MediaAppUSA

കൊച്ചുകൊച്ചു വലിയകാര്യങ്ങള്‍ (ജോണ്‍ മാത്യു)

Published on 27 September, 2014
കൊച്ചുകൊച്ചു വലിയകാര്യങ്ങള്‍ (ജോണ്‍ മാത്യു)
കുറെ ചില്ലറക്കാര്യങ്ങള്‍ ചെയ്‌തിട്ട്‌ വലിയ നേട്ടം ആഗ്രഹിക്കുന്നവരാണ്‌ ഞാനുള്‍പ്പെടെയുള്ള പലരും. ചിലര്‍ക്ക്‌ ഇത്‌ വളരെ സമര്‍ത്ഥമായി ചെയ്യാന്‍ കഴിയും. മറ്റു ചിലര്‍ കൊളമാക്കും.

അത്ര ചെറുതല്ലാത്ത സാമ്പത്തികനേട്ടങ്ങളുണ്ടാക്കിയവര്‍ക്കാണ്‌ ഇനിയുമെന്തെയെന്ന്‌ ഉത്‌കണ്‌ഠയേറെ. തങ്ങള്‍ ചത്തുപോകുന്നതിനുമുന്‍പ്‌ എന്തെങ്കിലുമൊക്കെയൊന്ന്‌ കാട്ടിക്കൂട്ടേണ്ടേ. അതുമല്ലെങ്കില്‍ മറ്റുള്ളവരെക്കാള്‍ വലിയവനാണെന്ന്‌ ഒന്ന്‌ അഭിനയിക്കുകയെങ്കിലും വേണ്ടേ?

വിദേശത്തെ മലയാളികളുടേതുപോലുള്ള ചെറിയ സമൂഹങ്ങളില്‍ നിലനില്‌പ്പിന്റെ ഈ പ്രശ്‌നം വളരെയധികമാണ്‌. കാരണം എല്ലാവരും മറ്റുള്ളവരെ നിരീക്ഷിക്കുന്നുണ്ടല്ലോ. ഭാഗ്യവശാല്‍വന്നുചേരുന്നതും, ചിലപ്പോള്‍ മിടുക്കുകൊണ്ട്‌ ഉണ്ടാക്കുന്നതുമായ നേട്ടങ്ങള്‍ പത്രങ്ങളില്‍കൊടുത്തും ആവര്‍ത്തിച്ചു പറഞ്ഞും നാം വലിയ ആളുകളായിത്തീരുന്നു. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പണ്ടത്തെ വാലുതന്നെ. കുട്ടികള്‍ എട്ടാംക്ലാസില്‍ സയന്‍സ്‌ പഠിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെയുള്ള പ്രഖ്യാപനങ്ങള്‍ കേട്ടിട്ടില്ലേ, `അവന്‍ മെഡിസിനു പോകാനാ...'

മുന്‍കാലങ്ങളിലെ ശൈലിയാണ്‌ ബി.എ.ക്ക്‌ വായിക്കുകാ, എം.എ.ക്ക്‌ വായിക്കുകാ എന്നിങ്ങനെ. ഐ.എ.എസിന്‌ എഴുതിട്ടൊണ്ടെന്ന്‌ പറഞ്ഞാല്‍ ഇന്നൊരു ഗമയല്ല, അതിനിയും നോബേല്‍പ്രൈസിന്‌ അപേക്ഷിച്ചിട്ടുണ്ടെന്നുതന്നെ പറയണം.

ഞാന്‍തന്നെ കഥാപാത്രമാകാം. നാട്ടിലെ ഒരു വായനശാല എനിക്കൊരു സ്വീകരണം തന്നുവെന്ന്‌ കരുതുക. തിരശീലക്കുപിന്നിലെ സംഭാവന രഹസ്യമാണ്‌, അത്‌ ചര്‍ച്ചാവിഷയവുമല്ല. സ്വീകരണത്തെപ്പറ്റി മല്ലപ്പള്ളി താലൂക്കിലെ പത്ര എഡീഷനില്‍ ഒരു ചെറിയ വാര്‍ത്തയും വന്നെന്നിരിക്കാം. അതിനിയും അമേരിക്കന്‍ വേഷണമിയുമ്പോള്‍ ഇങ്ങനെ വായിക്കുക:

`സുപ്രസിദ്ധ അമേരിക്കന്‍ മലയാള സാഹിത്യകാരന്‌ തന്റെ ജന്മദേശത്ത്‌ ഉജ്ജ്വല സ്വീകരണം. കോളജ്‌ പ്രൊഫസര്‍മാര്‍, പൗരമുഖ്യര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്ത പ്രസ്‌തുത സമ്മേളനത്തില്‍ നാടിന്റെ പുത്രന്‍ ആദരിക്കപ്പെട്ടു...'

ഈ വാര്‍ത്തക്കൊപ്പം മേല്‍പ്പറഞ്ഞ ഞാന്‍ ഒരു മൈക്രോഫോണ്‍ പിടിച്ചുകൊണ്ട്‌ നില്‌ക്കുന്ന പടവും. പോരെ അടിപൊളിയാവാന്‍, മറ്റുള്ളവരില്‍ അസൂയയുണര്‍ത്താന്‍.

മരുന്നുകള്‍പോലെ വാര്‍ത്തയും ആവര്‍ത്തിക്കുന്നതിന്റെ ശക്തി ഒന്നുവേറെ. `സ്‌ളോ' പത്രത്തിലും `ഇ' പത്രത്തിലും ജനം വീണ്ടും വീണ്ടും വായിക്കുമ്പോള്‍ വെറും സാധാരണമനുഷ്യനായ ഞാനൊരു ബിംബമായിത്തീരുന്നു. നുണ തുടര്‍ച്ചയായി പറയുമ്പോള്‍ അത്‌ സത്യമായി മാറാമെന്ന `ജോസഫ്‌ ഗോബിള്‍സ്‌ തത്വം' യുക്തിപൂര്‍വ്വം തെറ്റെന്ന്‌ സ്ഥാപിക്കാം. പക്ഷേ, കൊച്ചുകൊച്ചുനേരുകള്‍ ആവര്‍ത്തിച്ച്‌ `ആനസത്യ'ങ്ങളായി മാറ്റുന്നതിന്‌ മറുമരുന്നെവിടെ?

നാലു പേരറിയണമെങ്കില്‍ അമേരിക്കയിലെ പത്രങ്ങള്‍ത്തന്നെവേണം. ഇവിടെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാംകൂടി അഞ്ചാറുലക്ഷം വായനക്കാരെന്നാണ്‌ അവകാശം. ഇനിയും വാര്‍ത്തയും പടവും കൊടുത്താല്‍മതി, പത്രം തുറക്കുമ്പോള്‍ ഈ `പടം' നമ്മെ തുറിച്ചുനോക്കിക്കൊണ്ട്‌ മുന്നില്‍ത്തന്നെ വന്നുനില്‌ക്കും. പോരെ പ്രസിദ്ധനാവാന്‍!

കഴിഞ്ഞ ഏതാനും ആഴ്‌ചകളിലെ പത്രങ്ങളൊക്കെയൊന്ന്‌ നോക്കുക. മലയാളിയുടെ അസ്വസ്ഥ മനസ്സിന്റെ ചിത്രം മുഴുവന്‍ അതിലുണ്ട്‌.

ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല, ഞാനും നിങ്ങളും ഇങ്ങനെയാണ്‌. ഒന്നുമല്ലെങ്കില്‍ മൂന്ന്‌ മലയാളികളുണ്ടെങ്കില്‍ ഒരു സംഘടനയെന്നല്ലേ വെയ്‌പ്‌. മൂന്നു ഭാരവാഹികള്‍ വേണം, അതായത്‌ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍. ഇനിയും ജനമായി ഭാര്യമാരായ മൂന്നു പെണ്ണുങ്ങളുണ്ട്‌, അഞ്ചാറു കൊച്ചുങ്ങളുമുണ്ട്‌. പിന്നെ കാരണവരായി നാട്ടില്‍നിന്ന്‌ വന്ന ഒരുവല്യപ്പച്ചനുമുണ്ട്‌, അനുഗ്രഹം പറയാന്‍. വന്നും പോയും ഇരിക്കുന്ന കുറേ ചെറുപ്പക്കാരുമുണ്ട്‌.

ഇപ്പോഴത്തെ ഈ മീഡിയ റവലൂഷനു മുന്‍പ്‌ നമ്മുടെ സംഘടനകള്‍ ആദ്യം ചെയ്‌തിരുന്നത്‌ ഒരു നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു. ഇപ്പോഴത്തെ കോമാളിഷോയുടെ മുന്നില്‍ നാടകമൊന്നും ഇനിയും വിലപ്പോകില്ല, അതുകൊണ്ടാണ്‌ ഇക്കാലത്ത്‌ മുഖ്യാതിഥിയെയും ഒപ്പം ഡിന്നറും ഏര്‍പ്പെടുത്തുന്നത്‌.

ഈ എഴുതിയതിന്റെയെല്ലാംകൂടെ ഞാനുമുണ്ട്‌. എല്ലാവരും ആരെങ്കിലുമാണ്‌. അവര്‍ക്കും വലിയവലിയ കാര്യങ്ങള്‍ ചെയ്‌തേ തീരൂ. സംഘടന ഭരിക്കണം ഭരണഘടന എഴുതണം, മുകളില്‍ ഒരു `അപ്പാപ്പന്‍ബോര്‍ഡും' വേണം. അതിന്‌ ചെയര്‍മാനും വൈസ്‌ ചെയര്‍മാനും വേണം. തെരഞ്ഞെടുപ്പുകളില്‍ വാശിയും വൈരാഗ്യവും വേണം. പത്രത്തില്‍ പടം വരണം. കാണാനും കേള്‍ക്കാനും ഒരു രസം അല്ലേ!

ഈ ഒരു തലമുറക്കല്ലേ ഇതൊക്കെ കഴിയൂ. വരുംതലമുറകള്‍ തങ്ങളുടെ കാര്യം മാത്രം നോക്കുന്നവരാണ്‌. അതുകൊണ്ടാണ്‌ ഇന്നത്തെ മലയാളികള്‍ പ്രകടിപ്പിക്കുന്ന ചെറിയചെറിയ ആഗ്രഹങ്ങളുടെ, മോഹങ്ങളുടെ, ഒപ്പം നാമെല്ലാവരും കൂടേണ്ടുന്നതിന്റെ ആവശ്യകത ഇവിടെ എടുത്തു പറയുന്നത്‌.

കൊച്ചുകൊച്ചു വലിയകാര്യങ്ങള്‍ (ജോണ്‍ മാത്യു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക