Image

ഒരു നാടന്‍ പാട്ടിന്റെ ഓര്‍മ്മ (ജോണ്‍മാത്യു)

Published on 22 September, 2014
ഒരു നാടന്‍ പാട്ടിന്റെ ഓര്‍മ്മ (ജോണ്‍മാത്യു)
ഈയ്യിടെ എന്റെ ശ്രദ്ധയില്‍ വന്നുപെട്ടതാണ്‌ `വീരടിയാല്‍ പാട്ട്‌'. പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ വരികള്‍ വായിക്കുന്നത്‌ ആദ്യമായിട്ടാണ്‌.

ഒരു അഞ്ചാറ്‌ പതിറ്റാണ്ട്‌ മുന്‍പത്തെ കഥ:

അക്കാലത്ത്‌ ചുവന്നതൊപ്പിയും ധരിച്ച്‌ കയ്യില്‍ ഒരു വടിയുമേന്തി മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്‌തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരാളുണ്ടായിരുന്നു - `വീരടിയാന്‍'. ഈ വീരടിയാന്‍ ഒരു വ്യക്തിയോ അതോ ഏതോ കൂട്ടത്തില്‍നിന്ന്‌ ഒരാളോ എന്നൊന്നും എനിക്കറിയില്ല. ഒരു `രാജപ്രതിനിധിയെ'പ്പോലെ വരുന്ന അയാള്‍ കൊണ്ടുവരുന്നത്‌ മനസ്സിന്‌ ഉന്മേഷം നല്‌കുന്ന വര്‍ത്തമാനമായിരുന്നു. സത്യമാണെങ്കിലും വെറും ഭാവനയാണെങ്കിലും തങ്ങള്‍ ചരിത്രത്തില്‍ എന്തോ ആണെന്ന്‌, സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടെന്ന്‌ താന്‍ സന്ദര്‍ശിക്കുന്ന വീട്ടുകാരെ ഓര്‍മ്മപ്പെടുത്തുക, അതായിരുന്നു അയാളുടെ ദൗത്യം. ഇനിയും പാട്ടിന്റെ വരികള്‍:

മൊറീനീശോ മശിഹാ പിറന്നമ്പത്തിരണ്ടാം കാലം
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തുവന്നു
മാര്‍ഗ്ഗമറിയിച്ചവിടെ;
മുന്നൂറ്റി നാല്‍പ്പത്തിരണ്ടാം കാലം കാനായി തൊമ്മന്‍
പരദേശത്തുനിന്നും മലയാളത്തുവന്ന്‌
സൂര്യകുലമണിമകുടമാകും ചേരമാന്‍ തമ്പുരാന്റെ
ചേറേപ്പാട്ടില്‍ ചെന്ന്‌ നവരത്‌നങ്ങളൊന്‍പതും
തിരുമുല്‍ കാഴ്‌ചവച്ചു തിരുമനസ്സറിയിച്ചാറെ,
കൊല്ലവും, പാലൂര്‌, കൊടുങ്ങല്ലൂര്‌, കൊട്ടക്കാവ്‌,
നിരണം, ചായേല്‍, കോക്കമംഗലം
എന്നീ മലങ്കര ഇവകകളും ഏഴരപള്ളിയും
വെച്ചു കൊണ്ടേവേണ്ടൂ എന്ന സ്ഥാനവും പദവിയും
വന്‍ പോരടയാളവും, കൊല്ല വര്‍ഷം ഒന്നാമതു
ചിങ്ങമാസം ഇരുപത്തിയൊന്‍പതാം തീയതി
ആയില്യം നാളും ചിങ്ങം രാശിയും കര്‍ക്കിടക
ക്കൂറില്‍ തൃക്കോവിലും പള്ളിയും സൃഷ്‌ടിച്ചേന്‍.
തണ്ടനേറും തണ്ടും പല്ലക്കും, പരവതാനി,
ഉച്ചിപ്പൂവ്‌, നെറ്റിക്കെട്ട്‌, തണ്ടുവിളക്ക്‌, കോലുവിളക്ക്‌,
അരിമക്കൊടി, ഇടിക്കൊടി,
നവരത്‌നങ്ങളാകും അഞ്ചു ചില്ലി മുല്ലയും, ചെങ്കൊപ്പും,
ആറ്റിവെയ്‌പ്പും, പാച്ചിന്‍ മരവും,
പഞ്ചവാദ്യം അഞ്ചും,
പച്ചക്കുട, പവിഴക്കുട, ചന്ദ്രക്കുട, ചന്ദ്രവട്ടക്കുട,
ചിങ്ങച്ചീനി, ചീനക്കുഴല്‍, ആലവട്ടം, വെണ്‍താമരതൊപ്പിയും,
തങ്കലും, ചിങ്ങും, തള്ളിമുന്‍കൈയ്യില്‍ പതക്കവും,
കൈയ്യില്‍ തൈക്കാര്‍തോള്‍ വള, വീര പഞ്ചാരമാലയും,
പാവാടനാലും, മേല്‍ത്താളികപ്പുറവും,
അഞ്ചു പഞ്ച രത്‌നങ്ങളും, പൊന്നിട്ടു കുത്തിയ
മാരമാം വെള്ളിക്കോലും, വീരമുണ്ടാം കൈച്ചിലമ്പും,
മക്കത്തു കപ്പലു മാമാങ്ക വേലയും,
ഉണ്ടെന്നും ഇല്ലെന്നും ചൊല്ലിനിന്നീടുന്ന
സംഗീത പുവാലനൊരു പെണ്ണിനെയും കൊടുത്തു
കല്ല്യാണം കഴിപ്പിച്ചു,
അതില്‍ നിന്നൊള്ള ഒരു സന്താനവും,
തെക്കും വടക്കും ഭാഗത്തെ നടയിരിക്കെ
അഞ്ചു കച്ചവടക്കാരെയും വരുത്തി,
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തിനനുഗ്രഹമായി
ചൊല്ലിച്ച പദവിയും
പരീക്ഷക്കായ്‌ അടുപ്പുകല്ലുമൂന്നുകൂട്ടി
കൊച്ചുരുളി പിടിച്ചു വെച്ച്‌
ഇരുനാഴിയൂരി നെയ്യും അളന്നൊഴിച്ച്‌
കടപ്പൂര്‌, കാളിയാവ്‌, പകലോ മിറ്റം നാലു പട്ടന്മാരും
അന്നന്നു നാടുവാണീടുന്ന കാലം,
സൂര്യനും ചന്ദ്രനും ഉള്ളോരുകാലം
സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌,
ഏഴരപ്പള്ളിയും, എഴുപത്തിരണ്ടു പദവിയും
കര്‍ത്താവേ,
വാഴപ്പള്ളി വീരടിയാന്‍ കൈയ്യൊപ്പ്‌.

ശ്രദ്ധിക്കുക, ആദ്യഭാഗം ചരിത്രമാണ്‌, അത്‌ ഒരു ജനതയുടെ വിശ്വാസമാണ്‌. കൃത്യമായി കണക്കുകളും വസ്‌തുതകളും നിരത്തിവെക്കുന്നുണ്ട്‌. അടുത്തഭാഗത്ത്‌ മലയാളക്കരയുടെയും വിശിഷ്യാ ക്രൈസ്‌തവ സമൂഹത്തിന്റെയും ജീവിതരീതിയും ആഘോഷങ്ങളും പ്രതീക്ഷയുമാണ്‌ അവസാനത്തോടെത്തുമ്പോള്‍ ``അടുപ്പുകല്ല്‌ മൂന്നുകൂട്ടി കെച്ചുരുളി പിടിച്ചുവെച്ച്‌ ഇരുനാഴിയൂരി നെയ്യും അളന്നൊഴിച്ച്‌'' എന്നു പാടുമ്പോള്‍ കേരളീയജീവിതത്തിന്റെ ചിത്രം പൂര്‍ണ്ണമായി.

പഴയൊരു നാടന്‍ ഗാനം വായനക്കാരുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്‌.
ഒരു നാടന്‍ പാട്ടിന്റെ ഓര്‍മ്മ (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക