ഇന്ന് മാര്‍ച്ച് ഒന്നാം തിയതി, ശനിയാഴ്ച: മോന്റെ അഞ്ചാമത്തെ പത്ത് മൈല്‍ ഹൈക്കിംഗ് ആണ്.
മോന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു, ബോയ് സ്‌കൌട്ടിലെ അംഗമാണ്. കുട്ടികളില്‍ ഹൈക്കിംഗിനും മറ്റും താല്‍പ്പര്യമുണ്ടാകാന്‍ അവര്‍ പ്ലാന്‍ ചെയ്ത അഞ്ച് 10 മൈല്‍ ഹൈക്കിങ്ങും, ഒരു 20 മൈല്‍ ഹൈക്കിങ്ങും ഇതുവരെ മൊത്തം അറുപത് മൈല്‍ പൂര്‍ത്തിയാക്കി, ഇനിയുള്ള പത്ത് മൈല്‍ കൂടി കഴിഞ്ഞാല്‍ അവന് പുതിയൊരു ബാഡ്ജ് കിട്ടും. ഇത്, ഈ വര്‍ഷം പ്ലാന്‍ ചെയ്ത അവസാനത്തെ ഹൈക്കിങ്ങ് ആണ്. ഇതു മുടങ്ങിയാല്‍ ഇനി ഒരു വര്‍ഷം കൂടെ കാത്തിരിക്കണം.
കാലാവസ്ഥാ പ്രവചനം നല്ല മഴയായിരിക്കുമെന്നാണ്. പലപ്പോഴും ഹൈക്കിങ്ങിനു തിരഞ്ഞെടുക്കുന്ന വഴികള്‍ അല്‍പ്പം പ്രയാസമുള്ളതായിരിക്കും ഇപ്രാവശ്യം തിരഞ്ഞെടുത്തിരിക്കുന്ന വഴിയില്‍ ആയിരം അടിയിലേറെ ഉയരമുള്ള കയറ്റമുണ്ട്, അതും ഒന്നിലേറെ. നല്ല തയ്യാറെടുപ്പില്ലെങ്കില്‍ വളരെ അപകടവുമാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഒക്കെ കരുതിയിരിക്കണം. പിന്നെ കുട്ടികളെ മറ്റൊരാള്‍ സഹായിക്കാനും സമ്മതിക്കില്ല. അവരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതിയുടെ ഭാഗവും കൂടെയാണ് ഈ പരിശീലനം.
ഇതെല്ലാമോര്‍ത്തപ്പോള്‍ ശരിയ്ക്ക് ഉറക്കവും വന്നില്ല. കുറച്ചു നേരം മോന്റെ മുറിയില്‍ അവന്റെ കൂടെപ്പോയി കിടന്നു. കാറ്റ് വളരെ ശക്തിയില്‍ ഊതുന്നതു കേള്‍ക്കാം. പുറത്തിറങ്ങി നോക്കി, മഴ പെയ്യരുതേയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു വീണ്ടും നോക്കി. ഇരുണ്ട കാര്‍മേഘങ്ങള്‍. മഴ പെയ്യാതെ ഇതു പോകുമെന്ന് തോന്നുന്നില്ല. ട്രൂപ്പ് മാസ്റ്ററെ വിളിക്കാം. ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല.
'അപ്പാ ആര്‍ വി ഗോയിങ്ങ്? ഇറ്റ് ഈസ് ടൂ റിസ്‌കി ടു ഹൈക്ക് ഇന്‍ ദിസ് വെതര്‍.'
മനസ്സൊന്നു പാളി, ശരിക്കും പോകണമായിരുന്നോ. ഭാര്യ മാസങ്ങളായി ഹാഫ് മാരത്തോണ്‍ ഓടാന്‍ പരിശീലിക്കുന്നു. രാവിലെ മൂന്നു മണിക്ക് അവളേയും പറഞ്ഞുവിട്ടു. മോള്‍ക്ക് അവളുടെ കോറസിന്റെ പ്രാക്ടീസ്. അവളെ വേറൊരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ആക്കിയിട്ടു വേണം എനിക്കും മോനും ഹൈക്കിങ്ങിനു പോകാന്‍.
വണ്ടിയില്‍ കയറുന്നതിനു മുന്‍പ് വീണ്ടും പ്രാര്‍ത്ഥിച്ചു: നാഥാ വീണ്ടും ഒരു കൂടിവരവിന് കുടുംബമായി കരുതണമേയെന്നും, മാരത്തോണ്‍ ഓടുന്ന ആയിരക്കണക്കിന് ആളുകളേയും,ട്രൂപ്പിലെ ഓരോ കുഞ്ഞുങ്ങളേയും ട്രൂപ്പ് മാസ്റ്ററിനേയും ഒക്കെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഒന്നും നമ്മുടെ കൈയ്യിലല്ലല്ലോ. എപ്പോള്‍ വേണമെങ്കിലും ഒരപകടം വരാം. പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയും കൂടിയാകുമ്പോള്‍.
ആറരക്ക് തന്നെ അടുത്തുള്ള പള്ളിയുടെ അങ്കണത്തിലെത്തി. എല്ലാവര്‍ക്കും അല്‍പ്പം പേടിയില്ലാതില്ല, പക്ഷേ എങ്ങനെയും ഹൈക്കിംഗ് നടത്താന്‍ തന്നെ ഭൂരിഭാഗവും തീരുമാനിച്ചു. കുറച്ചു കൂടി സമതലപ്രദേശം തിരഞ്ഞെടുത്തു. താമസിയാതെ ഹൈക്കിംഗ് തുടങ്ങി.
ഏകദേശം പകുതി വഴി ആയപ്പോള്‍ മോന്‍ ആകെ തളര്‍ന്നു. പക്ഷെ ഇതെങ്ങനേയും തീര്‍ത്തേ പറ്റൂ. അതല്ലെങ്കില്‍ അവന്‍ ഇത്രയും നാള്‍ കഷ്ടപ്പെട്ടതു വെറുതെയാകും.
മറ്റുള്ള കുട്ടികള്‍ വളരെ മുന്നിലാണ്. അവന്റെ ക്ഷീണം വെള്ളം കുടിയ്ക്കാന്‍ കൊടുത്തു, ഓരോരോ കഥകളും പറഞ്ഞു പതിയെ നടന്നു. താമസിയാതെ ആദ്യ പാദം തീര്‍ന്നു. ഞങ്ങള്‍ കാറിന്റെ അടുക്കല്‍ വന്നു. ഇതുവരെയും മഴ പെയ്തില്ല. ഏതായാലും ഈ ജാക്കറ്റ് ഇനി ആവശ്യം വരില്ലായിരിക്കാം. മോന് കുറച്ചു ഭാരവും കുറയുമല്ലോ എന്നോര്‍ത്ത് ജാക്കറ്റ് ഊരി കാറില്‍ വച്ചു. റോഡു ക്രോസ് ചെയ്ത് ഒരു നാലു മൈലും കൂടി ഹൈക്ക് ചെയ്യണം.
ഇതിനിടയില്‍ ഭാര്യ മാരത്തോണ്‍ പൂര്‍ത്തിയാക്കിയതിന്റെ വിവരവും വന്നു. മോന് വലിയൊരു പ്രചോദനമായിരുന്നു ആ വാര്‍ത്ത!. 'ഐ അം റീയലി പ്രൌഡ് ഓഫ് മൈ മാം.' അവന്‍ എങ്ങനേയും അമ്മയുടെ അടുത്തു ചെല്ലാനുള്ള ഉത്സാഹത്തിലുമായിരുന്നു.
അടുത്ത പാദം ഹൈക്കിംഗ് ഒരു മൈല്‍ പിന്നിട്ടപ്പോള്‍ ശക്തമായ മഴ. എന്തു ചെയ്യുമെന്നൊരു പിടിയുമില്ല. കയറി നില്‍ക്കാന്‍ ഒരു മരം പോലുമില്ല. ശരിക്കും കുറ്റിക്കാടു മാത്രം. എല്ലാവരും അവരവരുടെ 'പൊഞ്ചൊ' എടുത്തിട്ടു. ഞങ്ങള്‍ രണ്ടാള്‍ക്കും ഒന്നുമില്ല. എല്ലാം തിരികെ കാറില്‍ വച്ചിരുന്നു. ആദ്യം വിധിയെ പഴിച്ചു. പിന്നെ മോനോടു പറഞ്ഞു, 'നീ പ്രാര്‍ത്ഥിച്ചാല്‍ മഴ മാറും'.
അവനതു വിശ്വസിച്ചു, പ്രാര്‍ത്ഥിച്ചു: 'ജീസസ്, പ്ലീസ് സ്‌റ്റോപ്പ് ദി റെയ്ന്‍...സാം നീഡ്‌സ് യുവര്‍ ഹെല്‍പ്...'
കൂട്ടുകാരും ട്രൂപ്പ് മാസ്റ്ററും ചിരിച്ചു. പക്ഷെ അത്ഭുതം പ്രവര്‍ത്തിക്കാതെ പറ്റില്ലല്ലോ. ഞാനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു, 'ദൈവമേ ഇവിടെ ഇവനെ തളര്‍ത്തരുതേ'. എവിടുന്നോ ഒരു കാറ്റു വന്നു, മഴ മാറി. കുട്ടികള്‍ പറഞ്ഞു, 'സാം, നീ കൊള്ളാമല്ലോ'. അവനൊന്നും പറഞ്ഞില്ല, മിണ്ടാതെ ഹൈക്കിംഗ് തുടര്‍ന്നു.
'അപ്പാ, അയാം ഫീലിംഗ് റ്റയേഡ്.' അവന്‍ പ്രാര്‍ത്ഥിച്ചു, 'ജീസസ്, കീപ് മി സേഫ് ആന്‍ഡ് ഹെല്‍ത്തി ഡ്യുറിംഗ് ദിസ് ഹൈക്.' പിന്നെ വീണ്ടും നടന്നു. ചെളിയില്ലാത്ത, അല്‍പ്പം മണലുള്ള ഭാഗത്ത് എല്ലാവരും
അല്‍പ്പം വിശ്രമിക്കാനിരുന്നു.
അതുവരെയും ആ വഴിയില്‍ ആരെയും ഞങ്ങള്‍ കണ്ടിരുന്നില്ല. പക്ഷേ, ഇവിടെ ചെറിയൊരു ടെന്റ്. അതിനുള്ളില്‍ മൂന്നുനാലു പേര്‍ ഇരിക്കുന്നു. അവിടെയവര്‍ സ്ഥിരമായി താമസിക്കുന്നതുപോലെ തോന്നി. അല്ല, ഇവിടെ ആളുകള്‍ ക്യാമ്പു ചെയ്യുമോ? അതനുവദനീയമാണോ?
സാം അവന്റെ ട്രൂപ്പ് മാസ്റ്ററോടു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അവര്‍ ഒരു തരത്തില്‍ ക്യാമ്പു ചെയ്യുകയാണ്, വര്‍ഷം മുഴുവന്‍.'
'എന്നു പറഞ്ഞാല്‍?' സാം ആകാംക്ഷയോടെ ചോദിച്ചു.
'അവര്‍ 'ഹോംലെസ്സ്' ആളുകളാണ്. അവര്‍ക്ക് കയറിക്കിടക്കാന്‍ വീടൊന്നുമില്ല.'
'അപ്പോള്‍ അവര്‍ ഈ കൊടുംചൂടില്‍ മരിച്ചു പോകില്ലേ? നാല്‍പ്പത്തിരണ്ടുമുതല്‍ നാല്‍പ്പത്തിയഞ്ചുവരെ സെന്റിഗ്രേഡ് ചൂടു വരുന്ന സ്ഥലത്ത് അവരെങ്ങനെ താമസിക്കും?' അവന്‍ വളരെ വിഷമിക്കുന്നതു ഞാന്‍ കണ്ടു.
'അപ്പാ, ഹൌ മച്ച് മണി ഈസ് റിക്ക്വയേഡ് ടു റണ്‍ എ ഫാമിലി?'
'ഇറ്റ് ഡിപെന്റ്‌സ് ഓണ്‍ വാട്ട് കൈന്റോഫ് ലൈഫ് യു നീഡ്,' ഞാന്‍ മറുപടി പറഞ്ഞു.
'ഹൌ മച്ച് മണി ഡു യു ഗെറ്റ് ആന്‍ഡ് സ്‌പെന്റ്?'
ശരിക്കും വിയര്‍ത്തു പോയി. കിട്ടുന്നതെത്രയാണെന്നറിയാം. പക്ഷെ ചിലവാക്കുന്നതിന് ശരിക്കും കണക്കുണ്ടോ? അല്ല, കണക്കു വയ്ക്കാന്‍ ശ്രമിച്ചിരുന്നോ? ഇല്ല, ഇല്ല എന്ന ഉത്തരം എന്നെ വല്ലാതെ അലട്ടി. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓടി നടന്നപ്പോള്‍, എനിക്കുള്ളതു പോലും കണക്ക് വയ്ക്കുവാന്‍ മറന്നു പോയി.
'അപ്പാ വാട്ട് ആര്‍ യു തിങ്കിങ്ങ്?'
'നോ നത്തിംഗ്. ഹോണെസ്റ്റ്‌ലി, ഐ ഡോണ്ട് ഹാവ് ആന്‍ ആന്‍സര്‍ ഫോര്‍ യു.'
'ഇറ്റീസോക്കേ അപ്പാ. ഐ ജസ്റ്റ് ആസ്‌ക്ഡ്. യു ഡോണ്ട് നീഡ് ടു ആന്‍സര്‍.'
കയറിക്കിടക്കാനൊരു വീടെങ്കിലും നമുക്കുണ്ടല്ലോ, ഇവരെന്തു ചെയ്യും? അതെ നമുക്കുള്ളതൊന്നും പോരാ, വീണ്ടും കൂടുതല്‍, കൂടുതല്‍ കിട്ടണം. ഒന്നും ഒരിക്കലും മതിയാകില്ല. എന്നാലിവര്‍ക്കാകട്ടെ, ഒരസുഖം
വന്നാല്‍ ആരെ വിളിക്കും, ആര് അവരെ പരിചരിയ്ക്കും?
ഒന്നിനും ഉത്തരമില്ല.
രാത്രിയില്‍ മോന് ശക്തിയായ വയറു വേദന. അവസാനം എമര്‍ജന്‍സിയില്‍ പോകാന്‍ ഡോക്ടര്‍ ഫോണിലൂടെ ഉപദേശിച്ചു. അവിടെ ചെന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി,തണുപ്പുണ്ടായിരുന്നതിനാല്‍ അവന്‍ ഹൈക്കിംഗ് സമയത്ത് അധികം വെള്ളം കുടിച്ചിരുന്നില്ല. ഡീഹൈഡ്രേഷന്‍ മൂലം വന്നതാണ്. കുറച്ചു മരുന്നും തന്ന് രണ്ടു ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ച് വീട്ടിലേയ്ക്കു പറഞ്ഞു വിട്ടു.
'അപ്പാ, എനിക്ക് ഒന്നിനും വിശപ്പില്ല. പക്ഷെ നല്ല എരിവുള്ള കപ്പ് നൂഡില്‍സ് കിട്ടിയാല്‍ തിന്നാമെന്നാ തോന്നുന്നത്. വാള്‍മാര്‍ട്ടില്‍ കിട്ടും, അതുമതിയെനിക്ക്.' മോന്‍ പറഞ്ഞു.
'ശരി, ഞാന്‍ വാങ്ങിച്ചോണ്ട് വരാം.'
അങ്ങനെ കാറെടുത്ത് വാള്‍മാര്‍ട്ടില്‍ പോയി. അവിടെ ഷെല്‍ഫില്‍ പല തരത്തിലുള്ള നൂഡില്‍സ് ഇരിക്കുന്നു. മോന്‍ പറഞ്ഞ ബ്രാന്റ് തപ്പി.
അപ്പോള്‍ എന്റെ പുറകിലൊരാള്‍. കണ്ടാല്‍ നല്ലൊരു ചെറുപ്പക്കാരന്‍. അവിടെത്തന്നെ ജോലി ചെയ്യുന്നയാളാണെന്നു തോന്നി. അയാള്‍ ചോദിച്ചു: 'എക്‌സ്‌ക്യൂസ് മി, മേ ഐ ടേക്ക് വണ്‍കപ്പ്?'
'ഷുവര്‍, പ്ലീസ് ഗോ എഹെഡ്' ഞാന്‍ പറഞ്ഞു. മോന്‍ ഇനി മോളുമായി വഴക്കു പിടിയ്ക്കാനിട വരുത്തേണ്ട, ഒരു പെട്ടി തന്നെ എടുത്തേക്കാം. പന്ത്രണ്ടെണ്ണത്തിന് മൂന്നു ഡോളര്‍.
അതുമെടുത്ത് കൌണ്ടറില്‍ ചെന്നപ്പോള്‍ എന്റെ മുന്നില്‍ നൂഡില്‍സിന്റെ ഒരു കപ്പുമായി മുന്‍പേ കണ്ട ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. ഇതു മാത്രം വാങ്ങാനായി ഒരാള്‍ കടയില്‍ വരുമോ?എന്റെ ആകാംക്ഷ
അയാളിലായി. അയാള്‍ പോക്കറ്റില്‍ നിന്ന് കുറച്ചു ചില്ലിപ്പൈസയെടുത്ത് അവിടെ തനിയെ ചെക്ക് ചെയ്യുന്ന മെഷീനില്‍ നിക്ഷേപിക്കുന്നു. ഇരുപത്തെട്ട് സെന്റു വേണം. ഇരുപത്തിയഞ്ചു വരെ അതില്‍ കാണിക്കുന്നു.
അയാള്‍ എല്ലാ പോക്കറ്റുകളും തപ്പി ആ മൂന്നു സെന്റും ഇട്ടു. അവിടുന്നയാള്‍ നേരെ വാള്‍മാര്‍ട്ടില്‍ തന്നെയുള്ള സബ്‌വേയില്‍ നിന്നു വെള്ളം വാങ്ങി കപ്പില്‍ ഒഴിച്ച് നൂഡില്‍സ് പാകമാകുവാന്‍ നോക്കിയിരിക്കുന്നു.
എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി, ഇതെഴുതുമ്പോഴും.
ദൈവം തന്ന സൌഭാഗ്യങ്ങളൊന്നും നമുക്കു മതിയാകാതിരിയ്ക്കുമ്പോള്‍, ഇതാ, ഇവിടെയൊരാള്‍ ആരോടും പരാതി പറയാതെ ഇരുപത്തിയെട്ടു സെന്റു കൊണ്ട് ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നു. അയാള്‍ വേലയെടുക്കുന്നത് കുറച്ചേ കാണൂ. പക്ഷെ ഒന്നെനിക്കറിയാം അയാള്‍ ജീവിതത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചവനാണ്.
കുഞ്ഞുങ്ങളെ പണത്തിന്റെ വില എന്തെന്നറിയിക്കാതെ പല രീതിയില്‍ നാം വാരിക്കോരി പാഴ്‌ച്ചെലവുകള്‍ ചെയ്യുമ്പോഴൊക്കെ നമ്മളവരെ നശിപ്പിക്കുകയാണെന്നു നാം മനസ്സിലാക്കാതെ പോകുന്നു.
ജീവിതത്തിന്റെ യഥാര്‍ത്ഥമുഖം കാണുവാന്‍ അവര്‍ക്കവസരം കൊടുത്താല്‍ അവര്‍ ഉത്തരവാദിത്വബോധമുള്ള കുട്ടികളായി ജീവിക്കുമെന്നു മാത്രമല്ല, പട്ടിണിയും പാര്‍പ്പിടവും വസ്ത്രവും പരിചരണവും എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു പുതിയ സംസ്‌കാരം അവര്‍ വളര്‍ത്തിയെടുക്കുകയും ചെയും. പഴയതിനെ ഓര്‍ത്തിട്ട് കാര്യമില്ല. ദൈവം തന്ന താലന്തുകള്‍ ശരിയായി വിനിയോഗിച്ചില്ലെങ്കില്‍ അതൊക്കെ എടുത്ത് മാറ്റപ്പെടും.
വാല്‍ക്കഷ്ണം: ഇപ്പോള്‍ മോനാണ് വീട്ടില്‍ കണക്കെഴുതുന്നത്. എല്ലാവരും അവരവരുടെ കണക്കുകള്‍ അവനെ എല്‍പ്പിക്കണം. ഇപ്പോഴൊന്നും ഒളിക്കാനില്ല, അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തേ പറ്റൂ. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും വൃത്തികേട് കാണിക്കാമെന്ന പഴഞ്ചൊല്ലൊക്കെ പണ്ട്. കാലം മാറുകയാണ്.
സ്‌നേഹപൂര്‍വം
ചെറിയാന്‍ ജേക്കബ്