കുടുംബകലഹങ്ങളും വിവാഹമോചനങ്ങളും ഏറിവരുന്ന ഇക്കാലത്ത് കണ്ണുണ്ടായിട്ടും കാണാന്‍ പറ്റാത്തവര്‍ക്കും വിവേകം ഉണ്ടായിരുന്നിട്ടും വിവേകശൂന്യരും ഭഗ്നാശയരുമായി കഴിയുന്ന എല്ലാവര്‍ക്കും ഉള്ള ഒരു ആഹ്വാനമായോ അല്ലെങ്കില്‍ ഒരു ചൂണ്ടുപലകയുമായോ ഈ പുസ്തകം പരിണമിക്കുന്നു എന്നുള്ളതാണ് അനുഗ്രഹീത എഴുത്തുകാരിയായ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ ഈ കൃതിയുടെ പ്രത്യേകത. ഇവിടുത്തെ മലയാള സാഹിത്യ ലോകത്തെ രണ്ടു പ്രശസ്ത വ്യക്തികളായ, ഡോ.എന്‍.പി.ഷീലയും ഡോ.ജോയി ടി. കുഞ്ഞാപ്പുവുമാണ് യഥാക്രമം, “സ്മൃതി സുമങ്ങള്‍”, “ഓര്‍മ്മകളുടെ ഇടനാഴികയില്‍” എന്നീ പ്രൗഢഗംഭീരങ്ങളായ അവതാരികകളെഴുതി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക വഴി ഈ കൃതിയെ മധുരമനോഹരമാക്കിയിരിക്കുന്നത്.
ജീവനോടെ അരികില്‍ ഉണ്ടായിരുന്നിട്ടും ഇല്ലെന്നു തോന്നുന്നു ചിലര്‍ക്ക്, ജീവന്‍ വിട്ടുപോയിട്ടും സദാ കൂടെയുണ്ടെന്നുതോന്നുന്നു മറ്റു ചിലര്‍ക്ക്. മനുഷ്യ മനസ്സിന്റെ മായാജാലവിസ്മയങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍!!! ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ ഇങ്ങിനെയുമുണ്ടോ സംതൃപ്തമായ ഒരു നീണ്ട ദാമ്പത്യജീവിതം എന്ന് അസൂയ ജനിപ്പിക്കുമാറും, മനസ്സില്‍ തട്ടും വിധവുമുള്ള വിവരണങ്ങള്‍. മാതൃകാഭര്‍ത്താവ്, അഭിമാനഭാജനങ്ങളായ സന്തതികള്‍, സമൂഹത്തിലുള്ള കുടുംബത്തിന്റെ നില,വില, അങ്ങിനെ എല്ലാ സൗഭാഗ്യങ്ങളും കനിഞ്ഞനുഗ്രഹിക്കപ്പെട്ടിട്ടുള്ള ശ്രീമതി സരോജക്ക് “ആനന്ദലബ്ധിയ്ക്കിനി എന്തുവേണം,” എന്ന് ചോദിക്കാന്‍ തോന്നിപ്പോവും.
വളരെ സരളമായ ശൈലിയില്‍ പറയാനുള്ളത് വളച്ചുകെട്ടില്ലാതെ നേരെചൊവ്വെ വായനക്കാരുമായി പങ്കുവെക്കുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു മേന്മ, അതുകൊണ്ട്, വിരസതകൂടാതെ വായിച്ചുതീര്‍ക്കാം. പൂര്‍വ്വകാലങ്ങളിലെ സന്തോഷദായകങ്ങളായ സ്മരണകളില്‍ മുഴുകി വൈവിധ്യത്തിന്റെ തീവ്രദുഃഖവും ഏകാന്തതയും അകറ്റാന്‍ ഈ പുസ്തക രചനയിലൂടെ ശ്രീമതി സരോജ ശ്രമിച്ചിരിക്കുന്നു. സാഹിത്യകാരന്മാര്‍ സ്വപ്നാടനങ്ങളില്‍ ജീവിക്കുന്നു എന്ന് പറയാനുണ്ട്. അതേ, ഈ സാഹിത്യകാരിയും ജീവിതത്തിലെ തീവ്രവേദനക്കിടയിലും, ഭൗതികദേഹം വെടിഞ്ഞ പ്രാണനാഥന്‍ സദാ തന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കുക മാത്രമല്ല, അദ്ദേഹം തന്നോട് സംസാരിക്കുന്നതായും, അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്നതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആകാശത്തുനിന്നും തന്നെ സന്ദര്‍ശിക്കാനെത്തുന്ന പ്രിയതമന്റെ മുഖം കാണുന്നതിനായി ശ്രീമതി സരോജ ജനലുകളുടെ കര്‍ട്ടന്‍ പകുത്തുവെക്കുന്നു. അങ്ങിനെ ഒരു സ്വപ്നലോകത്തു ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഇനിയും ഒരു പുനര്‍സമാഗമത്തിനായി വേവലാതിയോടെ അവര്‍ കാത്തിരിക്കുന്നു.
എല്ലാം അറിയാമായിരുന്നിട്ടും, ജോയുടെ കുഴിമാടത്തിനു മീതെ മഞ്ഞുപെയ്യുമ്പോള്‍, 'എന്റെ ജോയിക്ക് തണുക്കുമോ', എന്ന വ്യാകുലത, മ്ലാനചിന്തകള്‍ കണ്ണീരണിയിക്കുമ്പോള്‍ ജോയുടെ ശബ്ദം കേള്‍ക്കുന്നതായിട്ടുള്ള തോന്നല്‍, രാവിലെ “സരോ, കാപ്പി” എന്ന സ്‌നേഹസാന്ദ്രമായ വിളികേള്‍ക്കുന്ന തോന്നലോടെയുള്ള ഉണരല്‍, കാപ്പി തയ്യാറാക്കുമ്പോള്‍ താനറിയാതെ രണ്ടു കപ്പുകള്‍ കൗണ്ടറില്‍ നിരത്തല്‍, കേട്ടോ എന്ന ജോയുടെ വിളി കേള്‍ക്കുന്നതായ തോന്നല്‍ എന്നീ ചാഞ്ചല്യങ്ങള്‍ നിസ്തുലസ്‌നേഹവായ്പിന്റെ പാരമ്യതയിലെത്തിയ അദമ്യമായ ഒരു ഉന്മാദാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതായി തോന്നിപ്പിയ്ക്കാം. ജോയുടെ ചിത്രത്തിനു ജീവന്‍ വെച്ചെങ്കിലെന്നുവരെ അവര്‍ ആശിച്ചുപോകുന്നു. പുരാണത്തില്‍ യമകിങ്കരന്‍മാര്‍ സത്യാവനെ പിടിച്ചുകെട്ടി, യമലോകത്തേക്ക് കൊണ്ടുപോകുമ്പോള്‍, “എന്റെ പ്രാണനാഥനെകൊണ്ടുപോകല്ലേ” എന്ന് സാവിത്രി അലമുറയിട്ട് കേണപേക്ഷിച്ചില്ലേ? ഉദാത്തമായ ദാമ്പത്യാനുരാഗത്തിന്റെ തീവ്രതയുടെ പ്രതിബിംബനവും, പ്രതിസ്വനവും-അല്ലേ?
പ്രിയതമയുടെ നിദ്രാവിഹീന രാവുകളില്‍ ജോ നിമന്ത്രിക്കുന്നുണ്ടാവാം “സോജാ”, സരോ “രാജകുമാരി” എന്ന്. “പ്രേമവതിയാമെന്‍ പ്രിയകാമുകി താമസിക്കും ഗ്രാമം” എന്നോ, “മാനസമൈനേ വരൂ” എന്നോ ഉള്ള ഗാനങ്ങള്‍ മൂളിക്കൊണ്ട് ജോ പ്രത്യക്ഷപ്പെടുമോ? അതുമല്ലെങ്കില്‍, യശശരീരനായ നമ്മുടെ പ്രിയ ഗിരീഷ് പുത്തഞ്ചേരി എഴുതിയ, “ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം” ജോയുടേതായിരിക്കുമോ? ജോ ഉപയോഗിച്ചിരുന്ന ഷേവിങ്ങ് ക്രീമിന്റേയും കൊളോണിന്റേയും സുഗന്ധം തങ്ങിനില്‍ക്കുന്ന വീടും ജോക്ക് ഇഷ്ടമായ ക്രിസ്തുമസ്സ് നക്ഷത്രം ജനലില്‍ തൂക്കാനും, പ്രിയതോഴന് കാണിക്കവെക്കാന്‍ ഇഷ്ടപ്പെട്ട കൊളോണ്‍ വാങ്ങി ക്രിസ്തുമസ്സ് സമ്മാനമായി പൊതിഞ്ഞു വെയ്ക്കാനും വെമ്പുന്ന സരോജയുടെ ദയനീയ മാനസികാവസ്ഥയും വിരഹദുഃഖവും വായിച്ച് വായനക്കാരും വിമ്മിഷ്ടപ്പെടുന്നില്ലേ? ചില മാമൂലുകളനുസരിച്ച്, പിതൃക്കള്‍ക്ക് ഇഷ്ടപ്പെട്ട ഭോജ്യവസ്തുക്കള്‍ നല്‍കി ശ്രാദ്ധമൂട്ടുന്നത് ഓര്‍മ്മയിലെത്തുന്നു.
ഇണപിരിയേണ്ടിവന്ന എകാകിയായ ഒരു കിളിയുടെ അസ്വസ്ഥാവസ്ഥ വര്‍ണ്ണിക്കുക എളുപ്പമല്ല. എന്നാല്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക് ആതുരശുശ്രൂഷക്കായി നീക്കിവെച്ചതുകൊണ്ടാകാം, ആവലാതികള്‍ ഏതുമില്ലാതെ ശയ്യാവലംബിയായ ജോയെ മുറുമുറുപ്പില്ലാതെ ശുശ്രൂഷിച്ചെന്നു മാത്രമല്ല, ജോ വിട്ടുപോയതിലുള്ള ഖേദമേ പ്രകടിപ്പിക്കുന്നുള്ളുതാനും.
തന്റെ പ്രിയതമനെപ്പോലെത്തന്നെ അക്ഷരങ്ങളെ പ്രേമിക്കുന്ന ശ്രീമതി സരോജ, രണ്ടായിരത്തി അഞ്ചില്‍ ജോയുടെ സപ്തതി ദിനത്തില്‍ സമ്മാനമായി കൊടുത്തതെന്തെന്നോ? ചെറുകഥ, ലേഖനം, യാത്രാ വിവരണം എന്നിവയടങ്ങുന്ന സഹൃദയരേഖകള്‍ എന്ന തന്റെ പുസ്തകം അന്ന് പ്രകാശനവേളയില്‍ പ്രസ്തുത പുസ്തകത്തെക്കുറിച്ച് ഒരാസ്വാദനം നടത്താന്‍ ഈ കുറിപ്പെഴുതുന്ന ആളിനോട് ആവശ്യപ്പെട്ടത് അതീവ നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോഴിതാ, ജോയുടെ വേര്‍പാടിന്റെ പ്രഥമവാര്‍ഷികത്തോടനുബന്ധിച്ചു ശ്രീമതി സരോജയില്‍ നിന്നും മറ്റൊരു സാഹിത്യ സംഭാവന! പ്രതിഭാധനയായ ഈ സാഹിത്യ പ്രതിഭയ്ക്ക് എല്ലാവിധ ക്ഷേമവും ആയുരാരോഗ്യവും ആശംസിച്ചുകൊണ്ട് എന്റെ ഈ ആസ്വാദനത്തിന് വിരാമമിടട്ടെ.