ആഘോഷങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഓളങ്ങള്‍ ഒന്ന് അടങ്ങി. ഇനിയും
ഓര്‍മ്മകള്‍!
നീളയുടെ തീരത്ത് കാലവര്‍ഷം പെയ്തിറങ്ങുന്നതിന്
ചെണ്ടമേളത്തിന്റെ അകമ്പടിയുണ്ടായിരുന്നു, വള്ളുവനാടന്‍ സദ്യയുടെ
ആസ്വാദ്യതയുണ്ടായിരുന്നു. തലേന്ന് സാഹിത്യഅക്കാദമിയില്‍
തുടക്കമിട്ടത് നീളാതീരത്തെത്തി. അവിടെനിന്നും തുഞ്ചന്പറമ്പിലേക്കും,
കാഞ്ഞിരത്തിനും മധുരം. അതേ, തുഞ്ചന്‍പറമ്പിലെ കാഞ്ഞിരത്തിനും
മലയാളത്തിന്റെ മാധുര്യം!
രണ്ട് പ്രഫസര്‍മാര്‍ സമ്മേളനത്തിന്
അക്കാദമിക്ക് സ്വഭാവം നല്കി. ഒരു വൈസ്ചാന്‍സലര്‍ മലയാളത്തിനുവേണ്ടി
വസ്തുതകള്‍ നിരത്തിക്കൊണ്ട് വാദിച്ചു. പത്രപ്രവര്‍ത്തന, ചലച്ചിത്ര
രംഗങ്ങളിലെ മലയാളത്തിന്റെ പ്രതിഭകള്‍ വിവിധ സന്ദര്‍ഭങ്ങളിലായി
വേദയിലുണ്ടായിരുന്നു.
പുറമേ, എം.ടി. വാസുദേവന്‍നായര്‍, സി.
രാധാകൃഷ്ണന്, സക്കറിയ തുടങ്ങി പ്രമുഖ സാഹിത്യകാരന്മാരുടെ പ്രഭാഷണങ്ങള്‍
അവിസ്മരണീയങ്ങളായി.
ശരിയാണ്, കേരളത്തിന്റെ സാഹിത്യ സാംസ്ക്കാരിക
പ്രതിഭകളെ മൂന്നു ദിവസങ്ങളിലായി അണിനിരത്താന്‍ കഴിഞ്ഞത് തീര്‍ച്ചയായും
ലാനാ നേതൃത്വത്തിന്റെ വിജയം! എന്നാല്‍ ആ സാങ്കേതിക വിജയത്തിനൊപ്പം
നില്ക്കാന് നമ്മുടെ എഴുത്തുകാര്‍ക്ക് കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ഒരു
താല്ക്കാലികവിരാമം വേണ്ടിവരും.
ഇതുപോലെയുള്ള കൂട്ടായ്മകളില്‍
സാഹിത്യവിചാരങ്ങള്‍ മുന്നിട്ടുനില്ക്കുന്നില്ലെങ്കില് അത്
സംഘാടകരുടെ മാത്രം പ്രശ്നമല്ല. മലയാളത്തിന്റെ വെല്ലുവിളികളും
പാഠഭേദങ്ങളുമെല്ലാം ചര്‍ച്ചാവിഷയങ്ങളായിരുന്നു. അവിടെ നമ്മുടെ
പങ്കാളിത്തം വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞോ?
എങ്കിലും നമ്മുടെ
ചിന്തകള്‍ അവതരിപ്പിക്കാനും ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ കിട്ടി.
അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ മുഖ്യധാരയില്‍
ചര്ച്ചചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണം ഗൃഹാതുരതയില്‍ ഇന്നും
തൂങ്ങിക്കിടക്കുന്നതുകൊണ്ടാണെന്ന പരിഹാസത്തിന്റെ കൂരമ്പ് ആരോ
തൊടുത്തുവിട്ടപ്പോള്‍ അതിനെയാണ് ചോദ്യം ചെയ്യാന്‍ ലഭിച്ച അവസരം
ഭാഗ്യമെന്നുതന്നെ ഞാന്‍ കരുതുന്നു.
പത്തിരുപതു കൊല്ലങ്ങളായി
കേള്‍ക്കാന്‍ തുടങ്ങിയിട്ട് അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ ഗൃഹാതുര
എഴുതരുത്, പകരം ഇവിടത്തെ അനുഭവങ്ങള്‍
എഴുതുകയെന്ന്.
"നാട്ടിലെക്കാര്യങ്ങള് എഴുതാന്‍ ഞങ്ങളുണ്ട്.
നിങ്ങള്‍ മുഖ്യധാരയില്‍ എത്താത്തത് ഗൃഹാതുരത
എഴുതിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ്.''
ഇവിടെയൊരു ചോദ്യം :
കേരളത്തിലെ എഴുത്തുകാര്‍ എല്ലാം മുഖ്യധാരയില്‍ എത്തുന്നുണ്ടോ? വേണ്ട,
നമുക്ക് ഇവിടത്തന്നെ മലയാളി എഴുത്തുകാരുടെ ഒരു "മുഖ്യധാര'യുണ്ടല്ലോ,
അമേരിക്കയില്‍നിന്ന് എഴുതുകയും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു
"മുഖ്യധാര'! അതിലൊന്ന് കയറിപ്പറ്റാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്? ഇവിടെ
മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള "ഊമക്കത്തു'കളാണോ നമ്മുടെ
സാഹിത്യചര്‍ച്ച?
കുറേ എഴുതിയതുകൊണ്ടു മാത്രമായോ? ഊര്‍ജ്ജിതമായി
ചര്‍ച്ചകളില്‍ പങ്കാളിത്തമില്ലെങ്കില്‍ നിങ്ങളെങ്ങനെ മുഖ്യധാരയില്‍
എത്തും? പ്രമുഖ പത്രങ്ങളില്‍ ഏതാനും സൃഷ്ടികള്‍ അച്ചടിച്ചു
വന്നുതകൊണ്ടായില്ല, അത് ശക്തമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു
കൊടുക്കുകതന്നെവേണം.
അറുപതുകളില്‍ ഒരുപറ്റം യുവാക്കള്‍
എഴുത്തിന്റെ രംഗത്തുവരുമ്പോള്‍ മറ്റ് എത്രയോ സാഹിത്യകാരന്മാര്
തിളങ്ങിനിന്നിരുന്നു. ഒരു പുതിയ പ്രസ്ഥാനത്തിന്റെ ചര്‍ച്ചയുമായി
മുന്നോട്ട് വരാന്‍ കഴിഞ്ഞത് അല്ലെങ്കില്‍ തങ്ങളുടെ എഴുത്തിന് ഒരു
ശക്തിപ്രഭാവം പകരാന്‍ കഴിഞ്ഞത് അന്നത്തെ ആ
ചെറുപ്പക്കാര്ക്കായിരുന്നല്ലോ.
ഇന്ന്, അമേരിക്കയിലെ
സാഹചര്യത്തില്‍ ഒരു കാര്യം ഓര്‍ക്കണം, സാഹിത്യചര്‍ച്ച പ്രാദേശികമായ ചെറിയ
കൂട്ടായ്മകളിലാണ് നടക്കേണ്ടത്. അതിന്റെ അവലോകനങ്ങള്‍
ദേശീയസമ്മേളനങ്ങളിലും. അതിന്റെ മികച്ച ഉദാഹരണമായി
എടുത്തുകാണിക്കാനുള്ളത് കഴിഞ്ഞവര്‍ഷത്തെ ചിക്കാഗോ ലാനാ സമ്മേളനവും
തുടര്‍ന്ന് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ""കുടിയേറ്റഭൂമിയിലെ
സാഹിത്യസംവാദങ്ങള''മാണ്.
ലാനയുടെ കേരളസമ്മേളനത്തിന്റെ
ആഘോഷങ്ങള്‍ കഴിഞ്ഞു, ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതെന്തെങ്കിലും
ശേഷിപ്പിച്ചിട്ടുണ്ടോ? പ്രസംഗങ്ങള്‍ ആരെങ്കിലും ഓര്‍ക്കുമോ, വേദിയില്‍ ഒന്നു
കയറിയിറങ്ങിയത് അത്രവലിയ
സംഭവമാണോ?
രണ്ടായിരത്തിപ്പതിന്നാലിലെ ലാനാ സംഗമത്തിന്റെ
സംഭാവനയെന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും: മലയാളത്തിന്റെ ഭാവി
വാഗ്ദാനമായ ഒരു കവയത്രിയെ കണ്ടെത്തിയത്, ഒരു പ്രസ്ടു വിദ്യാര്‍ത്ഥിനിയെ
കണ്ടെത്തിയതാണെന്ന ഒരു പക്ഷേ, കാലങ്ങള്‍ കഴിഞ്ഞാലും അതായിരിക്കും
ഓര്‍മ്മയില്‍ തങ്ങിനില്ക്കുക!
വിജയകരമായ ഈ ത്രിദിന സമ്മേളനം
സംഘടിപ്പിച്ച ഷാജന് ആനിത്തോട്ടത്തിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.
സാഹിത്യ അക്കാദമിക്കും പ്രത്യേകിച്ച് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരനും
സെക്രട്ടറി ശ്രീ.ആര്. ഗോപാലകൃഷ്ണനും എത്ര നന്ദി പറഞ്ഞാലും അത്
അധികപ്പറ്റാകുകയില്ല.