2009 മെയ് 31. എന്റെ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ തലേനാള്‍. വീട്ടില്‍ നിന്ന് ഹോസ്റ്റലിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്: “സാഹിത്യകാരി കമല സുരയ്യ അന്തരിച്ചു.” ആ നിമിഷത്തിലെ നടുക്കത്തെ വിശദീകരിക്കാന്‍ ഇപ്പോഴും എനിക്കറിയില്ല. എന്നെങ്കിലും ഒരിക്കല്‍ ഒന്ന് കാണണം, കയ്യിലൊന്ന് തൊടണം, അനുഗ്രഹം വാങ്ങിക്കണം തുടങ്ങി ഞാന്‍ പോലും അറിയാതെ എന്റെ ഉള്ളില്‍ കൂടുകൂട്ടിയ സ്വപ്നങ്ങളെയാണ് മരണം ഇല്ലാതാക്കിയത്. പ്രിയ എഴുത്തുകാരിയോടുള്ള സ്‌നേഹം ദുഃഖമായി അണപൊട്ടി ഒഴുകിയപ്പോള്‍ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ചങ്കുപൊട്ടുമെന്ന് തോന്നി. അന്ന് ഡയറിയല്‍ ഇറക്കിവച്ച എന്റെ മനസ്സാണ്, എന്റെ ആദ്യലേഖനം 'ഓര്‍മ്മയില്‍ നീര്‍മാതളം.'
സാഹിത്യപ്രേമികള്‍ക്ക് പുന്നയൂര്‍ക്കുളവും നാലപ്പാട് തറവാടും മുത്തശ്ശിയും ദാസേട്ടനുമെല്ലാം ചിരപരിചിതരാണ്. നീര്‍മാതപ്പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും നമുക്ക് അന്യമല്ല. പാതി ചാരിയ വാതിലിലൂടുള്ള എത്തിനോട്ടം ആയിരുന്നില്ല കമലയുടെ ശൈലി. മനസ്സിന്റെ വാതില്‍ തള്ളിത്തുറന്ന് അവര്‍ പടവെട്ടി. ഒരു വിധത്തിലെയും ചട്ടക്കൂട്ടില്‍ ഒതുങ്ങാതെ സ്വയം നിര്‍മ്മിച്ച രീതിയില്‍ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠ സൗന്ദര്യം തുളുമ്പുന്ന കൃതികള്‍ അവര്‍ സംഭാവന ചെയ്തു. വിശ്വഭാഷയില്‍ ജന്മംനല്‍കിയ കവിതകളും മലയാണ്മയുടെ ചൂടില്‍ വിരിഞ്ഞ കഥകളും തീര്‍ത്ത മാരിവില്ലിന് ഒരേ നിറപ്പകിട്ടാണ് രക്തത്തിന്റെ നനവില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍ അനുവാചകമനസ്സുകളില്‍ കുളിരും നിലാവും ചന്ദനഗന്ധവും പകര്‍ന്ന് അനശ്വരത നേടി.
'എന്റെ കഥ' എന്ന പുസ്തകം ആത്മകഥയായി പുറത്തിറക്കിയ ചങ്കൂറ്റം കേരളസമൂഹത്തിന്റെ കപടസദാചാരത്തിന് നേര്‍ക്കുള്ള വെല്ലുവിളിയായിരുന്നു. ഒരേ സമയം ആത്മകഥയായും സ്വപ്നസാഹിത്യമായുമുള്ള വേര്‍തിരിക്കാനാവാത്ത സമന്വയം അപൂര്‍വ്വമായ വായനാനുഭവം സമ്മാനിക്കുന്നു. തന്റെ അനുഭവങ്ങളും താന്‍ അറിയുന്നവരുടെ അനുഭവങ്ങളും സ്വന്തം എന്ന നിലയില്‍ എഴുതുകയായിരുന്നെന്ന് കഥാകാരി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. സ്വയം മുഖം മിനുക്കാന്‍ മറ്റുള്ളവരെ ദുഷിച്ചു പറയുന്നവര്‍ക്കിടയിലാണ് 'ഇമേജ്' എന്ന മുഖം മൂടി ആവശ്യമില്ലെന്ന കമലയുടെ പ്രഖ്യാപനം. വസ്ത്രവും മാംസവും മാറ്റി, എല്ലിനുമകത്ത്, മജ്ജയ്ക്കും കീഴില്‍, ആഴത്തില്‍ നാലാമതൊരു ഡൈമന്‍ഷന്‍ കാണിച്ചു തരാനുള്ള അവരുടെ ശ്രമം ആ എഴുത്തുകാരിയെ വേറിട്ടു നിര്‍ത്തി. സാഹിത്യത്തില്‍ അനുഭവങ്ങളുടെ ഗന്ധം പരത്തിയൊഴുകിയ കമലയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല.
പലതിലും വേണ്ടിയുള്ള ഒരന്തര്‍ദാഹം ആമിയുടെ എഴുത്തില്‍ പ്രകടമമാണ്. നിറവും മിനുസവും കാന്തിയും ചൂടുമുള്ള പാഴ്‌ത്തോടായ ശരീരത്തിനപ്പുറം ആത്മാവിന്റെ സൗന്ദര്യത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഇനിയൊരു ജന്മം ഇല്ലെന്ന് തന്നെ കമല ഉറപ്പിച്ചു. അതുകൊണ്ടുതന്നെ കിട്ടിയ ജന്മത്തില്‍ പരമാവധി സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആമി കൊതിച്ചു. സംതൃപ്തയെന്ന് സ്വയം അവകാശപ്പെടുമ്പോഴും സത്യത്തിന്റെ 'കമലാടച്ചുള്ള' പേനയ്ക്ക് ഉള്ളിലെ അസംതൃപ്തി മറയ്ക്കാന്‍ കഴിഞ്ഞില്ല.
ജീവിതം മന്ത്രജലമാണ്. അതു കുടിക്കും തോറും ദാഹം വര്‍ദ്ധിക്കുന്നു. ഈ ജീവിതവും ഈ പ്രേമവും എനിക്ക് വേണ്ടിടത്തോളമായി എന്നു പറയാന്‍ എനിക്കൊരിക്കലും പറ്റില്ല…? പ്രണയത്തെ അതിതീവ്രമായ അനുഭവമാക്കാന്‍ വെമ്പുന്ന കമലയുടെ ഹൃദയം ഈ വരികളില്‍ തന്നെയുണ്ട്. ചിരികളുടെ, വാക്കുകളുടെ, ആശ്ലേഷങ്ങളുടെ, ചുംബനങ്ങളുടെ, ശയനങ്ങളുടെ, ഓര്‍മ്മകളില്‍ ചലിക്കുന്ന ജീവിതചക്രം അക്ഷരങ്ങളിലൂടെ പുനരാവിഷ്‌കരിക്കാന്‍ നടത്തിയ അവരുടെ ശ്രമമാണ് ആ എഴുത്തിന്റെ വ്യത്യസ്തത.
എനിക്കറിയാവുന്ന ആരോ ആണല്ലോ ഇവര്‍ എന്ന് തോന്നുന്ന തരത്തില്‍ ഹൃദയത്തെ തൊടുന്ന കഥാപാത്രങ്ങളാണ് കമലയുടെ രചനകളില്‍ . വായനക്കാരോടുള്ള അടുപ്പം നിലനിര്‍ത്തി തൂലിക ചലിപ്പിക്കുന്നതുകൊണ്ടാകാം അനുഭവിച്ചറിയാത്ത ലോകത്തിലൂടെ സഞ്ചരിക്കുമ്പോഴും അപരിചിതത്ത്വം തോന്നാതെ വായന അതിന്റെ എല്ലാ സുഖത്തോടെയും നീങ്ങുന്നത്.
ആശുപത്രി മുറിയിലും അടുക്കളയിലെ പരിപ്പ് കരിയുന്ന മണം അറിയുന്ന കോലാടിയെ വീട്ടമ്മ ടിപ്പിക്കല്‍ മലയാളി അമ്മയാണ്. ഭര്‍ത്താവിന്റെ മരണത്തോടെ ഒരു ചിറകൊടിഞ്ഞു പോകുന്ന അവശിഷ്ടങ്ങളിലെ സ്ത്രീ കഥാപത്രം അടുത്തറിയുന്ന ഒരാളുടെ ദുഃഖത്തിലെന്നപോലെ മനസ്സിനെ അസ്വസ്ഥമാക്കും. 'പച്ചപട്ടുസാരി' എന്ന കഥയില്‍ കാന്‍സര്‍ രോഗിയായ ഭാര്യ ഓപ്പറേഷന്‍ തീയേറ്ററിലേയ്ക്ക് കടക്കുമ്പോള്‍ ഇനിയൊരു മടങ്ങിവരവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ വിഷമം പുറത്തുകാണിക്കാതെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവും വായനക്കാരില്‍ വല്ലാത്ത വേദന ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന് പല്ലുവരുന്നതും, നടക്കുന്നതുകാണാനും, ഒരുമിച്ച് ഷോപ്പിങ്ങിനു പോകാനും അവര്‍ക്ക് കഴിയട്ടെ എന്ന് ഉറ്റബന്ധുവിന് വേണ്ടി എന്ന പോലെ ആരും പ്രാര്‍ത്ഥിച്ചു പോകും. അത്രത്തോളം കഥയുടെ ആഴത്തിലേയ്ക്ക് വലിച്ചടിപ്പിക്കുന്ന വശ്യത ആ എഴുത്തുകുത്തിനുണ്ട്. 'എന്നിട്ട് അവള്‍ അവസാനമായി അയാളെ നോക്കി ചിരിച്ചു' എന്ന് പറഞ്ഞ് കഥ അവസാനിക്കുമ്പോള്‍ അറിയാതൊന്ന് കണ്ണ് കലങ്ങും, നെഞ്ച് വിങ്ങും.
പ്രണയത്തിന്റെ അവസാനവാക്കായി വിശേഷിപ്പിക്കാവുന്ന വരികളാണ് 'ചതുരംഗ'ത്തിലേത്: 'സ്‌നേഹത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് തന്നെ കാമുകന്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം കൊണ്ടുമാത്രം സ്മരിച്ചാല്‍ തൃപ്തിയാവില്ല. അവള്‍ക്ക് അദ്ദേഹത്തിന്റെ ഒരു അര്‍ബുദമെന്നപോലെ വളരണം. അകത്ത് വേദനയും ബോധവും നിറയ്ക്കാന്‍'… ഇങ്ങനെ ചിന്തിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക? സ്ത്രീരചനകളില്‍ ഫെമിനിസം എന്നൊരു സാധ്യത പാടേ തള്ളിക്കളഞ്ഞ് പുരുഷനെ ജീവവായു പോലെ അത്യാവശ്യമായി കാണുന്ന സ്ത്രീത്വത്തെ വരച്ചുകാണിക്കാനാണ് കമല മെനക്കെട്ടത്. പുരുഷാധിപത്യം എന്ന് മുറവിളി കൂട്ടുന്ന കഥാപാത്രങ്ങള്‍ അവരുടെ രചനയിലില്ല. പെണ്ണെഴുത്തിന്റെ മഷി പുരളാതെ പെണ്ണിന്റെ സ്‌നേഹം കൊണ്ടെഴുതിയ കൃതികളില്‍ സത്യസന്ധത പ്രതിഫലിക്കുന്നു. ബാലികയായും കാമുകിയായും ഭാര്യയായും സപത്‌നിയായും അമ്മയും മുത്തശ്ശിയുമായും വിധവയായും വിരഹിണിയായും സതിയായും വേശ്യയായും പെണ്‍മയുടെ മുഖങ്ങള്‍ അവര്‍ പരിചയപ്പെടുത്തി.
വ്യത്യസ്തമാനങ്ങളില്‍ പുരുഷനെക്കാണാനും കമലയ്ക്ക് കഴിഞ്ഞിരുന്നു. പുരുഷന്‍ രാജാവായും കാട്ടുപോത്തായും കൃഷ്ണനായും കംസനായും അവരുടെ കഥകളില്‍ പ്രത്യക്ഷപ്പെട്ടു.
'സാഹിത്യകാരന്‍ ഭാവിയുമായി മോതിരംമാറി, വിവാഹനിശ്ചയം കഴിച്ച ഒരു വ്യക്തിയാണ്. അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍തലമുറയോടാണ്.' മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് ഈ വരികള്‍ കുറിക്കുമ്പോള്‍ കാലാതീതമായ സൗന്ദര്യം തന്റെ രചനകള്‍ക്കുണ്ടെന്ന് പ്രിയ കഥാകാരിപോലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
മരണപ്പെട്ട എഴുത്തുകാരെക്കുറിച്ച് സ്ഥിരമായി പറയുന്ന ഒന്നാണ് എഴുതാന്‍ ഒരുപാട് ബാക്കിവച്ചാണഅ അവര്‍ കടന്നുപോയത്. എന്നാല്‍ സ്‌നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ച ആമി, സ്‌നേഹത്തെപ്പറ്റി മറ്റാര്‍ക്കും എഴുതാന്‍ ഒന്നും ബാക്കിവയ്ക്കാതെയാണ് പോയത്. ശൂന്യമായ മനസ്സോടെ ഭാവനയുടെ തീരങ്ങള്‍ തേടി അലയാതെ സ്വന്തം ജീവരക്തം അവര്‍ സാഹിത്യത്തിനു നല്‍കി. വര്‍ത്തമാനകാലത്തിന്റെ പടവുകളിലും യൗവനത്തുടിപ്പോടെതന്നെ പ്രിയ എഴുത്തുകാരി നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെ.