Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 1; കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 04 October, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 1; കൊല്ലം തെല്‍മ)
അദ്ധ്യായം 1
ബാക്ക്‌യാഡില്‍ പച്ചക്കറിത്തോട്ടം ഒരു കൊച്ചുകേരളത്തിന്റെ പ്രതീതി! മുരിങ്ങക്കാ, പച്ചിലപ്പാമ്പുകള്‍പോലെ മൂപ്പെത്താതെ നിറയെ ഞാന്നു കിടക്കുന്നു. അപ്പുറത്ത് സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ പാവയ്ക്കാ വിളഞ്ഞു നില്‍ക്കുന്ന പന്തല്‍.
ഒരുവശത്ത് മുളച്ചീന്തു കൊണ്ടുണ്ടാക്കിയ പന്തലിനുള്ളില്‍ നീണ്ടുവളഞ്ഞ് നീര്‍ക്കോലികളെപ്പോലെ പടവലങ്ങകള്‍... തടികൊണ്ടുള്ള ഫെന്‍സില്‍ കോവല്‍ പടര്‍ന്നു കിടക്കുന്നു; നിറയെ വെള്ളപ്പൂക്കള്‍ ചിരിതൂകിനില്‍ക്കുന്നു.

പയര്‍വള്ളികളില്‍ അച്ചിങ്ങാപയറും പൂക്കളും നിറഞ്ഞുനില്‍ക്കുന്നു. അതിന്റെ തൊട്ടപ്പുറത്ത് ഓമയ്ക്ക ഇവിടുത്തുകാരുടെ ഭാഷയില്‍ പപ്പായ. തീര്‍ന്നില്ല, ഇനിയുമുണ്ട്; ചേന, ചേമ്പ്, മരച്ചീനി, വാഴ, അങ്ങിനെ പോകുന്നു പച്ചക്കറിത്തോട്ടത്തിന്റെ വിശാലത...

''അജിത്തേട്ടാ, ഇതാണോ അമേരിക്ക? ഇവിടെ വന്നിട്ട് നാട്ടിലെ കുഗ്രാമത്തില്‍ താമസിക്കുന്നതു പോലെയുണ്ടല്ലോ? ബ്രേക്ക് ഫാസ്റ്റിന് പാലപ്പവും മുട്ടക്കറിയും. ലഞ്ചിന് ചോറും കുടംപുളിയിട്ട മീന്‍കറിയും പച്ചക്കറിക്കൂട്ടും. അത്താഴത്തിന്, ഓ! ഡിന്നറിന് പറോട്ടയും ചിക്കന്‍കറിയും അല്ലെങ്കില്‍ ബീഫ് െ്രെഫയും; കുടിക്കാന്‍ ചുക്കുവെള്ളം.''

''പുറത്തുനോക്കിയാല്‍ നിറയെ പൂത്തുലഞ്ഞ ബോഗെന്‍വില്ലയും അരളിച്ചെടികളും പിന്നെ വെട്ടിയൊരുക്കിയ പച്ചപുല്‍ത്തകിടിയും ബാക്ക്‌യാഡിലെ 'വിശേഷം' കണ്ടുകഴിഞ്ഞല്ലോ? അസല്‍ പരട്ട കേരളം.''

അവളുടെ അഹന്ത കണ്ടിട്ട് അജിത്ത് മൗനം ഭജിച്ചു. പക്ഷെ അവള്‍ വിടുന്ന ലക്ഷണമില്ല. ''ഇവിടെ വന്നിട്ട് അമേരിക്കയില്‍ താമസിക്കുകയാണെന്ന് എനിക്കു തോന്നുന്നേയില്ല. ഇത് കുഗ്രാമമോ; അതോ പട്ടിക്കാടോ? അമേരിക്ക എന്ന് കേട്ടപ്പോള്‍ ഇതൊന്നുമല്ല ഞാന്‍ മനസ്സില്‍ വരച്ചിട്ട ചിത്രം.''

ദേഷ്യംകൊണ്ട് അവളുടെ കണ്ണുകള്‍ ജ്വലിച്ചു. അവള്‍ യക്ഷിയെപ്പോലെ അലറി. അപസ്മാരം ബാധിചചവളെപ്പോലെ വിറച്ചുതുള്ളി. അവളുടെ ചെവിക്കുറ്റി നോക്കി രണ്ട് പൊട്ടിക്കാന്‍ അജിത്തിന്റെ കൈകള്‍ തരിച്ചു. അജിത്ത് മനസില്‍ പറഞ്ഞു: ''എരണം കെട്ടവള്‍, അസത്ത്...'' കോപം ഉള്ളില്‍ മാത്രം. അണകെട്ടി നിര്‍ത്തിയ വികാരം! പുറത്തു കാട്ടാന്‍ പാടില്ലല്ലോ. 'റിച്ച് ആന്റ് ഫേയ്മസ് സെലിബ്രറ്റിയെ' കല്യാണം കഴിച്ചതുകൊണ്ട് എണ്ണിയെണ്ണി അനുഭവിക്കുകതന്നെ.

നിയന്ത്രണം കൈവിടാതെ അജിത്ത് സൗമ്യമായി പറഞ്ഞു ''നമ്മള്‍ ടെക്‌സസിലാണ്, അതായത് നമ്മുടെ നാടുപോലെ ചൂടും വെയിലുമുള്ള സ്ഥലം.''

അവള്‍ ചോദ്യരൂപേണ അജിത്തിനെ ഇരുത്തി ഒന്നുനോക്കി. അജിത്തിന്റെ വിറങ്ങലിച്ച 'എക്‌സ്പ്ലനേഷന്‍' വീണ്ടും അവളുടെ കാതില്‍ മുഴങ്ങി. ചിരട്ടകൊണ്ട്് പാറപ്പുറത്ത് ചുരണ്ടുന്നപോലെ അരോചകമായ വിശദീകരണം. ''മറ്റുള്ള സ്‌റ്റേറ്റുകളില്‍ പോയി താമസിച്ചാല്‍ തണുപ്പും മഞ്ഞുംകൊണ്ട് കഷ്ടപ്പെടും. എപ്പോഴും കോട്ടും തൊപ്പിയും ബൂട്ട്‌സും ധരിച്ച് കഴുത്തില്‍ ഒരു ഷാളും ചുറ്റി എസ്‌കിമോകളെപ്പോലെ ചലിക്കുന്ന പാവകളെപ്പോലെ ജീവിക്കണം.''

''ചിക്കാഗോ, മിഷിഗന്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങി ഒട്ടുമുക്കാല്‍ സ്‌റ്റേറ്റുകളിലും ഇതു തന്നെ കഥ. നിനക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നില്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമാക്കാം. ടെക്‌സസ്, അതായത് നമ്മള്‍ താമസിക്കുന്ന സ്ഥലം, പിന്നെ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ആരിസോണ, പിന്നെ മറ്റൊരു സ്‌റ്റേറ്റു കൂടി; ഇങ്ങിനെ അഞ്ചു സ്‌റ്റേറ്റുകള്‍ മാത്രമേയുള്ളൂ, ഈ 'വിന്റര്‍' എന്ന 'വില്ലനി'ല്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നത്. ഈ അഞ്ചു സ്‌റ്റേറ്റുകളില്‍ തണുപ്പും മഞ്ഞും അധികം സഹിക്കേണ്ട. തന്നെയുമല്ല, ഈ സ്‌റ്റേറ്റുകളില്‍ സൂര്യതാപമുള്ളതിനാല്‍ നാട്ടിലെപ്പോലെ പച്ചക്കറികളും നാടന്‍ പൂക്കളും പൂമരങ്ങളും നമുക്ക് ആസ്വദിക്കാം.''

അജിത്തിന്റെ 'എക്‌സ്പ്ലനേഷന്‍' അവള്‍ക്കത്ര തൃപ്തികരമല്ലായിരുന്നു. ചിലമ്പിച്ച ശബ്ദത്തില്‍ അവള്‍ പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു.
അവളുടെ സങ്കല്പത്തിലുള്ള അമേരിക്കയല്ല ഇത് എന്നാണ് ഇപ്പോഴും അവളുടെ വാദം.

രാത്രി ഏറെയായിട്ടും അജിത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രാദേവി കണ്ണുകളെ അനുഗ്രഹിക്കുന്ന മട്ടില്ല. മനസ്സില്‍ എന്തോ വിമ്മിഷ്ടം...
എന്തെല്ലാം മോഹന സ്വപ്നങ്ങളായിരുന്നു. ഒരു സിനിമാ നടിയെ വിവാഹം ചെയ്യണമെന്നുള്ളത് ചിരകാല സ്വപ്നമായിരുന്നു. അതും 'ചോട്ടാ' 'ഡൂക്കിലി' താരത്തെയല്ല; ഏറ്റവും പ്രശസ്തയായ ഒരുവളെത്തന്നെ സ്വന്തമാക്കണമെന്നുള്ള ഏറ്റവും ഉന്നതമായ ആശ. ഒത്തിരി പേരും പെരുമയും നേടിയ സിനിമാ താരം.
അതായിരുന്നു ജീവിതത്തിലെ വലിയ ആശ.

അമേരിക്കയില്‍വന്ന് പണം ധാരാളം സമ്പാദിച്ചു. താമസിക്കാന്‍ 'ബിഗ് മാന്‍ഷന്‍'. 'ആഡംബരക്കാറ്' വീട്ടുവേലയ്ക്ക് 'മെയ്ഡന്‍' അതിന് മദാമ്മയെയോ ഇന്ത്യാക്കാരിയെയോ കിട്ടും.

വിവാഹാലോചനകള്‍ ഒന്നിനു പിറകെ മറ്റൊന്ന്; ഒടുവില്‍ താനാഗ്രഹിച്ചതുപോലെ ഒരു സിനിമാ നടിയെത്തന്നെ കെട്ടി. രാജകീയമായിത്തന്നെ വിവാഹം നടന്നു. നടക്കും. സന്തോഷം! പയ്യന്‍ അമേരിക്കയിലാണല്ലോ.

അമേരിക്കയില്‍ വന്നുകഴിഞ്ഞപ്പോള്‍ അവളുടെ വിധം മാറി. നിറം മാറി. വഴിയെപോയ വയ്യാവേലി എടുത്ത് തോളിലിട്ടതു പോലെയായി.

എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവള്‍ക്കെന്താണ് വേണ്ടത്? വീട്ടുജോലികള്‍ ചെയ്യേണ്ട, മറ്റൊരു കുറവുകളും ഇല്ല. ചെയ്യേണ്ടത് ഇതാണ്; ഇവളെ കൊണ്ടുപോയി 'അലാസ്‌കാ' യില്‍ പാര്‍പ്പിക്കണം. അപ്പോള്‍ ഇവള്‍ക്ക് താനേ ബോദ്ധ്യമാകും ഇതമേരിക്ക തന്നെയാണെന്ന്.

ഇവളോട് ഒരു നൂറുതവണ പറഞ്ഞതാണ് മറ്റുള്ള സ്‌റ്റേറ്റുകളില്‍ മലയാളികള്‍ തണുപ്പും സ്‌നോയും കൊണ്ട്് കഷ്ടപ്പെടുകയാെണന്ന്. നമ്മുടെ നാട്ടിലെ നാടന്‍ പച്ചക്കറികള്‍ കഴിക്കാന്‍ അവര്‍ കൊതിക്കുകയാണെന്ന്. പക്ഷെ 'ഗ്രോസറി'ക്കടകളില്‍ ഇവയൊന്നുമില്ല. എന്നാല്‍ ഈ പറഞ്ഞ അഞ്ചു സ്‌റ്റേറ്റുകളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഉണ്ടുതാനും.

ഇഷ്ടമുള്ളത് നടാം. നാട്ടിലെപ്പോലെ 'സമ്മര്‍ ക്ലോത്ത്‌സ്' മാത്രം ധരിച്ച് ഈസിയായി ജീവിക്കാം. കോട്ടും തൊപ്പിയും ധരിച്ച് 'ബണ്ടിലപ്പ്' ചെയ്യേണ്ട. കാലത്ത് ജോലിക്കു പോകും മുമ്പ് 'സ്‌നോ ഷവല്‍' ചെയ്യേണ്ട. ഇതു വല്ലതുമുണ്ടോാ സിനിമാനടിയുടെ തലയില്‍ കയറുന്നു....

കെല്‍സി എന്ന നടിക്ക് ആകെക്കൂടി ഒരു വൈക്ലബ്യം. അജിത്തിനെ കെട്ടി അമേരിക്കയിലേക്കു പറന്ന അവള്‍ക്ക് ടെക്‌സാസ് സ്‌റ്റേറ്റ് കേരളംപോലെ തോന്നി.

എവിടെ നോക്കിയാലും മലയാളികള്‍, എവിടെ നോക്കിയാലും കേരളത്തനിമയുള്ള പൂക്കള്‍, പൂമരങ്ങള്‍ അരളിച്ചെടികള്‍, കോഴിവാലന്‍ പൂവ്, നാലുമണി പത്തുമണി പൂവ്, ബോഗെന്‍വില്ല എന്നുവേണ്ട തെച്ചി മന്ദാരം തുളസി പിച്ചകപ്പൂക്കള്‍ പോലും ടെക്‌സാസിലെ പൂന്തോട്ടങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

വൈകിട്ട് ജോലികഴിഞ്ഞുവന്ന അജിത്തിനോട് അവള്‍ പരിഭവത്തിന്റെ കെട്ടഴിച്ചു. നാടന്‍ ഭക്ഷണക്രമങ്ങള്‍ മാറ്റി അമേരിക്കയിലെ സ്‌റ്റൈലന്‍ ആഹാരരീതികള്‍ ഏര്‍പ്പാടാക്കണം.''

ഇന്ത്യന്‍ മെയ്ഡിനെ തല്ക്കാലത്തേക്ക് അവധിയില്‍വിട്ടു. പകരം അമേരിക്കന്‍ മെയ്ഡ് ജോലിയില്‍ പ്രവേശിച്ചു. രാവിലെ ബ്രേക്ക് ഫാസ്റ്റിന് അപ്പം, പുട്ട്, ദോശ, ഇഡ്ഡിലികളുടെ സ്ഥാനത്ത് 'ബേക്കണ്‍' 'ഇംഗ്ലീഷ് മഫിന്‍സ്' 'ബേയ്ഗിള്‍സ്' വാഫിള്‍സ് 'സോസേജ് ആന്റ് സണ്ണി സൈഡ് അപ്പ്' എന്നിങ്ങനെ ബ്രേക്ക്ഫാസ്റ്റ് മെനു ദിനന്തോറും മാറിമാറി തീന്‍മേശയില്‍ നിരന്നു.

ലഞ്ചിന് 'ബോള്‍ ഓഫ് ചില്ലി' 'ബോള്‍ ഓഫ് സൂപ്പ് ആന്റ് സാലഡ്', 'ഹാം സാന്‍ഡ്‌വിച്ച്', 'പീനട്ട് ബട്ടര്‍ ജെല്ലി സാന്‍വിച്ച്' അങ്ങിനെ നീളുന്നു അമേരിക്കന്‍ ലഞ്ചിന്റെ സ്‌റ്റൈല്‍.

ഡിന്നറിന് 'സ്‌റ്റേക്ക്', 'മാഷ് പൊട്ടേറ്റോ', 'പോട്ട് റോസ്റ്റ്', ബേക്കഡ് പൊട്ടേറ്റോ', '
മസ്താച്ചോളി', 'സീ ഫുഡ് സാലഡ്', 'ചിക്കന്‍ ചിമിച്ചങ്ക' എന്നിങ്ങനെ നീണ്ട നിര.

ഫ്‌ളേവറിന് 'മയനൊയ്‌സ്' 'മസ്റ്റഡ് സോസ്', 'ബാര്‍ബിക്യൂ സോസ്' തുടങ്ങിയവഇപ്പോള്‍ സിനിമാനടിക്ക് അല്പാല്പം ബോധിച്ചതു പോലെയുണ്ട്. അവള്‍ അജിത്തിന്റെ വികാരങ്ങളെ കണ്ടില്ലെന്നു നടിച്ച് പറഞ്ഞു: ''നമുക്കീ നാടന്‍ പൂന്തോട്ടമെടുത്തു കളയണം. പകരം കുറെ 'ഇംപേഷ്യന്‍ഡ്', 'മോണിംഗ് ഗ്ലോറി', 'ആഫ്രിക്കന്‍ വയലറ്റ്', 'ഹൈബ്രിഡ് പൂക്കള്‍', 'മംസ്' പിന്നെ ബോര്‍ഡറിംഗിന് 'ഹോസ്ത്താസ്' ഇവയെല്ലാം നട്ടുപിടിപ്പിക്കുവാന്‍ 'ലാന്‍ഡ്‌സ്‌കേപ്പുകാരന്‍' വരുമ്പോള്‍ പറയ
ണം.''

അവളുടെ 'ടോട്ടലി ചെയിഞ്ച്ഡ് ഗാര്‍ഡനിംഗ് മെത്തേഡ്‌സ്' കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പണ്ട് ചരിത്ര ക്ലാസില്‍ പഠിച്ചിരുന്ന കുറെ ചക്രവര്‍ത്തിമാരേയും രാജാക്കന്മാരെയുമാണ്. തനി തുഗ്ലക്ക് പരിഷ്‌ക്കാരം...

അവര്‍ ഭരണ പരിഷ്‌ക്കാരങ്ങള്‍ വരുത്തി അവരുടെ തനതായിട്ടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പില്‍ വരുത്തുന്നു. തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക, റോഡുകളുടെ വീതിയില്‍ വ്യതിയാനങ്ങള്‍ വരുത്തുക, തോടുകളും കുളങ്ങളും നിര്‍മ്മിക്കുക, സ്തംഭങ്ങളും പ്രത്യേകം രൂപകല്പനയേകിയ കല്‍പ്രതിമകളും സ്ഥാപിക്കുക അങ്ങനെ നീണ്ടുപോകുന്നു നിര്‍മ്മിതികളും ഭരണപരിഷ്‌ക്കാരങ്ങളും.

അജിത്ത് ക്ഷോഭം മറച്ച് മനസ്സില്‍ പറഞ്ഞു: 'ഇല്ലെടി ഇല്ല, ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്ന ഉദ്യാനം ഗൃഹാതുരത്വം പകര്‍ന്നേകുന്ന ഊഷ്മളമായ അനുഭൂതിയാണ്. അത് മാന്തിക്കീറി മാറ്റിയിട്ട് നിന്റെ പുതിയ ഭരണപരിഷ്‌ക്കാരം നടപ്പിലാക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല.'

പക്ഷെ, അയാള്‍ ഒരു വിളറിയ ചിരിയോടെ അഭിപ്രായം പാസാക്കി ''നിനക്കതാണിഷ്ടമെങ്കില്‍ എനിക്ക് മറ്റൊര ഭിപ്രായമില്ല.''
''ദാറ്റ് ഈസ് ദി അമേരിക്കനൈസ്ട് ഹസ്ബന്‍ഡ്്.''

അവളുടെ കിളിനാദം തന്റെയുള്ളില്‍ 'ഒരു യക്ഷിപ്പാട്ടു' പോലെ മുഴങ്ങി. താനൊരു പെണ്‍കോന്തനാണെന്നായിരിക്കും ഇവള്‍ ധരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭര്‍ത്താക്കന്മാരെല്ലാം 'ഓവര്‍ ഡോമിനേറ്റു' ചെയ്യപ്പെട്ട പോത്തിന്റെ വര്‍ഗ്ഗമാണെന്നാണ് ഇവളുടെ വയ്പ്.

അമേരിക്കന്‍ ഹസ്ബന്‍ഡ് എപ്പോഴും ഭാര്യമാര്‍ക്ക് പ്രഥമ സ്ഥാനമാണത്രെ കല്പിക്കുന്നത്. അത് അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍. നാട്ടില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ മുമ്പേ നടക്കും സ്ത്രീകള്‍ അഥാ ഭാര്യമാര്‍ 'മുമ്പേ ഗമിച്ചിട്ടും ഗോവ് തന്റെ പിമ്പേ ഗമിക്കുന്നു ഗോക്കളെല്ലാം' എന്ന മട്ടില്‍ അവരുടെ ഭര്‍ത്താവിന്റെ പിന്നാലെയും.

ഇവിടെയാണെങ്കിലോ നേരെ മറിച്ചും. കാറിന്റെ ഡോര്‍ ഭാര്യക്കായി ആദ്യം തുറന്നുകൊടുക്കുക; പബ്ലിക്ക് സ്ഥലങ്ങളില്‍ ആദ്യം ഭാര്യയും പിന്നാലെ ഭര്‍ത്താവും നടക്കുന്നു.

തന്റെ പരിതാപാവസ്ഥ! ഒന്ന് ഉറക്കെ കരയണമെന്ന് അജിത്തിനു തോന്നി; പക്ഷെ, കരഞ്ഞില്ല. അമേരിക്കനൈസ്ഡ് ഭര്‍ത്താക്കന്മാര്‍ കരയാന്‍ പാടില്ലല്ലോ?
തനിക്കുമാത്രം ഈ അമളി എങ്ങനെ പറ്റി? മറ്റുള്ള പലരും സിനിമനടിമാരെ കെട്ടി അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്നു. തനിക്കെവിടെയാണ് താളപ്പിഴ സംഭവിച്ചത്?
''അജിത്തേട്ടാ ഇന്നു വൈകിട്ട്, നമുക്ക് പുറത്തുനിന്ന് കഴിക്കാം. എനിക്ക് 'ഇറ്റാലിയന്‍ ഫുഡ്' ഇഷ്ടമാണ്.
നമുക്ക് 'ഒലിവ് ഗാര്‍ഡന്‍സി'ല്‍ പോകാം.''
''പിന്നെന്താ? എല്ലാം നിന്റെയിഷ്ടം പോലെ'' ഇറ്റാലിയന്‍ റെസ്‌റ്റോറന്റില്‍ നിന്നും 'പിസ്ത'യും 'ഷ്‌റിംപ് വിത്ത് പാര്‍മഷാന്‍ ചീസും' കഴിക്കുമ്പോള്‍ തനിക്ക് തികട്ടി വന്നു. പക്ഷെ, അവള്‍ എല്ലാം നന്നായി ആസ്വദിച്ച് വെട്ടിവിഴുങ്ങുന്നു!

സിനിമാനടിയെ കെട്ടിയ താന്‍ ഒരു മണ്ടനാണെന്ന് അയാള്‍ക്ക് തോന്നി.
ഇവള്‍ പിന്നെങ്ങിനെ മലയാള നടിയായി? അവളുടെ ഭാവം കണ്ടാല്‍ ഹോളിവുഡ്കാരിയായിരുന്നെന്നു തോന്നും. ഇപ്പോള്‍ തനിക്കു ഖേദം തോന്നുന്നു, തന്നോടുതന്നെ പുച്ഛം തോന്നുന്നു. മേപ്പിള്‍ മരത്തില്‍നിന്ന് രണ്ടുമൂന്ന് പഴുത്ത ഇലകള്‍ അടര്‍ന്നുവീണു. നിരാശയുടെ പഴുത്ത ഇലകള്‍...

മറ്റുള്ള എത്രയോപേര്‍ സിനിമാനടികളെ കെട്ടി സന്തോഷമായി കഴിയുന്നു. സിനിമാ നടി ഹൃദ്യയുടെ ഹസ്ബന്‍ഡ് പറയുന്നത് താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെന്നാണ്. അവര്‍ക്ക് മൂന്നുകുട്ടികള്‍! സന്തുഷ്ട കുടുംബം!

സിനിമാനടി 'ലീല' യുടെ ഭര്‍ത്താവ് അവളെ പ്രതി 'അഭിമാനി'യാണത്രേ. 'ഷൈലജ'യുടെ ഹസ്ബന്‍ഡ് ആണെങ്കില്‍ ഏറ്റവും വലിയ സന്തോഷമുണ്ടെങ്കില്‍ അത് തന്റെ ഭാര്യയോടൊത്തു മാത്രമാണെന്ന അഭിപ്രായക്കാരന്‍.
അജിത്ത് ഉള്ളില്‍ ഒന്നു തേങ്ങി. പുരുഷനല്ലേ ഒന്നു പൊട്ടിക്കരയാന്‍ പറ്റില്ലല്ലോ. നല്ലൊരു സിനിമാ നടിയെ കെട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അഭിമാനത്തോടെ ഇതാണ് തന്റെ ഭാര്യ അവളൊരു നിധിയാണ് എന്ന ഗമയില്‍ ജാഡ കാട്ടി നടക്കണമെന്നുമായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. ആ സ്വപ്നങ്ങളൊക്കെ നടന്നെങ്കിലും മനസ്സ് അസംതൃപ്തമായില്ലേ? അസ്വസ്തത ബാക്കിയും.

ഇപ്പോള്‍ വേണ്ടത് ഒരു 'ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍' ആണ്. വൈകിട്ട് 'ടീ ടൈം'മില്‍ അജിത്ത് അവളെ സൗമ്യമായി സമീപിച്ചു. ''കെല്‍സി, നിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ? നിന്റെ സന്തോഷം മാത്രമാണ് എന്റെ ലക്ഷ്യം. പറയൂ, നീ ഇവിടെ വന്നതില്‍ സന്തുഷ്ടയാണോ? ഏതു കാര്യത്തിലാണ് നിനക്ക് നിരാശ.
എന്നോടിഷ്ടക്കുറവൊന്നുമില്ലെന്നെനിക്കറിയാം.''

അവള്‍ അലക്ഷ്യമായിക്കിടന്ന അവളുടെ മുടി ഒതുക്കിവച്ചു. എന്നിട്ട് നിസാര ഭാവത്തില്‍ ഇരുന്നു. അജിത്തിനെ ഇതല്പം ചൊടിപ്പിച്ചു; ''കെല്‍സി നിനക്കിവിടെ എന്താണ് കുറവ്? ഈ സ്‌റ്റേറ്റ് വിട്ട് നിനക്ക് മറ്റേതെങ്കിലും സ്‌റ്റേറ്റില്‍ പോയി താമസിക്കണമെങ്കില്‍ ഞാന്‍ അതിനുള്ള അറേഞ്ച്‌മെന്റ്‌സ് ചെയ്യാം. ഒരു പക്ഷേ തണുപ്പും മഞ്ഞുമുള്ള ന്യൂയോര്‍ക്കു പോലുള്ള സ്‌റ്റേറ്റായിരിക്കും നിനക്കിഷ്ടം. പറയൂ; ഏതായാലും ഇന്നുകൊണ്ട്
ഈ പ്രശ്‌നം എനിക്ക് പരിഹരിക്കണം.'' അജിത്ത് ദേഷ്യത്തോടെ എഴുന്നേറ്റു.
അവള്‍ക്ക്, പ്രത്യേകിച്ച് ഭാവപ്പകര്‍ച്ചകളൊന്നുമുണ്ടായില്ല. 'ടീ'യോടൊപ്പം മേശപ്പുറത്ത്, 'പരിപ്പുവട', 'പഴംപൊരി' തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ അവഗണിക്കപ്പെട്ട മാതിരി ഇരിക്കുന്നു. അവള്‍ ഒരു ക്രീം കുക്കി' അലസം നുണഞ്ഞുകൊണ്ടിരുന്നു.

അജിത്തിന്റെ മനസില്‍ പക പുകഞ്ഞുപൊങ്ങി. 'ഹൊ, അഹങ്കാരി...'' അവന്‍ മനസാ പറഞ്ഞു.
അവള്‍ക്കെന്തു പറയണമെന്നറിയില്ല. ''ഞാനിവിടെ വളരെ 'ലോണ്‍ലി'യാണ്.''
അജിത്തിന് കാര്യം പിടികിട്ടി. തെല്ലൊന്നയഞ്ഞു, നല്ല അവസരം. ആവനാഴിയിലുള്ള അമ്പുകള്‍ ഓരോന്നായി പ്രയോഗിക്കുവാനുള്ള സുവര്‍ണ്ണാവസരം!
''അതിന് നമ്മള്‍ സോഷ്യലൈസ് ചെയ്യുന്നുണ്ടല്ലോ. എത്രയെത്ര പാര്‍ട്ടികള്‍ക്ക് നാം പോയിക്കഴിഞ്ഞു,
'ഗെറ്റ് റ്റു ഗെതര്‍', 'യുവി തിയേറ്ററുകള്‍', 'ത്രീഡി മൂവീസ്' എന്നുവേണ്ട അങ്ങിനെ പലതും.''
ആവനാഴിയിലെ അവസാനത്തെ അസ്ത്രം; ''ഇനി നമുക്ക് മറ്റു പല സ്‌റ്റേറ്റുകളിലെ വിശേഷതകള്‍ കാണാന്‍ പോകണം. ഫ്‌ളോറിഡായിലെ 'എപ്ക്കാട്ട് സെന്റര്‍' 'ഡിസ്‌നി വേള്‍ഡ്' കാലിഫോര്‍ണിയായിലെ 'ഡിസ്‌നി ലാന്‍ഡ്', ചിക്കാഗോയിലെ 'ഗ്രേയ്റ്റ് അമേരിക്ക' വിസ്‌കോണ്‍സില്‍ 'വാട്ടര്‍ ഡെല്‍സ്', അങ്ങിനെ ഒരു നീണ്ട വെക്കേഷന്‍! എന്തുപറയുന്നു?'' അജിത്ത് കെല്‍സിയെ നോക്കി.

അയാളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും തീര്‍ന്നിരുന്നു. അയാള്‍ ആയുധം വച്ചു കീഴടങ്ങിയിരിക്കുന്നു. കാരണം, അവള്‍ നിസ്സംഗതാഭാവത്തില്‍ അവിടെ നിന്നെഴുന്നേറ്റ് ഫാമിലി റൂമില്‍ പോയി ടി.വി. ഓണ്‍ ചെയ്തു 'അമാന്റാ ഷോ' കാണുവാന്‍ തുടങ്ങി.

അജിത്തിന്, താനൊരു മണ്ടനാണെന്ന് മനസ്സ് കളിയാക്കുന്നതുപോലെ തോന്നി. 'പമ്പര വിഡ്ഢി' മനസ്സ് പരിഹസിച്ചു ചിരിച്ചു. മനസ്സിലെ ജാള്യത പുറത്തു കാട്ടാതെ, കളിപ്പാട്ടം കളഞ്ഞുപോയ അഞ്ചു വയസ്സുകാരനെപ്പോലെ കമ്പ്യൂട്ടര്‍ റൂമില്‍ ചെന്ന് 'ഇന്റര്‍നെറ്റില്‍' കയറി. താനിപ്പോള്‍ ഇമെയില്‍ അധികം ചെക്ക് ചെയ്യാറില്ല. സിനിമാനടിയുടെ വരനായതിനുശേഷം അവളുടെ മൂടും താങ്ങി നടക്കയായിരുന്നല്ലോ?

ഇന്‍ ബോക്‌സില്‍ നെടുനീളത്തില്‍ 'മെയിലുകള്‍' വെളുക്കെച്ചിരിച്ചു കിടക്കുന്നു. തെല്ലു രോഷത്തോടെ എല്ലാം 'ഡിലീറ്റു' ചെയ്തുകഴിഞ്ഞപ്പോള്‍ വീട് തൂത്തു വാരി വൃത്തിയാക്കിയ പ്രതീതി.

ഒരു സിനിമാനടിയെ കെട്ടിക്കഴിഞ്ഞപ്പോള്‍ ചിരകാലാഭിലാഷം പൂര്‍ത്തിയായതു പോലെയായിരുന്നു.
പക്ഷെ, ഇപ്പോള്‍ താനൊരു പമ്പരവിഡ്ഢി. ഒരു 'പെണ്‍കോന്തന്‍'. അല്ല, ഒരു പെണ്‍കോന്തനാകുന്നതില്‍ തനിക്കഭിമാനമാണ്. കാരണം പല കുടുംബ ജീവിതങ്ങളും വിജയിച്ചിട്ടുള്ളത്, ആ കുടുംബങ്ങളിലെ ഭര്‍ത്താക്കന്മാര്‍ ഒരു കണക്കിന് 'പെണ്‍കോന്തന്മാര്‍' ആയതുകൊണ്ടു മാത്രമാണ്. തെല്ല് വിവരവും വികാരവും പ്രകടിപ്പിച്ചാല്‍ തമ്മിത്തല്ല് ഉറപ്പ്. കുറച്ചൊക്കെ പൊട്ടന്‍ കളിക്കാതെ വയ്യ!

പക്ഷെ, തന്റെ സ്ഥിതി അതിലും ദയനീയമാണ്. ഇവിടുത്തുകാരുടെ ഭാഷയില്‍ അവളുടെ 'ആസ് കിസ്' ചെയ്തു നടന്നിട്ടും പറയത്തക്ക ഫലങ്ങളൊന്നു മുണ്ടായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തന്റെ കണ്ണുകളില്‍ നനവുണ്ടാകുന്നു. കരഞ്ഞാല്‍ താന്‍ 'ഭീരു'വാകില്ലേ? പൗരുഷം കൈവെടിയരുതല്ലോ?

തിരിച്ചുവന്ന് ഫാമിലി റൂമില്‍ അവള്‍ക്കരികില്‍ തോളോടുതോളുരുമ്മിയിരുന്ന്, അവള്‍ കാണുന്നതെന്തോ, അതുമാത്രം കണ്ടു. 'അമാന്റാ ഷോ' തീരാറായി. ഒടുവില്‍ 'അമാന്റാ' തന്റെ ബോയ് ഫ്രണ്ടിനോടുപറഞ്ഞു ''ഐ ആം നോട്ട് കിസ്സിംഗ് യുവര്‍ ആസ് എനിമോര്‍.''
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 1; കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക