Image

നവരാത്രി (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 03 October, 2014
നവരാത്രി (മീട്ടു റഹ്‌മത്ത്‌ കലാം)
പ്രകൃതി പോലും നവരാത്രിയെ വരവേല്‍ക്കുകയാണ്‌. വൃക്ഷങ്ങളില്‍ ഇലകൊഴിഞ്ഞ ശേഷം പുതു നാമ്പുകള്‍ വന്നു തുടങ്ങി. പ്രപഞ്ചത്തിലെ തിന്മയുടെ പ്രതീകമായ ഇരുട്ടിനെ നന്മയുടെ ജ്വാല വിഴുങ്ങുകയാണ്‌. ചരിത്രവും ഐതീഹ്യവും കെട്ടിയുറപ്പിച്ച വിശ്വാസത്തില്‍ ഭക്തര്‍ സ്വയം അര്‍പ്പിച്ച്‌ മഹാ ചൈതന്യത്തിലേക്ക്‌ എത്തിച്ചേരുന്ന യാത്രയാണ്‌ നവരാത്രി പൂജ.

ഒമ്പത്‌ രാത്രികളും, പത്ത്‌ പകലുകളും നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ശക്തിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു. ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്നു ദിവസങ്ങളില്‍ ലക്ഷ്‌മിയായും അവസാന മൂന്നു ദിവസങ്ങളില്‍ സരസ്വതിയായും സങ്കല്‍പിച്ച്‌ പൂജ നടത്തുന്നു.

മഹിശാസുരന്റെ മേല്‍ ദുര്‍ഗ്ഗയ്‌ക്കുള്ള വിജയം, ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവ്‌, പാണ്‌ഡവരുടെ വിജയാഘോഷം എന്നിങ്ങനെ പല ഐതീഹ്യങ്ങളുണ്ട്‌ നവരാത്രി ഉത്സവത്തിന്‌. ശ്രീരാമനുമായി ബന്ധപ്പെട്ട വിശ്വാസമാണ്‌ കൂടുതല്‍.

കഥ ഇങ്ങനെ:

ശ്രീരാമന്‍ സീതയെ രാവണനില്‍ നിന്ന്‌ രക്ഷിക്കാന്‍ ലങ്കയില്‍ പോയ സന്ദര്‍ഭം. യുദ്ധത്തിനിടയില്‍ പലതവണ രാമന്‍ രാവണന്റെ തല വെട്ടിയെങ്കിലും പകരം തല വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ആപത്തില്‍ അമ്മയെ ആശ്രിയിക്കുക എന്ന അഗസ്‌ത്യരുടെ ഉപദേശം ഫലം കണ്ടു. അമ്മ എന്നുദ്ദേശിച്ചത്‌ പരാശക്തിയായ ദുര്‍ഗയെ ആണ്‌. യുദ്ധത്തിനിടയില്‍ പൂജ അസാധ്യമായതിനാല്‍ അഗസ്‌ത്യരെ പൂജാകര്‍മ്മം നിര്‍വഹിച്ച്‌ അമ്മയെ പ്രീതിപ്പെടുത്താന്‍ ഏല്‍പിച്ചു. പരാശക്തി പ്രത്യക്ഷപ്പെട്ട്‌ ഒരു വിദ്യ ഉപദേശിച്ചു: `രാവണന്റെ തല അറുത്തതുകൊണ്ട്‌ മരണം സംഭവിക്കില്ല. നെഞ്ചുപിളര്‍ന്ന്‌ മാത്രമേ അവനെ നിഗ്രഹിക്കാന്‍ കഴിയൂ.'

ഉപദേശം കൈക്കൊണ്ട ശ്രീരാമന്‍ രാവണനെ വധിച്ച്‌ വിജയം വരിച്ചെന്നാണ്‌ ഐതീഹ്യം. ദേവി പ്രത്യക്ഷപ്പെട്ട ദിവസം ദുര്‍ഗ്ഗാഷ്‌ടമിയായും വിദ്യ ചൊല്ലിക്കൊടുത്ത നാള്‍ വിജയദശമിയായും ആഘോഷിക്കുന്നു. ഏതു വിദ്യയും ഉപദേശിക്കാനും അഭ്യസിച്ചു തുടങ്ങാനുംഏറ്റവും യോജ്യമായി വിജയദശമി നാള്‍ കരുതപ്പെടുന്നതും ഇതുകൊണ്ടാണ്‌.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നവരാത്രി ആഘോഷങ്ങള്‍ വ്യത്യസ്‌തമാണ്‌. ദക്ഷിണേന്ത്യയില്‍ എടുത്തുപറയേണ്ടത്‌ `ബൊക്കൊലു' ആണ്‌. ദേവീദേവന്മാരുടെ ബൊമ്മകള്‍ തട്ടുതട്ടായി വെച്ച്‌ ലളിതാസഹസ്രനാമ പാരായണത്തോടെ നടത്തുന്ന ആരാധനയാണിത്‌. ഐതീഹ്യ സ്‌മരണകളാണ്‌ ബൊമ്മക്കൊലുവിന്റെ ചടങ്ങുകള്‍ക്ക്‌ ആധാരം.

പത്തുവയസുവരെയുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിനിധിയായി സങ്കല്‍പിച്ച്‌ പൂജ നടത്തുന്ന പതിവുമുണ്ട്‌. നവരാത്രി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പൂജിച്ചുവരുന്ന കന്യകമാര്‍ക്കും, സുമംഗലിമാര്‍ക്കും വെറ്റില, അടയ്‌ക്ക, മഞ്ഞള്‍, പൂവ്‌, കുങ്കുമം, പ്രസാദം, ദക്ഷിണ എന്നിവ താലത്തില്‍ വെച്ചുകൊടുക്കും. വ്രതമെടുത്ത്‌ പൂജ ചെയ്‌താല്‍ വിദ്യാ ജയവും ഐശ്വര്യവും വരുമെന്നാണ്‌ വിശ്വാസം. അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌ത്‌ സന്തോഷം പങ്കിടും.

ഉത്തരേന്ത്യയില്‍ പാട്ടുപാടി കോലടിച്ച്‌ ചുവടുവെയ്‌ക്കുന്ന ദാണ്‌ഡിയ നൃത്തവും പരമ്പരാഗത ഗര്‍ബാ നൃത്തവും ആഘോഷത്തിന്റെ അവിഭാജ്യഘടകമാണ്‌. ബംഗാളില്‍ ദുര്‍ഗ്ഗാപൂജ ആയാണ്‌ നവരാത്രി കൊണ്ടാടുന്നത്‌. ദേവിയുടെ പല രൂപങ്ങള്‍ ഒരുക്കിയാണ്‌ പൂജ. ദുര്‍ഗ്ഗാദേവിയ്‌ക്കും സുന്ദരവും, രൗദ്രപൂര്‍ണ്ണവുമായ രണ്ട്‌ മുഖങ്ങളാണ്‌. ബുദ്ധിയുടെ മാത്രമല്ല, സംഭ്രാന്തിയുടെ ഭാവവുമുണ്ട്‌. നിറവിന്റേയും സമൃദ്ധിയുടേയും പര്യായമായ ദേവിയില്‍ വിശപ്പും തൃഷ്‌ണയും കലര്‍ന്നിട്ടുണ്ട്‌. ഒരേ സമയം ജനനിയും സംഹാരമൂര്‍ത്തിയുമാണവള്‍. തികച്ചും വിപരീതവും എന്നാല്‍ പരസ്‌പര പൂരകങ്ങളുമായ ഈ സത്യമാണ്‌ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്‌.

വ്രതം, ധ്യാനം, മൗനം എന്നവയിലൂടെ പരാശക്തിയെ പ്രാപിക്കുമ്പോള്‍ ഗുണങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുകയും ദോഷങ്ങള്‍ നീങ്ങുകയും ചെയ്യും. ഉപവാസം കൊണ്ട്‌ ശരീരത്തിലെ വിഷാംശങ്ങള്‍ പോകുമ്പോള്‍, മൗനം നല്ലതു മാത്രം സംസാരിക്കാനും അനാവശ്യ സംഭാഷണം ഒഴിവാക്കാനും പ്രേരണയാകും. ധ്യാനം സ്വന്തം ഹൃദയത്തിന്റെ താളം കേള്‍പ്പിക്കും. ഇതിലൂടെ സ്വയം നവീകരണം സാധ്യമാകും. കാതുകളില്‍ ഓം ശാന്തി എന്ന മന്ത്രം മുഴങ്ങുമ്പോള്‍ ലക്ഷ്യമിടുന്നത്‌ ലോകത്തിന്റെ മുഴുവന്‍ സമാധാനമാണ്‌. തെളിയുന്ന ഓരോ നവരാത്രി വിളക്കിലും ആ പ്രതീക്ഷയാണ്‌.
നവരാത്രി (മീട്ടു റഹ്‌മത്ത്‌ കലാം)
നവരാത്രി (മീട്ടു റഹ്‌മത്ത്‌ കലാം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക