Image

മുഖങ്ങള്‍ (ചെറുകഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം) Published on 08 December, 2014
മുഖങ്ങള്‍ (ചെറുകഥ: ജോണ്‍ വേറ്റം)
നെഞ്ചിലെ നൊമ്പരം മാറ്റാന്‍ അന്യരോട് രഹസ്യം പറയരുതെന്ന് മനസ്സ് വിലക്കി. വിശ്വാസം വഞ്ചിക്കപ്പെടും.
തറയില്‍വിരിച്ച തഴപ്പായില്‍ ജാലകത്തിലൂടെ ഒഴുകിവീണ നിലാവെളിച്ചം. യൗവ്വനവികാരങ്ങളെ തലോടിയുണര്‍ത്തുന്ന നിശ്ശബ്ദത. പതിനാല് മാസങ്ങള്‍ക്കുശേഷം ലഭിച്ച അവധിയുടെ ആദ്യരാത്രി. മധുരം പുരുണ്ടനിമിഷങ്ങള്‍. പറ്റിച്ചേര്‍ന്നുകിടന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട് മാലതി കാതില്‍പ്പറഞ്ഞു: ഇപ്രവാശ്യം നമ്മള്‍ക്കൊരു കുഞ്ഞുണ്ടാവണം. കുട്ടിക്ക്യൂറപൗഡറിന്റെ മണമുള്ളമാറില്‍ മുറമമര്‍ത്തി ഞാന്‍ മൂളി. അതേയെന്ന അര്‍ത്ഥത്തില്‍. കാന്തഗുണം പകര്‍ന്ന വിഭൂതിവികാരം നിര്‍വൃതിയിലേക്കു നീണ്ടു. എങ്കിലും, പെട്ടെന്ന് ഓടിവന്ന ഓരോര്‍മ്മ പൊന്തിനിന്ന സന്തോഷത്തെ തടഞ്ഞു. ചിന്താതരംഗം നിലച്ചു. മനസ്സിലൊരു തളര്‍ച്ച. അതു സ്വാഭാവികമല്ലെന്നു മാലതിക്കുതോന്നി. അസ്വസ്ഥതയോടെ, അടക്കിപ്പിടിച്ച വികാരത്തോടെ ചോദിച്ചു.
എന്തുപറ്റി? എന്താപെട്ടെന്നൊരു വല്ലായ്മ?
ഒന്നുമില്ലായെന്നു പറഞ്ഞെങ്കിലും ഉള്ളിലൊരുനീറ്റല്‍. പെട്ടെന്ന് വിയര്‍ത്തു. അസംതൃപ്തിയോടെ അവള്‍ വീണ്ടും ചോദിച്ചു. എന്താ ഇപ്പോഴിങ്ങനെ? എന്നെ ഇഷ്ടമല്ലെ? അതിനു മറുപടി പറഞ്ഞില്ല. അലസനും ക്ഷീണിതനുമായി എഴുന്നേറ്റു. സിഗരറ്റും തീപ്പെട്ടിയും എടുത്തുകൊണ്ട് മുറ്റത്തിറങ്ങിനിന്നു. പുകവലിച്ചുകൊണ്ട് അലസനായി ഉലാത്തി.
മാലതി വാതിലില്‍ ചാരിനിന്നു. കെട്ടിപിടിച്ചുകിടക്കേണ്ട നേരത്ത് മുറത്ത് നടക്കുന്നതെന്തിനെന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാവും. കള്ളം പറഞ്ഞ് അവളെ ആശ്വസിപ്പിക്കാം. എന്നാലും, ജീവിതത്തെ ഒരു നാടകമാക്കണോ? സ്വച്ഛന്ദഭാവിക്ക് സത്യം പറയുന്നതാണ് ഉത്തമം. വിവാഹത്തിനുമുമ്പ് മുറിപ്പെടുകയോ മുറിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍  അവ മറച്ചുവെക്കുന്നവര്‍ വിരളമല്ല. കഠിനപാപങ്ങളെ ഗോപനം ചെയ്യുന്നവര്‍ വര്‍ദ്ധിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹത്തിന് മറക്കാനും മാപ്പ് കൊടുക്കാനും കഴിയും. തിണ്ണയിലെ മുളന്തുണിയില്‍ ചാരി ഞാന്‍ ഇരുന്നു. അപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ചിത്രങ്ങളായി!
പട്ടാളക്യാമ്പിന്റെ അടുത്തുള്ള ഒരു അന്തിച്ചന്തയില്‍ കൂട്ടുകാരുമൊത്ത് പോകുമായിരുന്നു. അവിടെവെച്ച് ഡൊറോദിയെ കണ്ടു. ആപ്പിള്‍പ്പഴം വില്‍ക്കാന്‍ വന്ന അതിസുന്ദരിയായ നേപ്പാളിപ്പെണ്ണിനെ. അവിടെ ആരംഭിചച് കാഴ്ച, ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞപ്പോള്‍, മധുരമായ വേഴ്ചയിലേക്കു നയിച്ചു. പതിനാറ് വയസ്സായിരുന്നു അവളുടെ പ്രായം. വിധവയുടെ മകള്‍. എന്റെ ഇരുപത്തിഒന്നാം വയസ്സിലെ കൂട്ടുകാരി. അപകടഭീതിയും അരുതെന്ന ചിന്തയും അന്നില്ലായിരുന്നു. എന്നെ കാണുമ്പോള്‍ നാണിച്ചും, പേടിച്ചും അകന്നുപോയ ഡൊറോദിയെ എന്നെ ഓര്‍ത്തു കാത്തിരിക്കുന്ന ഒരവസ്ഥയിലേക്ക് നയിച്ചു. അനശ്വരമായ ഒരനുരാഗബന്ധമല്ലായിരുന്നു എന്റെ ലക്ഷ്യം. ആ വാസ്തവമറിയാതെ അവളുടെ നിഷ്‌കളങ്കത എന്നെ ഗാഢമായി സ്‌നേഹിച്ചു. പൂര്‍ണ്ണമായി വിശ്വസിച്ചു. എന്ത് ആവശ്യപ്പെട്ടാലും തരും. എന്ത് പറഞ്ഞാലും അനുസരിക്കും. അതുകൊണ്ട് എന്റെ ദാഹമോഹങ്ങള്‍ ആഹ്ലാദിച്ചു. എന്നെ എന്തുനല്‍കിയും സന്തോഷിപ്പിക്കേണ്ടത് അവളുടെ കടമയാണെന്ന് ഞാന്‍ പറഞ്ഞു. ആശ്ലേഷണം ഡൊറോദിക്കും ഇഷ്ടമായി. വിവാഹിതരല്ലെങ്കിലും മധുവിധുവിന്റെ വേളകളിലൂടെ സന്തുഷ്ടരായി സഞ്ചരിച്ചു.
വിവാഹത്തിനുമുമ്പ് അതു വേണ്ടായിരുന്നുവെന്ന് അവള്‍ പരിഭവം പറഞ്ഞപ്പോഴും എന്റെ സ്വാര്‍ത്ഥതയുടെ ദാഹം ശമിച്ചില്ല. മനസ്സിനെ നിയന്ത്രിച്ച് അപകടം ഒഴിവാക്കാന്‍ അറിവും കഴിവും ഇല്ലായിരുന്നു. ചെയ്യുന്നത് ഒരു ദ്രോഹപ്രവര്‍ത്തിയാണെന്നും തോന്നിയില്ല. മറ്റാരും അവളെ സൂക്ഷിച്ചു നോക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെട്ടില്ല. വിവാഹമെന്നചിന്ത ഉണ്ടായില്ലെങ്കിലും, അവള്‍ എന്റേതുമാത്രമെന്നുതോന്നി. എന്നിട്ടും, അവളെ സ്വന്തം ജീവിതസഖിയായി സ്വീകരിക്കണമെന്ന ആഗ്രഹം ഉണ്ടായില്ല. സ്‌നേഹാദ്രയായ അവളുടെ ഭാവിഭദ്രമാകണമെന്നും ചിന്തിച്ചില്ല.
ഡൊറോദിയുടെ മാസമുറതെറ്റിയപ്പോള്‍ അവള്‍ ഭയന്നില്ല. പക്ഷേ, ഞാന്‍ നടുങ്ങി! അവളെ അന്നോളം നയിച്ച, ഞാന്‍ വിവാഹം ചെയ്യുമെന്ന പ്രതീക്ഷ, ഉടനെ സഫലമാകുമെന്നു കരുതി സന്തോഷിക്കുന്നതു കണ്ടു തളര്‍ന്നു. സ്വന്തംബലഹീനതയെ പഴിച്ചു. അപകടം ഒഴിവാക്കാനുള്ള വഴികള്‍ തെളിഞ്ഞില്ല. എന്നിട്ടും മനസ്സിന്റെ ഭാരവും ഭയവും അവളെ അറിയിച്ചില്ല. വേദനയും വിരസതയുമായി രണ്ട് ആഴ്ചകള്‍ കഴിച്ചപ്പോള്‍ സ്ഥലം മാറ്റത്തിന്റെ ഓര്‍ഡര്‍ വന്നു. ആ വിവരം അറിഞ്ഞാല്‍ ഡോറോദി തെറ്റിദ്ധരിക്കയും ആശ്രയമറ്റവളെപ്പോലെ കരയുകയും ചെയ്യും. ദ്രോഹിച്ചിട്ട് നാട് വിട്ടുപോയി എന്ന് കരുതും. അതുകൊണ്ട് ഉല്ലാസചിത്തയാക്കാന്‍  അവളോടൊരു കള്ളം പറഞ്ഞു: വിവാഹത്തിനുവേണ്ട ഒരുക്കങ്ങള്‍ക്കായി നാട്ടിലേക്കു പോകുന്നു. അതു മറ്റൊരു വഞ്ചനയാണെന്ന് അപ്പോള്‍ തോന്നിയില്ല. എത്രയും പെട്ടെന്ന് അവിടംവിട്ടു പോകാനായിരുന്നു ഉദ്യമം.
പൂനയിലെ പട്ടാളക്യാമ്പില്‍ എത്തിയപ്പോഴും മനസ്സിലെ വികലത വിട്ടുമാറിയില്ല. എന്നാലും, ജീവിതത്തിന്റെ സമനില തെറ്റിക്കുന്ന ഒരവസ്ഥ. സമാധാനം പുലര്‍ത്താന്‍ കഴിയാത്ത, പരിഭ്രമിപ്പിക്കുന്ന സ്ഥിതി. ഡൊറോദിയോടുണ്ടായ സഹാനുഭൂതി വിഷാദചിന്തയില്‍ വര്‍ദ്ധിച്ചു. നീയൊരു ക്രൂരനും, ദ്രോഹിയും സ്വാര്‍ത്ഥമോഹിയും പാപിയുമാണെന്ന് മനസ്സ് പറഞ്ഞു. ഉപേക്ഷണത്തില്‍ ഉറച്ചു നില്‍ക്കരുതെന്ന ഉപദേശം ക്രമേണ കുറ്റബോധം തിളച്ചുപൊന്തി. സ്‌നേഹിച്ചും വിശ്വസിച്ചും സ്ത്രീത്വം കാഴ്ചവെച്ചവളെ വിട്ടുകളഞ്ഞ ഭീരുവാണെന്ന ധാരണ വീണ്ടുംവീണ്ടും കുത്തിനോവിച്ചു. ഡൊറോദിയെ കാണുവാനുള്ള ആഗ്രഹം അനിയന്ത്രിതമായി. എന്നിട്ടും, അടിയന്തിരമായ അവധി വാങ്ങി വീട്ടിലെത്തി. അപ്പോള്‍ മനസ്സിലൊരു ചോദ്യം. ഡൊറോദിയെപ്പറ്റി അമ്മയോട് പറയാമോ? വിജാതിയും വിദേശിയുമായ ഒരുവളെ സ്‌നേഹിച്ചത് കുറ്റമെന്നു കരുതുമൊ?
അന്ന് അമ്പലത്തില്‍ നിന്നു പ്രസാദവുമായിവന്നനേരത്ത് ഞാന്‍ എന്റെ ജീവിതസംഭവത്തെക്കുറിച്ചു വിവരിച്ചു. അതുകേട്ട് അമ്മ കരഞ്ഞു! എങ്കിലും, കണ്ണ് തുടച്ചിട്ടു പറഞ്ഞു: നീ വേഗം ചെന്ന് അവളെ ഇങ്ങ് വിളിച്ചോണ്ടുവാ. അത് അനുവാദവും അനുഗ്രഹവുമായിരുന്നു. ഓര്‍മ്മകളും ചിന്തകളും ഇടകലര്‍ന്നു കലമ്പിയ മനസ്സ് പെട്ടെന്ന് ശാന്തമായി.
പിറ്റേ ആഴ്ചയില്‍ പൂനയില്‍ എത്തിയെങ്കിലും ബാഗ്‌ഡോഗ്രായിലേക്ക് പോകുവാന്‍ ഒരുമാസത്തോളം കാത്തിരിക്കണമായിരുന്നു. സ്‌നേഹം ചേര്‍ന്നുനിര്‍ത്തിയ ഒരു നിഷ്‌കളങ്കയുടെ ഓര്‍മ്മയുമായി സങ്കടപ്പുഴ ഒഴുകിയ ദിനരാത്രങ്ങള്‍ അവസാനിക്കുമെന്നുകരുതി.
ബാഗ്‌ഡോഗ്രയില്‍ എത്തിയ ദിവസംതന്നെ ഡൊറോദിയുടെ വീട്ടിലേക്കോടി. തേയിലത്തോട്ടത്തിന്റെയും എപ്പോഴു ഗാനം മൂളുന്ന ചിറ്റാറിന്റെയും നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കുടില്‍. അതു കണ്ടപ്പോള്‍ ഉള്‍പ്പുളകം! മുറ്റത്ത് നിന്നുകൊണ്ട് ഞാന്‍ ഡൊറോദിയെ വിളിച്ചു. വീണ്ടും വീണ്ടും. ആരും വിളികേട്ടില്ല. സംഭ്രമത്തോടെ ഞാന്‍ വാതില്‍ തുറന്നു. അവിടെ ആരേയും കണ്ടില്ല. എന്ത് സംഭവിച്ചു എന്നറിയാതെ കുഴങ്ങി. ഡൊറോദിക്കുവേണ്ടി കൊണ്ടുവന്ന സമ്മാനങ്ങള്‍ കുടിലില്‍ വെച്ചിട്ട് ഞാന്‍ ഓടി. വിളിപ്പോടാകലെയുള്ള, മറ്റൊരു തോട്ടം തൊഴിലാളിയുടെ കുടിലിലേക്ക്. വാസ്തവം അറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന. നഷ്ടബോധത്തോടെ ഞാന്‍ തിരിഞ്ഞുനടന്നു. ഡൊറോദിയുടെ വീട്ടിലെത്തി. ഇടിഞ്ഞ തിണ്ണയിലിരുന്ന് വിങ്ങിക്കരഞ്ഞു. മൂന്ന് മാസത്തോളെ എന്നെ കാണാതായപ്പോള്‍, വഞ്ചിക്കപ്പെട്ടുവെന്ന വിശ്വാസത്തോടെ, സ്‌നേഹം നല്‍കിയ പാപഭാരവുമായി, നേപ്പാളിലേക്ക് അവള്‍ മടങ്ങിപ്പോയി.
ഞങ്ങള്‍ ഒന്നിച്ചു സഞ്ചരിച്ച ഇടങ്ങളില്‍ ഏകനായി നടന്നു. തേയിലച്ചെടിക്ക് തണല്‍വിരിക്കാന്‍ നട്ടുവളര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ അവളുടെ അവസ്ഥയെക്കുറിച്ചുചിന്തിച്ച് കിടക്കുമായിരുന്നു. അവിടെയായിരുന്നല്ലോ ഞങ്ങളുടെ സല്ലാപം. തിക്താനുഭവം എന്റെ മനസ്സിനെ നവീകരിച്ചു. സ്വാര്‍ത്ഥമോഹം വീണടഞ്ഞു. ഡൊറോദിയെ അന്വേഷിച്ചുപോകുവാന്‍ നിശ്ചയിച്ചു. അതു വീണ്ടും നിരാശയിലേക്കാണ് നയിച്ചത്. യുദ്ധഭൂമിയില്‍നിന്നും നേപ്പാളില്‍ പോകുവാന് അന്നത്തെ നിയമം അനുവദിച്ചില്ല. പിന്നീട് ലക്ഷ്യമില്ലാത്ത ജീവിതം. കല്‍ക്കത്തായിലെ ക്യാമ്പിലെത്തിയപ്പോള്‍ ഏറെ ജീവിതസ്വാതന്ത്ര്യം. പിന്നീട്, പത്ത് വര്‍ഷങ്ങള്‍ ഇരുളും വെളിച്ചവും ഇടകലര്‍ന്ന തലങ്ങളിലൂടെ കടന്നുപോയി. അപ്പോഴും അസന്മാര്‍ഗ്ഗിക വഴിയേ പോയില്ല.
'നിന്റെ ഒരു കുഞ്ഞിനെ കണ്ണിട്ടുകണ്ണടക്കണമെന്നാ മോനേ എന്റെ ആശ' അമ്മയുടെ കത്തുകള്‍ ആ താല്പര്യം ആവര്‍ത്തിച്ചു. അതനുസരിച്ച്, പെറ്റമ്മയുടെ കണ്ണീരൊപ്പാന്‍ മാലതിയെ ഞാന്‍ വിവാഹം ചെയ്തു. എങ്കിലും, ഡൊറോദിയെ മറക്കാനും അവളെ സ്‌നേഹിച്ചതുപോലെ മാലതിയെ ഉള്‍ക്കൊള്ളാനും ഹൃദയത്തിനു സാധിച്ചില്ല. തനിക്ക് ഒരു മകനോ മകളോ ഉണ്ട് എന്നബോധം വിട്ടുമാറിയതുമില്ല. അത് ഒരു കുറ്റവും കുറവുമായിത്തോന്നിയതുമില്ല. വിവാഹം കഴിഞ്ഞ് എട്ട് രാത്രികളില്‍ ഞാനും മാലതിയും സംഗമിച്ചു. എങ്കിലും അവള്‍ ഗര്‍ഭം ധരിച്ചില്ല!
ക്യാമ്പില്‍ മടങ്ങിഎത്തിയ എന്നെ 'നഥൂല' എന്ന സ്ഥലത്തേക്ക് മാറ്റി. സിക്കിമിന്റെയും ഭൂട്ടാന്‍ മലയുടെയും നടുവിലുള്ള മഞ്ഞണിഞ്ഞ കുന്നിലായിരുന്നു ക്യാമ്പ്. മരണം ഓടിവരുകയും അപകടം പതിയിരിക്കുകയും ചെയ്യുന്ന ഇടം. അവിടെനിന്നുനോക്കിയാല്‍ ചീനഭടന്മാരുടെ നിരീക്ഷഗോപുരം കാണാം. ഭൂമിതുരന്നുണ്ടാക്കിയ ബങ്കറിലാണഅ വാസം. സമാധാനവും സ്വാതന്ത്ര്യവും ഇല്ലാത്ത ഇടം. വിനോദവേളകളില്ല. നീളം കുറഞ്ഞ, വെളിച്ചംമങ്ങിയ പകലുകള്‍. കൂടെക്കൂടെ മഞ്ഞുപെയ്യുന്ന നേരത്ത് സൂര്യപ്രകാശത്തിനുചൂടില്ല.
മാലതി അദ്ധ്യാപികയായതിനാല്‍ അവളുടെ പകലുകള്‍ പെട്ടെന്നുപോകും. രാത്രിയില്‍ ചൂടുംവികാരവും ഉണര്‍ത്തുമ്പോള്‍, കുടയങ്ങും മഴയിങ്ങുമെന്നപോലെ കഴിയേണ്ടിവന്നതില്‍, വ്യസനിച്ചിട്ടുണ്ടാവും. ഒരു കുഞ്ഞ് ഉണ്ടായിരുന്നുവെങ്കില്‍ മുഷിവ് തോന്നുകയില്ലെന്ന് അവള്‍ പലപ്പോഴും എഴുതി. എട്ട്ദിവസം കൂടെക്കിടന്നിട്ടും എന്തുകൊണ്ട് അത് ഉണ്ടായില്ലായെന്ന ഫലിതം മറുപടിയില്‍ പകരുമായിരുന്നു. അവളുടെ അച്ഛനായിരുന്നു വിദ്വേഷമുള്ള പരാതിക്കാരന്‍. കൊല്ലാനും ചാകാനും ജീവിതം തീറെഴുതിയവന് എന്റെ കുഞ്ഞിനെക്കൊടുത്തത് ഗതികേടായിപ്പോയെന്ന് പലരോടും അയാള്‍ പറഞ്ഞു.
അന്ന് നീണ്ടകാത്തിരിപ്പിനുശേഷം അവധികിട്ടി. യാത്രക്ക് തയ്യാറാകുന്ന നേരത്ത് ബങ്കറിന്റെ വെളിയില്‍  ഒരുവെടിയൊച്ച! മുറ്റത്തിറങ്ങിനോക്കിയപ്പോള്‍ ചീനഭടന്മാര്‍ പാഞ്ഞുവരുന്നതുകണ്ടു. ഇരുഭാഗങ്ങളില്‍ നിന്നും തുടരെ വെടിവെയ്പ്. മഞ്ഞിനുമീതേ മനുഷ്യരക്തം ഒഴുകി. ഏതാനും ചീനഭടന്മാര്‍ മരിച്ചുവീണു. പെട്ടെന്ന് എന്റെ ശ്രദ്ധ പതറി. കൂട്ടുകാരന്‍ വെടിയേറ്റിവീണുകരയുന്നതുകണ്ടു. ക്ഷണനേരത്തേക്ക സ്തംഭിച്ചുനിന്നു. സഹായത്തിനെത്തുമുമ്പേ ഞാനും വെടികൊണ്ടുവീണു. ബോധമറ്റ എന്നെ ഗാംങ്‌ടോക്ക് എന്ന സ്ഥലത്തുള്ള ചെറിയ ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ ശരീരവും തകര്‍ന്ന മനസ്സുമായി അവിടെ കിടന്നപ്പോള്‍, ആ അനുഭവം ശാപഫലമെന്നു തോന്നി. എപ്പോഴും മനസ്സില്‍ മൂന്ന് മുഖങ്ങള്‍: അമ്മ, മാലതി, ഡൊറോദി.
മാലതിയുടെ ഏങ്ങല്‍ കേട്ടുമടങ്ങിവന്നു പായിലിരുന്നു. അവളെ തഴുകി ആശ്വസിപ്പിച്ചു. ഗതകാലത്തിന്റെ മലിനവേളകളില്‍ ലഭിച്ച സുഖദനിമിഷങ്ങളെക്കുറിച്ച് അവളോട് പറയണം. തീര്‍ച്ചയായും അവള്‍ മാപ്പു തരും. എന്നാലും മറച്ചുവച്ച രഹസ്യത്തിന്റെ മറ മാറ്റുമ്പോള്‍ അവള്‍ ദുഃഖിക്കും. മാലതിഭാര്യയാണ്. വാസ്തവമറിയാന്‍ അവള്‍ക്കും അവകാശമുണ്ട്. പറയാതിരിക്കുന്നത് വഞ്ചനയോ? മനസ്സിലൊരു യുദ്ധം.
മാലതിയെ പൂര്‍ണ്ണമായി സ്‌നേഹിക്കുന്നുവെന്നും ഒരുത്തമ ഭര്‍ത്താവായി ജീവിക്കുമെന്നും പറഞ്ഞു. ഒരു പാഴ്ക്കിനാവ്‌പോലെ ജീവിതത്തില്‍ നില്‍ക്കുന്ന ഡൊറോദിയെ മറക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. അപ്പോള്‍ നെഞ്ചില്‍ ചേര്‍ന്നുനിന്നുകൊണ്ട് ശൃംഗാരത്തോടെ മൊഴിഞ്ഞു! ഇനിയും എന്നെ മാത്രം സ്‌നേഹിച്ചാല്‍ മതി. ഞാനെന്നും ചേട്ടന്റേതുമാത്രമാണ്. നമ്മുടെ സ്‌നേഹത്തിന്റെ വാത്സല്യമനുഭവിച്ച് നമ്മുടെ മക്കള്‍ വളരണം. അതുകേട്ട് എന്റെ നാവ് പെട്ടെന്നുടക്കി! ശബ്ദം നിലച്ചു! മനസ്സ് ചശിതമായി! അതറിയാതെ, തണുത്ത ഉന്മേഷത്തെ തടവി ഉണര്‍ത്താന്‍ അവള്‍ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. അപ്പോഴും അവള്‍ ചോദിച്ചു. എന്ത് പറ്റി? എന്താ ഇങ്ങനൊരു മനസ്സില്ലായ്മ? അതുകേട്ടു ഞാനറിയാതെ നിറഞ്ഞ കണ്ണില്‍ നോക്കി അവള്‍ ചോദിച്ചു. കരയുന്നതെന്തിനാ? അവളെ വീണ്ടും മാറില്‍ ചേര്‍ത്തുനിര്‍ത്തി. നെറുകയില്‍ ചുംബിച്ചിട്ട് പറഞ്ഞു. എനിക്ക് ലഭിച്ചത് ഒരു ശിക്ഷയാണെന്നു കരുതി മറച്ചുവെച്ചതാ. ഇനി പറയാതെ വയ്യാ. നഥുലായില്‍ വെടിയേറ്റു വീണ എന്നെ ചികിത്സിച്ചു ഡോക്ടര്‍ പറഞ്ഞു. 'നിന്റെ ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. എങ്കിലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ നിനക്ക് സാധിക്കില്ല.' വിശദീകരണം കേട്ടു മൗനമായിരുന്നു മാലതി എന്നെ ആശ്വസിപ്പിച്ചു. ആത്മധൈര്യം നല്‍കി. ഞാന്‍ അവളോടൊപ്പം സമാധാനത്തോടെ ഉറങ്ങി.
പിറ്റേന്ന് ഞാന്‍ വീട് വിട്ടിറങ്ങി. നഥുമായിലെ ബങ്കറില്‍ എന്നൊടൊപ്പം താമസിച്ച വികലതയായാല്‍ വിമോചിക്കപ്പെട്ട ഒരു കൂട്ടുകാരന്റെ വസതിയിലെത്തി. ആ ഭാഗയഹീനന്റെ ദുഃഖദുരിതങ്ങളുടെ വിവരണം കേട്ടു. അനുഭവസ്മരണങ്ങളിലൂടെ സംഭാഷണം നീണ്ടുപോയി. അയാളുടെ നിര്‍ബന്ധത്താല്‍ പിറ്റേന്നാണ് മടങ്ങിയത്.
സന്ധ്യാസമയത്ത് വീട്ടിലെത്തിയപ്പോള്‍ അമ്മ തിണ്ണയിലിരിക്കുന്നതുകണ്ടു. വിളക്ക് വെച്ചിട്ടില്ല. എന്നെ കണ്ടയുടനെ അമ്മ മുറിക്കുള്ളിലേക്കു പോയി. മാലതി കുളിമുറിയിലായിരിക്കുമെന്ന് കരുതി. എങ്കിലും, അവളെ വിളിച്ചു, വിളികേട്ടില്ല. അപ്പോള്‍ അമ്മ ഒരു ഒട്ടിച്ചകവര്‍ കയ്യില്‍ തന്നു. അത് ഞാന്‍ ആകാംക്ഷയോടെ തുറന്നു. അതില്‍ എഴുതിയതു വായിച്ചു.
“അസ്വസ്ഥവും ഉപയോഗശൂന്യവുമായ ഒരു ജീവിതത്തില്‍ നിന്നും ഓടിപ്പോകുന്ന എന്ന കുറ്റപ്പെടുത്തുകയില്ലെന്ന് വിശ്വസിക്കുന്നു.”
അതുവായിച്ചപ്പോള്‍ വേദനിച്ചുവെങ്കിലും വിദ്വേഷം തോന്നിയില്ല. അന്വേഷിച്ചു പോകരുതെന്നു തീരുമാനിച്ചു. ആ വേര്‍പാടിന്റെ കാരണമറിയാതെ, അമ്മയുടെ കണ്ണീര്‍ വീണ്ടുംഒഴുകി.

മുഖങ്ങള്‍ (ചെറുകഥ: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക