MediaAppUSA

സ്വപ്നങ്ങളുടെ ഭ്രമണപഥം- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 29 September, 2014
സ്വപ്നങ്ങളുടെ ഭ്രമണപഥം- മീട്ടു റഹ്മത്ത് കലാം
എന്റെ പേരിന് ഈ കഥയില്‍ പ്രസക്തിയില്ല. കാരണം ഇതെന്റെ മാത്രം കഥയല്ല. നിങ്ങള്‍ക്കറിയാവുന്നവരുടെയോ ഒരു പക്ഷെ നിങ്ങളുടെയോ അനുഭവം ഒളിവും മറവുമില്ലാതെ തെളിഞ്ഞേക്കാം. ഭാവിയെക്കുറിച്ചുള്ള ചിന്താഭാരം സാധാരണക്കാരന്റെ ചുമലില്‍ അലപം നേരത്തെ വന്നുവീഴും. പാവങ്ങള്‍ക്കും സ്വപ്നം കാണാമെന്ന് പഠിപ്പിച്ച രാഷ്ട്രപതി അബ്ദുള്‍ കാലമിനോടുള്ള ആരാധനയില്‍ എനിക്കും അഗ്നിച്ചിറകുകള്‍ മുളച്ചു.
അച്ഛന്‍ മരിച്ച്, അമ്മയ്ക്ക് കിട്ടുന്ന ചെറിയ തയ്യല്‍ജോലികള്‍കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന ഒരാളായിരുന്നിട്ടും എന്റെ സ്വപ്നങ്ങള്‍ കേട്ടവരാരും കളിയാക്കി ചിരിച്ചില്ല. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാവരെക്കാളും എന്റെ അമ്മയ്ക്ക് എന്നില്‍ വലിയ പ്രതീക്ഷയായിരുന്നു. പത്താം ക്ലാസ്സും പ്ലസ്ടൂവും റാങ്കോടെ പാസ്സായപ്പോള്‍ ആ പ്രതീക്ഷ കൂടുതല്‍ വളര്‍ന്നു.

ഇഷ്ടവിഷയമായ എയറണോട്ടിക്‌സ് പഠനത്തിന് പറ്റിയ കോളജ് തമിഴ്‌നാട്ടിലാണെന്നറിഞ്ഞ് ഒറ്റയ്ക്കാകുമെന്ന് പോലും നോക്കാതെ അമ്മ എന്നെ അയച്ചു. ചീത്ത കൂട്ടുകെട്ടിലൊന്നും പോകാതെ നല്ല രീതിയില്‍ പഠനം മുന്നോട്ടു പോയി. സിലബസിന്റെ പരിമിതിയ്ക്കപ്പുറം സഞ്ചരിക്കാനുള്ള ഐക്യൂ കൂടുതലായി കുട്ടികള്‍ക്ക് സംഭവിക്കുന്നതാണ് ഞാനും നേരിട്ടത്. മനസ്സ് പലപ്പോഴും പുസ്തകത്തിലെ പലതിനെയും ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. അതിനുള്ള ഉത്തരങ്ങള്‍ ചന്ദ്രയാനും മംഗള്‍യാനും പോലുളള ദൗത്യങ്ങളുടെ ബീജങ്ങളായിരുന്നു. ബിരുദം പൂര്‍ത്തിയാക്കും മുന്‍പുള്ള കണ്ടെത്തലുകള്‍ക്ക് വളരാനുള്ള വളക്കൂറ് നമ്മുടെ മണ്ണിനില്ലെന്ന് തിരിച്ചറിയാന്‍ വൈകി.

പരീക്ഷപേപ്പറില്‍ കാണാതെ പഠിക്കുന്ന സമവാക്യങ്ങളുടെ ബലത്തില്‍ കുത്തിക്കുറിക്കുന്ന എന്തിന്റെയൊക്കെയോ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന മികവിനോട് യോജിക്കാന്‍ എന്റെ സാമാന്യ ബുദ്ധിയ്ക്ക് കഴിഞ്ഞില്ല. ശാസ്ത്രത്തിന് തന്റേതായ സംഭാവന ഒന്നുംതന്നെ നല്‍കാന്‍ കഴിയാതെ പഠിച്ചിറങ്ങുന്ന വിഡ്ഢികളില്‍ ഒരാള്‍ കൂടിയായി എന്നാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ തോന്നിയത്.
പഠനം പൂര്‍ത്തിയാക്കിയതോടെ ഗവേഷണപര്‍വ്വമായി. കൂട്ടുകാരില്‍ പലരും മറ്റു സെക്ടറുകളിലേയ്ക്കും സ്വന്തം ബിസിനസ്സിലേയ്ക്കും വഴിതിരിഞ്ഞപ്പോഴും അമ്മ എന്നെ എന്റെ ആഗ്രഹത്തിനു വിട്ടു. വീടിനുകൊള്ളാത്ത ഞാന്‍ നാടിനെങ്ങനെ ഉപകരിക്കുമെന്ന് ഒരിക്കല്‍പ്പോലും ശകാരിച്ചില്ല. മകന്‍ ഒരു നാള്‍ വലിയ ശാസ്ത്രജ്ഞനാകുമെന്ന് തന്നെ ആ പാവം വിശ്വസിച്ചു. ഇത്രയും പഠിപ്പിച്ചതിന് പകരമായി അമ്മയ്ക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞ ഒരേയൊരു കാര്യം ഞാന്‍ സ്വയം വികസിപ്പിച്ചെടുത്ത മോട്ടോര്‍ തയ്യല്‍ മെഷീനില്‍ ഘടിപ്പിച്ചു എന്നത് മാത്രമാണ്. അത്തരത്തില്‍ മൂന്ന് നാലെണ്ണം ശരിയാക്കി കുടുംബശ്രീയിലെ ചില അംഗങ്ങളുമായി ചേര്‍ന്ന് തയ്യല്‍ അല്പം പച്ചപിടിച്ചു. ബഹിരാകാശസ്വപ്നം നടന്നില്ലെങ്കിലും ചുറ്റുവട്ടത്ത് ചെറിയ മാറ്റം വരുത്തിയ സാധാരണ യുവാവിനുണ്ടാകുന്ന അഭിമാനം ഞാന്‍ അനുഭവിച്ചു.

വിദ്യാഭ്യാസ വായ്പ തിരിച്ചട്‌
യ്ക്കേണ്ടതും പലിശക്കാരോടുള്ള കടം വീട്ടേണ്ടതും അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് തിരിച്ചറിയാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നു. ഇന്ത്യയെക്കാള്‍ എന്നെ ആവശ്യം എന്റെ അമ്മയ്ക്കാണെന്ന് തോന്നി. നല്ല മാര്‍ക്കോടെ പാസ്സായിട്ടും പ്രവര്‍ത്തനപരിചയം ഇല്ലാത്തതിനെത്തുടര്‍ന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് വിചിത്രജീവിയെ എന്നപോലെ അടിമുടിനോക്കി. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട്, മുപ്പതിനായിരം രൂപ ശമ്പളമുള്ള ജോലി തരപ്പെട്ടു.

മംഗള്‍യാന്‍ പറന്നുയര്‍ന്ന അതേ ദിവസമായിരുന്നു ആദ്യ ശമ്പളം എല്ലാ ഇന്ത്യാക്കാരെയും പോലെ ഞാനും സന്തോഷിച്ചു എന്ന് പറഞ്ഞാല്‍ ശരിയാവില്ല. എന്റെ സന്തോഷം അല്പം കൂടുതലായിരുന്നു. മങ്ങിയ നിറങ്ങള്‍ പെട്ടെന്ന് കടുത്തു. തിരിച്ചറിവിന്റെ പുതിയ കാഴ്ച.
അതെ, ഞാന്‍ തിരിച്ചറിയുകയാണ്. ഇത് ഇന്ത്യയാണ്. ഇവിടെ സ്വപ്നങ്ങള്‍ക്ക് പേറ്റന്റ് നല്‍കപ്പെടില്ല. ശാസ്ത്രദൗത്യത്തിന്റെ ഭാഗമാകാനൊക്കെ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും ഞാന്‍ വീണ്ടും സ്വപ്നം കാണുകയാണ്. ഇത് പോലൊരു ദൗത്യത്തിന്റെ അമരത്ത് സ്വന്തം മകന്‍ എത്താന്‍ കൊതിക്കുന്ന ആ അമ്മയ്ക്ക് വേണ്ടി.


സ്വപ്നങ്ങളുടെ ഭ്രമണപഥം- മീട്ടു റഹ്മത്ത് കലാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക