേരില്‍ പുതിയ രൂപത്തിലും, ഭാവത്തിലും പുതിയ ഹോട്ടല്‍ ഉയര്‍ന്നു നില്‍ക്കുന്നു.
അവന്‍ രാഘവേട്ടന്റെ ഹോട്ടല്‍ തന്നെയാണോ എന്ന് സംശയിച്ച് കയറിയപ്പോള്‍ ഇതാ മുമ്പിലെ ഭിത്തിയില്‍ തന്നെ കത്തി നില്‍ക്കുന്ന ചുവന്ന ബള്‍ബിന് മുകളില്‍ ചില്ലിട്ട് മാല ചാര്‍ത്തിയ രാഘവേട്ടന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ.
തന്റെ പറ്റ് തീര്‍ക്കാന്‍ കാത്ത് നില്‍ക്കാതെ രാഘവേട്ടന്‍ മടങ്ങി.
ടോണി രാഘവേട്ടന്റെ മുഖത്തേക്ക് തുറിച്ച് നോക്കി നിന്നു.
കല്ലുമെക്കാ പൊരിച്ചതും, ഞണ്ടുകറിയും കൂട്ടി ചോറുണ്ണുമ്പോഴും ടോണിയുടെ കണ്ണ് രാഘവേട്ടന്റെ ഫോട്ടോയില്‍ ഉടക്കി നിന്നു.
“നീ അവസാനം എന്നെ കാണാന്‍ വന്നല്ലോ. എനിക്കതു മതി”
“ഒന്നും മനഃപൂര്‍വ്വം ആയിരുന്നില്ല. ജീവിതത്തിന്റെ കുത്തൊഴുക്കില്‍ അങ്ങനെ നിലം തൊടാതെയുളള പ്രയാണമായിരുന്നു.”
രാഘവേട്ടനോട് മുഖസാദൃശ്യം തോനുന്ന ബില്‍മേശക്കരികില്‍ ഇരിക്കുന്ന ആളോട് ടോണി ചോദിച്ചു:
“രാഘവേട്ടന്റെ മകന്‍ ആണോ”
“ഉം”
ടോണി പോക്കറ്റില്‍ നിന്ന് ആയിരത്തിന്റെ ഏതാനും നോട്ടുകള്‍ എടുത്ത് നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു:
“നൂറു രൂപയേ ആയിട്ടുളളൂ”
“ആയിക്കോട്ടെ ബാക്കി കൈയ്യില്‍ വച്ചോ. ഇത് ഞാന്‍ തരാനുളള പണമാണെന്ന് കൂട്ടിയാന്‍ മതി.”
ടോണി പണം അയാളുടെ കൈയ്യില്‍ കൊടുത്തിട്ട് ഇറങ്ങി പോയി.
അയാള്‍ ഒന്നും മനസ്സിലാകാതെ സ്തംഭനായി അവനെ നോക്കി നിന്നു.
ബ്രണ്ണന്‍ കോളേജിന്റെ കവാടത്തിന് മുമ്പില്‍ എത്തിയപ്പോള്‍ താന്‍ പഴയ ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ച് എത്തിയതുപോലെ ടോണിക്ക് തോന്നി.
ജാതി, മത ഭേതമന്യേ എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശത്തോടെ വിദ്യാഭ്യാസം കൊടുക്കണമെന്ന കവാടത്തിന് മുമ്പില്‍ ആലേഖനം ചെയ്ത എഡ്വേര്‍ഡ് ബ്രണ്ണന്‍ സായിപ്പിന്റെ വാക്കുകളിലേക്ക് നോക്കി.
താന്‍ അദ്യമായി ഈ വിദ്യാലയത്തിലേക്ക് വന്നപ്പോള്‍ വായിച്ച വാചകമാണ്. പിന്നീട് കോളേജ് ഉണ്ടായതിന് പിന്നിലെ ചരിത്രം കേട്ടപ്പോള്‍ അത്ഭുതം തോന്നി.
ഒന്നര പതിറ്റാണ്ടിനപ്പുറം തലശ്ശരിക്കടുത്ത് ഒരു കപ്പല്‍ ഛേദത്തില്‍പ്പെട്ട് തലശ്ശേരിയിലേക്ക് നീന്തി കയറിയ ബ്രണ്ണന്‍ സായിപ്പ് നല്‍കിയ പണം കൊണ്ട് തുടങ്ങിയതാണ് ഈ സ്ഥാപനം.
അഴകു വിരിച്ച പൂമരങ്ങള്‍ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞ കെട്ടിടങ്ങളിലേക്ക് നോക്കുമ്പോള്‍ ആദ്യം മനസ്സ് പായുന്നത് ലതയുടെ കെമിസ്ട്ര ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്.
തന്റെ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് താന്‍ തിരിഞ്ഞു നോക്കാറില്ലെങ്കിലും തിരക്കു പിടിച്ച ക്യാംപസ് രാഷ്ട്രീയത്തിനിടയില്‍ സമയം കിട്ടിയാല്‍ ആദ്യം പായുന്നത് കെമിസ്ടി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്.
സ്വതവേ നാണം കുണുങ്ങിയായതിനാല്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പൂമരത്തിന്റെ സ്റ്റോണ്‍ ബെഞ്ചലേക്ക് താന്‍ അവളെ കൂട്ടിക്കൊണ്ടു വരണം.
പൂമരത്തില്‍ കാറ്റ് വീശി. കുറേ മഞ്ഞ പൂക്കള്‍ അടര്‍ന്ന് വീണു.
ടോണി അതിലൊന്നു എടുത്ത് മണത്തു. പൂവിന് പഴയ ഓര്‍മ്മകളുടെ ഗന്ധം.
“ലതെ ഞാന്‍ ഈ പൂവ് നിന്റെ മുടിയില്‍ കുത്തിതരട്ടെ?”
“ഇവിടെ വച്ചോ എല്ലാവരും കാണും.”
ലത സ്വതസിദ്ധമായ നാണം പുറത്തെടുത്തു.
വീണ്ടും ഓര്‍മ്മകള്‍ക്കും പുതിയ കാലത്തിലും ഇടയില്‍ ഒരു കാറ്റ് ആഞ്ഞ് വീശി.
തങ്ങള്‍ സ്ഥിരം ഇരിക്കാറുണ്ടായിരുന്ന മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് മുമ്പിലെ പൂമരചുവട്ടിലെ ബെഞ്ചില്‍ നോക്കിയപ്പോള്‍ പുതിയ ഏതോ രണ്ട് പേര്‍ പ്രണയിക്കുന്നു.
ഇന്ന് അവധി ദിവസമായിട്ടു പോലും പ്രണയത്തിന് അവധികൊടുക്കാതെയുളള ഇവരുടെ ആവേശം കാണുമ്പോള്‍ തനിക്ക് വീണ്ടും ആപഴയ ക്യാപസ് പ്രണയത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു.
ഇതൊരു തുടര്‍ച്ചയാണ്. ഇനി ഇവരും ഒരിക്കല്‍ പിന്‍വാങ്ങും. പുതിയ തലമുറ വരും. അവരും ഇവിടെ ഇരുന്ന് പ്രണയിക്കും. എല്ലാത്തിനും മൂക സാക്ഷിയായി ഈ മഞ്ഞകെട്ടിടങ്ങളും പൂമരങ്ങളും.
തങ്ങള്‍ രണ്ടുപേരും വിവാഹം കഴിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷേ ആഗ്രഹം യാഥാര്‍ഥ്യത്തിന് മുമ്പില്‍ തകര്‍ന്നടിഞ്ഞു പോയി.
രണ്ടാം വര്‍ഷ ഡിഗ്രി അവസാനമായപ്പോഴേക്കും ലതയ്ക്ക് വീട്ടില്‍ നിരവധി ആലോചനകള്‍ വന്നുകൊണ്ടിരുന്നു. അവസാനം വന്ന നല്ലയൊരു ആലോചന വീട്ടുകാര്‍ ഉറപ്പിച്ചു. വിവാഹത്തിന് ഏതാനും ദിവസം മുമ്പ് തന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചുറച്ച് അവളുടെ കൂട്ടുകാരിയേയും കൂട്ടി തന്നെ ഹോസ്റ്റലില്‍ അന്വേഷിച്ചു വന്നു.
പക്ഷേ വിവാഹ പ്രായം പോലുമാകാതെ, യാതൊരു വരുമാനം പോലുമില്ലാത്ത തനിക്ക് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ഒരു ഓട്ടോറിക്ഷയില്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കി, നല്ലൊരു വിവാഹ ജീവിതം ആശംസിക്കാന്‍ മാത്രമേ തനിക്കന്ന് കഴിഞ്ഞുളളൂ.
വിവാഹത്തിനു ശേഷം അവള്‍ പിന്നെ ഒരിക്കലും കോളേജില്‍ വന്നിട്ടില്ല. വിവാഹജീവിതത്തിന് യാതൊരു പാകപിഴയും ഉണ്ടാകാതിരിക്കാന്‍ താനൊരിക്കലും അവളെക്കുറിച്ച് അന്വേഷിച്ചതുമില്ല.
പിരിയന്‍ ഗോവണി കയറി നീണ്ട കോറിഡോറിലൂടെ നടന്ന് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് മുമ്പിലെ തന്റെ പഴയ ക്ലാസ് മുറിക്ക് മുമ്പില്‍ നിന്നപ്പോള്‍ രാമകൃഷ്ന്‍ മാഷ് മുമ്പിലെ മേശയില്‍ ചാരിനിന്ന് ഫ്രോയിഡന്‍ നിരൂപണം പഠിപ്പിക്കുന്നത് പോലെ ടോണിക്ക് തോന്നി.
രാമകൃഷ്ന്‍ മാഷിന്റെ ക്ലാസ് അങ്ങനെയാണ്, എന്ത് തുടങ്ങിയാലും അവസാനം ഫ്രോയിഡന്‍ നിരൂപണത്തില്‍ എത്തും. ഹോസ്റ്റലിന്റെ പ്രകടമായ മാറ്റം ടോണിയെ അതിശയിപ്പിച്ചു. ജീവിതം ആഘോഷമാക്കിയ പഴയ തലമുറയില്‍ നിന്ന് പുതിയ തലമുറ പ്രൊഫഷണത്തിലേക്ക് വഴിമാറിയിരിക്കുന്നു.
അല്ലെങ്കില്‍ തങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് ഒച്ചപ്പാടും, ബഹളവുമായി ഉത്സവപ്രതീതി ഉണ്ടായിരുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ കാണുന്നത് അങ്ങിങ്ങായി ഓരോ മൂലക്ക് ഒതുങ്ങി കൂടിയിരിക്കുന്ന പുസ്തകപ്പുഴുക്കളെയാണ്.
ഹോസ്റ്റലിന് മുമ്പിലെ ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ടയില്‍ നിന്ന് കൊണ്ട് ടോണി പണ്ട് താന്‍ താമസിച്ചിരുന്ന ആറാം നമ്പര്‍ മുറിയിലേക്ക് തലയുയര്‍ത്തി നോക്കി.
ഒരു കാലത്ത് രാഷ്ട്രീയ, സാഹിത്യ ചര്‍ച്ചകള്‍കൊണ്ട് സജീവമായ മുറിയായിരുന്നു അത്. ഇപ്പോള്‍ ആ മുറിയുടെ ഗതി എന്തായിരിക്കുമോ, ആവോ.
ടോണി ഹോസ്റ്റലില്‍ നിന്നിറങ്ങി നേരെ ധര്‍മ്മടം കടല്‍ തീരത്തേക്ക് നടന്നു. ധര്‍മ്മടം കടല്‍ തീരം തനിക്ക് ജീവിതത്തില്‍ കുറേയധികം ഓര്‍മ്മകള്‍ സമ്മാനിച്ച സ്ഥലമാണ്.
പണ്ട് താന്‍ ലതയുമായി പലപ്പോഴും ധര്‍മ്മടം തുരുത്തിലെ പുല്ലാനി മരത്തിന്റെ കമ്പിലെ ഔഷധ നീര് കുടക്കാന്‍ പോകുമായിരുന്നു. പുല്ലാനി മരത്തിന്റെ കമ്പ് മുറിച്ച് കാറ്റിന് എതിരെ പിടിച്ചാല്‍ ഔഷധനീര് ധാരാളമായി ഒഴുകുമെന്നും, ആ നീര് കുടിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നും ഒരു വിശ്വാസമുണ്ട്.
ഭൂമിയേയും ആകാശത്തേയും സാക്ഷിയാക്കി പച്ചപട്ടണിഞ്ഞതു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ധര്‍മ്മടം തുരുത്തിന്റെ ദൂര സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ടോണി ആ പൂഴി മണ്ണിലിരുന്നു.
ഈ തുരുത്ത് വല്ലാത്തൊരു വിസ്മയം തന്നെ. ഒരു കാലത്ത് ധര്‍മ്മടം ബുദ്ധമത കേന്ദ്രമായ 'ധര്‍മ്മപട്ടണ'മായിരുന്നപ്പോള്‍ ഈ തുരുത്ത് ബുദ്ധ സന്യാസികളുടെ സ്വച്ഛന്ദമായ പ്രാര്‍ത്ഥനയുടേയും, ചിന്തയുടെയും ഇടമായിരുന്നു.
കാലത്തിന്റെ തേരിരുളുകള്‍ക്ക് കീഴില്‍ ബുദ്ധമതം അമര്‍ന്നടിഞ്ഞു. അഹിംസയില്‍ നിന്ന് ഹിംസാത്കമായ ചരിത്രത്തിലൂടെയുളള ധര്‍മ്മടത്തിന്റെ നീണ്ട പ്രയാണത്തിന്റെ മൂകസാക്ഷി കൂടിയാണ് ഈ തുരുത്ത്. പണ്ട് താനും ലതയും മിക്കപ്പോഴും ഇവിടെ വന്നിരിക്കുമായിരുന്നു. ലതയ്ക്ക് പൂഴി മണലില്‍ ഗോപുരം ഉണ്ടാക്കാനായിരുന്നു ഹരം. തനിക്ക് കടല്‍ക്കാറ്റില്‍ ലയിച്ച് മയങ്ങാനും.
അവന്റെ കാതുകളില്‍ ചരിത്രത്തിന്റെ തേര് ഉരുണ്ടു വന്നു.പഴയകാലം, രാജപടയോട്ടങ്ങള്‍. ശിരസ്‌ച്ചേദനം ചെയ്യപ്പെട്ട ബുദ്ധ ഭിക്ഷുക്കളുടെ ഉടലുകള്‍ ചോരതുപ്പി പാഞ്ഞു വരുന്നു. പിന്നെ തളര്‍ന്ന് ഒരു വീഴ്ച. രക്തം, സര്‍വ്വത്ര രക്തം. യുദ്ധം ജയിച്ച രാജാവിന്റെ കൊലചിരി.
ടോണി ഞെട്ടി എണീറ്റ് ചുറ്റിലും നോക്കി. എല്ലാം ശാന്തം. കടല്‍ വേലിയിറക്കം ആരംഭിച്ചപ്പോള്‍ ടോണി കൊച്ചു തിരകളെ മുറിച്ച് കടന്നു തുരുത്തിലേക്ക് നടന്നു. തുരുത്തിന് നടുവില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പുല്ലാനി മരത്തിന്റെ തണലില്‍ ടോണി ഇരുന്നപ്പോള്‍, ലതകൂടെ ഉണ്ടായിരുന്നുവെങ്കിനെന്ന് ടോണി ആഗ്രഹിച്ചു പോയി.
താനും ലതയും എത്രയോ തവണ ഇവിടെയിങ്ങനെ പുല്ലാനി മരത്തിന്റെ നീര് കുടിച്ച് മരത്തോട് ചേര്‍ന്ന് പ്രണയബദ്ധരായി ഇരുന്നിരിക്കുന്നു. പുല്ലാനി മരത്തിന്റെ കമ്പൊടിച്ചു കാറ്റിന് എതിരേ പിടിച്ചപ്പോള്‍ മുന്നില്‍ ലത നീര് കുടിക്കാന്‍ കൈകുമ്പിള്‍ നീട്ടിയതു പോലെ ടോണിക്ക് തോന്നി.
ദിവസങ്ങളോളം നീണ്ട ഹോസ്പിറ്റല്‍ വാസത്തിനുശേഷം അസുഖം ഭേദമായ ചാച്ചനെയും കൊണ്ട് വീട്ടില്‍ വന്നപ്പോള്‍ ടോണിയുടെ മനസ്സ് ആദ്യം കൊതിച്ചത് തന്റെ പ്രിയപ്പെട്ട വെളളാരം കല്ലുകള്‍ വിരിച്ച പുഴ കാണാനാണ്.
കുറേ നാളുകള്‍ക്ക് ശേഷം തനിക്ക് പുഴയോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പുഴയില്‍ നീന്തികുളച്ച് വെളളാരം കല്ലുകളുടെ മടിതട്ടില്‍ അങ്ങനെ കുറേ നേരം പുഴയുടെ ഒഴുക്കിന്റെ താളത്തില്‍ ലയിച്ചു കിടക്കണം. മരങ്ങള്‍ ഇടതൂര്‍ന്ന ഇടവഴിയില്‍ നിന്ന് പുഴക്കരയിലേക്ക് കയറിയപ്പോള്‍ മുന്നില്‍ തോരണങ്ങളുമായി കുറേ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് ടോണി ആകാംക്ഷയോടെ നോക്കി.
“ടോണി സുഖല്ലേ”
തിരിഞ്ഞു നോക്കുമ്പോള്‍ ഹനീഫ അരികിലെ ഒരു വലിയ ഒരുളന്‍ കല്ലിന് മുകളില്‍ ഇരുന്ന് പുക വലിക്കുന്നു.
“ആ ഹനീഫ നീ നാട്ടില്‍ ഉണ്ടായിരുന്നോ നീ എപ്പോഴാ ദുബായില്‍ നിന്ന് വന്നത്.”
“ഞാന്‍ ദുബായീലെ പണി വിട്ടു. നമ്മുടെ മണ്ണും, ശുദ്ധവായും, വീടുമൊക്കെ വിട്ട് എത്രനാളാ ഇങ്ങനെ അന്യദേശത്ത് പോയി കിടക്കുന്നത്. എനിക്ക് മടുത്തു.”
“ശരിയാ ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെ ജീവിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാ. ഇതെന്താ ഇവിടെയിത്ര ആള്‍ക്കൂട്ടം.”
“ഇവിടെയിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊട്ടന്‍ തെയ്യമുണ്ട്.”
“അതു കൊളളാലോ തെയ്യം കണ്ടിട്ട് കുറേ നാളായി.”
കമ്മ്യൂണിസ്റ്റുകാരുടെ നാട്ടില്‍ ആങ്ങനെയാണ്. അവിടുത്തെ തെയ്യവും, വെളിച്ചപ്പാടും, ഊരാളനുമൊക്കെ കമ്മ്യൂണിസ്റ്റുകാരനായിരിക്കും.
“ആരാ കോലം കെട്ടുന്നത്.”
“നമ്മുടെ ബ്രാഞ്ച് സെക്രട്ടറി ശൈലന്‍ തന്നെ”
ശൈല്‍ കോലം കെട്ടിയാടി വെളിപാട് പറഞ്ഞിട്ട് പിറ്റേ ദിവസം പാര്‍ട്ടി ക്ലാസ്സില്‍ വര്‍ഗ്ഗ സമരത്തെക്കുറിച്ച് പഠിപ്പിക്കും.
മേളത്തിനൊത്ത് ഉറഞ്ഞു തുളളി ജാതി കോമരങ്ങളെ കണക്കറ്റ് പരിഹസിക്കും. സാര്‍വ്വ മാനവികത വിളിച്ചു പറയുന്ന തെയ്യവും ഒരു തരത്തില്‍ വര്‍ഗ്ഗസമരം തന്നെ.
ഒരു പക്ഷേ വടക്കന്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരന്‍ തെയ്യമായിരിക്കും. ശാസ്ത്രീയ സോഷ്യലിസം പറയുന്ന സാമൂഹികസമത്വത്തിനുവേണ്ടിയുളള കീഴാളന്റെ ചെറുത്തു നില്‍പ്പ് തെയ്യത്തിലൂടെയായിരുന്നു. കുരുത്തോലകള്‍ ചേര്‍ത്ത് കെട്ടി ശൈലന്‍ തെയ്യകോലം ഉണ്ടാക്കുന്നതും നോക്കി ടോണി വെളളാരം കല്ലുകള്‍ക്ക് മുകളിലിരുന്നു.
കോലം മനുഷ്യന്റെ ഉപരി വിപ്ലവമായ ചിന്തകളുടെ പ്രതീകമാണ്. കോലത്തിന്റെ രൂപത്തിലുടെ തെയ്യക്കാരന്‍ പകര്‍ന്നാടി പരിഹസിക്കുന്നത് മനുഷ്യന്റെ അധീശക്ത മനോഭാവത്തേയും.
“ടോണി കുറേ നാളുണ്ടാവില്ലേ ഇവിടെ” കോലം മെടയുന്നതിനിടെ ശൈലന്‍ ചോദിച്ചു.
“തീരുമാനിച്ചിട്ടില്ല”
അരയില്‍ ഒരു തോര്‍ത്ത് ചുറ്റി ടോണി പുഴയിലേക്ക് കൂപ്പ് കുത്തി. ഓളങ്ങളുടെ വില്ലീസ് പടവുകളിലേക്ക് മുങ്ങി താണപ്പോള്‍ സ്‌നേഹത്തിന്റെ ഒരായിരം ഒരായിരം കരവലയങ്ങള്‍ കെട്ടിപുണരുകയാണെന്ന് അവന് തോന്നി.
“നിന്നിലേക്ക് എത്താന്‍ ഞാന്‍ എന്തേ ഇത്ര വൈകി. രണ്ട് വര്‍ഷങ്ങള്‍ അതൊരു നീണ്ട കാലയളവാണ്. പക്ഷ മനസ്സ് കൊണ്ട് ഞാന്‍ എന്നും നിന്നിലായിരുന്നു.”
അവന്‍ അടിതട്ടില്‍ നിന്ന് അടിതട്ടിലേക്ക് പരല്‍മീനിനെ പോലെ മുങ്ങാ കുഴിയിട്ട് സ്‌നേഹത്തിന്റെ ആഴം അിറഞ്ഞു.
“കുറേ നാള് കൂടിയാ ഇങ്ങനെ നീന്തി കുളിക്കുന്നത് അല്ലേ? ടോണി”
വെളളത്തിന്റെ മുകള്‍ പരപ്പിലേക്ക് പൊങ്ങി വന്നപ്പോള്‍ ഹനീഫ ചോദിച്ചു.
“ഉം ഇപ്പോള്‍ മനസ്സ് അനുഭവിക്കുന്ന ഈ ആനന്ദം ലോകത്ത് വേറെ എവിടെ പോയാലും കിട്ടില്ല”
ടോണി പുഴയില്‍ നിന്ന് കയറി വന്ന് ശരീരം തോര്‍ത്തി ഡ്രസ്സ് എടുത്തിട്ട് പറഞ്ഞു:
“ഞാന്‍ വീട്ടില്‍ പോയിട്ട് കുറച്ച് കഴിഞ്ഞ് തെയ്യം തുടങ്ങുമ്പോഴേക്കും വരാം”
“ഓക്കെ”
ചേട്ടന്മാര്‍ തമ്മിലുളള സ്വത്ത് തര്‍ക്കം കേട്ടുകൊണ്ടാണ് ടോണി വീട്ടിന്റെ മുറ്റത്തേക്ക് കയറിയത്.
“വീട് നിന്റെ പേരിലാണ് എഴുതുന്നതെങ്കില്‍ എനിക്ക് റബറുളള സ്ഥലം വേണം. നീ തെങ്ങിന്‍ പറമ്പ് എടുത്തോ”
“അതുപറ്റില്ല ഞാന്‍ ചാച്ചനേയും, അമ്മയേയും നോക്കുന്നതു കൊണ്ടാണ് വീട് എന്റെ പേരില്‍ എഴുതുന്നത.് റബ്ബറുളള സ്ഥലം മുഴുവന്‍ നിന്റെ പേരിലെഴുതിയാല്‍ ടോണിക്ക് പിന്നെ എന്ത് കൊടുക്കും.”
“ഓ, അവന്‍ വീതമൊന്നും ചോദിക്കാന്‍ സാധ്യതയില്ലന്നേ. ഇംഗ്ലണ്ടില്‍ ലക്ഷത്തിന് മേലെ ശമ്പളം മേടിക്കുന്നവന് പിന്നെന്തിനാ ഇവടുത്തെ വീതം”
അതുകേട്ട് കയറി ഇടപ്പെട്ടുകൊണ്ട് അമ്മ പറഞ്ഞു:
“എന്നലും അവന് എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ മോശമാ”
ടോണിയെ കണ്ട് അവര്‍ നിശബ്ദരായപ്പോള്‍ അവന്‍ പറഞ്ഞു:
“നിങ്ങള്‍ എന്നെക്കുറിച്ചോര്‍ത്ത് പേടിക്കണ്ട. എനിക്കൊന്നും വേണ്ട. നിങ്ങള്‍ ചാച്ചനേയും, അമ്മയേയും നന്നായിട്ട് നോക്കിയാല്‍ മതി”
അവന്‍ പറഞ്ഞിട്ട് വീട്ടില്‍ നിന്നിറങ്ങി നേരെ ചെറിയച്ഛന്റെ വീട്ടിലേക്ക് നടന്നു.
ചെറിയച്ഛന്‍ വല്യച്ഛന്റെയും, വല്യമ്മയുടെയും പേരിലുണ്ടായിരുന്ന സ്ഥലം സ്വന്തം പേരില്‍ എഴുതി മേടിച്ച് അവരെ ശിഷ്ടകാലം നോക്കാന്‍ കൂടെ കൊണ്ടു പോയിരിക്കുകയാണ്.
വീട്ടിലെത്തിയപ്പോള്‍ വല്യച്ഛന്‍ വല്യമ്മയ്ക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കുകയാണ്. പഴയ സ്‌നേഹത്തെ ഇപ്പോഴും പ്രായം തളര്‍ത്തിയിട്ടില്ല. ടോണിയെ കണ്ട് വല്യച്ഛനും വല്യമ്മയും അതിരില്ലാത്ത സന്തോഷത്തോടെ കയ്യില്‍ പിടിച്ചു.
“നിനക്കും വേണോ മുറക്കാന്‍”
പണ്ട് ചെറുപ്പത്തില്‍ താന്‍ വല്യച്ഛന് മുറുക്കാന്‍ ഇടിക്കുമ്പോള്‍ പാതി താന്‍ അമ്മ കാണാതെ വായിലിട്ട് ചവയ്ക്കാറുളളത് ഓര്‍ത്തിട്ടെന്നപ്പോലെ ചിരിച്ചുകൊണ്ട് വല്യച്ഛന്‍ ചോദിച്ചു.
“വേണ്ട”
മുറുകിയ മേളത്തിനൊത്ത് ഉറഞ്ഞുതുളളുന്ന പൊട്ടന്‍ തെയ്യത്തെ കണ്ടുകൊണ്ടാണ് ടോണി പുഴക്കരയില്‍ എത്തിയത്. തീക്കനല്‍ കൂട്ടിയ ചുട്ടുപൊളളുന്ന മണല്‍ കൂമ്പാരത്തിനേക്ക് കിടന്നിട്ട് “എനിക്ക് കുളിരുന്നേന്ന് ” വിളിച്ചു പറഞ്ഞ് ജാതിവൈതത്തെ തന്റെ പരുക്കന്‍ ചിരിയോടെ പരിഹസിക്കുന്ന പൊട്ടന്‍ തെയ്യം ഒരു വിസ്മയ കാഴചയാണ്. തീക്കനലില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ തെയ്യം മേളത്തിനൊത്ത് ഉറഞ്ഞു തുളളി പാടി:
“നീങ്ങള്‍ മുറിഞ്ഞാലും
ഒന്നല്ലേ ചോര
നാങ്ങള്‍ മുറിഞ്ഞാലും
ഒന്നല്ലേ ചോരാ”
തെയ്യം കഴിഞ്ഞ് ആളുകളൊക്കെ മടങ്ങിയപ്പോള്‍ ടോണി വെളളാരം കല്ലുകള്‍ക്ക് മുകളില്‍ ആകാശം നോക്കിയങ്ങനെ കിടന്നു.
ആളുകളുടെ ബഹളമൊക്കെ കഴിഞ്ഞ് പുഴക്കര ശാന്തമായപ്പോള്‍, പുഴക്കയ്ക്കത്തെ കാട്ടില്‍ നിന്ന് കടവാവലുകള്‍ പറന്ന് തുടങ്ങി.
“ടോണി നീ പോയില്ലേ”
മുഖത്തെ, കോലം മായ്ക്കാതെ ശൈലന്‍ പെട്ടന്ന് ഇരുട്ടത്ത് മുന്നില്‍ വന്നപ്പോള്‍ ടോണി ഭയന്ന് ചാടിയെണീറ്റു പോയി.
“നീ പേടിപ്പിച്ചു കളഞ്ഞു”
അയാള്‍ കോലം മനസ്സില്‍ നിന്ന് ഇറങ്ങി പോകാത്തതുപോലെ നിന്ന് പൊട്ടിചിരിച്ച് വീണ്ടും ഉറഞ്ഞു തുളളാന്‍ തുടങ്ങി. ഇരുട്ടില്‍ കോലങ്ങളുടെ മുഖം ഉച്ചസ്ഥായില്‍ ആര്‍ത്തലയ്ക്കുന്നത് ടോണി കണ്ടു. മനസ്സിന്റെ ഇരുണ്ട കോണുകളിലെവിടെയോ പതിയിരിക്കുന്ന ഭയത്തിന്റെ വിഹ്വലതകള്‍ വീണ്ടും രൗദ്രഭാവം പൂണ്ട് ഉയര്‍ത്ത് എഴുന്നേറ്റ് വരുന്നത് പോലെ അവന് തോന്നി.
“ശൈലാ”
അയാള്‍ അവന്റെ അലര്‍ച്ച കേള്‍ക്കാത്തതുപോലെ നിറുത്തതെ ഉറഞ്ഞ് തുളളി കൊണ്ടിരുന്നു. അവസാനം അയാള്‍ തളര്‍ന്നവശനായി നിലത്തിരുന്നിട്ട് പറഞ്ഞു:
“ഞാന്‍ കമ്മ്യൂണിസ്റ്റാണ്. ദൈവമുണ്ടോ ഇല്ലയോ എന്ന് എന്നെനിക്കറിയില്ല. പക്ഷേ തെയ്യക്കോലം കെട്ടിയാടുമ്പോള്‍ ഞാന്‍ ഞാനല്ലാതെയായി മാറുന്നതുപോലെ. അതു ചിലപ്പോള്‍ കണ്‍മുമ്പില്‍ കാണുന്ന സാമൂഹിക അനീതിയോടുളള ശക്തമായ എതിര്‍പ്പില്‍ നിന്ന് രുപപ്പെട്ടതായിരിക്കാം”
ടോണി മറുപടിയൊന്നും പറയാതെ, നിശ്ബദ്‌നായി കൊടുങ്കാറ്റിന്റെ രൗദ്ര ഭാവം ഉപേക്ഷിച്ച് ശാന്തമായ ആ മുഖത്തേക്ക് നോക്കി വെളളാരം കല്ലുകള്‍ക്ക് മുകളില്‍ കിടന്നു.
“ശരീരം വിയര്‍ത്തൊലിക്കുന്നു. ഞാന്‍ കുളിക്കട്ടെ”
ആരോ രണ്ടു പേര്‍ കല്ലുകള്‍ ഞെരിച്ച് ശബ്ദമുണ്ടാക്കി നടന്ന് വരുന്നത് കണ്ട് ടോണി തല ഉയര്‍ത്തി നോക്കി.
ഹനീഫയും, രാഘവനുമാണ്.
“നീ ഇതുവരെ വീട്ടില്‍ പോകാതെ ഇവിടെത്തന്നെ കിടക്കുവാണോ”
ടോണിയുടെ കിടപ്പ് കണ്ട് ഹനീഫ ചോദിച്ചു.
ഇവിടുത്തെ ഇളം കാറ്റില്‍ വെളളാരം കല്ലുകളുടെ ചൂടുപറ്റിയങ്ങനെ കിടക്കാന്‍ നല്ല സുഖം.
“ആരാ പുഴയില്‍”
“ശൈലന്‍”
അവര്‍ ഇരുട്ടിന്റെ മറവുപറ്റി ഡ്രസ്സൂരി കല്ലില്‍ വച്ച് നഗ്നരായി വെളളത്തിലേക്ക് ചാടി. ശൈലന്‍ പുഴയില്‍ മുങ്ങി കുളിച്ച് മനസ്സില്‍ നിന്ന് പടിയിറങ്ങി പോവാതെ നിന്ന കോലത്തെ പുഴയില്‍ നിമഞ്ജനം ചെയ്ത് പുതിയ മനുഷ്യനായി കയറി വന്നിട്ട് പറഞ്ഞു:
“പുഴയിലൊന്ന് മുങ്ങി കുളിച്ചപ്പോള്‍ വൃതം എടുത്തതിന്റെയൊക്കെ ക്ഷീണം ശരീരത്തു നിന്ന് വിട്ടുപോയതുപോലെ. നീ വരുന്നോ?”
“ഇല്ല കുറച്ചു കഴിഞ്ഞിട്ടെയൊളളു”
ഹനീഫയും രാഘവനും കുളികഴിഞ്ഞ് തോര്‍ത്തി ഡ്രസ്സെടുത്തിട്ട്, ഹനീഫ ടോണിയുടെ അടുത്ത് വന്ന് പറഞ്ഞു:
“ടോണി ഞങ്ങള്‍ പോകുവാ നാളെ ഞങ്ങള്‍ക്ക് കൊടക് വനത്തില്‍ പൈന്‍ എണ്ണ എടുക്കാന്‍ പോകണം. പോയാല്‍ മൂന്ന് ദിവസം കഴിഞ്ഞെ തിരിച്ചു വരുളളൂ.”
“അതുകൊളളാലോ. വെറുതെയൊരു രസത്തിന് ഞാനും വരട്ടെ നിങ്ങളുടെ കൂടെ”
കാട്ടിലൂടെ കിലോ മീറ്ററുകളോളം നടന്ന് കൊടകന്‍ തുളളി പുഴവരെയെത്തണം. എന്നിട്ട്, അവിടെ പാറ കെട്ടുകളുടെ ഇടയില്‍ രണ്ടു ദിവസം താമസിച്ച് എണ്ണയെടുത്തിട്ടേ തിരിച്ചു വരൂ. നിനക്കിത് ശീലമല്ലാത്തതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ടായിരിക്കും.
“അത് സാരമില്ല. കൊടും കാടിന്റെ ഹരിത ഭംഗി കാണാന്‍ എനിക്ക് വല്ലാതെ കൊതിയാകുന്നു.”
“എങ്കില്‍ നീയും പോരെ”
കാടുകള്‍ക്കിടയിലൂടെ, അരുവികള്‍ക്കിടയിലൂടെ, അപരിചിതമായ ഒച്ചകളിലൂടെ അവര്‍ പതുക്കെ അങ്ങനെ നടന്നു. കാട് ജൈവവൈവിധ്യങ്ങളുടെ മറ്റൊരു ആവാസ വ്യവസ്ഥയാണ്. കാടിന്റെ സൗന്ദര്യം കേവലം പച്ചപ്പിന്റെ മാത്രമാണോ. അല്ല. വൈവിധ്യമാര്‍ന്ന പല ശബ്ദങ്ങള്‍ ഒന്നു ചേര്‍ന്ന പശ്ചാത്തലമാണ് കാടിനെ കാടാക്കുന്നത്.
കാട്ടു വളളികള്‍ വകഞ്ഞുമാറി അരുവിയിലേക്ക് ഇറങ്ങിയപ്പോള്‍ തൊട്ടടുത്തെ ആഞ്ഞിലി മരത്തിന്റെ ഉയര്‍ന്ന ചില്ലയില്‍ നിന്ന് വേഴാമ്പല്‍ മഴയ്ക്ക് വേണ്ടി കാത്ത് നില്‍ക്കുന്നു.
പാവം, മഴ പെയ്ത് മാനത്തേക്ക് വളഞ്ഞ് നീണ്ട തന്റെ കൊക്ക് വിടര്‍ത്തി ഒരു നീണ്ട വേനല്‍ കാലത്തിന്റെ ദാഹം തീര്‍ക്കാന്‍ അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. വേഴാമ്പലിന്റെ പ്രാര്‍ത്ഥന അന്വര്‍ത്ഥമായതു പോലെ പുതുമഴ കാട്ടു ചില്ലകളലൂടെ പാഞ്ഞ് വന്ന് കാടിനെ കുളിപ്പിച്ചു. അഹല്യയുടെ ശാപമോക്ഷം പോലെമഴയുടെ കുളിര്‍ സ്പര്‍ശത്തില്‍ കാടിന്റെ ഓരോ അണുവും പുതിയ ഊര്‍ജ്ജത്തില്‍ ഉയര്‍ത്തെഴുന്നേറ്റു.
കാടിന്റെ പ്രണയിനി മഴ തന്നെ. അവര്‍ തൊട്ടടുത്തു കണ്ട പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഉരുപ്പുമരത്തിന്റെ ചുവട്ടിലേക്ക് ഓരം പറ്റി. തകര്‍ത്ത് ചെയ്യുന്ന മഴയുടെ വലിയ ഇരമ്പലിയും ഏതോ കുറ്റിക്കാട്ടില്‍ നിന്ന് ചീവീടുകളും, തവളകളും മഴയോട് ഉച്ചസ്ഥായില്‍ മത്സരിക്കുകയാണെന്ന് ടോണിക്ക് തോന്നി.
ടോണി മഴയില്‍ കുതിര്‍ന്ന് തണുത്ത് വിറയക്കുന്നതു കണ്ട് ഹനീഫ പറഞ്ഞു:
“തണുപ്പിന് നാടന്‍ ബീഡി നല്ലതാ. ഒരെണ്ണം കത്തിക്കട്ടെ”
“വേണ്ട ഞാന്‍ വലിക്കില്ല”
തൊട്ടടുത്ത വളളിക്കൂട്ടങ്ങള്‍ക്കിടയില്‍ വെളുത്ത, കൂര്‍ത്ത തേറ്റ കാട്ടി ഒരു കാട്ടു പന്നി മഴയില്‍ നനഞ്ഞു രസിക്കുന്നതു കണ്ട് രാഘവന്‍ കയ്യിലെ തോക്കെടുത്ത് ഉന്നം പിടിച്ചു.
“വേണ്ട രാഘവാ ഇവിടുന്നു വെടി വച്ചാല്‍ ഫോറസ്റ്റ് ഗാര്‍ഡ് കേള്‍ക്കും. ഇവിടെ തൊട്ടടുത്താ അവരുടെ ക്വാര്‍ട്ടേഴ്‌സ്.”
“തേറ്റ കാട്ടി നമ്മുടെ നേരെ വരുമോ” ടോണി ചെറിയ ഉള്‍ഭയത്തോടെ ചോദിച്ചു.
“ഓ അതിനെ ഓടിക്കാന്‍ ഈ ചെറിയ പടക്കം മതി.”
ഹനീഫ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്ന് ചെറിയ ഒരു പടക്കമെടുത്ത് കത്തിച്ചെറിഞ്ഞപ്പോള്‍ അതിന്റെ ശബ്ദത്തിന്‍ പന്നി ശരവേഗത്തില്‍ പാഞ്ഞു.
“ഇതു കണ്ടോ. പണ്ടവന്‍ എനിക്കിട്ടൊരു കേറ്റ് കേറ്റിയതിന്റെ പാട് ഇ ഇപ്പോഴും മാഞ്ഞിട്ടില്ല. അവന്റെ തേറ്റക്ക് കാച്ചിയ പിച്ചാത്തിന്റെ മൂര്‍ച്ചയാ.”
രാഘവന്‍ വലതു തുടയിലെ മുറിപ്പാട് കാട്ടിയിട്ട് പറഞ്ഞു. മഴ തോര്‍ന്നപ്പോള്‍ അവര്‍ വീണ്ടും മരങ്ങളും, മലകളും താണ്ടി യാത്ര തുടര്‍ന്നു. കോട മഞ്ഞ് വിഴുങ്ങിയ മലകളും, അതിരുകളില്ലാത്ത താഴ്‌വരകളുടെ പച്ചപ്പില്‍ സര്‍വ്വസ്വാതന്ത്ര്യത്തോടെ മേഞ്ഞ് മദിച്ച് നടക്കുന്ന കാട്ടനകൂട്ടങ്ങളും കാടിന്റെ സൗന്ദര്യത്തിന് മിഴിവ് കൂട്ടുന്നു. ദൂരകാഴ്ചയില്‍ കാട്ടാനകൂട്ടങ്ങള്‍ കണ്ടാല്‍ തോന്നും കറുത്ത പാറക്കൂട്ടങ്ങള്‍ പച്ചപ്പിലൂടെ എണീറ്റ് നടക്കുകയാണെന്ന്.
ഇനിയും കുറേ നടക്കണോ കുറെ നടന്നു മടുത്തതുപോലെ ടോണി ചോദിച്ചു:
“ഇല്ല ഇനി കുറച്ചകൂടി നടന്നാല്‍ കുടകന്‍ തുളളി പുഴയെത്തി.”
കുടക് വനത്തില്‍ താന്‍ ഇതിനു മുമ്പ് വന്നിട്ടുണ്ടെങ്കിലും ഇത്രയും ദൂരം താണ്ടി കൂടകന്‍ പുഴ വരെ പോകുന്നത് ആദ്യമാണ്. പണ്ട് മുല്ലാക്കയില്‍ നിന്ന് കുടകന്‍ തുളളി പുഴയുടെ ചരിത്രം താന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ പുഴക്കരയിലെ ചന്ദനമരം മുറിക്കാന്‍ വന്ന കളളന്മാരെ ഗാര്‍ഡായ കുടന്‍ ഓടിച്ചു. അവര്‍ ഗത്യന്തരമില്ലാതെ ഓടി പുഴയില്‍ ചാടിയപ്പോള്‍ പുറകെ കുടകനും തുളളി. പക്ഷേ കുടന്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. ആ സംഭവത്തിനു ശേഷമാണത്രെ പുഴയ്ക്ക് കുടകന്‍ തുളളി പുഴ എന്ന പേര് വന്നത്.
കാട്ടുമുല്ലയുടെ ഗന്ധം പരക്കുന്ന താഴ്‌വരയിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ മനസ്സും ശരീരവും ആ വിശുദ്ധ സുഗന്ധത്തിലേക്ക് അലിഞ്ഞു ചേരുന്നത് പോലെ ടോണിക്ക് തോന്നി.
“ടോണി നീയെന്താ ഏതോ മായിക ലോകത്ത് എത്തിയതുപോലെ നില്‍ക്കണേ”
ടോണിയുടെ നില്‍പ്പ് കണ്ട് ഹനീഫ ചോദിച്ചു.
“ഈ സുഗന്ധം ഉപേക്ഷിച്ച് എനിക്കിവിടുന്ന് പോകാനേ തോനുന്നില്ല.”
അവര്‍ നടന്ന് പുഴക്കരയില്‍ എത്തിയപ്പോള്‍ ആ കാഴ്ച കണ്ട് ടോണിക്ക് അതിശയം തോന്നി.
കാടിന്റെ സൗന്ദര്യത്തില്‍ ലയിച്ച് ഒഴുകുന്ന പുഴയുടെ ഓരങ്ങളില്‍ നിറയെ വെളളാരം കല്ലുകള്‍. ടോണി വെളളാരം കല്ലുകളില്‍ ഒരെണ്ണം എടുത്ത് കവിളിനോട് ചേര്‍ത്ത് ചൂടുപിടിച്ചു. അതെ ചൂട്.
ടോണി വെളളത്തില്‍ ഇറങ്ങാന്‍ മടിച്ചപ്പോള്‍ ഹനീഫ പറഞ്ഞു:
“ടോണി, പേടിക്കണ്ട മുട്ടൊപ്പവേ വെളളമുളളൂ”
അവന്‍ ധൈര്യമായി പാന്റ് പൊക്കിവച്ച് പുഴയിലിറങ്ങി നടന്നു.
“പുഴയ്ക്കക്കരെയാണ് എണ്ണപൈന്‍ കൂട്ടമായി നില്‍ക്കുന്നത്. അവിടെ പാറക്കൂട്ടങ്ങള്‍ ഒരു ഗുഹപോലെ ഉയര്‍ന്നു നില്‍പ്പുണ്ട്. അവിടെ നമുക്ക് തങ്ങാം.”
അവര്‍ പുഴകടന്ന് എണ്ണപൈന്‍ മരങ്ങളുടെ അരികിലേക്ക് ചെന്നപ്പോള്‍ മുന്‍പിലെ ഉയര്‍ന്നു നില്‍ക്കുന്ന മണ്‍പുറ്റുകളുടെ അരികില്‍ കിടന്ന് രണ്ട് സര്‍പ്പങ്ങള്‍ ഇണ ചേരുന്നു.
“സൂക്ഷിക്കണം സര്‍പ്പങ്ങള്‍ ഇണ ചേരുമ്പോള്‍ അപകടകാരികളാണ്.”
രാഘവന്‍ പറഞ്ഞിട്ട് അടുത്തേക്ക് ചെന്നപ്പോള്‍ ഒരു സര്‍പ്പം പിടഞ്ഞെണീറ്റ് ഫണം വിടര്‍ത്തിയാടി ചീറ്റി അനുരാഗ നിര്‍വൃതിക്ക് ഭംഗം വന്നതിന്റെ ദേഷ്യം കാണിച്ചു.
അയാള്‍ തൊട്ടടുത്ത് കിടന്ന ഒരു മരകഷ്ണം എടുത്ത് ആഞ്ഞ് വീശി. സര്‍പ്പം തല ചതഞ്ഞ് മണ്ണില്‍ കിടന്ന് പിടഞ്ഞു. ഇണ കിടന്ന് പിടയുന്നത് കണ്ട് രക്ഷിക്കാന്‍ പറ്റുമൊയെന്ന് മറ്റെ സര്‍പ്പംമൊരു ശ്രമം നടത്തി. പക്ഷേ അടുത്ത ആക്രമണം തന്റെ നേരെ വരുന്നത് കണ്ട് സര്‍പ്പം ഭയന്നോടി. നിലത്ത് ചത്ത് മലച്ചു കിടക്കുന്ന സര്‍പ്പത്തെ കണ്ട് ടോണി ദുഃഖത്തോടെ പറഞ്ഞു:
“രാഘവാ, വേണ്ടായിരുന്നു. പാവം ഇണയുടെ മുന്നില്‍ വച്ചു തന്നെ പിടഞ്ഞു ചത്തു”
“ചത്തു പോട്ടെ ശവം. അല്ലെങ്കില്‍ ഇത് നമ്മളെ കൊത്തും.”
രാഘവന്‍ കയ്യിലിരുന്ന മരകഷ്ണം കൊണ്ട് അതിലെ മണ്‍പുറ്റ് അടിച്ചു തകര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിലെ വെളുത്ത പാമ്പിന്‍ മുട്ടകള്‍ കണ്ട് ടോണി പറഞ്ഞു:
“വേണ്ട രാഘവാ അതിനകത്ത് മുട്ടയുണ്ട്.”
“അതിനിപ്പം എന്താ. ഇതിനകത്ത് ഉണ്ടാകാന്‍ പോകുന്നത് ഇതുപോലത്തെ പാമ്പുകള്‍ തന്നെയല്ലേ”
രാഘവന്‍ പുറ്റുകള്‍ അടിച്ചു തകര്‍ത്ത്, മുട്ടകള്‍ തല്ലിയുടച്ചു.
മണ്‍പുറ്റുകളുടെ അരികില്‍ നില്‍ക്കുന്ന വലിയ എണ്ണ പൈന്‍ മരത്തിലേക്ക് തമര് കയറ്റി ഓട്ടയുണ്ടാക്കി അതിലേക്ക് ഓടക്കുഴല്‍ തിരുകി എണ്ണയെടുക്കുന്നത് ടോണി നോക്കി നിന്നു. ഓടക്കുഴലിന്റെഅറ്റം കന്നാസിലേക്ക് കയറ്റി വച്ചിട്ട് ഹനീഫ പറഞ്ഞു.
“ഈ കന്നാസ് നിറയണമെങ്കില്‍ ഒന്നര ദിവസമെടുക്കും.”
പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍ ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഗുഹ വൃത്തിയാക്കി പുകയിട്ട് ശുദ്ധീകരിച്ചിട്ട് കയ്യിലുളള സാധനങ്ങള്‍ അവര്‍ ഒരു മൂലയ്ക്ക് കൂട്ടി.
പെട്ടന്ന് പുറത്ത് എവിടെയോ ഒരു വെടി ശബ്ദം കേട്ട് ഹനീഫ പറഞ്ഞു.
“രാഘവന്‍ എന്തിനെയോ കാച്ചിയിട്ടുണ്ട്.”
അല്പസമയം കഴിഞ്ഞപ്പോള്‍ രാഘവന്‍ ജീവനുളള ഒരു കേഴമാനിനെയും തോളിലിട്ട് വന്നു.
“വെടി ഇതിന്റെ കാലിലാ കൊണ്ടത്. അതുകൊണ്ട് ഓടാന്‍ പറ്റിയില്ല. ഞാന്‍ പുറകേ ചെന്ന് പിടിച്ചു. നിങ്ങളാ കത്തിയിങ്ങെടുത്തേ ഞാന്‍ ഇതിനെ കൊന്ന് തൊലിപൊളിച്ച് ഇപ്പോള്‍ തന്നെ ശരിയാക്കാം.”
ഭയന്നു വിറച്ച കണ്ണുകളോടെ, ഇടറിയ ശബ്ദത്തില്‍, കണ്ണുനീര്‍ വാര്‍ത്ത് കരയുന്ന ആ കേഴമാനിനെ കണ്ട് ടോണിക്ക് സങ്കടം തോന്നി. പാവം ഒരല്‍പ്പം മുമ്പ് മുമ്പ് വരെ കൂട്ടകാരൊത്ത് സര്‍വ്വസ്വാതന്ത്രത്തോടെ ആര്‍ത്തുല്ലസിച്ചതാണ്. എന്നിട്ടിപ്പോള്‍ കൊടും വേദന സഹിച്ച മറ്റൊരാള്‍ക്ക് ഭക്ഷണമാകാന്‍ പോകുന്നു.
അയാള്‍ അതിന്റെ കാലുകള്‍ ചവിട്ടിപിടിച്ച് കഴുത്തറുക്കുമ്പോള്‍ അത് ശരീരമിട്ട് അടിച്ച് ജീവനുവേണ്ടി പിടഞ്ഞു കാറുന്നതു കാണാന്‍ കഴിയാതെ ടോണി മുഖം പൊത്തി.
അയാള്‍ അതിനെ ഞെറുക്കി പുഴയിലിട്ട് കഴുകി കുറച്ച് ചട്ടിയിലിട്ട് കൊണ്ട് വന്നിട്ട് ടോണിയോട് പറഞ്ഞു:
“നീ ഇത് മസാലയൊക്കെയിട്ട് നിനക്കറയാവുന്നത് പോലെ കറിവെക്ക്.”
ടോണി മുഖം തിരിച്ച്, ഒരു കൈകൊണ്ട് മേടിച്ച് നിലത്ത് വച്ചിട്ട്, ഹനീഫ വിറകുകൂട്ടി, തീ പിടിപ്പിച്ച്, അരി കഴുകി, അടുപ്പത്തിടുന്നതും നോക്കി നിന്നു.
“ടോണി കറി വയ്ക്കുന്നതിനിടയില്‍ അടുപ്പില്‍ കിടക്കുന്ന അരി നോക്കാന്‍ മറക്കരുത്. ഞങ്ങളീ മലയുടെ അപ്പുറത്തുളള വേറെ ഒന്ന് രണ്ട് എണ്ണ പൈനിനുകൂടി കന്നാസ് വച്ചിട്ട് വരാം.”
ടോണി ഇറച്ചിക്ക് മസാലയിട്ടപ്പോള്‍, ചട്ടിയില്‍ കിടക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ക്ക് വിറങ്ങലിച്ച കേഴമാനിന്റെ മുഖമാണെന്ന് തോന്നി. അവളുടെ ഉറവ വറ്റാത്ത കണ്ണുനീര്‍ ഈ ഇറച്ചിയില്‍ പറ്റിയിരിക്കുന്നതുപോലെ. ടോണി കണ്ണുകള്‍ മുറുക്കിയടച്ച് ഇറച്ചിയില്‍ മസാല പുരട്ടി അടുപ്പില്‍ വച്ചു. പാറക്കൂട്ടങ്ങളുടെ മുകളില്‍ നിന്ന് ആരോ തലയിട്ട് നോക്കുന്നത് കണ്ട് ടോണി നോക്കിയപ്പോള്‍ ഒരു കരിങ്കുരങ്ങന്‍.
ടോണി അവന്റെ നേരെ ഒരു ആപ്പിള്‍ നീട്ടിയപ്പോള്‍, അവന്‍ പതുക്കെ ടോണിയുടെ അടുത്തേക്ക് നടന്ന് വന്നിട്ട് കുറച്ചു നേരം അവനെ ശങ്കിച്ചു നോക്കി നിന്നു, എന്നിട്ട് ആപ്പിള്‍ കൈ നീട്ടി മേടിച്ചു. അതിന്റെ രുചി ഇഷ്ടപ്പെട്ടപോലെ അവന്‍ ടോണിയെ നോക്കി പല്ലിളിച്ചിട്ട് അവന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് സ്‌നേഹം അറിയിച്ചു. ടോണി അവന്റെ തലയിലെ അപ്പൂപ്പന്‍ താടിപോലത്തെ ചെമ്പിച്ച മുടിയില്‍ തലോടിയപ്പോള്‍ അത്ര രസിക്കാത്തതുപോലെ അവന്‍ ടോണിയെ കണ്ണുരുട്ടി കാണിച്ചിട്ട് ചാടി തൊട്ടടുത്ത മരക്കൊമ്പില്‍ കയറി, എല്ലാം സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.
ചോറിന്റെ വേവ് നോക്കുന്നതിനിടയില്‍ പെട്ടന്ന് കാട്ട് കോഴികള്‍ അലമുറയിടുകയും, കുരങ്ങുകള്‍ ശബ്ദിക്കുകയും ചെയ്യുന്നതു കണ്ട് ടോണി തിരിഞ്ഞു നോക്കുമ്പോള്‍, തൊട്ടു പിന്നില്‍ ചീറ്റി ആഞ്ഞു കൊത്താന്‍ തയ്യാറായി ആ പഴയ സര്‍പ്പം.
ടോണി മുന്നോട്ടായുന്നതിന് മുമ്പ് അത് അവന്റെ കാലില്‍ ആഞ്ഞ് കൊത്തി. അവന്‍ നിലത്ത് കിടന്ന് പിടഞ്ഞ് നിലവിളിച്ചു. അവളുടെ ഇണ പിടഞ്ഞ് ചത്ത അതേ മണ്ണില്‍ താനും പിടഞ്ഞു മരിക്കാന്‍ പോകുകയാണ്. അടുപ്പിലെ ചട്ടിയില്‍ നിന്ന് തീക്ഷ്ണമായ കണ്ണുകളോടെ നീണ്ടു വന്ന കേഴമാന്റെ തല തന്നെ മരണത്തിലേക്ക് ക്ഷണിക്കുകയാണെന്ന് ടോണിക്ക് തോന്നി.
ടോണിയുടെ നിലവിളി കേട്ടുകൊണ്ടാണ് ഹനീഫയും, രാഘവനും ഓടിയെത്തിയത്. നോക്കുമ്പോള്‍ ടോണി നിലവിളിച്ചുകൊണ്ട് നിലത്ത് കിടന്ന് പിടയുന്നു.
“എന്ത് പറ്റി ടോണി”
“പാമ്പ്………..പാമ്പ് കൊ…ത്തി…”
ശരീരത്തിലൂടെ പടര്‍ന്നു കയറികൊണ്ടിരുന്ന വിറയലുകൊണ്ട് വാക്കുകള്‍ പറഞ്ഞു മുഴുവിക്കാന്‍ കഴിയാതെ തൊണ്ട കുഴിയില്‍ കുടുങ്ങി. രാഘവന്‍ വേഗം ടോണിയുടെ മുറവില്‍ കടിച്ച് വിഷം വലിച്ചെടുത്ത് തുപ്പിയിട്ട് അരയിലെ തോര്‍ത്ത് എടുത്ത് മുറിവിന് തൊട്ടുമുകളില്‍ വരിഞ്ഞ് മുറുക്കി കെട്ടി. എന്നിട്ട് രണ്ട് പേരും ടോണിയെ താങ്ങിയെടുത്ത് കാട്ടിലൂടെ ഓടി.
ടോണിക്ക് ഓര്‍മ്മ വച്ചപ്പോള്‍ ഏതോ ആശുപത്രിയുടെ ചില്ലുമുറിയ്ക്കുളളിലെ ബെഡില്‍ കുറേ വയറുകളാല്‍ ബന്ധിക്കപ്പെട്ട് കിടക്കുകയാണ്.
താന്‍ മരിച്ചിട്ടില്ലെന്ന സത്യം ഉള്‍കൊളളാന്‍ കഴിയാതെ ടോണി തലയുയര്‍ത്തി കടിയേറ്റ കാലിലേക്ക് നോക്കി. ബാന്‍ഡേജ് ചുറ്റി വച്ചിരിക്കുന്നതിനാല്‍ ഒന്നും കാണാന്‍ കഴിയുന്നില്ല.
മരണമുഖത്ത് നിന്ന് ഇങ്ങനെ ഒരു തിരുച്ചുവരവ് താനൊരിക്കലും പ്രതീക്ഷിച്ചില്ല. തന്നെയും ചുമന്ന് കൊണ്ട് കാട്ടിലൂടെ അവര്‍ ഓടിയത് ഓര്‍മ്മയുണ്ട്. പിന്നെയൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. ഇതൊരു പുതിയ ജന്മമാണ്. കാലം ഭാഗ്യത്തിന്റെ രൂപത്തില്‍ വച്ച് നീട്ടിയ സൗജന്യം.
ചുറ്റും പരിചയമുഖങ്ങളൊന്നും കാണാഞ്ഞ് ടോണി തൊട്ടടുത്തെ നഴ്‌സിനോട് ചോദിച്ചു:
“സിസ്റ്റര്‍ എനിക്കെങ്ങനെയുണ്ടിപ്പോള്‍?”
“ആ, നീ ഉണര്‍ന്നോ. ഇനിയൊന്നും പേടിക്കാനില്ല. നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ട് അല്ലെങ്കില്‍ ഇങ്ങനെയൊരവസ്ഥയില്‍, ഇത്രയും വൈകിയാല്‍ രക്ഷപ്പെടാന്‍ തന്നെ പാടാണ്. നിങ്ങളുടെ കൂടെയുളളവര്‍ തക്ക സമയത്ത് വേണ്ടത് ചെയ്തത് കൂടുതല്‍ ഗുണമായി.”
“ഇതേതാ ആശുപത്രി?”
“പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രം”
അമ്മയും, ചേട്ടനും അടുത്തേക്ക് വരുന്നത് കണ്ട്, വീണ്ടും എല്ലാവരേയും കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അമ്മ അടുത്ത് വന്നിരുന്ന് അവന്റെ കൈതണ്ടയില്‍ തലയോടിയിട്ട് ചോദിച്ചു:
“വേദനയുണ്ടോ?”
“ഇല്ല”
“മോനോട് ഞാന്‍ പറഞ്ഞതല്ലേ കാട്ടിലൊന്നും പോകണ്ടാന്ന്.”
അവനൊന്നും മിണ്ടാതെ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് നോക്കി കിടന്നു.
ഐ.സി.യു.വില്‍ നിന്ന് റുമിലേക്ക് മാറ്റിയപ്പോള്‍ വീണ്ടും താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കയറുകയാണെന്ന് അവന് തോന്നി. ബെഡില്‍ അലസമായി കിടന്ന് മടുത്തപ്പോള്‍ അവന്‍ വെറുതെ മൊബൈല്‍ കോണ്‍ടാക്റ്റ് നമ്പറുകളിലൂടെ കണ്ണോടിച്ചു.
എമിലിയുടെ നമ്പര്‍ മിന്നിമറഞ്ഞപ്പോള്‍ പെട്ടന്ന് മനസ്സ് എവിടെയോ കുലുങ്ങിയതുപോലെ. വീണ്ടും തിരിച്ചു ചെന്ന് ഒരാവര്‍ത്തി കൂടി നോക്കി. വിളിച്ചാലോ? എമിലിയുടെ ശബ്ദം കേട്ടിട്ട് എത്ര നാളായി. അവള്‍ മനസ്സില്‍ വല്ലാതെ നഷ്ടബോധം ഉണ്ടാക്കുന്നു. എമിലിയുടെ വാക്കുകള്‍ സുവിശേഷം പോലെയാണ്. പക്ഷേ വ്യവസ്ഥാപിത വേദപുസ്തകങ്ങള്‍ക്ക് അതിനെ പാപിയുടെ സുവിശേഷം എന്നേ വിളിക്കാന്‍ കഴിയൂ.
ഗിരി പ്രഭാഷണം നടത്തുന്ന യേശു ക്രിസ്തുവും, മതം കല്‍പ്പിച്ചു കൂട്ടുന്ന പാപത്തിന്റെ കയത്തില്‍ മഗ്ദലേന മറിയവും അവളിലുണ്ട്. പക്ഷേ മഗ്ദലേന മറിയം തോറ്റേടിത്ത് അവള്‍ വിജയിക്കുന്നില്ലേ?
അവന്‍ നമ്പര്‍ ഡയല്‍ ചെയ്യ്തു. പക്ഷേ ഈ നമ്പര്‍ നിലവിലില്ലന്ന മറുപടി കേട്ട് അവന്‍ ഫോണ്‍ ബെഡിലേക്ക് എറിഞ്ഞ് തലയിണയോട് മുഖം ചേര്‍ത്ത് മുഖം ചേര്‍ത്ത് കണ്ണടച്ച് കിടന്നു. ഹോസ്പിറ്റലിലെ ഈ ഒരേ കിടപ്പ് മടുത്ത് തുടങ്ങി. ഇനി ബാക്കിയുളള അസുഖം മനസ്സിന്റേതാണ്. അത് പുഴയില്‍ ഒന്ന് മുങ്ങി കുളിച്ചാല്‍ തീരുന്നതെയുളളൂ. പുഴയിലേക്ക് ഇറങ്ങി ചെല്ലണം. ഇറങ്ങി ഇറങ്ങി അടിതട്ടിലേക്ക്.
കൈയില്‍ എന്തോ കടിച്ചതറിഞ്ഞാണ് അവന്‍ മയക്കത്തില്‍ നിന്ന് നിലവിളിച്ചുകൊണ്ട് ഞെട്ടിയുണര്‍ന്നത്. നോക്കുമ്പോള്‍ ജനല്‍ പിടിയിലൂടെ ജാഥയായി പോകുന്ന ചെറിയ ഉറുമ്പുകളിലൊന്ന് തന്റെ കൈ അവര്‍ക്ക് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയപ്പോള്‍ ഒരു കടി തന്നതാണ്.
“എന്താ ഇവിടെ നിലവിളി കേട്ടത്?”
ടോണിയുടെ അലര്‍ച്ചകേട്ട് ഒരു നഴ്‌സ് പാഞ്ഞ് വന്ന് ചോദിച്ചപ്പോള്‍, എന്ത് പറയണമെന്നറിയാതെ അവന്‍ സംശയിച്ചു.
അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവന്‍ ചെറിയ ജാള്യതയോടെ പറഞ്ഞു:
“ഒരു ഉറുമ്പ് കടിച്ചതാ”
“ഓ അതിനാണോ ഇങ്ങനെ കാറിയത്.”
അവനെ നോക്കി പരിഹസിച്ച് ചിരിച്ചിട്ട് ഇറങ്ങി പോയി.
പാമ്പു കടിയേറ്റതിനുശേഷം തനിക്കിപ്പം ഉറുമ്പിന്റെ കടിപോലും ഭയമാണ്. ഉറുമ്പ് കടിച്ചപ്പോള്‍ വീണ്ടും സര്‍പ്പം ആഞ്ഞ് കൊത്തിയതുപോലെ തോന്നിപ്പോയി.
ഉറുമ്പുകള്‍ അച്ചടക്കത്തോടെ വരിവരിയായി എന്തോ വലിയ കാര്യം ചെയ്യാറുളളതുപോലെ തിടുക്കപ്പെട്ട് പോകുന്നതും നോക്കി അവന്‍ കിടന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് കണ്ടത് അവരുടെ എല്ലാവരുടെയും കയ്യില്‍ എന്തോ ചെറിയ സാധനം ഉണ്ട്. എവിടെയോ വീട് പണിത് താമസം മാറാനുളള തന്ത്രപ്പാടിലാണ്. അമ്മ ചായ ഫ്‌ളാസ്‌ക്കുമായി വന്ന് ബെഡിനരികിലത്തെ ജനല്‍പടിയില്‍ ഉറുമ്പിന്‍ കൂട്ടത്തിന് മുകളില്‍ വച്ചപ്പോള്‍ ടോണി അറിയാതെ ഉച്ചത്തില്‍ പറഞ്ഞു:
“അയ്യോ, ചത്തു”
“നീ എന്ത് ചത്തെന്നായീ പറയുന്നേ”
“ഒന്നുമില്ല”
അവന്‍ ഫ്‌ളാസ്‌ക്ക് പൊക്കി നോക്കിയപ്പോള്‍ കുറേ ഉറുമ്പുകള്‍ ചതഞ്ഞരഞ്ഞ് കിടക്കുന്നു. ബാക്കിയുളളവര്‍ ഒരു ദുരന്തം ഉണ്ടായതറിഞ്ഞ് കൂട്ടം തെറ്റി തിക്കി തിരക്കി നാലുപാടും ഓടുന്നു. അവസാനം സംഭവിച്ചത് മനസ്സിലാക്കി അവര്‍ ചത്തവരുടെ അടുത്ത് വന്ന് സഹതപിച്ച് കണ്ണുനീര്‍ വാര്‍ത്തു. ചിലര്‍ ചത്തവരെ പിരിയാന്‍ കഴിയാത്തതു പോലെ വാരിയെടുത്ത് എങ്ങോട്ടെയ്‌ക്കോ പാഞ്ഞു പോകുന്നു.
ആഴ്ചകള്‍ നീണ്ട ഹോസ്പിറ്റല്‍ വാസത്തിനു ശേഷം ശരീരത്തിന് കുറേയൊക്കെ പഴയബലം വീണ്ടെടുക്കാന്‍ കഴിഞ്ഞങ്കിലും കാലില്‍ ഇനിയും അവശേഷിച്ച വേദന ടോണിയെ അലോരസപ്പെടുത്തി.
“സാരമില്ല ടോണി. ഞരമ്പിന്റെ വേദന, അത് പതുക്കയേ മാറൂ”
വെളളാരം കല്ലുകളുടെ മുകളില്‍ കിടന്ന് വേദനയോടെ കാലിലെ ഞരമ്പിന് തടവുന്നത് കണ്ട് ഹനീഫ പറഞ്ഞു.
ഹനീഫ യാത്ര പറഞ്ഞ് കല്ലിന്‍ കൂട്ടങ്ങളെ ഞെരിച്ച് ശബ്ദമുണ്ടാക്കി നടന്നകലുന്നതിന്റെ അലകള്‍ ചെവിയില്‍ നിന്ന് മറഞ്ഞ് തുടങ്ങിയപ്പോള്‍ അവന്‍ മെല്ലെ ഉറക്കത്തിനേക്ക് വഴുതി വീണു.
ഏഴ് വെളളക്കുതിരകളെ പൂട്ടിയ സര്‍പ്പരഥം, പുഴയുടെ ഓളപരപ്പുകളെ വകഞ്ഞു മാറ്റി, ഗന്ധര്‍വ്വന്മാര്‍ക്ക് മാത്രം വശമുളള ഒരു പ്രത്യേക താളത്തില്‍ പാഞ്ഞ് വരുന്നു. അടുത്ത് എത്തിയപ്പോള്‍ അവന്‍ വ്യക്തമായി കണ്ടു. സൂര്യശോഭയോടെ തിളങ്ങുന്ന, നാഗമാണിക്യമുളള രണ്ട് സര്‍പ്പങ്ങള്‍ ഇണ ചേരുന്നു.
രഥം പാഞ്ഞ് വന്ന് തങ്ങളെ ചവിട്ടിഞെരിക്കുമെന്നറിഞ്ഞ് പ്രേതങ്ങള്‍ നിലവിളിച്ചുകൊണ്ട് പുഴയ്ക്ക് അക്കരയ്ക്കത്തെ ഇരുട്ട് കാവല്‍ നില്‍ക്കുന്ന കാട്ടിലൊളിക്കാന്‍ ഒരുങ്ങിയപ്പോള്‍, ഓളങ്ങള്‍ക്കിടയില്‍ നിന്ന് മുല്ലാക്ക ഉയര്‍ന്ന് വന്ന് രഥത്തെ ഭസ്മമാക്കാന്‍ തന്റെ മാന്തിക ഏലസ് നീട്ടി.
“വേണ്ട മുല്ലാക്ക, വേണ്ട. ആ പാവം പ്രണയിനികളെ കൊല്ലരുത്.”
ടോണി ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍ കടവാവലിന്റെ ക്രീ, ക്രീ ശബ്ദവും, പുഴയുടെ ഒഴുക്കിന്റെ താളവുമൊഴിച്ച് എല്ലാം നിശബ്ദം.
തല ചതഞ്ഞ് ജീവനു വേണ്ടി ഇണയുടെ മുമ്പില്‍ കിടന്ന് യാചിക്കുന്ന സര്‍പ്പവും, പ്രതികാര ദാഹത്തോടെ എന്നെ ആഞ്ഞ് കൊത്തിയ ഇണയും ഇനിയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
അവന്‍ എണീറ്റ് പുഴയില്‍ മുങ്ങി കുളിച്ച് മനസ്സിനെ ശാന്തമാക്കിയിട്ട് നേരെ മുല്ലാക്കയെ കബറടക്കിയിരിക്കുന്ന മയ്യത്ത് പറമ്പിലേക്ക് നടന്നു. ആരും നോക്കാന്‍ ഇല്ലാത്തതുകൊണ്ടാവാം മയ്യത്ത് പറമ്പ് ആകെ കാട് പിടിച്ച് കിടക്കുകയാണ്.
ടോണി ഇരുട്ട് വട്ടം പിടിച്ച് തെരുവാ പുല്ലുകളെ വകഞ്ഞു മാറ്റി, നിരനിരയായി പേരില്ലാതെ, ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന ശവക്കല്ലറയിലൂടെ നടന്നപ്പോള്‍ കുറേ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരാള്‍ തങ്ങളെ അന്വേഷിച്ചു വന്നതിന്റെ നിര്‍വൃതി അവന്‍ അവരില്‍ കണ്ടു. മുല്ലാക്കയുടെ കല്ലറ പാതി കാട് വിഴുങ്ങിയതു കണ്ട് അവന് ദുഃഖം തോന്നി. മരണം കേവലം മരണമല്ല. അത് എല്ലാ ഓര്‍മ്മകളുടേയും അവസാനമാണ്. അവന്‍ കാട് മുഴുവന്‍ പിഴുതെടുത്ത് കളഞ്ഞിട്ട് ഇരുട്ടിന്റെ ഓരം പറ്റി മുല്ലാക്കയെ നോക്കി അങ്ങനെ നിന്നു.
“നാളെ ഞാന്‍ തിരിച്ചു പോവുകയാണ്.”
മുല്ലാക്ക ശരിയെന്ന് തലയാട്ടി.
“ഇനിയും വരണം”
“വരും, ഈ പുഴക്കരയും, ഈ മയ്യത്തു പറമ്പും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇത് എന്റെ ഹൃദയത്തിന്റെ ഭാഗമാണ്.”
അവന്‍ മുല്ലാക്കയോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ തൊട്ടടുത്ത ആഞ്ഞിലി മരത്തിന്റെ പഴങ്ങളില്‍ മങ്ങിയ നിലാവെളിച്ചത്തില്‍ തൂങ്ങി കിടക്കുന്ന കടവാവലുകള്‍ അവനെ തിളങ്ങുന്ന കണ്ണുകളോടെ തുറിച്ചു നോക്കി കൊണ്ടിരുന്നു.