Image

ഒരു സംശയ രോഗിക്കു പറ്റിയ അമളി -(കഥ: എന്‍.പി.ഡോ.ഷീല)

എന്‍.പി.ഡോ.ഷീല Published on 26 April, 2014
ഒരു സംശയ രോഗിക്കു പറ്റിയ അമളി -(കഥ: എന്‍.പി.ഡോ.ഷീല)
തുള്ളിക്ക് ഒരു കുടം എന്ന മട്ടില്‍ പേമാരി തകര്‍ക്കുകയാണ്. വീട്ടില്‍ നിന്നറിങ്ങിയപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. പെട്ടെന്നാണ് മേഘപടലങ്ങള്‍ ഉരുണ്ടുകൂടിയതും ട്ടോര്‍ റോന്ന് മഴ തുടങ്ങിയതും. ഇടവപ്പാതിയായതിനാല്‍ കയ്യില്‍ കുട കരുതിയതു ഭാഗ്യം. എങ്കിലും ഇത്തരം മഴയ്ക്ക് കുടചൂടിയിട്ടെന്തുകാര്യം? പോരെങ്കില്‍ കുട വടിയാക്കുന്ന തരത്തിലുള്ള ഭയങ്കരകാറ്റും ആഞ്ഞുവീശുകയാണ്. അല്പം മുമ്പു കുളിര്‍കാറ്റായി തന്നെ തഴുകിയ കാറ്റുതന്നെയാണോ തന്റെ വസ്ത്രങ്ങളും കുടയുമൊക്കെ പറപ്പിച്ചുകൊണ്ടുപോകാന് ആയുന്നത്?
ഏതായാലും മഴയും കാറ്റും ഒന്നു ശമിക്കുന്നതുവരെ വഴിയരികിലുള്ള ഒരു വീടിന്റെ വരാന്തയില്‍ കയറിനില്‍ക്കാമെന്നു കരുതി. വാതിലും ജനലുമെല്ലാം വളരെ ബന്തവസ്സായി അടച്ചിട്ടുണ്ട്. ആള്‍താമസമുള്ള ലക്ഷണമൊന്നുമില്ല.
പെട്ടെന്നാണ് അല്പം അകലെ കൂടി അഗ്നിഗോളം പോലെ കൊള്ളിയാന്‍ പായുന്നതു കണ്ടത്. കണ്ണഞ്ചിപ്പോയി. ഇടിമുഴക്കം കേട്ട് ഉള്ളൊന്നു കിടുങ്ങി. പക്ഷേ, കൊള്ളിയാനുശേഷം കണ്ണുതിരുമ്മി തുറന്നപ്പോള്‍ സമാധാനമായി. തനിക്കൊന്നും പറ്റിയിട്ടില്ല ദൈവാധീനം!
അപ്പോഴാണ് വീടിനകത്തും വലിയൊരു ഇടിയും മിന്നലും പേമാരിയും നടക്കുന്നുണ്ടെന്നു തോന്നിയത്. ഒരു സ്ത്രീയുടെ വിലാപ ശബ്ദം എന്റെ കാതില്‍ പതിച്ചു; തുടര്‍ന്ന്
'എന്റെ ഭഗവാനേ, ഞാനിനി എങ്ങനെ എന്തു പറഞ്ഞാണു നിങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത്?'
ഈ ചോദ്യത്തിനുത്തരമായി പുരുഷശബ്ദം ഗര്‍ജ്ജിച്ചു.
'അതേടീ, വല്ലവനേയും വിളിച്ചുകിടത്തി വയറ്റിലുണ്ടാക്കിയിട്ട് എന്നെക്കൊണ്ടൊന്നും പറയിക്കരുത്…മോളേ'
നിഘണ്ടുവിലില്ലാത്ത പല പദങ്ങളും അയാള്‍ അവള്‍ക്കുവേണ്ടി മെനയുന്നുണ്ടായിരുന്നു. എല്ലാം കേട്ട് ഞാന്‍ തരിച്ചങ്ങനെ നില്ക്കുകയാണ്.
വാതിലില്‍ മുട്ടിയാലോ? കാര്യം എന്താണെന്നു തിരക്കാം; പക്ഷേ, അടുത്ത നിമിഷം അതു വേണ്ടെന്നു ബുദ്ധി ഉപദേശിച്ചു.

ഞങ്ങളുടെ വഴക്കില്‍ ഇടപെടാന്‍ കേവലം വഴിപോക്കനായ തനിക്കെന്തുകാര്യമെന്നു ചോദിച്ചാല്‍ 'നോസ് കട്ട്'  ആവില്ലേ? ഒന്നും കേട്ടില്ലെന്നു കരുതി മഴ അല്പമൊന്നു ശമിച്ചാല്‍ ഇറങ്ങി തന്റെ വഴിക്കുപോകാം.
'പറയെടീ, സത്യം പറ, ആരാണവന്‍? രണ്ടിനേം ഞാന്‍ കൊല്ലും.' അകത്ത് ജല്പനം ഏഴരക്കട്ടയ്ക്കു പിടിക്കയാണ്. 'എന്റെ മക്കളാണെ സത്യം; ഞാനാരെയും വിളിച്ചു വരുത്തിയിട്ടില്ല'
'കള്ളീ, അറന്തക്കള്ളീ, മിണ്ടരുത് നാക്കു ഞാന്‍ പിഴുതെടുക്കും'പുരുഷന്റെ വെറിപിടിച്ച ഭീഷണി.
തുടര്‍ന്ന് സ്ത്രീയുടെ തല ഭിത്തിയിലിട്ടു മുട്ടിക്കയാണെന്നു തോന്നുന്നു. 'യ്യോ, എന്റെ തല പൊട്ടിയേ' എന്നു പറഞ്ഞുള്ള സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാം.
'മിണ്ടരുത്. നിന്നെ ഇന്നു ഞാന്‍ കൊന്നിട്ടു തന്നെ കാര്യം.' അകത്ത് എന്തോ അതിക്രമം നടക്കുന്നതിന്റെ സൂചനയായി.
'അച്ഛാ, അമ്മയെ കൊല്ലല്ലെ' എന്നു പറയുന്ന ഒരു കുരുന്നു കൊച്ചിന്റെ യാചനാസ്വരം.
ഇത്രയുമായപ്പോള്‍ താന്‍ നിഷ്‌ക്രിയനായി ഈ ലഹളയ്ക്കു മൂകസാക്ഷ്യം വഹിച്ചു നില്‍ക്കുന്നതു ശരിയല്ലെന്ന് അന്തഃകരണം ശാസിച്ചു. വരുന്നതുവരട്ടെ, വരുന്നിടത്തുവച്ചു കാണാം എന്ന മട്ടില്‍ ഞാന്‍ കതകില്‍ മുട്ടി. അകത്ത് കേട്ട ബഹളം നിലച്ചു.
അല്പനേരം കാത്തിട്ട് ഒരിക്കല്‍ക്കൂടി കതകില്‍ മുട്ടി. ഗൃഹനാഥന്‍ വന്ന് കതക് തുറന്ന് ചോദ്യഭാവത്തില്‍ നോക്കി. അകത്ത് അയാളെയല്ലാതെ ആരെയും കണ്ടില്ല. അത്ഭുതം തോന്നി. എല്ലാം എന്റെ വിഭ്രാന്തിയായിരിക്കുമോ? ആടു കിടന്നിടത്ത് പൂടയും ഇല്ലെന്നു പറഞ്ഞമാതിരി. കരഞ്ഞ സ്ത്രീയെയോ, 'അമ്മെ കൊല്ലല്ലേ' എന്നു വിളിച്ചു കരഞ്ഞ കൊച്ചിനെയോ കണ്ടില്ല.
ഗൃഹനാഥന്‍ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. സംയമനം പാലിക്കാന്‍ പാടുപെട്ട്-
എന്താ, എന്തു വേണം? അയാള്‍ ചോദിച്ചു.

'ഓ, ഒന്നും വേണ്ട, മഴയത്ത് ഇറയത്തൊന്നു കയറിനിന്നതാ. ഭയഹ്കര മഴയത്ത് കുടയുണ്ടായിട്ടും കാര്യമില്ലല്ലോ.' ഞാന്‍ ഒരു തൊടുന്യായം പറഞ്ഞു.

അപരിചിതനെ അകത്തേക്കു കയറ്റാനുള്ള വിമുഖതയോടെ എന്നാല്‍ ഇതിനകം ഏതാണ്ടു ശാന്തത കൈവരിച്ച് അയാള്‍ പറഞ്ഞു. 'അതിനെന്താ, മഴയല്പ്പം തോര്‍ന്നിട്ടു പോയാല്‍ മതി, അവിടെ നിന്നോളൂ.'

അയാള്‍ ഇത്രയും പറഞ്ഞിട്ടു കതകടച്ചു.

അകത്തും പുറത്തും പെയ്‌തൊഴിഞ്ഞ മഴ. എന്നാല്‍, പക്ഷെ, പെയ്‌തൊഴിയാതെ നില്‍ക്കുന്ന ഭാവമായിരുന്നു, അയാളുടെ മുഖത്ത്. ഹൃദയാകാശത്ത് ഉരുണ്ടുകൂടിയ കാര്‍മേഘത്തിന്റെ പ്രതിച്ഛായ ആ മുഖത്തു പ്രകടമായിരുന്നു.

മഴ ഒട്ടുശമിച്ചപ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു വഴിയില്‍ വച്ച് ഒരു സ്‌നേഹിതനെ കണ്ടുമുട്ടി.
ഈ പെരുമഴയത്ത് എവിടെപ്പോയെന്ന അയാളുടെ കുശലം ചോദ്യത്തിനുത്തരമായി, പെരുമഴയത്തു നടന്നില്ല. ഈ വീടിന്റെ വരാന്തയില്‍ കയറിനിന്നു എന്നു മറുപടി പറഞ്ഞപ്പോള്‍, അയാള്‍ ഇങ്ങോട്ടൊരു ചോദ്യം.

'ഓ, നമ്മുടെ തൊമ്മിയുടെ വീട്ടിലോ?' സ്‌നേഹിതന്റെ സ്വരത്തില്‍ അല്പം പരിഹാസം സ്ഫുരിച്ചത് എന്റെ വെറും തോന്നലാണോ?

ഏതായാലും ഞാനതു ഗൗനിച്ചില്ലെന്ന മട്ടില്‍ ഒരു മറുചോദ്യം ചോദിച്ചു.

'തൊമ്മിയെ താനറിയുമോ?'

'അറിയുമോന്ന്, ഇത്രയും നാറിയ ഒരു കൊജ്ഞാണനെ ഞാന്‍ കണ്ടിട്ടില്ല.' 'അതെന്താ' അവിടുത്തെ വഴക്കിനെപ്പറ്റിയൊന്നും അറിയാത്ത മട്ടില്‍ ഞാന്‍ ഡാവില്‍ ഒരു ചോദ്യം തൊടുത്തു.

'എന്റെ സുഹൃത്തെ ഒന്നും പറയണ്ട. ആ മണ്ടഗണേശന് എന്നും ആ പാവത്തിനെ- അവന്റെ കെട്ട്യോളെ- എടുത്തിട്ടു ചാര്‍ത്താനേ നേരമുള്ളൂ.' പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. വീട്ടുകാര്‍ എതിര്‍ത്തിട്ടും അവള്‍ക്ക് അവനെമതിയായിരുന്നു. പക്ഷെ, ഈ ഏഭ്യന് ഇപ്പോള്‍ സംശയരോഗമാണ്, എന്നും.

'അതെന്താ'

'താനൊന്നും അറിഞ്ഞില്ലേ? താന്‍ ഏതു ദുനിയാവിലാണു ജീവിക്കുന്നത്? നാട്ടില്‍ മുഴുവന്‍ പാട്ടായ കാര്യം താന്‍ മാത്രം അറിയാതെ പോകുന്നതെങ്ങനെ?'

'എന്തുകാര്യമാടോ? താനൊന്നു പറഞ്ഞുതുലയ്ക്ക്' എന്റെ സ്വരത്തില്‍ അല്പം അക്ഷമ പ്രകടമായിരുന്നു.

സ്‌നേഹിതന്‍ തുടര്‍ന്നു-
'എടോ അയാള്‍ വന്ധ്യംകരണം നടത്തി. മൂന്നുമാസം മുമ്പ് പള്ളിവക സ്‌കൂളില്‍ വച്ച് അതിന്റെ ഒരു ക്യാമ്പ് നടന്നത് താനോര്‍ക്കുന്നില്ലേ? ശ്ശെ, അതൊക്കെ അത്രപെട്ടെന്ന് മറക്കാന്‍ പറ്റുകയില്ലല്ലൊ. എടോ അന്ന് ഓപ്പറേഷന്‍ നടത്തിയ ചിലരുടെ 'അവിടം' വേറെ ആശുപത്രിയില്‍ പോയി ചികിത്സിച്ചതും മറ്റും വലിയ വാര്‍ത്തയായിരുന്നല്ലോ. അന്നു നമ്മുടെ തൊമ്മിയും ഓപ്പറേഷന്‍ നടത്തിയിരുന്നു. എന്നിട്ടിപ്പോള്‍ അയാളുടെ പെമ്പ്രന്നോര്‍ക്കു ഗര്‍ഭമുണ്ടെന്നു പറഞ്ഞ് അയാള്‍ ആ പാവത്തിനെ എടുത്തിട്ട് കിണ്ടാന്‍ തുടങ്ങിയിരിക്കുവാ. അവള്‍ ആരാണ്ടടെ കൂടെ പോയി കുട്ടിയെ ഉണ്ടാക്കിയെന്നാ കേസ്.'

 'സംശയത്തിന്റെ അറുകുഴിയില്‍ പതിച്ചിട്ട് പിന്നെ അവിടെനിന്നു കരകയറിയ ചിലരെ ഞാന്‍ ഓര്‍മ്മിച്ചെടുത്തു. ഭാര്യയെ എപ്പോഴും സംശയദൃഷ്ടിയോടെ നോക്കുന്ന പലരെയും എനിക്കറിയാം. മറ്റുള്ളവര്‍ ഭാര്യയുടെ വേഷമോ സൗന്ദര്യമോ കണ്ട് ഒന്നു നോക്കിയാല്‍ മതി, വീട്ടില്‍ വരുമ്പോള്‍ ആ പാവത്തിന് 'ഇണ്ടിണ്ടം പൂരം!'

വേറൊരു വിദ്വാന്‍കുട്ടി ഭാര്യയെ നിഴല്‍പോലെ പിന്‍തുടരും. ഭാര്യയെ മുന്നിലാക്കിയേ അയാള്‍ നടക്കൂ. കാണുന്നവര്‍ വിചാരിക്കും, എന്തൊരു യോജിപ്പുള്ള ഇണകള്‍! അതേപോലും, അവള്‍ പോലുമറിയാതെ വഴിപോക്കര്‍ ആരെങ്കിലും അവര്‍ നടക്കുന്ന ദിശയിലേക്ക് ഒന്നു മിഴിയയച്ചാല്‍ മതി, രാത്രിയില്‍ കുട്ടികളും മറ്റുകുടുംബാംഗങ്ങളും ഉറക്കമാകുമ്പോള്‍ അവളുടെ തല ഭിത്തിയില്‍ ചേര്‍ത്തു വച്ച് ഇടിക്കും. ആ പാവം മനസാ വാചാ അറിയാത്ത കാര്യം! ഒടുവില്‍ ആശാന്റെ പീഡനം സഹിയാഞ്ഞ് അവള്‍ ഒരു സുപ്രഭാതത്തില്‍ അറബിപ്പൊന്നിന്റെ നാട്ടിലേക്കു പോയി. ഇപ്പോള്‍ അയാള്‍ അണ്ടി കളഞ്ഞ അണ്ണാന്റെ ജാള്യതയോടെ നൂലുപിടിച്ച മാതിരി ഒരു പോക്കും വരവുമാണ്. തന്റെ അന്തഃപുര കഥ അങ്ങാടിയില്‍ പാട്ടായതു മിച്ചം!

'താനെന്താടോ ഒന്നു മിണ്ടാത്തത്?' അപ്പോഴാണ് താന്‍ ഇതിനകം ഒരു ഗള്‍ഫുയാത്ര ചെയ്തു മടങ്ങുകയായിരുന്നുവെന്ന് ഓര്‍മ്മിച്ചത്. അതിന്റെ ചമ്മല്‍ ഒരു ഇളിഞ്ഞ ചിരിയില്‍ ഒതുക്കിയിട്ട്,
'അതെങ്ങനെ? ഔസേപ്പച്ചന് വിസ്മയമായി.'

'എന്റെ ഔസേപ്പച്ചാ അവര്‍ ഒരു കാലത്ത് പ്രേമസാഗരത്തില്‍ ഒരുമിച്ചു തോണി തുഴഞ്ഞവരല്ലേ? കരളും കരളുമായി കഴിഞ്ഞവര്‍ ഇപ്പോള്‍ കീരിയും പാമ്പുമാകാന്‍ എന്താണു കാരണം?'
'താന്‍ സാഹിത്യം പറഞ്ഞ് ഇങ്ങോട്ടൊരു ചോദ്യവുമായി നില്‍ക്കാതെ പ്രശ്‌നത്തിന് ഒരു പരിഹാരം പറയെടോ'

ഔസേപ്പച്ചന്‍ തന്റെ അക്ഷമ പ്രകടമാക്കി.

'എടോ, അവര്‍ക്കു തമ്മില്‍ പണ്ടുണ്ടായിരുന്ന വിശ്വാസം ഇപ്പോഴില്ല. അതല്ലേ കാര്യം?'
'എന്നിട്ടും താന്‍ പ്രശ്‌ന പരിഹാരത്തിലേക്കു വന്നില്ല.' ഔസേപ്പച്ചന്‍
'വന്നു കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കണം. അപ്പോള്‍ ഒടക്കു തീര്‍ന്നു.' എന്റെ മറുപടി.

അതെങ്ങനെ എന്നുള്ളതാണല്ലൊ പ്രശ്‌നം. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ എളുപ്പമല്ലെന്നാണു ഔസേപ്പച്ചന്റെ ധ്വനി.

'ചങ്ങാതീ, പ്രേമിച്ചപ്പോള്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോള്‍ മൂന്നമതൊരാള്‍ കൂടിയേ കഴിയൂ.'

'അതാര്?'

'ഡോക്ടര്‍. നല്ലൊരു ഡോക്ടറെക്കൊണ്ട് അയാളെ പരിശോധിപ്പിക്കുക. അയാള്‍ക്കു കുട്ടികളുണ്ടാകുമെന്നു ബോധ്യപ്പെടുത്തിയാല്‍ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് അയാള്‍ പണ്ടത്തേതിന്റെ പിന്നത്തേതായി അവളെ സ്‌നേഹിക്കും.'ഞാന്‍ പ്രശ്‌നത്തിനു പരിഹാരം വ്യക്തമാക്കി.

'പഹയന്‍. വന്ധ്യംകരണം പാളിയെങ്കില്‍ അതുചെയ്ത കഴുവേറിയേയും ഇവനേയും പിടിച്ചു നല്ല പൊട്ടിക്കലു കൊടുക്കണം.' ഔസേപ്പച്ചനു കലികയറി.

എന്നാല്‍ വിട്ടോ. ഇന്നു തന്നെ പിടിച്ചപിടിയാലെ തൊമ്മിയെ ഡോക്ടറെ കാണിക്ക്. പക്ഷേ, ആ വന്ധ്യംകരണക്കാരനെ വേണ്ട. വേറെ വല്ല ചൊവ്വുള്ളവനെയും കാണിക്ക്.

ഞങ്ങള്‍ പിരിഞ്ഞു. എന്നാല്‍, ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് ഏറെക്കുറെ അതേ സ്ഥലത്തുവച്ച് വീണ്ടും കണ്ടുമുട്ടി.

ഔസേപ്പച്ചന്‍ സംഗതികള്‍ വിവരിച്ചു-
അന്നു തന്നെ തൊമ്മിയേയും കൂട്ടി തിരുവനന്തപുരത്തെ പ്രസിദ്ധനായ ഗൈനക്കോളജിസ്റ്റ് ഡോ. ശങ്കരന്‍കുട്ടിയെ കണ്ടു. പരിശോധനയല്‍ തൊമ്മിക്ക് പുത്രോല്പാദനശേഷിയുണ്ടെന്നു തെളിഞ്ഞു. ആദ്യത്തെ ഓപ്പറേഷനില്‍ പാളിച്ചപറ്റിയെന്നും കൂടി പറഞ്ഞപ്പോള്‍ തൊമ്മി ആകെ തളര്‍ന്നു. എങ്ങനെ ഭാര്യയെ അഭിമുഖീകരിക്കുമെന്നായി ചിന്ത. അവള്‍ ദൈവത്തെയും, സകല പുണ്യാളന്മാരേയും പോരാഞ്ഞിട്ട് തന്റെ അരുമസന്താനങ്ങളെയും സാക്ഷിനിര്‍ത്തി ആണയിട്ടു പറഞ്ഞിട്ടു താനവളെ കൊല്ലാനും തിന്നാനും നില്‍ക്കുകയായിരുന്നു. തന്നെ വിശ്വസിച്ചിറങ്ങിത്തിരിച്ചവള്‍! അവളെ എന്തുമാത്രം ദേഹോപദ്രവമാണ് താന്‍ ഏല്പിച്ചത്. അതിലുപരി മനസ്സിനേല്പിച്ച ക്ഷതം എന്നെങ്കിലും കരിയുമോ? ഇനി ചെയ്ത തെറ്റുകള്‍ക്ക് എന്തു പ്രായശ്ചിത്തം ചെയ്താല്‍ മതിയാകും?
തൊമ്മിയുടെ കുനിഞ്ഞ ശിരസ്സു പിടിച്ചുയര്‍ത്തി ഔസേപ്പച്ചന്‍ പറഞ്ഞു. 'എന്നാല്‍ നമുക്കിറങ്ങാം, തൊമ്മീ.'

അപ്പോഴാണ് തൊമ്മിക്കു സ്ഥലകാലബോധമുണ്ടായത്.

ആ വീട്ടില്‍ എന്തത്ഭുതമാണു നടന്നതെന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. പതിവുള്ള അടിയുടെയും കരച്ചിലിന്റെയും ബഹളത്തിന്റെയും സ്ഥാനത്ത് പൊട്ടിച്ചിരിയും സംഗീതവും കേട്ടു തുടങ്ങിയപ്പോള്‍, ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലിപ്പിരിയുന്നതു കാണാന്‍ കാത്തിരുന്ന ചില കുശുമ്പുകുത്തികള്‍ക്ക് ഇരുട്ടടി കിട്ടിയതുപോലായി.

പരസ്പരവിശ്വാസമില്ലാത്ത ഇത്തരം ദമ്പതികള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഇതാണ്:
സംശയത്തിന്റെ അറുകുഴിയില്‍ നിപതിക്കുന്നതിനു മുമ്പ് വിവേകം അവലംബിക്കുക.

ഒരു സംശയ രോഗിക്കു പറ്റിയ അമളി -(കഥ: എന്‍.പി.ഡോ.ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക