സ്വപ്നഭൂമിക (നോവല്‍:2- മുരളി ജെ.നായര്‍)

മുരളി ജെ.നായര്‍ Published on 08 November, 2014
 സ്വപ്നഭൂമിക (നോവല്‍:2- മുരളി ജെ.നായര്‍)
ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണീ നോവല്‍. ഇതിലെ ഇതിവൃത്തത്തിന് ഇപ്പോഴും കാലികപ്രസക്തിയുള്ളതുകൊണ്ട് ഒരു പുനര്‍വായനയ്ക്കായി ഈ കൃതി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

“ഈ വേവലാതി കൊണ്ടെന്താ കാര്യം, ഡാഡി?” അനില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ ചോദിച്ചു.
ഒരു നല്ല മറുപടിക്കുവേണ്ടി മനസ്സ് ഒരുക്കവേ വീണ്ടും അനിലിന്റെ ചോദ്യം.
“ഡാഡിക്കെങ്കിലും കുറച്ചു ദിവസം കൂടി നാട്ടില്‍ നില്ക്കാമായിരുന്നില്ലേ?”
“ ഞാന്‍ പറഞ്ഞതാ, നിന്റെ മമ്മി സമ്മതിക്കേണ്ടേ?” തോമസ് കുറ്റബോധത്തോടെ പറഞ്ഞു.
റോസമ്മ പറഞ്ഞ ന്യായം മോനോട് എങ്ങനെ പറയും? “നിങ്ങളേക്കൊണ്ട് എന്തു സാധിക്കും? കൂട്ടുകാര്‍ കൂടി കള്ളും കുടിച്ചു നടക്കാമെന്നല്ലാതെ?”  പകുതി തമാശമട്ടിലാണ് അവള്‍ അതു പറഞ്ഞതെങ്കിലും ഉള്ളില്‍ വല്ലാതെ തറഞ്ഞു.
“റീഹാബിലിറ്റേഷനും ഗ്രൂപ്പുതെറാപ്പിയും വഴി അവള്‍ എത്രമാത്രം വേദന അനുഭവിച്ചെന്ന് ഡാഡിക്കറിയാമോ? ഗ്രൂപ്പുതെറാപ്പിയില്‍ എല്ലാം തുറന്നു പറയണമെന്നാണ് വ്യവസ്ഥ. അവള്‍ ഡാഡിയേയും മമ്മിയേയും വേദനിപ്പിച്ച കാര്യം മുഴുവന്‍ ഏറ്റു പറഞ്ഞു. പിന്നെ അതൊരു വലിയ കുറ്റബോധമായി. ആ കുറ്റബോധം അവളെ അലട്ടിയ നിമിഷങ്ങളിലാണ് വിവാഹത്തിനു സമ്മതിച്ചത്.”
 
തെല്ലിട നിര്‍ത്തി, തന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്ന മകന്റെ നോട്ടം നേരിടാനാകാതെ തലകുനിച്ചു.
“മമ്മിക്കുപോലും ആ സൈക്കോളജി മനസ്സിലാകാതെ പോയതാണു കഷ്ടം.”
“എല്ലാം നേരയായെന്നാ ഞങ്ങള്‍ കരുതിയത്.”
“അങ്ങനങ്ങു പറഞ്ഞൊഴിയാതെ ഡാഡീ. മമ്മിക്ക് ഇതേപ്പറ്റിയൊക്കെ നല്ല അറിവുണ്ടായിരുന്നു.”
അതെ, റോസമ്മയ്ക്കറിയാമായിരുന്നു എല്ലാം, തന്നേക്കാള്‍ കൂടുതല്‍.
“വിനോദ് നല്ലവനാണെന്നു തോന്നുന്നു.” വീണ്ടും അനിലിന്റെ സാന്ത്വനം.
“എല്ലാം മനസ്സിലായി വരുമ്പോള്‍ മട്ടു മാറാതിരുന്നാല്‍ മതിയായിരുന്നു.”
 വിവാഹശേഷം അവരുടെ പെരുമാറ്റത്തില്‍ ഒരു പന്തികേടും കണ്ടിരുന്നില്ല. അനില്‍ പറയുകയും ചെയ്തു. “മെയ്ഡ് ഫോര്‍ ഈച്ച് അദര്‍!” എന്നിട്ടിപ്പോള്‍…
“ഓക്കെ ഡാഡീ, എനിക്കല്പം ധൃതിയുണ്ട്. നാളെ സംസാരിക്കാം.”
“നാളെ?”
ഓ, ഞാനതു മറന്നു. നാളെ ലീയും എന്റെ കൂടെ ഉണ്ടാവും. അവളുടെ മുമ്പില്‍ വച്ച് ഇതൊന്നും തല്ക്കാലം സംസാരിക്കേണ്ട.”
കരിയാണ്, റോസമ്മ പറഞ്ഞിരുന്നു, നാളെ, ഞായാറാഴ്ച അനില്‍ ഗേള്‍ഫ്രണ്ടിനേയും കൊണ്ട് ലഞ്ചിനു വരുമെന്ന്. ആദ്യമായിട്ടാണ് ലഞ്ചിന് അവളെ കൊണ്ടുവരുന്നത്.
“ഓകെ, നാളെ കാണാം.”
അനില്‍ പുസ്തകങ്ങള്‍ പെറുക്കിയെടുത്ത് മുറിക്കു പുറത്തേക്കിറങ്ങി.
താഴേക്ക് പടികളിറങ്ങി, അനില്‍ പുറത്തേക്ക് പോകുന്നതും നോക്കി അല്പസമയം നിന്നു.
വര്‍ക്കിച്ചന്‍ പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി.
“എന്താ തോമാച്ചാ പ്രശ്‌നം?”
“ഒന്നുമില്ല.” ഒഴിഞ്ഞുമാറ്റത്തിന്റെ സ്വരത്തില്‍ മറുപടി പറഞ്ഞു.
“മോള്‍ക്ക് സുഖം തന്നെയല്ലേ?”
“അതെ.”
“പയ്യന്‍ എങ്ങനെയുണ്ട്?”
“വിനോദ് നല്ല പയ്യനാണെന്നു തോന്നുന്നു. നല്ല ചേര്‍ച്ച.”
വര്‍ക്കിച്ചന്‍ പതുക്കെ തലയാട്ടി.
“നിങ്ങളുടെ അപ്പന്റേം മോന്റേം മുഖഭാവം കണ്ടപ്പോള്‍ അല്പം ഉല്‍ക്കണ്ഠ തോന്നി. അനില്‍ ആകെ ക്ഷോഭിച്ചാണല്ലോ മുകളിലേക്കു കയറിയത്?”
“ഓ. അതവന്റെ ഒരു സ്വഭാവമാ… വര്‍ക്കിച്ചനു കുടിക്കാനെന്താ വേണ്ടെ?”
വര്‍ക്കിച്ചന്‍ ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം നന്നായറിയാം.
എഴുന്നേറ്റ് അടുക്കളുടെ നേരെ നടന്നുകൊണ്ട് പറഞ്ഞു. “വാ.”
ജോണിവാക്കര്‍ റെഡ്‌ലേബലിന്റെ കുപ്പി പുറത്തെടുത്ത് കിച്ചന്‍ ടേബിളില്‍ വച്ചു. റെഫ്രിജറേറ്ററില്‍ നിന്ന് ക്ലബ്‌സോഡയും ഐസ്‌മേക്കറില്‍ നിന്ന് ഐസും.
ഓരോ ലാര്‍ജ് വിസ്‌കി ഗ്ലാസിലേക്കു പകര്‍ന്നു.
കപ്പലണ്ടി ചെറിയ പ്ലേറ്റിലേക്കിട്ട് ഒരെണ്ണം എടുത്തു കൊറിച്ചു.
ഗ്ലാസ് കൈയിലെടുത്ത് പരസ്പരം 'ചിയേഴ്‌സ്' പറഞ്ഞു.
“അപ്പോ ഇനി എന്താ പരിപാടി?”
വര്‍ക്കിച്ചന്‍ ആരാഞ്ഞു.
“സത്യം പറഞ്ഞാല്‍ ഇന്ന് ആകെ മൂഡൗട്ടാ.”
അറ്റ്‌ലാന്റിക് സിറ്റിയിലേക്കു പോകാന്‍ പ്ലാനിട്ടിരുന്നതാണ്. അതിനാണ് വര്‍ക്കിച്ചന്‍ ഇപ്പോളിങ്ങോട്ടു വന്നതെന്നും അറിയാം. അമ്മിണിയമ്മ ഡ്യൂട്ടിയിലായിരിക്കും.
വല്ലപ്പോഴും അറ്റ്‌ലാന്റിക് സിറ്റിയിലേക്ക് പോകാറുള്ളപ്പോഴൊക്കെ കൂട്ട് വര്‍ക്കിച്ചനാണ്.
വര്‍ക്കിച്ചന്‍ ഒരു സിപ്പുകൂടി എടുത്ത് കപ്പലണ്ടി കൊറിച്ചു.
“മൂഡില്ലെങ്കില്‍ പോകണ്ടോ.”
“ങും.”
പോകാതിരുന്നാല്‍ പിന്നെ കുടിതന്നെയായിരിക്കും. അതും പ്രശ്‌നമാണല്ലോ.
വര്‍ക്കിച്ചന്‍ ഗ്ലാസ് കാലിയാക്കിയതുകൊണ്ട് ചോദിച്ചു. “ഒന്നുകൂടി ആകാമല്ലോ.”
“ആകാം, ഇന്നിനി ഡ്രൈവു ചെയ്യണ്ട പ്രശ്‌നമില്ലല്ലോ.” വര്‍ക്കിച്ചന്‍ ചിരിച്ചു.
അറ്റ്‌ലാന്റിക് സിറ്റി യാത്ര മുടക്കേണ്ട. ഞാന്‍ ഡ്രൈവു ചെയ്‌തോളാം. വര്‍ക്കിച്ചന് അടുത്ത ഡ്രിങ്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.
വര്‍ക്കിച്ചന് ഗാംബ്ലിങ് വളരെ ഹരമാണ്.
അതും അറ്റ്‌ലാന്റിക് സിറ്റിയിലെ സ്ലോട്ട് മെഷീനുകളിലെ ചൂതുകളി. ക്വാര്‍ട്ടര്‍ നാണയമിട്ടുകളിച്ചാല്‍ ആയിരക്കണക്കിനു  ഡോളര്‍ വരെ കിട്ടാവുന്ന മെഷീനുകള്‍. മറ്റുള്ള കളികളൊന്നും, അതായത് ബ്ലാക്ജാക്, പോക്കര്‍, ഇതൊന്നും ഇഷ്ടമല്ല.
വര്‍ക്കിച്ചന്‍ പറയാറുണ്ട് ജീവിതം എന്നു പറയുന്നതുതന്നെ ഒരു ചൂതുകളിയല്ലേ? നാം എന്തുകാര്യം ചെയ്യാന്‍ തുനിഞ്ഞാലും അതിന് ഒന്നിലധികം ആള്‍ട്ടര്‍നേറ്റീവുകള്‍ കാണും. അതില്‍ ഏറ്റവും എളുപ്പമായത് അഥവാ അപകടമൊന്നുമില്ലാത്തത്, തിരഞ്ഞെടുക്കുന്നു. അതും ഒരുതരം ഗ്ലാംബ്ലിങ് തന്നെ.
ആദ്യമായി വര്‍ക്കിച്ചനുമൊത്ത് അറ്റ്‌ലാന്റിക് സിറ്റിക്കു പോയതോര്‍ത്തു. അന്നു വര്‍ക്കിച്ചന് 266 ഡോളര്‍ കിട്ടി. തനിക്ക് അമ്പത്തിനാലു ഡോളര്‍ പോയി.
അതിനുശേഷം പലപ്പോഴും ഭാഗ്യദേവത രണ്ടുപേരെയും മാറിമാറി കടാക്ഷിച്ചിട്ടുണ്ട്.
വര്‍ക്കിച്ചന് കാശുപോയാലും കിട്ടിയാലും ഏതാണ്ട് ഒരേ ഭാവമാണ്. വലിയ സങ്കടമോ, സന്തോഷമോ പ്രകടിപ്പിക്കാറില്.
ഗ്ലാസുകള്‍ കാലിയായി.
“എന്നാല്‍പ്പിന്നെ, നമുക്ക് ഇറങ്ങാം?”
വര്‍ക്കിച്ചന്‍ ചോദ്യരൂപത്തില്‍ നോക്കി.
“വല്ലതും കഴിക്കണോ?”
“ഓ, വേണ്ട, അവിടെച്ചെന്നിട്ട് ഫാസ്റ്റ്ഫുഡില്‍ നിന്ന് എന്തെങ്കിലുമാകാം.”
അതാണ് വര്‍ക്കിച്ചന്റെ മറ്റൊരു ഹരം ഫാസ്റ്റ്ഫുഡ്.
ഡ്രസ് ചെയ്ത് വീടുപൂട്ടി പുറത്തിറങ്ങവേ കാറ്റിനു തണുപ്പു കൂടുന്നതറിഞ്ഞു.
“ഇക്കൊല്ലം വിന്റര്‍ നേരത്തേ ഉണ്ടാകുമെന്നു തോന്നുന്നു.”  കാറ്റില്‍ അടര്‍ന്നു വീഴുന്ന ഇലകളെ നോക്കി പറഞ്ഞു.
“എന്റെ കാറെടുക്കാം.” വര്‍ക്കിച്ചന്‍ പറഞ്ഞു.
“വേണ്ട. ഞാന്‍ തന്നെ ഓടിച്ചോളാം.”
 കാര്‍ സ്റ്റാര്‍ട്ടുചെയ്യവെ വര്‍ക്കിച്ചന്റെ മുഖഭാവം ശ്രദ്ധിച്ചു. അറ്റ്‌ലാന്റിക് സിറ്റിയിലെ മായിക ലോകമായിരിക്കും മനസ്സുനിറയെ.
മാര്‍ഷല്‍ റോഡിലേക്ക് കാര്‍ തിരിച്ചു.
ഇന്നു ട്രാഫിക്ക് നന്നേ കുറവാണല്ലോ.
വര്‍ക്കിച്ചന്‍ പതിവിനു വിപരീതമായി മൗനിയായിരിക്കുന്നു. എന്താണാവോ പ്രശ്‌നം.
“എന്താ ഒന്നും മിണ്ടാത്തെ?
“അല്ല, ഞാനാലോചിക്കയായിരുന്നു.” വര്‍ക്കിച്ചന്‍ തന്റെ നേരെ നോക്കിയതറിഞ്ഞു.” തോമാച്ചന്‍ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്.”
സൂചന മനസ്സിലായി, സന്ധ്യയുടെ കാര്യം തന്നെ. ഒഴിവാക്കാനിഷ്ടപ്പെടുന്ന വിഷയം.
“അങ്ങനെയൊന്നുമില്ല അനിലിന്റെ തര്‍ക്കിക്കുന്ന സ്വഭാവം അറിയാമല്ലോ. അത്രേയുള്ളൂ.” കുറെ മുമ്പു മകനുമായി നടന്ന സംവാദം വിശദീകരിക്കാന്‍ ശ്രമിച്ചു.
വര്‍ക്കിച്ചന്‍ നീട്ടിമൂളി.
ചെസ്റ്റ്‌നട്ട് സ്ട്രീറ്റില്‍ വലത്തേക്കു തിരിച്ചു. ഇവിടെ ഒരുവിധം ട്രാഫിക്കുണ്ട് മൂന്നു ലെയ്‌നിലും.
വണ്‍വേയായതുകൊണ്ട് മിഡില്‍ ലെയ്‌നാണ് സൗകര്യം. വശത്തുള്ള ലെനുകളില്‍ ഹസാര്‍ഡ് ലൈറ്റിട്ട് ആളുകള്‍ വണ്ടി നിര്‍ത്തിയിടും. അപ്പോള്‍ ആ ലെയ്‌നിലൂടെ വരുന്നവര്‍ക്ക് പെട്ടെന്ന് മിഡില്‍ ലെയ്‌നിലേക്ക്  കയറേണ്ടിവരും. അതു സൂക്ഷിച്ചാല്‍ മതി.
ഫോര്‍ട്ടിയത്ത് സ്ട്രീറ്റ് സിഗ്നലില്‍ പോലീസ് വണ്ടികള്‍. എന്തോ അപകടം നടന്ന മട്ടുണ്ട്.
ഇതിനടുത്താണ് കീത്തിന്റെ വീട്. കീത്ത് റോബിന്‍സണ്‍.
അറിയാതെ നെടുവീര്‍പ്പിട്ടു. വര്‍ക്കിച്ചനെ ഒളികണ്ണിട്ടു നോക്കി. പുറത്തേക്കു നോക്കിയിരുപ്പാണ് അദ്ദേഹം.
ആ ബന്ധത്തില്‍ നിന്ന് സന്ധ്യയെ വേര്‍പ്പെടുത്തിയെടുക്കാന്‍ എന്തു പാടുപെട്ടു! എത്രപെട്ടെന്നായിരുന്നു അത് മലയാളികളുടെയിടയില്‍ ചര്‍ച്ചാവിഷയമായത്.
കീത്ത് കറുത്തവര്‍ഗ്ഗക്കാരനായിപ്പോയത് പ്രധാന പ്രശ്‌നം. പിന്നെ പ്രായം. അവന് പത്തൊമ്പതും സന്ധ്യയ്ക്ക് പതിനെട്ടും. കോളേജില്‍ ചേര്‍ന്ന ആദ്യ ആഴ്ചകളില്‍ തന്നെ പ്രേമവും ആരംഭിച്ചു. കുറെ താമസിച്ചാണ് താനും റോസമ്മയും വിവരമറിഞ്ഞത്.
പ്രേമബന്ധത്തെപ്പറ്റി എല്ലാവരും അറിഞ്ഞെങ്കിലും മറ്റേ പ്രശ്‌നം അത്ര പരസ്യമാകാത്തത് ദൈവാനുഗ്രഹം. പത്തൊമ്പതു വയസ്സുതികയാത്ത മകള്‍ മയക്കുമരുന്നിനു പൂര്‍ണ്ണമായി അടിമയാകുന്നതും റീഹാബ്ട്രീറ്റ്‌മെന്റു ചെയ്യുന്നതും…. ദൈവമേ, അക്കാലം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.
നീണ്ട വാഗ്വാദങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍, അവസാനം റോസമ്മയുടെ ആത്മഹത്യാ ഭീഷണി…
ഒരുതരം പകപോക്കലിന്റെ ഭാവമായിരുന്നു സന്ധ്യയ്ക്ക്. ആര്‍ട്ടും ലിറ്ററേച്ചറും പഠിക്കാനുള്ള അവളുടെ ആഗ്രഹം മറികടന്ന് ഫാര്‍മസി കോഴ്‌സിന് നിര്‍ബന്ധിച്ച് അയച്ചതിലുള്ള ദേഷ്യം. റോസമ്മയ്ക്കായിരുന്നു അവളെ ഫാര്‍മസി കോഴ്‌സിന് ചേര്‍ക്കണമെന്നു കൂടുതല്‍ താല്‍പര്യം. നിര്‍ബന്ധിച്ചതു താനും. അവളോടൊപ്പം ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരില്‍ മിക്കവരുടെയും മക്കളില്‍ ഒരാളെങ്കിലും ഫാര്‍മസി കോഴ്‌സിനാണത്രെ പോയിരുന്നത്. നാലുവര്‍ഷത്തെ ഡിഗ്രികോഴ്‌സ് പൂര്‍ത്തിയായാലുടനെ ജോലി. പ്രാരംഭ ശമ്പളം കുറഞ്ഞത് 50,000 ഡോളര്‍ പ്രതിവര്‍ഷം. ഡോക്ടര്‍ക്കോ എഞ്ചിനീയര്‍ക്കോ കിട്ടാവുന്നതില്‍ കൂടുതല്‍…
“എന്താ തോമാച്ചാ, വഴിതെറ്റാന്‍ പോകയാണോ?”

വര്‍ക്കിച്ചന്റെ ചോദ്യം തെല്ലൊന്നമ്പരപ്പിച്ചു. തേര്‍ട്ടീസെവന്‍ത് സ്ട്രീറ്റില്‍ വലത്തോട്ടു തിരിയണം. അതിന് വലത്തെയറ്റത്തെ ലെയ്‌നിലേക്കു മാറണം. ഇനി അല്പം ദൂരമേയുള്ളൂ. പതുക്കെ റിയര്‍വ്യൂ മിററിലും, തലയല്പം തിരിച്ച് വലതുവശത്തേക്കും നോക്കി, ഇന്‍ഡിക്കേറ്റര്‍ ഇട്ട് കാര്‍ വലതു ലെയ്‌നിലേക്കു കയറ്റി.
“തോമാച്ചനൊരു കാര്യം ചെയ്യാമോ?”
 “എന്താ വര്‍ക്കിച്ചാ?” തേര്‍ട്ടിസെവന്‍ത് സ്ട്രീറ്റിലേക്ക് കടന്നുകൊണ്ട് ചോദിച്ചു.
“അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്കെങ്കിലും ഈ ചിന്ത ഒന്ന് ഒഴിവാക്കാമോ?”
ചിരിച്ചു ഇളിഭ്യതയോടെ.
“അല്പം ഒന്നുല്ലസിക്കാനല്ലേ ഈ യാത്ര….”
“ങും…”
വര്‍ക്കിച്ചന് അതുപറയാം. അദ്ദേഹത്തിന് തന്റെ മാതിരി പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. സ്റ്റേറ്റിന്റെ ജോലി. പിന്നെ രണ്ടുമൂന്ന് അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കു കൊടുത്തിട്ടുണ്ട്. അതില്‍ നിന്നുള്ള വരുമാനം. ഭാര്യ നേഴ്‌സ്, രണ്ടു മുഴുവന്‍ സമയ ജോലികള്‍. മക്കള്‍ കോളജില്‍. ഒരാള്‍ ഫാര്‍മസി കോഴ്‌സിന്റെ അവസാന വര്‍ഷം. രണ്ടാമന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി.
വാള്‍ട്ട് വിറ്റ്മാന്‍ ബ്രിഡ്ജിനടുത്തേക്ക് സമീപിക്കവേ ട്രാഫിക്ക് മന്ദഗതിയിലായി. ചിലപ്പോഴൊക്കെ ഇങ്ങനെ ഉണ്ടാകാറുള്ളതാണ്. 'കണ്‍സ്ട്രക്ഷന്‍ എഹെഡ്' എന്ന ബോര്‍ഡ് അതാ മിന്നിത്തിളങ്ങുന്നു.
വാള്‍ട്ട് വിറ്റ്മാന്‍ ബ്രിഡ്ജ്.
പെന്‍സില്‍വാനിയ ന്യൂജേഴ്‌സി സ്റ്റേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല പാലങ്ങളില്‍ ഒരെണ്ണം. താഴെ ഡെലവെയര്‍ നദി.
ബ്രിഡ്ജിലൂടെയുള്ള യാത്ര സാധാരണ വേഗതയില്‍ത്തന്നെയായിരുന്നു. ട്രാഫിക്ക് കണ്‍ജഷന്‍ അവസാനിച്ചുവെന്നു തോന്നുന്നു.
 ഇനി ഏതാനും മൈലുകള്‍ കഴിഞ്ഞാല്‍ അറ്റാലാന്റിക് സിറ്റി എക്‌സ്പ്രസ് വേ.
ശനിയാഴ്ച വൈകുന്നേരങ്ങളില്‍ സാധാരണ അറ്റ്‌ലാന്റിക് സിറ്റിയിലേക്ക് വാഹനത്തിരക്ക് കൂടുതലായിരിക്കും.
എക്‌സ്പ്രസ് വേയുടെ ബോര്‍ഡ്. ഇടത്തെ രണ്ടു ലെയ്‌നുകള്‍ എക്‌സ്പ്രസ് വേയിലേക്കു നയിക്കുന്നു.
അറ്റ്‌ലാന്റിക് സിറ്റിയെന്ന ഭൂമിക. ചൂതുകളിക്കാരുടെ സ്വര്‍ഗ്ഗം. അറ്റ്‌ലാന്റിക് സമുദ്രം അതിരിടുന്ന 'ഓഷ്യന്‍ ഫ്രണ്ടില്‍' വന്‍കിട ഹോട്ടലുകള്‍. എല്ലാ ഹോട്ടലുകളിലും കസീനോകള്‍. നിമിഷംപ്രതി ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍.
ഗാംബ്ലിങ് നിയമപരമാക്കിയിട്ടുള്ള പല സ്റ്റേറ്റുകളുമുണ്ട് അമേരിക്കയില്‍. ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയും നെവാഡയിലെ ലാസ് വേഗാസും ലോകപ്രശ്‌സതങ്ങളായ ഗാംബ്ലിങ് കേന്ദ്രങ്ങളാണ്.
 അറ്റ്‌ലാന്റിക് സിറ്റിയെപ്പറ്റി ആലോചിക്കുമ്പോള്‍ മനസ്സില്‍ തിളക്കത്തോടെ കടന്നുവരുന്ന വേറൊരു ചിത്രമുണ്ട്. അമേരിക്കന്‍ ബിസിനസ് രംഗത്ത് പ്രതിഭാസമായി മാറിയ ഡൊണാള്‍ഡ് ട്രംപ് എന്നയാളുടെ ചിത്രം.
'ഇകിറ്റി ഫൈനാന്‍സിങ്ങി' ലൂടെ ഒന്നിനു പുറകെ ഒന്നായി വമ്പന്‍ ഹോട്ടലുകളും ചൂതുകളികേന്ദ്രങ്ങളും പണിതുകൂട്ടി വലിയ ശൃംഖല സൃഷ്ടിച്ച ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹമാണ് തന്റെ ഐഡല്‍.
ഓരോന്നാലോചിച്ച് കാര്‍ അറ്റ്‌ലാന്റിക് സിറ്റിയിലെത്തിയതറിഞ്ഞില്ല. വര്‍ക്കിച്ചന്‍ മയക്കത്തിലാണ്.
അകലെ അംബരചുംബികളായി നില്‍ക്കുന്ന ഹോട്ടലുകള്‍. ട്രംപ് കാസിലി#, ബാല്ലീസ്, സീസേഴ്‌സ്, ടാജ്മഹല്‍…
“വര്‍ക്കിച്ചാ.”
വര്‍ക്കിച്ചന്‍ കണ്ണുതുറന്നു.
“എങ്ങോട്ടാ പോകണ്ടേ?”
“തോമാച്ചന്റെ ഇഷ്ടം,” വര്‍ക്കിച്ചന്‍ കണ്ണു തിരുമ്മി.
“ടാജ്മഹാളാകാം, എന്താ?”
വര്‍ക്കിച്ചന്‍ സമ്മതഭാവത്തില്‍ മൂളി.
“ഹോ എന്തൊരു തിരക്ക്.”
ട്രംപ് ടാജ്മഹാളിന്റെ പാര്‍ക്കിങ് ലോട്ടിലേക്കു പ്രവേശിച്ചുകൊണ്ട് പറഞ്ഞു. പാര്‍ക്കിങ്‌ലോട്ടു തന്നെ ഒരു ബഹുനിലക്കെട്ടിടമാണ്. താഴത്തെ നിലകള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. ഓര നിലയിലും വലംവച്ച് മുകളിലേക്കു കയറി, ഒഴിഞ്ഞ ഒരു സ്ഥലം കണ്ടുപിടിക്കാന്‍.
ഒടുവില്‍ ഏറ്റവും മുകളിലത്തെ ലവലില്‍ ആണ് ഇടം കിട്ടിയത്.
കസീനോയിലേക്കു നയിക്കുന്ന ലിഫ്റ്റ്.
കൂടെ കയറിയവര്‍ എല്ലാം കറുത്തവര്‍ഗ്ഗക്കാര്‍.
കസീനോ. കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന സ്ഥലം.
മോഹങ്ങളും മോഹഭംഗങ്ങളും വര്‍ണ്ണദീപങ്ങളോടൊപ്പം കെട്ടിമറിയുന്ന മായിക ലോകം.
ക്വാര്‍ട്ടര്‍ നാണയം കൊണ്ട് കളിക്കാവുന്ന സ്ലോട്ട് മെഷീനുകളുടെ ഭാഗത്തേക്കു നടന്നു.
ആദ്യം ചില്ലറ വാങ്ങണം. ക്വാര്‍ട്ടര്‍ നാണയങ്ങള്‍ നാല്‍പ്പതെണ്ണം വീതം റോള്‍ ചെയ്തത് നല്‍കപ്പെടുന്ന ചെറിയ പെട്ടിവണ്ടികള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഇരുപതുഡോളര്‍ വീതം രണ്ടുപേരും മാറി. എന്നും തുടക്കം ഇരുപതുഡോളറിലാണ്. എണ്‍പത് കാല്‍ഡോളര്‍ നാണയങ്ങള്‍.
ആളൊഴിഞ്ഞ കോണിലേക്കു നടന്നു.
അടുത്തടുത്ത 'ക്വാര്‍ട്ടര്‍മേനിയ' മെഷീനുകള്‍ക്കരികെ രണ്ടുപേരും സ്ഥലം പിടിച്ചു.
ക്വാര്‍ട്ടറിന്റെ റോള്‍ പൊളിച്ച്, മെഷീന് അരികില്‍ വച്ചിരുന്ന ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു.
എന്നിട്ട് ദൈവത്തെ ധ്യാനിച്ച് മൂന്നു ക്വാര്‍ട്ടറുകള്‍ മെഷീനിലേക്കിട്ട് ലിവര്‍ വലിച്ചു.
പടങ്ങള്‍ നിറഞ്ഞ റീലുകള്‍ കറങ്ങി. കറക്കം അവസാനിച്ചപ്പോള്‍ മണികിലുക്കം. വിജയത്തിന്റെ സിഗ്നല്‍.
പത്തു ക്വാര്‍ട്ടറുകള്‍ സമ്മാനം.
“തുടക്കം മോശമില്ലല്ലോ,” വര്‍ക്കിച്ചന്‍ പറഞ്ഞു. എന്നിട്ട് തന്റെ മെഷീന്റെ നേരെ തിരിഞ്ഞു.
Chapter-1
http://emalayalee.com/varthaFull.php?newsId=88347

 സ്വപ്നഭൂമിക (നോവല്‍:2- മുരളി ജെ.നായര്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക