ഷിക്കാഗോ: അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം
പഠിക്കുവാന്‍ വേണ്ടി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ
ഫോമാ `ഓണ്‍ലൈന്‍ മലയാളം സ്‌കൂള്‍' മാര്‍ച്ച് 15-ന് തുടങ്ങുമെന്ന് ഫോമാ
പ്രസിഡന്റ് ജോര്‍ജ് മാത്യുവും, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും
അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 2013 -ജനുവരിയില്‍ കേരളാ കണ്‍വെന്‍ഷനില്‍
തുടങ്ങിവെച്ച പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഗ്രാന്റ് കാനിയന്‍
യൂണിവേഴ്‌സിറ്റിയില്‍ കൂടി 1500-ലധികം സ്റ്റുഡന്റ്‌സിന് ആയിരക്കണക്കിന് ഡോളറിന്റെ
ട്യൂഷന്‍ ഇളവ്, വന്‍ വിജയകരമായി നടത്തിയ യംങ് പ്രൊഫഷണല്‍ സമ്മിറ്റ്, ജോബ്
ഫെയര്‍, വിമന്‍സ് ഫോറം കോണ്‍ഫറന്‍സ്, ഹെല്‍ത്ത് ഫെയര്‍ എന്നിവ നടത്തി ചരിത്രം
സൃഷ്‌ടിച്ച ഈ ഭരണസമിതിക്ക് ഈ ഉദ്യമം ഫോമയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി
ചാര്‍ത്തുകയാണെന്ന് ഫോമാ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
മാര്‍ച്ച്
15-ന് തുടങ്ങുന്ന ക്ലാസുകളുടെ ആദ്യ സെമസ്റ്റര്‍ സെപ്‌റ്റംബര്‍ 15-ന് അവസാനിക്കും.
ഇന്ത്യയുടെ പുതിയ അംബാസഡര്‍ ഡോ. എസ് ജയശങ്കര്‍ ഐ.എഫ്.എസ്, ജൂണ്‍ 26-ന് ഫോമാ
കണ്‍വെന്‍ഷനില്‍ നടക്കുന്ന ഗ്രാജ്വേഷന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഫോമാ
ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസുമായി ഷിക്കാഗോയില്‍ നടന്ന മീറ്റിംഗില്‍
വെച്ച് അറിയിക്കുകയുണ്ടായി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. യൂസഫ്
സെയ്‌ദിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ ചടങ്ങില്‍
പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. എസ്. ജയശങ്കര്‍. ഷിക്കാഗോയിലെ ഇന്ത്യന്‍
സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍, വ്യവസായ പ്രമുഖര്‍, വിവിധ അമേരിക്കന്‍
പൊളിറ്റിക്കല്‍ ലീഡേഴ്‌സ് എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഗവര്‍ണര്‍
പാറ്റ് ക്യൂന്‍, യു.എസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍ എന്നിവരുമായും
അംബാസഡര്‍ പ്രത്യേക മീറ്റിംഗുകള്‍ നടത്തി. ഇതുവരെ അദ്ദേഹം യു.എസ്
കോണ്‍ഗ്രസ്‌മാന്‍മാരുമായി ഇന്ത്യാ-യു.എസ് ബന്ധത്തെക്കുറിച്ച് ചര്‍ച്ച
നടത്തിയെന്ന് പറയുകയുണ്ടായി. ഒരു വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ
വളര്‍ന്നുകൊണ്ടിരിക്കുകയാണ്, അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍
ശക്തമാക്കുമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി.
കേരളത്തിലെ
ഏറ്റവും വലിയ മലയാളം ഓണ്‍ലൈന്‍ സ്‌കൂള്‍ ആയ `അറ്റ് ഹോം ട്യൂഷന്‍ കമ്പനിയുമായി'
ചേര്‍ന്നുകൊണ്ടാണ് ഈ സ്‌കൂള്‍ ആരംഭിക്കുന്നത്. അറ്റ് ഹോം ട്യൂഷന്‍ കമ്പനിക്ക്
ഗള്‍ഫ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന്
കുട്ടികള്‍ ഓണ്‍ലൈനില്‍ക്കൂടി മലയാളം പഠിക്കുന്നുണ്ട്.
ഫോമാ മലയാളം
സ്‌കൂളിന്റെ കോര്‍ഡിനേറ്റര്‍ പ്രമുഖ സംഘാടകനും സോഫ്‌റ്റ് വെയര്‍ എന്‍ജിനീയറുമായ
ന്യൂജേഴ്‌സിയിലുള്ള അനില്‍ പുത്തന്‍ചിറയായിരിക്കുമെന്ന് ഫോമാ ട്രഷറര്‍ വര്‍ഗീസ്
ഫിലിപ്പ് അറിയിച്ചു. ഫോമയുടെ മറ്റൊരു ഉദ്യമമായ `മലയാളത്തിന് ഒരുപിടി ഡോളര്‍' എന്ന
പദ്ധതിയുടെ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, വൈസ് ചെയര്‍മാന്‍മാരായ
തോമസ് തോമസ്, വിനോദ് കൊണ്ടൂര്‍, ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ ഈ സംരംഭത്തിന്
എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും, എല്ലാവിധ പിന്തുണയും അറിയിക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുവാനും
ആഗ്രഹിക്കുന്നവര്‍ anil@puthenchira.com or 732 319 6001 -ലോ ബന്ധപ്പെടുക. ഫോമയുടെ
ഭാരവാഹികളായ റീനി പൗലോസ്, രാജു ഫിലിപ്പ്, മനു താണിക്കല്‍, സജീവ് വേലായുധന്‍
എന്നിവര്‍ എല്ലാവിധ പിന്തുണയും ഈ സംരംഭത്തിന് നേരുകയുണ്ടായി.