എന്തൊരു ബഹളമാണിത്? എന്തു തമാശ കണ്ടിട്ടാ ആളുകള്‍ ഇങ്ങനെ ആര്‍ത്തു ചിരിക്കുന്നത്?
സന്ധ്യ ചുറ്റും നോക്കി. വെള്ളിത്തിരയിലെ പ്രകാശം പ്രതിഫലിക്കുമ്പോള്‍ മുഖങ്ങള്‍ വ്യക്തമായി കാണാം. പ്രേക്ഷകരെല്ലാം ഒരുതരം യൂഫോറിയയില്‍ ആണെന്നു തോന്നുന്നു. ഒരു മൂന്നാംകിട ഹാസ്യചിത്രത്തിന് ആളുകളെ ഇത്ര യൂഫോറിക് ആക്കാന്‍ പറ്റുമോ? സന്ധ്യ ആലോചിച്ചു.
പേരുകേട്ട സംവിധായകന്റെ പുതിയ ചിത്രമെന്നാണ് വിനോദ് പറഞ്ഞത്. ഹാസ്യ കുറ്റന്വേഷണചിത്രമാണത്രേ. ഇത്തരം ചിത്രങ്ങളെടുത്ത് പേരുകേട്ട ആ സംവിധായകന് ഒരു ട്രെന്‍ഡു തന്നെ സൃഷ്ടിച്ചിട്ടുണ്ടുപോലും. മലയാളിയായ പ്രേക്ഷകരുടെ മാറിവരുന്ന ടേയ്സ്റ്റുകളെപ്പറ്റി ചെറിയ സ്റ്റഡിക്ലാസിനു തന്നെ വിനോദ് തയ്യാറായിരുന്നു.
കണ്ടിട്ട് തനിക്ക് അവജ്ഞയാണു തോന്നുന്നത്. പുറത്തുനിന്നു കണ്ടപ്പോള്‍ നല്ല തിയേറ്റര്‍ ആണെന്നു തോന്നിയിരുന്നു. അകത്തു വന്നപ്പോഴല്ലേ അറിയുന്നത്. പൊളിഞ്ഞ സീറ്റുകള്‍, പെയിന്റ് അടര്‍ന്നു പോയ ഭിത്തികള്‍, ചലിക്കാത്ത ഫാനുകള്‍, സൗണ്ട് സിസ്റ്റത്തില്‍ പോലും എന്തൊക്കെയോ അപാകതകള്‍.
സന്ധ്യ, വെള്ളിത്തിരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. എന്തെല്ലാം തരംതാണ വികൃതികള്‍.
മകളെ തട്ടിക്കൊണ്ടു പോയ നാല്‍വര്‍ സംഘത്തിനെ പിടികൂടാന്‍ ധാനഢ്യനായ പിതാവ് വാടകയ്ക്കെടുക്കുന്ന രണ്ടു രഹസ്യപ്പോലീസുകാരുടെ വീരകൃത്യങ്ങളാണ് കഥ.
മേമ്പൊടിക്കായി ഇടയ്ക്കിടെയുള്ള പാട്ടും ഡാന്‍സുമാണ് ഏറെ ദുസ്സഹം.
“ഇഷ്ടപ്പെട്ടോ?”
വിനോദിന്റെ ചോദ്യം.
ഒന്നു ചിരിക്കുക മാത്രം ചെയ്തു.
എന്തായാലും പ്രകൃതിയുടെ മര്‍മ്മം അറിയാവുന്ന ആളാണ് ഫോട്ടോഗ്രാഫര്‍. മനോഹരമായ ക്യാമറാ ആംഗിള്സ്. ഒന്നാന്തരം ഫ്രെയിമുകള്‍. അതൊഴിച്ചു നിര്‍ത്തിയാല്‍ ആകെയുള്ളത് ആശയ ശൂന്യമായൊരു കോമാളി നാടകം.
ഇന്നെങ്കിലും നേരത്തേ ഉറങ്ങണമെന്നു കരുതിയതാണ്. ഈ കോമാലിപ്പടം തീരാന്‍ ഒമ്പതു മണി കഴിയുമെന്നു തോന്നുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ചു കിടക്കുമ്പോഴേക്കും പത്തുമണിയെങ്കിലുമാകും.
ശരിക്കൊന്നുറങ്ങിയിട്ട് ദിവസങ്ങളായി. എന്തായാലും ഇനി അധിക ദിവസമില്ലല്ലോ എന്നൊരു സമാധാനം മാത്രം.
തന്നെയും വിനോദിനെയും വീട്ടിലേക്ക് ക്ഷണിച്ച് സല്ക്കരിക്കുന്നതില് ബന്ധുക്കള്‍ കാണിക്കുന്ന മത്സരമാണ് തീരെ സഹിക്കാനാവാത്തത്.
അതാ വീണ്ടും ചിരിയുടെ മാലപ്പടക്കം. വിനോദും പ്രേക്ഷകര്‍ക്കൊപ്പം ആര്‍ത്തു ചിരിക്കുന്നു. എന്നിട്ടു തന്റെ നേരെ തിരിയുന്നു. വിനോദിനെ തൃപ്തിപ്പെടുത്താനായി ചിരിച്ചു.
അതാ ഹാസ്യനടന് തമാശവീഴ്ച വീഴുന്നു. ദൈവമേ, എന്തൊരു ശിക്ഷയാണിത് കണ്ടുകൊണ്ടിരിക്കുക എന്നത്.
അല്ലെങ്കില്‍ ഇതെല്ലാം തന്നെ ഒരു ശിക്ഷയാണല്ലോ…
ഇന്നത്തെ വിരുന്നു തന്നെ ഏറ്റവും നല്ല ഉദാഹരണം. വിനോദിന്റെ ഏതോ അങ്കിളാണെന്നാ പറഞ്ഞത്. അതോ ആന്റിയുടെ ഹസ്ബന്റോ? ആരായാലും കൊള്ളാം.
സ്വന്തം സ്വത്തിന്റെ വിശദവിവരം നല്‍കുന്നതിലായിരുന്നു മൂപ്പര്‍ക്ക് താല്പര്യം. തനിക്ക് മലയാളം നല്ലവണ്ണം മനസ്സിലാകുമെന്ന് ആണയിട്ടു പറഞ്ഞിട്ടും സംസാരം ഇംഗ്ലീഷില്‍ തന്നെ. ആ ഇംഗ്ലീഷായിരുന്നു മലയാളത്തേക്കാള്‍ മനസ്സിലാക്കാന്‍ വിഷമം. എന്തൊക്കെയോ ബിസിനസുകളുടെ കാര്യം പറഞ്ഞു. ചിലതൊക്കെ വിനോദും വിശദീച്ചു. തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയവും ആളുകളും.
കുറെ കഴിഞ്ഞാണ് മൂപ്പരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലായത്. അക്കൗണ്ടന്‍സിയില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ് ബിസിനസില്‍ സഹായിച്ചു കൊണ്ടിരിക്കുന്ന മകനെ എങ്ങനെയെങ്കിലും അമേരിക്കയ്ക്കു കടത്തണം.
വിനോദിനെ നോക്കി.
നിസ്സഹായതയോടെയുള്ള ചിരി. തനിക്ക് ഇതിലൊന്നും പങ്കില്ല എന്നു പറയുന്നതുപോലെ.
ഇന്നലത്തെ വിരുന്ന് അതിലും അസഹ്യമായിരുന്നു.
ഊണു കഴിഞ്ഞ് അവരുടെ മകളുടെ വിവാഹത്തിന്റെ വീഡിയോ കാസറ്റ് പ്രദര്‍ശനം ആരംഭിച്ചു.
ടി.വി. സ്ക്രീനില്‍ മിന്നിമറയുന്ന ഓരോരുത്തരുടേയും വിശദമായ പരിചയപ്പെടുത്തല്‍, എല്ലാവരും വി.ഐ.പി.കള്‍. ഒലിയ പോലീസ് ഉദ്യോഗസ്ഥന്മാര്, മന്ത്രിമാര്‍, സിനിമാക്കാര്, ബിസിനസുകാര്‍, പിന്നെ വേറെയും വലിയവലിയ ആളുകള്‍.
ഒരന്റെ കുടുംബങ്ങള്‍ക്ക് തലമുറയായി ഗള്‍ഫില്‍ ബിസിനസാണത്രെ. ഇലക്ട്രോണിക്സ്, സ്വര്‍ണ്ണം തുടങ്ങിയ ബിസിനസുകള്‍.
വരന്റെ പാര്‍ട്ടിയിലെ ചില സ്ത്രീകളെ കണ്ടാല്‍ അതു ബോദ്ധ്യമാകുകയും ചെയ്യും. എടുക്കാന്‍ വയ്യാത്തത്ര ആഭരണങ്ങള്‍!
വിവാഹച്ചടങ്ങു കഴിഞ്ഞ് വിശദമായ സദ്യ. മനം മടുപ്പിക്കുന്ന ചേഷ്ടകള്‍.
കൈമുട്ടുമുതല്‍ വിരലറ്റം വരെ നക്കിക്കൊണ്ടുള്ള തീറ്റ. അതിനും വിശദീകരണം.
ആകെ ബോറടിച്ചു പോയി. വിനോദിനോടു രഹസ്യമായി പല തവണ പറഞ്ഞു. “പോകാം”
വിനോദ് സമ്മതിച്ചില്ല. മര്യാദകേടാണു പോലും.
അതാ അടുത്ത കൂട്ടച്ചിരി. ഘാസ്യനടന്, അതാ നായകനോ, എന്തോ അമളി പറ്റിയ മട്ടുണ്ട്.
വിനോദ് വീണ്ടും തന്റെ നേരെ നോക്കി. തോളില്‍ ഒരു തട്ടും. ഏതോ ഡയലോഗ് ഏറ്റു പറയുകയും ചെയ്യുന്നു.
ഹോ! ഒരു കാട്ടാളന് തന്നെ!
“അതു മനസ്സിലായില്ലേ?”
“ഏത്?”
ചോദിച്ചുകഴിഞ്ഞാണ് മനസ്സിലായത് തൊട്ടുമുമ്പത്തെ വീരസാഹസിക രംഗത്തെപ്പറ്റിയാണു ചോദ്യം. മനസ്സിലായില്ലെന്നു പറഞ്ഞാല്‍ ഉടനെ വിശദീകരണം വരും.
“ഓ, യെസ്, ഗ്രെയ്റ്റ്!”
മറുപടി വിനോദിനെ തൃപ്തിപ്പെടുത്തിയെന്നു തോന്നുന്നു.
അമേരിക്കയില്‍വച്ച്, സാധാരണ മലയാളം സിനിമകള്‍ കാണാറില്ലായിരുന്നു. പ്രധാനകാരണം വീട്ടില്‍ കൊണ്ടുവരുന്ന വീഡിയോ പ്രിന്റുകള്‍ വളരെ മോശം. അത് മമ്മിയും ഡാഡിയും പല തവണ വിശദീകരിച്ചിരുന്നു. “ക്യാമറാപ്രിന്റ്” ആണത്രെ!
അവിശ്വസനീയമായ വസ്തുത, മലയാളം ചിത്രങ്ങള്‍ മാത്രമേ ഇങ്ങനെ ക്യാമറാ പ്രിന്റായി വരുന്നുള്ളൂ എന്നതാണ്. കൂട്ടുകാരുടെ വീടുകളില്‍ വച്ചു കണ്ടിട്ടുള്ള തമിഴ്-ഹിന്ദി ചിത്രങ്ങള്‍ക്കൊന്നും ആ പ്രശ്നമില്ല.
“ഒരു ഡോളറല്ലേയുള്ളൂ.” മമ്മി ഒരിക്കല്‍ നല്കിയ വിശദീകരണം.
“ഇത്തരം കാസറ്റുകള്‍ എടുക്കാതിരുന്നുകൂടേ?”
ഒരിക്കല്‍ മമ്മിയോടു ചോദിച്ചു.
“അതു കൊണ്ടെന്തു കാര്യം. നമ്മള് എടുത്തില്ലെങ്കിലും ഈ ബിസിനസു തുടരും. പിന്നെ ജോലിയും കഴിഞ്ഞു വന്ന് ഇത്രയുമൊക്കെയെങ്കിലും കാണാന്‍ പറ്റുന്നല്ലോ.”
ഒരു തരം വികൃതമായ ന്യായീകരണം തന്നെ!
“ലുക്ക്!” വിനോദ് തോണ്ടി, വെള്ളിത്തിരയിലാണു തന്റെ കണ്ണുകള്‍ എന്നറിഞ്ഞിട്ടുകൂടി.
എന്നിട്ടൊരു ചെറിയ വിശദീകരണം. നായികയുടെ പെരുമാറ്റത്തെപ്പറ്റി, കഷ്ടം!
എന്താണാവോ വിനോദ് തന്നെപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത്? താനൊരു വിഡ്ഢിയാണെന്നോ?
അതാണു കേരളത്തില്‍ എത്തിയതു മുതല്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത മറ്റൊരു കാര്യം.
എന്തൊരു താല്പര്യമാണു തന്റെ കാര്യത്തില്‍ എല്ലാവര്ക്കും! കൊച്ചുകുട്ടികള്‍ക്ക് നല്കുന്ന ശ്രദ്ധയാണ് തരുന്നത്.
അല്പം പോലും പ്രൈവസി അനുവദിച്ചുതരാത്തതാണ് ദുസ്സഹം.
വിനോദിനും അക്കാര്യത്തില്‍ വലിയ പരാതിയൊന്നും ഉള്ള മട്ടു കാണുന്നില്ല.
“ഞാനൊരു വിഡ്ഢിയല്ല, കൊച്ചുകുട്ടിയുമല്ല എന്നവരോടു പച്ച മലയാളത്തില്‍ ഒന്നു പറഞ്ഞുകൂടെ?”
വീര്‍പ്പുമുട്ടിയപ്പോള്‍ ഒരിക്കല്‍ ചോദിച്ചു.
“ശ്…മിണ്ടാതിരി. അവര്‍ നിന്നോടു സ്നേഹം കാണിക്കുകയാ.”
“ഇത്രയും സ്നേഹിച്ചെന്നെ ശ്വാസം മുട്ടിക്കല്ലേ എന്നെങ്കിലും പറയൂ.” നിസ്സഹായയായി പറഞ്ഞു.
“നിങ്ങള്‍ അമേരിക്കക്കാര്‍ക്ക് ഇതൊക്കെ പുതുമയാണ് അല്ലേ?”
“അതേ, പുതുമതന്നെ. മനുഷ്യന്റെ സൈ്വര്യം കെടുത്തുന്നതില്‍ ഇത്ര ആനന്ദമോ?”
വിനോദ് വശ്യമായി ചിരിച്ചതേയുള്ളൂ.
“ഒന്ന് സമാധാനപ്പെട് മോളേ!”
വിനോദിന്റെ വാക്കുകളില്‍ ഒരു തരം പുച്ഛം ഒളിഞ്ഞിരിക്കുന്നതായി തോന്നി.
സാധാരണ മറ്റുള്ളവര്‍ കൂടുതല്‍ സ്നേഹവും അടുപ്പവും കാണിക്കുമ്പോള്‍ സന്തോഷം തോന്നേണ്ടതാണ്. തനിക്ക് എന്തുകൊണ്ടോ അങ്ങനെ തോന്നുന്നില്ല. അധികം സ്നേഹം കാണിക്കാന്‍ ആരുമില്ലാതെ വളര്‍ന്നതുകൊണ്ടായിരിക്കാം.
മിഡില്‍ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലം. പ്രായപൂര്ത്തിയാകുന്നതോടെയുള്ള ശാരീരിക പ്രശ്നങ്ങള്‍ മാനസിക സംഘര്‍ഷത്തിലേക്കു നയിച്ചിരുന്ന സമയം. ആരെങ്കിലും എപ്പോഴും അടുത്തുണ്ടാകണമെന്ന് കൊതിച്ച സമയം. മിക്ക ദിവസങ്ങളിലും സ്കൂളില്‍ നിന്നു വരുമ്പോള്‍ വീട്ടില്‍ ആരുമുണ്ടാകാറില്ല. അനില്‍ കൂട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകും. തനിക്ക് അതിനും അനുവാദമില്ല.
ഹോംവര്‍ക്കു ചെയ്തിട്ട് ടി.വി.കാണും. എന്നില്‍ ഫോണില്‍ കൂട്ടുകാരികളുമായി സംസാരിക്കും. ഫോണില്‍ കൂടുതല്‍ സംസാരിക്കുന്നതും മമ്മിക്കും ഡാഡിക്കും ഇഷ്ടമായിരുന്നില്ല. ഞങ്ങള്‍ പറയുന്നതൊക്കെ അവരുടെ കുറ്റങ്ങളാവുമെന്ന വിചാരമായിരിക്കും.
മമ്മി അക്കാലത്തും രണ്ടു ജോലികള്‍ ചെയ്തിരുന്നു. രാവിലെ ഏഴുമണിക്ക് മുമ്പ് വീട്ടില്‍ നിന്നു പോയാല്‍ തിരിച്ചെത്തുന്നത് രാത്രി പതിനൊന്നരയ്ക്ക്. അപ്പോഴേയ്ക്കും താന്‍ ഉറങ്ങിക്കഴിഞ്ഞിരിക്കും. ഡാഡിക്ക് അന്ന് ഒരു ഫാക്ടറിയില്‍ ജോലിയുണ്ടായിരുന്നു. പിന്നെ റിയല്‍ എസ്റ്റേറ്റ് ബിസിനസും കടയില്‍ പാര്‍ട്ട്ണര്‍ഷിപ്പും. മിക്ക വൈകുന്നേരങ്ങളിലും വീട്ടില്‍ ഉണ്ടായിരിക്കയില്ല.
സിനിമ തീരാറായെന്നു തോന്നുന്നു. സ്കീനില്‍ ഉഗ്രന്‍ സ്റ്റണ്ട് നടക്കുന്നു. അതോടൊപ്പം പ്രേക്ഷകരുടെ ചിരിയും ബഹളവും. സാധാരാണ മലയാളം പടങ്ങളില്‍ ഇത്ര വയലന്‍സ് കാണാറില്ലല്ലോ. ഇതിലെന്താണാവോ ഇങ്ങനെ?
പടം തീര്‍ന്നു. എല്ലാം ശുഭം. നായകന് പ്രണയസാഫല്യം. ധനാഢ്യന്റെ കുട്ടി രക്ഷപ്പെട്ടു. കാണികള്‍ക്ക് സംതൃപ്തി.
തിയേറ്ററില്‍ നിന്ന് പുറത്തേക്കു നടക്കവേ വിനോദിന്റെ ചോദ്യം: “ഡിഡ് യു ലൈക് ദ മൂവി?”
“യെസ്.” വിനോദിനെ നിരാശപ്പെടുത്തേണ്ടെന്നു കരുതി.
കീത്തുമായി സിനിമ കണ്ടിറങ്ങുമ്പോള്‍ നടത്താറുള്ള നീണ്ടവാദപ്രതിവാദങ്ങളെപ്പറ്റി ഓര്‍ത്തു. താനൊരു നല്ല ഫിലിം ക്രിട്ടിക്കാണെന്നു കീത്ത് കളിയാക്കാറുണ്ടായിരുന്നു.
കാറിന്റെ ഡോര്‍ തനിക്കായി തുറന്നു കൊണ്ട് വിനോദ് പുഞ്ചിരിച്ചു. “എന്താ സന്ധ്യേ ഒരു മൂഡോഫ്?”
“ഒന്നുമില്ല. വെറുതേ തോന്നുന്നതാ.”
“അല്ല, ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നതല്ലേ?”
ചിരിച്ചു.
യാത്രയ്ക്കിടയില്‍ വിനോദ് കൂടുതലൊന്നും സംസാരിച്ചില്ല.
ചിന്തകള്‍ പിറകോട്ടു പോയി. കീത്തിന്റെ അടുത്തേക്ക്. ഫിലഡല്‍ഫിയയിലെ ആര്‍ട്ട് മ്യൂസിയത്തിലും തിയേറ്ററുകളിലും നിത്യസന്ദര്‍ശകരായിരുന്ന കാലത്തേക്ക്.
ലോകസിനിമാ രംഗത്തെ ക്ലാസിക്കുകള്‍ തിരഞ്ഞുപിടിച്ച് കണ്ടിരുന്ന കാലം. അവയേപ്പറ്റി നീണ്ട ചര്‍ച്ചകള്‍.
വൈകുന്നേരങ്ങളിലെ 'പൊയട്രീ റീഡിങ് സെഷനുകള്‍.'
എല്ലാം ഇങ്ങിനി വരാതവണ്ണം മറഞ്ഞുപോയ ഏതോ വസന്തകാല പ്രദീപ്തിപോലെ.
വിനോദ് ഏറുകണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി.
“എന്താ വീണ്ടും അമേരിക്കയ്ക്കു പോയോ?”
വിനോദിന്റെ ചോദ്യം ചെറുതായൊന്നു ഞെട്ടിച്ചു. ഞെട്ടല്‍ മറച്ചുകൊണ്ട് ചിരിച്ചു.
“ഒറ്റയ്ക്കങ്ങനെ പോകാതെ, എന്നെയും കൂടെ കൊണ്ടുപോയിക്കൂടെ?”
“അതിനല്പം കൂടി കാത്തിരിക്കണ്ടേ വിനൂ.”
വിനോദ് നീട്ടിമൂളി.
വീട്ടില്‍ എല്ലാവരും കാത്തിരിക്കയായിരുന്നു.
“എന്തേ ഇത്ര താമസിക്കാന്‍?”
അമ്മ ചോദിച്ചു.
“സിനിമയ്ക്ക് കയറി.”
ഞങ്ങള്‍ അത് ഊഹിക്കാതിരുന്നില്ല. ഇവന്റെ സ്വഭാവം പണ്ടേ ഇങ്ങനെയാ. എവിടെയെങ്കിലും പോയാല്‍ നേരത്തു വീട്ടില്‍ വരണമെന്ന വിചാരമില്ല. അമ്മയുടെ സ്നേഹപൂര്‍വ്വമായ ശാസന.
“വേഗം ഡ്രസ് മാറിവാ, ഊണു കഴിക്കാം.”
കിടപ്പുമുറിയിലേക്കു നടന്ന തന്നെ വിനോദ് പിന്തുടര്ന്നു.