മറ്റു നാടുകളിലേക്ക് മാറിത്താമസിക്കുന്നവര്‍ക്കെല്ലാം നഷ്‌ടപ്പെടുന്നത് ഒരു
കാലത്ത് തങ്ങളുടെതന്നെ ഭാഗമെന്ന് കരുതിയിരുന്ന കഥകളും അവയുടെ പശ്ചാത്തലവുമാണ്.
ഇന്ന് പഴയ നാട്ടിന്‍പുറങ്ങള്‍ നഗരത്തിന് വഴിമാറിക്കൊടുക്കുമ്പോഴും ഇതുതന്നെ
സംഭവിക്കുന്നു. അമ്മൂമ്മക്കഥകള്‍ അല്ലെങ്കില്‍ `മിത്ത്' ഒറ്റപ്പെട്ടതല്ല. അതിന്റെ
പിന്നില്‍ ഒരു നാടു മുഴുവനുണ്ട്. നാടിന്റെ നിഷ്‌ക്കളങ്കതയുണ്ട്.
പുരേണേതിഹാസങ്ങളിലെ ചരിത്ര സത്യങ്ങള്‍ക്കുപോലും ശക്തി പകര്‍ന്ന്
നിലനിര്‍ത്തുന്നത് മിത്തുകളുടെ ഉരുക്കു തൂണുകളാണ്.
മനുഷ്യമനസ് ഏത്
ദുര്‍ഘടമായ അവസ്ഥയിലും വീണ്ടും പ്രതീക്ഷ വെച്ചു പുലര്‍ത്തും. അത്യാഹിതങ്ങളോ
രോഗങ്ങളോ നാം അംഗീകരിക്കുന്നുവെന്ന് പറഞ്ഞാലും മനസുകൊണ്ട് സമ്മതിച്ചുകൊടുക്കില്ല.
എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചാലും എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് പിന്നെയും
ചോദ്യം ചെയ്യും.
`നീലക്കൊടുവേലി' എന്തെന്ന് എനിക്കറിയില്ല. പക്ഷേ, ആധുനിക
വൈദ്യശാസ്‌ത്രവും കൈവിട്ടുകഴിയുമ്പോള്‍ ഒരു `ഒറ്റമൂലി' തേടുന്ന മനസാണ്
മനുഷ്യന്റേത്. മനുഷ്യന്‍ ഒരിക്കല്‍ മരിച്ചുകഴിഞ്ഞ് വീണ്ടും ജീവന്‍കിട്ടി മറ്റൊരു
ലോകത്ത് ജീവിക്കുമെന്ന് തങ്ങളുടേതായ രീതിയില്‍ മതങ്ങള്‍ അധികവും വിശ്വസിക്കുന്നു.
ഒരിക്കല്‍ മരിക്കുമെന്നത് നിത്യസത്യമായി അംഗീകരിച്ച ഒരു അമേരിക്കന്‍ പ്രയോഗമില്ലേ,
`തീര്‍ച്ചയായുള്ളത് മരണവും നികുതിയുമാണെന്ന്.' ഇത് നികുതി വ്യവസ്ഥയെ
പരിഹസിക്കാനായിരിക്കാം. പക്ഷേ, മനുഷ്യജീവിതത്തിലെ സുനിശ്ചിതമായ നികുതിബാദ്ധ്യത
ഓര്‍മ്മപ്പെടുത്താനോ, അതോ, അതൊന്ന് ലഘൂകരിക്കാനോ? ഇനിയും നമ്മുടെ സ്വന്തം
പഴഞ്ചൊല്ല് `അധികമായാല്‍ അമൃതും വിഷം.'
`വേരുകളില്ലാത്ത' ഒറ്റമൂലികള്‍
ഇന്ന് വിപണിയില്‍ ധാരാളം. പെട്ടന്ന് തടിഭാരം കുറയ്‌ക്കുന്ന മരുന്നും പ്രയോഗങ്ങളും
ബിഗ് ബിസിനസാണ്. ഒരു വൈറ്റമിന്‍ ഗുളികപോലും ഉപയോഗിക്കാതെ അരോഗദൃഢഗാത്രരായി
നൂറിനപ്പുറം കടന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു. അവരുടെ
അദ്ധ്വാനത്തിന് പകരം വെക്കാന്‍ നിസാര തുട്ടുകള്‍ വിലയുള്ള ഇന്നത്തെ ഗുളികള്‍ക്ക്
കഴിയുമോ? ഗ്രാമപ്രദേശങ്ങളിലെ പറമ്പുകള്‍ ഒരിക്കല്‍ മരുന്നുചെടികളുടെ
കാര്യത്തിലെങ്കിലും പൊതുസ്വത്തായിരുന്നു. പച്ചമരുന്നുകള്‍ക്ക് ഏതോ ഒരു
നിഗൂഢശക്തിയുമുണ്ടായിരുന്നു. രക്തവാര്‍ച്ചനില്‍ക്കാനും മുറിവുണങ്ങാനുമൊക്കെ
കയ്യെത്തി അടര്‍ത്തിയെടുത്ത പച്ചിലകള്‍ക്ക് കഴിയുമായിരുന്നു. ഇതിന്റെ
തുടര്‍ച്ചയാണ് നമ്മുടെ `നീലക്കൊടുവേലിയും.'
നാട്ടിന്‍പുറങ്ങളിലെ
ആകാശത്തിന് ഓലേംഞാലിയുടെയും കുരുവികളുടെയും മരംകൊത്തിയുടെയും ഉപ്പന്റെയുമൊക്കെ
ഗന്ധം. ഇനിയും, മാടപ്രാവിന്റെയും പൊന്മാന്റെയും ദൈവംകാക്കളുടെയും ചിറകടികള്‍
വേറെയും.
ഇവയുമായി നീലക്കൊടുവേലിയെ എന്തിന് കൂട്ടിക്കെട്ടണം?
പറയാം:
നീലക്കൊടുവേലിയെന്ന പച്ചമരുന്ന് മരണഹാരിയണത്രേ, ജീവപ്രദാനി! ഉപ്പന്‍
എന്ന പക്ഷിയാണ് ഇവിടെ മറ്റൊരു കഥാപാത്രം. ഉപ്പന്റെ ഗതികേട്!
മരണപ്പേടിയുള്ള ഏതോ ഒരുവന് നീലക്കൊടുവേലി വേണംപോലും. മനുഷ്യന് തനിയെ അത്
കണ്ടെത്താനുള്ള കഴിവുമില്ല. ദിവ്യശക്തിയുള്ള ഉപ്പന് അതിനുള്ള അറിവുണ്ടത്രേ. പക്ഷേ,
ചുമ്മാതങ്ങ് നീലക്കൊടുവേലി കൊത്തിക്കൊണ്ട് ഉപ്പന്‍ വരികയില്ല. ആവശ്യമാണല്ലോ
സൃഷ്‌ടിയുടെ മാതാവ്. അതിനാണ് ഉപ്പനെ കുടുക്കാന്‍ മനുഷ്യന്റെ ബുദ്ധി
പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളുടെ ശക്തിയെ ഒതുക്കാനുള്ള ബുദ്ധിയാണല്ലോ മനുഷ്യന്റെ
ബലം.
ഉപ്പന്റെ കൂട്ടില്‍ എങ്ങനെയും നീലക്കൊടുവേലി എത്തിക്കാനുള്ള മാര്‍ഗ്ഗം
ആരായണം. ഉപ്പന്‍ ദമ്പതികള്‍ തീറ്റ ശേഖരിക്കാന്‍ പോയ തക്കം നോക്കി മനുഷ്യന്‍
കൂട്ടില്‍നിന്ന് മുട്ടകളെടുത്ത് പുഴുങ്ങിവെച്ചുവത്രേ. നോക്കണേ മനുഷ്യന്റെ
ക്രൂരത!
ഇതൊന്നും അറിയാതെ പാവം പക്ഷി മുട്ടകളുടെമേല്‍ ദിവസങ്ങളോളം
അടയിരുന്നുപോലും. ഒടുവില്‍ തന്റെ മുട്ടയുടെ ഉള്ളില്‍ ജീവനില്ലെന്ന്, തന്റെ മക്കള്‍
ജീവിക്കില്ലെന്ന് മനസ്സിലാക്കിയ ഉപ്പന്‍ തന്റെ അവസാനത്തെ അറിവും, അതേ,
മറ്റാര്‍ക്കും കിട്ടിയിട്ടില്ലാത്ത അറിവും പ്രയോഗിക്കാന്‍ തീരുമാനിച്ചു. ഉപ്പനും
`തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്'!
അവിടെയാണ് മുട്ടക്ക് ജീവന്‍ നല്‍കാന്‍
കഴിവുള്ള നീലക്കൊടുവേലിയുടെ വരവ്. ഏതോ പൊട്ടക്കിണറിന്റെ ആഴത്തില്‍നിന്ന്
കൊത്തിയെടുത്തുകൊണ്ടുവരുന്ന സജ്ഞീവനി ഉപ്പന്‍ തന്റെ കൂട്ടില്‍ നിക്ഷേപിക്കുന്നതും
അത് മോഷ്‌ടിക്കാന്‍ നമ്മള്‍, മനുഷ്യര്‍, തക്കംപാര്‍ത്തിരിക്കുകയാണ്. പാവം
ഉപ്പന്‍! വിജയിച്ചാല്‍ നീലക്കൊടുവേലി നമുക്ക് സ്വന്തം. അങ്ങനെ അമൃതം,
അമൃതം.
മലയാളിയുടെ ഈ നാടന്‍ കഥ സ്വര്‍ഗ്ഗത്തില്‍നിന്ന് തീയ്
മോഷ്‌ടിക്കാന്‍പോയ പ്രൊമെത്യൂസിന്റെ ഗ്രീക്ക് മിത്തിന് ഒപ്പം മാത്രമല്ല
അതിനേക്കാള്‍ ഒരുപടി മേലെയും വെക്കാവുന്നതല്ലേ?