(ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ചര്‍ച്ചക്ക് അവതരിപ്പിച്ച
ഉപന്യാസം)
അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന മലയാളരചനകള്‍ അധികവും
കവിതകളായിരിക്കാം, പക്ഷേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത് കഥകള്‍ത്തന്നെ.
അതുകൊണ്ട് നമ്മുടെ സാഹിത്യകൂട്ടായ്‌മകളില്‍ കഥകള്‍ക്ക്
മുഖ്യസ്ഥാനവുമുണ്ട്.
എങ്ങനെ കഥ എഴുതണമെന്ന് കഥാകൃത്തുക്കള്‍ത്തന്നെയാണ്
നിശ്ചയിക്കേണ്ടത്. അതായത്, പറയാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, അത്
പറയേണ്ടുന്നതുപോലെയങ്ങ് പറയുക എന്ന പഴയ തത്വംതന്നെ.
ഇവിടെ പറയാന്‍
ഒന്നുമില്ലെങ്കില്‍ ആരും എഴുത്തിന് ഇറങ്ങിത്തിരിക്കുകയില്ല. പക്ഷേ, അതെങ്ങനെ പറയണം
എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എഴുത്തിന്റെ സാങ്കേതികതയിലേക്ക്
കടക്കുന്നതിനുമുന്‍പ് ശൈലിയെപ്പറ്റി പറഞ്ഞേ തീരൂ. ശൈലി, അതുതന്നെയാണ്
എഴുത്തുകാരന്റെ വ്യക്തിത്വം.
എങ്ങനെ എഴുതിയാലും കുറേ വായനക്കാര്‍ക്കെങ്കിലും
മനസ്സില്‍ കൊണ്ടുനടക്കാനുള്ള വക നല്‌കുന്നുണ്ടെങ്കില്‍ ആ എഴുത്തുകള്‍
വിജയിച്ചുവെന്ന് പറയാം. അതേസമയം ചരടുപിടിച്ച് ചതുരത്തിനുള്ളില്‍ എഴുതിയാലും
പരാജയപ്പെടാം. ഇവിടെ ഒന്നോര്‍ക്കണം സാഹിത്യം ഏതാനും ശരികളുടെ കൂമ്പാരമല്ല
മനോഹരങ്ങളായ തെറ്റുകള്‍ക്കൂടിയാണ്. കഥ കള്ളമാണ്, വെറും നുണയല്ല
സുന്ദരനുണകള്‍.
പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന്റെ കാരണം സമൂഹത്തിന്റെ
മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ കലാകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരന്‍
നടത്താറുള്ള ശ്രമമാണ്. മനുഷ്യരാശിയുടെ നിലനില്‌പിനെത്തന്നെ ചോദ്യം ചെയ്യുന്ന
യുദ്ധങ്ങള്‍ ഒരു വശത്ത്. അതിനോടൊപ്പം കുന്നുകൂടുന്ന സമ്പത്തും തുടര്‍ന്നുണ്ടാകുന്ന
പേടിസ്വപ്‌നങ്ങളും മറുവശത്ത്. ഈ കാരണങ്ങളാല്‍ ഒറ്റപ്പെടുന്ന മനുഷ്യമനസ്സിന്റെ
ചിത്രം എങ്ങനെയാണ് വരയ്‌ക്കുക. അതിന് എഴുത്തുകാരന്‍ പുതിയ സങ്കേതങ്ങള്‍
കണ്ടെത്തുന്നു. എഴുത്തുകാരന്‍ മാത്രമല്ല ചിത്രകാരനും ശില്‌പിയും എല്ലാം
അഭിമുഖീകരിക്കന്ന വെല്ലുവിളിയാണിത്. ഇവിടെ നമ്മുടെ ജീവിതത്തില്‍ത്തന്നെ പുതിയ
പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുകയാണ്. എന്നാല്‍, ഈ പുതുമയുടെ ആത്മസത്ത ഉള്‍ക്കൊള്ളാതെ
എഴുത്തുകാരും നിരൂപകരും വാക്കുകളുടെയും പ്രയോഗങ്ങളുടെയും സര്‍ക്കസുകൊണ്ട്
ആധുനികരും ഉത്തരാധുനികരുമായി മാറുന്നതും നമ്മുടെ
മുന്നില്‍ത്തന്നെയുണ്ട്.
കലയിലും ചലച്ചിത്രങ്ങളിലും സംഗീതത്തിലും
സാഹിത്യത്തിലുമെല്ലാം പാരമ്പര്യത്തിലേക്കും ആചാരങ്ങളിലേക്കും
തീവ്രവിശ്വാസങ്ങളിലേക്കും മത്സരിച്ച് മടങ്ങിപ്പോകുന്ന സമൂഹത്തിലെവിടെ ആ രീതികളെ,
വിശ്വാസങ്ങളെ നിഷേധിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‌പ്? സാഹിത്യത്തിലെ
ആധുനികത ഉള്‍ക്കൊള്ളുന്നവരല്ല അമേരിക്കയിലെ മലയാളിസമൂഹം.
ഇംഗ്ലീഷില്‍
ഷോര്‍ട്ട് സ്റ്റോറി, ഷോര്‍ട്ട് ഷോര്‍ട്ട് സ്റ്റോറി, ലോംഗ് ഷോര്‍ട്ട് സ്റ്റോറി
എന്നൊക്കെ പറയാമായിരിക്കാം. ലിയോ ടോള്‍സ്റ്റോയിയുടെ ചില കഥകള്‍ നിരവധി
സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുംകൊണ്ട് നിറഞ്ഞതാണ്. മലയാളത്തില്‍ ചെറുകഥ,
മിന്നല്‍(മിനി)ക്കഥ, കഥ (മലയാളത്തില്‍ ഒരു കാലത്ത് പ്രസിദ്ധിനേടിയിരുന്ന
`നീണ്ടകഥ'കളല്ല.) തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുകയാണ്.
കഥ, ചെറുകഥ തുടങ്ങിയ
വാക്കുകള്‍ അതിന്റെ സാങ്കേതിക അര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രയോഗിക്കേണ്ടത്.
ഒരു കാലത്ത് ചെറുകഥ എന്നുമാത്രമേ എഴുതിയിരുന്നുള്ളൂ. ഒരു പ്രമേയത്തില്‍ ഉറച്ചു
നില്‌ക്കുക, മിതമായ വാക്കുകള്‍ക്കൊണ്ട് നാടകീയമായ പരിണാമഗുപ്‌തിയിലേക്ക്
പുരോഗമിക്കുക. അതായത് ഉന്നം തെറ്റാന്‍ പാടില്ലെന്ന് വിവക്ഷ. അപ്രതീക്ഷിതമായ
വളവുകളും ചിലപ്പോള്‍ മേല്‍വളവുകള്‍പ്പോലും സൃഷ്‌ടിക്കുക ഇതെല്ലാം ചെറുകഥയിലെ
സങ്കേതങ്ങളാണ്. കഥയിലെ തുടക്കക്കാര്‍ക്ക് എക്കാലവും കൊടുക്കുന്ന ഉപദേശമാണ് ഒ.
ഹെന്‍റിയുടെയും മലയാളത്തില്‍ കാരൂരിന്റെയും കഥകളുടെ വായന. ഇതിനര്‍ത്ഥം
അനുകരിക്കണമെന്നൊന്നുമല്ല. ഏതൊരു എഴുത്തുകാരനും തന്റെ തനതായ ലോകം തന്നെയാണ്
എഴുത്തില്‍ക്കൂടി സൃഷ്‌ടിക്കേണ്ടത്. സുപ്രസിദ്ധങ്ങളായ കഥകള്‍ വഴികാട്ടികളാണെന്ന്
മാത്രം.
ഫിക്ഷന്‍ എന്ന പേരില്‍ ഭാഗങ്ങളായി തിരിച്ച് എഴുതിയിട്ടുള്ള
സാഹിത്യസൃഷ്‌ടികള്‍ക്കും കഥ എന്നുതന്നെ പറയുകയാണ്. നേരത്തെ പറഞ്ഞ ചെറുകഥകളുടെ
സങ്കേതങ്ങളൊന്നുമല്ല കഥകളില്‍ കൃത്യമായി പിന്‍തുടരുന്നത്. സാധാരണരീതിയിലുള്ള
ചെറുകഥ അതില്‍ത്തന്നെ പൂര്‍ണ്ണമാണെങ്കില്‍ ഇന്നത്തെ `ഫിക്ഷന്‍' ഒരു വലിയ
ചര്‍ച്ചയാണ്. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവും എന്നുവേണ്ട എന്തും ഏതും
ചര്‍ച്ച ചെയ്യാന്‍ പാകത്തില്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും സൃഷ്‌ടിക്കുന്നു.
ഇവിടെ നാടകീയമായ അവസാനമൊന്നും പ്രതീക്ഷിക്കേണ്ട. പകരം കഥയില്‍ ഉടനീളം അങ്ങനെയുള്ള
സന്ദര്‍ഭങ്ങള്‍ കാണാം, അതില്‍നിന്ന് പിടിച്ചുകയറി അടുത്ത രംഗത്തേക്ക്
കടക്കുന്നു.
മലയാളത്തില്‍ മിനിക്കഥ മിന്നല്‍ക്കഥ അല്ലെങ്കില്‍ നുറുങ്ങു കഥ
തുടങ്ങിയ പേരുകളുള്ള കഥകള്‍ പ്രത്യേകമായി ചര്‍ച്ചക്ക് എടുക്കേണ്ടതാണ്. ഒരു
സന്ദര്‍ഭം, ചുരുക്കം കഥാപാത്രങ്ങള്‍, നിറഞ്ഞുനില്‌ക്കുന്ന അര്‍ത്ഥമുള്ള വാക്കുകള്‍,
അപ്രതീക്ഷിതവും നാടകീയവുമായ പര്യവസാനം ഇതൊക്കെയായിരിക്കണം നുറുങ്ങുകഥകള്‍. ഈ
വിഭാഗത്തില്‍പ്പെട്ട ലക്ഷണമൊത്ത കഥകള്‍ ഇന്ന് ഏറെയൊന്നുമില്ല. ഇന്നത്തെ സാങ്കേതിക
വളര്‍ച്ച ഇങ്ങനെയുള്ള, ഒരു താളില്‍ ഒതുങ്ങുന്ന കഥകളുടെ പ്രാധാന്യം
വര്‍ദ്ധിപ്പിക്കുന്നു.
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ വിപുലമായ ചര്‍ച്ചക്ക്
ഉതകുംപടി ഉടനടി അവതരിപ്പിക്കാന്‍, അത് ഏതു രൂപത്തിലുള്ളതാണെങ്കിലും കഥകള്‍ക്കുള്ള
സാദ്ധ്യതകള്‍ ഒന്നുവേറെ. സാങ്കേതികതകള്‍ പഠനത്തിനും അഭ്യസനത്തിനുമാണ്. അതിനുശേഷം
കഥാകൃത്തുക്കള്‍ തങ്ങളുടെ സ്വന്തം പാതകള്‍ വെട്ടിത്തുറക്കുക.
-0-