Image

പുത്ര വധു (കഥ: സരോജ വര്‍ഗീസ്‌, നൂയോര്‍ക്ക്‌)

Published on 17 December, 2014
പുത്ര വധു (കഥ: സരോജ വര്‍ഗീസ്‌, നൂയോര്‍ക്ക്‌)
ഞായറാഴ്‌ചകളെ ഞാന്‍ സന്തോഷത്തോടെ എതിരേല്‍ക്കുന്നു. അവുധി ദിവസം എന്നതിലുപരി എവിടെയായാലും അന്ന്‌ ദേവാലയത്തിലെത്തി ആരാധനയില്‍ സംമ്പന്ധിക്കുക എന്നത്‌ എനിക്ക്‌ നിര്‍ബന്ധമുള്ള കാര്യമാണ്‌. വളരെ ചെറുപ്പം മുതല്‍ അത്‌ ഞാന്‍ മുടങ്ങാതെ അനുഷ്‌ഠിച്ചു വരുന്നു.

അതെപോലെ കാലാവസ്‌ഥക്കും അതാത്‌ ദിവസങ്ങളുടെ പ്രാധാന്യങ്ങള്‍ക്കുമനുസരിച്ച്‌ വസ്ര്‌തധാരണം ചെയ്യുന്നതും എന്റെ പ്രത്യേക ശീലങ്ങളിലൊന്നാണ്‌. അതിനായി മാര്‍ക്കറ്റില്‍ അപ്പപ്പോളിറങ്ങുന്ന സാരികള്‍ ഞാന്‍ വാങ്ങി വക്കാറുണ്ട്‌. അത്‌ എന്റെ ഒരു ദൗര്‍ബ്ബല്യവും ഹോബിയും ആയി കഴിഞ്ഞിരിക്കുന്നു.

എനിക്ക്‌ സാരികളോടുള്ള പ്രിയത്തെപ്പറ്റി കൂട്ടുകാരികള്‍ പലപ്പോഴും സംസാരിക്കാറുണ്ട്‌. ഒപ്പം ഒരു കമന്റും. `പെണ്മക്കള്‍ ഉള്ള ഒരമ്മയായിരുന്നെങ്കില്‍ ഈ സാരികള്‍ അവര്‍ക്കെങ്കിലും കൊടുക്കാമായിരുന്നു. ആകെ ഒരു മകനേയുള്ളു. വരുന്ന മരുമകള്‍ വല്ല മദാമ്മയോ മറ്റോ ആണെങ്കില്‍ ഈ സാരികളൊക്കെ എന്തു ചെയ്യും.'

അത്‌ കേള്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം അനുഭവപ്പെടാറുണ്ട്‌. അപ്പോഴും സ്വയം ആശ്വസിക്കും `ഇല്ല, ഒരിക്കലും അങ്ങനെ സംഭവിക്കില്ല.'

ഉപരി പഠനാര്‍ത്ഥം അകലെ കോളേജില്‍ പോയിരുന്ന കാലത്തും, ഇന്ന്‌ ഉദ്യോഗസ്‌ഥനായിട്ടും എല്ലാ വാരാന്ത്യങ്ങളിലും വീട്ടില്‍ വരികയും, ഞങ്ങളോടൊപ്പം ആരാധനയില്‍ സംബന്ധിക്കുകയും ചെയ്യുന്നവനാണ്‌ ഞങ്ങളുടെ മകന്‍. ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി അവന്‍ ഒന്നും ചെയ്യില്ല എന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു. അങ്ങനെ ഒന്നും വരത്തരുതെ എന്ന്‌ ഞാന്‍ നിത്യവും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

മകന്റെ വിവാഹകാര്യമാണ്‌ ഇപ്പോള്‍ വീട്ടിലെ പ്രധാന ചിന്താ വിഷയം. എന്റെ സുഹൃത്തുക്കളുടെ പെണ്മക്കളെ ഓരോരുത്തരേയും ഞങ്ങളുടെ പുത്ര വധുവായി ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്‌. ചിലപ്പോഴൊക്കെ എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെപ്പറ്റി ഭര്‍ത്താവിനോട്‌ സംസാരിക്കാറുണ്ട്‌. വരാന്‍ പോകുന്ന മലയാളി മരുമകളെ കുറിച്ച്‌ ഞങ്ങള്‍ വളരെ വളരെ സ്വ്‌പനങ്ങള്‍ നെയ്‌തു..

ദേവാലയത്തില്‍ ക്രുത്യ സമയത്തിനെത്തണമെന്ന്‌ നിര്‍ബന്ധമുള്ള വ്യക്‌തിയാണ്‌ എന്റെ ഭര്‍ത്താവ്‌ `ആഹാ ഒരുങ്ങി കഴിഞ്ഞില്ലേ? ചോദ്യവുമായി അദ്ദേഹം മുറിയിലേക്ക്‌ കടന്നു വന്നു. `ഇതാ ഇപ്പോള്‍ കഴിയും. ഒരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ ഈ സാരി ഒന്ന്‌ പിടിച്ചിട്ട്‌ തരുമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളൊക്കെ ഇതിനൊക്കെ താല്‍പ്പര്യം കാണിച്ചിരുന്നയാള്‍ ഇപ്പോള്‍ ഒരു സാരി തേച്ച്‌ തരികകൂടി ഇല്ല.

`എന്റെ പൊന്നേ, ഇനിയിപ്പോള്‍ ഇത്രയധികം ഒരുക്കത്തിന്റെ കാര്യമുണ്ടോ? താമസിയാതെ നമ്മള്‍ അമ്മായിയപ്പനും അമ്മായിയമ്മയും ആയിത്തീരും. പിന്നീട്‌ മുത്തഛനും, മുത്തശ്ശിയും. അദ്ദേഹം തമാശ രൂപത്തില്‍ തടിതപ്പി.'

മോന്‍ പെണ്ണു കെട്ടുന്നതിനു ഞാനെന്തിനു എന്റെ ശീലങ്ങള്‍ മാറ്റണം` ഞാനും വിട്ടില്ല.

എന്റെ പരാതികള്‍ അധികം കേട്ടു നില്‍ക്കാതെ അക്ഷമനായി അദ്ദേഹം മുറി വിട്ടുപോയി.

എന്തു കൊണ്ടോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം എന്നെ പെണ്ണു കാണാന്‍ വന്ന ദിവസം എന്റെ ചിന്തകളിലേക്ക്‌ ഓടിയെത്തി. ഇതു പോലെ ഒരു ഞായാറാഴ്‌ച. മഴ പെയ്‌ത്‌ തോര്‍ന്ന ഒരു അപരാഹ്നം.തന്റെ ഭാവി വരനെ നേരിട്ട്‌ കാണാനുള്ള ഉത്‌കണ്‌ഠയുമായി ഗേറ്റിലേക്ക്‌ ഒളികണ്ണാല്‍ കണ്ണോടിച്ചിരുന്നപ്പോള്‍ അതാ ഒരു കാറില്‍ കുറച്ചു പേര്‍. അവരില്‍ നിന്നും തൂവെള്ള ഷര്‍ട്ടും, മുണ്ടും ധരിച്ച ആ സുന്ദരനെ ഞാന്‍ തിരിച്ചറിഞ്ഞു. ഒത്ത ഉയരം, നല്ല നിറം, ചുരുളന്‍ മുടി. വടക്കന്‍ പാട്ടിലെ നായികമാര്‍ പാടുന്ന പോലെ ഒന്ന്‌ പാടിയാലോ എന്നു തോന്നിപ്പോയി. പക്ഷെ എനിക്ക്‌ പാടാന്‍ അറിയില്ലല്ലോ. എങ്കിലും ചില വരികള്‍ ഓര്‍മ്മ വന്നു. `കളരി വിളിക്ക്‌ തെളിഞ്ഞതാണോ. മാനത്തുന്നെങ്ങാനും വന്നതാണോ??'.. പിന്നെ വിവാഹം ഗംഭീരമായി നടന്നു.

അതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഇപ്പോള്‍ അമേരിക്കയില്‍ എത്രയോ കാലമായി കഴിയുന്ന പ്രവാസികള്‍ക്കൊപ്പം ഞങ്ങളും. എന്നാലും ഈ നാടിനോട്‌ എനിക്ക്‌ കടപ്പാടും നന്ദിയുമുണ്ട്‌. എന്റെ സ്വപ്‌നങ്ങള്‍ കതിരണിഞ്ഞത്‌ ഈ നാട്ടില്‍ വച്ചാണ്‌. ഇവിടെയെത്തിയതിനു ശേഷമാണ്‌ ഞാന്‍ ഒരമ്മയായത്‌. എന്നാലും പുതിയ തലമുറ ഇവിടത്തെ സംസ്‌കാരത്തില്‍ എളുപ്പം ഇഴുകി ചേരുമെന്ന ഭയം എല്ലാ മാതാപിതാക്കള്‍ക്കുമുണ്ട്‌. അത്‌ എന്നേയും ഇടക്കിടെ ഭയപ്പെടുത്താറുണ്ട്‌. വിവാഹ പ്രായമായ മക്കളുള്ള എല്ലാ മാതാപിതാക്കളെപോലെ ഞാനും ചിന്തകള്‍ക്കടിമയായാകുന്നു. പ്രാര്‍ഥനയും വിശ്വാസവുമായി മുന്നോട്ടു നീങ്ങുമ്പോഴും ഒരു സമാധാന കുറവ്‌ അനുഭവപെട്ടുകൊണ്ടിരുന്നു. കര്‍ത്താവെ, കാത്തു കൊള്ളേണമേ എന്ന്‌ ഉരുവിടുമ്പൊള്‍ അദ്ദേഹം കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ ഹോണ്‍ അടിക്കുന്ന ശബ്‌ദം കേട്ടു.

വേഗം വാതിലടച്ച്‌ പുറത്തിറങ്ങി. അദ്ദേഹം ഗൗരവത്തിലാണ്‌. പക്ഷെ ആ ഗൗരവം ഒരിക്കലും നീണ്ട്‌ നില്‍ക്കാറില്ല. അദ്ദേഹത്തെ ഒന്നു തണുപ്പിക്കാന്‍ ഞാന്‍ പറഞ്ഞു ഃഒരുങ്ങി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ നമ്മുടെ കല്യാണത്തെക്കുറിച്ച്‌ ചിന്തിച്ചുപോയി. കാരണവന്മാര്‍ നിശ്‌ചയിച്ചു, നമ്മള്‍ സമ്മതിച്ചു.

അദ്ദേഹത്തിന്റെ മറുപടി `കാലം മാറി ഇന്നത്തെ തലമുറ നമ്മളില്‍ നിന്ന്‌ വ്യത്യസ്‌ഥമല്ലേ? മമ്മി പുന്നാരമോനോട്‌ കല്യാണകാര്യം വച്ചതും സൂചിപ്പിച്ചോ?

സൂചിപ്പിച്ചു ... പക്ഷെ അവന്റെ അതേ പല്ലവി ഇപ്പോഴും `കുറച്ച്‌ കഴിയട്ടേ'

നീണ്ട നിശ്ശബ്‌ദതക്ക്‌ ശേഷം ഞാന്‍ എന്റെ അഭിപ്രായം വെളിപ്പെടുത്തി. `നമുക്കാ ശോശകുട്ടിയുടെ മകളെ ഒന്നാലോചിച്ചാലോ?'

നല്ല കാര്യം, നീ പള്ളിയില്‍ പോകുന്നത്‌ പ്രാര്‍ഥിക്കാനോ, മകനു പറ്റിയ പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന്‌ നോക്കാനോ? എന്ന്‌ ചോദിച്ച്‌ അദ്ദേഹം എന്നെ കളിയാക്കി.. ഞങ്ങള്‍ രണ്ടു പേരും അതെപ്പറ്റി പറഞ്ഞു ചിരിച്ച്‌ കാറില്‍ നിന്നിറങ്ങമ്പോള്‍ പള്ളി മുറ്റത്ത്‌ നിറയെ സുന്ദരിമാരായ പെണ്‍കുട്ടികള്‍ നിന്നിരുന്നു.

അന്ന്‌ ആരാധനാമധ്യേ പുരോഹിതന്റെ പ്രസംഗം മുഖ്യമായും യുവതീ യുവാക്കളെ ഉദ്ദേശിച്ചായിരുന്നു. ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനം ആയിരിക്കാം അങ്ങനെ ഒരു പ്രസംഗത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ആ പ്രസംഗത്തിനിടയിലും എന്റെ മനസ്സില്‍ വരാന്‍ പോകുന്ന പുത്ര വധുവിനെ പ്പറ്റിയുള്ള സങ്കല്‍പ്പങ്ങളായിരുന്നു.

തിരിച്ച്‌്‌ വരും വഴി ഞാന്‍ മകനോടായി വളരെ സൗമ്യമായി ചോദിച്ചു. മോനെ അച്ചന്റെ ഇന്നത്തെ പ്രസംഗം ഒക്കെ കേട്ടല്ലോ? അവന്‍ അല്‍പ്പം ഗൗരവത്തോടെ പ്രതികരിച്ചു. ഓ, കേട്ടു, പക്ഷെ എനിക്കതിനോട്‌ പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. വ്യത്യസ്‌ഥമായ സംസ്‌കാരത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ വിവാഹമോചനത്തിനു കൂടുതല്‍ സാധ്യതയുണ്ടെന്ന്‌ പറയുന്നതും ശരിയല്ല. നമ്മുടെ സമൂഹത്തില്‍ തന്നെ എത്രയോ വിവാഹമോചനങ്ങള്‍ നടക്കുന്നു.

ഞങ്ങള്‍ രണ്ട്‌ പേരും അതിനു മറുപടി പറഞ്ഞില്ല. നിറഞ്ഞ നിശ്‌ബ്‌ദത ഘനം തൂങ്ങി നിന്നു. വീടെത്തിയിട്ടും ആരും ഒന്നും അതെ കുറിച്ച്‌ സംസാരിച്ചില്ല. .

അന്ന്‌ അത്താഴത്തിനിരിക്കുമ്പോള്‍ മകന്‍ ആ സത്യം പറഞ്ഞു. എനിക്ക്‌ ഒരു പെണ്‍കുട്ടിയോട്‌ ഇഷ്‌ടമാണു. കൂടെ പഠിച്ചതാണ്‌. ഇപ്പോള്‍ ഒരെ ഓഫീസ്സില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ക്ക്‌ വിവാഹിതരാകാന്‍ ആഗ്രഹമുണ്ട്‌.

അവന്റെ പപ്പയുടെ മുഖത്ത്‌ വിഷാദഭാവം നിഴലിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ എന്റെ ആകാംക്ഷ ഉള്ളിലൊതുക്കാന്‍ കഴിഞ്ഞില്ല.

`മോനെ, അവളുടെ മാതാപിതാക്കള്‍ ഒക്കെ ഇവിടെയുണ്ടോ?'

അല്‍പ്പം ജാള്യതയോടെ അവന്‍ പറഞ്ഞു. '' അവര്‍ എല്ലാവരും അയര്‍ലന്റിലാണ്‌, ട്രീസ മാത്രമേ ഇവിടെയുള്ളു.

മരുമകളെ കുറിച്ചുള്ള മലയാളി സങ്കല്‍പ്പങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ വികൃതമായി. അദ്ദേഹം ഒന്നും സംസാരിക്കാതെ മുറി വിട്ടു.

മാതാ-പിതാക്കള്‍ക്ക്‌ അതൃപ്‌തിയുള്ളത്‌ സന്താനങ്ങള്‍ക്ക്‌ സന്തോഷമുളവാക്കുമ്പോള്‍ കുടുംബം എന്ന നൗക ഉലയാന്‍ തുടങ്ങും. എല്ലാവര്‍ക്കും സ്വന്തം ഭാഷയും സംസ്‌കാരവും നല്ലതെന്നു തോന്നുമെങ്കിലും ഒരു സങ്കര സംസ്‌കാരത്തില്‍ വളരുന്ന കുട്ടികള്‍ അതിനു അത്ര പ്രാധാന്യ്‌ം കൊടുക്കുന്നില്ല.

ഇന്ന്‌ അച്ചന്‍ പ്രസംഗിച്ചത്‌ പോലെ വിശ്വാസികളുടെ പിതാവായ അബ്രഹാം തന്റെ മകന്‍ ഇസഹാക്കിന്റെ ഭാര്യയായി സ്വന്ത ഗോത്രത്തില്‍ നിന്നാണ്‌ റബേക്കയെ കണ്ടെത്തിയത്‌. കുടുംബ ഭദ്രതക്ക്‌ അത്തരം ബന്ധങ്ങളായിരിക്കും ഉത്തമമെന്ന എന്റെ വാദത്തിനോട്‌ അവന്‍ യോജിച്ചില്ല. അവന്റെ തീരുമാനത്തിനു ഇളക്കമില്ലെന്ന്‌ ഞാന്‍ മനസ്സിലാക്കി.

ലൈറ്റണച്ച്‌ കിടന്നിട്ടും ഉറക്കം വന്നില്ല. മകന്റെ കുട്ടിക്കാലവും കുസ്രുതികളും വാശികളുമെല്ലാം എന്റെ സ്‌മ്രുതിപഥത്തിലേക്കോടി വന്നു. സുഹ്രുത്തുക്കളുടെ വീടുകളില്‍ `ബേര്‍ത്ത്‌ഡെ പാര്‍ട്ടികള്‍ക്ക്‌' പോയാല്‍ അവിടത്തെ കേക്ക്‌ അവനു മുറിക്കണം, അവരുടെ സമ്മാനപ്പൊതികള്‍ അവനു തുറക്കണം. അവസാനം കരച്ചിലും ബഹളവുമായി തിരിച്ച്‌ വീട്ടിലെത്തിയ എത്രയോ രാത്രികള്‍. അങ്ങനെ എന്തെല്ലാം, പക്ഷെ ഈ വാശി അതു പോലെയാണോ? പെട്ടെന്ന്‌ വിതുമ്പി പോയ എന്നെ സമാശ്വസിപ്പിച്ച്‌ അദ്ദേഹം പറഞ്ഞു - അവന്റെ ഇഷ്‌ടം പോലെ നടക്കട്ടെ. നമുക്കവന്റെ സന്തോഷമല്ലേ വലുത്‌`.

ട്രീസ ഞങ്ങളുടെ മരുമകളായി വന്നു. സര്‍വ്വാഭരണ വിഭൂഷിതയായി മന്ത്രകോടിയണിഞ്ഞല്ലെന്ന്‌ മാത്രം. വധുവായി ചമഞ്ഞൊരുങ്ങുന്ന ഒരു മലയാളി പെണ്ണിന്റെ ആഡംബരങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌ഥമായിരുന്നു അവളുടെ വസ്ര്‌തധാരണം. അവള്‍ക്ക്‌ സാരി ഒരു കൗതുക വസ്‌തു മാത്രമായിരിക്കും.

ഞങ്ങളുടെ മനസ്സ്‌ വായിച്ച പോലെ മകന്‍ ചോദിച്ചു. ഈ പ്രവാസ ഭൂമിയില്‍ കഴിയുന്ന നമ്മള്‍ എന്തിനു ഒരിക്കല്‍ വിട്ട്‌ പോന്ന നാടിന്റെ ആചാരവും സംസ്‌കാരവും ഇവിടെ നില നിര്‍ത്താന്‍ നിര്‍ബന്ധം പിടിക്കുന്നു. മമ്മി ബൈബിളില്‍ വിശ്വസിക്കുന്ന ആളല്ലെ. ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌ ദൈവം സൃഷ്‌ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സ്രുഷ്‌ടിച്ചുവെന്നല്ലെ. മദാമ്മയെന്നും മലയാളി പെണ്ണെന്നും മനുഷ്യന്റെ വിവേചനം അല്ലെ? ഓരോ തലമുറയും പുതിയ സംസ്‌കാരങ്ങള്‍ കൊണ്ട്‌ വരുന്നു. മകന്റെ വിശദീകരണത്തിനു മുന്നില്‍ ഞങ്ങള്‍ നിശ്ശ്‌ബദരായി.

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന്‌ പറയുന്നത്‌ എത്രയോ സത്യം. ദൈവം യോജിപ്പിച്ചവരെ മനുഷ്യര്‍ വേര്‍തിരിക്കരുതെ എന്നു മാത്രം ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

****************************
പുത്ര വധു (കഥ: സരോജ വര്‍ഗീസ്‌, നൂയോര്‍ക്ക്‌)
Join WhatsApp News
വായനക്കാരൻ 2014-12-17 18:46:01
 കഥയിൽ കുറച്ചുകൂടി കഥ വേണമായിരുന്നു.
വിദ്യാധരൻ 2014-12-17 20:13:47
എഴുത്തുകാരി പെട്ടന്ന് കഥകഴിച്ചതുകൊണ്ട്  വായനക്കാരന് അങ്ങനെ  തോന്നിയതായിരിക്കും 

vayanakaran 2014-12-18 05:36:44
അമേരിക്കൻ ജീവിതത്തിൽ നിന്നും മലയാളി
എഴുത്തുകാർ ഒന്നും കഥയിൽ കൊണ്ടു വരുന്നില്ലെന്ന്
അക്ബര് കക്കാട്ടിൽ ഇനിയും പറയും. കാരണം
അമേരിക്കൻ മലയാളി എഴുതുകാരക്ക് വായനകാരില്ലല്ലോ.  മക്കൾ അന്യ നാട്ടുകാരെ വിവാഹം കഴിക്കുമ്പോൾ മലയാളി മാതാപിതാക്കൾ ഉണ്ടാക്കുന്ന കോലാഹലമില്ലാതെ ദൈവ വചനത്തിന്റെ ബലത്തിൽ ഒരു വിവാഹം മംഗളമായി നടക്കുന്നു. എഴുത്തുകാരിയുടെ ശുഭാപ്തി വിശ്വാസം അതിൽ പ്രതിഫലിക്കുന്നുണ്ട്.
കഥയില്ലെങ്കിലും, കഥ കഴിച്ചാലും, കഥകൾ ഉണ്ടാകുന്നു. പ്രവാസികളുടെ കുടുംബ്പരവും
സാമൂഹ്യപരവുമായ പ്രശ്നങ്ങളെ ശാന്തമായി പരിഹരിക്കാവുന്ന പ്രതിവിധികൾ ഉള്ക്കൊള്ളുന്ന കഥകളുമായി സരോജ വീണ്ടും വരിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക