പുറത്ത് ഇടിയും മഴയും തകര്‍ക്കുകയാണ്. ജനലിലൂടെ ശക്തിയായ മിന്നല്‍പിണരുകള്‍ പാഞ്ഞെത്തുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കും എങ്കിലും ആ ഇടിയും മിന്നലുമൊക്കെ തന്റെ ഹൃദയത്തില്‍ തന്നെയാണ് നടക്കുന്നതെന്ന തോന്നല്‍. മനസ്സ് പ്രകൃതി ഭാവങ്ങളോടിണങ്ങി പ്രതികരിക്കുമല്ലൊ-
താന്‍ ഏഴുമക്കളുടെ അമ്മയാണെങ്കിലും ഫലത്തില്‍ ഒറ്റ പുത്രന്റെ അമ്മയാണ്. വയസ്സു കാലത്ത് തന്റെ ഊന്നുവടിയായിരിക്കേണ്ട അവനിപ്പോള്‍ എവിടെയാണെന്നും എന്തു ചെയ്യുന്നുവെന്നും യാതൊരറിവുമില്ല. ജീവനോടെയുണ്ടെങ്കില്‍ ഒരു കത്തെങ്കിലും അയയ്ക്കില്ലേ? അറേബ്യന്‍ മണല്‍ക്കാടുകളില്‍ എവിടെയോ അനാഥപ്രേതം പോലെ അലഞ്ഞുതിരിയുന്നുണ്ടോ? ഇത്തരം അങ്കലാപ്പില്‍ മനസ്സു പതറിയിരിക്കുമ്പോഴാണ് അവിടുന്നു വന്ന ഒരാളില്‍ നിന്ന് അറിഞ്ഞത് ഏതോ അറബിയുടെ വലയില്‍പെട്ട് അവന്‍ ഇസ്ലാം ആയെന്നും അറബിതന്നെ അയാള്‍ മൊഴിചൊല്ലിയ ഒരുവളെ അവന്റെ തലയില്‍ കെട്ടിവച്ചെന്നും ഇപ്പോള്‍ അയാളുടെ ഹോട്ടലില്‍ ജോലിചെയ്യുകയാണെന്നും മറ്റും. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പുകടിച്ചെന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഇപ്പോള്‍ പ്രത്യാക്ഷാനുഭവം!
മറ്റെല്ലാമക്കളും ചത്തും കെട്ടും പോയപ്പോള്‍ 'തറയില്‍ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും' എന്നമട്ടില്‍ അന്നാരം പുന്നാരമായി വളര്‍ത്തിക്കൊണ്ടുവന്നതാണ്. കഷ്ടിച്ചു മൂന്നുമാസം തികയുന്നതിനുമുമ്പ് അവന്റെ അപ്പന്‍ ജൗളിക്കടയിലേക്കു ചരക്കെടുക്കാന്‍ ഗുജറാത്തിനുപോയതാണ്. പിന്നെ ആളെക്കുറിച്ച് കുറെ നാളത്തേയ്ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. ആയിടയ്ക്കാണ് അവിടെ ഏതോ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് അസംഖ്യം പേര്‍ മരണമടഞ്ഞുവെന്നു പത്രത്തില്‍ കണ്ടത്. അദ്ദേഹവും അതിന് ഇരയായിട്ടുണ്ടാവുമോ എന്നു വേവലാതിപെട്ടിരിക്കുമ്പോഴാണ് മറ്റൊരു വ്യാപാരിയില്‍ നിന്നറിഞ്ഞത് അവിടെ ഏതോ ഒരുവളുടെ സാരിയുടെ മുന്താണിയില്‍ കക്ഷി കുരുങ്ങിക്കിടക്കുകയാണെന്ന്. കടയില്‍ ജോലിചെയ്തിരുന്ന സ്വന്തക്കാരുപിള്ളേര്‍ കുറച്ചുനാള്‍ കടനടത്തി. പിന്നെ കിട്ടിയ വിലയ്ക്കു ശേഷിച്ച സാധനങ്ങളും വിറ്റു കടപൂട്ടികെട്ടി.
ഏതു നാലാം വേദക്കാരനായി മാറിയാലും മകന്‍ മകനല്ലാതായി മാറുമോ? കണ്ണടയുംമുമ്പ് അവനെ ഒരുനോക്കു കാണാന്‍ മനസ്സു വിങ്ങി. ആഹാരം കഴിക്കാനിരിക്കുമ്പോഴാണ് കൂടുതല്‍ പ്രയാസം. വറ്റു തൊണ്ടയില്‍ നിന്നു താഴേക്കിറങ്ങാത്ത അനുഭവം! മനസ്സു വിഷമിച്ചിരിക്കുമ്പോള്‍ ആഹാരം കഴിച്ചാല്‍ അതു വിഷമായി പരിണമിക്കുമത്രേ. അങ്ങനെയാണെങ്കില്‍ ഈ പത്തുപതിനെട്ടു വര്‍ഷമായി താന്‍ കഴിക്കുന്നത് വിഷമാണ്.
'നമുക്ക് ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം; മോന്‍ കടലു കടന്നു കാണാമറയത്തുപോകണ്ടാ. അമ്മയ്ക്കു അറബിപൊന്നുവേണ്ട. ബംഗ്ലാവും ഒന്നും വേണ്ട. എന്റെ പൊന്നേ നീ അരികിലുണ്ടായാല്‍ മാത്രം മതി. അതാണ് അമ്മയുടെ സ്വര്‍ഗ്ഗം.'
ഒരായിരം വട്ടം ഇക്കാര്യം അവനോടു പറഞ്ഞതാണ്. പക്ഷേ, തള്ളചൊല്ലാ വാവല്‍ കിഴുക്കാഞ്ചാതി എന്നേ പറയേണ്ടൂ. അവന്‍ പോയി-ഒപ്പം പോയവരൊക്കെ ആണ്ടിലാണ്ടില്‍ വരും. അവരുടെ കുടിലിന്റെ സ്ഥാനത്ത് ബംഗ്ലാവായി. കാറിലേ അടുത്ത കടയില്‍ പോലു പോകൂ എന്ന സ്ഥിതി! മുമ്പൊക്കെ എത്രമൈല്‍ നടക്കാനും മടിയില്ലാത്തവരുടെ ഇപ്പോഴത്തെ പത്രാസു കാണുമ്പം ഉള്ളാലെ ചിരിക്കും. പണത്തോടൊപ്പം കയറിവരുന്ന ഒന്നാണല്ലോ അഹന്ത! പ്രത്യേകിച്ചു 'തിടീര്‍ കുബേരന്മാര്‍ക്ക്'
അവന്റെ കൂടെപ്പോയവരോടൊക്കെ അവനെക്കുറിച്ചന്വേഷിച്ചാല്‍ എല്ലാവര്‍ക്കും ഒരേ മറുപടിയാണ്.
'അവന്‍ ആയിടയ്ക്കു തന്നെ വേറെ സ്ഥലത്തേക്കു പോയി. അതില്‍ പിന്നെ കണ്ടിട്ടേയില്ല പിന്നീട് ഒരു സാന്ത്വനം ഇങ്ങോട്ട്-
ഏതായാലും അവന്‍ വരാതിരിക്കില്ല. എവിടെങ്കിലും സുഖമായിരിക്കുന്നുണ്ട്' അടുത്തയാള്‍-
'എന്തായാലും ഞാനങ്ങു ചെന്നാലുടന്‍ വിശദമായി അന്വോഷിച്ച് വിവരമറിയിക്കാം. അമ്മച്ചി വിഷമിക്കാതെ' ഇനിയൊരാള്‍-
ഇങ്ങനെ ഓരോരോ ചോദ്യവും സാന്ത്വനവുമായി വന്നവര്‍ സ്ഥലം വിട്ടു.
പെറ്റവയറിന്റെ ആന്തല്‍ ആശ്വാസ വചനങ്ങള്‍കൊണ്ടു മാറുന്നതല്ലല്ലൊ.
ഇരുണ്ടും വെളുത്തും രാപകലുകള്‍ പിന്നെയും ഏറെ കടന്നു പോയി. അസുഖപ്രദമായ ഓര്‍മ്മകളുടെ നീരാളിപിടുത്തത്തില്‍ മനസ്സു മൃതപ്രായമായി. എങ്കിലും ആശയ്‌ക്കെതിരായി ആശിക്കുവാന്‍ മനസ്സ് പ്രവണത കാട്ടുമല്ലൊ.
'എന്റെ മോന്‍ വരാതിരിക്കില്ല' മനസ്സു മന്ത്രിച്ചു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സന്ധ്യയ്ക്ക് തൊട്ടുകിഴക്കേതിലെ 'കൊച്ചു വാ' എന്നു വിളിപ്പേര്‍ സ്ഥിരമായ കുഞ്ഞൂട്ടി വന്നു കയറിയത്. (അസാധാരണമാംവിധം ചെറിയവായാണ് കൂഞ്ഞൂട്ടിയുടേത്.) ചമ്പന്‍ കച്ചവടവും പിന്നെ താറാവുകൃഷിയും മതിയാക്കി പുളിക്കച്ചവടത്തിന് എറണാകുളത്തുപോയ കുഞ്ഞൂട്ടി അവിടെ സ്ഥിരതാമസമാക്കി. അമേരിക്കയിലുള്ള ഏതോ പണക്കാരന്റെ ആള്‍ത്താമസമില്ലാത്ത വീട്ടുകാവല്‍ ഒത്തുകിട്ടി. കുടുംബസമേതം അങ്ങോട്ടു പൊറുതിമാറ്റിയെങ്കിലും മാസത്തിലൊരിക്കല്‍ അമ്മയെ കാണാനെത്തും. അയല്‍വീടുകളും സന്ദര്‍ശിച്ച് സുഖവിവരം ആരായും. കുറേശ്ശെ സുവിശേഷവചനങ്ങള്‍ കാണാപ്പാഠമാണ്.
വന്നപാടെ മുഖവുരയൊന്നും കൂടാതെ വിളിച്ചുപറഞ്ഞു.
'അമ്മച്ചി ഞാന്‍ തങ്കച്ചനെ കണ്ടു.'
കേട്ടതു നുണയോ നേരാ എന്നറിയാതെ സ്തംഭിച്ചു നില്‍ക്കുന്നതിനിടയില്‍ തങ്കച്ചന്‍ കുറച്ചുകൂടി അടുത്തുവന്ന് കുനിഞ്ഞ് എന്റെ മുഖത്തേക്കു നോക്കിക്കൊണ്ട്,
'അമ്മച്ചിക്കു ഞാന്‍ പറഞ്ഞതു വിശ്വാസമായില്ല അല്ലേ? നമ്മുടെ തങ്കച്ചനെ ഞാന്‍ ഇന്നലെ കാണുകേം സംസാരിക്കുകേം ചെയ്തു.'
വികാരവിക്ഷേഭം കാരണം എനിക്കു മിണ്ടാന്‍ കഴിഞ്ഞില്ല. കുഞ്ഞൂട്ടി സംഭവം വിവരിക്കുകയാണ്.
'എനിക്കു കളമശ്ശേരി വരെ പോകണമായിരുന്നു. ഒരു പാര്‍ട്ടി കുറച്ചു കാശു തരാനുണ്ടായിരുന്നു.'
ഒരു കഥ പറയുന്ന ലാഘവത്തോടെ അയാള്‍ തുടര്‍ന്നു-
കാശും വാങ്ങിച്ച മോ െകൊച്ചിനു ശകലം ബിസ്‌ക്കറ്റുമൊക്കെ വാങ്ങിക്കാന്‍ ബസ്റ്റോപ്പിനടുത്തുള്ള ബേക്കറിയില്‍ കയറി. അപ്പോള്‍ അകത്തുനിന്നു ഇടത്തോട്ടു മുണ്ടുടുത്ത്, ഊശാന്‍ താടിയും കഷണ്ടിയുമുള്ള ഒരു മേത്തന്‍ ഇറങ്ങി വന്നു. ഞാന്‍ സൂക്ഷിച്ചുനോക്കിയിട്ട് 'തങ്കച്ചനല്ലേ' എന്നു ചോദിച്ചു. അവന്‍ ആദ്യം ഒന്നു പകച്ചു. പിന്നെ പറഞ്ഞു.
'അല്ല നിങ്ങള്‍ക്കു ആളു തെറ്റിയതാ.'
അവനെത്ര വേഷം മാറിയാലും കൊച്ചുന്നാളില്‍ ഞങ്ങളൊന്നിച്ചു കളിച്ചുവളര്‍ന്നതല്ലേ. രണ്ടിലൊന്നറിയണമെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി- ഞാന്‍ പറഞ്ഞു.
'ആട്ടെ. ഒന്നിങ്ങോട്ടു വന്നേ ഒരു കാര്യം ചോദിക്കട്ടെ'
'എന്തോ ചോദിക്കാനാ. നിങ്ങള്‍ക്ക് ആളുമാറിപ്പോയി. നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാന്‍'
അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഞാന്‍ വിട്ടില്ല.
ആളുതെറ്റിക്കോട്ടെ, ശകലം വര്‍ത്തമാനം പറയുന്നതുകൊണ്ടു കുഴപ്പമില്ലല്ലൊ. വന്നേ മടിച്ചു മടിച്ചു അവന്‍ അടുത്തേക്കുവന്നു.
ഞങ്ങള്‍ റോഡിലേക്കിറങ്ങി നിന്നു. അവന്‍ കയ്യിലിരുന്ന തൊപ്പി തലയില്‍ വച്ച് തനി മുസല്‍മാനായി ചോദിച്ചു.
'നിങ്ങള്‍ക്കെന്താ പറയാനുള്ളത്?'
'എടാ, നീ എത്ര വേഷം മാറിയാലും നിന്നെ ഞാനറിയാതിരിക്കുമോ? നിനക്ക് ആ തള്ളെ തീ തീറ്റിച്ചതു മതിയായില്ലേ?'
അതുകേട്ടതും അവനൊറ്റക്കരച്ചില്‍! മനസ്സല്പം ശാന്തമാവാന്‍ ഞാന്‍ കാത്തു. പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു.
അമ്മച്ചീ, അവനൊരു ഊരാക്കുടുക്കില്‍ പെട്ടിരിക്കയാണ്. നമ്മളു കേട്ടതൊക്കെ ശരിയാണ്. അവനൊരു പാവമായതുകൊണ്ട് പെട്ടുപോയി. അമ്മച്ചീടെ കാര്യമോര്‍ക്കുമ്പോഴാണ് അവനു സങ്കടം സഹിക്കവയ്യാത്തത്.
എങ്ങനെയും അറബിയുടെ വലയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ തക്കം പാര്‍ക്കുന്നു.
നിറമിഴികളോട കുഞ്ഞൂട്ടി പറയുന്നത് ഞാന്‍ നിശ്ശബ്ദം കേട്ടു നിന്നു. അറബിയുടെ കീഴില്‍ ജോലിചെയ്യുന്ന വേറൊരാളിന്റെ അളിയനാണ് ആ ബേക്കറി നടത്തുന്നത്. അയാള്‍ക്കു കൊടുക്കാന്‍ കുറെ രൂപയുമായി മറ്റൊരാളെ കാവലാക്കി തങ്കച്ചനെ അയച്ചതാണ്. ഉടനെ മടങ്ങിപ്പോകണമെന്നും ഇനിയത്തെ വരവ് അമ്മയുടെ അടുത്തേക്കാണെന്നും, പിന്നെ എങ്ങോട്ടുമില്ലെന്നും എന്നെ ഈ നിലയില്‍ കണ്ടകാര്യം അമ്മയോടു പറയരുതെന്നുമൊക്കെ പറഞ്ഞാണ് എന്നെ വിട്ടത്. ബഷീര്‍ എന്ന പേരിലാണ് അവന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ഭാര്യയും മക്കളുമുണ്ടെന്നു കേട്ടതും നേരാണ്.
'എനിക്കെന്റെ മോനെ ഒന്നു കാണാനെന്താണു വഴി?'
ഏതായാലും നാളെ അമ്മച്ചി എന്റെ കൂടെ പോരാന്‍ റഡിയായിക്കോ. ഓര്‍ക്കാപ്പുറത്ത് ചെന്ന് അവനെ പിടികൂടാം.
'എന്റെ കുഞ്ഞു ജീവനോടെയുണ്ടല്ലൊ എനിക്കതുകേട്ടാ മതി. നാളെ ഞാനും നിന്റെ കൂടെ വരുന്നു.'
പിറ്റേന്നു തന്നെ ഞങ്ങള്‍ യാത്രയായി.
എറണാകുളത്ത് പള്ളിമുക്കിലിറങ്ങി ആലുവാ ബസ് കാത്തു നില്‍ക്കുമ്പോള്‍ കുഞ്ഞൂട്ടി ചോദിച്ചു: അമ്മച്ചി, കാപ്പികുടിക്കുന്നോ?
'ഒക്കെ പിന്നെ. ആദ്യം എന്റെ മോനെ കാണട്ടെ' ഹൃദയം പടഹമടിക്കയാണ്. കളമശ്ശേരിയിലിറങ്ങി. ബേക്കറിയുടെ വാതിക്കലെത്തി. കുഞ്ഞൂട്ടി പറഞ്ഞു.
'അമ്മച്ചി നില്‍ക്ക്. ഞാന്‍ പോയി അവനെ വിളിക്കാം.'
കുഞ്ഞൂട്ടി അകത്തേക്കു കയറിപ്പറഞ്ഞു.
ബഷീറിനെ ഒന്നു വിളിക്ക്.
'ബഷീറോ? അയാള്‍ രാവിലെ ഏഴരയ്ക്കുള്ള ഫ്‌ളൈറ്റിനു മടങ്ങിപ്പോയല്ലോ. ഇപ്പോള്‍ സൗദിയിലെത്തീട്ടുണ്ടാവും.'
കുഞ്ഞൂട്ടി വിഷണ്ണനായി തലയും താഴ്ത്തി എന്റെ അടുക്കലേക്കു വന്നു. അകത്തെ സംഭാഷണം ഞാനും കേട്ടിരുന്നു.
കുഞ്ഞൂട്ടി ഒന്നും ഇരിയാടാതെ വന്ന് എന്റെ കയ്യില്‍ പിടിച്ചു. ഞാന്‍ തളര്‍ന്നു വീഴുമോയെന്ന ഭയം-
ഈ ഭൂമിയുടെ കോണില്‍ ബന്ധനമുക്തനായി തന്റെ അമ്മയുടെ അരികില്‍ ഓടിയണയാന്‍ വെമ്പുന്ന മകനെ ഓര്‍ത്തപ്പോള്‍ എവിടെനിന്നോ ഒരു ശക്തി എന്നില്‍ വന്നണഞ്ഞതുപോലെ. പാലാരി വട്ടത്ത് എത്താറായപ്പോള്‍ കുഞ്ഞൂട്ടി പറഞ്ഞു.
'നമുക്ക് വീട്ടില്‍ കയറിയിട്ടുപോകാം സാറാമ്മേം പിള്ളാരും അമ്മച്ചിയെ കാത്തിരിക്കുന്നു. അമ്മച്ചിവരുമെന്നു ഞാനിന്നലെത്തന്നെ വിളിച്ചു പറഞ്ഞിരുന്നു'
പാലാരിവട്ടത്തു സ്റ്റോപ്പില്‍ ഞങ്ങളിറങ്ങി.