Image

അമേരിക്കയില്‍ പ്രസ് ക്ലബിന്റെ പ്രസക്തി

GJ Published on 21 October, 2014
അമേരിക്കയില്‍ പ്രസ് ക്ലബിന്റെ പ്രസക്തി
3 old articles about Press  Club
1) പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ പചോദനം
2)
'0' വട്ടത്തിലൊരു മാധ്യമ പ്രവര്‍ത്തനം
3)
മാധ്യമ രംഗം അമേരിക്കയില്‍
-------------------------------------------
പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ പചോദനം
ബോംബെ പ്രസ് ക്ലബില്‍ അംഗമായിരിക്കുമ്പോള്‍ മഹാരാഷ്ട്രക്കാരനായ ഒരു സുഹൃത്ത് കേരളത്തിലെ പ്രസ് ക്ലബുകളെപ്പറ്റി ചോദിച്ചു. കേരളത്തിലെ പ്രസ് ക്ലബുകള്‍ സജീവമാണെന്നു പറഞ്ഞപ്പോള്‍ സുഹൃത്തിനു അതിശയം. പത്രക്കാരെല്ലാം അത്രയ്ക്കു കുടിയരാണോ എന്നായിരുന്നു അടുത്ത ചോദ്യം! കേരളത്തിലെ പ്രസ് ക്ലബുകളില്‍ ബാറേയില്ല എന്നു പറഞ്ഞപ്പോള്‍ എങ്കില്‍ പിന്നെപ്രസ് ക്ലബ് എന്തിനാണ് എന്ന എതിര്‍ ചോദ്യം.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ലക്ഷ്യമെങ്കിലും കുറഞ്ഞ വിലയില്‍ മദ്യം ലഭിക്കുന്ന ബാര്‍ നടത്തുന്ന സ്ഥലം എന്നതാണ് പ്രസ് ക്ലബിനെപറ്റിപൊതുവെയുള്ള വിവക്ഷ. കേരളത്തില്‍ പക്ഷെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റിയാണ് ജില്ലാതല പ്രസ് ക്ലബുകള്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഈ നിര്‍വചനത്തില്‍ വരുന്നില്ല.

പത്രക്കാരെ മടിയരാക്കുന്ന സ്ഥലം എന്നു പ്രസ് ക്ലബുകളെ ആക്ഷേപിക്കാറുണ്ട്. അവിടെ കൂടിയിരുന്ന് നടത്തുന്ന പരദൂഷണം ആണ് പലപ്പോഴും രാഷ്ട്രീയ വാര്‍ത്തകളായും മറ്റും പത്രത്താളുകളില്‍ നിറയുക. ഇന്ത്യയില്‍ കേസും മറ്റും പേടിക്കാനില്ലാത്തതിനാല്‍ എന്തും എഴുതാമെന്നതാണല്ലോ സ്ഥിതി.

കീരിയും പാമ്പും പോലെയുള്ള മാധ്യമങ്ങളിലെ ജീവനക്കാരാണ് പ്രസ് ക്ലബില്‍ വരുമ്പോള്‍ ഒന്നാകുന്നത്. കുറഞ്ഞപക്ഷം തങ്ങളെല്ലാം പേനയുന്തുന്ന തൊഴിലാളികളാണെന്ന ധാരണയില്‍ നിന്നുള്ള ഐക്യം.

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റായിരിക്കെ മദ്രാസിലേക്ക് ജോലി മാറിയതോടെ യൂണിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്ന ലേഖകന്‍ അമേരിക്കയിലെത്തിയപ്പോള്‍ തന്നെ ഒരു പ്രസ് ക്ലബിനെപ്പറ്റി ആലോചിച്ചതാണ്. ജോര്‍ജ് തുമ്പയില്‍, തോമസ് മുളയ്ക്കല്‍, ജോയി ലൂക്കോസ്് തുടങ്ങിയവരുമായൊക്കെ ചര്‍ച്ച നടത്തുകയും ചെയ്തതാണ്. പക്ഷെ കൂടുതല്‍ പേരെ അന്ന് (90 കളുടെ മധ്യം) ക്ലബില്‍ ചേര്‍ക്കാനായി കണ്ടെത്താനായില്ല.

പക്ഷെ 2000ത്തോടെ സ്ഥിതി മാറി. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ സജീവമായി. മലയാളം ടിവി സംപ്രേഷണം ആരംഭിച്ചു. ഇത്രയും കാലം വേദിയൊന്നും ലഭിക്കാതിരുന്നതിനാല്‍ എഴുതാതിരുന്നവര്‍ ഇന്റര്‍നെറ്റില്‍ സജീവമായി. ടിവി ചാനലുകളുമായി ബന്ധപ്പെട്ട് ഓരോ നഗരത്തിലും ഒട്ടേറെ പേര്‍ രംഗത്തു വന്നു.

അവരൊക്കെ പത്രപ്രവര്‍ത്തകരാണോ? അവരാണ് ശരിക്കുമുള്ള പത്രപ്രവര്‍ത്തകര്‍ എന്ന് മറുപടി. മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ക്ക് അത് ഒരു ജോലിയാണ്. ശമ്പളം കിട്ടുന്ന ജോലി.
അമേരിക്കയില്‍ ടിവിയും ഇന്റര്‍നെറ്റുമായി മല്ലടിക്കുന്നവര്‍ സ്വന്തം സമയം കളഞ്ഞ് കയ്യിലെ കാശും ചെലവാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. മാധ്യമങ്ങളോടുള്ള സ്‌നേഹം ആണ് അവരെ ഇത്തരം അര്‍പ്പണ ബോധത്തിലേക്ക് നയിക്കുന്നത്. പലര്‍ക്കും നന്നായി എഴുതുവാന്‍ അറിയില്ലായിരിക്കാം. വ്യാകരണ തെറ്റോ, അക്ഷര തെറ്റോ എഴുത്തില്‍ ഉണ്ടാകാം. പക്ഷെ വിദൂര നാട്ടിലും അക്ഷരത്തോടുള്ള ആഭിമുഖ്യം കാട്ടുന്നവരാണവര്‍.

ഇന്ത്യാ പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ പ്രചോദനം ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ട്രൈസ്റ്റാര്‍, കൈരളിയിലെ ജോസ് കാടാപുറം എന്നിവരാണ്. മലയാളികളുടെ ഏതൊരു ചടങ്ങിലും ടിവിക്കാര്‍ ചെല്ലണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം. ടിവിക്കാര്‍ കാമറമാനേയും കൂട്ടി ടോളും കൊടുത്ത് ദൂരെ സ്ഥലത്തുനിന്നു വന്നാലും ഒടുവില്‍ പരാതി മിച്ചം. നേതാവിന്റെ മകന്‍ കോഴിക്കാല് തിന്നുന്നത് പൂര്‍ണ്ണമായി കാണിച്ചില്ല എന്നു പറഞ്ഞായിരിക്കും വിമര്‍ശനം.
ഈ സാഹചര്യത്തിലാണ് കമ്പനിവക ശമ്പളമൊന്നുമില്ലാത്ത ടിവിക്കാര്‍ക്ക് സംഘാടകര്‍ ചെറിയൊരു തുക നല്‍കണമെന്ന ചിന്താഗതി ഉയര്‍ന്നത്. പ്രസ് ക്ലബ് പോലെ ഒരു സംഘടന വഴി അങ്ങനെയൊരു നിര്‍ദേശം വെച്ചാല്‍ അതില്‍ ദുരര്‍ത്ഥം കണ്ടെത്തില്ലെന്നും കരുതി. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ജേക്കബ് റോയി, ടാജ് മാത്യു, ജെ. മാത്യൂസ്, റെജി ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, സിബി (കലാവേദി), ലേഖകന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം യോഗം ചേര്‍ന്നത്. അങ്ങനെ ഇന്ത്യാ പ്രസ് ക്ലബ് രൂപംകൊണ്ടു.

കേരളാ പ്രസ് ക്ലബ് എന്ന് പേരിട്ടാല്‍ കേരള എന്താണെന്ന് വിശീകരിക്കണം. അതൊഴിവാക്കാനാണ് ഇന്ത്യാ പ്രസ് ക്ലബ് എന്ന് നല്‍കിയത്. തുടങ്ങുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രൊഫഷണല്‍ രംഗത്ത് മികവു നേടുക.

അങ്ങനെ ഒന്നും രണ്ടും മാസം കൂടുമ്പോള്‍ പ്രസ് ക്ലബ് അംഗങ്ങള്‍ ഒത്തുചേരാനാരംഭിച്ചു. മറ്റ് നഗരങ്ങളിലും പ്രസ് ക്ലബ് ചാപ്റ്ററുകള്‍ രൂപംകൊണ്ടു.

മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനെ പങ്കെടുപ്പിച്ച് നടത്തിയ ആദ്യത്തെ സമ്മേളനത്തോടെ സംഘടനയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായി. ആദ്യ പ്രസിഡന്റായിരുന്ന ലേഖകനും, സെക്രട്ടറി റെജി ജോര്‍ജിനും (ഇപ്പോഴത്തെ നാഷണല്‍ പ്രസിഡന്റ്) ശേഷം ചിക്കാഗോയില്‍ നിന്ന് ജോസ് കണിയാലി പ്രസിഡന്റും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടാജ് മാത്യു സെക്രട്ടറിയും ആയതോടെ പ്രസ് ക്ലബ് കൂടതല്‍ ഉയരങ്ങളിലെത്തി. (
അവര്‍ക്കു ശേഷം ഫ്‌ളോറിഡയില്‍ നിന്നു മാത്യു വര്‍ഗീസ് പ്രസിഡന്റും ന്യു ജെഴ്‌സിയില്‍ നിന്നു മധു കൊട്ടാരക്കര ജനറല്‍ സെക്രട്ടറിയുമായി. ഇപ്പോള്‍ ടാജ് മത്യു പ്രസിഡന്റും  വിന്‍സന്റ് ഇമ്മാനുവല്‍ ജനറല്‍ സെക്രട്ടറിയും) കൂടുതല്‍ ചാപ്റ്ററുകളും അംഗങ്ങളുമായി. സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്നും പ്രമുഖരെത്തി.

ദേശീയ തലത്തിലെ സമ്മേളനം നടക്കുമ്പോള്‍ തന്നെ ചാപ്റ്റര്‍ തലത്തിലുള്ള സമ്മേളനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കാനായത് മറ്റൊരു നാഴികക്കല്ലായി.

പൊതുവെ രാഷ്ട്രീയമോ പരസ്പരം തല്ലുകൂടലോ ഇല്ല എന്നതാണ് പ്രസ് ക്ലബിന്റെ പ്രത്യേകത. അതിനു പല കാരണങ്ങളുണ്ട്.
വരുംകാലങ്ങളിലും നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മാതൃകയായി പ്രസ് ക്ലബ് നിലകൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

-----------------------
'0' വട്ടത്തിലൊരു മാധ്യമ പ്രവര്‍ത്തനം

(2013 പ്രസ് ക്ലബ് സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറില്‍ നിന്ന്)

പാലക്കാട് നിന്നും 30 മൈല്‍ അകലെ ഒരു കുടുംബത്തിലെ പത്തുപേര്‍ കൂട്ട ആത്മഹത്യ ചെയ്തു. പാലക്കാട് നിന്നും അച്ചടിക്കുന്ന മലയാള മനോരമ ആ വാര്‍ത്ത എങ്ങനെ കൊടുക്കും?

അകത്തെ പേജില്‍ ഒരു ചെറിയ വാര്‍ത്ത. കാരണം നിസാരം. ആത്മഹത്യ നടന്നത് തമിഴ്‌നാട്ടില്‍. മരിച്ചവരെല്ലാം തമിഴര്‍. മനോരമ വായനക്കാരായ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ ആ കൂട്ട ആത്മഹത്യയെപ്പറ്റി അത്രയൊന്നും അറിയാന്‍ ഒരു ആകാംക്ഷയുമില്ല. അത്യാവശ്യ വിവരം കേട്ടാല്‍ മതി.

2009മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ആയിരക്കണക്കിന് അകലെ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരായില്‍ മലയാളിയായ ദേവരാജന്‍ കളത്താട്ട് അഞ്ചു കുടുംബാംഗങ്ങളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. സ്വന്തം മക്കളായ അഖില്‍ ദേവ്, 11, നേഹ, 4, ഭാര്യാ സഹോദരന്‍ അശോക് അപ്പു പുതംകണ്ടി, ഭാര്യ സുചിത്ര, അവരുടെ 11 മാസം പ്രായമുള്ള മകള്‍ അഹന എന്നിവരാണു മരിച്ചത്. ദേവരാജന്റെ ഭാര്യ ആഭ (വയനാട്ടിലെ പാടിവയല്‍ സ്വദേശിനി) കഷ്ടിച്ച് രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ചികിത്സയില്‍ തന്നെ. ഇപ്പോഴും അവ്രക്ക് അറിയില്ല ഭര്‍ത്താവ് ഇത് ചെയ്തത് എന്തിനെന്ന്.

ഈ വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ ഒന്നാം പേജില്‍ തന്നെ വളരെ പ്രാധാന്യത്തോടെ വന്നു. ദൂരമോ മരിച്ചവര്‍ വെള്ളക്കാരോ കറുത്തവരോ അല്ല എന്നതു പ്രശ്‌നമായില്ല.

അമേരിക്കയെ മൊത്തം ബാധിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ സാന്താക്ലാരാ കൂട്ടമരണത്തി നുണ്ടായിരുന്നു. ദേവരാജന്‍ നിഷ്പ്രയാസം തോക്കുകള്‍ വാങ്ങിയത്, ഐ.ടി രംഗത്തുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങളാണോ ഇതിനു കാരണമായത്? (അല്ലെന്ന് പിന്നീടുള്ള വിവരങ്ങള്‍), വിദേശത്തുനിന്നു വരുന്നവര്‍ നേരിടുന്ന മാനസീക സംഘര്‍ഷം എന്നുവേണ്ട ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഈ സംഭവത്തിനു പിന്നിലുണ്ടെന്നു ടൈംസ് കണ്ടു

നേരേ മറിച്ച് തമിഴ്‌നാട്ടിലെ കൂട്ടക്കൊല ഒരു പ്രാദേശിക സംഭവം മാത്രം. തമിഴ് നാട് വളരെ അടുത്താണെങ്കിലും മാനസീകമായി വളരെ ദൂരത്ത്.

കേരളത്തിലേയും അമേരിക്കയിലേയും പത്രപ്രവര്‍ത്തനത്തിലെ പ്രധാന വ്യത്യാസമാണ് ഇവിടെ കണ്ടത്. അമേരിക്കയിലെ ദേശീയ പത്രങ്ങള്‍ക്ക് അമേരിക്ക മൊത്തം ആണ് ക്യാന്‍വാസ്. കേരളത്തിലെ ദേശീയ പത്രങ്ങളായ മനോരമക്കോ, മാതൃഭൂമിക്കോ ഒക്കെ പ്രധാന ക്യാന്‍വാസ് കേരളംമാത്രം.

പിന്നെ കുറച്ച് ദേശീയ രാഷ്ട്രീയം. മേമ്പൊടി പോലെ ചില അന്താരാഷ്ട്ര വാര്‍ത്തകള്‍. എത്ര ഇടുങ്ങിയ കാഴ്ചപ്പാടാണ് നാം പുലര്‍ത്തുന്നത്?

അമേരിക്കയിലെ പ്രാദേശിക പത്രങ്ങളും ഇതേ സ്ഥിതി തന്നെ പിന്തുടരുന്നു. ന്യൂയോര്‍ക്കിലിരിക്കുന്നയാള്‍ കാലിഫോര്‍ണിയയില്‍ പത്തു പേര്‍ ചത്തതും കെട്ടതും വളരെ വിശദമായി വായിച്ചിട്ട് എന്തു കാര്യമെന്ന ചോദ്യവും വരാം. അമേരിക്കയില്‍ നല്ലൊരു പങ്ക് പത്രം വായിക്കുന്നവരോ അടിസ്ഥാന വിജ്ഞാനം ഉള്ളവരോ അല്ലെന്നുള്ള ദുഖ സത്യവും മറക്കുന്നില്ല.

കേരളമാകുന്ന ചുരുങ്ങിയ ലോകത്തേക്ക് ഒതുങ്ങുന്ന മാധ്യമങ്ങള്‍ പിന്നെ അവിടെ വാര്‍ത്ത തേടി നെട്ടോട്ടമാണ്. 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ കൂടി വന്നതോടെ സ്ഥിതി വഷളായി. എന്തു പൊട്ടുംപൊടിയും വാര്‍ത്തയായി. എന്തു നടന്നാലും നടന്നില്ലെങ്കിലും വാര്‍ത്ത വരുമെന്നായി സ്ഥിതി. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നു. കടുത്ത മത്സരം കൂടി വന്നതോടെ വാര്‍ത്തയുടെ പ്രധാന്യമോ സത്യാവസ്ഥയോ ഒന്നും പ്രശ്‌നമല്ലെന്നായി.

ഈ സ്ഥിതി മാറ്റാന്‍ മാധ്യമലോകത്തിനാകുമോ? ജനത്തിനു വേണ്ടതാണല്ലോ മാധ്യമങ്ങള്‍ കൊടുക്കേണ്ടത്. തമിഴ്‌നാട്ടിലെ ആത്മഹത്യാകാര്യം ജനത്തിനു വേണ്ടെങ്കില്‍ അതു വാരിവലിച്ചിട്ട് എന്തുകാര്യം?

മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുമ്പ് നമ്മുടെ സമ്മേളനത്തില്‍ തന്നെ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. 1967ല്‍ കോഴിക്കോട് മനോരമയുടെ എഡിഷന്‍ ആരംഭിക്കുന്ന കാലം. കോട്ടയത്തിനു പുറമേയുള്ള ആദ്യ പ്രിന്റിംഗ്യൂണിറ്റാണു. അവിടെ ആധിപത്യമുള്ള മാതൃഭൂമി മര്യാദയ്ക്ക് അന്താരാഷ്ട്രദേശീയ വാര്‍ത്തകളൊക്കെ ഭംഗിയായി കൊടുത്തുവന്നിരുന്നു.

മനോരമ ചെന്നപാടെ പ്രാദേശിക കാര്യങ്ങള്‍ പൊക്കിക്കൊണ്ടു വരാന്‍ തുടങ്ങി. നഗരസഭാ കൗണ്‍സിലിലെ വാഗ്വാദം, കയ്യാങ്കളി, മിഠായി തെരുവിലെ അനാശാസ്യം, പിടിച്ചുപറി ഇതൊക്കെയായി ഒന്നാം പേജിലെ വാര്‍ത്തകള്‍.

ജനം ഇറാക്കിലെ ബോംബിംഗ് വായിക്കുമോ അതോ നഗരസഭാ കൗണ്‍സിലിലെ കയ്യാങ്കളി വായിക്കുമോ? മനോരമ അങ്ങനെ പ്രചാരത്തില്‍ അടിച്ചുകയറി. പിന്നീടൊരിക്കലും മാതൃഭൂമിക്ക് മലബാറില്‍ ഒന്നാം സ്ഥാനത്തുവരാന്‍ കഴിഞ്ഞിട്ടില്ല. ഇതിക്കെ പത്രപ്രവര്‍ത്തനത്തെ ഒരു പരുവത്തിലാക്കിഎന്നു തോമസ് ജേക്കബ് പറഞ്ഞത് ഓര്‍ക്കുന്നു. ടീവി, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകള്‍ വന്നതോടെ മാധ്യമ രംഗത്തെ തകര്‍ച്ച ഏതാണ്ടു പൂര്‍ണമായി.

ജാതി തിരിച്ചും ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലും ഉള്ള പത്രപ്രവര്‍ത്തനമാണ് പ്രശ്‌നമായിരിക്കുന്നത്. വായനക്കാരില്‍ ബഹുഭൂരിഭാഗവും എതെങ്കിലും ഒരു വിഭാഗത്തിലെ ആളുകളായിരിക്കും. അപ്പോള്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചോ, പ്രാധാന്യം നല്‍കാതെയോ ഒക്കെ പ്രസിദ്ധീകരിക്കാനുള്ള ത്വരയും വരുന്നു. വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെ നോക്കിയാണ് മാധ്യമ പ്രവര്‍ത്തനം.

അടുത്തയിടയ്ക്ക് ഇത് വളരെ പ്രകടമായി കണ്ടത് അഭയ കേസ് റിപ്പോര്‍ട്ടിംഗിലാണ്. അന്നത്തെ പത്രങ്ങളോ ടിവി റിപ്പോര്‍ട്ടുകളോ വീണ്ടുമൊരാവര്‍ത്തി കണ്ടാല്‍ ഛര്‍ദ്ദിക്കാന്‍ വരും. പത്രധര്‍മ്മവും സത്യസന്ധതയും എവിടെ പോയി. ഗുജറാത്തില്‍ ഇത്തരമൊരവസ്ഥ ഉണ്ടായിരുന്നു. 80കളുടെ മധത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് പ്രസിഡന്റായിരുന്ന് വിക്രം റാവു, ഗുജറാത്തിലെ പത്രങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന നൂണകള്‍ എഴുതുന്നുവെന്നു പരാതിപ്പെടുകയുണ്ടായി.

ഈ സ്ഥിതിക്കൊക്കെ ഒരു മാറ്റം വരുമോ? '0' വട്ടത്തിലുള്ള സംസ്ഥാനത്ത് ഒതുങ്ങുന്ന പത്രപ്രവര്‍ത്തനമാകുമ്പോള്‍ മാറ്റങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ടിവിയില്‍ 24 മണിക്കൂറില്‍ എന്തെങ്കിലും കാണിക്കണമല്ലോ?

കേസുകളും, ജനത്തിന്റെ ശക്തമായ എതിര്‍പ്പും, ജനത്തിന്റെ അഭിരുചിയിലെ മാറ്റവുമൊക്കെ സ്ഥിതി മെച്ചപ്പെടുത്താം.
പക്ഷെ അതിനു കാത്തിരിക്കണം.

---------------------------------------------------------------------------------
മാധ്യമ രംഗം അമേരിക്കയില്‍

(ഇന്ത്യാ പ്രസ് ക്ലബ് സുവനീറില്‍ നിന്ന് )

ചെന്നൈയിലെ കേരള സമാജം ഓഫീസ് 1897ല്‍ തുടങ്ങി. സര്‍ സി ശങ്കരന്‍ നായര്‍ അതേ വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ മലയാളി കുടിയേറ്റം ആരംഭിച്ചതിന് തെളിവുകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു പുറമെ കൊളംബ് (ശ്രീലങ്ക), മലയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറ്റം നടന്നു. 194050കളില്‍ ഹൈറേഞ്ച്, മലബാര്‍ എന്നിവിടങ്ങളിലേക്കായി തിരുവിതാംകൂറുകാരുടെ കുടിയേറ്റം. 5060കളില്‍ഗള്‍ഫ് നാടുകളിലേക്കായി അത്.

1930 ല്‍ മിത്രപുരം അലക്‌സാണ്ടറിനെപ്പോലുള്ളവര്‍ അമേരിക്കയില്‍ വന്നെങ്കിലും കുടിയേറ്റ സാധ്യത തെളിഞ്ഞത് അറുപതുകളിലാണ്. 1965ല്‍ ഏഷ്യക്കാര്‍ക്കും യു.എസ് പൗരത്വം നല്‍കാന്‍ അനുമതി നല്കുന്ന ബില്ലില്‍ ഒപ്പിട്ടുകൊണ്ട് പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ പറഞ്ഞു: 'ഇത് അത്രയധികം പേരെയൊന്നും ബാധിക്കുന്ന നിയമമല്ല'. ആ പരാമര്‍ശം പരമാബദ്ധയെന്നു പില്‍ക്കാലത്ത് തെളിഞ്ഞു. ഇന്നിപ്പോള്‍ 31 കോടി അമേരിക്കക്കാരില്‍ രണ്ടുകോടിയോളം വരും (5.3%) ഏഷ്യക്കാര്‍. ഇന്ത്യക്കാര്‍ 30 ലക്ഷത്തിലേറെ. മലയാളികള്‍ മൂന്നുമുതല്‍ അഞ്ചുലക്ഷം വരെ. തെക്കേ അമേരിക്കയില്‍ നിന്നു വന്നവരും ഏഷ്യക്കാരും ചേര്‍ന്നാണ് ഇത്തവണ പ്രസിഡന്റ് ഒബാമയെ വിജയിപ്പിച്ചതുതന്നെ.

ശ്രീലങ്കയിലും മലയയിലും മലയാളികള്‍ ഇപ്പോള്‍ അധികമില്ല. ഏറെ കഴിയും മുമ്പ് ഗള്‍ഫിലും ഇതുതന്നെ സംഭവിക്കും. എന്നാല്‍ അമേരിക്കയില്‍ മലയാളികളുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുമെന്ന അപൂര്‍വ്വ പ്രതിഭാസമാണ് കാണുന്നത്. കുടിയേറ്റം വഴി പുതുതായി ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. വരുന്നവരൊന്നും തിരിച്ച് പോകാന്‍ തല്പരരുമല്ല.

പണ്ട് മലബാറും മദ്രാസും ബോംബെയുമൊക്കെ വിദൂര സ്ഥലങ്ങളായിരുന്നു. ഇന്ന് ഇങ്ങനെ ആരും കണക്കാക്കുന്നില്ല. അതേ സ്ഥിതിയിലാണ് അമേരിക്ക ഇപ്പോള്‍. കൊങ്കണ്‍ റെയില്‍ വഴിയും കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ വേണം. എന്നാല്‍ നോണ്‍ സ്‌ടോപ് ഫ്‌ലൈറ്റില്‍ ബോംബെയിലോ ഡല്‍ഹിയിലോ എത്താന്‍ 15 മണിക്കൂര്‍ മതി. കൊച്ചിയിലേക്കു സര്‍വീസ് തുടങ്ങിയാലും ഇതേ സമയം മതി.

കേരളത്തിന്റെ ഒരു കൊച്ചു പതിപ്പ് അമേരിക്കയില്‍ വളര്‍ന്നുവരുന്നു. അമേരിക്കയില്‍ ജീവിക്കുമ്പോഴും മലയാളിത്തം പൂര്‍ണമായി വിടാനാഗ്രഹിക്കാത്തവര്‍. കേരളവുമായുള്ള പുക്കിള്‍കൊടി ബന്ധം അറുത്തുമാറ്റാന്‍ വിസമ്മതിക്കുന്നവര്‍.

അതുകൊണ്ടു തന്നെ അമേരിക്കയില്‍ ഒരു വെടിവെയ്പുണ്ടായാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ പെട്ടെന്ന് ജാഗരൂകരാകും. മലയാളികളുണ്ടോ അതില്‍? അയാളുടെ ബന്ധുക്കള്‍ കേരളത്തില്‍ എവിടെയാണ്?

അമേരിക്കന്‍ മലയാളി കേരളത്തിന്റെ ഒരു എക്‌സടേന്‍ഷനാകുമ്പോള്‍ കേരളവുമായുള്ള ബന്ധം ശാശ്വതമായി നിലനില്‍ക്കാന്‍ അവരാഗ്രഹിക്കുന്നു. അതുപോലെ തന്നെ അമേരിക്കയെപ്പറ്റിയുള്ള യഥാര്‍ത്ഥ ചത്രം കേരളത്തിലും ഉണ്ടാകണമെന്നും അവര്‍ അവരാഗ്രഹിക്കുന്നു.

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച എന്ന വാര്‍ത്ത വന്നാല്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്താണു മനസിലാക്കുക? രണ്ടും മുന്നും അടിയോ കൂടുതലോ മഞ്ഞു വീണു ജീവിതം ദുരിതപൂര്‍ണമാകുന്നത് അറിഞ്ഞു തന്നെ മനസിലാക്കണം. ഓഹിയോ എന്നല്ല ഒഹായോ എാണു പറയേണ്ടതെന്നും നിക്കി ഹാലി അല്ല, ഹേലി ആണെന്നും ഉറപ്പായി മനസില്‍ കയറാന്‍ അമേരിക്കന്‍ ബന്ധം സഹായിക്കുമെന്നുറപ്പ്.

ഈ താത്പര്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരം. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനെയെങ്കിലും ഓരോ വര്‍ഷവും അമേരിക്കയില്‍ കൊണ്ടുവരികയും, അവിടുത്തെ ജീവിതരീതി ബോധ്യമാക്കുകയും എന്നതാണ് പ്രസ് ക്ലബ് ലക്ഷ്യമിടുത്. ചിലപ്പോഴതിനു സാങ്കേതിക തടസം വരാം.എങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് കേരളത്തിലെ അര്‍ഹരായവരെ ആദരിക്കാന്‍ പ്രസ് ക്ലബ് ശ്രമിക്കുന്നു. ഒരര്‍ത്ഥത്തില്‍ കെ.യു.ഡ'ഡബ്ലിയു.ജെയുടെ വിദേശ ശാഖയായി പ്രസ് ക്ലബിനെ കരുതാം.

വിചിത്രമായി തോന്നാം, അമേരിക്കന്‍ പൗരത്വമെടുത്ത ഇന്ത്യക്കാരാണ് ഇന്ത്യയെ ഏറ്റവും അധികം സ്‌നേഹിക്കുന്നത്! ഇന്ത്യയുടെ കാര്യത്തില്‍ അവര്‍ പലപ്പോഴും 'ഫണറ്റിക്' ആകുന്നു. മലയാളിയുടെ സ്ഥിതിയും അതുതന്നെ. അമേരിക്കയിലാണെങ്കിലും ഞങ്ങളുടെ 'ഹൃദയവും മനസും കേരളത്തില്‍ തന്നെ.'

കുടിയേറ്റം ശക്തിപ്പെട്ട എഴുപതുകളില്‍ തന്നെ അമേരിക്കയില്‍ മലയാള മാധ്യമങ്ങള്‍ ഉണ്ടായി. വെട്ടി ഒട്ടീക്ക്ന്നു പത്രങ്ങളും, കൈയ്യെഴുത്തു മാസികകളും, ഇഷ്ടമുള്ളപ്പോള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ 'ഇഷ്ടിക' എന്നു വിളിക്കപ്പെട്ട പ്രസിധീകരണങ്ങളും. പക്ഷെ അതൊരു ജീവിതോപാധിയായിയിരുില്ല ആര്‍ക്കും.
പ്രൊഫഷണല്‍ തലത്തില്‍ ആദ്യം ഉണ്ടായ പ്രസിദ്ധീകരണം 1990ല്‍ ന്യു യോര്‍ക്കില്‍ നിന്നാരംഭിച്ച മലയാളം പത്രമാണു. എങ്കിലും നാമ മാത്രമായ പത്ര പ്രവര്‍ത്തകരാണു അമേരിക്കയില്‍ ഉണ്ടായിരുന്നത്. മുഖ്യധാര മാധ്യമങ്ങളിലും മലയാളികള്‍ ചുവടുറപ്പിക്കാനരംഭിച്ചത് 20000നു ശേഷമാണു. അപ്പോഴേക്കും കേരളത്തില്‍ നിന്നു ടെലിവിഷന്‍ ചാനലുകള്‍ എത്തി. അതോടെ ഫലത്തില്‍ മാധ്യമ രംഗത്ത് ഒരു വിസ്‌ഫോടനം തന്നെ ഉണ്ടായി. മാധ്യമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ഉണ്ടായി.

ഇന്റര്‍നെറ്റ് ശക്തിപ്പെട്ടതോടെ എഴുത്തുകാരും കൂടി. വാര്‍ത്തകള്‍ എഴുതുന്നവര്‍ മാത്രമല്ല ലേഖനവും കഥയും കവിതയും എഴുതുവരുടെ എണ്ണം കൂടി. അഥവാ അവര്‍ക്കു ഒരു വേദി തുറന്നു കിട്ടി.
ഈ ഒരു സാചര്യത്തിലാണു പ്രസ് ക്ലബ് എന്ന ആശയം ശക്തിപ്പെട്ടത്. 199798 കാലത്ത് ഒരു പ്രസ് ക്ല്ബ്ബ് സ്ഥാപിക്കാന്‍, ലേഖകനും ജോര്‍ജ് തുമ്പയില്‍, തോമസ് മുളക്കല്‍ എന്നിവരും ശ്രമം നടത്തിയാണു. പക്ഷെ കൂടുതല്‍ അംഗങ്ങളെ കിട്ടുകയുണ്ടായില്ല.

ടിവിയും ഇന്റര്‍നെറ്റും വതോടെ അതു മാറി. മാധ്യമ പ്രവര്‍ത്തകരെങ്കിലും സ്ഥാപങ്ങളില്‍ നിന്നു പ്രതിഫലം ലഭിക്കാതെയാണു മിക്കവരും പ്രവര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്നാല്‍ ഇക്കാര്യത്തില്‍ ചില പരിഹാരം ഉണ്ടാക്കാമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇന്ത്യാ പ്രസ് ക്ലബിന്റെ തുടക്കം. സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപ്പുറം എന്നിവരായിരുന്നു അതിനു വഴിമരുന്നിട്ടത്.

തുടര്‍ന്നു കേരളത്തില്‍ നിന്നുള്ള പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു വന്നു സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടത്തുക എന്നത് പ്രവര്‍ത്തനങ്ങളൊയി. മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ് തുടക്കം കുറിച്ച സെമിനാര്‍ പിന്നീടു രണ്ടും മൂന്നും ദിനം തുടരുന്ന കണ്‍ വന്‍ഷനായി.
ഇവിടെയുള്ളവരൊക്കെ പത്രപ്രവര്‍ത്തകരാണോ? അവരാണ് ശരിക്കുമുള്ള പത്രപ്രവര്‍ത്തകര്‍ എന്ന് മറുപടി. മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ക്ക് അത് ഒരു ജോലിയാണ്. ശമ്പളം കിട്ടുന്ന ജോലി.

അമേരിക്കയില്‍ ടിവിയും ഇന്റര്‍നെറ്റുമായി മല്ലടിക്കുവര്‍ സ്വന്തം സമയം കളഞ്ഞ് കയ്യിലെ കാശും ചെലവാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. മാധ്യമങ്ങളോടുള്ള സ്‌നേഹം ആണ് അവരെ ഇത്തരം അര്‍പ്പണ ബോധത്തിലേക്ക് നയിക്കുന്നത്. പലര്‍ക്കും ന്നായി എഴുതുവാന് അറിയില്ലായിരിക്കാം. വ്യാകരണ തെറ്റോ, അക്ഷര തെറ്റോ എഴുത്തില്‍ ഉണ്ടാകാം. പക്ഷെ വിദൂര നാട്ടിലും അക്ഷരത്തോടുള്ള ആഭിമുഖ്യം കാക്കുന്നവരാണവര്‍.

Join WhatsApp News
Editor of Ottippu & Pattippu pathram 2014-10-21 12:49:20
എന്ത് പ്രസക്തി? ഒരു പ്രസക്തിയും ഇല്ല! ഇവിടെ ഇ-പത്രങ്ങളിൽ ഒരു രണ്ടുമൂന്നു പേര് വച്ച് ഒന്ന് രണ്ടു വാർത്തയിടുക പിന്നെ നാട്ടിൽ രണ്ടെണ്ണം മനോരമക്കും മാതൃഭൂമിക്കും അയച്ചു കൊടുക്കുക. അതോടെ ജേർനലിസത്തിന്റെ കോഴ്സ് കഴിഞ്ഞു. പിന്നെ ഫോമയുടെയോ ഫോക്കാനയുടെയോ വാർത്തകൾ എഴിതിവിട്ടാൽ ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു. പത്രപ്രവർത്തനത്തിനുള്ള രണ്ടു അവാർഡും കാശുകൊടുത്ത് സംഘടിപ്പിച്ചാൽ സംഗതി കുശാലായി. ഇന്നാളു ഒരുത്തോനോട് ചോതിച്ചപ്പോൾ പറഞ്ഞു അവൻ മനോരമയിൽ ലേഖകനായി വർക്ക് ചെയ്യിതിട്ടുന്ടന്നു പറഞ്ഞു. കൂടുതൽ ചോതിച്ചപ്പോൾ പറഞ്ഞു അമേരിക്കയിലുള്ള വാര്ത്ത കോപ്പി ചെയ്യുത് പ്രവാസി വിഭാഗത്തിൽ ഇടും അതല്ലാതെ മനോരമയുടെ അടുത്തുകൂടി പോയിട്ടില്ലെന്ന് പറഞ്ഞു. ഇവിടെയുള്ള പ്രസ്സ് ക്ലബു അംഗങ്ങളെ നാട്ടിൽ വച്ച് കണ്ടാല്ൽ ആ വശത്തെക്ക് തിരിഞ്ഞു നോക്കില്ല ഓടിക്കളയും/ ഇവിടെ വന്നാൽ അവരു ഇവിടെയുള്ളവരുടെ കയ്യിലെ കാശ് മുഴുവൻ മുടിപ്പിക്കും. ഇവരെ സംബന്ധിച്ചു 'പനച്ചിയെ' അറിയാം 'ബ്രിട്ടാസീനെ' അറിയാം എന്നൊക്കെ പറഞ്ഞോണ്ട് നടക്കുകയും കുറച്ചു ഫോട്ടോ എടുക്കുകയും ചെയ്യാം. അതിൽ കവിഞ്ഞു ഓർ പ്രസക്ക്തിയും ഇല്ല. പിന്നെ പ്രസ്സ് ക്ല്ബ്ബന്നൊക്കെ പറഞ്ഞാൽ ഒരു ഗമയല്ലേ? വിവര്മില്ലാത്തതും പൊങ്ങ്ന്മാരുമായ അല്ല്ക്കാരെ കറക്കാൻ കൊള്ളാം
vinayen 2014-10-21 18:45:45
എനിക്ക് ഭക്ഷണത്തോട് വളരെ ആഭിമുഖ്യം ആണ്.മട്ടൻ ബിരിയനിയോടാണ് കൂടുതൽ സ്നേഹം.എന്നുവച്ച് ഞാൻ ഉണ്ടാക്കിയ ബിരിയാണി കഴിച്ചാൽ  കഴിക്കുനനവൻ കക്കുസ് എവിടെയന്നു ചൊദിച്ചാൽ മതി. ഇതുപോലെ ആണ് പ്രസ്‌ ക്ലബ്ബിന്റെ മാധ്യമങ്ങളോടുള്ള സ്നേഹം. നാട്ടിന്നു വരുന്ന പഞ്ചായത്ത് പ്രസിഡന്റ്‌ മുതലായ മഹാന്മ്മാരെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യുക , അവര്ക്ക് സ്വീകരണം സംഖടിപ്പികുക  ഇതാണ് പ്രധാന കലാപരിപാടികൾ. ഈ ന്യൂ യോര്കിൽ ഉള്ളവര്ക്ക് വേറെ ഒരു പണിയും ഇല്ലേ ? എനിക്കതല്ല പേടി -നാളെ നമ്മുടെ വീട്ടില് ഒരു പാർട്ടി നടത്തിയാൽ അതിനു നോക്ക് കൂലി കൊടുക്കേണ്ടി വരുമോന്നാ ?



Editor, Cut & Paste Daily 2014-10-21 19:55:09
നമ്മളുടെ വില കുറയ്ക്കുന്ന രീതിയിൽ കമന്റ്‌ എഴുതരുത് പത്രാതിപരെ
എഡിറ്റർ, പരദൂഷണം 2014-10-21 20:22:11
ഹോ അങ്ങനെ അങ്ങ് ബേജാറാകാതെ പത്രാധിപരെ? ഇതെന്നാ വെള്ളരിക്കാ പട്ടന്മാണോ? പത്ര പ്രവര്ത്തനത്തിന് പ്രസ് ക്ലുബിനും ഒക്കെ പോകണം എങ്കിൽ കുറച്ചു തൊലികട്ടി വേണം. അതില്ലെങ്കിൽ ഈ പണി നിറുത്തി വീട്ടിപോ. ഞങ്ങക്കറിയാം ഇതെങ്ങനെ ഓടിക്കണം എന്ന്. - ----എത്ര കുളം കണ്ടിരിക്കുന്നു . കുളം എത്ര ------------കണ്ടിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക