HOTCAKEUSA

ദൈവത്തിന്റെ ദാനം, മനുഷ്യന്റെ മരുന്ന്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 14 July, 2014
ദൈവത്തിന്റെ ദാനം, മനുഷ്യന്റെ മരുന്ന്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)
അവധി അല്ലാത്ത ,ആഴ്‌ചയുടെ തുടക്കം എന്നു ഗള്‍ഫില്‍ വിശേഷിപ്പിക്കപ്പെടുന്ന ഞായറാഴ്‌ച. നാലുമണിക്കു വെച്ചിരുന്ന അലാറം നോക്കി, `ഇടുക്കി'..ങ്ങേ! ഇതെന്തിനു അലാറം വെച്ചിരുന്നതോര്‍ക്കുന്നില്ലെ, ആ ആ ആ..`ഇടുക്കി ഗോള്‍ഡ്‌' സിനിമ കാണാന്‍ വേണ്ടിയായിരുന്നു. ഫെയിസ്‌ ബുക്കിന്റെ സഹായത്താല്‍ ,കണ്ടു പരിചയപ്പെട്ടു, ചാറ്റ്‌ ചെയ്‌തു, സംസാരിച്ചു എന്നൊക്കെ സ്വയം വിശ്വസിപ്പിച്ച, മൂന്നു നാലു ഹീറൊ കഥാപാത്രങ്ങളെ കാണാനുള്ള വെപ്രാളത്തില്‍, 4 മണിക്ക്‌ ഓഫീസ്സില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഓടി ഓടിപ്പിച്ചു ആഹാരം കഴിപ്പിച്ച്‌, ചടഞ്ഞിരുന്നു റ്റിവിക്കു മുന്നില്‍, ആഷിക്ക്‌ അബുവിന്റെ സംവിധാന വിരുന്നിനായി!!!

ആദ്യത്തെ സീനുകളില്‍ വന്നിറങ്ങി ചാമരങ്ങളുടെ നാഥന്‍, അന്നും ഇന്നും കോട്ടയം സി എം എസ്സ്‌ കോളേജിന്റെ ചൂളമരങ്ങളുടെ കാറ്റിനൊപ്പം ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇന്നും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രണയനായകന്‍ പ്രതപ്‌ പോത്തന്‍. സിനിമയുടെ കഥ മനസ്സില്‍ നിറയുന്ന ഒരു നോസ്റ്റാല്‍ജിയ ആയിരിക്കും എന്ന്‌ ഏതാണ്ട്‌ തീരുമാനം ആയി, ആദ്യത്തെ കുറച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍! സൌഹൃദങ്ങളുടെ ഓര്‍മ്മകളും, ചിത്രങ്ങളും, പാട്ടിന്റെ ശിലുകളുമെല്ലാം, വീണ്ടും വീണ്ടും മനസ്സിനെ അതേ ആകാംഷയിലേക്കു തന്നെ കൊണ്ടെത്തിച്ചു.

ചെറുതോണിയിലെ ഹൈസ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചരുന്ന, പ്രതാപ്‌ പോത്തന്‍( മൈക്കിള്‍), വിജയരാഘവന്‍ (രാമന്‍), രവീന്ദ്രന്‍ (രവി), ബബു ആന്റണി(ആന്റണി), മണിയന്‍പിള്ള രാജു (മദന്‍) എന്നിവര്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരുമിച്ച്‌ കൂടുന്നതും പഴയതു പോലെ `ഇടുക്കി ഗോള്‍ഡ്‌' എന്നറിയപ്പെടുന്ന `നീലച്ചടയന്‍' കഞ്ചാവ്‌ വലിക്കാനും,അവരുടെ പഴയ ഓര്‍മ്മകളിലേക്ക്‌ ചേക്കേറുന്നതുമാണ്‌ കഥ. പഠനകാലത്തെ കുസൃതികളുടെ ഫ്‌ളാഷ്‌ ബാക്കുകളിലൂടെയും, പിന്നീടുള്ള ജീവിതത്തിന്റെ ഇന്നത്തെ കഥയിലൂടെയും, അവരുടെ മനസ്സില്‍ തെളിയുന്ന ഓര്‍മ്മകളിലൂടെ കഥ മുന്നോട്ട്‌ പോകുന്നു.

സാധാരണഗതിയില്‍ ഇന്നത്തെ കാലത്തെ ചിന്താഗതിക്ക്‌ വിപരീതമായി, പത്രത്തില്‍ ഒരു പരസസ്യം, അത്‌ എത്രമാത്രം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടും എന്നറിയില്ല. ഫെയിസ്‌ബുക്കില്‍ കയറാതെതന്നെ, ഇമെയില്‍ അയക്കാതെ, വാറ്റ്‌സ്‌ അപ്പ്‌ ഇല്ലാതെതന്നെ, കൂട്ടുകാരെ കണ്ടുപിടിക്കുന്ന പ്രതാപ്‌ പോത്തന്‍!. രവി എന്ന ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന രവീന്ദ്രന്‍, സദാനന്ദന്‍ (രവി വള്ളത്തോള്‍) എന്ന വ്യക്തിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷവും നാളെ നാളെ നീളെയായിപ്പൊകുന്ന കല്ല്യാണ ആല്‍ബത്തിനായിയുള്ള വരവിലും പോക്കിലും സ്റ്റുഡിയോയുടെ ഇരുപ്പുനിരപ്പ്‌ ഏതാണ്ട്‌ തീരുമാനം ആയി.

ഒരു സാധാരണ കഥയില്‍നിന്നു വ്യത്യസ്ഥമായി ഇവിടെ 5 സുഹൃത്തുക്കള്‍ മൈക്കിള്‍, മദന്‍, രാമന്‍, ആന്‍റണി, രവി എന്നീ അഞ്ചു സുഹൃത്തുക്കള്‍. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം അതിലൊരാളായ മൈക്കിള്‍, ഒരു പത്രപരസ്യം വഴി, എല്ലാവരെയും കണ്ടെത്തുന്നു. അവര്‍ ഒത്തുകൂടുന്നു, എല്ലാവര്‍ക്കും പറയാനുള്ളത്‌ ഒന്നുതന്നെ. മധ്യവയസ്സില്‍ തനിച്ചാവുന്നവരാണ്‌ മൈക്കിളും രവിയും മദനും. രാമന്റെയും സ്ഥിതി വ്യത്യസ്‌തമല്ല. ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച്‌ ഒതുങ്ങിക്കഴിയേണ്ടിവരുന്ന ആന്‍റണിയുടെ കഥാപാത്രത്തില്‍ മാത്രം അല്‍പം ഒരു വ്യത്യാസം തോന്നി, തുടക്കത്തില്‍ !. സുന്ദരിയായ പഴയ കൂട്ടുകാരിയെ ഓര്‍ക്കുന്ന കൂട്ടുകാരന്‍. എന്തൊക്കെയോ നല്ല ഓര്‍മ്മകള്‍, മനസ്സുകളില്‍ തിങ്ങിനിറയുകയും, അതെല്ലാം ഓര്‍മ്മകളായി അങ്ങനെ കിടക്കട്ടെ എന്നു സ്വയം സമാധാനിക്കാന്‍ മാത്രം പക്വത സൌഹൃദങ്ങള്‍ കാണിക്കുമോ എന്നൊരു തോന്നാതിരുന്നില്ല !. കള്ളുകുടിയും സിഗററ്റും , ബിഡിയും, കഞ്ചാവും, ഈ സിനിമ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നു ആദ്യംതന്നെ എഴുതിക്കാട്ടുന്നതുകൊണ്ടു മാത്രം , എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനാവില്ല ഈ സിനിമക്ക്‌! .ഈ സിനിമ സൗഹൃദത്തെക്കുറിച്ചു മാത്രം ഉള്ളതാണെന്ന്‌ എല്ലാവരുടെയും മനസ്സില്‍ തോന്നി എന്നുള്ളത്‌ സത്യം മാത്രമാണ്‌. ഇന്നത്തെ സൌഹൃദങ്ങളെ അപേക്ഷിച്ച്‌ മനസ്സാക്ഷിയും ഹൃദയവും ശരീരവും ഒന്നിച്ചു വേദനിക്കുന്ന ഒന്നാണെന്ന്‌ പറഞ്ഞ്‌ ഉറപ്പിക്കാനുള്ള ശ്രമം വ്യക്തമായികാണാം.

ഭൂതകാലവും വര്‍ത്തമാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ ആഷിഖ്‌ അബുവിന്റെ കഥാരചനക്കും, സംവിധാനത്തിനും പൂര്‍ണ്ണമായി സാധിച്ചിരിക്കുന്നു, എന്നതുനു സംശയം ഇല്ല. അഭിനേതാക്കളില്‍ രവീന്ദ്രന്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു, എങ്കിലും ബാബു ആന്റണിയും, പ്രതാപ്‌ പോത്തനും വളരെ നന്നായി. പ്രത്യേകിച്ച്‌ ബാബു ആന്റണി, ഭാര്യയോടു സ്‌നേഹമുണ്ട്‌, എന്നല്‍ അങ്ങേയറ്റം പേടിയും ഉള്ള ഒരു മലയാളി `റ്റഫ്‌' ഭര്‍ത്താവിനെ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. അഞ്ചുപേരുടെയും ബാല്യകാലം അവതരിപ്പിച്ച കുട്ടികളും നന്നായി. ബിജിബാല്‍ ഈണം പകര്‍ന്ന റഫീക്ക്‌ അഹമ്മദിന്റെഗാനങ്ങള്‍ വീണ്ടും കേള്‍ക്കാള്‍ തോന്നും, പ്രയ്‌ത്യേകിച്ച്‌, `മാണിക്യചിറകുള്ള മാറത്തുകുറിയുള്ള വായാടിപക്ഷിക്കൂട്ടം വന്നുപോയ്‌'.

മഴപെയ്‌തു വെള്ളം വീണാല്‍ ജലജ്‌ലജ ജലജ.... എന്നൊരു പാട്ടുമായി, പഴയ കൂട്ടുകാരി, ആദ്യത്തെ പ്രേമഭാജനം, ആദ്യത്തെ പ്രേമലേഖനം ഷെയര്‍ ചെയ്‌ത മദനനും, രാജുവും. എന്നാല്‍ `പഴയകൂട്ടുകാരിയുടെ സുന്ദരമായ മുഖം മനസ്സില്‍നിന്നു മായാതെ കിടക്കട്ടെ'. ഇന്നത്തെ പ്രാരാബ്ധവും , ഒക്കെയായി സൗന്ദര്യം നശിച്ചിരിക്കുന്ന അവളെ കാണെണ്ടാ എന്നു തീരുമാനത്തില്‍ തിരിച്ചു പോകുന്ന കൂട്ടുകാര്‍, എവിടെയോ വീണ്ടും ഇന്നത്തെ നമ്മുടെ ഒക്കെ ജീവിതിതത്തിലെക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ടോ!

സ്വന്തം മകന്‍ തന്നെ അച്ഛനു പ്രചോദനം കൊടുത്ത്‌, ഓഫ്‌ഫീസില്‍ കൂടെ ജോലിചെയ്യുന്ന സ്‌ത്രീയുടെ കല്യാണം മുടക്കി, സ്വന്തം ഇഷ്ടം അവരെ ധരിപ്പിക്കുന്ന രംഗങ്ങള്‍ അസ്സലായി എന്നെ പറയാന്‍ പറ്റൂ... കൂടെ രവീന്ദ്രന്റെ കസറന്‍ ഡയലോഗും, ഈ പ്രേമം എന്നു പറയുന്നത്‌, ചിക്കന്‍പോക്‌സ്‌ പോലെയാ, കുറച്ചു വൈകും എന്നേയുള്ളു , എല്ലാവര്‍ക്കും വരും' മക്കളില്ലാത്ത വിഷമം, നട്ടുവളര്‍ത്തുന്ന മരങ്ങളില്‍ വിരിയുന്ന ചാംബക്കയിലും,പേരക്കയിലും കണ്ടെത്തുന്ന മദനും(മണിയന്‍പിള്ള രാജു), ഭാര്യയും(സജിത മഠത്തില്‍) ഡൈവോഴ്‌സിനു ശേഷവും ഇരുവര്‍ക്കും മനസ്സിലുള്ള സ്‌നേഹവും കരുതലും നമ്മെ വിട്ടുപോകില്ലെന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

ഒരു ന്യൂജനറേഷന്‍ സിനിമ എന്നു തീര്‍ത്തും പറയാവുന്ന കഥ. സൌഹൃദത്തിനു വിലകല്‍പ്പിക്കുന്ന അഞ്ചു കൂട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥയും പഴയകാലജീവിതവും ഫ്‌ലാഷ്‌ ബാക്കിന്റെ സഹായത്താല്‍ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചു എന്നുതന്നെ പറയാം. എങ്കിലും കഞ്ചാവ്‌ സൌഹൃദത്തിന്റെ ഒരു ഭാഗമാണെന്നു ഈ ചിത്രം വീണ്ടും വീണ്ടും പറയുന്നില്ലെ എന്നൊരു തോന്നല്‍ ഇല്ലാതില്ല.

ഇടുക്കിയുടെ ഭംഗി പൂര്‍ണമായും ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്‌ പുര്‍ണ്ണമായി സാധിച്ചിരിക്കുന്നു. പ്രത്യേകിച്ചും തണുത്ത മഞ്ഞു കാറ്റിനായി അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന്‌ മലമുകളില്‍, ദാ വന്നു വന്നു എന്നു പറഞ്ഞു നില്‍ക്കുന്നതും, അവരോരുത്തരും മഞ്ഞുകാറ്റിലേക്ക്‌ നനഞ്ഞിറങ്ങുന്നതുമായ ഭാഗം. ഗാനങ്ങളുടെ ഈണവും വരികളും വീണ്ടും സൌഹൃദത്തിന്റെ നോസ്റ്റാല്‍ജിയുണ്ടാക്കുന്നു എന്നതിനെക്കാള്‍, മൂളി നടക്കുകയും ഓര്‍ത്തു പാടുകയും, ഫോണില്‍ ഡൌണ്‍ലോഡ്‌ ചെയ്യപ്പെടുകയും ചെയ്‌തു എന്നതിനും സംശയം വേണ്ട.

22 ഫീമെയിലിലൂടെ `പ്രതാപ്‌ പോത്തനെ' സിനിമയിലേക്ക്‌ തിരികെ കൊണ്ടുവന്നതുപോലെ ഇടുക്കി ഗോള്‍ഡിലുടെ `രവീന്ദ്രനെയും' ആഷിഖ്‌ അബു മലയാള സിനിമയിലേക്ക്‌ തിരികെ കൊണ്ടു വന്നിരിക്കുന്നു. വില്ലനല്ലെങ്കിലും, അല്‍പ്പനേരമെങ്കിലും വില്ലനാണെന്ന ഭാവം ലാലിന്റെ `ബെഹനാന്‍' എന്ന ചെറിയ കഥാപാത്രത്തെ , ശക്തമാക്കി. സുഹൃത്തുക്കളെ നെഞ്ചോട്‌ ചേര്‍ക്കുന്നതിന്‌ പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ കെട്ടിപ്പിടിക്കുന്ന രംഗം വളരെ നന്നായി. സത്യത്തില്‍ കണ്ണുനിറഞ്ഞു, മനസ്സില്‍ ഏതൊക്കെയോ സുഹൃത്തുക്കളെ ചിത്രം കണ്ട എല്ലാവരുംതന്നെ മനസ്സില്‍ സ്വയം കൊട്ടിപ്പിടിച്ചു എന്നതിനു സംശയം ഇല്ല. ബാല്യകാല സൌഹൃദങ്ങള്‍ ഒരു കവിത പോലെ മനോഹരമാണ്‌ എന്ന്‌ ഈ സിനിമ തെളിയിച്ചു.
ദൈവത്തിന്റെ ദാനം, മനുഷ്യന്റെ മരുന്ന്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക