Image

ഇടുക്കി എന്ന കുടിയേറ്റ ജില്ലയും അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്

ടോം ജോസ് തടിയംപാട് Published on 19 April, 2014
 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്
ഇടുക്കി എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിവരുന്നത് ഇന്ത്യയിലെ ഏറ്റവും വലതും ലോകത്തിലെ രണ്ടാമത്തെ ആര്‍ച്ച് ഡാം ആയ ഇടുക്കി ഡാമിന്റെ ചിത്രങ്ങള്‍ ആണ്. കേരളത്തിലെ ആളുകള്‍ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ 66 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ഡാമിന്റെ നിര്‍മ്മാണം അപ്രതീക്ഷിതമായിട്ടാണ് നടന്നത്. 1922 ല്‍ മലങ്കര റബ്ബര്‍ തോട്ടം സൂപ്രണ്ട് ആയിരുന്ന WJജോണും അദ്ദേഹത്തിന്റെ സുഹൃത്ത് എസി തോമസ് എടാട്ടും കൂടി നായാട്ടിനു ഇടുക്കിയില്‍ വന്നപ്പോള്‍ അവര്‍ക്ക് വഴികാണിക്കാന്‍ പോയ കൊലുംബന്‍ എന്ന കാട്ടു മനുഷ്യന്‍ കുറവന്‍ കുറത്തി മലകള്‍ക്ക് ഇടയില്‍ കൂടി ഒഴുകുന്ന പെരിയാറിന്റെ സൗന്ദര്യം കാണിച്ചു കൊടുക്കുകയും അവിടെ ഒരു ഡാമിന്റെ സാധ്യത കണ്ടു അവര്‍ സര്‍ക്കാരിനു 1932 ല്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് 1963 ല്‍ സര്‍വ്വേ നടത്തുകയും പിന്നീട് ഇന്ത്യ-കാനഡ സംയുക്ത സൗരഭം ആയി ഡാം നിര്‍മ്മിക്കുകയും 1976 ല്‍ ഉല്‍ഘാടനം നടത്തുകയും ഉണ്ടായി.
ഇടുക്കിയില്‍ അങ്ങോളമിങ്ങോളം കാണുന്ന മുനി അറകള്‍ ഇവിടെ ശിലായുഗത്തില്‍ മനുഷ്യര്‍ ജീവിച്ചതിന്റെ ചിഹ്നങ്ങള്‍ ആണ് എന്ന് ചരിത്രകാരന്‍മാര പറയുന്നു. പിന്നീട് എന്നോ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ആയിരിക്കാം ഇടുക്കിയില്‍ മനുഷ്യവാസം ഇല്ലാതെ ആക്കിയത് എന്നാണ് പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

ഡാമിനെ കൂടാതെ ഒട്ടേറെ എടുത്ത പറയേണ്ട സവിശേഷതകള്‍ ഇടുക്കി എന്ന പ്രദേശത്തിനു സ്വന്തമായി ഉണ്ട്. പെരിയാര്‍ കടുവാ സങ്കേതവും, ഇരവിക്കുളം നാഷ്ണല്‍ പാര്‍ക്കും, മൂന്നാറിലെ കുറിഞ്ഞി മലയും മനോഹരമായ തേയില, കാപ്പി, ഏലത്തോട്ടങ്ങളും വന്യമൃഗങ്ങള്‍, മനോഹരമായ താഴ് വാരങ്ങളും മലയോരവും ഒക്കെ ഇടുക്കിയെ കൂടുതല്‍ പ്രകൃതി സൗന്ദര്യം ഉള്ള ജില്ല ആക്കി മാറ്റുന്നു.

ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യരില്‍ കുടിയേറ്റക്കാരും അവിടുത്തെ നാടിന്റെ മക്കള്‍ ആയ ആദിവാസികളും ഉള്‍ക്കൊള്ളുന്നു. രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ഉണ്ടായ പട്ടിണിയില്‍ നിന്നും നാടിനെ കരകയറ്റുന്നതിനു വേണ്ടി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ഭൂമിയും പട്ടയവും കൊടുത്തു കുടിയേറ്റിയവര്‍ മുതല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഉടുംമ്പുംചോല താലൂക്കിനെ കേരളത്തില്‍ നിര്‍ത്തുന്നതിനു വേണ്ടി അവിടുത്തെ തമിഴരേക്കാള്‍ മലയാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കുടിയേറ്റിയവര്‍ അങ്ങനെ പോകുന്നു. ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രം.
ഇടുക്കി ജില്ലയിലെ തൊടുപുഴ താഴ്ന്ന പ്രദേശം ആണെങ്കില്‍ ബാക്കി വരുന്ന നാലു താലൂക്കുകളും മലമ്പ്രദേശം ആണ്. ഒരു വശത്ത് മലയാളം സംസാരിക്കുന്നവരാണെങ്കില്‍ മറുവസം തമിഴ് സംസാരിക്കുന്ന ജനവിഭാഗം ആണ്. ഒരു വശം തേയിലയും കാപ്പിയും ഏലവും അടങ്ങുന്ന തോട്ടം മേഖല ആണെങ്കില്‍ മറുവശം കാര്‍ഷികഭൂമിയാണ്.

1972 ജില്ല രൂപീകൃതമായെങ്കിലും  കോട്ടയത്താണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1976 ല്‍ ഇടുക്കിയിലെ  കുയില്‍ മലയിലേക്കു ആസ്ഥാനം മാറ്റി പ്രവര്‍ത്തനം ആരംഭിക്കുകയാണ് ഉണ്ടായത്. ഇടുക്കി ഇന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ എല്ലായിടത്തും അറിയപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇടുക്കിയിലെ ആദ്യതലമുറ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കൊണ്ട് വലിയ വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയെങ്കിലും പിന്നീട് വന്ന തലമുറ വളരെ കഷ്ടപ്പെട്ടു നീണ്ട ദൂരം നടന്നു വിദ്യാഭ്യാസം നേടുകയും ലോകത്ത് അങ്ങോളമിങ്ങോളം ഉള്ള രാജ്യങ്ങളില്‍ കുടിയേറി ജീവിതം കരുപിടിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇടുക്കിയില്‍ നിന്നും കഴിഞ്ഞ 14 വര്‍ഷം ആയി നഴ്‌സിംഗ് ജോലിയിലൂടെ ഒട്ടേറെ ആളുകള്‍ ഇംഗ്ലണ്ടിലേക്കും കുടിയേറി.

ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇടുക്കിക്കാരെ സംഘടിപ്പിക്കുന്നതിനുവേണ്ടി മന്‍ചെസ്റ്ററില്‍ താമസിക്കുന്ന ഷിജി തോമസും ന്യൂകാസില്‍ താമസിക്കുന്ന സജി സ്റ്റീഫന്റെയും നേതൃത്വത്തില്‍ ഒരു ഹൈറേഞ്ച് സംഗമം 2009 ല്‍ മാഞ്ചെസ്റ്ററില്‍ നടത്തിയെങ്കിലും പിന്നീട് വന്ന വര്‍ഷത്തില്‍ അത് മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിന്നീട് 2012 സെപ്റ്റംബര്‍ 15ന് മാഞ്ചെസ്റ്ററില്‍ ഇംഗ്ലണ്ടില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലയിലെ ആളുകളെ സംഘടിപ്പിച്ചു കൊണ്ട് തോമസ് വരകുകാല, റോയ് മാത്യൂ, വിനോദ് രാജന്‍, ജയ്‌മോന്‍ തോമസ്, എബിന്‍ ടെന്‍സില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു നടത്തിയ ഇടുക്കിജില്ല സംഗമം വന്‍വിജയം ആയിരുന്നു. പിന്നീട് 2013 ല്‍ ജെയ്‌സണ്‍ തോമസിന്റെ നേതൃത്വത്തില്‍ ലെസ്റ്ററില്‍ നടന്ന സംഗമം ആളുകളുടെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം ജൂണ്‍ 21ന് ലിവര്‍പൂളില്‍ ഇടുക്കി സംഗമത്തിന് കൊടി ഉയരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് അപകടത്തില്‍ മരിച്ച ഇടുക്കി മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എന്‍സി ജോര്‍ജിനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന ഷാജിക്കും വേണ്ടി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിരിച്ചു 75000 രൂപ വീതം കൊടുക്കാനും, തൊടുപുഴയില്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മാത്യൂ തോമസിന് 140000 രൂപ പിരിച്ചു നല്‍കാനും, ഇടുക്കി തടിയംപാട് മണ്ണിടിച്ചിലില്‍ മരിച്ച രണ്ടു കുട്ടികളുടെ കുടുംബത്തിനും 35000 രൂപ പിരിച്ചുകൊടുക്കാനും കഴിഞ്ഞു എന്നുള്ളതില്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്നു. ഇടുക്കിയില്‍ നിന്നും ഇവിടെ വന്ന ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് മന്‍ചെസ്റ്റില്‍ വച്ച് സ്വീകരണം കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതുപോലെ കഴിഞ്ഞ വര്‍ഷം അല്‍ഷിമേഷിസ് രോഗികളെ പരിചരിച്ചതിനു ബ്രിട്ടീഷ് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അംഗീകാരം നേടിയ ബിജു ജോസഫിന് സ്വീകരണം നല്‍കാനും കഴിഞ്ഞിട്ടുണ്ട്.

ഇടുക്കിയുടെ കഷ്ടപാടിന്റെയും യാതനയുടെയും ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഉള്ള ഒരു വേദി ആയി ഇംഗ്ലണ്ട് ഇടുക്കി സംഗമം ഇന്നു മാറിയിട്ടുണ്ട്.

ടോം ജോസ് തടിയംപാട്(കണ്‍വീനര്‍, ഇടുക്കി സംഗമം)


 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്
 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്

 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്

 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്

 ഇടുക്കി എന്ന കുടിയേറ്റ ജില്ലയും  അവിടെനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരും- ടോം ജോസ് തടിയംപാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക