രചനകള്‍ മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കുന്നത് എങ്ങനെയാണ്? എന്തും എഴുതാം,
പക്ഷേ പ്രസിദ്ധീകരണത്തിനുള്ള പരിമിതികളേറെ! ഇത് ഇന്നത്തെ, അല്ലെങ്കില്‍
അമേരിക്കയില്‍നിന്ന് മലയാളം എഴുതുന്നവരുടെ മാത്രം പ്രശ്‌നമല്ല. ഒരു വിധത്തില്‍
പറഞ്ഞാല്‍ വിവിധങ്ങളായ ആധുനിക സംവിധാനങ്ങള്‍കൊണ്ടും സാങ്കേതികതയുടെ
സാര്‍വത്രികതകൊണ്ടും ഇന്നത്തെ എഴുത്തുകാര്‍
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
അരനൂറ്റാണ്ടിനപ്പുറത്തേക്കൊന്ന്
മടങ്ങിപ്പോകാം. പ്രസിദ്ധീകരണങ്ങള്‍ ചുരുക്കം, അതിലെങ്ങാനും നമ്മുടെ ഒരു കഥയോ കവിതയോ
അച്ചടിച്ചുവരുന്നതുതന്നെ മഹാഭാഗ്യം! എന്തെങ്കിലുംഅയച്ചുകൊടുത്തിട്ട്
കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുമായിരുന്നു. വിലാസമെഴുതി സ്റ്റാമ്പൊട്ടിച്ച്
കൂട് ഒപ്പംവെച്ചാലും ത്യജിക്കപ്പെട്ടത്
മടക്കിക്കിട്ടണമെന്നൊന്നുമില്ല.
അധികം പ്രസിദ്ധീകരണങ്ങള്‍
ഇല്ലാതിരുന്നപ്പോള്‍ വിശാലമായ ലോകത്തിലേക്കൊന്ന് എത്തിനോക്കാനുള്ള മാര്‍ഗ്ഗം
ചുരുക്കം ചില പത്രങ്ങളായിരുന്നു. അതു കിട്ടിയിട്ട് വേണം ലോകവാര്‍ത്തയറിയാന്‍!
കയ്യില്‍ക്കിട്ടിയാല്‍ ഒരക്ഷരവും വിട്ടുകളയാതെ വായിക്കാനും നേരെ
കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇന്നത്തെ സാങ്കേതിക മുന്നേറ്റം എഴുതിയാലുടന്‍
പ്രസിദ്ധീകരിക്കുന്ന നിലയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു.
പ്രസിദ്ധീകരണങ്ങള്‍ക്കും എഴുത്തിനും `പ്രളയകാലം', പക്ഷേ ഇതെല്ലാം വായിക്കാന്‍
വായനക്കാരെവിടെയെന്ന ചോദ്യം ഇനിയും ബാക്കി!
ഇന്നത്തെ ചില
എഴുത്തുകാരെയെങ്കിലും `ആത്മാരാധകര്‍' അല്ലെങ്കില്‍ നാര്‍സിസ്റ്റുകള്‍ എന്ന് ഞാന്‍
വിളിക്കുകയാണ്. അവനവന്റെ മേന്മയില്‍ ഊറ്റംകൊള്ളുന്നവര്‍, അതുമല്ലെങ്കില്‍ സ്വന്തം
ശരീരത്തിന്റെ പ്രതിബിംബഭംഗി ആസ്വദിച്ചു നില്‍ക്കുന്നവര്‍. ഈ സ്വയം ആസ്വാദനവും
അറിയപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള അത്യാര്‍ത്തിയും നമ്മുടെ സമൂഹത്തെത്തന്നെ
ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ് സ്വന്തം
നേട്ടങ്ങളുടെ അമിതമായ പ്രദര്‍ശനങ്ങള്‍.
ഇത് മലയാളം എഴുത്തുലോകത്തിന്റെ കഥ
മാത്രമല്ല. എല്ലാ മനുഷ്യരുടെയും മാനസികാവസ്ഥ! ഈ മനുഷ്യസ്വഭാവം മുന്‍കൂട്ടി
കണ്ടറിഞ്ഞിട്ടാണ് ആധുനികസാങ്കേതികതയുടെ സഹായത്തോടെ `ഫേസ്‌ബുക്ക്' തുടങ്ങിയ
സോഷ്യല്‍ മീഡിയകള്‍ മുതലെടുത്തുകൊണ്ടിരിക്കുന്നത്.
എഴുതുന്നതെല്ലാം
സാഹിത്യമല്ല, കോറിയിടുന്നതെല്ലാം ചിത്രകലയുമല്ല. ഇതെത്രയോ തവണ എഴുതിയിരിക്കുന്നു.
പുതിയ അവതരണം, ആശയങ്ങള്‍, അവസാനമായി ശൈലി, അതേ അതുതന്നെയാണ് ഒരു കലാസൃഷ്‌ടിക്ക്
വ്യക്തിത്വം നല്‍കുന്നത്.
എഴുതിയതിന് എഡിറ്റിംഗ് അഥവാ അത്
പ്രസാധകയോഗ്യമാക്കുന്നതിനോട് ആരും വിയോജിക്കുകയില്ല. ഇവിടെ എഡിറ്റിംഗ് എന്ന
വാക്കിനു പ്രസാധകയോഗ്യമെന്ന പരിഭാഷയും അത്ര അര്‍ത്ഥവത്താണോയെന്നും സംശയിക്കുന്നു.
അതവിടെ നില്‍ക്കട്ടെ, `പ്രസാധകയോഗ്യ'മെന്ന പദത്തിന്റെ സാങ്കേതികതയല്ലല്ലോ നമ്മുടെ
ചര്‍ച്ചാവിഷയം.
`ബെസ്റ്റ് സെല്ലര്‍' എന്ന വിഭാഗത്തില്‍പെട്ട കൃതികളാണ്
ഇന്ന് ജനശ്രദ്ധയാകര്‍ഷിക്കുക. അങ്ങനെയുള്ള കൃതികളെ വിലയിരുത്തുന്നത്
സാഹിത്യമേന്മകൊണ്ടൊന്നുമല്ല, പകരം വിറ്റുനേടിയ കാശിന്റെ വലിപ്പംതന്നെ.
അമേരിക്കയിലാണെങ്കില്‍ ഭരണത്തില്‍നിന്ന് താഴെയിറങ്ങുന്നവര്‍ പുസ്‌തകമെഴുതി
പണമുണ്ടാക്കുന്നത് ഒരു കീഴ്‌വഴക്കമായിത്തീര്‍ന്നിരിക്കുന്നു. ഇതെല്ലാം
എഴുതിയിരിക്കുന്നത് ആരാണ്? പുറംചട്ടയില്‍ പേരുവെച്ചിരിക്കുന്ന
ഗ്രന്ഥകര്‍ത്താവാണെന്ന് ധരിച്ചാല്‍ തെറ്റി. ഒരു പറ്റം `ശമ്പളമെഴുത്തുകാരം
ഗവേഷകരും' വിപണിക്കുതകുംവിധം ഭാഷാശുദ്ധിവരുത്തി നാടകീയമായി വായനാസുഖം നല്‍കിയ
പുസ്‌തകങ്ങള്‍! ഇതൊന്നും സാഹിത്യകൃതികള്‍ അല്ലായെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ല.
പ്രതീക്ഷിച്ച പണം നേടിക്കഴിയുമ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ത്തന്നെ തങ്ങളുടെ
കൃതികള്‍ ചവറ്റുതൊട്ടയില്‍ തള്ളും, തീര്‍ച്ച.
സമൂഹത്തിന്റെ സാമ്പത്തിക
മുന്നേറ്റത്തിന്റെ അളവനുസരിച്ച് ഈ കൃത്രിമ എഴുത്ത് ഇന്ന് മലയാളത്തിലും
ഏറിവരുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ.
അല്ലറചില്ലറ
തെറ്റുതിരിത്തലല്ല നമ്മുടെ ചര്‍ച്ചാവിഷയം. ആവര്‍ത്തനങ്ങളും കല്ലുകടികളും
ഒഴിവാക്കണം. ഒരു കൃതിയെ ഹൃദയംകൊണ്ട് അംഗീകരിക്കുന്നവരായിരിക്കണം ഈവക കാര്യങ്ങളില്‍
ഇടപെടേണ്ടത്. മൗലീകത നിലനിര്‍ത്തണമെങ്കില്‍ അങ്ങനെയുള്ളവരോ അല്ലെങ്കില്‍
അവരവര്‍ത്തന്നെയോ എഡിറ്റ് ചെയ്‌തിരിക്കണം. ഇവിടെയാണ് മലയാളത്തില്‍ വൈക്കം
മുഹമ്മദ് ബഷീറും ഒ.വി. വിജയനും തുടങ്ങി എത്രയോ സാഹിത്യകാരന്മാര്‍ തങ്ങളുടെ
വ്യക്തിത്വം പുലര്‍ത്തിയത്. അല്ലാതെ നക്കല്‍ കൊടുത്ത്, മുന്‍ഷിമാര്‍ക്ക്
എഴുതാന്‍ കല്‌പനകൊടുത്തിട്ട്, അച്ചടിച്ചുവരുമ്പോള്‍ തങ്ങളുടേതെന്ന് ഊറ്റം
കൊള്ളാനുള്ളതല്ല സാഹിത്യകൃതികള്‍. തന്നത്താന്‍ ചോദിക്കുക നമുക്ക് ഭാഷയുടെ മേല്‍
അധീശത്വമുണ്ടോ, വ്യാകരണത്തിനും ഉപരിയായി സൗന്ദര്യം സ്ഥാപിക്കാന്‍ കഴിയുമോ, പുതിയ
വാക്കുകള്‍ ഉണ്ടാക്കിയെടുക്കാനോ വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥം
കല്‌പിച്ചുകൊടുക്കാനോ കഴിയുമോ?
അമേരിക്കയിലെ മലയാളിസമൂഹത്തിന്റെ
പണക്കൊഴുപ്പിനനുസരിച്ച് ഗ്രന്ഥകാരന്മാരുടെ എണ്ണവും ഏറുന്നു. മനോഹരമായ
പുറംചട്ടയുള്ള പുസ്‌തകങ്ങള്‍ അടിച്ചിറക്കി വിപുലമായ പരസ്യവും കൊടുക്കാന്‍
അവര്‍ക്ക് കഴിയും. തുടര്‍ന്ന് അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയേക്കാം. ഇവിടെ
എഴുത്തുകാരോട്, നിങ്ങളുടെ കൃതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും നിങ്ങള്‍ക്കുതന്നെയോ,
അതോ പാതി ഏതോ എഡിറ്റര്‍ക്കുംകൂടി അവകാശപ്പെട്ടതാണോ? വിപണിക്കുചേരുംവിധം
പാകപ്പെടുത്തിയവയെ സാഹിത്യകൃതിയായി കണക്കാക്കാന്‍ കഴിയുകയില്ല, അത് ആരുടെ പേര്
വെച്ചതാണെങ്കിലും, എത്ര പേരെടുത്തുവരുടേതാണെങ്കിലും!