അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക് കേരളത്തില്‍ നടന്ന ലാനാ സമ്മേളനത്തില്‍നിന്ന് 'വിലതീരാത്ത' ഒരു ഉപദേശമാണ് കിട്ടിയത്!
'കുടിയേറ്റ അല്ലെങ്കില്‍ പ്രവാസി എഴുത്തുകാര്‍ തങ്ങള്‍ ഇപ്പോള്‍
ജീവിക്കുന്ന നാടിനെപ്പറ്റി എഴുതുക, ഇവിടെയുള്ള (കേരളത്തിലെ) കാര്യങ്ങള്‍
എഴുതാന്‍ ഞങ്ങളുണ്ട്.'
ഇതൊരു പ്രബോധനമായി പലരും കണക്കാക്കുന്നതുകൊണ്ടാണ് വീണ്ടും
പ്രതികരിക്കുന്നത്. വീണ്ടും എന്നെഴുതിയത് അറിഞ്ഞുകൊണ്ടുതന്നെ.
തുഞ്ചന്‍പറമ്പിലെ സമ്മേളനവേദിയില്‍ അക്ബര്‍ കക്കട്ടിലാണ് ഈ പ്രസ്താവന
ചെയ്തത്. തുടര്‍ന്നും ഇത് ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. അന്ന് ഈ
ലേഖകന്‍ അതിനുകൊടുത്ത മറുപടി എവിടെയോ മറന്നുകളഞ്ഞു. എങ്കിലും, ആ വാക്കുകള്‍
ഏകദേശമായി ഇങ്ങനെ:
'അമേരിക്കയില്‍ ദീര്‍ഘകാലം ജീവിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഇതിനിവിടെ
മറുപടി പറഞ്ഞേതീരൂ. നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും ഞങ്ങള്‍ അമേരിക്കയിലെ
ജീവിതം എഴുതുന്നില്ലെന്ന്.'
എന്റെ പക്കലുണ്ടായിരുന്ന സ്വന്തം കഥകളും തെക്കേമുറിയുടെ നോവലും ഉദാഹരണമായി
എടുത്തു. കഥാസന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചു. സദസ്സ് നിശബ്ദമായിരുന്നതല്ലാതെ
പ്രതികരണം ഉണ്ടായില്ല. സാധാരണക്കാരുടെ ശബ്ദത്തിന് എവിടെ വില, എവിടെ
അംഗീകാരം?
ആയിരത്തിതൊള്ളായിരത്തിയെഴുപതുമുതല്‍ ഇവിടെ ജീവിക്കുന്ന എഴുത്തുകാരുണ്ട്.
അവരില്‍ എത്ര പേരാണ് തുടര്‍ച്ചയായി 'കേരളീയ ജീവിതം' മാത്രം
എഴുതിക്കൊണ്ടിരിക്കുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്ക് കൊടുക്കേണ്ടുന്ന ഉപദേശം
കവികള്‍ക്കും കഥാകാരന്മാര്‍ക്കും കൊടുത്തത് ഒട്ടും പന്തിയായില്ലെന്ന്
അടിവരയിട്ടുതന്നെ ഞാന്‍ പറയുകയാണ്. 'അവാര്‍ഡും ആടയും'
ലക്ഷ്യമിടാത്തതുകൊണ്ടാണ് ഇതിവിടെ തുറന്നെഴുതാന്‍ കഴിയുന്നത്.
എഴുത്തുകാരന്‍ എന്തെഴുതണമെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? ലണ്ടനില്‍
താമസിക്കുന്ന സല്‍മാന്‍ റഷ്ദിയോടും വി.എസ്. നയ്പാലിനോടും
ഇന്ത്യന്‍നഗരങ്ങളിലെ തെരുവുകളെപ്പറ്റി എഴുതരുതെന്ന് ആരെങ്കിലും
ഉപദേശിക്കുമോ?
ഇത് ഒരു വശം മാത്രം.
മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ ഞാന്‍ അക്ബര്‍ കക്കട്ടിലിനെ കുറ്റം
പറയുകയില്ല. അമേരിക്കയിലെ മലയാളം എഴുത്തുകാരെന്ന് ഭാവിക്കുന്നവര്‍
എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്. അവരെയാണ് നാട്ടിലെ
വായനക്കാര്‍ അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ പ്രതിനിധികളായി കാണുന്നത്,
അവരുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ക്കൊപ്പം പ്രസിദ്ധീകരിക്കപ്പെടുന്നത്.
നമ്മുടെ സാഹിത്യ ചര്‍ച്ചകള്‍ അക്കാദമിക്ക് നിലവാരത്തിലേക്ക് ഉയരുമെന്ന്
പ്രതീക്ഷിച്ചു. അവയെല്ലാം തുടങ്ങിയിടത്തുതന്നെ നില്ക്കുന്നു. പലവിധത്തിലും
സാമൂഹിക സംഘടനകളെ പിന്‍തുടരുന്നു. എഴുത്തുകാര്‍ അംഗീകാരത്തിനുവേണ്ടി
ഓടിനടക്കുന്നു. പത്തിരുപത്തിയഞ്ച് വര്‍ഷമായി പലരും ഇതിനെതിരായി
ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഈയ്യിടെ പ്രസിദ്ധീകരിച്ച മുരളി ജെ. നായരുടെ
ലേഖനം വരെ ഈ സ്വയം വിമര്‍ശനത്തിന്റെ ഭാഗമാണ്.
എന്തിന് ചില എഴുത്തുകാരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
മാധ്യമങ്ങള്‍ തങ്ങള്‍ക്കുപിടിക്കാത്ത ലേഖനങ്ങള്‍ മുക്കിക്കളയുന്നില്ലേ. ഇത്
ഇന്നത്തെ കഥ മാത്രമല്ല. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വിതുര ബേബിയുടെ
'സത്യത്തിന്റെ അടിവേരുകള്‍' എന്ന പുസ്തകം ഇങ്ങനെയുള്ള നിരവധി
സംഭവങ്ങളിലേക്കുംകൂടി വെളിച്ചും വീശുന്നുണ്ട്. പുരോഗമനവാദികളെന്ന്
പേരുകേട്ട പത്രാധിപന്മാര്‍പ്പോലും തഴഞ്ഞുകളഞ്ഞ വാര്‍ത്തകളുടെ കഥകള്‍ അനേകം.
ഇന്ന് എല്ലാവര്‍ക്കുമറിയാം നാലു പേരറിയണമെങ്കില്‍ അത് അമേരിക്കയിലെ
മാധ്യമങ്ങളില്‍ക്കൂടിത്തന്നെ കയറിയിറങ്ങണമെന്ന്. പഞ്ചായത്തുപ്രസിഡന്റും
കോളേജ് പ്രൊഫസറും തുടങ്ങി മെത്രാന്‍ വരെ അമേരിക്കയില്‍ പ്രസംഗിച്ചെങ്കിലേ
പത്രത്തില്‍ വാര്‍ത്ത വരൂ.
എഴുത്തുകാരനിലേക്ക് മടങ്ങിവരികയാണ്. നാമെല്ലാം വാചാലരാവുന്നത്
ചെറുപ്പകാലങ്ങളെപ്പറ്റി പറയുമ്പോഴാണ്. എഴുത്തുകാരും അങ്ങനെതന്നെ. പഠിച്
സ്‌കൂളും കോളജും മാത്രമല്ല നാട്ടിന്‍പുറത്തെ ഓരോ മണല്‍ത്തരിയും
നമ്മുടെയൊപ്പമുണ്ട്. അവിടത്തെ നീരൊഴുക്കും മരങ്ങളും കിളികളും നമുക്ക്
സ്വന്തം! എന്നാല്‍, നഗരത്തിലെ കൃത്രിമ തടാകം നമ്മുടേതല്ല. പാര്‍ക്കിലെ
മരങ്ങളും അതിലെ പക്ഷികളും നമ്മുടേതല്ല. എത്രകാലം വിദേശത്തുവസിച്ചാലും
എഴുത്തിലെ ഉപകഥകളില്‍ സ്വന്തം ബാല്യവും കൗമാരവും ഉണ്ടായിരിക്കും. ആ
അനുഭവങ്ങളുടെ ഓര്‍മകള്‍ മറ്റാര്‍ക്കെങ്കിലും കടംകൊടുക്കുമോ? ഇതെല്ലാം
എഴുതാന്‍ 'ഇവിടെ ഞങ്ങളുണ്ട്' എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?
ഓരോ ജനപദവും അവരില്‍ത്തന്നെയാണ് ജീവിക്കുന്നത്. ഒറ്റപ്പെട്ട
ഇടങ്ങളിലുള്ളവര്‍ പോലും തങ്ങളുടെ വീടിനുള്ളില്‍ ഭക്ഷണംപാകം
ചെയ്യുന്നതുമാത്രമല്ല ഉപകരണങ്ങളുടെ സംവിധാനങ്ങള്‍ക്കുംകൂടി
ഗോത്രത്തിന്റെയും പാരമ്പര്യത്തിന്റെയും നിറംകലര്‍ത്തിയിട്ടുണ്ടായിരിക്കും.
സന്ദര്‍ശിക്കുന്ന വീടുകള്‍ സ്വന്തംകൂട്ടരുടേതുതന്നെയായിരിക്കും.
ചുരുക്കമായി പറയട്ടെ നമുക്ക്, സാധാരണക്കാര്‍ക്ക്, മറ്റുജനവിഭാഗങ്ങളുടെ
ജീവിതത്തെപ്പറ്റി എന്തറിയാം?
ഈയൊരു സാഹചര്യത്തില്‍ നാട്ടില്‍നിന്ന് പുതിയതായി വന്നുചേരുന്ന മലയാളം
എഴുത്തുകാരില്‍നിന്ന് വിശാലമായ വിദേശരീതികള്‍ പ്രതീക്ഷിക്കുന്നത്
കുറേയധികമല്ലേ. ഇനിയും ഒരു ഉത്സവപ്പറമ്പോ സര്‍പ്പക്കാവോ അമ്മൂമ്മക്കഥകളോ
എഴുതാന്‍ പാടില്ലെന്നോ?
കുടിയേറ്റ ഭൂമിയുമായി അഗാധവും സൂക്ഷ്മവുമായി ബന്ധം ഉണ്ടാക്കാന്‍
കഴിവില്ലാത്തതും അതേസമയം വന്നുചേര്‍ന്ന സുഭിക്ഷത അനുഭവിച്ചുകൊണ്ട് സ്വന്തം
മാളത്തില്‍ത്തന്നെ ഒളിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അപ്പോള്‍
എഴുത്തുകാരന്‍ ജീവിതഗന്ധിയായ അനുഭവങ്ങള്‍ക്കുവേണ്ടി ഒന്ന്
തിരിഞ്ഞുനോക്കരുതെന്നാണോ? നമ്മുടെ സാഹിത്യക്കൂട്ടങ്ങളില്‍ ഇതൊരു
ചര്‍ച്ചാവിഷയമാകട്ടെ.