Image

അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 September, 2014
അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു  റഹ്മത്ത് കലാം)
ബാല്യകാലം തൊണ്ണൂറുകളിലും കൗമാരത്തിലേയ്ക്കുള്ള എത്തിനോട്ടം പുതുസഹസ്രാബ്ദത്തിലുമായിരുന്ന തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവര്‍ക്ക് ഓണത്തിന് പറയപ്പെടുന്ന പഴയമുഖവും പുതിയമുഖവും ഒരുപോലെ പരിചിതമാണ്. ആധുനികതയുടെ കരവലയത്തില്‍ ഞെരിഞ്ഞമര്‍ന്ന കേരളത്തിന്റെ മാത്രമായ ഗ്രാമീണ നന്മകളില്‍ ഓണാഘോഷവും പതിയെ മാറുകയായിരുന്നു.

കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളായി ചുരുങ്ങിയപ്പോഴും ഓണനാളുകള്‍ ഒത്തുചേരലിന് അവസരം ഒരുക്കിയിരുന്നു.  ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിശബ്ദതയുടെ ലോകത്തേയ്ക്ക് ഒച്ചയും അനക്കവും കുറച്ച് ബഹളവും മുഴങ്ങുന്ന ഏതാനും ദിനരാത്രങ്ങള്‍. എത്ര ദൂരെ ഉള്ളവരും അന്നേ ദിവസം തറവാട്ടില്‍ എത്തിച്ചേരും. തിരക്കുകള്‍,  പണ്ടേ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ ഒത്തുകൂടണമെന്ന തീവ്രമായ ആഗ്രഹത്തിന് കഴിഞ്ഞിരുന്നു. ഒറ്റ ദിവസം ഒത്തുപിടിച്ച് തിരുവോണം തകൃതിയായി ആഘോഷിക്കുന്നതാണ് അതിന്റെ രസം. ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന വിധം നിന്ന് തിരിയാന്‍ സമയമില്ലാത്തപ്പോഴും അതില്‍  വാക്കുകളില്‍ ഒതുങ്ങാത്ത ആനന്ദം നിറഞ്ഞു നിന്നിരുന്നു. തലേനാള്‍ തന്നെ ഓട്ടുരുളിയും മറ്റും തേച്ചുമിനുക്കിയും നാളികേരം ചിരകിയും സദ്യയ്ക്കുള്ള കായ്കറികള്‍ അരിഞ്ഞുവച്ചും നേന്ത്രക്കായ ഉപ്പേരി വറുത്തും സ്ത്രീജനങ്ങള്‍ അടുക്കളയില്‍ സജീവമാകും. പൂക്കുടയുമായി, സംഘം ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പൂക്കളൊക്കെയും ഒരുമിച്ച് ചേര്‍ത്ത് മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കുമ്പോള്‍ മനസ്സുകളില്‍ സംതൃപ്തിയുടെ നിറവായിരുന്നു. എങ്ങനെ ആയാലും, മഹാബലി ഭരിച്ചിരുന്ന കാലം എന്ന സങ്കല്പത്തെ യാഥാര്‍ത്ഥ്യത്തോട്  അടുപ്പിക്കുന്ന പാലമാണ് ഓണം. സ്വന്തം തൊടിയിലെ പൂക്കള്‍ നുള്ളുകയും സദ്യയ്ക്കുള്ള പച്ചക്കറികല്‍ പറിക്കുകയും ചെയ്തിരുന്ന കാലം എത്ര വേഗമാണ് അന്യമായത് ?  

മാവേലി പാതാളത്തില്‍ നിന്ന് ജനങ്ങളെ കാണാന്‍ വരുമെന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് സങ്കല്പമായിരുന്നില്ല. വിശ്വാസം  തന്നെയായിരുന്നു. ചിലരെങ്കിലും തന്റെ വീട്ടില്‍ മാവേലി വന്ന് സദ്യ ഉണ്ടിട്ടു പോയി എന്ന് വീരവാദം മുഴക്കിയിരുന്നു. എന്നിട്ടെന്തേ എന്റെ വീട്ടില്‍ കയറാതെ പോയതെന്ന് ചിന്തിച്ച് ആഘോഷത്തിലെ പോരായ്മകള്‍ വിലയിരുത്തി അടുത്ത ആണ്ടിലെ തിരുവോണനാളില്‍ കൂടുതല്‍ ഉത്സാഹത്തോടെ മഹാബലിത്തമ്പുരാനെ കാത്തിരിക്കുമ്പോള്‍ ഒരു തരത്തിലെ പരിഭവവും  മനസ്സില്‍ ഉണ്ടാവില്ല. തികഞ്ഞ പ്രതീക്ഷ മാത്രമായിരിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കടകളിലെത്തുന്ന പൂക്കള്‍ പറയുന്ന വിലയ്ക്ക് ഓണനാളുകളില്‍ നമ്മള്‍ വാങ്ങുന്നു. തുമ്പയും മൂക്കുറ്റിയും തെച്ചിയും പോലെ വീട്ടുമുറ്റത്തുണ്ടാകുന്ന പൂക്കളെ കണ്ടു പരിചയം പോലും ഇന്നത്തെ കുട്ടികള്‍ക്കില്ല. ആസ്റ്ററും ആംഗലേയ നാമധാരികളായ ഏതൊക്കെയോ പുഷ്പങ്ങളും പൂക്കളത്തിന്റെ മുഖവും നിറവും മണവും മാറ്റി . ഇതൊന്നും പോരാഞ്ഞ് പൂക്കളുടെ  ഫ്‌ളക്‌സ് വയ്ക്കുന്നവരും കുറവല്ല. തമിഴ്‌നാട്ടില്‍ നിന്നുവരുന്ന പൊള്ളുന്ന വിലയുള്ള പച്ചക്കറികള്‍ വാങ്ങി ഓണമുണ്ണണമെങ്കില്‍ സാധാരണക്കാരന് കാണം വില്‍ക്കേണ്ട ഗതികേടാണ്.

ഡിസ്‌ക്കൗണ്ട് സെയിലും വമ്പന്‍ ഓഫറുകളും ഷോപ്പിങ്ങ് മാമാങ്കങ്ങളുമാണ് ഇന്ന് ഓണം. എവിടെയും ഇന്‍സ്റ്റന്റ് എന്ന വാക്ക്. സദ്യയും പായസവും ഒരാഴ്ച മുന്‍പ് ഹോട്ടലുകളില്‍ ബുക്ക് ചെയ്താല്‍ വീട്ടിലെത്തുന്ന അവസ്ഥ. ഓണാഘോഷം പൊടിപൂരമാക്കാന്‍ ബന്ധുമിത്രാദികള്‍ക്ക് പകരം ഇവന്റ് മാനേജ്‌മെന്റുകാരുടെ സംഘാടനം.! കാലത്തിന്റെ സഞ്ചാരം എങ്ങോട്ടെന്ന് പിടികിട്ടാതെ കുറച്ച് നേരം ചിന്തിച്ച് നിന്ന് പോകും.

മലയാളികള്‍ ഉള്ളിടത്തോളം കാലം ഓണവും ആഘോഷവും നിലനില്‍ക്കുമെങ്കിലും ഓരോ കാല്‍നൂറ്റാണ്ട്  കഴിയുമ്പോഴും അതിന്റെ നന്മയും പവിത്രതയും കുറയുന്നതായാണ് അനുഭവസാക്ഷ്യം. പാരമ്പര്യവും സംസ്‌കാരവുമൊക്കെ തലമുറകള്‍ക്ക് കൈമാറേണ്ടതാണ്. അങ്ങനെ കൈമാറുമ്പോള്‍ മൂല്യങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കരുത്. ആഘോഷങ്ങളുടെ കാര്യത്തില്‍ അല്പം പിന്നിലേയ്ക്ക് സഞ്ചരിച്ച് അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നതാണ് അഭികാമ്യം. എല്ലാ നാളിലും സമൃദ്ധമായ ഓണം മലയാളക്കരയില്‍ നിലനില്‍ക്കണമെങ്കില്‍ അതിന്റെ വിശുദ്ധി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ തലമുറ പ്രയത്‌നിച്ചേ തീരൂ. 

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു  റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക