ആരും കുറ്റവാളിയായി ജനിക്കുന്നില്ല, സാഹചര്യമാണ് ഒരു തവണ അങ്ങനെയാക്കി മാറ്റുന്നത് എന്ന തത്ത്വം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ബാഹ്യമായ ഒരു സൂചനയും തരാതെ നിമിഷനേരത്തെ തോന്നലില്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ രാജ്യത്തെ തന്നെ ആശങ്കയില്‍ ആഴ്ത്തുന്നു. വിദ്യാഭ്യാസമോ വിവേകമോ ഒന്നും കൂട്ടായി എത്താത്ത ആ നിമിഷത്തിലെ പ്രവൃത്തി പത്രമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും ഒന്നിന്റെ ചൂടാറും മുന്‍പേ മറ്റൊരു സെന്‍സേഷണല്‍ പീസ് സമ്മാനിക്കുന്നതിനൊപ്പം ഇത് നാളെ എനിക്കും സംഭവിക്കുമോ എന്ന ഭയവും ഓരോ വ്യക്തിയിലും വളര്‍ത്തുന്നു.
കൊലപാതകം, മാനഭംഗം, മോഷണം തുടങ്ങി സമൂഹത്തിന്‌റെ അടിസ്ഥാന മൂല്യങ്ങളെ വ്രണപ്പെടുത്തുന്ന ഏതൊന്നും കുറ്റകൃത്യമാണ്. പഴുതുകള്‍ അടയ്ക്കാന്‍ എത്രയൊക്കെ പണിപ്പെട്ടാലും, പിടിക്കപ്പെടാന്‍ ഒരു നുറുങ്ങ് വഴി ഏത് കേസിലും വിട്ടുപോയിട്ടുണ്ടാകും. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന പ്രപഞ്ചനിയമം ആയിരിക്കാം ഇതിന്റെ കാരണം. കുറ്റകൃത്യത്തിന്റെ കറ പുരളും മൂന്‍പ് അങ്ങനെയൊന്ന് ചിന്തിച്ചാല്‍, നല്ല ശതമാനം ക്രൈം കേസുകളും നടക്കില്ലായിരുന്നു. എല്ലാം കഴിഞ്ഞ് ഒരു ദുര്‍ബലനിമിഷത്തില്‍ അങ്ങനെ സംഭവിച്ചുപോയി എന്ന് പറയുന്നത് മൗഡ്യമാണ്. അനുനിമിഷം ഭാവങ്ങള്‍ മിന്നിമറയുന്ന മനസ്സിനെ ഒന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവങ്ങളില്‍ പലതും പണത്തിനും പെണ്ണിനും പൊന്നിനും വേണ്ടി ആയിരുന്നു. മതത്തിന്റെയും ഭരണവിദ്വേഷത്തിന്റെയും പേരില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ വിരളവും വളരെക്കാലത്തെ ആസൂത്രണത്തിനൊടുവില്‍ നടത്തുന്നതുമാണ്. അവയെ തല്‍ക്കാലം മാറ്റി നിര്‍ത്താം.
പത്ത് വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ കൊലപാതകം എന്നതൊക്കെ ഒറ്റപ്പെട്ടതും വരളവുമായ സംഭവങ്ങളായിരുന്നു. ഇന്ന് പത്രങ്ങളില്‍ ദിവസവും അത്തരത്തിലെ ഒരു വാര്‍ത്തയെങ്കിലും കാണാതിരിക്കില്ല എന്ന തരത്തില്‍ മാറ്റം വന്നിട്ടുണ്ട്. അവനവന്റേതായ സ്വാര്‍ത്ഥമായ നാലുകെട്ടില്‍ ലോകം ചുരുങ്ങുന്നു. എല്ലാത്തില്‍നിന്നും ഒറ്റപ്പെട്ട് നിഗൂഢതയില്‍ ജീവിതങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഒരു മതില്‍ക്കെട്ടിനപ്പുറം കഴിയുന്നവര്‍ പോലും തമ്മില്‍ അറിയാതെ പോകുന്നത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. ഒന്നുറക്കെ വിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത 'ബിസി ലൈഫ്'
സ്വകാര്യതയ്ക്കപ്പുറം അരക്ഷിതാവസ്ഥയും നല്‍കുന്നുണ്ട്.
കോട്ടയത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത് ഏറെ ചര്‍ച്ചാവിഷയമായതാണ്. സംശയത്തിന്റെ മുള്‍മുനയില്‍ പലരെയും നിര്‍ത്തി ചോദ്യം ചെയ്തതിനൊടുവില്‍ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനും അകന്ന ബന്ധുവുമായ ആളില് പോലീസിന്റെ കണ്ണുടക്കി. വിശന്നെത്തുമ്പോള്‍ ഭക്ഷണം വിളമ്പിക്കൊടുക്കുമായിരുന്ന സാധുസ്ത്രീയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് അയാള്‍ കൊലപ്പെടുത്തിയത്. മദ്യപാനിയായ അയാള്‍ കടം ചോദിച്ചപ്പോള്‍ നിരസിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അവരുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി അയാള്‍ പണം സംഘടിപ്പിച്ചു. എന്നാല്‍, പോലീസ് കേസ് ഊര്‍ജ്ജിതമായി അന്വേഷിക്കുമെന്നും പണയപ്പെടുത്തിയ ബാങ്കില്‍ നിന്ന് തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെടുക്കുമെന്നും ആ പണം തനിക്ക് പ്രയോജനപ്പെടില്ലെന്നും സമചിത്തതയോടെ ചിന്തിച്ചിരുന്നെങ്കില്‍ തന്റെ കയ്യിലെ ആയുധം വലിച്ചെറിഞ്ഞ് ആ ഒറ്റനിമിഷത്തെ കുറ്റവാസനയോടെ അയാള്‍ വിടപറയുമായിരുന്നു. പോലീസിന്റെ അകമ്പടിയോടെ വിലങ്ങിട്ട കൈകളും കുനിഞ്ഞ ശിരസ്സുമായ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്‍പിലൂടെ കുറ്റബോധത്തോടെ നടക്കേണ്ടി വരുന്ന ചിത്രം മുന്‍കൂട്ടി ഗ്രഹിച്ചിരുന്നെങ്കില്‍, സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇന്നയാള്‍ക്ക് കഴിയേണ്ടിവരില്ലായിരുന്നു.
അടുത്തിടെ ആറ്റിങ്ങലില്‍ നടന്ന ഇരട്ടക്കൊലപാതകം പ്രണയിനിയ്ക്ക് വേണ്ടിയായിരുന്നു. അഭ്യസ്തവിദ്യരായ രണ്ടുപേര്‍ സ്വന്തം കുടുംബത്തെ മറന്ന് ഇരുവരും ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വച്ച് പ്രണയത്തിലായി. ഒന്നിച്ച് ജീവിക്കാന്‍ അവര്‍ തയ്യാറാക്കിയ പദ്ധതി അതിക്രൂരമായിരുന്നു. വിവാഹം ക്ഷണിക്കാനെന്ന മട്ടില്‍ അനുശാന്തിയുടെ വീട്ടിലെത്തിയ കാമുകന്‍ നിനോ, അവളുടെ നാലുവയസ്സുള്ള മകളെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. അല്പം കഴിഞ്ഞെത്തിയ ഭര്‍ത്താവിനെ ആഞ്ഞുവെട്ടിയെങ്കിലും പുറത്തേയ്‌ക്കോടിയതുകൊണ്ട് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിദ്യാസമ്പന്നരായിരുന്നിട്ടും ചിന്തയുടെ പാപ്പരത്തമാണ് അവരെ ഈ കൊടുംപാതകത്തില്‍ എത്തിച്ചത്. ഒരാളുടെ ജീവന്‍ അപഹരിച്ച് ആരും അറിയാത്ത നാട്ടിലേയ്ക്ക് കടന്ന് സുഖമായി ജീവിക്കാം എന്ന വിചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അങ്ങനെ ചിന്തിച്ച ആയിരക്കണക്കിനാളുകള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുന്നതറിഞ്ഞാലും ഈ പ്രവണത തുടരുന്നതാണ് ആശ്ചര്യം. വെറും വാര്‍ത്തകളായി മാത്രം കണ്ടുതള്ളുന്നതല്ലാതെ എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ആരും ശ്രമിക്കാത്തതാണ് ഇതിന് കാരണം.
ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മറ്റൊന്നാണ് കാരണവര്‍വധം പണത്തോടും ആര്‍ഭാട ജീവിതത്തോടുമുള്ള ഭ്രമമാണ് ഇവിടെ വിനയായത്. മകന്റെ ഭാര്യ ഷെറിന്‍ ആയിരുന്നു കൊലപാതകത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ചില്ലിക്കാശുപോലും അനുഭവിക്കാന്‍ കഴിയാതെ മുന്‍പോട്ടുള്ള ജീവിതം ജയിലില്‍ കഴിച്ചുകൂട്ടാനുള്ള അവരുടെ വിധി സ്വയം വരുത്തിവച്ചതാണ്.
1983 ല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി കണ്ട് കാലിഫോര്‍ണിയയില്‍, റോണാള്‍ഡ് ക്ലാര്‍ക് 5200 കേസുകള്‍ പഠനവിധേയമാക്കിയിരുന്നു. അതില്‍ 90% കേസുകളും ഒഴിവാക്കാവുന്നതായിരുന്നു. എന്നദ്ദേഹം കണ്ടെത്തി. ജന്മനാകുറ്റവാസന ഒന്നും തന്നെ ഇല്ലാത്തവര്‍ വിവേകത്തോടെ ചിന്തിക്കാന്‍ കഴിയാത്ത ഒരു മാത്രയില്‍ കുറ്റവാളികളായി മാറുന്നു. അവസരങ്ങള്‍ ഒത്തുവരുമ്പോള്‍ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുന്നതാണ് കുറ്റകൃത്യങ്ങളിലേയ്ക്ക് വഴിവയ്ക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. അപ്പോള്‍ സാഹചര്യം അനുകൂലമാകാതെ നോക്കുകയാണ് വേണ്ടത്. കുറ്റകൃത്യത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ 16 വഴികള്‍ ക്ലാര്‍ക് കണ്ടെത്തിയതിനെ അവലംബിച്ച് പിന്‍ഗാമികള്‍ റിസേര്‍ച്ചിലൂടെ 25 വഴികള്‍ക്ക് രൂപംകൊടുത്തു. ഇതില്‍ നമുക്ക് പകര്‍ത്താന്‍ കഴിയുന്ന പലതുമുണ്ട്.
ചികിത്സയെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന ചൊല്ലാണ് ഇവിടെ പ്രായോഗികമാക്കേണ്ടത്. ഒരു കൊലപാതകം നടന്നിട്ട്, 302 വകുപ്പ് പ്രകാരം കുറ്റവാളിയ്ക്ക് തൂക്കുകയര്‍ കിട്ടിയാല്‍ അത് നിയമവ്യവസ്ഥിതിയെ മാത്രമേ തൃപ്തിപ്പെടുത്തൂ. നിപരാധിയായ ഒരുവന്റെ ജീവന്‍ പൊലിഞ്ഞതിന് പകരം വയ്ക്കാന്‍ ആവുന്നതല്ല ഒന്നും. ഓരോ വ്യക്തിയുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുറ്റകൃത്യം നടന്നതിന് പിറകേ അന്വേഷണം എന്ന പേരില്‍ ഉണ്ടാകുന്ന ചെലവുകളുടെ അത്രയും വേണ്ടിവരില്ല ജാഗ്രതയോടെ പ്രവൃത്തിക്കുകയും കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധവയ്ക്കുകയും ചെയ്താല്‍ പ്രദേശങ്ങള്‍ തരംതിരിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. പത്തോ നൂറോ കുടുംബങ്ങള്‍ ചേര്‍ന്നതായിരിക്കണം ഒരു ക്ലാസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ന്യായാധിപന്മാരും മനഃശാസ്ത്രജ്ഞരും വിവിധ മതാധ്യക്ഷന്മാരും ചേര്‍ന്ന് ക്ലാസ്സുകളെടുക്കാം. പാപം പൊറുത്തു തരണമേ എന്നതിലുപരി പാപം ചെയ്യാതിരിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളെ പഠിപ്പിക്കാം.
എത്ര ആസൂത്രിതമായി നടത്തിയാലും പൊലീസിന്റെ രണ്ടുചോദ്യങ്ങളില്‍ കള്ളിവെളിച്ചത്താകും എന്ന ബോധ്യം ആളുകള്‍ക്കുണ്ടാകണം. തെറ്റില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ സ്വയം പാകപ്പെടാത്ത മനസ്സുകള്‍ ശിക്ഷ ഭയന്നെങ്കിലും അതിന് ഒരുങ്ങും.
കുറ്റവാളികളെ കണ്ടുപിടിക്കാന്‍ പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് ഉള്ളതുപോലെ കുറ്റവാസനകള്‍ വേരോടെ പിഴുത് കളയാനും പ്രത്യേക വിഭാഗം രൂപീകരിക്കണം. അന്വേഷണ നൈപുണ്യമുള്ളവരെ കണ്ടെത്തുന്നതുപോലെ മനഃശാസ്ത്രമറിയാവുന്നവരെയും കൗണ്‍സലിങ്ങില്‍ മിടുക്കുള്ളവരെയും ഇതിന് നിയോഗിക്കാം.
പെറ്റി കേസുകളില്‍ അകത്താകുന്നവര്‍ സഹതടവുകാരുമായി ചേര്‍ന്ന് വലിയ മോഷണങ്ങള്‍ക്കും മറ്റും പദ്ധതി ആവിഷ്‌കരിക്കുന്നതായി കാണാറുണ്ട്. ശിക്ഷാകാലാവധി വരെ പുറംലോകവുമായി വിട്ടുകഴിയുന്ന ഒരു വാസസ്ഥലമായി ജയിലുകള്‍ ഒതുങ്ങരുത്. വീണ്ടും അവിടേയ്ക്ക് തിരിച്ചെത്താന്‍ തോന്നാത്ത തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മനസ്സ് മാറ്റിയെടുക്കുന്ന സംവിധാനം ഉണ്ടാകണം. എന്തുകൊണ്ട് ആ തെറ്റില്‍ എത്തപ്പെട്ടു എന്നൊരു അവലോകനം സ്വയം നടത്താന്‍ തടവുപുള്ളികള്‍ക്ക് അവസരം ലഭിക്കണം. മാനസാന്തരം വന്ന് പുതിയ മനുഷ്യനായി വേണം അയാള്‍ പുറത്തിറങ്ങാന്‍. തെറ്റുകള്‍ തിരിച്ചറിഞ്ഞ് നല്ല ജീവിതം സ്വപ്നം കണ്ടെത്തുന്നവരെ അതേ രീതിയില്‍ സ്വീകരിക്കാന്‍ സമൂഹവും തയ്യാറാകണം.
രക്തദാനത്തിന്റെ മഹത് സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നടത്തിയതുപോലെ ഒരു മാരത്തോണ്‍ കൂടി രക്തച്ചൊരിച്ചിലും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാന്‍ നടത്തിയാലും തെറ്റില്ല.