Image

ഉത്തരേന്ത്യയില്‍ ജനകീയ സുനാമി; ചായക്കെറ്റിലില്‍ നിന്നു കൊടുങ്കാറ്റ്‌ (വൈക്കം മധു)

Published on 16 May, 2014
ഉത്തരേന്ത്യയില്‍ ജനകീയ സുനാമി; ചായക്കെറ്റിലില്‍ നിന്നു കൊടുങ്കാറ്റ്‌ (വൈക്കം മധു)
കോണ്‍ഗ്രസ്‌ പെട്ടിപൂട്ടി, പാപ്പനം കോട്ടേയ്‌ക്ക്‌. മോദി ചായക്കെറ്റില്‍ ഇറക്കിവച്ച്‌ ഡല്‍ഹിയിലേയ്‌ക്ക്‌. പരാജയം സമ്മതിച്ച്‌ ഭരണകുടുംബം.അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സ്വപ്‌നമായിരുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പുരാവസ്‌തു വകുപ്പിന്റെ അലമാരകളിലേയ്‌ക്ക്‌.

കൊച്ചിക്കായലിലെ തിരുതയും കരിമീനും ഇനി അനാഥം. മദാമ്മയുടെ നാവിലെ രസനാളികളിലേയ്‌ക്ക്‌ അലിഞ്ഞിറങ്ങാന്‍ ഇനി ആ കടല്‍ ജന്മങ്ങള്‍ക്കു ഭാഗ്യമുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോമസ്‌ മാസ്റ്റര്‍ക്കു ദുഖം എങ്ങനെ സഹിക്കാനാകും? തന്റെ ജയത്തിന്റെ തിളക്കം പോലും മാസ്റ്ററെ ആശ്വസിപ്പിക്കാനിടയില്ല.

ഇന്ത്യയൊട്ടുക്കും ആഞ്ഞടിച്ച്‌, കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ കട പുഴക്കിയെറിഞ്ഞ മോദി തരംഗത്തിനു പോലും, തമ്മില്‍ത്തല്ലില്‍ കടിച്ചുകീറി നില്‍ക്കുന്ന കേരളത്തിലെ ബിജെപിക്ക്‌, വന്ദ്യ വയോധികനായ ഒ.രാജഗോപാലിനെപ്പോലും വിജയിപ്പിക്കാന്‍ കഴിയാതെ പോയത്‌ ആരുടെ ശാപമാണോ. കേന്ദ്രനേതൃത്വം കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയോടാണ്‌ അദ്ദേഹത്തിനു പരാജയപ്പെടേണ്ടിവന്നത്‌ എന്നത്‌ മറ്റൊരു ദുര്‍വിധി. ഏതെങ്കിലും ഒരു നിയമനിര്‍മാണ സഭയില്‍ മുഖം കാണിക്കാനുള്ള ബിജെപിയുടെ ഏറ്റവും ഉജ്വലമായ അവസരവും കളഞ്ഞുകുളിച്ചു.

തുടക്കത്തിലെ ഏതാനും മിനിട്ടുകളൊഴിച്ചാല്‍ ബാക്കിനേരമത്രയും രാജഗോപാല്‍ മുന്നേറിക്കൊണ്ടിരുന്നത്‌, കേരളത്തില്‍ ബിജെപി ചരിത്രത്തിലാദ്യമായി രാജഗോപലിലൂടെ സാന്നിദ്ധ്യം അറിയിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷ ജനങ്ങളില്‍ ഉയര്‍ത്തിയിരുന്നു. പൂന്തുറ, കോവളം തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക്‌ വോട്ടെണ്ണല്‍ പടര്‍ന്നതോടെയാണ്‌ മുന്നേറ്റത്തെ തരൂര്‍ പിടിച്ചുവലിക്കാന്‍ തുടങ്ങിയത്‌. അതിനുശേഷം ബിജെപിക്കു കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാതെ പോയി.

കോണ്‍ഗ്രസുകാരില്‍ ഭൂരിഭാഗം ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കു പ്രിയംകരനല്ലാതിരുന്നിട്ടും തരൂരിന്റെ ജയം വെറും ഭാഗ്യമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. കേരളത്തില്‍ നിന്നുള്ള മറ്റുകേന്ദ്രമന്ത്രിമാരില്‍ കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്‌തവര്‍ വട്ടപ്പൂജ്യമാണെന്നു പറയുമ്പോള്‍ അതിലെ ഏറ്റവും മുഴുത്ത പൂജ്യമായെ യുഎന്നിലെ ഈ മുന്‍ അണ്ടര്‍ സെക്രട്ടറിയെ കാണാനാകൂ. ഇനി ജയിച്ചതുകൊണ്ടും അദ്ദേഹത്തിന്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതിക്ഷയും വേണ്ട.

അമേരിക്കക്കാരെ കണ്ടു നമ്മള്‍ പഠിക്കണമെന്നു പറഞ്ഞും, മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ വള്ളത്തോള്‍ കവിത മലയാളം വഴങ്ങാത്ത നാവുകൊണ്ടു 'പറഞ്ഞും', കേന്ദ്രത്തിലെ പിടിവള്ളികൊണ്ടു മാത്രം കേരളത്തില്‍ താവളമുറപ്പിക്കാന്‍ കച്ചകെട്ടിയ തരൂര്‍ജി ജീവിക്കുന്നതു തന്നെ വിവാദങ്ങളുടെ ശ്വാസം ഉപജീവിച്ചുകൊണ്ടാണ്‌. കാറ്റില്‍ ക്‌ളാസ്‌ തുടങ്ങി പാക്‌സ്ഥാന്‍ പത്രപ്രവര്‍ത്തകയിലൂടെ നീണ്ടുനീണ്ടു പോകുന്ന, പുസ്‌തകത്തില്‍പ്പോലും കൊള്ളാത്ത, വിവാദ പ്രളയത്തിന്റെ പ്രിയപുത്രന്‍. ഇനി അദ്ദേഹത്തിനു കോളമെഴുതാം, ക്രിക്കറ്റു കാണാം. അമേരിക്കന്‍ സാംസ്‌ക്കാരിക കേന്ദ്രമൊന്ന്‌ അനന്തപുരിയില്‍ തുറക്കാം.

എന്റെ ഏറ്റവും വലിയ ദുഖം അതല്ല. ഞങ്ങളുടെ മണ്ഡലത്തിലെ, 100% എം.പി. ഫണ്ടും വിനിയോഗിച്ച ലോകത്തിലെ ഏക എംപി എന്നുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ നിന്ന്‌, ചുവന്ന ഉച്ചിവെളിച്ചം തെളിയുന്ന കാറില്‍നിന്നിറങ്ങുന്ന കേന്ദ്രമന്ത്രിയായി ഇറങ്ങിവരാന്‍ ജോസ്‌ കെ. മാണിക്കു കഴിയില്ലല്ലോ എന്നതാണ്‌. ബിജെപിക്ക്‌ ഒരു തൊട്ടുകൂടായ്‌മയുമില്ലെന്ന മാണി സാറിന്റെ ഒരു മുഴം നീട്ടിയ ഏറിനുപോലും, പാഴേറായിപ്പോകുമല്ലോ എന്നതാണ്‌ എന്റെ തീരാദുഖം.

ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ (?) സ്വന്തം അധ്വാനവര്‍ഗ സിദ്ധാന്തം ലോകത്തിനാകമാനം സമര്‍പ്പിച്ച്‌ ബ്രിട്ടീഷ്‌ രാജ്ഞിയെപ്പോലും ഞെട്ടിച്ചുകളഞ്ഞ മാണിസാറിന്റെ സപ്‌നം മോദിജിയും തല്ലിക്കെടുത്താന്‍ പോകുന്നല്ലോ. ദുഷ്ടന്‍.

`പരമനാറിയെന്നു ഞങ്ങള്‍ പറയുമോ? പറഞ്ഞിട്ടേയില്ല, തൊഴിലാളിവര്‍ഗത്തിന്‌ അങ്ങനെ പറഞ്ഞ ചരിത്രമില്ല. ഈ പ്രയോഗം മാധ്യമങ്ങള്‍ വളച്ചും ഒടിച്ചും മടക്കിയും ഉണ്ടാക്കിയതാണ്‌. പരമചന്ദ്രന്‍ എന്നാണു ഞങ്ങള്‍ പറഞ്ഞത്‌.' കേരളം ഉറ്റു നോക്കുകയാണ്‌ നിര്‍മാണത്തിലിരിക്കുന്ന ഈ വിശദീകരണം.

ഇന്ത്യയില്‍ ഇടതുപക്ഷം മ്യൂസിയം പീസാകാനുള്ള യാത്രയിലാണെന്ന്‌ അവശിഷ്ട പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കിക്കഴിഞ്ഞു. മൂന്നാംമുന്നണി എന്ന ആശയം ഇടക്കിടെ മാന്തിയെടുക്കുന്ന ആ പാര്‍ട്ടിയുടെ ആകമാനഇന്ത്യാസഭാ നേതാവ്‌ കാരാട്ട്‌ മഹോദയ്‌ തന്നെ വോട്ടു ചെയ്‌തത്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌,

കേന്ദ്രം ആരുഭരിച്ചാലും കേരളത്തെ അതു ബാധിക്കില്ല. ഇവിടെ ഉമ്മന്‍ചാണ്ടി, സുധീരന്‍, പിസി ജോര്‍ജ്‌, ജോപ്പന്‍, സരിത എന്നിത്യാദികള്‍ ഇവിടെ ഭൂമി മലയാളത്തില്‍ ളള്ള കാലംവരെ. മുന്നണിയെ ഗ്രൂപ്പുഗ്രൂപ്പുകളായി ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ഗ്രൂപ്പുപാടില്ല എന്ന ഉഗ്രശാസനം മുഴക്കാന്‍ ഇനി മദാമ്മക്കു നാവുയരുമോ? കാര്യം, ക്രാന്ത ദര്‍ശിയായ സുധാകരനു നേരത്തേയറിയാം. ഗ്രൂപ്പില്ലെങ്കില്‍ കോണ്‍ഗ്രസില്ല. ഗ്രൂപ്പിനു തടയിടാന്‍ സുധീരനെ കോണ്‍ട്രാക്ട്‌ എല്‍പ്പിച്ചതോടെ കേളത്തില്‍ അധോഗതിയായി. അല്ലെങ്കില്‍ 20 ആല്ല, 21 സീറ്റ്‌ കൂടെപ്പോന്നേനെ. ഫേറ്റ്‌!

ഇനി ഇപ്പോള്‍ ആഖിലേന്ത്യയായി 47 ഗ്രൂപ്പുകളാവാം ഒരു എംപി വഹയായി ഒന്നെങ്കിലും വേണ്ടേ?. ഇന്ത്യയുടെ മൊത്തം ഗ്രൂപ്പു പ്‌ളേ ശക്തമാക്കിയാല്‍ അഞ്ചാണ്ടു കഴിയുമ്പം ഇന്ത്യയില്‍ മോദി ചായ വിറ്റു നടക്കേണ്ടി വരും.

രാഹുല്‍ജിക്ക്‌ ഇപ്പോള്‍ ചാനല്‍ എന്നു കേട്ടാല്‍ പനിയും വിറവലുമാണെന്നു കേള്‍ക്കുന്നു. 'ടൈംസ്‌ നൗ'ന്‌ ജീവിതത്തിലാദ്യമായി കൊടുത്ത ഇന്റര്‍വ്യൂവിനെപ്പറ്റി ആരെങ്കിലും പറഞ്ഞാല്‍ യുവരാജന്‍ സ്ഥലം വിടും. മോദിയുടെ അപരനാണോ അര്‍ണബ്‌ ഗോസ്വാമി? ഫലപ്രഖ്യാപനത്തിനു തലേന്ന്‌, മൗനമോഹന്‍ സിങ്‌ എന്ന മന്‍മോഹന്‍ സിങ്‌ജിയ്‌ക്കു യാത്രാവിരുന്നു നല്‍കിയ ചടങ്ങില്‍ മുഖം കാണിക്കാന്‍ പോലും ഭാവിപ്രധാനമന്ത്രികാംക്ഷിക്കു മടിക്കേണ്ടിവന്നതും മറ്റൊന്നും കൊണ്ടല്ല.

കുടിലില്‍ താമസിച്ചു നോക്കി, താടി വടിച്ചു നോക്കി, വടിക്കാതെ നോക്കി, കുട്ടികളെ ഉമ്മവച്ചുനോക്കി, വലിയമ്മമാരെ തഴുകി, വാഹനത്തിന്റെ മുകളില്‍ കയറി, ബാരിക്കേഡ്‌ നൂണ്ടു കടന്നു ജനകീയനായി, മമ്മിസ്‌റ്റൈലില്‍ വൈപ്പര്‍ കൈവീശു പരീക്ഷിച്ചു.. .. എന്തിനേറെ അമ്മച്ചി പഠിപ്പിച്ചുകൊടുത്തതൊക്കെ പയറ്റിനോക്കിയിട്ടും ഏറ്റില്ല. അമ്മച്ചി പഠിപ്പിച്ചതുപോലെ വിമന്‍ എംപവര്‍മെന്റ്‌ എന്നൊക്കെ എല്ലായിടത്തും വിളിച്ചു പറഞ്ഞുനോക്കി. പക്ഷെ മോദി എംപവര്‍മെന്റ്‌ എന്നാവും ജനം കേട്ടത്‌.

എവിടെയോ അരക്കഴഞ്ച്‌ ഗുരുത്വദോഷം ഉണ്ടാകാം. നാട്ടുകാരുടെ മുഖത്തു നോക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നു പറഞ്ഞാല്‍ മതിയല്ലോ.

സാരമില്ല, ഇനി പ്രിയപ്പെട്ട പ്രിയങ്ക വാധ്ര ഉള്ളതുകൊണ്ടും ഇന്ത്യയില്‍ ഇനിയും ക്രയവിക്രമത്തിനു ഭൂമി അവശേഷിച്ചിരിക്കുന്നതുകൊണ്ടും രാജ്യം അനാഥമാകില്ല. സമയം പാഴാക്കാതെ രാജകുമാരിയെ അവരോധിച്ച്‌ പാര്‍ട്ടിയെ വന്‍കുഴിയില്‍നിന്നു വലിച്ചുകയറണമെന്ന്‌ അണികള്‍ ഇന്നലെത്തന്നെ ദില്ലിയില്‍ കൊടിപൊക്കിയതുകണ്ടില്ലേ വിമന്‍ എംപവര്‍മെന്റ്‌ എന്ന്‌ രാഹുല്‍ജീ പറഞ്ഞു നടന്നതിന്‌ ഇനിയെങ്കിലും ഫലം ഉണ്ടായാന്‍ നന്ന്‌. ബെറ്റര്‍ വാധ്‌റ, ദാന്‍ നെവര്‍ എന്നല്ലേ ചൊല്ല്‌.

ഇനി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുചെയ്യും. ആറന്‍മുള വിമാനത്താവള കമ്പനിയില്‍ 10% ഓഹരി എടുക്കാനുള്ള മുന്നണി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ലെന്ന്‌ കുഞ്ഞൂഞ്ഞ്‌ കനപ്പിച്ചു പറഞ്ഞത്‌ ഇന്നാളല്ലേ.

അധികാരത്തില്‍ വന്നാല്‍ ആറന്‍മുളയിലെന്നല്ല, ഏഴന്‍മുളയില്‍നിന്നുപോലും വിമാനം പൊങ്ങാന്‍ അനുവദിക്കില്ലെന്ന്‌ ചാവാല പറഞ്ഞത്‌ ഓര്‍മയില്ലെ. എബ്രഹാം കലമണ്ണില്‍ 56 കോടി വരാഹനു രവിപിള്ളയ്‌ക്കും, ടിയാന്‍ 200 കോടി വരാഹന്‍ജിക്കു ശ്രീമാന്‍ റോബര്‍ട്ട്‌ വധ്ര അവര്‍കള്‍ക്കും, അദ്ദേഹം മനസാവാചാ കര്‍മണാ അറിയാതെ 2000 കോടി ഗാന്ധിനോട്ടിന്‌ സംപൂജ്യനായ അംബാനിജിയുടെ കൈകളില്‍ ചെന്നുപെട്ടുപാകുകയും ചെയ്‌തതായി പറയപ്പെടുന്ന മേല്‍പ്പടി വിമാനഭൂമിയില്‍ ഇനി കപ്പ നടുമോ കര്‍ത്താവേ. വധ്രാജി എത്ര പാടുപെട്ടാണ്‌ ഏതാണ്ട്‌ 10 സമ്മതക്കടലാസുകള്‍ ഒപ്പിച്ചെടുത്തതെന്ന്‌ വല്ലവരും അറിയുന്നോ.

ഏഴു ജഗജില്ലി മന്ത്രിമാരാണ്‌ കൊടിവച്ച കാറുകളില്‍നിന്ന്‌ ഇനി ഗ്രൂപ്പുകൂടാരങ്ങളിലേയ്‌ക്കു പഴയ പണിക്കു മടങ്ങിവരുന്നത്‌. ഇവര്‍ കടുത്ത രാജ്യസേവനത്തിലൂടെ കേരളം സ്വര്‍ഗമാക്കിക്കൊണ്ടിരിക്കവേയാണ്‌ ദുഷ്ടനാം കംസന്‍ മോദിയായി വീണ്ടും അവതാരമെടുത്തത്‌. ഇതില്‍ ഒരു ദേഹമാകട്ടെ ആദര്‍ശത്തിന്റെ രൂപക്കൂടുവിട്ട്‌ പുറത്തൊന്നു നോക്കുകപോലും ചെയ്യാത്ത അറക്കപ്പറമ്പ്‌ പുണ്യാളനും.

കോണ്‍ഗ്രസിന്‌ ശക്തമായ നേതൃത്വം ഇല്ലാതെ പോയതാണ്‌ പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്ന്‌ രവിക്ക്‌ ഒരു വയലാറന്‍ വെളിപാട്‌. നേതൃത്വം പരാജയമാണെന്ന്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ അദ്ദേഹത്തിന്‌ തോന്നാതിരുന്നതു ഹൈക്കമാന്‍ഡ്‌ കുടുംബത്തിന്റെ ഭാഗ്യം. ഇക്കാര്യം മലയാളത്തിലും, അതു മനസിലാക്കാത്ത പന്ന മലയാളികള്‍ക്കായി ഇംഗ്‌ളീഷില്‍ സ്വയം പരിഭാഷപ്പെടുത്തിയും അദ്ദേഹം സ്വന്തം ആംഗലേയ പാണ്ഡിത്തം മാലോകരെ അറിയിച്ചതു പാര്‍ട്ടിക്ക്‌ ഈ കഷ്ടകാലത്ത്‌ വലിയൊരു ആശ്വാസം തന്നെ.

ആം ആദ്‌മി പാര്‍ട്ടിക്കു പ്രതീക്ഷയനുസരിച്ച്‌ ഉയരാനായില്ലെങ്കിലും അവര്‍ പിടിച്ച വോട്ടുകള്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ജയപരാജയങ്ങളെ നിര്‍ണയിച്ചിട്ടുണ്ടാകുമെന്നു ,തീര്‍ച്ച. ഒരു ചൂലു വിചാരിച്ചാലും അത്താഴം മുടക്കാം.

സാറാ ജോസഫോ അനിറ്റാ പ്രതാപോ വിജയിക്കുമെന്ന്‌ ആരും സ്വപ്‌നം ക
ണ്ടിട്ടില്ല. അവര്‍ എല്ലാവരുടേയും ഉറക്കം കെടുത്തിയോ? അതു ധാരാളം. പഞ്ചാബില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്‌തു.

തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞു ഫലംകണ്ടു പുളകം കൊണ്ടു. ഓ.കെ. കോണ്‍ഗ്രസില്‍ മദ്യലോബി എന്നൊരു ഗ്രൂപ്പുകൂടി പിറന്നതിനു കീജെയ്‌.
ഉത്തരേന്ത്യയില്‍ ജനകീയ സുനാമി; ചായക്കെറ്റിലില്‍ നിന്നു കൊടുങ്കാറ്റ്‌ (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക