Image

കൊല്ലം തെല്‍മയുടെ പുതിയ നോവല്‍ `ഇവള്‍ വാഴ്‌ത്തപ്പെട്ടവള്‍' ഉടന്‍ ഇമലയാളിയില്‍ ആരംഭിക്കുന്നു

Published on 23 September, 2014
കൊല്ലം തെല്‍മയുടെ പുതിയ നോവല്‍ `ഇവള്‍ വാഴ്‌ത്തപ്പെട്ടവള്‍' ഉടന്‍ ഇമലയാളിയില്‍ ആരംഭിക്കുന്നു
ചലച്ചിത്ര രംഗത്തു മിന്നിത്തിളങ്ങി നില്‌ക്കുന്ന പലരും വിവാഹിതരായി അമേരിക്കയില്‍ എത്താറുണ്ട്‌. ഇവിടത്തെ തിരക്കു പിടിച്ച പച്ച ജീവിതവുമായി പൊരുത്തപ്പെട്ടു ചിലര്‍ മുന്നോട്ടു പോകും. മറ്റു ചിലരാകട്ടെ, ആരാധകരും ക്യാമറക്കണ്ണുകളുമില്ലാത്ത ലോകത്തു നിന്നു സിനിമയുടെ പഴയ മാസ്‌മരികതയിലേക്കു മടങ്ങും.
ഈ പ്രതിഭാസത്തിന്റെ ആവിഷ്‌കരണമാണു ഈ നോവല്‍.

തെല്‍മയെപറ്റി....

ഞാന്‍ വീട്ടമ്മയാണ്‌. വീട്ടമ്മയായതു കൊണ്ട്‌ എഴുതാന്‍ ധാരാളം സമയം കിട്ടാറുണ്ട്‌, കൊല്ലം തെല്‍മ (ടെക്‌സസ്‌) പറഞ്ഞു.

`മകന്‍ ലാസര്‍ കിഴക്കേടന്‍ ആണ്‌ എനിക്ക്‌ പ്രോത്സാഹനം നല്‍കുന്നത്‌. മകനും ആംഗലേയ സാഹിത്യത്തില്‍ സജീവമാണ്‌. സ്‌ക്കൂളില്‍ ആയിരുന്നപ്പോള്‍ Pearl Drops എന്ന ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചു'.

ഇവിടെ യുഎസില്‍ താമസിച്ചാലും നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതുകൊണ്ടു, മലയാളം ഭാഷയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാണ്‌, ഇവിടുത്തെ താമസം അതിനു തടസ്സമാകുന്നില്ല.

നാട്ടിലായിരുന്നെങ്കില്‍ ഇവിടുത്തേക്കാള്‍ വിശാലവും വര്‍ണ്ണാഭവുമായിരുന്നേനെ എന്റെ എഴുത്ത്‌. കാരണം അവിടെ മാദ്ധ്യമങ്ങളും ധാരാളം പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ.

എന്റെ അഭിപ്രായത്തില്‍ `പെണ്ണെഴുത്ത്‌' എന്നൊന്നില്ല. ഒരു സാഹിത്യസൃഷ്ടി, അതു ആരെഴുതിയാലും അതു സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ നോക്കിക്കാണണം. എഴുതുന്ന ആള്‍ സ്‌ത്രീയോ പുരുഷനോ എന്നതിലല്ല പ്രാധാന്യം, സാഹിത്യ സൃഷ്ടിക്കാണ്‌ പ്രാധാന്യം. അതു കൊണ്ട്‌ `പെണ്ണെഴുത്ത്‌' എന്ന വാക്കിനു അര്‍ത്ഥമില്ല, ആ വാക്കു തന്നെ ഒരു പ്രഹസനമാണ്‌.

എഴുത്തില്‍ ഒരു വലിയ പോയിന്റ്‌ ആയി ഞാന്‍ കാണുന്നത്‌, സാഹിത്യ സൃഷ്ടികള്‍ മറ്റുള്ളവര്‍ക്കു നല്ലൊരു ഗുണപാഠം ചൂണ്ടികാണിക്കുന്നവയായിരിക്കണം, അതു മനുഷ്യ മനസ്സുകള്‍ക്കു ഉത്സാഹവും ആത്മവിശ്വാസവും ഉണ്ടാക്കി കൊടുക്കുന്നവയായിരിക്കണം.

കഴിയുന്നതും അശ്ലീലം ഒഴിവാക്കുക എന്നതാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഉദാഹരണത്തിന്‌, ചിലര്‍ മധുവിധു രാത്രിയുടെ ഒരു രംഗം എഴുതുന്നതിനു ആ പ്രക്രിയകള്‍ മുഴുവന്‍ വിവരിച്ചു കാട്ടുന്നു. അശ്ലീല ചുവ ഇല്ലാതെയും മധുവിധു എഴുതാന്‍ സാധിക്കണം.

എഴുത്തുകാരി എന്ന നിലയ്‌ക്ക്‌ പത്തുവര്‍ഷത്തിനുള്ളില്‍ എന്താകാന്‍ ആഗ്രഹിച്ചുവോ അതു ഇപ്പോഴേ ആയിക്കഴിഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു സാഹിത്യ മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാകണമെന്നു ആഗ്രഹിച്ചിരുന്നു. ഒരു ചെറുകഥ മത്സരത്തിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അപ്പോള്‍ ആ അഭിലാഷവും സഫലമായി.

`തങ്കശ്ശേരി' എന്ന എന്റെ നോവല്‍ മലയാളത്തില്‍ സിനിമ ആക്കാന്‍ പോകുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

എഴുത്തുകാരി എന്ന നിലയില്‍ പത്തു വര്‍ഷത്തിനുള്ളില്‍ എന്താകണമെന്നു ആഗ്രഹിച്ചത്‌ ഇവയൊക്കെ ആയിരുന്നു.

പക്ഷേ ഭാവിയില്‍ ഇനിയും പുരസ്‌ക്കാരങ്ങള്‍ നേടുമെങ്കില്‍, കൂടുതല്‍ സാഹിത്യ സൃഷ്ടികള്‍ സിനിമയാക്കാന്‍ വഴി തെളിക്കുമെങ്കില്‍, ഇനിയും സാഹിത്യ മത്സരങ്ങളിലെ വിധി കര്‍ത്താക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞെങ്കില്‍ ജീവിതത്തിലെ വലിയ നേട്ടങ്ങളായി അവയെ കാണും.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍, മലയാള നാട്‌, കുങ്കുമം, കേരള കൗമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തെല്‌മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്‌ത `തെല്‍മാ കഥകള്‍' ശ്രോതാക്കളെ ആകര്‍ഷിച്ചവയായിരുന്നു. നെയ്യാര്‍ ഡാമില്‍ സംഘടിപ്പിച്ച യങ്ങ്‌ റൈറ്റേഴ്‌്‌സ്‌ ക്യാമ്പില്‍, ജനയുഗം വാരിക പ്രസിദ്ധീകരിച്ച `വൃദ്ധന്‍' എന്ന ചെറുകഥയേക്കുറിച്ച്‌ പ്രശംസിച്ചവരില്‍, പ്രധാനി ഡോക്ടര്‍ ജോര്‍ജ്ജ്‌ ഓണക്കൂര്‍ ആയിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ അഖില കേരള സാഹിത്യ സംഘടന സംഘടിപ്പിച്ച ആംഗല ചെറുകഥ മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കി.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ അമേരിക്കയില്‍ ചേക്കേറിയ തെല്‍മയുടെ സാഹിത്യ ലോകം വളരെ വര്‍ണാഭമായിരുന്നു.

പ്രധാനപ്പെട്ട നോവലുകള്‍:
മനുഷ്യാ നീ മണ്ണാകുന്നു: കേരളാ എക്‌സ്‌പ്രസ്സ്‌ (ഷിക്കാഗോ); അപസ്വരങ്ങള്‍: രജനി (ഫിലാഡല്‍ഫിയാ ഫൊക്കാനാ അവാര്‍ഡ്‌); ചിലന്തിവല: ആഴ്‌ചവട്ടം (ടെക്‌സാസ്‌); അമേരിക്കന്‍ ടീനേജര്‍: ധ്വനി (ഡിട്രോയിറ്റ്‌); വെണ്‍മേഘങ്ങള്‍: വനിത

പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍:
യാക്കോബിന്റെ കിണര്‍; ഒരു കന്യാസ്‌ത്രീയുടെ കഥ; മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ; തങ്കശ്ശേരി
കൊല്ലം തെല്‍മയുടെ പുതിയ നോവല്‍ `ഇവള്‍ വാഴ്‌ത്തപ്പെട്ടവള്‍' ഉടന്‍ ഇമലയാളിയില്‍ ആരംഭിക്കുന്നു
Join WhatsApp News
B C Menon 2014-09-25 08:05:45
vaayikkaan aakaamshayode kaathirikkunnu. Menon
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക