അദ്ധ്യായം 8
ഞായറാഴ്ചയായതിനാല്‍ അജിത്തും കുട്ടികളും ഔട്ടിങ്ങിന് പോയതാണ്. കെല്‍സി ടിവിയില്‍ മലയാള സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
വിനായമ്മയുടെ സിനിമയാണ്. മലയാള സിനിമയുടെ അഭിനയ ശാലീനത്വമാണല്ലോ വിനയാമ്മ. ഇന്‍ഡസ്ട്രിയിലെ യുവതീയുവാക്കള്‍ക്ക് അമ്മതന്നെയാണ് വിനയാമ്മ. തന്റെ ജീവിതത്തിലെ ദുഃഖങ്ങളെ സധൈര്യം അഭിമുഖീകരിച്ച് അഭിനയജീവിത്തില്‍ തന്റെ തനതുവ്യക്തിമുദ്രസ്ഥാപിച്ചു വിനയാമ്മ.
വിനയാമ്മയുടെ ജീവിതം തനിക്കും പ്രചോദനമാണ്. ഒരു നടി എന്ന നിലയില്‍ താനെന്തിന് തോല്‍വിക്ക് വിധേയമാകണം? വിനയാമ്മ തനിക്ക് പ്രിയപ്പെട്ട നടിയും നിര്‍ദ്ദേശങ്ങളും തന്നു നയിക്കുന്ന നല്ലൊരു സഹപ്രവര്‍ത്തകയുമാണ്.
സന്ധ്യക്കു മുന്‍പേതന്നെ അജിത്തും കുട്ടികളും തിരികെ എത്തിയിരുന്നു. മിന്നുവിന് ചെറിയ തളര്‍ച്ചയുണ്ടായിരുന്നു. പനിയുടെ ലക്ഷണം… അജിത്ത് മിന്നുവിനെ മെഡിസിന്‍ സെന്ററില്‍ കൊണ്ടുപോയി ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റിനെ കാണിച്ച് മെഡിസിന്‍ വാങ്ങിയിട്ടുണ്ട്.
കുട്ടികളുടെ കാര്യത്തില്‍ അമ്മയെന്നനിലയില്‍ തന്റെ ഭാഗഭാഗിത്വം നിഷേധിക്കുന്നതില്‍ കെല്‍സിക്ക് അമര്‍ഷം തോന്നി. ഉള്ളില്‍ പ്രതിഷേധം കടലായിരമ്പിയാര്‍ത്തു. അവള്‍ കുട്ടികളെയും എടുത്ത് കൊണ്ട് രോഷത്തോടെ റൂമിലേയ്ക്ക് പോയി.
“കെല്‍സി, കുഞ്ഞിന് മരുന്നുകൊടുക്കണം…. ഇവിടെ കെണ്ടുവാ…” അജിത്ത് പിന്നില്‍നിന്ന് വിളിച്ചു പറഞ്ഞു.
“കെല്‍സി കേള്‍ക്കാത്തഭാവതതില്‍ പോകാന്‍ തുടങ്ങി. കെല്‍സി നിന്നോടാണ് പറഞ്ഞത് മിന്നുമോള്‍ക്ക് ഭക്ഷണം കൊടുത്തിട്ട് മരുന്ന് ഒരു ഡോസ് കൊടുക്കണമെന്ന്…”
“എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ എനിക്കുമറിയാം….” കെല്‍സി തിരിഞ്ഞുനിന്ന് തന്റെ രോഷമെല്ലാം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു.
“കെല്‍സി… നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ കുട്ടികളുടെയിടയില്‍ പ്രകടിപ്പിക്കേണ്ടതില്ല.”
“ഓഹോ അങ്ങനെയോ..? എങ്കില്‍ പിന്നെ അജിത്തെന്തിനാ കുട്ടികളെയുംകൊണ്ട് ഒറ്റയ്ക്ക് പുറത്തു പോകുന്നത്? ഞങ്ങളെ ഒറ്റയ്ക്ക് വിടുന്നത്… രാവും പകലും രണ്ടുമുറികളില്‍ കഴിയുന്നത്? എന്താ കുട്ടികള്‍ക്ക് അവരുടെ അപ്പനെ മാത്രം മതിയോ? അമ്മയെ വേണ്ടേ? അപ്പനും അമ്മയും ഒന്നിച്ചൊരു ലാളനം അവര്‍ക്ക് വേണ്ടെന്നു വയ്ക്കുമ്പോള്‍…എവിടെപോയി ഇപ്പറഞ്ഞ വ്യക്തിത്വം…” കെല്‍സിനിന്നു വിറച്ചു മിന്നുമോള്‍ പേടിച്ച് കരയാന്‍ തുടങ്ങി… അജിത്തിന്റെ മറുപടിക്കായി കാത്തുനില്‍ക്കാതെ കെല്‍സി കുഞ്ഞിനെയുംകൊണ്ട് റൂമിലേക്കുപോയി.
തീക്കുനയ്ക്ക് നടുവിലെന്നപോലെ അജിത്ത് വെന്തുരുകി. സര്‍വ്വനാഡികളിലും രക്തം ചുരമാന്തിവിങ്ങി. കയറിച്ചെന്ന് രണ്ടെണ്ണം കൊടുക്കാനുള്ള ദേഷ്യം!
കെല്‍സിയുടെ തറുതലപറച്ചില്‍ ഇഷ്ടപ്പെട്ടില്ല…ഇതുവരെയും ഇങ്ങനെയവള്‍ ക്ഷോഭിച്ചിട്ടില്ല… എന്തോ നിശ്ചയിച്ച മട്ടില്‍ കൈവിട്ട കളിപോലെ… അജിത്ത് സോഫായിലിരുന്നു. കൈത്തലംകൊണ്ട് മുഖമൊന്നമര്‍ത്തി ഉഴിഞ്ഞു. തലമുടിയിഴകള്‍ക്കിടയിലൂടെ ഇരുകൈവിരലുകളും ഓടിച്ചു. തെല്ലൊരു ശാന്തത കൈ വന്നിരിക്കുന്നു.
നാന്‍സിയെവിളിച്ച് ഫ്രിഡ്ജില്‍നിന്നും വെള്ളം എടുത്തുവരാന്‍ ആവശ്യപ്പെട്ടു. തണുത്തവെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ എന്തൊരു ആശ്വാസം.
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി മിന്നുമോള്‍ക്ക് ഒരു ഡോസ് മരുന്ന് കൊടുക്കാന്‍ നാന്‍സിയെ ഏര്‍പ്പാടുചെയ്ത് അജിത്ത് റൂമിലേയ്ക്ക് പോയി.
എത്ര നാളിങ്ങനെ കഴിയും. കുഞ്ഞുങ്ങള്‍ വളര്‍ന്നുവരികയാണ്. തങ്ങളുടെ പിണക്കം കുട്ടികളില്‍ ദുര്‍മാതൃകയാവും. അവര്‍ കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ തുടങ്ങുമ്പോള്‍ ഉത്തരംപറയാന്‍ തങ്ങള്‍ ബാധ്യസ്ഥരുമാവും. അതിനുമുന്‍പേ തന്നെ ജീവിതം ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.
അജിത്ത് ചിന്തിച്ചു. എന്താണിതിനൊരുപോംവഴി… എന്തുതീരുമാനമാണ് എടുക്കേണ്ടത്. കെല്‍സിയുടെ പ്ലാനും പദ്ധതിയും എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. എടുത്തുചാടി ക്ഷോഭിച്ചിട്ടുകാര്യമില്ല… സംയമനത്തോടെ കാര്യത്തിനൊരു നീക്കുപോക്കുണ്ടാക്കണം.
അജിത്ത് ഡ്രസ്മാറി കുളിക്കാനായി ബാത്ത്‌റൂമില്‍ കയറി.
കെല്‍സി അജിത്തിനോട് ക്ഷോഭിച്ച് റൂമില്‍ കയറി വാതിലടച്ചിരുന്നു… തനിക്ക് വളരെയധികം വിഷമം തോന്നിയിരുന്നു. കുഞ്ഞിന്റെ രോഗത്തെക്കുറിച്ചുള്ള ആകുലതയില്‍ മുന്‍പിന്‍ നോക്കാതെ എന്തൊക്കെയോ പറഞ്ഞുപോയി. അല്ല പറഞ്ഞത് ഒന്നുംതന്നെ തെറ്റെന്നു തോന്നുന്നില്ല.
ഒരമ്മയുടെയും കുഞ്ഞിന്റെയും മാനസികബന്ധത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍. ആ സ്‌നേഹത്തെ അത് ലംഘിക്കാന്‍ ശ്രമിച്ചാല്‍ ആരായാലും അവരോട് ആ അമ്മയ്ക്ക് വിദ്വേഷം തോന്നാതിരിക്കുമോ? മറ്റെന്തുവൈകാരികബന്ധങ്ങള്‍ക്കും അപ്പുറത്തേതാണ് ആ സ്‌നേഹം…
ഒരിക്കല്‍ താന്‍ അവിവേകംമൂലം എന്തോ ഒന്ന് പറഞ്ഞു… വികാരാവേശത്താല്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തത് ചിന്തിച്ചു. പക്ഷെ പത്തുമാസം ചുമന്ന് പെറ്റകുഞ്ഞിനെ, ആ മുഖം കണ്ട അമ്മയില്‍നിന്ന് വേര്‍പെടുത്താന്‍ പറ്റില്ല.
തനിക്കിപ്പോള്‍ 'ദശരഥം'എന്ന സിനിമയാണ് ഓര്‍മ്മയില്‍ വരുന്നത്. ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിച്ച് ജനിപ്പിച്ചുകൊടുക്കുക എന്ന എഗ്രിമെന്റില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥ! അവിടെ സ്ത്രീക്ക് വെറുമൊരു കാരിയറുടെ റോള്‍ മാത്രമേ അയാള്‍ കല്‍പ്പിച്ചിരുന്നുള്ളൂ.
എന്നാല്‍ പിന്നീട് കുഞ്ഞു പിറന്നതിനുശേഷം ആ മാതൃത്വത്തില്‍നിന്ന് കുഞ്ഞിനെ അടര്‍ത്തിയെടുക്കാന്‍ അയാള്‍ക്ക് ആയതില്ല. കുഞ്ഞിനെ കൈവെടിയാന്‍ ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല…
ഒരു വീട്ടിലെ രണ്ടു മുറികളില്‍ കഴിയുന്ന തന്റെയും ഗതി ഇതിനു തുല്യമാണെന്നു തോന്നിപ്പോവുന്നു. വിവാഹം ചെയ്തു എന്നുമാത്രം… കുട്ടികളെ പ്രതി തന്നെ ഇവിടെ താമസിച്ചിരിപ്പിക്കുന്നു എന്നെ പോലെയല്ലേ അജിത്തേട്ടന്റെ ഇടപെടലുകല്‍! സഹിക്കവയ്യ…!
വാതിലില്‍ ആരോ മുട്ടുന്നു… നാന്‍സിയായിരിക്കാം… ചെന്നു വാതില്‍ തുറന്നു. നാന്‍സി വാതില്‍ക്കല്‍… അവള്‍ മരുന്നുപായ്ക്കറ്റ് തന്റെ നേരെ നീട്ടി…
“മാഡം… കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്… മരുന്ന് കൊടുക്കേണ്ടതിനായി അവള്‍ക്കതു നല്‍കാം…”
“നാന്‍സി… ഞാനിതാവരുന്നു… കുഞ്ഞുങ്ങളെ താഴേയ്ക്ക് കൊണ്ടുപോയ്‌ക്കൊള്ളൂ…”
നാന്‍സിയുടെ കൈകളില്‍ പിടിച്ച് മിന്നുമോളും അപ്പുവും താഴേയ്ക്ക് പിച്ചവെച്ചു. കെല്‍സി പിറകെ മരുന്നുമെടുത്ത് ചെന്നു.
കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. കെല്‍സി ചെന്ന് റിസീവര്‍ എടുത്തു കാതോടു ചേര്‍ത്തു…
“ഹലോ…”
“ഹലോ കെല്‍സി… എന്താമോളെ വിശേഷം…”
“ങ്ങാ…. ആന്റി… എന്താ സുഖമാണോ?”
“സുഖംതന്നെ മോളെ… പിന്നെ നിന്റെ വിശേഷം പറ… കുഞ്ഞുങ്ങള്‍ക്കൊക്കെ എന്നതാ മോളെ വിശേഷം… ഓടിച്ചാടിനടക്കാന് തുടങ്ങിയില്ല്യോടി മോളെ…”
“ങ്ങാ നടക്കാന്‍ തുടങ്ങി ആന്റി… പിന്നെ മിന്നുമോള്‍ക്ക് ഒരു പനിക്കോള്…”
“യ്യോ, എന്നാപറ്റി മോളേ… നീ തലയില് വെള്ളമെല്ലാം കോരി ഒഴിച്ചേച്ച് നന്നായി തോര്‍ത്തിയില്ല്യോ പെണ്ണെ…”
“അതല്ല ആന്റി… പിള്ളേരല്ലേ… കാലാവസ്ഥമാറുമ്പം പനിവരും… സാരമില്ല… അജിത്തേട്ടന്‍ മരുന്നുമേടിച്ച് വന്നു. ഞങ്ങള്‍ ഭക്ഷണം നല്‍കിയിട്ട് മരുന്നുകൊടുക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴല്ലേ… ആന്റി വിളിച്ചത്? സരളാന്റി വിശേഷംപറ…”
“എടി കെല്‍സി ഞങ്ങള് ഒരു സ്റ്റേജ്‌ഷോയുമായി അമേരിക്കയ്ക്ക് വരുന്നുണ്ട്… ഈ അടുത്ത ഓണത്തിന്.”
“ങാ… അതുകൊള്ളാമല്ലോ? നന്നായി നമുക്കൊന്നു കാണാന്‍ പറ്റുമല്ലോ? പിന്നെ ഒരു ദിവസം നമുക്ക് ഇവിടെ കൂടണം. അതിനുള്ള തീരുമാനം സംഘാടകരെ അറിയിച്ചേക്കണം കേട്ടോ ആന്റി…” കെല്‍സി തന്റെ ഹിതം സരളാന്റിയെ അറിയിച്ചു…
“ങാ…പിന്നെ അതു ഞാനേറ്റെടി പെണ്ണേ…” കെല്‍സിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വരണ്ടുണങ്ങിയ മണ്ണ് ചെറുമഴയ്ക്ക് കൊതിച്ചിരുന്നപ്പോള്‍ ഒരു പെരുമഴയില്‍ കുതിര്‍ന്ന നിര്‍വൃതി…
“എടി പെണ്ണേ… നീയെന്തുവാടീ മനക്കോട്ട കെട്ടുന്നേ… വല്ലതും പറ കെല്‍സി…”
“ഓ… ആന്റി വരുന്നെന്നുകേട്ടപ്പോള്‍ സന്തോഷം അടക്കാനായില്ല… ഏതായാലും ആന്റി രണ്ടുമൂന്നുമാസത്തിനകം സ്റ്റേറ്റ്‌സില്‍ എത്തുമല്ലേ? കാര്യങ്ങള്‍ നേരില്‍ സംസാരിക്കാം…”
എങ്കില്‍ ശരിമോളേ… വിശേഷമൊന്നുമില്ലല്ലോ? ഇടയ്ക്ക് വിളിക്കാം…. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട കേട്ടെ പെണ്ണേ…?
“ശരി ആന്റി തീര്‍ച്ചയായും വിളിക്കാം…”
“എന്നാ ശരി…ബൈ...”
“ബൈ... ബൈ... സീയൂ.” കെല്‍സി ആനന്ദപുളകിതയായി…
“സീയു…ബൈ...” ആന്റി ഫോണ്‍ കട്ടു ചെയ്തു…
കെല്‍സിയ്ക്ക് വളരെയധികം സന്തോഷം തോന്നി. തന്റെ പ്രശ്‌നങ്ങള്‍ ആരോടെങ്കിലും സംസാരിച്ച് ഒരു തീരുമാനത്തിലെത്തണം എന്നു ചിന്തിച്ചിരിക്കേയാണ് സരളാന്റി വിളിച്ചത്. ആന്റിയുടെ വിസിറ്റ് ഏതായാലും ഉചിതംതന്നെ.
കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്ത് കഴുകിച്ച് തുടച്ച് നാന്‍സി കൊണ്ടുവന്നു. കെല്‍സി മരുന്ന് അളവിനനുസരിച്ച് എടുത്ത് മിന്നുവിന് കൊടുത്തു. അപ്പുവിന് ഒരു ഓറഞ്ച് എടുത്തു പൊളിച്ച് കുരുകളഞ്ഞ് കൊടുത്തു. മിന്നുവിന് ഏതായാലും ഓറഞ്ച് കൊടുക്കേണ്ടതില്ല. കോള്‍ഡുള്ളതിനാല്‍ ദോഷം ചെയ്യും. നാവിന് ചെറിയ അരുചി ഉള്ളതിനാലാവാം ഓറഞ്ചില്‍ അവള്‍ താല്‍പര്യം കാട്ടിയില്ല. അല്ലെങ്കില്‍ രണ്ടുപേരുകൂടി പിടിവാശി കാട്ടിയേനേ...
കെല്‍സി കുട്ടികളെയുംകൊണ്ട് വിസിറ്റേഴ്‌സ് ഹാളില്‍ പോയിരുന്നു. കുഞ്ഞുങ്ങള്‍ രണ്ടുപേരും കളിപ്പാട്ടങ്ങള്‍ എടുത്ത് അതില്‍ വ്യാപൃതരായി…
കെല്‍സി ടീപോയില്‍ കിടന്ന പുതിയ ഫിലിം മാഗസിനില്‍ കണ്ണോടിച്ചു. പുതിയ പ്രോജക്ടുകളും ലോക്കേഷന്‍ വിശേഷങ്ങളും സഹപ്രവര്‍ത്തകരുടെ പ്രൊമോഷന്‍ ആര്‍ട്ടിക്കിളുകളും ഫിലിംറിവൂകളും ന്യൂസുകളും എല്ലാം എല്ലാം കെല്‍സിയെ സിനിമാലോകത്തേയക്ക് പിന്നെയും മാടിവിളിക്കുകയായിരുന്നു… അവള്‍ ആ മാഗസിനില്‍ കൂടി സഞ്ചാരിക്കുകയായിരുന്നു. സിനിമയുടെ മായികലോകത്തിലൂടെ… അഭിനയചക്രവാളത്തിലൂടെ… വെള്ളിത്തിരയുടെ പെരുമയിലും പ്രശസ്തിയിലും അങ്ങനെയങ്ങിനെ വ്യാപൃതയായി…