Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:7- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 29 November, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:7- കൊല്ലം തെല്‍മ)
അദ്ധ്യായം 7
ഓഫീസിലേക്കുള്ള  യാത്രയില്‍ അജിത്തിന്റെ കാറിന്റെ മുന്നില്‍ പോയിരുന്ന ബൈക്ക് സ്‌കിഡായി റോഡില്‍ മറിഞ്ഞു. യാത്രക്കാരന്‍ ഉരുണ്ടു തെറിച്ച് അകലേയ്ക്ക് പോയി. ബൈക്ക് റോഡിനരികിലെ ഡിവൈഡറില്‍ തട്ടിയുരസി തീപ്പൊരുപാറി. അജിത്ത് പവര്‍ബ്രൈക്ക് ഉപയോഗിച്ചതിനാല്‍ കാര്‍ നിരങ്ങി നീങ്ങിനിന്നു.

മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് കാറുകള്‍ സൈറണ്‍ മുഴക്കി വന്നു നിരന്നു. ഒരു പോലീസുകാരന്‍ നിമിഷനേരംകൊണ്ട് ഗതാഗതം നിയന്ത്രണവിധേയമാക്കി. മറ്റുള്ളവര്‍ ആക്‌സിഡന്റ് പറ്റിയ വാഹനത്തിലെ യാത്രക്കാരനെ അവിടെയെത്തിച്ചേര്‍ന്ന റെസ്‌ക്യൂ വാനില്‍ കയറ്റിവിട്ടു. ദ്രുതഗതിയില്‍ എല്ലാം പുനഃക്രമീകരിച്ച് പോലീസുകാര്‍ മടങ്ങി.

ഓഫീസിലേക്കുള്ള യാത്രയില്‍ അജിത്തിന്റെ ചിന്തയില്‍ നാട്ടിലായിരുന്നപ്പോള്‍ തനിക്ക് സംഭവിച്ച ആക്‌സിഡന്റായിരുന്നു.

അന്ന് താനും കുടുംബവും അകലെയൊരു ബന്ധുവിന്റെ മരണാനന്തരചടങ്ങില്‍ പങ്കുകൊണ്ട് മടങ്ങുന്നവഴി യാത്രാമധ്യേ നേരം പുലരാറായിരുന്ന സമയത്ത് ഡ്രൈവര്‍ വിശ്രമത്തിന് മാറിയപ്പോള്‍ വണ്ടി ഓടിച്ചത് താനായിരുന്നു.

മൂന്നില്‍ ഡ്രൈവറും ഡ്രൈവിംഗ്‌സീറ്റില്‍ താനും. ഡ്രൈവര്‍ ഉറക്കത്തിലായിരുന്നു. പിന്നില്‍ സ്ത്രീജനങ്ങളും കുട്ടികളും അച്ചനും മറ്റുമുണ്ടായിരുന്നു. ഇടയ്ക്ക് തന്റെ കണ്ണ് ചെറുതായൊന്നടഞ്ഞുപോയി കോളിസ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന നാഷ്ണല്‍പെര്‍മിറ്റ് ലോറിയില്‍ ചെന്നിടിച്ചുകയറിനിന്നു.

നിമിഷംകൊണ്ട് ആകെ ഇരുട്ട് ബാധിച്ചതുപോലെ… താന്‍ സ്റ്റിയറിംഗിന് ഇടയിലായി അമര്‍ന്നുപോയിരുന്നു. മുന്നിലിരുന്ന ഡ്രൈവര്‍ വെപ്രാളപ്പെട്ട് പിടയുന്നു. പിന്നില്‍നിന്നും നിലവിളികള്‍ ഉയര്‍ന്നു.

വാഹനത്തിന്റെ മുന്‍ഭാഗം ഞെരിഞ്ഞമര്‍ന്നുപോയിരിക്കുന്നു. ഗ്ലാസ് പൊട്ടിച്ചിതറികിടക്കുന്നു. ഡ്രൈവറുടെ കഴുത്തിന് മുറിവ് പറ്റിയിട്ടുണ്ട്. രക്തം കുടുകൂടാ ഒഴുകുന്നു. തനിക്കാണെങ്കില്‍ അനങ്ങാന്‍ വയ്യ… നെഞ്ച് സ്റ്റിയറിംഗിനും സീറ്റിനും ഇടയിലമര്‍ന്ന് നന്നായി വേദനിക്കുന്നുണ്ട്.
ഓടിക്കൂടിയവരില്‍ ആരുംതന്നെ അടുത്തുവന്നു രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുതിരുന്നില്ല. കാഴ്ചക്കാരനായി നില്‍ക്കുന്നു. ഞാന്‍ സഹായത്തിനായി കൈനീട്ടി.

പുലര്‍കാലത്ത് തങ്ങളുടെ ജോലിസ്ഥലങ്ങളിലേയ്ക്ക് പോകുന്നവരും പച്ചക്കറിച്ചന്തയിലും മീന്‍ചന്തയിലും മറ്റുമായി പണിയെടുക്കുന്നവരും രാവിലെ ജോഗിങ്ങിനിറങ്ങിയവരും എല്ലാം വന്ന് എത്തിനോക്കുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോഴും സ്ഥലകാലബോധംവന്ന് അങ്കിള്‍ പിന്നില്‍നിന്നും ഇറങ്ങിവന്നു. പുറകിലിരുന്നതിനാല്‍ അദ്ദേഹത്തിന് കാര്യമായിട്ടൊന്നും പറ്റിയിരുന്നില്ല. അദ്ദേഹം വന്ന് ചില യുവാക്കളെക്കൂട്ടി സ്റ്റിയറിംഗ് വലിച്ചകത്തി എന്നെ പുറത്തെടുത്ത് കിടത്തി.
പിന്നെ വഴിയെവന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചു… ചിലര്  നിര്‍ത്താതെ തിരക്കിട്ടുപോയി. പിന്നെ പിന്നെ റോഡില്‍ കൂടിനിന്ന ചിലര്‍ പ്രവര്‍ത്തനനിരതരായി. അവര്‍ റോഡില്‍ കയറിനിന്ന് എതിരെ വന്ന ഒരു അംബാസിഡര്‍ തടഞ്ഞുനിര്‍ത്തി. ആ കാറിലേയ്ക്ക് എന്നെയും ഡ്രൈവറെയും കയറ്റി ഇരുത്തി മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു.

പിന്നാലെ വന്ന ഒന്നുരണ്ടു വാഹനങ്ങളിലായി ബാക്കിയുള്ളവരെയും കയറ്റിവിട്ടു. അങ്കിള്‍ വാഹനത്തിനടുത്തുനിന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചു. അടുത്ത ടെലഫോണ്‍ ബൂത്തില്‍നിന്ന് നാട്ടിലേക്ക് ഫോണ്‍ചെയ്ത് വേണ്ടപ്പെട്ടവരെയെല്ലാം വിവരം അറിയിച്ചു. ഉടന്‍തന്നെ സഹായത്തിന് നാട്ടില്‍നിന്നും ഒരു സംഘം പുറപ്പെട്ടു…

വാഹനാപകടം നടന്ന് അറിയിച്ചപ്പോള്‍ അടുത്തുള്ള സ്റ്റേഷനില്‍നിന്നും പത്തുമണികഴിഞ്ഞാണ് പോലീസ് എത്തിയത്. പുലര്‍ച്ചേ നടന്ന അപകടത്തിന് ഫോണില്‍കൂടി നിര്‍ദ്ദേശം നല്‍കുകമാത്രമാണ് അതിനുവേണ്ടപ്പെട്ടവര്‍ ചെയ്തത്… ഒരുദിനം മുഴുവന്‍ വാഹനം റോഡരുകില്‍ കിടന്നു.
പിന്നെ നാട്ടില്‍നിന്നും വന്നവര്‍ സാറമ്മാരെ വേണ്ടപോലെ കണ്ടുകഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ക്ക് നീക്കുപോക്കുവന്നു. ലോറിക്കാരനുമായി പറഞ്ഞ് കാര്യങ്ങള്‍ ചില്ലറ ഇടപാടില്‍ തീര്‍ത്തു. സ്വന്തം ഭാഗത്തുനിന്നുള്ള കൈപ്പിഴവായതിനാല്‍ കേസുവേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ സര്‍വ്വീസും സേവനങ്ങളും…!

അജിത്ത് ഓഫിസ് ഗേറ്റുകടന്ന് വാഹനം പാര്‍ക്കിംഗ് ലോട്ടില്‍ കയറ്റി യഥാസ്ഥാനം നിര്‍ത്തിയിട്ട് ഇറങ്ങിനടന്നു.
… ….. ….. ….. ……….. ……… ………. ………….. …………….. ……

കെല്‍സിയും കുട്ടികളും മെയ്ഡുംകൂടി ഔട്ടിഗിനും പര്‍ച്ചേസിഗിനുമായി ഇറങ്ങി. രണ്ടു കുഞ്ഞുങ്ങളെയും നോക്കാന്‍ രണ്ടാമതൊരാളുടെ സഹായമില്ലാതെ പറ്റില്ല. അജിത്താകട്ടെ തന്റെയും കുഞ്ഞുങ്ങളുടെയും കൂടെ വരുകയില്ല.

അജിത്ത് കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയാല്‍ തന്നെകൂടെ കൂട്ടാറില്ല. കുട്ടികള്‍ക്ക് അജിത്തിനോടാണ് താല്‍പര്യം, അവരുടെ താളത്തിന് തുള്ളുന്നു എന്നതുതന്നെയാണ് കാരണം. തന്നോടുകാണിക്കാത്ത സ്‌നേഹം മുഴുവന്‍ കുട്ടികള്‍ക്കായി നല്‍കുന്നു.

തന്നോടുള്ള സമരമുറതന്നെയാണ്. തന്നെ അവഗണിക്കുന്നു എന്നുള്ളത് കാണിക്കാനായി കുട്ടികളെ വളരെയധികം ലാളിക്കുന്നു. ഓഫീസില്‍ പോകാത്തനാളുകളില്‍ താന് ഏകയാണ്. ടിവിയും ഇടയ്ക്കിടെ വരുന്ന ഫോണുകളും മാത്രമാണ് ഏക ആശ്വാസം.

ഇടയ്ക്കു ചിലപ്പോള്‍ തനിയെ ഡ്രൈവ്‌ചെയ്ത് പോകും…. എല്ലാ സുഖസൗകര്യങ്ങളുണ്ടായിരുന്നിട്ടും അവഗണിക്കപ്പെട്ട ജീവിതം അരോചകമാണ്. എല്ലാവരും ഉണ്ടായിരുന്നിട്ടും സ്‌നേഹിക്കേണ്ടവര്‍ സ്‌നേഹിക്കുന്നില്ലെങ്കില്‍ ജീവിതം യാന്ത്രികമാണ്… ഇതങ്ങനെ പോയാല്‍ പറ്റില്ല… എന്തെങ്കിലും ഒരു തീരുമാനം എടുത്തേ മതിയാവുകയുള്ളൂ.

കെല്‍സി കാറില്‍കയറി സ്റ്റാര്‍ട്ടു ചെയ്തു. മെയ്ഡ് കുട്ടികളെയുംകൊണ്ട് പിന്നില്‍ കയറി. മില്‍ക്ക്‌ബോട്ടിലുകളും ബേബിഫുഡും കരുതിയിരുന്നു.

ആദ്യം കണ്ട മാളില്‍ കയറി… കുട്ടികള്‍ക്കുവേണ്ടി കുറച്ച് നൈറ്റ് വെയറുകളും ഡയപ്പറുകളും വാങ്ങി. കിഡ്‌സ് സ്റ്റോറില്‍നിന്ന് ഫുഡ്‌മെറ്റീരിയല്‍സും വാങ്ങി. ഇനി ഒന്നുരണ്ട് ടോയിസുംകൂടി വാങ്ങണം. കുട്ടികള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി വാശിപിടിച്ച് കരയുവാനും ഓടിച്ചാടിനടക്കാനും തുടങ്ങും. കണ്ണില്‍ കണ്ടിതത്തൊക്കെ വലിഞ്ഞുകയറാനും പിടിച്ച് വലിച്ച് മറിച്ചിടാനും തുടങ്ങും.

പിറകെ ഒരു ആള്‍ എപ്പോഴും വേണ്ടിവരും. കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്താല്‍ ശ്രദ്ധ അതില്‍ ആയിരിക്കും. കുറച്ചൊക്കെ ആശ്വാസം കിട്ടും അത്രതന്നെ. അടങ്ങി ഒരിടത്ത് ഇരിക്കും എന്ന് കരുതാം. രണ്ടുപേരായതിനാല്‍ എല്ലാം ഒരേപോലെ രണ്ടെണ്ണംവീതം വാങ്ങേണ്ടിവരുന്നു. ഉടുപ്പുകളായാലും കളിപ്പാട്ടങ്ങളായാലും… അല്ലെങ്കില്‍ വഴക്കും  പിടിവാശിയും ആയിരിക്കും ഫലം.
ഷോപ്പുകളിലുള്ള മലയാളികള്‍ക്ക് തന്നെ അറിയാം എന്നതിനാല്‍ വേണ്ടതെല്ലാം പുറകെ നടന്ന് എടുത്തുതരുവാന്‍ ഉത്സാഹം കാണിക്കാറുണ്ട് അവര്‍. കാര്യങ്ങള്‍ തിരക്കിയും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു സൗഹൃദം പങ്കിടും. എല്ലാവര്‍ക്കും ഇനി അടുത്ത സിനിമയില്‍ എപ്പോഴാണ് അഭിനയിക്കുക എന്നാണ് അറിയേണ്ടത്…

“നാന്‍സി ഇവര്‍ ഇതെല്ലാം എടുത്ത് വാഹനത്തില്‍ വച്ചുതരും. കുട്ടികളെയും കൂട്ടി കാറില്‍ കയറിക്കോളൂ…” മെയ്ഡിന് നിര്‍ദ്ദേശം നല്‍കി ക്രെഡിറ്റ് കാര്‍ഡുമായി കെല്‍സി കൗണ്ടറിലേയ്ക്ക് നടന്നു.

കുട്ടികളെയും കൂട്ടി ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്കാണ് പോയത് അവിടെ ചെന്നിരുന്നപ്പോള്‍ തെല്ലാരാനന്ദം തോന്നി. നാന്‍സി കുട്ടികളുമായി പാര്‍ക്കില്‍ ചുറ്റിനടന്നു. നിരവധി കുട്ടികളും മാതാപിതാക്കളും പാര്‍ക്കില്‍ ഉണ്ടായിരുന്നു. താന്‍ മാത്രമേ കുട്ടികളെയുംകൊണ്ട് തനിയെ വന്നിട്ടുള്ളൂ എന്നുതോന്നുന്നു. മറ്റു കുട്ടികള്‍ക്ക് കൂട്ടായി അവരുടെ മാതാവും പിതാവും കൂടെയുണ്ട്. തനിക്കു വല്ലാത്ത ദുഃഖവും നിരാശയും തോന്നി.

നാന്‍സി കുട്ടികളെയും കൂട്ടി തിരികെ എത്തിയപ്പോള്‍ അവിടെ കൂടുതല്‍ നില്‍ക്കാന്‍ തോന്നിയില്ല. ഉടന്‍തന്നെ കെല്‍സി അവരെയുംകൂട്ടി വീട്ടിലേയ്ക്ക് മടങ്ങി.

രാത്രിഭക്ഷണത്തിനുശേഷം കുട്ടികളുമായി കളിച്ചിരിക്കുകയായിരുന്നു കെല്‍സി. അജിത്ത് ഓഫീസ് ആവശ്യത്തിന് യാത്രപോയിരിക്കുകയാണ്. അതിനാല്‍ ഇന്നുരാത്രി ഇവിടെ കാണില്ല.

അജിത്തില്ലാത്തതിനാല്‍ കുട്ടികള്‍ കെല്‍സിയുടെ ഒപ്പംകൂടി. കെല്‍സിക്ക് അത് സന്തോഷകരവുമായി. അജിത്ത് ഉള്ളപ്പോള്‍ കുട്ടികളെ ഇതുപോലെ രാത്രിസമയത്ത് അടുത്തു കിട്ടാറില്ല.

പകല്‍ കുട്ടികള്‍ തന്റെ കൂടെയും രാത്രിയില്‍ അജിത്തിന്റെകൂടെയും എന്ന രീതിയില്‍ ഒരുതരം വീതം വച്ചുള്ള ജീവിതം!

കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം കഴിയുന്നതല്ലേ നന്ന് എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ അജിത്തിനോട് ഇക്കാര്യം പറഞ്ഞ് ഒരു യുദ്ധത്തിന് മുതിര്‍ന്നാല്‍ അത് എങ്ങിനെ അവസാനിക്കും എന്നു പറയാന്‍ പറ്റില്ല.

ഏതായാലും പകലെങ്കിലും കുട്ടികളെ കൂടെ കിട്ടും. രണ്ടു തട്ടിലുള്ള ജീവിതമായതിനാലാണ് തനിക്ക് ഈ ഒരു അവസ്ഥ വന്നുചേര്‍ന്നത്.

അജിത്ത് ഇപ്പോള്‍ കൂടുതലായി കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍, സ്വകാര്യതയില്‍നിന്നുംതന്നെ പടിയിറക്കിയിരിക്കുകയല്ലേ…
ഒരു ഭാര്യ എന്ന നിലയില്‍ എന്തവകാശമാണ് ഇപ്പോള്‍ തനിക്കുള്ളത്? ഇതിനെല്ലാം കാരണം തന്റെ വിടുവായത്തരം തന്നെ. എന്തു നിശ്ചയത്തിലാണ് അജിത്തിങ്ങനെ ജീവിതം തള്ളിനീക്കുന്നത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ഏതായാലും ഈ ദുരവസ്ഥ ആരോടെങ്കിലും തുറന്നുപറയണം. അഭിപ്രായം അറിഞ്ഞതിനുശേഷം വിഷയം വീട്ടില്‍ അവതരിപ്പിക്കണം. പിന്നെ ഈ കാര്യത്തിന് ഒരു തീരുമാനം എടുക്കുകയും വേണം.
അജിത്തിന്റെ  നിസാര കാര്യത്തെപ്രതിയുള്ള ഈ പിടിവാശിക്ക് മുന്നില്‍ തന്റെ ജീവിതം നശിപ്പിച്ചുകൂടാ… തനിക്കും സ്വന്തമായ ജീവിതവും സമ്പാദ്യവും വേണം. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ തന്റെ സമ്പാദ്യമെല്ലാം കയ്യൊഴിഞ്ഞുപോവും…

ഇപ്പോള്‍തന്നെ സൗന്ദര്യസംരക്ഷണത്തിനും മറ്റുമായി അനുദിനം ചെലവഴിക്കുന്ന തുക വളരെയധികമാണ്. വരവ് ഇല്ലാതെ ഒരു വഴിക്ക് മാത്രം പണമൊഴുകിയാല്‍ പാപ്പരാകാന്‍ എന്തുവേണം. ഇനിയും ഇന്‍ഡസ്ട്രിയിലേക്ക് മടങ്ങി ചെല്ലണമെങ്കില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാഴ്‌സണല്‍ സെക്രട്ടറിമാരെയും പി.ആര്‍.ഒ. യെയും തുടങ്ങി മേക്കപ്പ്മാന്‍, ഡയറ്റ് കണ്‍ട്രോളര്‍, ബ്യൂട്ടി തെറാപ്പിസ്റ്റ്, സ്റ്റൈലിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനര്‍ തുടങ്ങി എല്ലാവരെയും അപ്പോയിന്റ് ചെയ്ത് ഒന്നേന്ന് തുടങ്ങണം.

കമ്പനികളും ജ്വല്ലറികളും മറ്റു തന്നെ വീണ്ടും സെലബ്രിറ്റി മോഡലാക്കണമെങ്കില്‍ തന്റെ പ്രശസ്തി മങ്ങുന്നതിനുമുമ്പേ ഫില്‍ഡില്‍ ഇറങ്ങണം. ഒരു നടിയെ സംബന്ധിച്ച് വിവാഹശേഷം ഫീല്‍ഡില്‍നില്‍ക്കണമെങ്കില്‍ വളരെയത്‌നിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വേഗം ഔട്ടാകുകതന്നെ ചെയ്യും.

ഇനി ഗ്ലാമര്‍ വേഷങ്ങളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ പറ്റിയെന്നു വരില്ല. മിറച്ച് അഭിനയത്തിന്റെ പിന്‍ബലത്തില്‍ ശമായ കഥാപാത്രങ്ങളിലൂടെ ആവശ്യഘടകമായി തുടരണം. സംവിധായകരെയും ബാനറുകളെയും ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. എന്തായാലും വൈകിക്കുന്നതു ബുദ്ധിയല്ല.

വിട്ടുവീഴ്ചയുടെ നല്ലൊരു കുടുംബജീവിതത്തിന് അജിത്ത് തയ്യാറാകുമോ എന്നറിയണം അല്ലെങ്കില്‍ തന്റെ വഴിയായ അഭിനയജീവിതം. കെല്‍സി ഒരു ഉറച്ചതീരുമാനം എടുത്തു.
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:7- കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക