Image

പുനര്‍ജ്ജനി (ചെറുകഥ:റീനി മമ്പലം)

Published on 22 October, 2014
പുനര്‍ജ്ജനി (ചെറുകഥ:റീനി മമ്പലം)
കിടക്കമുറിയുടെ പാതിചാരിയ വാതിലിലൂടെ അമ്പിളി അകത്തേക്ക്‌ നോക്കി. സുരേഷ്‌ ക്ഷീണിച്ച്‌ കിടക്കുകയാണ്‌. `ഈശ്വരാ' അറിയാതെ ഒരു നെടുവീര്‍പ്പ്‌ അവളില്‍ നിന്നുയര്‍ന്നു. നല്ല ക്ഷീണം കാണും. രാവിലെ കുറെ സമയം ആശുപത്രിയില്‍ ചെലവഴിച്ചതല്ലേ?

മുറിയില്‍കയറി കിടക്കമേല്‍ സുരേഷിനടുത്തിരുന്ന്‌ അയാളുടെ കൈകളില്‍ മെല്ലെ തലോടി. അയാള്‍ കണ്ണുകള്‍ ആയാസപ്പെട്ട്‌ തുറന്നു. അവള്‍ അയാളുടെ നെറ്റിത്തടത്തില്‍ ഉമ്മവെച്ചു, ഒരു കൊച്ചുകുട്ടിയെ എന്നവണ്ണം.

`ഉറങ്ങിക്കോളു' ഉണര്‍ത്തിയതിന്റെ കുറ്റബോധത്തിലവള്‍ പറഞ്ഞു.

ജനാലക്കരികിലേക്കവള്‍ നീങ്ങി നിന്നു. ശൈത്യകാലമാണ്‌, പുറത്ത്‌ നല്ല തണുപ്പുണ്ട്‌.

ചീവീടുകള്‍പോലും കരയാത്ത ശൈത്യമാസങ്ങള്‍!

എല്ലായിടവും മഞ്ഞ്‌ മൂടിക്കിടക്കുന്നു. രാവിലെ മഞ്ഞ്‌ പെയ്‌തതിനാല്‍ മരച്ചില്ലകളില്‍ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞിന്‍ ശകലങ്ങള്‍. തെളിഞ്ഞ്‌ കത്തുവാന്‍ ശ്രമിക്കുന്ന സൂര്യന്റെ കിരണങ്ങളടിച്ച്‌ മരങ്ങളില്‍ നിന്ന്‌ അടര്‍ന്നു 
നിലം പതിക്കുന്ന മഞ്ഞിന്‍ കഷണങ്ങള്‍. വിന്ററിലെ നീണ്ട നിദ്രക്ക്‌ തയ്യാറല്ലാത്ത അണ്ണാറക്കണ്ണന്മാര്‍ പണ്ടെങ്ങോ പാത്തുവച്ച ഓക്കുമരത്തിന്റെ ഏക്കോണ്‍ കായകള്‍ തിരഞ്ഞ്‌ മഞ്ഞ്‌ മാന്തി നടക്കുന്നു.

ചുറ്റും നിറഞ്ഞു നില്‍ക്കുന്ന നിശബ്ദത അവളുടെ ചിന്തകള്‍ക്ക്‌ തുടക്കമിട്ടു. പലതും ഓര്‍ത്തു. ഇതുപോലെ മഞ്ഞുപെയ്യുന്നൊരു സന്ധ്യയിലാണ്‌ അവള്‍ സുരേഷിനെ ആദ്യമായി കണ്ടുമുട്ടിയത്‌. വൈകുന്നേരം ജോലിക്ക്‌ പോവുന്നതിനായി ബസും കാത്ത്‌ നില്‍ക്കുകയായിരുന്നവള്‍. വരാന്‍ വൈകുന്ന ബസിനെ ശപിച്ച്‌ മലയാളത്തില്‍ അവള്‍ പിറുപിറുത്തു. അതുകേട്ട്‌ തിരിഞ്ഞ്‌ അവളെ നോക്കിയൊരു മലയാളിയായിരുന്നു സുരേഷ്‌. ജോലികഴിഞ്ഞ്‌ തന്റെ വീട്ടിലേക്ക്‌ മടങ്ങുന്നതിനുള്ള ബസും കാത്ത്‌ നില്‍ക്കയായിരുന്നയാള്‍. മറുനാട്ടിലായിരികുമ്പോള്‍ ഒരു മലയാളി മറ്റൊരു മലയാളിയെ കാണുന്നതും പരിചയപ്പെടുന്നതും ആശ്വാസത്തോടെയാണ്‌. ആ പരിചയം വിവാഹത്തിലെത്തിച്ചു.

മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തുന്നതുപോലെയാണ്‌ അത്തരം പരിചയപ്പെടല്‍.

പകലുകള്‍ക്ക്‌ നീളം കുറഞ്ഞ്‌ അഞ്ച്‌ മണിയാവുമ്പോഴേക്കും ഇരുട്ടുന്ന ശൈത്യമാസത്തിലും അവരുടെ പ്രണയത്തിരി കത്തിനിന്നു. മഞ്ഞ്‌ പെയ്‌തിരുന്ന രാത്രികളില്‍ അയാളുടെ ചൂടില്‍ അവളമര്‍ന്നു. അങ്ങനെയൊരു രാവിലാണ്‌ അവള്‍ കരീനയെ ഗര്‍ഭം ധരിച്ചത്‌.

ഓര്‍മ്മകളുടെ താഴ് വരകളിലെവിടെയൊ മഞ്ഞില്‍പ്പൊതിഞ്ഞൊരു മരക്കമ്പ്‌ അടര്‍ന്നുവീണു.

സുരേഷിന്‌ അസുഖം തുടങ്ങുമ്പോള്‍ കരീന കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ഇപ്പോള്‍ സുരേഷിന്‌ ഡയാലസിസ്‌ വേണമെന്ന നിലയായി. ഡോക്ടേര്‍സ്‌ സുരേഷിനെ കിഡ്‌ണി ട്രാന്‍സ്‌പ്‌ളാന്റ്‌ ആവശ്യമുള്ളവരുടെ ലിസ്റ്റില്‍ ചേര്‍ത്തു. ട്രാന്‍സ്‌പ്‌ളാന്റ്‌ നടക്കുംവരെ ഡയാലസിസ്‌ വേണം.

കരീനയുടെ പഠനം കഴിഞ്ഞ്‌ അവള്‍ക്ക്‌ പട്ടണത്തില്‍തന്നെ ജോലിയാണ്‌. `മാസ്‌റ്റേര്‍സിന്‌ പിന്നീട്‌ പോകാം' അവള്‍ പറഞ്ഞു. മനസ്സ്‌ നീറുമ്പോഴും കരീനയെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ സന്തോഷം തോന്നി. അഛനെയും അമ്മയെയുംകുറിച്ച്‌ വളരെ കരുതലും ഉത്തരവാദിത്വവും ഉള്ള കുട്ടി. പ്രായത്തില്‍ കവിഞ്ഞ പക്വത. ഡാഡിക്ക്‌ വിശ്രമം ആവശ്യമെന്ന്‌ തോന്നുന്നതുകൊണ്ടാവാം അവളുടെ മുറിയില്‍നിന്നുയരുന്ന മ്യൂസിക്കിന്റെ ശബ്ദം പോലും കുറവാണിപ്പോള്‍.

`എന്റെ പ്രിന്‍സസ്‌' അയാള്‍ കരീനയെക്കുറിച്ച്‌ പറഞ്ഞു.

`എനിക്ക്‌ ജീവിതത്തില്‍ കിട്ടാതിരുന്നതെല്ലാം എനിക്ക്‌ എന്റെ മകള്‍ക്ക്‌ നല്‍കണം' സുരേഷ്‌ ഇടക്കിടെ അത്‌ പറയുമ്പോള്‍ ഹൃദയം നിറയെ പിതൃസ്‌നേഹമായിരുന്നു.

അന്നുരാവിലെ ആദ്യമായി ആശുപത്രിയുടെ ഡയാലസിസ്‌ യൂണിറ്റില്‍ പോയത്‌ അല്‍പം അമ്പരപ്പോടെയാണ്‌.

`ഹായ്‌, ഐ ആം ക്രിസ്റ്റന്‍, ഐ വില്‍ ബി യുവര്‍ നേഴ്‌സ്‌ നൗ ഓണ്‍' നേഴ്‌സ്‌ സുരേഷിനോട്‌ പറഞ്ഞു. `മിസിസ്‌ നായര്‍, നിങ്ങള്‍ ആശുപത്രി കഫെറ്റീരിയയില്‍ പോയി കാപ്പി കുടിച്ച്‌, ഒരു മാസികയും മറിച്ചുനോക്കി വരു. അപ്പോഴെക്കും മിസ്റ്റര്‍ നായരുടെ ഡയാലസിസും കഴിഞ്ഞിരിക്കും' ക്രിസ്റ്റന്‍ പ്രസന്നവതിയായി അമ്പിളിയുടെ നേരെ ഒരു ചിരിയെറിഞ്ഞ്‌ പറഞ്ഞു. സുന്ദരിയായ നേഴ്‌സ്‌, ഏകദേശം നാല്‍പ്പതിനോടടുത്ത്‌ പ്രായം കാണും. സ്വര്‍ണ്ണത്തലമുടിയിലും നീലക്കണ്ണുകളിലും അവര്‍ കൂടുതല്‍ സുന്ദരി.

`എനിക്ക്‌ ജോലിയുണ്ടല്ലൊ, ഡാഡി ഇനി വീക്കെന്റില്‍ ഓവര്‍ടൈം ചെയ്യേണ്ട. റെസ്റ്റ്‌ ചെയ്യു' കരീന കട്ടായം പറഞ്ഞു. `ഡാഡിക്ക്‌ സ്വന്തമായി ഒരു ലാപ്പ്‌ ടോപ്പ്‌ വാങ്ങിയാല്‍ സമയം കളയുവാന്‍ എളുപ്പമുണ്ട്‌. പല ഓണ്‍ലയിന്‍ മലയാളം പത്രങ്ങളും വായിക്കാം. ഞാന്‍ ഒരു ഈമെയില്‍ ഐഡിയും ഡാഡിക്ക്‌ സെറ്റപ്പ്‌ ചെയ്‌തുതരാം. നാട്ടില്‍ ഉള്ള ബന്ധുക്കളുമായി വിവരങ്ങള്‍ കൈമാറുകയും ചെയ്യാം' കരീന ആവേശത്തോടെ പറഞ്ഞു. അവള്‍ സുരേഷിന്‌ വേണ്ടി ലാപ്പ്‌ടോപ്പ്‌ വാങ്ങി, ഈമെയില്‍ ഐഡിയും പാസ്വേര്‍ഡും സെറ്റപ്പ്‌ ചെയ്‌തു.

ഡയാലസിസ്‌ തുടങ്ങിയതോടെ സുരേഷിന്റെ ഒളിച്ചോടിയ ഉത്സാഹം കുറെയൊക്കെ തിരികെ വരുന്നുവെന്ന്‌ അമ്പിളി അറിഞ്ഞു. നീണ്ട ജോലികഴിഞ്ഞ്‌ എനെര്‍ജി വാര്‍ന്നൊഴുകിയ ശരീരവുമായി അവള്‍ വീട്ടിലെത്തി. അവള്‍ വീട്ടിലുള്ള വിരളം രാവുകളില്‍ അയാള്‍ പ്രേമത്തോടെ അമ്പിളിയെ വലിച്ചടുപ്പിച്ച്‌ ചുംബനങ്ങളില്‍ പൊതിഞ്ഞു. അപ്പോഴെല്ലാം അമ്പിളി അയാളെ തള്ളി മാറ്റി `സുഖമില്ലാത്ത ആളാ'. താന്‍ സുരേഷിനെ ഒരു കളിമണ്‍ പാവയെപ്പോലെയാണിപ്പോള്‍ കരുതുന്നതെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അമര്‍ത്തിപ്പിടിച്ചാല്‍ പൊടിഞ്ഞുപോകുമെന്ന്‌ പേടി. കരീനയുടെ വിവാഹം കാണുവാന്‍ അയാള്‍ക്ക്‌ സാധിക്കണമെന്നതാണ്‌ അവളുടെ മോഹം.

സുരേഷ്‌ ജോലിചെയ്‌തിരുന്ന കടയില്‍ ആരോഗ്യസ്ഥിതിക്കനുസരിച്ച്‌ അയാള്‍ക്ക്‌ ലഘുവായ ജോലി കൊടുത്തു. ജോലി ചെയ്യുന്ന ആശുപത്രിയില്‍ അമ്പിളി പന്ത്രണ്ട്‌ മണിക്കൂര്‍ ഷിഫ്‌റ്റ്‌ ചെയ്‌തു.

സ്‌കൂളിലെ ഏതാനും കൗമാരക്കാര്‍ വെള്ളിയാഴ്‌ച രാത്രിയില്‍ സഞ്ചരിച്ച കാര്‍ അപകടത്തിലായി ഒരു കുട്ടി മരിച്ചുവെന്നും ആ കുട്ടിയുടെ ഓര്‍ഗന്‍സ്‌ എല്ലാം ദാനം ചെയ്‌തുവെന്നും ലോക്കല്‍ പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.

മറ്റൊരു ദിവസം വേറൊരു വാര്‍ത്ത. ഒരു കുടുംബം യാത്ര ചെയ്‌തിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ച്‌ കുടുംബനാഥന്‍ ആക്‌സിഡന്റ്‌ നടന്നയിടത്തുവെച്ചു തന്നെ മരണമടഞ്ഞുവെന്നും മരിച്ചയാളുടെ ഓര്‍ഗന്‍സ്‌ എല്ലാം ദാനം ചെയ്‌തുവെന്നും. അവള്‍ നിരാശയോടെ പേപ്പര്‍ വായിച്ചു. ഈ ഈ ഓര്‍ഗന്‍ ദാനങ്ങളില്‍ എല്ലാം വൃക്കകളും ഉണ്ടായിരുന്നിരിക്കണം. അമ്പിളി ഓര്‍ത്തു . ആ വൃക്കകളൊന്നും സുരേഷിനെ തേടി വന്നില്ല. സുരേഷിനെക്കാളേറെ വൃക്കകള്‍ ആവശ്യമുള്ള ആരെങ്കിലും കാണും, അമ്പിളി ആശ്വസിക്കുവാന്‍ ശ്രമിച്ചു.

വസന്തം വന്നു. പുറത്ത്‌ സൂര്യന്‍ തെളിഞ്ഞുകത്തി.

കണ്ണാടി ജനലുകള്‍ തുളച്ച്‌ സൂര്യകിരണങ്ങള്‍ വീടിനുള്ളില്‍ ആവളുടെ ചുരുളന്‍ മുടിയെയും അരളിപ്പൂക്കളെയും ഉമ്മവെച്ചു. മുറ്റത്തെ എവര്‍ഗ്രീന്‍ ചെടിയില്‍ ഇണക്കിളികള്‍ കൊഞ്ചിയിരുന്നു. കുളികഴിഞ്ഞ്‌ അവളുടെ ഈറന്‍മുടി വിടര്‍ന്നുകിടന്നു. ഷാമ്പൂവിന്റെ മണം മുറിയില്‍ പരന്നു. സുരേഷ്‌ അവളെ പുറകില്‍ നിന്ന്‌ വാരിപ്പുണര്‍ന്നു. പിന്‍കഴുത്തില്‍ ഉമ്മ വെച്ചു. `കരീന കാണും. ശ്ശോ'അവള്‍ കുതറിമാറി. `സുഖമില്ലാത്ത ആളാ'. കരീനയുടെ കാര്‍ െ്രെഡവേ വിട്ടിരുന്നു എന്നയാള്‍ ഓര്‍പ്പിച്ചു.

`എന്റെ പ്രിന്‍സസ്‌ മാസ്‌റ്റേര്‍സ്‌ ചെയ്യാതെ ജോലിയെടുത്തത്‌ എന്റെ അസുഖം കൊണ്ടല്ലേ? ഇനി എനിക്ക്‌ എന്തെങ്കിലും സംഭവിക്കുന്നതിന്‌ മുമ്പായി അവളുടെ വിവാഹം നടത്തണം' സുരേഷ്‌ പേപ്പറിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ നോക്കി.

രാത്രിയുടെ വൈകിയ വേളകളിലും അയാള്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരിക്കുന്നതു കരീന ശ്രദ്ധിച്ചു. ഡാഡിക്ക്‌ കമ്പ്യൂട്ടറിലുള്ള താല്‍പര്യത്തില്‍ അവള്‍ക്ക്‌ അഭിമാനം തോന്നി. എല്ലാം സെറ്റപ്പ്‌ ചെയ്‌തത്‌ അവളാണല്ലോ! അമ്പിളിയപ്പോള്‍ രാത്രിയില്‍ പന്ത്രണ്ട്‌ മണിക്കൂര്‍ ഷിഫ്‌റ്റില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. അമ്പിളി വീട്ടിലുള്ള രാവുകളിലും ഓഫീസ്‌ മുറിയില്‍ കയറിച്ചെന്ന്‌ അയാളെ ശല്യപ്പെടുത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

അയാള്‍ ആശുപത്രിയില്‍ പോകുവാന്‍ തയ്യാറായപ്പോള്‍ കൂടെച്ചെല്ലുവാന്‍ തുനിഞ്ഞ അമ്പിളിയെ അയാള്‍ തടഞ്ഞു.

`തനിയെ പൊയ്‌ക്കോളാം.ഇപ്പോ അതൊരു റുട്ടീന്‍ ആയില്ലേ? നീ രാത്രിയില്‍ ജോലി കഴിഞ്ഞ്‌ എത്തിയതല്ലേ, ഉറങ്ങിക്കോളു.'

കേട്ടപ്പോള്‍ അമ്പിളിക്ക്‌ സന്തോഷം തോന്നി. ഉറങ്ങാമല്ലോ!

അടുത്ത തവണയും കൂടെചെല്ലുവാന്‍ അയാള്‍ അവളെ സമ്മതിച്ചില്ല. പിന്നെ അതിന്റെ അടുത്ത തവണയും. പിന്നീട്‌ അയാള്‍ ഹോസ്‌പിറ്റലില്‍ പോകുമ്പോള്‍ അമ്പിളി അയാളോട്‌ ചോദിക്കാതായി. അയാള്‍ നര കയറിയ മുടികള്‍ കറുപ്പിച്ചു. വേഷവിധാനങ്ങളില്‍ ശ്രദ്ധിച്ചു. ചില ദിവസങ്ങളിള്‍ കടയില്‍ നിന്നും വൈകിയെത്തി. `ഓവര്‍ ടൈം ചെയ്‌തു' അയാള്‍ അമ്പിളിയുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കി.

`സുഖമില്ലാത്ത ആളെന്തിനാ ഓവര്‍ടൈം ചെയ്യുന്നത്‌?' അമ്പിളി സഹതാപത്തോടെ സുരേഷിനോട്‌ ചോദിച്ചു.

ദാനം കിട്ടിയ വൃക്കകളൊന്നും ആശുപത്രിക്കാര്‍ സുരേഷിനായി നീക്കിവെച്ചില്ല. ലിസ്റ്റില്‍ അയാള്‍ക്കുമുന്നില്‍ പലപേരുകളും വരിനിന്നിരുന്നു. അധികനാള്‍ ഡയാലസില്‍ കഴിയുന്നത്‌ നല്ലതല്ല. ഡോക്‌റ്റേര്‍സ്‌ ഉള്‍പ്പെടെ പലരും പറയുന്നത്‌ കേട്ട്‌ അമ്പിളിയുടെ ഹൃദയം പിടഞ്ഞു.

അവള്‍ ഡോക്ടറുമായി ആപ്പോയ്‌ന്മെന്റ്‌ എടുത്തു. അവളെയും സുരേഷി
നെയും ഒന്നിച്ചിരുത്തി വൃക്ക ദാനം ചെയ്യുന്നതിന്റെ വരുംവരാഴികകളെക്കുറിച്ച്‌ സംസാരിച്ചു. അവളുടെ കിഡ്‌ണികള്‍ പരിശോധിക്കപ്പെട്ടു, പല പല ടെസ്റ്റുകള്‍ക്കും അവള്‍ വിധേയയായി. എല്ലാത്തിനുമൊടുവില്‍ `നിങ്ങളുടെ കിഡ്‌ണി ഭര്‍ത്താവിന്‌ മാച്ചുചെയ്യുന്നതാണ്‌' ഡോക്ടര്‍ വിവരം അറിയിച്ചു.

അവര്‍ കരാറുകളില്‍ ഒപ്പിട്ടു.

`തനിക്ക്‌ ജീവിക്കുവാന്‍ ഒരു കിഡ്‌ണിയുടെ അവശ്യമല്ലേയുള്ളു' അവള്‍ കരീനയോടും സുരേഷിനോടും സംതൃപ്‌തിയോടെ പറഞ്ഞു.

കരീന അന്ന്‌ അമ്മയെ സഹായിക്കുന്നതിനായി അവധിയെടുത്ത്‌ വീട്ടിലുണ്ടായിരുന്നു. കിഡ്‌ണി ദാനത്തിനു മുമ്പായി അവള്‍ക്ക്‌ പലതും ചെയ്യേണ്ടതുണ്ടായിരുന്നു.

കരീന വീട്ടിലെ ഓഫീസ്‌ റൂമിലായിരുന്നു. അവള്‍ പരിഭ്രമിച്ച്‌ അമ്പിളിയുടെ അടുത്തേക്ക്‌ വന്നു. `ഡാഡി' അവള്‍ അമ്പിളിയുടെ തോളില്‍ തല ചായ്‌ച്ച്‌ തേങ്ങി. കഥയറിയാതെ അമ്പിളി മിഴിച്ചിരുന്നു.

കരീനയുടെ കമ്പ്യുട്ടറിന്‌ എന്തോ പ്രശ്‌നം വന്നതുകൊണ്ട്‌ സുരേഷിന്റെ കമ്പ്യുട്ടര്‍ ഉപയോഗിക്കുവാന്‍ ഓഫീസ്‌ മുറിയില്‍ ചെന്നതാണ്‌. കമ്പ്യൂട്ടറില്‍ സൈന്‍ ഓഫ്‌ ചെയ്യുവാന്‍ സുരേഷ്‌ മറന്നിരുന്നു. കരീന മൗസില്‍ തൊട്ടപ്പോള്‍ ഇരുണ്ടിരുന്ന സ്‌ക്രീന്‍ തെളിഞ്ഞു. ഒരു ഈ മെയില്‍ തുറന്നിരുന്നതിലേക്ക്‌ നോക്കി. അതിന്‌ പ്രണയലേഖനത്തിന്റെ രൂപവും ഭാവവുമുണ്ടായിരുന്നു. ഈമെയിലിന്റെ അന്ത്യത്തിലുള്ള ക്രിസ്റ്റനെന്ന പേര്‌ കരിമൂര്‍ഖനായി മുന്നിലാടി. സെന്റ്‌ ഈ മെയിലില്‍ ക്രിസ്റ്റന്‌ അയച്ച അയാളുടെ പ്രണയലേഖനങ്ങള്‍.

കരീനയുടെ മുന്നില്‍ ഭൂമി കുലുങ്ങി, മുറിയുടെ ഭിത്തികള്‍ വിറച്ചു. നാവ്‌ വരണ്ടു.

അമ്പിളിയുടെ കാല്‍ക്കീഴില്‍ ഭൂമി പിളര്‍ന്നു. കണ്ണില്‍ ഇരുട്ടുകയറി. ദേഷ്യവും സങ്കടവും കൊണ്ട്‌ അമ്പിളി ജ്വലിച്ചു.

എവിടെയാണ്‌ തനിക്ക്‌ തെറ്റുപറ്റിയത്‌?

മേശപ്പുറത്തിരിക്കുന്ന, വൃക്കദാനം നല്‍കുന്നതിനെക്കുറിച്ച്‌ വിശദവിവരങ്ങള്‍ നല്‍കുന്ന കടലാസുകളിലേക്കും ഒപ്പിട്ട കരാറിലേക്കും അവള്‍ നോക്കി. ആശുപത്രിയുടെ ഐസിയുവില്‍ നിന്നു തീര്‍ക്കുന്ന തന്റെ ജീവിതത്തെയോര്‍ത്തു അമ്പിളി. അവളുടെ വെരിക്കോസ്‌ വെയിനുകള്‍ വേദനിച്ചു, ഹൃദയം തേങ്ങി, കൈകള്‍ വിറച്ചു. ഒരു റോക്കറ്റിന്റെ ലക്ഷ്യത്തോടെ മേശപ്പുറത്തിരുന്ന പേപ്പറുകള്‍ വേസ്റ്റ്‌പേപ്പര്‍ ബാസ്‌ക്കറ്റിനെ ലക്ഷ്യമാക്കി പറന്നു.

ഷവറിലെ ഇളം ചൂടുവെള്ളം അവളുടെ ശരീരത്തെയും മനസിനെയും തണുപ്പിച്ചു.

തളരരുത്‌. ഒന്നും കൈവിട്ടുപോയിട്ടില്ല, തെന്നിയകന്നു മാറിയിട്ടെ ഉള്ളു?. അവള്‍ ആശ്വസിക്കുവാന്‍ ശ്രമിച്ചു.

കരീന മിക്കവാറും സമയം അവളുടെ മുറിയിലായിരുന്നു. ഡയാലസിസ്‌ പേഷ്യന്റായ ഡാഡിയുടെ പ്രവര്‍ത്തികള്‍ അവള്‍ക്ക്‌ വിശ്വസിക്കുവാനാവുന്നില്ല.

അവള്‍ക്ക്‌ ഡാഡിയുടെ കാവല്‍ക്കാരിയാകുവാന്‍ സാധിച്ചില്ലല്ലോ!

വൈകിട്ട്‌ ഡിന്നര്‍ ഉണ്ടാക്കുവാന്‍ അവള്‍ അടുക്കളയിലേക്ക്‌ ചെന്നു. സുരേഷ്‌ എത്തേണ്ടസമയം കഴിഞ്ഞിരിക്കുന്നു. ഇന്നു ഓവര്‍ടൈം ചെയ്‌തു` എന്ന്‌ കാരണം പറഞ്ഞയാള്‍ താമസിച്ചു കയറിവരും.

'അമ്മക്ക്‌ സഹായം വേണോ?` കരീന അടുക്കളയിലേക്ക്‌ വന്നു. 'ബെഡ്രൂമിലെ വേസ്റ്റ്‌പേപ്പര്‍ ബാസ്‌കറ്റില്‍ നിന്ന്‌ കിട്ടിയതാണ്‍`. അവള്‍ പേപ്പര്‍ അമ്പിളിയുടെ നേരെ നീട്ടി. അമ്പിളി പേപ്പര്‍ വാങ്ങി അടുക്കളയിലെ ഗാര്‍ബേജിലേക്കെറിഞ്ഞു. 'ഞാന്‍ കളഞ്ഞതാണ്‌. ഇനി ഇതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. ` അവള്‍ പിറുപിറുത്തു.

കരീന അമ്മയെ നോക്കി.

അവള്‍ കരീനയെ സൂക്ഷിച്ചു നോക്കി, ആദ്യമായി നോക്കും പോലെ. കരീന ഇപ്പോള്‍ കൊച്ചുകുട്ടിയല്ല. അവള്‍ ഒരു വധുവായി മാറുന്നത്‌ അമ്പിളി കണ്ടു. അവളുടെ വിവാഹം, പിന്നെ കുഞ്ഞുങ്ങള്‍, തന്റെ പേരക്കിടാങ്ങള്‍! അറിയാതെ അവളുടെ കണ്ണുകളില്‍ കരച്ചില്‍ വന്നിരുന്നു. സുരേഷിനും കാണില്ലേ കരീനയെ ഒരുത്തന്‌ കൈപിടിച്ച്‌ കൊടുക്കുവാന്‍ ആഗ്രഹം? അവളുടെ കുട്ടികളെ കാണുവാനും അവരോടൊപ്പം കളിക്കുവാനും മോഹം? ജീവിച്ചതത്രയും മകള്‍ക്കു വേണ്ടിയായിരുന്നില്ലേ? അവളുടെ ചെറിയലോകത്തില്‍ കരീനയുടെ കുഞ്ഞുങ്ങള്‍ വളര്‍ന്ന്‌ വലുതാകുന്നു.

`ഈ ബീന്‍സ്‌ ഒന്നു നുറുക്കിത്തരു, കരീന'

അവള്‍ അടുക്കളയിലെ ഗാര്‍ബേജില്‍ നിന്ന്‌ പേപ്പറുകള്‍ തിരികെ എടുക്കുമ്പോള്‍ പറഞ്ഞു.

റീനി മമ്പലം

reenimambalam@gmail.com
പുനര്‍ജ്ജനി (ചെറുകഥ:റീനി മമ്പലം)
Join WhatsApp News
വിദ്യാധരൻ 2014-10-23 08:55:20
ഉത്തരം കിട്ടാത്ത അനേക ചോദ്യങ്ങൾ ഉയർത്തി വിട്ടുകൊണ്ട് കഥ അവാസാനിക്കുന്നു? ആരെയാണ് പഴിക്കേണ്ടത്? എന്തിനെയാണ് പഴിക്കെണ്ടാതു? സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ ഭാവമായ ത്യാഗത്തെ അംബിളിയിലൂടെ കഥാകാരി ജ്വലിപ്പിച്ചു നിറുത്തിയിരിക്കുന്നു. ചുറ്റുപാടും എല്ലായിപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ നിന്ന് കോറിയെടുത്ത കഥ എഴുത്തുകാരിയുടെ ചെറു കഥ എഴുതുവാനുള്ള പാടവത്തെ എടുത്തു കാട്ടുന്നു. അഭിനന്ദനം.
vaayanakkaaran 2014-10-23 17:20:22
മനുഷ്യഹൃദയ വ്യാപാരത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നല്ല ഒരു കഥ. ഉചിതമായ പേരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക