Image

ചന്ദ്രക്കലപോലെ മെലിഞ്ഞ ചിരി (പുസ്‌തകാസ്വാദനം: റിട്ടേണ്‍ ഫ്‌ളൈറ്റ്‌/റീനി മമ്പലം)

Published on 10 March, 2014
ചന്ദ്രക്കലപോലെ മെലിഞ്ഞ ചിരി (പുസ്‌തകാസ്വാദനം: റിട്ടേണ്‍ ഫ്‌ളൈറ്റ്‌/റീനി മമ്പലം)
എ വി അനില്‍ കുമാര്‍ (ദേശാഭിമാനി)
കടപ്പാട്‌: സ്‌ത്രീ മാസിക


ചരിത്രസംഭവങ്ങള്‍ക്ക്‌ ഏക കാരണം തിരക്കുന്ന പഴയപതിവ്‌ ഇപ്പോഴും പൂര്‍ണ്ണമായി നാടുനീങ്ങിയിട്ടില്ല. ജീവിത സങ്കീണ്ണതകള്‍ വായിച്ചെടുക്കുമ്പോഴും ഈയൊരു പരിമിതികാണാം. മനുഷ്യന്റെ ഭിന്നാവസ്ഥകള്‍ക്ക്‌ ഇനിയും നിര്‍ധാരണം ചെയ്‌തുകഴിഞ്ഞിട്ടില്ലാത്ത ആഴമുണ്ട്‌. റീനി മമ്പലം എഴുതിയ പന്ത്രണ്ട്‌ കഥകളുടെ സമാഹാരമായ `റിട്ടേണ്‍ ഫ്‌ളൈറ്റ്‌' വായിച്ചപ്പോഴുണ്ടായ ആദ്യ വിചാരമാണിത്‌. അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്‌ ആ കഥകള്‍.

പ്രവാസ ജീവിതം അനുഭവക്കുറിപ്പുകളായും കഥകളും കവിതകളുമായും നമുക്ക്‌ മുന്നില്‍ എത്തിയിട്ടുണ്ട്‌. ഡോ. പോള്‍ തോമസ്‌, മുക്കാടന്‍, നിര്‍മ്മല, ബെന്യാമിന്‍, ബാബു ഭരദ്വാജ്‌, ഡോക്ടര്‍ ഓമന ഗംഗാധരന്‍ തുടങ്ങിയവര്‍ പകര്‍ന്നുനല്‍കിയ ജീവിതത്തിന്റെ മറ്റൊരു തലമാണ്‌ റീനി പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. പ്രവാസത്തിന്റെ സാമ്പത്തിക ഉപലബ്ധികളില്‍ മാത്രം അടങ്ങിയിരിക്കുകയും അതിന്റെ വൈകാരികതകള്‍ അവഗണിക്കുകയും ചെയ്യുന്ന) പ്രവണതകള്‍ക്കിടയിലാണ്‌ ഈ കഥാകാരി ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നത്‌.

പ്രവാസത്തിന്റെ സന്ദിഗ്‌ദതകള്‍ക്കും സങ്കീര്‍ണതകള്‍ക്കും ഒരു സ്‌ത്രീപക്ഷ വ്യാഖ്യാനം കൂടിയാവുന്നുണ്ട്‌ റീനിയുടെ രചനകള്‍. ഓര്‍മ്മകളുടെ ഭൂപടം, എഴുത്തിന്റെ വഴികള്‍, സെപ്‌തംബര്‍ 14, ഔട്ട്‌ സോഴ്‌സ്‌ഡ്‌, മലമുകളിലെ മാതാവ്‌, പുഴ പോലെ, ശിശിരം,ഗൃഹലക്ഷ്‌മി, ഇന്നലെകളുടെ മരണം, അമ്മക്കിളികള്‍, കറുത്ത കുപ്പായക്കാരന്‍, റിട്ടേണ്‍ ഫ്‌ളൈറ്റ്‌ എന്നിങ്ങനെ പന്ത്രണ്ട്‌ കഥകളിലും വല്ലാത്ത നിലയിലുള്ള പിടച്ചിലുകളുണ്ട്‌. ശിഹാബുദ്ദിന്‍ പൊയ്‌ത്തുംകടവ്‌ ആമുഖത്തില്‍ ശരിയാം വണ്ണം നിരീക്ഷിച്ചതുപോലെ, പറിച്ചുനടപ്പെടുന്ന സംസ്‌കാരത്തിന്റെ വേദന മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങള്‍, രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രികൃത സങ്കല്‌പനങ്ങള്‍, ഇവയ്‌ക്കിടയില്‍ ഞെരുങ്ങുന്ന സ്‌ത്രീയാലോചനകളുടെ പ്രശ്‌നപരിസരങ്ങള്‍റീനി എഴുതുമ്പോള്‍ ഇവയൊക്കെ കഥാപാത്രങ്ങളായും വേഷപ്പകര്‍ച്ചയാടുന്നുണ്ട്‌. സ്‌ത്രീയെഴുതുമ്പോള്‍ അത്‌ അമേരിക്കയിലായാലും ഇന്ത്യയിലായാലും തീര്‍ച്ചയായും ജനാലകള്‍ തുറക്കാനായുക തന്നെയാണ്‌. കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ചും (ജനാലകള്‍ തുറക്കുന്ന സ്‌ത്രി) സ്‌ത്രീയും പുരുഷനും ജനാലകള്‍ തുറക്കുമ്പോഴുള്ള വ്യത്യസ്‌തതകള്‍ അനുഭവവേദ്യമാക്കുന്നിടത്താണ്‌ റീനിയുടെ കഥകള്‍ ഉജ്വലങ്ങളാകുന്നത്‌. തുറന്നിട്ട ജാലകങ്ങളിലൂടെ ജീവിതത്തിന്റെ വര്‍ണ്ണശബളിമകള്‍ക്കൊപ്പം പാരുഷ്യങ്ങളും കാണുന്നുണ്ട്‌. പനിപിടിച്ച കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്തുവെച്ചപ്പോള്‍ അതിന്റെ അസ്വസ്ഥത പ്രവിന്റെ കുറുകലായി തിരിച്ചറിഞ്ഞ ഗീതാഹിരണ്യന്റെ വാക്കുകള്‍ ഓര്‍ക്കുക.

ആഗോളവല്‍ക്കരാണന്തര ലോകത്തിന്റെ രീതികളും നടപ്പുകളും നിര്‍മ്മിതി ഔചിത്യങ്ങളും അവതരിപ്പിക്കുന്നതിലും റീനിയുടെ കഥകള്‍ നല്ല ശ്രമം നടത്തുന്നുണ്ട്‌. സാങ്കേതിക പദാവലികള്‍ ഉന്നയിച്ചുകൊണ്ടല്ല അതെന്നതും പ്രധാനമാണ്‌. പറിച്ചു നട്ടതിന്റെ വേദനകള്‍ പങ്കുവെക്കുന്നതോടൊപ്പം അതിന്റെ വൈവിധ്യങ്ങളും എഴുതിച്ചേര്‍ക്കുന്നുണ്ട്‌.

സെപ്‌തംബര്‍ 14, ഔട്ട്‌സോഴ്‌സ്‌ഡ്‌. റിട്ടേണ്‍ ഫ്‌ളൈറ്റ്‌ എന്നീ കഥകള്‍ പുതിയ കാലത്തിന്റെ ക്രൗര്യങ്ങളെ സ്‌ത്രീവീക്ഷണത്തില്‍ പുനര്‍വായന നടത്തുകയാണ്‌. `ഓര്‍മ്മകളുടെ ഭൂപടം' എന്ന ആദ്യകഥയുടെ ശീര്‍ഷകം തന്നെ ഈ സമാഹാരത്തിന്റെയാകെ പൊതുപ്രകൃതവും ലോകത്തിന്റെയും രാജ്യത്തിന്റെയും വ്യക്തിയുടെയും ഒര്‍മ്മകളുടെയും ഭൂപടം മാറ്റി വരച്ചുകൊണ്ടിരിക്കുന്നതിന്റെ സാമൂഹ്യ ഉള്ളടക്കം പറയാനാണ്‌ ഉദ്ദേശിക്കുന്നതും. ആഗോളതലത്തില്‍ തന്നെ പൊട്ടിത്തെറികളുണ്ടാക്കിയ സെപ്‌തംബര്‍ 11 സ്‌ത്രീകളെ എങ്ങനെ ബാധിച്ചുവെന്നതിന്റെ വിങ്ങലുകളാണ്‌ സെപ്‌തംബര്‍ 14. എല്ലാ പെണ്ണകങ്ങളിലും ഭയം പൊട്ടിത്തെറിപ്പിച്ച സെപ്‌തംബര്‍ 11ന്റെ ഒരു ഭാഷ്യം.

ഔട്ട്‌ സോഴ്‌സ്‌ഡ്‌, വന്ധ്യതയെ ആരോഗ്യ പ്രശ്‌നത്തിനപ്പുറം വെച്ച്‌ പരിശോധിക്കയാണ്‌. ഭാര്യയുടെ ഗര്‍ഭപാത്രം വാടകക്ക്‌ നല്‍കി ഓട്ടൊ വാങ്ങുന്ന ദിനേശന്‍. വാടക ഗര്‍ഭത്തിന്‌ വിധേയയാകുന്ന ഭാര്യ നിര്‍മ്മല. ഗര്‍ഭപാത്രം വാടകകൊള്ളുന്ന ഉഷ. അവരുടെ അമേരിക്കന്‍ ഭര്‍ത്താവ്‌ എന്നിവരെല്ലാമുണ്ടെങ്കിലും നിര്‍മ്മലയിലൂടെ കഥാകൃത്ത്‌ പറിച്ചുനടലിന്റെയും പാരമ്പര്യത്തിന്റെയും വേദന പങ്കുവെക്കുകയാണ്‌. കഥപറയാന്‍ മറ്റൊരു കഥ എന്ന പരീക്ഷണത്തിന്റെ വിജയമുദ്ര കൂടിയാണിത്‌. ഔട്ട്‌സോഴ്‌സ്‌ഡ്‌ എന്ന ശീര്‍ഷകം അതികൃത്യവും മനോഹരവുമാണ്‌.

`എഴുത്തിന്റെ വഴികള്‍' മനുഷ്യബന്ധത്തിലെ അനിര്‍വചനീയമായ കയറ്റിറക്കങ്ങള്‍ അതിമനോഹരമായി അനുഭവവേദ്യമാക്കുന്നുണ്ട്‌. ഭര്‍ത്താവിനും മക്കള്‍ക്കും പുറമെ മൂന്നാമതൊരു വ്യക്തിയെ തേടിയലയുകയാണ്‌ നായിക. സത്യം ഇഴപിരിച്ചെടുക്കുന്ന ഏകാന്ത പാതയാണത്‌. ആദ്യം വിക്ടോറിയ. അവര്‍ നല്‍കിയ ചെടിച്ചട്ടിയിലെ ചെടി. പിന്നീട്‌ അജ്ഞാതനായ കാമുകന്‍. ഇത്തരമൊരു തിരഞ്ഞെടുപ്പിന്റെ ഇടം പരമ്പരാഗത സമൂഹം സ്‌ത്രീകള്‍ക്ക്‌ നല്‌കുന്നേയില്ല. അഗാധമായ കുഴല്‌ക്കിണര്‍പോലെയാണ്‌ ഇതില്‍ ?അവളുടെ? റഫ്രിജറേറ്റര്‍. എത്രയെത്ര ഉദ്യമിച്ചാലും അടിത്തട്ടു കാണാനാവാത്തതുപോലെ.

സ്‌ത്രീയെമിക്കപ്പോഴും മൃദുവായും മറ്റുചിലപ്പോള്‍ പുരുഷന്റെ നിര്‍വചനങ്ങള്‍ക്കപ്പുറം കഠിനമായും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയുമാണ്‌ റീനി മമ്പലം. കേരളത്തില്‍ നിന്ന്‌ എഴുതുന്ന കഥാകാരികളെക്കാള്‍ കൊതിപ്പിക്കുന്ന ചില രൂപീകരണങ്ങള്‍കൊണ്ടും ഈ സമാഹാരം ശ്രദ്ധേയമാണ്‌. തീരത്തിന്റെ ഒരു കഷ്‌ണവുമായി മറഞ്ഞ തിര (ഓര്‍മ്മകളുടെ ഭൂപടം) ചീനഭരണിയിലെന്നപോല്‍ മൂടിക്കെട്ടിയിരിക്കുന്ന നല്ല വാക്കുകള്‍ (എഴുത്തിന്റെ വഴികള്‍)അവര്‍ക്ക്‌ കൂട്ടിരുന്ന കാഫറ്റീരിയ തണുത്ത കാപ്പിക്കപ്പുകള്‍, (സെപ്‌തംബര്‍ 14) ചന്ദ്രക്കലപോലെ നീണ്ടുമെലിഞ്ഞ ചിരി (ഔട്ട്‌സോഴ്‌സ്‌ഡ്‌) കൂട്ടിയിട്ടും കിഴിച്ചിട്ടും പൂജ്യത്തിലവസാനിച്ച ബന്ധം, ( ഇന്നലെകളുടെ മരണ) തുടങ്ങിയവ ഉദാഹരണങ്ങള്‍. ?.....കാറ്റടിച്ച്‌ തീപ്പൊരിയില്‍ വീണ്‌ ആളിക്കത്തുന്ന കരിയിലകള്‍ പോലെയാണ്‌ സുഹൃദ്‌ ബന്ധങ്ങള്‍ , കാറ്റ്‌ എപ്പോള്‍ ഏതുദിശയില്‍ വീശുമെന്ന്‌ അറിയില്ല. ആളിക്കത്തി ഊര്‍ജ്ജംതീര്‍ന്ന്‌ ചാരമായിത്തീര്‍ന്നാലും തൂവലിന്റെ മൃദുലതയോടെ മഞ്ഞിന്റെ കുളിര്‍മയോടെ നെഞ്ചിലേറ്റി ജീവിതകാലം മുഴുവന്‍ കൊണ്ടു നടക്കാനാവണം. മരിക്കുമ്പോള്‍ നമ്മോടൊപ്പം ചാരമായി, ഭൂമിയുടെ അഴുക്കായി മണ്ണിലലിയണം. ......(എഴുത്തിന്റെ വഴികള്‍) എന്ന സന്ദേശം ഒരു ഋജുപ്രസ്‌താവമാണെന്ന്‌ പുറമേക്ക്‌ തോന്നാമെങ്കിലും അതിലൊരു ജീവിതവീക്ഷണം അടക്കം ചെയ്‌തിട്ടുണ്ട്‌.
ചന്ദ്രക്കലപോലെ മെലിഞ്ഞ ചിരി (പുസ്‌തകാസ്വാദനം: റിട്ടേണ്‍ ഫ്‌ളൈറ്റ്‌/റീനി മമ്പലം)
ചന്ദ്രക്കലപോലെ മെലിഞ്ഞ ചിരി (പുസ്‌തകാസ്വാദനം: റിട്ടേണ്‍ ഫ്‌ളൈറ്റ്‌/റീനി മമ്പലം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക