Image

കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ കാല്‍നൂറ്റാണ്ട്‌ (ജോണ്‍ മാത്യു)

Published on 24 August, 2014
കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ കാല്‍നൂറ്റാണ്ട്‌ (ജോണ്‍ മാത്യു)
ആഗസ്റ്റ്‌ മുപ്പതാംതീയതി ഹൂസ്റ്റനിലെ ഇന്ത്യാഹൗസ്‌ ആഡിറ്റോറിയത്തില്‍ കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ രജതജൂബിലി ആഘോഷിക്കുകയായി. ഇത്‌ തീര്‍ച്ചയായും ഹൂസ്റ്റനിലെ മലയാളികള്‍ക്ക്‌ അഭിമാനിക്കുന്ന അവസരമാണ്‌. കേരള റൈറ്റേഴ്‌സ്‌ ഫോറം പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദനങ്ങള്‍!

അമേരിക്കയിലെയും കേരളത്തില്‍നിന്നുമുള്ള പ്രഗത്ഭരായ പ്രഭാഷകര്‍ റൈറ്റേഴ്‌സ്‌ ഫോറം സമ്മേളനങ്ങളില്‍ എന്നും പങ്കെടുത്തിട്ടുണ്ട്‌. അങ്ങനെയൊരു അവസരത്തിലാണ്‌ വിഷ്‌ണു നാരായണന്‍ നമ്പൂതിരി ഹൂസ്റ്റന്‍ നഗരത്തെ അമേരിക്കയിലെ മലയാളികളുടെ `സാംസ്‌ക്കാരികതലസ്ഥാന'മെന്ന്‌ വിശേഷിപ്പിച്ചത്‌.

എഴുത്തുകാര്‍ക്ക്‌ സാഹിത്യ ചര്‍ച്ചാസമ്മേളനങ്ങള്‍ ഒരിക്കലും പുതുമയായിരുന്നില്ല. പക്ഷേ, അത്‌ സംഘടിതമായി അമേരിക്കയില്‍ ആദ്യം തുടങ്ങിയത്‌ ഹൂസ്റ്റനിലെ റൈറ്റേഴ്‌സ്‌ ഫോറമാണെന്നുമാത്രം. ഇത്‌ എന്തോ സാമര്‍ത്ഥ്യമായി കണക്കാക്കുന്നില്ല. പകരം, വന്നുചേര്‍ന്ന അവസരം മാത്രം!

റൈറ്റേഴ്‌സ്‌ ഫോറത്തെ രാഷ്‌ട്രീയ വിഭാഗികതയോ മത-ജാതി-സാമുദായിക ചിന്തകളോ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. രാഷ്‌ട്രീയവും സാമുദായികവുമായ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഫോറം സമ്മേളനങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ ബൗദ്ധീകവും സാഹിത്യപരവുമായ പ്രഭാഷണങ്ങള്‍ക്കു മാത്രമായിരുന്നു. എല്ലാ സങ്കുചിത ചിന്തകള്‍ക്കും അതീതമാണ്‌ ഫോറം എന്നുള്ള പ്രഖ്യാപനമാണ്‌, ആചാരാനുഗതമല്ല എന്നതിന്റെ വിളംബരമാണ്‌, ഫോറം യോഗങ്ങള്‍ ഏതെങ്കിലും പ്രാര്‍ത്ഥനയോടെ തുടങ്ങാത്തതും.

സംഘടനയുടെ അദ്ധ്യക്ഷന്‍ എന്നത്‌ `ഇന്‍കോര്‍പ്പറേഷന്‍' വ്യവസ്ഥിതിയിലെ ഒരാവശ്യം മാത്രമാണ്‌. ബിസിനസ്‌ യോഗങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരു സ്ഥാനം! അതായത്‌ സാഹിത്യസമ്മേളനത്തില്‍ പ്രത്യേക പദവിയുള്ള അധികാരങ്ങളില്ല. ഇനിയും തുല്യ പങ്കാളിത്തമെന്നതിന്റെ ധ്വനിയാണ്‌ സമ്മേളനങ്ങള്‍ക്ക്‌ സദസില്‍നിന്നുള്ള ഒരാള്‍ താല്‍ക്കാലിക മോഡറേറ്ററായി നിയമിക്കപ്പെടുന്നത്‌.

തൊട്ടടുത്തുള്ള ഡാളസ്‌ നഗരത്തിലും, പിന്നെ അമേരിക്കയില്‍ ആകമാനവും സാഹിത്യരംഗത്തുള്ളവരുമായി സഹകരിച്ചുതന്നെയാണ്‌ റൈറ്റേഴ്‌സ്‌ ഫോറം പ്രവര്‍ത്തിക്കുന്നത്‌. സംഘടനകള്‍ സാഹിത്യം എഴുതുന്നില്ല, എഴുതുന്നവര്‍ക്ക്‌ പിന്തുണ കൊടുക്കുകമാത്രമാണ്‌ ചെയ്യുന്നത്‌.

ഹൂസ്റ്റനിലെ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ തുടക്കക്കാരെല്ലാം ഇന്നും സജ്ജീവമായി രംഗത്തുണ്ട്‌, ചുരുക്കം ചിലര്‍ മറ്റ്‌ നഗരങ്ങളിലേക്ക്‌ താമസം മാറ്റിയെങ്കിലും. എത്രയെത്ര കഥകളും കവിതകളും ലേഖനങ്ങളുമാണ്‌ ഇവിടെ ചര്‍ച്ചചെയ്‌തിട്ടുള്ളത്‌. മലയാളത്തിലും ലോകസാഹിത്യത്തിലുമുണ്ടാകുന്ന പ്രവണതകള്‍ മാത്രമല്ല മറ്റ്‌ രാഷ്‌ട്രീയ സാമൂഹിക വികാസങ്ങളും ചര്‍ച്ച ചെയ്യുന്നത്‌ റൈറ്റേഴ്‌സ്‌ ഫോറം യോഗങ്ങളില്‍ സാധാരണമാണ്‌.

കഴിഞ്ഞകാലങ്ങള്‍ അഭിമാനിക്കാവുന്നതായിരുന്നു. അടുത്ത കാല്‍നൂറ്റാണ്ട്‌ എങ്ങനെയായിരിക്കും, ഇതിന്‌ ഇന്ന്‌ ആശങ്കയുണര്‍ത്തേണ്ടുന്ന ആവശ്യമില്ലെങ്കിലും ആ വഴിക്കും ചിന്തിക്കേണ്ടതായിരിക്കുന്നു.

അമേരിക്കയില്‍ മലയാളം എഴുത്തും ചര്‍ച്ചകളും സജ്ജീവമാണ്‌. നമ്മുടെ സമൂഹത്തിലെ പ്രസിദ്ധീകരണങ്ങള്‍ ഈ രംഗത്ത്‌ ചെയ്യുന്ന സംഭാവനകള്‍ വിലപ്പെട്ടതുതന്നെ. ദേശീയ സംഘടനകളും തുടര്‍ച്ചയായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. കേരളസര്‍ക്കാരും സാഹിത്യ അക്കാദമിയും അമേരിക്കയിലെ മലയാളം എഴുത്തില്‍ ഇപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഈ രംഗത്ത്‌ ഈയ്യിടെ അക്കാദമിയിലും തുഞ്ചന്‍പറമ്പിലുമായി നടന്ന ത്രിദിന സമ്മേളനം തീര്‍ച്ചയായും ചരിത്രം കുറിച്ചിരിക്കുകയാണ്‌.

ഇന്നത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം രചനയിലെ പാഠഭേദങ്ങളാണ്‌. മലയാളം എല്ലായിടത്തും ഒന്നാണെങ്കിലും അമേരിക്കയില്‍നിന്നുള്ള എഴുത്തിന്‌ പ്രമേയങ്ങളില്‍, ശൈലിയില്‍, ഭാഷയില്‍ ഒരു വ്യത്യസ്‌തത സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉണ്ടെന്നതുതന്നെയാണ്‌ എന്റെ അഭിപ്രായം! മലയാളസാഹിത്യത്തില്‍ ഒരു കടന്നുകയറ്റത്തിനോ അതിരുകടന്ന സ്വാധീനത്തിനോ നമുക്ക്‌ കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനെ ഒരു പരാജയമെന്ന്‌ ഞാന്‍ വിളിക്കുന്നില്ല.

കുടിയേറ്റക്കാരില്‍ ഇനിയുമുള്ള കാലം മലയാളത്തിന്റെ ഉപയോഗം കുറയാനാണ്‌ സാദ്ധ്യതയേറെ. എങ്കിലും ഒരു `കേരളീയത' നിലനിര്‍ത്താന്‍ ഇവിടെ കഴിയുമോ? ഈ വിധത്തിലുള്ള മാറ്റങ്ങളെ നേരത്തെ കണ്ടറിഞ്ഞുകൊണ്ടാണല്ലോ ഈ സംഘടനയുടെ പേരിന്റെകൂടെ തുടക്കത്തില്‍ത്തന്നെ `കേരളം' എന്നുകൂടി എഴുതിചേര്‍ത്തത്‌!

അമേരിക്കയിലെ മലയാള എഴുത്തുകാര്‍ക്ക്‌ മറ്റ്‌ ഭാരതീയ ഭാഷകളിലെ എഴുത്തുകാരുമായി സഹകരണത്തിനുള്ള പാത വെട്ടിത്തുറക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ രംഗത്തും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ റൈറ്റേഴ്‌സ്‌ ഫോറം ചില മുന്നേറ്റങ്ങള്‍ നടത്തുമെന്ന്‌ ഇപ്പോള്‍ പ്രതീക്ഷിക്കുകയാണ്‌.

നമ്മുടെ മലയാള സാഹിത്യസംഘടനകള്‍ വിശ്വസാഹിത്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അവഗണിച്ചു എന്നുതന്നെ പറയട്ടെ. ഏതാനും ഇംഗ്ലീഷുകൃതികള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുന്ന കാര്യമല്ല ഇവിടെ പറഞ്ഞുവരുന്നത്‌. ആധുനികകാലത്തെ സമരങ്ങളോടും മുന്നേറ്റങ്ങളോടും നമ്മുടെ എഴുത്തുകാരും സംഘടനകളും പ്രതികരിക്കുന്നില്ലതന്നെ. നാം ജീവിക്കുന്ന നാടിന്റെ ആത്മാവിനെപ്പോലും ഉള്‍ക്കൊള്ളാന്‍ പലപ്പോഴും നമുക്ക്‌ കഴിയാറില്ല. ശരിയാണ്‌ കുടിയേറ്റക്കാരെ അല്ലെങ്കില്‍ മനുഷ്യരെ പൊതുവേ രൂപപ്പെടുത്തുന്നത്‌ അവരുടെ ജീവിതത്തിന്റെ ആദ്യനാളുകളാണ്‌. അക്കാലത്തെപ്പറ്റി എഴുതുമ്പോഴും പറയുമ്പോഴുമാണ്‌ എഴുത്തുകാര്‍ ഏറെ വാചാലരാവുക!

കേവലം ഭാഷ പോഷിപ്പിക്കലല്ല നമ്മുടെ ദൗത്യം. അത്‌ അസാദ്ധ്യവുമാണ്‌. ഭാഷയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക്‌ അതീതവുമാണ്‌. അതുകൊണ്ട്‌ എഴുത്തിന്റെ ലോകത്തില്‍ ഭാഷക്കും ഉപരിയായി ചിന്തിക്കാന്‍ കഴിയുമോ? ഇന്നത്തെ സാമ്പത്തിക - സാമൂഹിക മാറ്റങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ കഴിയുമോ? പുതിയ കലാസാഹിത്യപ്രസ്ഥാനങ്ങളിലേക്ക്‌ ഒന്ന്‌ ഒളിഞ്ഞുനോക്കാനെങ്കിലും കഴിയുമോ?

ഈ വഴിയില്‍ക്കൂടിയാണ്‌ റൈറ്റേഴ്‌സ്‌ ഫോറവും അമേരിക്കയിലെ മറ്റ്‌ സാഹിത്യസംഘടനകളും തുടര്‍ന്നുള്ള കാലം ചിന്തിക്കേണ്ടത്‌, പ്രവര്‍ത്തിക്കേണ്ടത്‌.
കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ കാല്‍നൂറ്റാണ്ട്‌ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക