നാളെയാണു പ്രകാശനെ തൂക്കിലേറ്റുന്നത്. ആ വിവരം കാണിച്ച് ജയിലില്‍ നിന്നും കത്തു വന്നിരിക്കുന്നു.
“പത്തുമണിക്ക് ജയിലില്‍ വന്ന് മൃതശരീരം ഏറ്റുവാങ്ങണം.”
ജീവിച്ചിരിക്കുമ്പോള്‍ അവസാന കൂടിക്കാഴ്ചയ്ക്ക് മനസ് തത്രപ്പെടാന്‍ തുടങ്ങി. അവസാന ആഗ്രഹം എന്തെങ്കിലും പറയും. ഒന്നുമില്ലെങ്കിലും ദൂരെ നിന്നായാലും ഒരു നോക്കു കാണാം. കുഞ്ഞുങ്ങളെ കാണാനും ആഗ്രഹം കാണും. അവര്‍ക്കും തനിക്കും വേണ്ടിയാണല്ലൊ പ്രകാശന്‍ മരിക്കാന്‍ പോകുന്നത്.
പ്രേമവിവാഹം മൂക്കാലേ മുണ്ടാണിയും പരാജയമാണെന്നു പറയാറുണ്ട്. ആ പറച്ചില്‍ കഴമ്പില്ലെന്നു തെളിയിക്കണമെന്നു ഞങ്ങളാഗ്രഹിച്ചു. ഒരേ മനസ്സോടെ നീങ്ങി. ഉറ്റവര്‍ തുണച്ചില്ല.
ബി.എ.പാസ്സായ പ്രകാശന് ഒരു ഗുമസ്തപ്പണിയെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയോടെയായിരുന്നു ജീവിതം ആരംഭിച്ചത്. പക്ഷെ പ്രതീക്ഷയ്ക്കു മങ്ങലേറ്റു.മുട്ടുന്ന വാതില്‍ എല്ലാം തന്നെ തുറക്കപ്പെടുമെങ്കിലും ഉത്തരം 'നോ വേക്കന്‍സി' എന്നാണ്.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളായി മാറുകയുകയും വര്‍ഷങ്ങള്‍ ആറേഴു കടന്നുപോവുകയും ചെയ്തു. കുട്ടികളും രണ്ടായി. അരുണും മിനിയും ആണിനാണും പെണ്ണിനു പെണ്ണും.
പഠിപ്പിനു ചേര്‍ന്ന ജോലിക്കുള്ള മോഹം തല്‍ക്കാലം പ്രകാശന്‍ ഉപേക്ഷിച്ച് കൂലിപ്പണിക്കു പോകാന്‍ തുടങ്ങി. അതു എന്നുമില്ല. വല്ലപ്പോഴും മാത്രമേ എന്തെങ്കിലും പണി കിട്ടൂ. പട്ടത്തില്‍ എന്തുകൂലിപ്പണി! എല്ലാവരും ഉദ്യോര്‍ത്ഥം വന്നു താമസിക്കുന്നവര്‍. ചില പണക്കാര്‍ കുട്ടികളെ, 'നൂറു ശതമാനം വിജയം' എന്ന പ്രശസ്തിപെറ്റ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വന്നു താമസിക്കുന്നവര്‍.
പ്രകാശന്‍ രാവിലെ ജോലി അന്വേഷിച്ചിറങ്ങും. ചിലപ്പോ ഏതെങ്കിലും വീട്ടുകാര്‍ വിളിച്ച് പറമ്പ് വൃത്തിയാക്കിക്കുകയൊ ചപ്പുചവറിടാന്‍ കുഴിയെടുപ്പിക്കുകയോ ഒക്കെ ചെയ്യും. ചിലര്‍ക്ക് ചെറുപ്പക്കാരെ ഗേറ്റിനകത്തേക്കു കടത്താന്‍ ഭയം. കള്ളന്മാരുടെ കാലം. കണ്ണുതെറ്റിയാല്‍ കയ്യില്‍ കിട്ടുന്നതടിച്ചുകൊണ്ട് മായാവിയെപ്പോലെ മറഞ്ഞുകളയും. പകല്‍ സമയം സ്ത്രീ, അല്ലെങ്കില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ എന്തു വിശ്വസിച്ചാണ് ഇവനെയൊക്കെ ജോലിക്കു നിര്‍ത്തുന്നത്. ഊരും പേരും അിറയാത്തവര്‍. എല്ലാവരും വരത്തര്‍! കള്ളനാര്, വെള്ളനാര്- ആര്‍ക്കറിയാം.
ചിലര്‍, മുഖത്തെ ദൈന്യത കണ്ട് എന്തെങ്കിലും ജോലിചെയ്യാന്‍ കല്പിച്ചിട്ട് അകത്തുകയറി വാതിലടയ്ക്കും. കുടിക്കാനല്പം വെള്ളം ചോദിച്ചാല്‍ ഒരു കുപ്പി വെള്ളം ജനലിലൂടെ പുറത്തേക്കു നീട്ടും. ചിലര്‍ കുടെയൊരു പ്ലാസ്റ്റിക്ക് ഗ്ലാസ്സും തരും. ജോലികഴിഞ്ഞുവെന്ന് ഗേറ്റിലെ ബെല്ലടിച്ച് അറിയിക്കുമ്പോള്‍ ഇറങ്ങിവന്നു കൂലി തന്നിട്ട് ഉടനെ അകത്തുകയറി വാതിലടയ്ക്കും. പ്രകാശന്‍ കൂലിക്ക് തര്‍ക്കിക്കുകയില്ല. കിട്ടുന്നതു വാങ്ങി സ്ഥലം വിടും. പണക്കാരാണെന്നു പറഞ്ഞിട്ടു കാര്യമില്ല. വേണ്ടുന്നതിനും വേണ്ടാത്തതിനും ധൂര്‍ത്തടിക്കും. എന്നാല്‍ വേലക്കു തക്ക കൂലികൊടുക്കാന്‍ പലര്‍ക്കും മടിയാണ്.
പ്രകാശന്‍ കൂലിയുടെ ഒരംശം ഇപ്പോഴും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന് കൊടുക്കാറുണ്ട്; ജോലിക്ക് അപേക്ഷ അയയ്ക്കാന്‍. പക്ഷെ, ഫലമില്ലെന്നറിഞ്ഞും ആശിക്കാന്‍ പിശുക്കുകാട്ടാതെ അപേക്ഷകള്‍ അയച്ചുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ദിവാസ്വപ്നത്തില്‍ മുഴുകും.
കര്‍ക്കിടകം പിറന്നു. അതു പഞ്ഞമാസമെന്നു കേളിപ്പെട്ടതാണല്ലോ. ഒരാഴ്ചയായി തോരാത്ത മഴ. കുടിലാണെങ്കില്‍ ചോര്‍ന്നൊലിക്കുന്നു. കൂര മേഞ്ഞിരുന്ന ഓലപൊടിഞ്ഞ് പലയിടത്തും വെറും ഈര്‍ക്കില്‍ മാത്രമേയുള്ളൂ. ഉള്ള ചട്ടിയും കലങ്ങളുമൊക്കെയെടുത്ത് വെള്ളം ചോരുന്നിടത്തു വയ്ക്കും. നിറയുമ്പോള്‍ പുറത്തേക്കു കളയും.
കുട്ടികള്‍ വിശന്നു പൊരിഞ്ഞ് ബഹളംകൂട്ടുകയാണ്. പ്രകാശന്‍ വാഴയിലചൂടിപോയി കനാലരികില്‍ നില്ക്കുന്ന മടന്തയില(ചേമ്പുപോലെ കാഴ്ചയില്‍ തോന്നുമെങ്കിലും ചേമ്പല്ല) മുറിച്ചു കൊണ്ടു വരും. ഞാന്‍ അതരിഞ്ഞു തിളപ്പിച്ചു വെള്ളം ഊറ്റിക്കളഞ്ഞിട്ടു അതുങ്ങള്‍ക്കു കൊടുക്കും ശകലം വാരിത്തിന്നിട്ട്.
'അമ്മേ തൊണ്ട ചൊറിയുന്നു ചോറുതാ' എന്നു പറഞ്ഞ് കരയും. മുതിര്‍ന്നവരേപ്പോലെ മുണ്ടുമുറുക്കിയുടുത്ത് വിശപ്പടക്കാന്‍ അവര്‍ക്കാവില്ലല്ലൊ.
അല്പം ദൂരെ താന്‍ പണിയെടുക്കുന്ന വീട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുന്നത് നാലുവായയ്ക്ക് എന്താകാനാണ്.!
പിള്ളേരുടെ വിശപ്പടക്കാന്‍ ഒരുവഴിയും കാണാതെ പ്രകാശന്‍ മൗനത്തിന്റെ വാല്മീകത്തിലേക്ക് ഉള്‍വലിഞ്ഞു.
അമ്മയോട് പറഞ്ഞിട്ട് ഫലമില്ലെന്നു കണ്ട് പിള്ളേര് 'അച്ഛാ വിശക്കുന്നു' എന്നുപറഞ്ഞ് പ്രകാശനോടായി ശല്യം. ഒരു വഴി തുറന്നുകിട്ടാന്‍ ഞാന്‍ ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. പാവപ്പെട്ടവരുടെ പ്രാര്‍ത്ഥനയും കണ്ണീരും കേള്‍ക്കാനും കാണാനുമൊന്നും ഭഗവാനും നേരമില്ല. സ്വര്‍ഗ്ഗത്തിലെ നന്ദനവനത്തില്‍ ഭാര്യമാരോടും തോഴിമാരോടുമൊത്ത് അദ്ദേഹം രാസലീലയില്‍ ഏര്‍പ്പെട്ടിരിക്കയാവാം. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ ധനികന്മാരുടെ ആവശ്യങ്ങള്‍ക്കു ചെവികൊടുക്കുകയാവാം. എന്തായാലും ഇക്കാലമത്രയും പ്രാര്‍ത്ഥിച്ചത് ഒരു ഫലവും ഉണ്ടായില്ല. ഞങ്ങളുടെ കഷ്ടപ്പാടും കണ്ണീരും വര്‍ദ്ധിപ്പിക്കാന്‍ ഒന്നിനു പകരം രണ്ടുകുട്ടികളെ ഇങ്ങോട്ടയയ്ക്കുകയും ചെയ്തു. ഭഗവാന്‍ പിള്ളയോടൊപ്പം കൊള്ളിയും കൂടിയാണുതരുന്നതെന്നു പറയാറുണ്ട്. എന്തായാലും ഞങ്ങള്‍ക്ക് അവിടന്നു ഇരട്ടക്കൊള്ളികളാണ് അയച്ചുതന്നത്!
കൊള്ളികളില്‍ ഒന്നിനെ ഒക്കത്തെടുത്തും മറ്റതിനെ കയ്യില്‍ പിടിച്ചും അതിരാവിലെ തന്നെ പ്രകാശനുമായുള്ള അന്തിമ സന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചു. ഇടയ്ക്കിടെ മകന്‍ ഓരോന്നു ചോദിച്ചും പറഞ്ഞും നടന്നു; കാലുകഴക്കുന്നതില്‍ ആവലാതിപ്പെട്ടും നടപ്പു തുടര്‍ന്നു.
'എല്ലാവരും ബസിലും കാറിലും പോകുന്നു നമ്മള്‍ എന്തിനാ ഇങ്ങനെ നടക്കുന്നത്' ആ കുരുന്നിനോടെന്തു പറയാന്‍!
അല്‍പ്പം കഴിഞ്ഞ് ഒരു സൈക്കിള്‍ സഞ്ചാരിയെ കണ്ട് അവന്‍ പറഞ്ഞു.
അമ്മേ എന്റെ കൂട്ടുകാരന് ഒരു സൈക്കിളുണ്ട്. അവന്‍ അതില്‍ തൊടാന്‍ പോലും സമ്മതിക്കുന്നില്ല. തൊട്ടാല്‍ സൈക്കിള്‍ ഒടിഞ്ഞുപോകുമത്രേ? ഒന്നു തൊട്ടാല്‍ സൈക്കിള്‍ ഒടിയുമോ?
'എനിക്കറിയാന്‍ വയ്യ. നീ മിണ്ടാതെ നടക്ക്.' എനിക്ക് പാവം തോന്നിയെങ്കിലും ഞാനവനെ ശാസിച്ചു. അല്പനേരം മിണ്ടാതെ നടന്നിട്ട് വീണ്ടും മകന്‍-
'എനിക്കൊരു സൈക്കിള്‍ വാങ്ങിച്ചുതരാന്‍ അച്ഛനോടു പറയും.' താന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു. കണ്ണീരടക്കാനുള്ള വിദ്യ.
തന്റെ മൗനം അവനെയും അല്‍പ്പനേരം മൗനിയാക്കി. കുറച്ചുനേരം കഴിഞ്ഞ് അവന്റെ ആവലാതി തുടര്‍ന്നു-
'അമ്മേ മിനി എന്റെ സ്ലേറ്റുപെന്‍സില്‍ കുത്തിയൊടിച്ച കാര്യം അച്ഛനോടു പറയണേ. എനിക്ക് പുതിയ ഒരെണ്ണം വാങ്ങിച്ചു തരാനും'
ശരി, വാ നമുക്കച്ഛനെ കാണാം.
വാതില്‍ക്കല്‍ പാറാവു നിന്ന പോലീസുകാരന്‍ ഞങ്ങളെ കടത്തി വിട്ടു. ഇരുളടഞ്ഞ ഒരു ഇടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. കൂടെ വന്ന ഉദ്യോഗസ്ഥന്‍ ഒരു മുറിയുടെ അഴികള്‍ക്കു മുമ്പില്‍ ഞങ്ങളെ നിര്‍ത്തിയിട്ട്
'വേഗം കണ്ടിട്ടുപോരണം; ഞാന്‍ ദാ അവിടെയുണ്ട്' അയാള്‍ പോയി.
ഞാന്‍ ഉള്ളിലേക്കു നോക്കി. ഒന്നും വ്യക്തമായി കാണാന്‍ വയ്യ. ഈ ജയിലറകള്‍ കൊലയ്ക്കു വിധിച്ചവരെ ഇടുന്ന പ്രത്യേക സ്ഥലമാണ്. ഇവയ്ക്കു നാവുണ്ടായിരുന്നെങ്കില്‍ ഇവ എന്തെന്തു കദനകഥകള്‍ പറയുമായിരുന്നില്ല.
അവിടുത്തെ ഏകാന്തതയും ഇരുളിമയുമോക്കെക്കൂടി മകനു പേടിയായി. 'അമ്മേ, നമുക്കിവിടെ നിക്കണ്ട പോകാം.' അവന്‍ കയ്യില്‍ പിടിച്ചു വലിച്ചു.
പോകാം. മോന് അച്ഛനെ കാണണ്ടെ?
അകത്ത് ഒരാളനക്കം. ഇരുമ്പഴികള്‍ക്കപ്പുറത്ത്, അസ്ഥിമാത്രാവശേഷനായ, പ്രാകൃതരൂപം പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശമായ പ്രകാശന്‍!
മക്കള്‍ വിശന്നു കരയുന്നതു കണ്ടു സഹിക്കവയ്യാതെ വീട്ടില്‍ നിന്നു ഒരു രാത്രിയില്‍ ഇറങ്ങി. ഈ പാതിരാത്രിക്ക് ഇവിടെ പോകുന്നു എന്ന എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. ചെന്നു കയറിയത് മുമ്പു ജോലി ചെയ്ത ഒരു വീട്ടില്‍. ഏതു വിധേനയോ അവരുടെ അടുക്കളയില്‍ കടന്നു. ഫ്രിഡ്ജിലിരുന്ന ഭക്ഷണ സാധനങ്ങള്‍ എടുത്ത് ഫ്രിഡ്ജടച്ചപ്പോള്‍ വാതില്ക്കല്‍ വീട്ടുകാരി. അവര്‍ സ്തംഭിച്ചു നിന്നു. പിന്നീട് ഒച്ചവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകാശന്‍ അവരുടെ വാ പൊത്തിപ്പിടിക്കാന്‍ നോക്കി. അവര്‍ കുതറി. പിന്നെ മൂക്കും വായും അടക്കം അമര്‍ത്തിപിടിക്കേണ്ടി വന്നു. പെട്ടെന്നുണ്ടായ ഷോക്കും ശ്വാസംമുട്ടും എല്ലാംകൂടിയാവാം. കഷ്ടകാലത്തിന്റെ ഏറ്റമെന്നു പറയട്ടെ. അവരുടെ ചലനം നിലച്ചു. പ്രകാശന്‍ പിടിക്കപ്പെടുകയും ചെയ്തു.
ഇതാ ഇപ്പോള്‍ ഞങ്ങളുടെ ജീവിതവും ഇരുളടയാന്‍ പോകുന്നു ഞങ്ങള്‍ പരസ്പരം നോക്കി. ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രകാശന്‍ പറഞ്ഞുതുടങ്ങി-
'മക്കളെ പഠിപ്പിക്കണം. നീ വിഷമിക്കരുത്. നാളെ രാവിലെ പത്തുമണിയാണു സമയം. സന്നദ്ധസംഘടനക്കാരെ വിവരമറിയിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്…' (നിശ്ശബ്ദത)
'അച്ഛാ, എനിക്കൊരു സൈക്കിള്‍ വാങ്ങിച്ചു തരണം. എന്റെ കൂട്ടുകാരന്‍ അവന്റെ സൈക്കിളില്‍ തൊടാന്‍ പോലും സമ്മതിക്കത്തില്ല. പിന്നെ എന്റെ പെന്‍സില്‍ ഇവള്‍ കുത്തിയൊടിച്ചു.'
മകന്റെ ആവലാതി കേട്ട് പ്രകാശന്‍ പറഞ്ഞു.
'അമ്മേ മോന് എല്ലാം വാങ്ങിച്ചുതരും'
വീണ്ടും നിശ്ശബ്ദത. കണ്ണുകള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും സന്ദര്‍ശന സമയം കഴിഞ്ഞതായി ഗാര്‍ഡ് വന്ന് അറിയിച്ചു.
(ആശയം ഹിന്ദിയില്‍ നിന്ന്)