Image

നമുക്കും ഒരു പങ്ക്‌ വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍! (ജോണ്‍ മാത്യു)

Published on 31 March, 2014
നമുക്കും ഒരു പങ്ക്‌ വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍! (ജോണ്‍ മാത്യു)
സ്ഥിതിസമത്വവാദത്തിന്റെ രാഷ്‌ട്രീയ വശത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊന്ന്‌ വേണമെന്ന്‌ ആഗ്രഹിക്കുന്നവരല്ലേ അധികം പേരും. സമൂഹവും മതങ്ങളും സ്വപ്‌നം കാണുന്നതും പ്രസംഗിക്കുന്നതും, അതൊരു മാവേലിഭരണമായാലും ദൈവരാജ്യമായാലും, മാനുഷ്യരെല്ലാം തുല്ല്യരായി വാഴുന്ന കാലം തന്നെ. ഇത്‌ പ്രായോഗികമല്ലെന്ന്‌ നമുക്കറിയാം. പക്ഷേ, ഒരു സമത്വനാളുകള്‍ നമ്മില്‍ ചിലര്‍ക്കെങ്കിലും നേരായും അനുഭവപ്പെട്ടിട്ടുണ്ടോ?

`ഉണ്ട്‌' എന്ന്‌ ഞാന്‍ തറപ്പിച്ചങ്ങ്‌ പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്തോ? ഇതൊരു ഭാവനയൊന്നുമല്ല, യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചതുതന്നെ. ഒരു പക്ഷേ ഇനിയും ആവര്‍ത്തിക്കാന്‍ അസാദ്ധ്യമായതും!

കാടു കയറുന്നില്ല, നമ്മുടെ കുടിയേറ്റത്തിന്റെ തുടക്കനാളുകളെപ്പറ്റിത്തന്നെയാണ്‌ എഴുതുന്നത്‌. കഴിഞ്ഞകാലങ്ങള്‍ നൂറു ശതമാനവും തികഞ്ഞതായിരുന്നെന്നൊന്നും പറയുന്നില്ല. പക്ഷേ, ഇന്ന്‌ എവിടെയെങ്കിലും ഒരപശബ്‌ദമുണ്ടാകുമ്പോള്‍, `കണ്ടില്ലേ, എല്ലാം നശിച്ചിരിക്കുന്നു. പണ്ടൊക്കെ ഇങ്ങനെയല്ലായിരുന്നു, ഇതാ മൂല്യത്തകര്‍ച്ച', പ്രതികരണങ്ങള്‍ ഇങ്ങനെ പോകുന്നു.

ആദ്യകാലത്ത്‌, കുടിയേറ്റത്തിന്റെ തുടക്കത്തിലെ ചിത്രം! അതുതന്നെ പറഞ്ഞുകൊണ്ടാണ്‌ ലേഖനം തുടങ്ങിയത്‌. എല്ലാവര്‍ക്കും മുപ്പതില്‍ക്കുറഞ്ഞ പ്രായം. ഏതാണ്ട്‌ ഒരേ വരുമാനം, ഒരുപോലെയുള്ള പാര്‍പ്പിടം. ആകപ്പാടെയുണ്ടായിരുന്ന `പൊങ്ങച്ചം' വാങ്ങിയ കാറിന്റെ നിറത്തെപ്പറ്റിയായിരുന്നെന്നുമാത്രം. രോഗമില്ല, മരുന്നുവേണ്ട, മരണമാണെങ്കില്‍ കേട്ടുകേള്‍വിപോലുമില്ലായിരുന്നു. അതേ, കാലനില്ലാത്ത കാലം! ഈയൊരു നാളുകള്‍ കാണുകയും അതില്‍ ജീവിക്കാന്‍ കഴിഞ്ഞതുമാണ്‌ എന്റെയും അന്ന്‌ ഒപ്പം കുടിയേറിയവരുടെയും ഭാഗ്യം.

ഒരു പാതി നൂറ്റാണ്ട്‌ അത്ര ചെറിയ കാലമൊന്നുമല്ല. ഇതിനിടെ എന്തെന്തു മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കഴിവിനും പരിശ്രമത്തിനും ഭാഗ്യത്തിനും അനുസരിച്ച്‌ ജനം വിവിധ തട്ടുകളിലെത്തിക്കൊണ്ടിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഇന്നും നമ്മുടെ സമൂഹം മാതൃകതന്നെയാണ്‌, അതൊരുപക്ഷേ നാമൊക്കെ പഴയ ലോകത്തിന്റെ ചില പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതുകൊണ്ടുമാകാം. ഈ ഉയര്‍ന്നനിലവാരം തുടര്‍ന്നും പുലര്‍ത്തണമെന്നും ആഗ്രഹിക്കുന്നതുകൊണ്ടുമാകാം ദുരൂഹസാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്ക്‌ ദുരന്തങ്ങളുണ്ടാകുമ്പോള്‍ അത്‌ സമൂഹത്തിലൊട്ടാകെ ചര്‍ച്ചാ വിഷയമാകുകയും വ്യാകുലപ്പെടുകയും ചെയ്യുന്നത്‌. ഒന്നോര്‍ക്കണം, അമേരിക്കയില്‍ എവിടെയൊരു ദുരന്തമുണ്ടായാലും എല്ലാ മലയാളികളും മനസ്സുകൊണ്ടെങ്കിലും അതില്‍ പങ്കാളികളായി സഹതപിക്കുന്നത്‌ നമ്മുടെ സമൂഹത്തിന്റെ ഇന്നും നശിച്ചിട്ടില്ലാത്ത നന്മയെയും കരുതലിനെയുമല്ലേ കാണിക്കുന്നത്‌.

അതൊരു വശം മാത്രം. ചില കുറ്റപ്പെടുത്തലുകള്‍ അവിടവിടെ കേള്‍ക്കുന്നത്‌ ആശങ്കകൊണ്ടാണെന്നും മലയാളി സ്വഭാവമാണെന്നും സമാധാനിക്കാമെങ്കിലും അതിനും ശ്രദ്ധകൊടുത്തേ തീരൂ. കുഞ്ഞുങ്ങള്‍ക്ക്‌ അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കരുതെന്നുതന്നെയാണ്‌ എല്ലാവരുടെയും ആഗ്രഹം, പ്രാര്‍ത്ഥന! പക്ഷേ, മനുഷ്യസ്വഭാവം, അതിന്റെ പ്രതികരണങ്ങള്‍ ഇവയൊക്കെ എല്ലായിടത്തും ഒരുപോലെയല്ലല്ലോ. ഒരു പ്രത്യേക രീതിയില്‍ മാതാപിതാക്കള്‍ പെരുമാറണമെന്ന്‌ പറയാന്‍ ഞാനാളല്ല. കുട്ടികള്‍ക്ക്‌ ശ്രദ്ധ കൊടുക്കുന്നില്ല, `നിലവാരമുള്ള സമയം' അവരുടെയൊപ്പം ചെലവഴിക്കുന്നില്ല, അല്ലെങ്കില്‍ ധനസമ്പാദനത്തിന്‌ അമിതപ്രാധാന്യം കൊടുക്കുന്നു. ഇവയൊക്കെ എവിടെയും ചേര്‍ത്തു വെക്കാവുന്ന ആരോപണങ്ങള്‍ത്തന്നെ. വ്യക്തികളുടെ വിവിധ സ്വഭാവങ്ങള്‍, മാനസികാവസ്ഥ, നിര്‍ഭാഗ്യം കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത്‌ അത്ര എളുപ്പമാണോ?

ഇനിയും മറ്റൊന്ന്‌, ഒരു ദുരന്തമുണ്ടാകുമ്പോള്‍ പലരും ചോദിക്കുന്നത്‌ കേള്‍ക്കാം എവിടെ നമ്മുടെ മലയാളി സംഘടനകളെന്ന്‌. നമ്മുടെ ജനസംഖ്യാ വര്‍ദ്ധനവിന്‌ ആനുപാതികമായി സംഘടനകളുടെ എണ്ണം കൂടുതലായിരിക്കാം, പക്ഷേ, യോഗ്യതയിലും കഴിവിലും അംഗബലത്തിലും നമ്മുടെ സംഘടനകള്‍ പ്രകടിപ്പിക്കുന്നത്‌ പാപ്പരത്തമാണെന്ന്‌ പറഞ്ഞേതീരൂ. പ്രസിഡന്റ്‌, സെക്രട്ടറി, ലോഗോ, ഭരണഘടന എന്നിവയ്‌ക്കു ചുറ്റും കറങ്ങുന്ന സംഘടനകളാണ്‌ അധികവും. ഇനിയും അഞ്ചോ പത്തോ സംഭാവനചെയ്‌ത്‌ ഏതെങ്കിലുമൊരു സംഘടനയില്‍ അംഗത്വമെടുക്കാന്‍ വിമുഖത കാണിക്കുന്നവരാണ്‌ നമ്മള്‍ ബഹുഭൂരിപക്ഷമെന്നത്‌ മറ്റൊരു ദുഃഖസത്യവും. അതുപോലെ പ്രഫഷണലായ സാമൂഹിക വക്താക്കള്‍ (Community Activists) എന്നൊരു കൂട്ടര്‍ നമുക്കില്ലേയില്ല. അവരെ താങ്ങാനുള്ള കരുത്തും നമ്മുടെ സമൂഹത്തിനില്ലല്ലോ. ഏതെങ്കിലുമൊരുകാലത്ത്‌ മലയാളി സമൂഹം അതിനുള്ള ശക്തിനേടുമെന്നും വിശ്വസിക്കാന്‍ കഴിയുമോ? നമ്മുടെ പ്രതീക്ഷക്ക്‌ അപ്പുറമായി, അതിവേഗത്തില്‍, മലയാളികള്‍ ഇന്ന്‌ അമേരിക്കന്‍ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കുന്നു.

ഒരു കാര്യം ഓര്‍മ്മിക്കുക, കൂട്ടമായ കുടിയേറ്റം തുടങ്ങിയതിനുശേഷമുള്ള നാലഞ്ചു പതിറ്റാണ്ടുകള്‍കൊണ്ട്‌ മലയാളിസമൂഹം മാറിയിരിക്കുന്നു. എന്തെങ്കിലും കുറച്ച്‌ സമ്പാദിച്ച്‌ മടങ്ങിപ്പോകാമെന്ന ചിന്തവെച്ചുപുലര്‍ത്തുന്ന സമൂഹമല്ല ഇവിടെയുള്ളത്‌. വിശാലമായ അമേരിക്കയുടെ ജീവിതരീതിയുടെ പങ്ക്‌, അത്‌ നന്മയായാലും തിന്മയായാലും നമുക്കുംകൂടി അവകാശപ്പെട്ടതാണ്‌. ഇനിയുമൊരു ഒളിച്ചോട്ടമില്ലതന്നെ.

-0-
നമുക്കും ഒരു പങ്ക്‌ വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍! (ജോണ്‍ മാത്യു)
നമുക്കും ഒരു പങ്ക്‌ വിശാലമായ അമേരിക്കന്‍ സമൂഹത്തില്‍! (ജോണ്‍ മാത്യു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക