Image

`കനവും നിനവും' കഥ ഒരു വായന (ജോണ്‍ മാത്യു)

Published on 12 July, 2014
`കനവും നിനവും' കഥ ഒരു വായന (ജോണ്‍ മാത്യു)
എഴുത്തുകാരുടെ പേര്‌ മറച്ചുവെച്ച കഥകളായിരുന്നു എന്റെ മുന്നില്‍, മത്സരങ്ങളിലെ ഗ്രേഡ്‌ നിശ്ചയിക്കുമ്പോള്‍ അത്‌ പക്ഷപാതരഹിതമാകാന്‍! മത്സരത്തില്‍ പങ്കെടുക്കാത്തവരെ, നേട്ടങ്ങള്‍ക്ക്‌ ആഗ്രഹങ്ങളില്ലാത്തവരെ ആണല്ലോ നമ്മുടെ സംഘടനകള്‍ സാഹിത്യത്തിന്റെ നിലവാരം തീര്‍ച്ചപ്പെടുത്താന്‍ ഏര്‍പ്പെടുത്തുക. `ഫലകം' കൊടുക്കാന്‍ ഒരു കൃതി ചൂണ്ടിക്കാണിക്കുന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ കടമ. സംഘാടകര്‍ക്കും അതുമതി. ജൂറിക്ക്‌ കാര്യമായ നിബന്ധനകളൊന്നുമില്ല, അപ്പോള്‍ ഗ്രേഡ്‌ ചെയ്യലും ജൂറിയുടെ സ്വന്തം ധാരണകള്‍ക്കും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കും അനുസരിച്ച്‌, അതവിടെ നില്‍ക്കട്ടെ.

വായനക്കെത്തിക്കിട്ടിയ നിരവധി കഥകളില്‍ ഒരെണ്ണം എന്റെ ശ്രദ്ധയെ പിടിച്ചുനിര്‍ത്തി. സ്വപ്‌നങ്ങളുടെ കഥകള്‍, വിശ്വാസങ്ങളുടെ അമ്മൂമ്മക്കഥകള്‍ തുടങ്ങിയവ എനിക്ക്‌ എന്നും താല്‌പര്യമുള്ളതാണ്‌. കഥകള്‍ എങ്ങനെ എഴുതണമെന്നൊന്നും പറയാന്‍ ഞാനാളല്ല. പക്ഷേ, വാക്കുകള്‍ മിതമായിരിക്കണം, ആവര്‍ത്തനങ്ങള്‍ ഒഴിവാക്കണം, അതിനാടകീയതയില്ലാതെതന്നെ നാടകീയമായിരുന്നാല്‍ നന്ന്‌. പ്രമേയത്തില്‍ പുതുമയുടെ തോന്നലുണ്ടാക്കണം, ഇനിയും ശൈലിക്ക്‌ തീര്‍ച്ചയായും വ്യക്തിത്വമുണ്ടായിരിക്കണം. ഇതൊക്കെ സാമാന്യധാരണകള്‍. എന്നാല്‍ ഇങ്ങനെയുള്ള നിയമങ്ങള്‍ പാലിക്കാന്‍വേണ്ടിയല്ല കഥയെഴുതുന്നത്‌.

`കനവും നിനവും' എന്ന കഥ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്‌ അറിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ വായിച്ചതിനെപ്പറ്റി എഴുതുന്നത്‌ വായനക്കാരോട്‌ ചെയ്യുന്ന അനീതിയായിരിക്കും. എന്തായാലും ഈ കഥ എഴുതിയത്‌ തികച്ചും പരിചയസമ്പന്നനും സാങ്കേതികത എന്തെന്ന്‌ അറിയുന്ന ഒരാളാണെന്നതുമാത്രം എനിക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയും.

അമേരിക്കയില്‍നിന്ന്‌ എഴുതുന്ന പല കഥാകൃത്തുക്കള്‍ക്കും കഥാലോകത്തിന്റെ സാദ്ധ്യതകളും വൈവിധ്യങ്ങളും കണക്കിലെടുത്ത്‌ സമൂഹത്തിന്റെ പ്രശ്‌നങ്ങളോടും വികസനങ്ങളോടും തങ്ങളുടെ കഥകളെ ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല. പല കഥകളിലും കാണുന്നത്‌ ശൈശവീകമായ ആത്മാര്‍ത്ഥ മാത്രം.

ഇവിടെയാണ്‌ `കനവും നിനവും' എന്ന കഥയുടെ പ്രസക്തി. സ്വപ്‌നത്തിന്റെ കഥ നിങ്ങള്‍ക്ക്‌ പറയാന്‍ കഴിയുമോ? മുറിഞ്ഞുപോകുന്ന സ്വപ്‌നങ്ങളെ എങ്ങനെയാണ്‌ കൂട്ടിക്കെട്ടുക. ഒരു കഥയില്‍ത്തന്നെ സമാന്തരമായി മറ്റൊരു കഥകൂടി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമോ? ഈ സാങ്കേതികതയില്‍ക്കൂടിയാണ്‌ `കനവും നിനവിന്റെയും' രചയിതാവ്‌ പാരമ്പര്യത്തില്‍നിന്ന്‌ വ്യതിചലിക്കുന്നത്‌.

നഗരത്തില്‍ വളര്‍ന്ന പച്ചപരിഷ്‌ക്കാരിയെന്ന്‌ തോന്നിക്കാവുന്ന പെണ്‍കുട്ടിയെ അമേരിക്കയില്‍ നിന്നെത്തിയ യുവാവ്‌ വിവാഹം കഴിച്ചുകൊണ്ടുവരുന്നു. അയാളാണെങ്കില്‍ സോഫ്‌ട്‌വെയര്‍ എന്‍ജിനീയര്‍. അയാളുടെ വിദ്യാഭ്യാസയോഗ്യതയും പെണ്‍കുട്ടിയുടെ നഗരബന്ധവും തീര്‍ച്ചയായും ഇണങ്ങിച്ചേരും, അങ്ങനെയല്ലേ കരുതാന്‍ നിര്‍വാഹമുള്ളൂ. അത്‌ നാട്ടുകാരുടെ ധാരണ! അതേ, വീട്ടുകാരും നാട്ടുകാരും സമൂഹവും അംഗീകരിച്ചാല്‍, നിറവും പൊക്കവും വിദ്യാഭ്യാസവും ജാതകവും ചേര്‍ച്ചയെങ്കില്‍ വിവാഹബന്ധങ്ങള്‍ മികച്ചതായിരിക്കുമെന്ന്‌, മാതൃകയെന്ന്‌ പൊതുജനം പറയും. പക്ഷേ, മുംബൈയില്‍ മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്ന അവള്‍ തനി നാടന്‍പെണ്ണിനെക്കാളധികം യാഥാസ്ഥിതികയായിരുന്നുവെന്നതാണ്‌ സത്യം!

ആ `മാതൃകാ' ഭാര്യയ്‌ക്കൊപ്പം കിടക്ക പങ്കിടുമ്പോഴും അയാള്‍ സ്വപ്‌നലോകത്തില്‍ ഉഴലുകയാണ്‌. അയാള്‍ എന്ന വ്യക്തിക്ക്‌ ഭാര്യയോട്‌ കടുത്ത സ്‌നേഹംതന്നെയാണ്‌. പക്ഷേ, സ്വപ്‌നം അയാള്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിയുകയില്ലല്ലോ. അവിവാഹിതനായിരുന്നപ്പോള്‍, അമേരിക്കയില്‍നിന്ന്‌ ആദ്യമായി മടങ്ങിച്ചെന്നപ്പോള്‍ സുഹൃത്തിന്റെ ചോദ്യം: ഒരു വെള്ളക്കാരിയെങ്കിലും നീ പ്രാപിച്ചിട്ടുണ്ടായെന്ന്‌. ആ ചോദ്യത്തിനുമുന്നില്‍ അയാള്‍ക്ക്‌ ഉത്തരംമുട്ടുന്നു, എന്തോ കുറ്റബോധമായി, തന്റെ കഴിവുകേടായി!

ഇതിന്റെ തുടര്‍ച്ചതന്നെയാണ്‌ `അവള്‍' എന്ന ആ വെള്ളക്കാരി സ്വപ്‌നലോകത്തില്‍ അയാളെ പിന്‍തുടരുന്നത്‌. നിര്‍ണ്ണായകനിമിഷത്തില്‍ സ്വപ്‌നം മുറിയുന്നതും ഇവിടെ ശ്രദ്ധിക്കുക. അടുത്തദിവസം വീണ്ടും അവള്‍ വരുന്നു. കസിനോയിലെ റൂലേറ്റ്‌ ടേബിളില്‍, ബ്ലക്ക്‌ ജാക്ക്‌ ടേബിളില്‍, ബാറില്‍, അറ്റ്‌ലാന്റിക്ക്‌ കടല്‍പ്പുറത്ത്‌ ഇളവെയിലില്‍, അവസാനമായി കിടപ്പറരംഗത്തും കണ്ണികള്‍പ്പൊട്ടിയ സ്വപ്‌നങ്ങളായി!

കഥയില്‍നിന്ന്‌:
``ഇത്തവണ നിങ്ങള്‍ വന്നത്‌ നന്നായി'' അവള്‍ പറഞ്ഞു.
അയാള്‍ ചിരിക്കുകമാത്രം ചെയ്‌തു.
എന്നിട്ട്‌ നുരയുന്ന വെളുത്ത കുമിളകള്‍ വകഞ്ഞുമാറ്റി തന്റെയടുത്തേക്ക്‌ നീങ്ങിയിരുന്നു.
``നിങ്ങളുടെ ഭാര്യ കൂടെയുണ്ടായിരുന്നെങ്കില്‍ നിങ്ങളെ എനിക്കിങ്ങനെ കിട്ടുകയില്ലായിരുന്നല്ലോ.''
ഒരു വല്ലായ്‌മ തന്നെ വന്നു പുല്‍കുന്നതായി തോന്നി.
``ആര്‍ യു ഷൈ...?
``നോ...'' അല്‌പം ലജ്ജയോടെതന്നെ മറുപടി പറഞ്ഞു.
പെട്ടെന്ന്‌ അവള്‍ മുന്നോട്ടാഞ്ഞ്‌ തന്നെ കെട്ടിപ്പിടിച്ചു
അപ്പോഴാണ്‌ അയാള്‍ ഞെട്ടിയുണര്‍ന്നത്‌.

ഇതാ ഒരു മനസ്സിന്റെ വ്യാപാരങ്ങള്‍ എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ മലയാളി വായനക്കാര്‍ അവസരം കിട്ടുമ്പോള്‍ `കനവും നിനവും' എന്ന ഈ കഥ വായിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുകയാണ്‌.

`കനവും നിനവും' കഥ ഒരു വായന (ജോണ്‍ മാത്യു)
Join WhatsApp News
മുരളി ജെ. നായര്‍ 2014-07-14 04:06:08

ഈ കുറിപ്പു വായിച്ചിട്ട് അവാച്യമായ ആഹ്ലാദം തോന്നുന്നു.  കാരണം ഞാന്‍,  മുരളി ജെ. നായര്‍, ആണ് 'കനവും നിനവും' എന്ന കഥ എഴുതിയത്.  അവാര്‍ഡ് ജൂറിയിലെ ഒരാളെങ്കിലും എന്റെ കഥയെപ്പറ്റി ഇത്തരമൊരു അഭിപ്രായം പറഞ്ഞല്ലോ - വിശേഷിച്ചും ജോണ്‍ മാത്യുവിനെപ്പോലെയുള്ള ഒരാള്‍!  വളരെ സന്തോഷം! ഈ കഥ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല, താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.  പിന്നെ ഫോമാ അവാര്‍ഡിനെപ്പറ്റി പറയുകയാണെങ്കില്‍, ഫലകം പോയിട്ട് ഒരു കടലാസുകഷണം പോലും അംഗീകാരത്തിന്റെ അടയാളമായി അവാര്‍ഡുജേതാക്കള്‍ക്ക് നാല്‍കാതിരുന്നത് കഷ്ടമായിപ്പോയി!

മുരളി നായർ 2014-07-14 06:35:30
എനിക്കും അവാച്യമായ സന്തോഷം തോന്നുന്നു കാരണം ഞാനും ഒരു മുരളി ജി നായരാണ്. വളരെ നാളായി ഞാൻ കിനാവ്‌ കണ്ട 'അവാര്ഡ്' എന്ന കനവിന്റെ കഥയാണിത്. നിങ്ങളെക്കാളും എനിക്കാണ് അവാർഡിന് യോഗ്യത. കാരണം ഞാൻ കഥ എഴുതിയിട്ടില്ല. സാധാരണ നിയമം അനുസരിച്ച് അവാര്ഡ് കിട്ടാൻ കഥ എഴുതണം എന്നില്ല. വെറുതെ കിനാവ്‌ കണ്ടോണ്ടിരുന്നാൽ മതി എന്നിട്ട് ഇതിന്റെ ഭാരവാകികളോടൊപ്പം ഒന്ന് രണ്ടു തവണ പാര്ട്ടി നടത്തുക അതിനു ശേഷം അവോരോട് പറയുക ' ആ കഥ എഴുതിയത് ഞാനാണ്' അവാർഡു എനിക്ക് തരണം എന്ന്. ഒത്തിരിപേർ ഇതുപോലെ പാർട്ടി നടത്തിയാൽ ചിലപ്പോൾ ആവർ ഒന്ന് ആദരിചെന്നെന്നിരിക്കും. പിന്നെ ഒരു കടലാസ് കഷണംപോലും കിട്ടിയില്ല എന്ന് പറയുന്നതിൽ വാസ്തവം കാണും. കാരണം ജൂറിയിൽ ഇരിക്കുന്ന മിക്കവർക്കും എഴുത്തും വായനയും അറിഞ്ഞുകൂടാ. പിന്നെ ആവർഎങ്ങനെ നിങ്ങള്ക്ക് കടലാസ് കഷണം അയക്കും? പിന്നെയും കുറെ സംശയങ്ങൾ ബാക്കി നില്ക്കുന്നു? ജോണ് മ്യാതുവും നിങ്ങളും തമ്മിൽ പരിചയം ഇല്ലാ എന്ന് ഞങ്ങൾക്കറിയാം? എന്തെല്ലാമോ ദുരൂഹതകൾ ഇതിനെ ചുറ്റി പറ്റിയുണ്ട്‌ ? എന്തായാലും ഇത്തവണത്തെ അവാര്ടിനു യോഗ്യൻ ഞാനാണ്? അടുത്ത തവണ നിങ്ങളുടെ കഥ ' അവാര്ഡ് സ്വാധീന കമറ്റി, പി ഓ ബോക്സ്‌ 612, ന്യുയോർക്ക് -23 എന്നാ മേൽവിലാസത്തിൽ അയക്കുക. ഒന്ന് രണ്ടു ബ്ലാക്ക് ലേബലും കയറ്റി അയക്കാൻ മറക്കരുത്. അടുത്ത തവണ ഫൊക്കാനയിൽ നിന്നോ ഫോമയിൽ നിന്നോ ഒരു അവാർഡു തീർച്ച. പക്ഷെ ഇത്തവണത്തെ എനിക്ക്. കാശ് കുറച്ചു മുടക്കിയെ.
Yoyo 2014-07-14 17:44:51
3000 പേരെ പങ്കെടുപ്പിച്ചു എന്ന് അഭിമാനിക്കുമ്പോളും സാഹിത്യത്തെ പാടെ അധിക്ഷേപിക്കുകയും മലയാള ഭാഷയിലെ അറിയപ്പെടുന്ന ബെന്യാമിൻ എന്ന എഴുത്തുകാരനെ അറിയുക പോലും ഇല്ല എന്നു പറയുകയും അവാർഡ്‌ ജേതാക്കളെ പത്രത്തിലൂടെ കൊട്ടിഘോഷിച്ചിട്ട്‌ ഒരു സർട്ടിഫിക്കറ്റ്‌ പോലും നൽകാതെ അവഹേളിച്ച കണ്വെവെൻഷൻ എന്ന ബഹുമതി ഫോമയ്ക്കു മാത്രം സ്വന്തം .

Saju 2014-07-16 08:56:58
അവാർഡ് കിട്ടിയവരെ അംഗീകരിചില്ലെങ്കിലെന്താ, ബെന്യാമിനെ അവഗണിച്ചാലെന്താ, നാട്ടിൽ നിന്ന് എഴുന്നെളിച്ചു കൊണ്ടുവന്ന പഞ്ചായത്ത് പ്രസിഡൻന്റമാരടക്കമുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികളെ വേണ്ടവിധം സല്ക്കരിക്കാനും പിന്നെ വേദികളിൽ "നിറഞ്ഞു" നില്കാനും ഭാര(പാര)വാഹികൾക്ക് കഴിഞ്ഞല്ലൊ. "കനവും നിനവും" എന്ന കഥ വായിക്കാൻ കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക