സ്വപ്നഭൂമിക (നോവല്‍ 7: മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 13 December, 2014
സ്വപ്നഭൂമിക (നോവല്‍ 7: മുരളി ജെ. നായര്‍)

ഏഴ്
“ഇത്രയൊക്കെ വിവരം നിനക്കുണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ ആയിപ്പോയി?”
സഹികെട്ടാണ് തോമസ് ചോദിച്ചത്. കുറെ നേരമായി തന്നെ കുറ്റപ്പെടുത്തുന്ന രീതിയില്‍ റോസമ്മ സംസാരിക്കുന്നു.
“എന്തിനാ അച്ചായാ ഇങ്ങനെ ദേഷ്യപ്പെടുന്നെ?” പെട്ടെന്ന് അവളുടെ സ്വരം അനുനയത്തിലായി. ഞാന്‍ വായിച്ച കാര്യം പറഞ്ഞെന്നേയുള്ളൂ.”
“വായിച്ച കാര്യം!” അവജ്ഞയോടെ പിറുപിറുത്തു. “ഇത്തരം സര്‍വ്വേയൊക്കെ നടത്തുന്നവര്‍ക്ക് വല്ല വിവരവുമുണ്ടോ? ഓരോ വ്യക്തിയുടേയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്.”
റോസമ്മ തറപ്പിച്ചു നോക്കിയിട്ട് എഴുന്നേറ്റ് മുകളിലേക്ക് പോയി.
ആകെ ദേഷ്യത്തിലാണെന്നു തോന്നുന്നു. പ്രത്യേകിച്ചു കാര്യമൊന്നുമില്ല. ഏതോ ഒരു പുതിയ ലേഖനം വായിച്ചുപോലും. കുട്ടികളുടെ പത്തുമുതല്‍ പതിനാലുവയസു വരെയുള്ള കാലത്തേപ്പറ്റി. ആ സമയമാണത്രെ ഏറ്റവും നിര്‍ണ്ണായക ഘട്ടം. കുട്ടികള്‍ അവരുടെ ജീവതമൂല്യങ്ങള്‍ സ്വായത്തമാക്കുന്നത് ആ സമയത്താണ്. അതുകൊണ്ട് കുട്ടികളുമായി മാതാപിതാക്കള്‍ക്ക് സൃഷ്ടിപരമായി സംവദിക്കാനുള്ള ഏറ്റവും നല്ലതും, അതേസമയം ഏറ്റവും അവസാനത്തേതുമായ അവസരം ഈ കാലഘട്ടമാണത്രെ.
സന്ധ്യമോളുടെ കാര്യം പേരെടുത്തു പറയാതെയാണ് അവള്‍ സംസാരിച്ചതെങ്കിലും തന്നെ കുത്തിനോവിക്കുന്ന എന്തൊക്കെയോ അതില്‍ ഉള്ളതായി തോന്നി.
സന്ധ്യയ്ക്ക് ഏതാണ്ട് പന്ത്രണ്ട്-പതിമൂന്നു വയസ്സുള്ള കാലത്താണ് തങ്ങള്‍ ഏറ്റവും വലിയ പരീക്ഷണങ്ങളെ നേരിട്ടത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍വന്ന കുറെ ആഘാതങ്ങള്‍. തന്റെ വക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഒരുത്തി തന്നെ ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയത്. അവളുടെ ബോയ്ഫ്രണ്ടിനെവിട്ട്. ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിച്ചത്, ഒടുവില്‍ ആ അപ്പാര്‍ട്ട്‌മൈന്റ് ബ്ലോക്ക് നഷ്ടത്തില്‍ വില്‌ക്കേണ്ടി വന്നത്, ഇക്കാര്യം മലയാളികളുടെയിടയില്‍ ചര്‍ച്ചാ വിഷയമായത്, അതില്‍ നിന്നൊക്കെ താല്ക്കാലികമായി ഒളിച്ചോടാന്‍ വേണ്ടിയുള്ള മദ്യപാനം അനിയന്ത്രിതമായത്.
അതുകൊണ്ടാക്കെയാവുമോ സന്ധ്യമോളുടെ ജീവിത്തില്‍ ഈ താളപ്പിഴകള്‍ ഉണ്ടായത്.
മോളുടെ ജീവിതചര്യകളില്‍ സാവധാനത്തില്‍ വന്ന മാറ്റം റോസമ്മ ശ്രദ്ധയില്‍ പെടുത്തിയതാണ്.
തനിക്കു മനസ്സിലാകാതെ പോയി.
ഒരവസരത്തില്‍ അവള്‍ പറഞ്ഞതാണ് ജോലി ഒന്നാക്കി കുറച്ചിട്ട് കുട്ടികളുടെ, വിശേഷിച്ച് മോളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന്, താന്‍ വിലക്കി. അവള്‍ രണ്ടു ജോലി ചെയ്യുണ്ടാക്കുന്ന വരുമാനം വേണമായിരുന്നു തന്റെ ബിസിനസ് ആശയങ്ങള്‍ക്ക് അടിസ്ഥാനം നല്‍കാന്‍.
തന്റെ നിര്‍ബന്ധം മൂലമാണ് അവള്‍ രണ്ടു ജോലികള്‍ ചെയ്യാന് തയ്യാറായത്. അതിനുപകരമായി കൊടുക്കേണ്ടി വന്നതോ അതിഭീമമായ വിലയും.
സന്ധ്യമോള്‍ കാരണം ഇത്രയൊക്കെ ദുഃഖമനുഭവിക്കേണ്ടി വന്നിട്ടും റോസമ്മ തന്നെ അധികം കുറ്റപ്പെടുത്തിയിട്ടില്ല. ബിസിനസ് കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ കളിയാക്കുമെങ്കിലും തന്റെ കഴിവില്‍ അവള്‍ക്ക് വിശ്വാസമായിരുന്നു.
നഷ്ടങ്ങളൊക്കെ തന്റെ പിടിപ്പുകേടുകൊണ്ടല്ലെന്നും വേറെ പലരുടേയും കുറ്റംകൊണ്ടാണെന്നും കണ്‍വിന്‍സ് ചെയ്യിക്കാന്‍ പ്രയാസമില്ലായിരുന്നു.
തന്റെ പല സുഹൃത്തുക്കളുടേയും ഭാര്യമാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ റോസമ്മ മലാഖയാണെന്നു തോന്നിയിട്ടുണ്ട്. എല്ലാം എത്ര ഭംഗിയായി കൈകാര്യം ചെയ്യുന്നു. എങ്കില്‍ അവള്‍ തകര്‍ന്നു വീണ നിമഷങ്ങളുണ്ട്. സന്ധ്യമോളുടെ ഡ്രഗ് അഡിക്ഷന്റെ സമയം…
“വൈകുന്നേരം പുറത്തുപോകുന്നുണ്ടോ?”
റോസമ്മയുടെ ചോദ്യം ചിന്തയില്‍നിന്നുണര്‍ത്തി. അവള്‍ ജോലിക്കു പോകാന്‍ തയ്യാറായി താഴേക്കിറങ്ങി വന്നിരിക്കയാണ്.
“ചിലപ്പോള്‍.”
“പാലു വാങ്ങിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ ചോദിച്ചതാ.”
“ങാ, വാങ്ങിച്ചോളാം.”
അവള്‍ ബാഗുമെടുത്ത് വാതില്ക്കലേക്കു നടന്നു.
വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്നതും വാതില്‍ അടയുന്നതും നോക്കിയിരുന്നു.
സഹതാപം തോന്നി. ഒപ്പം ജാള്യതയും. താന്‍ വലിയ ബിസിനസ്മാന്‍ ചമഞ്ഞു നടന്നിട്ടും അവള്‍ ഉണ്ടാക്കുന്നത്ര പണം ഉണ്ടാക്കുന്നില്ലല്ലോ. മാത്രമല്ല, അവളെ ഭരിക്കാനും ചെല്ലുന്നു. സ്വയം നിന്ദ തോന്നി.
എഴുന്നേറ്റ് ജനല്‍ക്കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. ഇരുട്ടു കനക്കാന്‍ തുടങ്ങുന്നു. നല്ല കാറ്റുമുണ്ട്.
വര്‍ക്കിച്ചന്‍ വൈകുന്നേരം വരാമെന്നു പറഞ്ഞിരുന്നു. പുതിയൊരു ബിസിനസ് പ്രൊപ്പോസല്‍ ഉണ്ടത്രെ. ഒരു ഫ്രാഞ്ചൈസ് സംരംഭമാണ്. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നൂറുകണക്കിനു സ്റ്റോറുകള്‍ ഉള്ള ഒരു ഫുഡ്മാര്‍ക്കറ്റാണ്.  അതിന്റെ ഒരു ഫ്രാഞ്ചൈസ് ഈ സബര്‍ബില്‍ തുടങ്ങാനുള്ള പരിപാടിയാണ്. മൂന്നുലക്ഷത്തോളം ഡോളര്‍ വേണ്ടിവരും. മുപ്പതു ശതമാനമെങ്കിലും കൈയിലുണ്ടാകണം. ബാക്കി ഫൈനാന്‍സ് ചെയ്യിക്കാം. വര്‍ക്കിച്ചന്റെ കൈയില്‍ കുറെ കാശുണ്ട്. പിന്നെ കുറച്ച് ബാങ്കില്‍ നിന്നെടുക്കാം. സ്വന്തമായുള്ള അപ്പാര്‍ട്ടുമെന്റ് ബ്ലോക്കുകളുടെ ഇക്വിറ്റിയുടെ ഈടില്‍.
തന്നെ അമ്പതുശതമാനം പാര്‍ട്ട്ണര്‍ ആക്കാനുള്ള പരിപാടിയാണ്.
ഫ്രാഞ്ചൈസ് എന്നു പറയുന്നത് പേരുകേട്ട അമേരിക്കന്‍ ബിസിനസ് വ്യവസ്ഥയാണ്. ഒരു വിതരണക്കാരന്, നിശ്ചിത പരിധിക്കുള്ളില്‍ ഉല്പന്നങ്ങള്‍ അഥവാ സര്‍വീസുകള്‍ മാര്‍ക്കറ്റു ചെയ്യാനുള്ള അധികാരം നല്കുന്ന വ്യാപാര വ്യവസ്ഥ. ഹോട്ടലുകളും റസ്റ്റോറന്റുകളും മുതല്‍ മിനിഫുഡ് സ്റ്റോറുകളും ബാര്‍ബര്‍ ഷാപ്പുകളും വരെ ഇങ്ങനെ ഫ്രാഞ്ചൈസ് ചെയ്യപ്പെടുന്നു. എല്ലാ ഫ്രാഞ്ചൈസ് ശാഖകള്‍ക്കും പൊതുസ്വഭാവം ഉണ്ടായിരിക്കും. കെട്ടിടങ്ങളുടേയും ഉപകരണങ്ങളുടേയും ഡിസൈനില്‍ വരെ ഈ സ്വഭാവം പ്രകടമായിരിക്കും.
ഫ്രാഞ്ചൈസ് രംഗത്ത് മലയാളികള്‍ കുറവാണെങ്കിലും മറ്റ് ഇന്ത്യക്കാര്‍ വളരെയുണ്ട്. അടുത്തകാലത്തു നടന്ന ഒരു സര്‍വ്വേപ്രകാരം അമേരിക്കയിലെ മോട്ടലുകളില്‍ നാല്പതു ശതമാനവും ഗുജറാത്തികളുടെ വകയാണത്രെ. 'പട്ടേല്‍സ് മോട്ടല്‍' എന്ന് ഒരു പ്രയോഗം തന്നെ നിലവിലുണ്ട്.
ഫോണ്‍ ബെല്ലടിച്ചു.
കോഡ്‌ലസ് യൂണിറ്റ് എടുത്തു.
“ഹലോ.”
“ഇതു ഞാനാ, വര്‍ക്കി.”
“ഒരു കാര്യം പറയാന്‍ വിളിച്ചതാ.” വര്‍ക്കിച്ചന്‍ ഒന്നു നിര്‍ത്തി. ഇന്നങ്ങോട്ടു വരാന്‍ പറ്റില്ല.
“എന്തു പറ്റി?”
“പ്രത്യേകിച്ചൊന്നുമില്ല. കടയില്‍ നല്ല തിരക്ക്. ഞാന്‍ കൂടെ നില്ക്കാമെന്നു കരുതി.”
“ശരി, അങ്ങനെയാകട്ടെ.”
“നാളെക്കാണാം.”
“ഓക്കെ.”
അങ്ങേതലയ്ക്കല്‍ ഫോണ്‍ വയ്ക്കുന്ന ശബ്ദം.
വര്‍ക്കിച്ചന് വേറൊരാളുമായി പാര്‍ട്ടണര്‍ഷിപ്പില്‍ ഒരു പലചരക്കുകടയുണ്ട്. ഇന്‍ഡ്യന്‍ സാധനങ്ങളും വീഡിയോ കാസറ്റുകളും മറ്റും ലഭിക്കുന്ന സ്ഥലം.
താനും സാമുവേലുമായി നടത്തുന്നതുപോലെ.
വര്‍ക്കിച്ചന്‍ നേരത്തേ വിവരം അറിയിച്ചിരുന്നെങ്കില്‍ തനിക്കും കടയിലേക്കു പോകാമായിരുന്നു. ഇനിയിപ്പോള്‍ വയ്യ.
ആ കാര്യത്തില്‍ സമാധാനമുണ്ട്. പാര്‍ട്ടണര്‍ഷിപ്പ് ഉണ്ടെങ്കിലും താന്‍ ദൈനംദിന നടത്തിപ്പില്‍ നേരിട്ട് ഇടപെടാറില്ല.
റിമോര്‍ട്ട് കണ്‍ട്രോള്‍ എടുത്ത് ടി.വി. ഓണ്‍ ചെയ്തു. ചാനല്‍ 12 വച്ചു. ബിസിനസ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഡവ് ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 5000 ആകാന്‍പോകുന്നതിന്റെ ശക്തമായ സൂചനകള്‍. ഈ വര്‍ഷം ആദ്യമാണഅ ഈ സൂചിക 4000 കവിഞ്ഞത്. 1987 ലെ സ്റ്റോക് മാര്‍ക്കറ്റ് ക്രാഷിനു ശേഷം നില അല്പമൊന്നു മെച്ചപ്പെട്ടപ്പോള്‍, ഉണ്ടായിരുന്ന ഷെയറുകളൊക്കെ വിറ്റു. എങ്കിലും സ്റ്റോക് മാര്‍ക്കറ്റ് വാര്‍ത്തകള്‍ ശ്രദ്ധിച്ചിരിക്കുക പ്രത്യേക ഹരമാണ്.
ഈ വര്‍ഷം മാര്‍ക്കറ്റില്‍ ഇറങ്ങിയ ചില കമ്പനികളുടെ ഷെയറുകളില്‍ പെട്ടെന്നാണ് വിലവര്‍ദ്ധന ഉണ്ടായത്.
പുതിയ ആശങ്ങള്‍ ഇത്ര പെട്ടെന്ന് പണമായി മാറ്റാവുന്ന മറ്റൊരു രാജ്യം ഈ ഭൂമുഖത്തുണ്ടെന്നു തോന്നുന്നില്ല.
'അമേരിക്കന്‍ സ്വപ്നം' ഇത്തരം പുതിയ പ്രോഡക്റ്റുകളില്‍ക്കൂടി യാഥാര്‍ത്ഥ്യമാകുന്നതു വിവരിക്കയാണ് പ്രഭാഷകന്‍.
എഴുന്നേറ്റ് അടുക്കളിയിലേക്കു നടന്നു. ഒരു ബിയര്‍ എടുക്കാന്‍.
ബഡ് വൈസറിന്റെ ഒരു കുപ്പിയെടുത്ത് തിരികെ സോഫയില്‍ വന്നിരുന്നു.
പെട്ടെന്നു വിജയം വരിക്കുന്ന ചില പ്രോഡക്ടുകള്‍ അതുപോലെ തന്നെയായിരിക്കും രംഗത്തു നിന്ന് അപ്രത്യക്ഷമാകുന്നതും.
അടുത്തകാലത്തു വായിച്ച 'പാറക്കുട്ടി'യുടെ കഥ ഓര്‍ത്തു. 'പെറ്റ് റോക്ക്' എന്ന പേരില്‍ അമേരിക്കന്‍ ജനതയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന ആശയം. അതിന്റെ ഉപജ്ഞാതാവ് ഗാരി ഡാള്‍. 1975-ലെ പ്രതിഭാസം.
അഡ് വര്‍ട്ടൈസിംഗ് രംഗത്ത് മുപ്പതിനായിരം ഡോളര്‍ പ്രതിവര്‍ഷം ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് ഡാള്‍ ഫ്രീലാന്‍സ് കോപ്പിറൈറ്റിങ്ങിലേക്കു പോയി. അതില്‍ നിന്നും ഉദ്ദേശിച്ച വരുമാനമൊന്നും കിട്ടാതെ തട്ടിമുട്ടി കഴിയവേ ഒരു അപരാഹ്നത്തില്‍ ബാറില്‍ സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'പെറ്റ് റോക്ക്' എന്ന ആശയം ഡാളിന്റെ മനസ്സില്‍ ഉടലെടുത്ത്. പട്ടിയേയോ പൂച്ചയേയോ ഒക്കെ 'പെറ്റ്' ആയി വളര്‍ത്തുന്നതിനു പകരം കേവലം പാറക്കഷ്ണത്തെ പെറ്റായി 'വളര്‍ത്തു'!
അതുകേട്ട് സുഹൃത്തുക്കള്‍ ആര്‍ത്തു ചിരിച്ചു.
അന്നുരാത്രി ഡാളിന് ഉറക്കം വന്നില്ല. ഈ ആശയം എങ്ങനെ പണമായി മാറ്റാം എന്നതായി ചിന്ത.
പിറ്റേന്ന്, ജര്‍മ്മന്‍ ഷെഫേഡ് ഇനത്തില്‍പ്പെട്ട നായ്ക്കളെ പരിശീലിപ്പിക്കാനുള്ള ഒരു മാന്വലിനെ അനുകരിച്ച് ഒരു മാന്വല്‍ തയ്യാറാക്കി. ഒരു പാറക്കുട്ടിയെ(പെറ്റ് റോക്കിനെ) പായ്ക്കറ്റിനകത്താക്കി ഈ മാന്വലിനോടൊപ്പം വില്ക്കുന്നതു വരെയെത്തി ചിന്ത.
അഡ്വര്‍ട്ടൈസിങ് രംഗത്തെ വേറൊരു സുഹൃത്തിനെക്കൊണ്ട് ഒരു പെട്ടി ഡിസൈന്‍ ചെയ്യിച്ചു- പാറക്കുട്ടിക്കു 'ശ്വസിക്കാന്‍' സുഷിരങ്ങള് വരെയുള്ള പെട്ടി.
കടല്‍ത്തീരത്തു നടക്കാന്‍ പോകുമ്പോള്‍ ഡാള്‍ ലക്ഷണമൊത്ത പാറക്കുട്ടികളെ തെഞ്ഞു.
അഞ്ചുമാസംകൊണ്ട് നൂറുപെട്ടി 'പ്രോട്ടോടൈപ്പു'കള്‍ റെഡിയായി. അതോടൊപ്പം പാറക്കുട്ടിയെ ജീവനുള്ള പെറ്റ് ആയി സങ്കല്പിച്ചു കൊണ്ടുള്ള ഇന്‍സ്ട്രക്ഷന്‍ മാന്വലും.
സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ഒരു ഗിഫ്റ്റ് ഷോയില്‍ നല്ല ഒരു പോസ്റ്റര്‍ വഴി പാറക്കുട്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഡാളിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് 3,000 പാറക്കുട്ടികള്‍ക്ക് ഓര്‍ഡര്‍ കിട്ടി. വില, ഹോള്‍സെയിലില്‍ രണ്ടു ഡോളര്‍, റീട്ടെയില്‍ നാലു ഡോളര്‍.
ന്യൂയോര്‍ക്കിലും ഡാലസിലും നടന്ന ഗിഫ്റ്റ് ഷോകളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. ഡാളിന് ആത്മവിശ്വാസമായി. ക്രിസ്മസിനു മുമ്പ് ഒരു ലക്ഷം പാറക്കുട്ടികളെ വില്ക്കുക എന്ന മോഹത്തിനു ചിറകുകള്‍ മുളച്ചു.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫൈനാന്‍സ് സംഘടിപ്പിച്ചു. ലാന്‍ഡ് സേകേപ്പിങിന് ആവശ്യമായ പാറക്കഷണങ്ങള്‍ വില്ക്കുന്ന കമ്പനിയെ സമീപിച്ച് പാറക്കുട്ടികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. കാലിഫോര്‍ണിയയിലെ ഒരു ബീച്ചില്‍ കാണപ്പെടുന്ന ഉരുണ്ട പാറക്കഷണങ്ങള്‍. രണ്ട് ഇഞ്ചോളം വ്യാസം. മൊത്തവില, ഒന്നിന് ഒരു പെനി!
'റോക്ക് ബോട്ടം പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ഡാളിന്റെ കമ്പനി ഉടലെടുത്തു.
ആകെയുള്ള പ്രൊഡക്ഷന്‍ ചെലവ് ഇപ്രകാരമായിരുന്നു: ഒരു സെന്റ് പാറക്കുട്ടിക്ക്, നാലു സെന്റ് പെട്ടിക്ക്, ആറര സെന്റ് പാക്കേജിങ്ങിന്, രണ്ടു സെന്റ് മറ്റു ചെലവുകള്‍ക്ക്. ആകെ ഒരു പെട്ടിക്ക് ചെലവ് പതിമ്മൂന്നര സെന്റ്, പിന്നെ അഡ്വര്‍ട്ടൈസിങ്, പ്രിന്റിങ്, പലിശ എല്ലാം കഴിഞ്ഞ് ഒരു പാറക്കുട്ടിയിന്മേല്‍ ഡാളിനു ലാഭം ഒരു ഡോളര്‍ അഞ്ചു സെന്റ്.
സംഗതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ന്യൂസ് വീക്കി വാരിക ഡാളിനെ ഇന്റര്‍വ്യൂ ചെയ്തു. അതോടെ മറ്റു പ്രസിദ്ധീകരണങ്ങളും. 'പെറ്റ് റോക്ക്' ചൂടപ്പമായി. ആദ്യത്തെ പതിനായിരം മൂന്നാഴ്ച കൊണ്ടു വിറ്റ് തീര്‍ന്നു. അടുത്ത ബാച്ച് 50, 000 വും അതുപോലെ തന്നെ വിറ്റു പോയി.
പാറക്കുട്ടികള്‍ എല്ലായിടത്തും ചര്‍ച്ചാവിഷയമായി. അമേരിക്കന്‍ ബിസിനസ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി. ഡാള്‍ പ്രശസ്തനായി. വിജയക കഥ മാര്‍ക്കറ്റിങ് മാനേജ്‌മെന്റില്‍ പാഠ്യവിഷയമായി.
ഇത് ഒരു നീര്‍ക്കുമിളയാണെന്നും വളരെ വേഗം പൊട്ടുമെന്നും ഡാളിന് അറിയാമായിരുന്നു. ആ വര്‍ഷത്തെ ക്രിസ്മസിനുമുമ്പ് ഒരു മില്യണ്‍ പാറക്കുട്ടികളെ വില്ക്കാന്‍ ഡാള്‍ പ്ലാന്‍ ചെയ്തു.
ഏറ്റവും പ്രചാരമേറിയ ഗിഫ്റ്റ് ഐറ്റമായി പാറക്കുട്ടികള്‍ മാറി. സ്വപ്ന സദൃശമായ വിജയം. ക്രിസ്മസിനു മുമ്പ് ഒന്നേമുക്കാല്‍ മില്യണ്‍  വിറ്റു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ വീണ്ടും മൂന്നു ലക്ഷം കൂടി.
അതോടെ പെറ്റ്‌റോക്കിന് പ്രചാരം കുറഞ്ഞു. എന്നാല്‍ ആ പ്രതിഭാസം ഉണര്‍ത്തിവിട്ട ആവേശം അഭൂതപൂര്‍വ്വമായിരുന്നു. ഒരു പുതിയ ഐറ്റം ഗിഫ്റ്റ് മാര്‍ക്കറ്റില്‍ വരുമ്പോള്‍ ഈ ചോദ്യം ഉദിക്കുന്നു. “ഇതാണോ ഈ വര്‍ഷത്തെ പെറ്റ് റോക്ക്?”
ഫ്രിഡ്ജില്‍ നിന്ന് ഒരു ബിയര്‍ കൂടി എടുത്തു. ടിവിയില്‍ ഇപ്പോള്‍ വേറൊരു പ്രോഗ്രാമാണ്.
സാവധാനം ബിയര്‍ മൊത്തിക്കുടിച്ചുകൊണ്ട് തന്റെ സങ്കല്പ ലോകത്തേക്കു പറന്നു. പിന്നെ ബിയറിന്റെ ലഹരിയില്‍ സോഫയില്‍ ചാരിക്കിടന്നു കണ്ണടച്ചു.
“സമയമായി സര്‍,” സുന്ദരിയായ സെക്രട്ടറി മൃദുശബ്ദത്തില്‍ പറയുന്നു. “വിമാനം റെഡി.”
ചെറിയ ലീയര്‍ജറ്റ് വിമാനം ഈയിടെ വാങ്ങിയതാണ്. പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി. ഏതാനും മില്യണ്‍ ഡോളറായി.
സെക്രട്ടറി ബ്രീഫ് കേസെടുത്തു.
ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറായി നിന്ന വിമാനത്തിലേക്കു കയറി.
പൈലറ്റ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “പോകാമല്ലോ.”
“അതേ.”
വിമാനം റണ്‍വേയിലൂടെ നീങ്ങി.
വേഗത കൂടിക്കൂടി വന്നു.
ടേക് ഓഫ്.
മേഘപാളികളെ വകഞ്ഞുമാറ്റി കൂടുതല്‍ ഉയരത്തിലേക്ക്.
പെട്ടെന്ന് ചെവിയോര്‍ത്തു. വിമാനത്തിന്റെ ഇരമ്പലിനു മുകളിലൂടെ ഒരു കരച്ചിലിന്റെ ശബ്ദം.
കരച്ചിലല്ല, പേടിച്ചു വിറളിപിടിച്ചുള്ള നിലവിളിയാണ്.
“അപ്പച്ചാ, അപ്പച്ചാ!”
സന്ധ്യമോളുടെ സ്വരം. അവളെ കൂട്ടാതെയാണല്ലോ വിമാനം പറന്നുയര്‍ന്നത്. “ഉടന്‍ വിമാനം നിലത്തിറക്കൂ!”
പൈലറ്റ് ആക്രോശിച്ചു.
പൈലറ്റ് അത്ഭുതത്തോടെ നോക്കി.
“ഉം. വേഗം!”
“സര്‍ ഇപ്പോഴും മുകളിലേക്കു കയറിക്കഴിഞ്ഞിട്ടില്ല. തിരിച്ചു പോകാന്‍ ഉടനെ പറ്റില്ല.”
“ഐ ഡോന്റ് കെയര്‍.” അതൊരട്ടഹാസമായിരുന്നു.
പൈലറ്റ് ഒരുവിധം വിമാനം നിലത്തിറക്കി. മകളുടെ ശബ്ദം കൂടുതല്‍ ദയനീയമായിക്കൊണ്ടിരുന്നു.
വിമാനത്തില്‍ നിന്നു ചാടിയിറങ്ങി ചുറ്റും നോക്കി.
മകളെ കാണാനില്ല.
“മോളേ!” ഉറക്കെ നിലവിളിച്ചു. “മോളേ…സന്ധ്യമോളേ!”
ഉത്തരമില്ല.
അലറിക്കരഞ്ഞുകൊണ്ട് വിളിച്ചു. “മോളേ…” പെട്ടെന്നു ഞെട്ടിയുണര്‍ന്നു.
സോഫയില്‍ കിടന്നുറങ്ങിപ്പോയതാണ്. പരിഹസിക്കുന്ന മട്ടില്‍ ടി.വി. മുന്നില്‍.
അയാള്‍ പതുക്കെ കണ്ണുതുടച്ചു.
സ്വപ്നഭൂമിക (നോവല്‍ 7: മുരളി ജെ. നായര്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക