ഒരു കഥ, കുറേക്കാലം മുന്‍പ് വായിച്ചത്:
നാലു പതിറ്റാണ്ടുകാലം ഒന്നിലും
താല്‍പര്യമില്ലാതെ നടന്ന ഒരാള്‍ ആകസ്‌മീകമായി സാധാരണ ലോകത്തിലേക്ക് ഇറങ്ങിവരുന്നു.
അപ്പോള്‍ കണ്ടതെല്ലാം, സൂര്യാസ്‌തമനംപോലും, പുതുമതന്നെ. അത്ഭുതംകൂറിക്കൊണ്ട്
അയാള്‍ ചോദിക്കുന്നു:
``ഇതെല്ലാം എവിടെനിന്ന് വന്നു, ഞാനൊന്നും
അറിഞ്ഞില്ലല്ലോ?''
അതുപോലെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ഇവിടെയുണ്ടായിരുന്ന
സാഹിത്യചര്‍ച്ചകളും എഴുത്തുകളും കണ്ടില്ലെന്ന് നടിച്ച് ഇപ്പോള്‍
ഉറക്കത്തില്‍നിന്ന് എഴുന്നേറ്റുവരുന്നവര്‍:
``അമേരിക്കയില്‍ എവിടെ മലയാള
സാഹിത്യം? എവിടെ നിരൂപണം?''
ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ് ഹൂസ്റ്റനിലെ ഒരു
സാഹിത്യചര്‍ച്ചയില്‍ ഒരു ചെറുപ്പക്കാരന്‍ അങ്ങ് തറപ്പിച്ച് പറഞ്ഞു ഇവിടെ മലയാളം
എഴുത്തുകളേയില്ലെന്ന്. സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍
ചോദിച്ചു:
``നിങ്ങള്‍ കുറഞ്ഞപക്ഷം അമേരിക്കയിലെ മലയാള സാഹിത്യ
ചരിത്രമെങ്കിലും വായിച്ചിട്ടുണ്ടോ?''
ഉത്തരം : ``ഇല്ല...''
എത്രയോ
പ്രാവശ്യം എഴുതിക്കഴിഞ്ഞു എഴുപതുകളുടെ തുടക്കംമുതല്‍ത്തന്നെ ഏറിയും കുറഞ്ഞും ഇവിടെ
മലയാളം എഴുത്തുണ്ട്, ചര്‍ച്ചകളുണ്ട്, പ്രസിദ്ധീകരണങ്ങളുമുണ്ട്. ഡിട്രോയ്‌റ്റിലെ
ജോസഫ് ഇ. വറുഗീസ് സദസ്സ്, രാജന്‍ മാരേട്ടിന്റെ `അശ്വമേധം' മാസിക, ഹൂസ്റ്റനിലെ
കാഫീ ക്ലാഷ്, `ഉപാസന' മാസിക, ഈ പ്രസ്ഥാനങ്ങളിലെല്ലാം അതാതിന്റെ ആദ്യകാലത്തുതന്നെ
സഹകരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍
കണക്കാക്കുകയാണ്.
ആയിരത്തിതൊള്ളായിരത്തിയെഴുപത്തിനാലിലെ ഓണക്കാലത്ത്
ഡിട്രോയ്‌റ്റില്‍ വെയ്‌ന്‍ സറ്റേറ്റ് കലാശാലക്കടുത്തുള്ള കാസ് റോഡിലെ ഒരു
പള്ളിയുടെ ബേസ്‌മെന്റില്‍ കേരളക്ലബ്ബ് തുടങ്ങിയത്, പിന്നീട് ഏതാനും
മാസങ്ങള്‍ക്കുള്ളില്‍ സെക്കന്‍ഡ് സ്‌ട്രീറ്റില്‍ ഇന്ത്യാഹൗസിലെ സാഹിത്യസദസ്സുകള്‍,
കാനഡയില്‍നിന്ന് ഒരു വോള്‍സ്‌വാഗണ്‍ നിറയെ `മലയാളി' മാസികയുമായിട്ടെത്തിയ
പാലക്കലചന്‍, അദ്ദേഹം ഒരു മലയാളിയെ യാദൃശ്ചികമായിട്ടെങ്കിലും കണ്ടുമുട്ടാന്‍ അന്ന്
മലയാളിക്കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന `ബര്‍ട്ടന്‍ ഇന്റര്‍നാഷണല്‍' സ്‌കൂളിന്റെ
മുന്നില്‍ കാത്തുനിന്നത്; ഇതെല്ലാം അമേരിക്കയിലെ മലയാളം വായനയിലെയും എഴുത്തിലെയും
നാഴികക്കല്ലുകളായി ഞാന്‍ കാണുകയാണ്. തുടരുന്നു മനയിലിന്റെയും, എം.എസ്.ടി.യുടെയും
കവിതകള്‍, കുട്ടനാടന്റെ കഥകള്‍, എസ്.കെ. പിള്ളയുടെ നാടകങ്ങള്‍,
മണ്ണിക്കരോട്ടിന്റെയും തെക്കേമുറിയുടെയും നോവലുകള്‍, മാനു മാത്യുവിന്റെ
കാര്‍ട്ടൂണുകള്‍ ചെറിയാന്‍ ചെറിയാന്റെ എഴുത്തുകള്‍ തുടങ്ങിയവ
സാഹിത്യകൂട്ടായ്‌മകളിലെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. പാരമ്പര്യം പറഞ്ഞ്
കാടുകയറുന്നില്ല.
ഇവിടെ എഴുത്തും വായനയും ചര്‍ച്ചയും നേരത്തെയും
ഉണ്ടായിരുന്നെന്നും സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത് മറക്കരുതെന്നും
പറയാനാണ് ഇത്രയും എഴുതിയത്.
ഇന്ന് പ്രസിദ്ധീകരണരംഗത്തുണ്ടായിരിക്കുന്ന
ത്വരിതഗതി എവിടെ ഇരുന്ന് എഴുതുന്നു എന്നതിന്റെ പ്രാധാന്യം
ഇല്ലാതാക്കിയിരിക്കുന്നു. സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളില്‍ക്കൂടിയല്ലാത്ത
വേര്‍തിരിവുകളുടെയും പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. അതായത് മറ്റൊരു രാജ്യത്ത്
പോയിരുന്ന് എഴുതിയതുകൊണ്ട് മാത്രം ഒരാള്‍ക്ക് പ്രവാസി, കുടിയേറ്റം മുതലായ പട്ടം
ചാര്‍ത്തിക്കൊടുക്കാന്‍ കഴിയുമോ? വിദേശത്തുനിന്നെഴുതുന്നതിന് നിരൂപകന്റെ
വാത്സല്യത്തലോടലൊന്നും അര്‍ഹിക്കുന്നില്ലെന്ന് ചുരുക്കം.
അതുകൊണ്ട്
എന്നത്തേക്കാളുപരി നിരൂപണരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ചുമതല അമേരിക്കയിലെ
പ്രത്യേക സാഹചര്യത്തില്‍ സാഹിത്യസംഘടനകള്‍ക്ക് ഏറിക്കൊണ്ടിരിക്കുന്നു.
ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ്, ചിക്കാഗോ, ടൊറാന്റൊ തുടങ്ങി എത്രയോ
നഗരങ്ങളില്‍ സാഹിത്യചര്‍ച്ചയും നിരൂപണവും ഇപ്പോള്‍ സജ്ജീവമാണ്.
ചിലരുടെ
ആഗ്രഹമാണ്, മോഹമാണ്, ഒരു കഥയെഴുതിയാല്‍ കവിത എഴുതിയാല്‍ ഉടനെ `പ്രവാസി സംവരണം'
കണക്കിലെടുത്ത് ഏതെങ്കിലും പ്രമുഖ നിരൂപകര്‍ ആസ്വാദനം എഴുതിയിരിക്കണം, അവാര്‍ഡ്
കിട്ടിയിരിക്കണം, അല്ലെങ്കിലോ സ്വന്തമായിത്തന്നെ ഇതെല്ലാം സംഘടിപ്പിച്ചുകളയുംപോലും.
ചിലരെങ്കിലും ബലമായി വിശ്വസിക്കുന്നത് ജോസഫ് മുണ്ടശ്ശേരിയും കുട്ടി കൃഷ്‌ണമാരാരും
അക്കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച സര്‍വ്വകൃതികളെയും വിലയിരുത്തിക്കൊണ്ട്
എഴുതാന്‍ കരാറെടുത്തിട്ടുണ്ടായിരുന്നെന്നാണ്.
അല്‌പംപോലും ബഹുമാനം
ചോര്‍ത്തിക്കളയാതെ പറയട്ടെ പ്രൊഫ.എം. കൃഷ്‌ണന്‍നായര്‍ ഒരു കൃതിക്കും ഇവിടെ നിരൂപണം
എഴുതിയതായി കണ്ടിട്ടില്ല. പത്രത്തില്‍ ഒരു പംക്തി എഴുതുക മാത്രമാണ് അദ്ദേഹം
ചെയ്‌തത്. ആഴ്‌ചതോറും പ്രസ്‌തുത പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന, അതായത് തന്റെ
മുന്നില്‍ യാദൃശ്ചികമായി വന്നുപെടുന്നവയുടെ `ക്രാഫ്‌റ്റ്' മാത്രം അദ്ദേഹം
വിലയിരുത്തി.
അതുകൊണ്ടാണ് ഇവിടെ നമ്മുടെ കൃതികളെ നമ്മുടെ
സാഹിത്യവേദികളില്‍ത്തന്നെ വായിച്ച് വിമര്‍ശിക്കുന്ന രീതി തുടരണമെന്ന് പറയുന്നത്.
അഭിനന്ദിക്കാനും വിമര്‍ശനം എഴുതാനും നമുക്ക് ഇപ്പോള്‍ത്തന്നെ ഇവിടെ ധാരാളം
പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ.
ഞാൻ ഇ-മലയാളിയിൽ എഴുതിയപ്പോൾ
സ്വന്തം പേരു വക്കാൻ ഭയമുള്ള ഒരു സാധു അപരനാമത്തിൽ എഴുതി " കൃഷ്ണൻ നായരെ
കുറിച്ചെഴുതാൻ ഞാൻ ആരു എന്ന്" താങ്കളെങ്കിലും
കൃഷ്ണൻ നായരെ കുറിച്ച് അദേഹത്തെ ഭയപ്പെടാതെ ഒരഭിപ്രായം
എഴുതിയല്ലോ അതിൽ സന്തോഷം. പിന്നെ ചെറിയാന്റെ എഴുത്തുകൾ
എന്നെഴുതിയത് ന്യൂയോർക്കുക്കാരെ ശകലം കുഴപ്പിക്കും. കാരണം അദേഹം കലാകൌമുദിയിൽ
എഴുതിയ ഒരു എഴുത്ത് ഇവിടെ വലിയ ചർച്ചക്ക്
വിധേയമായി.
താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കുന്നു.
പക്ഷെ അമേരിക്കയിൽ വന്നിട്ട് അമേരിക്കകാരെ
കൊഞ്ഞനം കാണിക്കുന്ന ഇത്തരം അഭിപ്രായം അത്ര നല്ലതല്ല.
സായിപ്പിന്റെ നാട്ടില വന്നിട്ട് " അമേരിക്കയിൽ സായിപ്പമാരുടെ ശല്യം ഇല്ലാതെ സസ്ത്മായി ഇരുന്നു വായിക്കാൻ ഒരു വായനശാല ഉണ്ടോ " എന്നുഷിതിയ നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ. ഇംഗ്ലീഷിൽ ഇതിനു രയ്സിസ്റ്റ് കമെന്റു എന്ന് പറയും. സായിപ്പു പിന്നെ എവിടെ പോകും? ഇത്തരം ഭാഷ പ്രയോഗം നമുക്ക് വേണ്ട. ഇതു ആരുക്കും ഗുണം ചെയില്ല.