MediaAppUSA

ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌ (ലേഖനം: ജോണ്‍ മാത്യു)

Published on 12 December, 2014
ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌ (ലേഖനം: ജോണ്‍ മാത്യു)
അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്‌. അമേരിക്ക മാത്രമല്ല ലോകം മുഴുവന്‍ ഒരുകാലത്ത്‌ കുടിയേറ്റ സംസ്‌ക്കാരം ഉള്‍ക്കൊണ്ടിരുന്നു. ഭാഗ്യദേവതയുടെ കടാക്ഷം കൊണ്ടോ, ദൈവാനുഗ്രഹംകൊണ്ടോ ഒരു സമൂഹം സമൃദ്ധമായ ജീവിതം നയിക്കുന്നതിന്റെ പ്രത്യക്ഷചിഹ്നമാണ്‌ അങ്ങനെയുള്ള ദേശങ്ങളിലേക്കുണ്ടാകുന്ന ജനപ്രവാഹം. എങ്കിലും, നേരത്തെ വന്ന്‌ ആധിപത്യം സ്ഥാപിച്ചവര്‍ കരുതുന്നു ഈ ഭൂമി അവരുടെ സ്വന്തമെന്ന്‌. ആ രാജ്യഭക്തിക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവന്‍ രാജ്യദ്രോഹിയാണ്‌!

തികച്ചും അപകര്‍ഷതപ്പെടുത്തുന്ന വാക്കുകളാണ്‌ നാട്ടിന്‍പുറങ്ങളില്‍ നവാഗതകര്‍ക്കെതിരെ ഉപയോഗിക്കുന്നത്‌. പുതിയതായി എത്തുന്നവരുടെ മനസ്സു മടുപ്പിച്ച്‌ കഴിയുമെങ്കില്‍ എങ്ങനെയും പുറത്തു ചാടിക്കുക. അതിനതരംപോലെ അടവുകള്‍ മാറിമാറി ഉപയോഗിക്കുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടുന്ന മനസ്സുള്ളവര്‍പ്പോലും തങ്ങളുടെ നാട്ടിലെത്തുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികളോട്‌ എങ്ങനെയാണ്‌ പെരുമാറുന്നത്‌? `കള്ളന്മാര്‍, വൃത്തികെട്ടവര്‍', ഇത്‌ നേരിട്ട്‌ പറഞ്ഞില്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ അങ്ങനെയല്ലേ? `പരദേശി നിന്നോടുകൂടി പാര്‍ത്താല്‍ അവനെ ഉപദ്രവിക്കരുത്‌.' എന്ന ശക്തമായ ബൈബിള്‍ വചനം സൗകര്യപൂര്‍വ്വം ഇവിടെ മറക്കുക.

കുടിയേറ്റസാഹിത്യം ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളത്തില്‍ ആദ്യം ഓര്‍മ്മവരുന്നത്‌ `വിഷകന്യക' എന്ന നോവലാണ്‌. മദ്ധ്യതിരുവിതാംകൂറില്‍നിന്ന്‌ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌.കെ. പൊറ്റക്കാട്‌ എഴുതിയ ശക്തമായ നോവല്‍!

അമേരിക്കയിലേക്കുള്ള മലയാളികളുടെ മാറിപ്പാര്‍ക്കല്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്ന കൃതികള്‍ ഉണ്ടാകുന്നില്ലെന്ന പരാതി നിരന്തരം കേള്‍ക്കുന്നുണ്ട്‌. അത്‌ മുഴുവന്‍ സത്യമല്ലെങ്കിലും അവഗണിക്കാന്‍ പാടില്ലാത്തതാണ്‌. ലേഖനങ്ങളില്‍ക്കൂടി അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ എടുത്തുപറയുന്ന ഒരു കാര്യം ഇന്നല്ലെങ്കില്‍ നാളെ ലോകനിലവാരമുള്ള കൃതികള്‍ ഉണ്ടാകും, അത്‌ മലയാളത്തില്‍ ആയിക്കൊള്ളണമെന്നുമില്ല.

നമ്മുടെ എഴുത്തുകള്‍ എല്ലാംതന്നെ ഭാവിയിലെ കുടിയേറ്റ ചരിത്രപഠനത്തിന്റെ ഭാഗമാണ്‌. മലയാളി കുടിയേറ്റക്കാര്‍ ഏതാണ്ടൊരു ചിട്ടയോടുകൂടിയാണ്‌ ജീവിതം തുടങ്ങിയത്‌. തുടക്കക്കാര്‍ക്ക്‌ അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്‌ നേര്‌.

എന്നാല്‍ നമുക്ക്‌ മുന്‍പ്‌, ഒരു നൂറ്റാണ്ടുമുന്‍പ്‌, അമേരിക്കന്‍ ഭൂഖണ്‌ഡത്തില്‍ വന്നെത്തിയവരുടെ ജീവിതം എങ്ങനെയായിരുന്നു? എല്ലാവരും മറക്കാന്‍ ശ്രമിക്കുന്ന കഥ! വര്‍ത്തമാനകാലത്തിന്റെ പ്രശ്‌നങ്ങളോട്‌ മല്ലിടുന്നവര്‍ക്ക്‌ ഭൂതകാലം എന്തിന്‌?

ബി. ജോണ്‍ കുന്തറയുടെ `ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌' എന്ന കൃതിയുമായി പരിചയപ്പെട്ടത്‌ ആകസ്‌മികമായിട്ടായിരുന്നു. ഹൂസ്റ്റനിലെ റൈറ്റേഴ്‌സ്‌ ഫോറം സമ്മേളനത്തില്‍ `ഒരു രണ്ടു മിനിട്ട്‌ തരാമോ' എന്ന സൗമ്യമായ ചോദ്യത്തിന്‌ ഉറപ്പായ മറുപടി കൊടുത്തപ്പോള്‍ അത്‌ പ്രവര്‍ത്തനമര്യാദയുടെ ഭാഗമായിട്ടു മാത്രമേ കണക്കാക്കിയിരുന്നുള്ളൂ.

ഒരു നൂറ്റാണ്ടിനു മുന്‍പ്‌ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ബെല്ലിംഗാം എന്ന സ്ഥലത്ത്‌ തൊഴില്‍ത്തേടിയെത്തിയ സിഖ്‌ മതക്കാരായ ഇന്ത്യാക്കാരുടെ ദുരന്തത്തിന്റെ കഥയാണ്‌ `ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌' എന്ന്‌ കേട്ടപ്പോള്‍ ആ കൃതിവായിക്കണമെന്ന്‌ തോന്നി.

ഐ.റ്റി. ബിസിനസ്‌ രംഗത്ത്‌ അസാമാന്യവിജയം നേടിയ നന്ദ്‌ സിംഗ്‌ സാന്‍ഹൊസെയില്‍നിന്ന്‌ സിയാറ്റിലിലെ `സീ-റ്റാക്ക്‌' വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിനോടുകൂടി കഥ തുടങ്ങുന്നു. നന്ദ്‌ സിംഗിന്‌ ഇത്‌ തന്റെ വേരുകള്‍ തേടിയുള്ള യാത്രയാണ്‌.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിഖ്‌ മതാനുസാരികളായ ഒരു പറ്റം ഇന്ത്യാക്കാര്‍ കാനഡയില്‍ വന്നിറങ്ങി. പിന്നീട്‌ ജീവിക്കാനുള്ള വഴിതേടി വാഷിംഗ്‌ടണ്‍ സംസ്ഥാനത്തെ ബെല്ലിംഗാമില്‍ എത്തുന്നു. അവിടെയുള്ള തടിമില്ലില്‍ കുറഞ്ഞവേതനത്തിന്‌ തൊഴില്‍ സ്വീകരിക്കുന്നതിനോടുകൂടി പ്രശ്‌നങ്ങള്‍ തുടങ്ങുകയാണ്‌. ഇന്നും കേള്‍ക്കുന്ന അതേ പരാതി. `പഠിപ്പില്ലാത്തവര്‍, വൃത്തികെട്ടവര്‍ വരത്തന്മാര്‍' നമ്മുടെ തൊഴില്‍ അപഹരിക്കുന്നു എന്ന്‌. അതുകൊണ്ട്‌ `ഡേര്‍ട്ടി ഹിന്ദു'ക്കളെ തല്ലിയോടിക്കുക. അങ്ങനെ അതു സംഭവിച്ചു. തദ്ദേശവാസികളായ വെള്ളക്കാര്‍ പാവപ്പെട്ട സിഖുകാരെ മര്‍ദ്ദിച്ച്‌ നാടുകടത്തി. അവര്‍ കൂട്ടം പിരിഞ്ഞു. ചിലര്‍ കാനഡയിലേക്ക്‌ മടങ്ങിപ്പോയി, മറ്റു ചിലര്‍ വേറിട്ട അവസരങ്ങള്‍ തേടി, അല്‌പമെങ്കിലും അനുകമ്പ പ്രതീക്ഷിച്ചുകൊണ്ട്‌, കൂടുതല്‍ തെക്കോട്ട്‌ യാത്ര ചെയ്‌തു, അധികമൊന്നും തെളിവുകള്‍ ശേഷിപ്പിക്കാതെ.

തന്റെ പിതാമഹനും ആ കുട്ടത്തിലുണ്ടായിരുന്നുവെന്ന്‌ നന്ദ്‌ സിംഗ്‌ വിശ്വസിക്കുന്നു. ആ മുത്തച്ഛന്റെ പാത കണ്ടെത്താനുള്ള യാത്രയുടെ തുടക്കമായിട്ടാണ്‌ നന്ദ്‌ സിംഗ്‌ സിയാറ്റില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്‌. അവിടെനിന്ന്‌ വാടകയ്‌ക്ക്‌ എടുത്ത കാറില്‍ കാനഡയിലെ വാന്‍ കൂവറിലേക്ക്‌ പോകണം. ഐ-5 ഫ്രീവേയുടെ വശത്തുതന്നെയാണ്‌ ചരിത്രപ്രസിദ്ധമായ ബെല്ലിംഗാം പട്ടണം. ആ യാത്രയുടെ ചരടില്‍ കൊരുത്ത പൂക്കളാണ്‌ `ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌' എന്ന കൃതിയിലെ സംഭവങ്ങള്‍.

സാഹിത്യത്തില്‍ `ബോധധാര'യെന്ന സാങ്കേതികയുടെ സാദ്ധ്യതകള്‍ എന്നും അറിയാമായിരുന്നു. പക്ഷേ ബി. ജോണ്‍ കുന്തറ എത്ര മനോഹരമായിട്ടാണ്‌ ഈ സാങ്കേതികതയില്‍ക്കൂടി കഥ പറയുന്നത്‌. നന്ദ്‌ സിംഗിന്റെ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‌ക്കുന്ന ആ യാത്ര ഒരു നൂറ്റാണ്ടിന്റെ ചരിത്രമായി, ഒരു ജനതയുടെ ദൃഢനിശ്ചയത്തിന്റെ സാക്ഷീകരണമായി നമ്മുടെ മുന്നില്‍ തുറന്നിടാനാണ്‌ ശ്രീ കുന്തറ ശ്രമിക്കുന്നത്‌. നന്ദ സിംഗ്‌ ഇന്ത്യയിലെ പൂണൈയിലേക്ക്‌ പോകുമ്പോള്‍ നാമും ഒപ്പമെത്തുന്നു. അതിനുശേഷം പഞ്ചാബിലെ ഗ്രാമത്തിലൂടെയും നമുക്ക്‌ യാത്ര തുടരാം. പഞ്ചാബിന്റെ ഉള്‍നാടന്‍ ജീവിതരീതി ശരിക്കും അനുഭവിക്കുകയാണ്‌. അതിന്റെ സൂക്ഷ്‌മവശങ്ങളിലേക്ക്‌ എത്തുമ്പോള്‍ നാം അത്ഭുതംകൂറി നിന്നുപോകും. ഇതിനിടയില്‍ എന്തെല്ലാം സംഭവിക്കുന്നു. അനേകം സിഖുകാരുടെ ദുരിതപൂര്‍ണ്ണമായ കപ്പല്‍യാത്ര മുതല്‍ വാന്‍ കൂവറില്‍ പാട്ടഭൂമി വാങ്ങുന്നതുവരെ. തുടര്‍ന്ന്‌ ആ സമൂഹം പ്രബല ശക്തിയായി രൂപപ്പെടുന്നത്‌. മനസ്സിന്റെ വാതിലുകള്‍ തുറന്നിടുമ്പോള്‍ കഥയില്‍ അദ്ധ്യായങ്ങള്‍പ്പോലും പ്രസക്തമല്ലാതായിത്തീരുന്നു.

നന്ദ്‌ സിംഗിന്റെ കസിന്‍ സരള ശക്തമായ ഒരു കഥാപാത്രമാണ്‌. സരളയില്‍ക്കൂടി ഗോപാല്‍ സിംഗിലും പിന്നീട്‌ ഇന്‍ഡാല്‍ സിംഗിലും എത്തുമ്പോഴേക്കും, കുടുംബബന്ധങ്ങളിലൂടെ, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കത്തിലൂടെ കഥയുടെ ചുരുളുകള്‍ നിവര്‍ന്നുവരുന്നു. ഇതിനിടെ നന്ദ്‌ സിംഗിനൊപ്പം 777 ബോയിംഗ്‌ വിമാനത്തിലെ ബിസിനസ്‌ ക്ലാസിലും നമ്മള്‍ എത്തിപ്പെടുന്നു. എന്നാല്‍ അപ്പോഴും ഐ-5ല്‍ക്കൂടിയുള്ള യാത്ര തുടരുകയാണ്‌. വാന്‍ കൂവറിലെ ഗുരുദ്വാരയാണ്‌ ലക്ഷ്യം.

പിന്നീട്‌ കഥ മുന്നോട്ടു നീങ്ങുന്നത്‌ എണ്‍പതുവയസുള്ള റിട്ടയേര്‍ഡ്‌ ബിസിനസുകാരനായ അങ്കിളിന്റെ ഓര്‍മ്മയില്‍ക്കൂടിയാണ്‌. അവിടവിടെ ചെറിയ കുരുക്കുകള്‍ കൗശലപൂര്‍വ്വം അഴിക്കപ്പെടുമ്പോള്‍ സിഖ്‌ കുടിയേറ്റത്തിന്റെയും ബെലിംഗാം മര്‍ദ്ദനത്തിന്റെയും പൂര്‍ണ്ണരൂപം തുറന്നുകിട്ടുകയായി.

ഒരുമിച്ച്‌ തൊഴില്‍ ചെയ്‌തിരുന്ന, തുല്യദുഃഖിതരായ സിഖ്‌ യുവാക്കള്‍ ഗത്യന്തരമില്ലാതെ കൂട്ടം പിരിഞ്ഞു. സ്വന്തം വഴി തേടാന്‍ നിര്‍ബന്ധിതരായി. നന്ദ്‌സിംഗ്‌ എന്നുതന്നെ പേരുകാരനായ മുത്തച്ഛന്‍ കാലിഫോര്‍ണിയയുടെ തെക്കന്‍ ദേശത്തിലേക്കാണ്‌ പോയതെന്ന്‌ അഭ്യൂഹം. അവിടെ മെക്‌സിക്കന്‍ `ഹിന്ദു'ക്കളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നുവത്രേ. മെക്‌സിക്കന്‍ സ്‌ത്രീകളെ വിവാഹം കഴിച്ചുണ്ടായ മക്കള്‍.

കഥാനായകനായ നന്ദ്‌ സിംഗ്‌ സാന്റിയാഗോയിലെ കൗണ്ടി ഓഫീസിലും പുരാതന കത്തോലിക്കാ പള്ളിയിലും തന്റെ പിതാമഹന്റെ `യാത്രകള്‍' തേടി നടത്തിയ അന്വേഷണം വ്യക്തമായ തെളിവില്ലാതെ അവസാനിപ്പിക്കുകയാണ്‌. എന്തിന്‌ ഈ അന്വേഷണം തുടരണം, നാമെല്ലാം ഏതെങ്കിലും വിധത്തില്‍ സങ്കരവര്‍ഗ്ഗമല്ലേ മാനവജാതി ഒന്നാണെന്ന തിരിച്ചറിവോടെ!

നന്ദ്‌ സിംഗിന്റെ നിഴലായി ഭാര്യ മേഗനും ഉണ്ട്‌. അവള്‍ ഐറീഷ്‌ ഇറ്റാലിയന്‍ വംശജ. നന്ദ്‌ സിംഗിന്റെ മാതാവാണെങ്കില്‍ ഇന്ത്യാക്കാരിയും. കഥയുടെ സുഗമമായ ഒഴുക്കിന്‌ ഗ്രന്ഥകാരന്‍ കഥാപാത്രങ്ങളെ തന്ത്രപ്രധാനങ്ങളായ സ്ഥാനങ്ങളില്‍ത്തന്നെ പ്രതിഷ്‌ഠിച്ചിരിക്കുന്നു.

ഈ ആഖ്യായിക ബെല്ലിംഗാം മര്‍ദ്ദനത്തിന്റെ കഥ മാത്രമല്ല, ജീവിക്കാനുള്ള നിരന്തരപോരാട്ടത്തിന്റെ കഥയാണ്‌. മനുഷ്യര്‍ മെച്ചമായ അവസരങ്ങള്‍ തേടിപ്പോകുന്നതിന്റെ കഥയാണ്‌. ഇത്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണ്‌. അതുപോലെ അനുഭവങ്ങളും പാരമ്പര്യങ്ങളും രേഖപ്പെടുത്തിവെക്കാന്‍ മുതിര്‍ന്നവരെയും. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന പൗരസ്‌ത്യവും ഭാരതീയവുമായ സങ്കല്‌പത്തിന്‌ അടിവരയിട്ടുകൊണ്ടാണ്‌ കഥ പുരോഗമിക്കുന്നത്‌.

നോവല്‍ വായിച്ചു കഴിയുമ്പോള്‍ നമുക്ക്‌ ആരോടും വെറുപ്പ്‌ തോന്നുകയില്ല. വായനക്കാരെ കൃത്രിമമായി നന്മയുടെ വശത്തു കൊണ്ടുവരുന്നതിനുപരി മാനവീകതയുടെ മൊത്തമായ നന്മയിലേക്കായിരിക്കും നയിക്കപ്പെടുക.

`ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌' അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടും, എനിക്കു തീര്‍ച്ചയുണ്ട്‌. അതുപോലെ കുറ്റമറ്റതാണ്‌ അവതരണം. ചിന്തയുടെ സുഗമമായ ഒഴുക്കില്‍ക്കൂടി കഥ പറയുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. അതുകൊണ്ട്‌ പ്രിയ വായനക്കാര്‍ക്ക്‌ ഞാന്‍ ഈ ആഖ്യായിക ശുപാര്‍ശ ചെയ്യുകയാണ്‌.

(The Unbeaten Mind, a Novel based on Histrorical Event, by B. John Kunthara, Pages 135, Published by Universe. Copies avialable at Major Bok Stores, Price $ 11.95 and also at Amazon, online price $ 3.99)
ദ അണ്‍ബീറ്റന്‍ മൈന്‍ഡ്‌ (ലേഖനം: ജോണ്‍ മാത്യു)
വായനക്കാരൻ 2014-12-12 16:59:02
നല്ല ആസ്വാദനം. കാലിഫോർണിയയിലേക്ക് കുടിയേറിയ സിക്കുകാരുടെ രണ്ടു തലമുറയുടെ കഥാ‍ാണ് Under the Lemon Tree by Bhira Backhaus.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക