Image

മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ (ജോണ്‍ മാത്യു)

Published on 14 April, 2014
മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ (ജോണ്‍ മാത്യു)
പൊതുതെരഞ്ഞെടുപ്പുകളെല്ലാം എന്തെങ്കിലും മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നില്ലേ? ഉണ്ട്‌! എന്നാല്‍ ചില തെരഞ്ഞെടുപ്പുകളുണ്ടാക്കുന്ന മാറ്റങ്ങള്‍ കൂടുതല്‍ ദൂരവ്യാപകമാണ്‌. അമേരിക്കയിലാണെങ്കില്‍ ഇരുകക്ഷികളുടെയും ഉന്നതസ്ഥാനാര്‍ത്ഥികള്‍ നവാഗതരായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ജയപരാജയങ്ങള്‍ മാത്രമല്ല, തെരഞ്ഞെടുപ്പിനുശേഷം വരുന്ന ആയിരക്കണക്കായ രാഷ്‌ട്രീയനിയമനങ്ങള്‍ വരെ ഭരണയന്ത്രത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുന്നു. തങ്ങള്‍ക്കു പിന്തുണക്കുന്നവര്‍ക്ക്‌ നല്‍കുന്ന പ്രതിഫലം!

ഇന്ത്യയില്‍ നടക്കുന്ന രണ്ടായിരത്തിപ്പതിന്നാലിലെ പൊതുതെരഞ്ഞെടുപ്പിന്‌ മുകളില്‍പ്പറഞ്ഞ പ്രത്യേകതയുണ്ട്‌. ബി.ജെ.പി. ഇത്രയും ശക്തി ആര്‍ജ്ജിക്കുന്നത്‌ ആദ്യമായിട്ടാണ്‌. അവര്‍ നേതൃത്വം കൊടുക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും അധികം സീറ്റുകള്‍ നേടുമെന്ന്‌ കണക്കുകൂട്ടലുകള്‍ പറയുന്നുണ്ടെങ്കിലും മറ്റ്‌ ആര്‌ ഭൂരിപക്ഷം നേടിയാലും ഇന്ത്യയിലെ രാഷ്‌ട്രീയ രംഗത്ത്‌ പറയത്തക്ക മാറ്റങ്ങളുണ്ടാകുമെന്നത്‌ സുനിശ്ചയമാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണെങ്കില്‍ പുതുതലമുറയിലേക്ക്‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ ശുദ്ധരാഷ്‌ട്രീയ സന്ദേശവുമായി ആംആദ്‌മി കക്ഷിയും രംഗത്ത്‌! പ്രതീക്ഷയുയര്‍ത്തുന്ന ആകര്‍ഷണീയങ്ങളായ സന്ദേശങ്ങളുമായി ഏതെങ്കിലും കക്ഷി എത്തുകയാണെങ്കില്‍ ആ വശത്തേക്കും ഒന്ന്‌ വഴങ്ങിക്കൊടുക്കുകയാണ്‌ കോണ്‍ഗ്രസിന്റെ പതിവ്‌.

എഴുപതുകളിലും തൊണ്ണൂറുകളിലും നടന്ന ഏതാനും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസേതിര കക്ഷികള്‍ അധികാരത്തില്‍ വന്നെങ്കിലും എന്നും തുടര്‍ന്നിരുന്ന ഒരു പൊതുപാരമ്പര്യത്തില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നില്ല അവരാരും. തികച്ചും സമാധാനപരവും ഇഴഞ്ഞുനീങ്ങുന്നതുമായ രീതികളാണ്‌ തുടക്കംമുതലേ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. ഇത്‌ സ്വതന്ത്ര്യത്തിനുമുന്‍പുതന്നെ തുടങ്ങുകയും ചെയ്‌തിരുന്നു. വേണമെങ്കില്‍ ഭാരതീയമായ രീതിയെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. കുറച്ചൊന്ന്‌ മെല്ലെപ്പോയാലെന്താ ആകാശമിടിഞ്ഞുവീഴുമോ? ഇതാണ്‌ ഇന്ത്യന്‍ മനസ്സ്‌!

സ്വാതന്ത്ര്യത്തിനുശേഷം ഭരണം തുടങ്ങിയപ്പോള്‍തന്നെ രാഷ്‌ട്രീയരംഗത്ത്‌ ചോദ്യമുണ്ടായി നെഹ്‌റുവിനുശേഷം ആര്‌ എന്ന്‌. അക്കാലത്ത്‌ അതിന്‌ ഉത്തരവും ഉടനടിയായിരുന്നു - ജയപ്രകാശ്‌. കാരണം വിശ്വസിക്കാവുന്ന ഒരു പ്രതിപക്ഷം വേണമെന്ന്‌ അന്നും കുറേപ്പേരെങ്കിലും ചിന്തിച്ചിരുന്നു. സമാധാനപരമായ സോഷ്യലിസ്റ്റുവ്യവസ്ഥിതിക്കുവേണ്ടിയുള്ള പ്രജാസോഷ്യലിസ്റ്റ്‌ കക്ഷിയുടെ മുന്നേറ്റ കാലം! അന്നൊരിക്കല്‍ ആചാര്യ കൃപലാനി ഞങ്ങളുടെ നാട്ടില്‍ ചെയ്‌ത ഒരു പ്രസംഗം ഞാനിന്നും ഓര്‍ക്കുന്നു:

``നെഹ്രുവിനെ എനിക്കറിയാം, അദ്ദേഹം വളരെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, അങ്ങനെയുള്ള കാര്യങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതുപോലെ വളരെവേഗം അവരിലേക്ക്‌ എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.''

ഇന്ത്യയുടെ മാനസികാവസ്ഥ ഇടതുപക്ഷത്തേക്കും മാറിക്കൊണ്ടിരുന്നു അക്കാലത്ത്‌. അതില്‍നിന്ന്‌ മുതലെടുക്കാന്‍ കോണ്‍ഗ്രസും ഇടത്തേക്കു ചാഞ്ഞു. `ആവടി സോഷ്യലിസം'! ഇന്ന്‌ സമൂഹം പുരോഗമനപ്രസ്ഥാനങ്ങളില്‍നിന്ന്‌ പിന്നോക്കംപോകുകയും മതകാര്യങ്ങളില്‍ ഏറെ ശ്രദ്ധചെലുത്തുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്കും ദൈവഭക്തിയുണ്ടെന്നും മറ്റും കാണിക്കാന്‍ കോണ്‍ഗ്രസുകാരും നെറ്റിയില്‍ കുറിയിടുന്നതു കണ്ടിട്ടില്ലേ.

അങ്ങനെ സുശക്തമായ ഒരു പ്രതിപക്ഷം വളര്‍ന്നുവരാതിരുന്നത്‌ കോണ്‍ഗ്രസിന്‌ താല്‍ക്കാലിക വിജയമായിരുന്നെങ്കിലും പ്രാദേശികതയുടെ തുടക്കവും അവിടെയായിരുന്നു. ഈ പ്രാദേശിക പ്രമാണിമാരെ പ്രീണിപ്പിച്ചുകൊണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭരിച്ചിരുന്നത്‌. പ്രാദേശികതയെ പ്രീണിപ്പിക്കാം. അവരോട്‌ മത്സരിക്കാം, പക്ഷേ, മത്സരം പ്രാദേശികതകള്‍ തമ്മിലാകുമ്പോഴോ? ഇതിനു മികച്ച ഉദാഹരണം തമിഴുനാടുതന്നെ. അവിടെ പ്രാദേശികകള്‍ മാറിമാറി ഭരിക്കുമ്പോള്‍ ദേശീയകക്ഷി അമ്പാടെ പുറത്തായി.

കോണ്‍ഗ്രസ്‌ ദുര്‍ബലമാകുകയും പ്രാദേശികതകള്‍ തമ്മില്‍ത്തല്ലുകയും സുശക്തമായ ഒരു ദേശീയ പ്രതിപക്ഷമില്ലാതാവുകയും ചെയ്‌ത ശൂന്യാവസ്ഥയിലേക്കാണ്‌ മതവും പാരമ്പര്യവും അദ്ധ്യാത്മികതയും ചൂഷണംചെയ്‌തുകൊണ്ട്‌ രാഷ്‌ട്രീയകക്ഷികള്‍ വളരാന്‍ ശ്രമിക്കന്നത്‌. ഇന്ന്‌ ന്യൂനപക്ഷവും ഭൂരിപക്ഷവും ജാതീയവുമായ സമുദായങ്ങളുമെല്ലാം തങ്ങളുടെ വിഭാഗീയതയുടെ ബലത്തില്‍ സംഘടിക്കുന്നു. ഇത്‌ തീര്‍ച്ചയായും അപകടം പിടിച്ചതാണ്‌. ഭാരതത്തിന്റെ ആത്മീയശക്തി, സ്വാതന്ത്ര്യസമരകാലത്ത്‌ മഹാത്മഗാന്ധി ഉപയോഗിച്ച ആത്മീകശക്തി, മതാധിഷ്‌ഠിതമായിരുന്നില്ലെന്നും ഓര്‍ക്കണം.

അമ്പതുകള്‍ മുതല്‍ എത്രയോ കാലം ഇടത്‌ അല്ലെങ്കില്‍ വലത്‌ ചിന്താഗതികളുമായി പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ വളര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നു. പ്രജാസോഷ്യലിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌, സ്വതന്ത്ര കക്ഷികള്‍ ഇത്‌ ആഗ്രഹിച്ചു. ചക്രവര്‍ത്തി രാജഗോപാലാചാരി, ജയപ്രകാശ്‌ നാരായന്‍, ആചാര്യ കപലാനി, രാം മനോഹര്‍ ലോഹ്യാ, എം.ആര്‍. മസാനി തുടങ്ങി എത്രയെത്ര പേര്‍ തങ്ങളുടെ ജീവിതം അതിനുവേണ്ടി സമര്‍പ്പിച്ചു, പരാജയപ്പെട്ടു.

ഈ പശ്ചാത്തലത്തില്‍ വേണം രണ്ടായിരത്തിപ്പതിന്നാലിലെ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചചെയ്യാന്‍. ഇവിടെ പ്രധാന ചോദ്യം ആര്‌ ഭരണം പിടിച്ചെടുക്കുമെന്നതല്ല, പകരം, സാമ്പത്തികമായും സാമൂഹികമായും വിഭിന്ന ദര്‍ശനങ്ങുള്ള രണ്ടു മുന്നണികള്‍ക്ക്‌ അവസരമുണ്ടാകുമോ എന്നതാണ്‌. വിജയിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള മറ്റ്‌ പാര്‍ട്ടികളിലേക്ക്‌ പലരും ചേക്കേറുന്നത്‌ ഈ സാഹചര്യത്തില്‍ സ്വാഗതം ചെയ്യണം, ഇത്‌ അവസരവാദം മൂലവും ഉടന്‍നേട്ടങ്ങള്‍ക്കുമാണെങ്കിലുംകൂടി. ഒരു ധ്രുവീകരണമാണ്‌ ഇന്ന്‌ ആവശ്യം.

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ ഭാവിയിലേക്കുള്ള രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം.

-0-
മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക