MediaAppUSA

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:10- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 20 December, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:10- കൊല്ലം തെല്‍മ)

 അദ്ധ്യായം 10

ആണ്‍പക്ഷത്തിന്റെയും അസൂയാവഹമായ ആരാധനയ്ക്കു പാത്രമായ വെള്ളിത്തിരയിലെ അതികായ നായകനായിരുന്നു അനിരുദ്ധന്‍.

അഭിനയസിദ്ധിയുടെ തനിമയും പൗരുഷത്തിന്റെ ഗാംഭീര്യതയും നിറഞ്ഞുനില്‍ക്കുന്ന അനിരുദ്ധനോടൊത്തുള്ള അഭിനയം ഏതൊരുനായികയ്ക്കും സ്വപ്നതുല്യചിന്തകളുടെ ഫലസിദ്ധി തന്നെയായിരുന്നു. പലരും ആ ഒരു അവസരത്തിനായി മത്സരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
എത്രയെത്ര പ്രൊഡ്യൂസര്‍മാരാണ് അനിരുദ്ധന്റെ ഡേറ്റിനായി കാത്തുനിന്നിരുന്നത്. മലയാള സിനിമയിലെ ഒരു ശൈലിതന്നെയാവുകയായിരുന്നു അനിരുദ്ധന്‍. ആര്‍ക്കും അനുകരിക്കാന് പറ്റാത്ത അതുല്യതയുടെ ആള്‍രൂപം.

കാലത്തിന്റെ കള്ളക്കണ്ണേറ്റ് ആ താരകുമാരന്‍ പൊലിഞ്ഞുപോയെങ്കിലും സിംഹാസനം ഇപ്പോഴും ആ ഓര്‍മ്മകളുടെ സുവര്‍ണ്ണപ്രഭയില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

താനും ഇന്‍ഡസ്ട്രിയും എന്തിനധികം സിനിമാലോകം മുഴുവനും ഒരു ദുരന്തംപോലെ ഏറ്റുവാങ്ങുകയായിരുന്നില്ലേ… ആ മരണവാര്‍ത്ത! ഓരോ ആരാധകനും ഹൃദയത്തിനേറ്റ ആഘാതമായിരുന്നു ആ വാര്‍ത്ത…

മിനിസ്‌ക്രീനിലെ ചട്ടക്കൂട്ടിലൊതുങ്ങാതെ ഇപ്പോഴും അനിരുദ്ധന്റെ ശൗര്യം അനുഭവവേദ്യമാകുന്നു. ചിന്തിക്കുന്തോറും ആ നഷ്ടപ്രതാപം നമ്മുടെ കുറവ് തന്നെയാണെന്ന യാഥാര്‍ത്ഥ്യം വെളിവാകുന്നു.
മിഥുനും റസ്സലുമാണിപ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങള്‍… രണ്ടുപേരും തകര്‍ത്തഭിനയിക്കുകയാണ്… രണ്ടു വ്യത്യസ്ത ശൈലികള്‍…. ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യാനാവാത്തവിധം മലയാളസിനിമയുടെ തനിമയാണിവര്‍…

അപ്പുവും മിന്നുവും കുസൃതികാട്ടാന്‍ തുടങ്ങിയിരിക്കുന്നു. അപ്പു ചിലപ്പോള്‍ മിന്നുമോളോട് കോപിക്കും. അടിക്കുകയും മറ്റും ചെയ്യും. മിന്നു പരാതിയുമായി ഓടിയെത്തും എന്നല്ലാതെ തിരിച്ചൊരു ഉപദ്രവവും ഇല്ല.

“നാന്‍സി…കുട്ടികള്‍ക്ക് ഭക്ഷണം എടുത്തുവച്ചോളൂ…” കെല്‍സി അകത്തേയ്ക്ക് നോക്കിപ്പറഞ്ഞു.
“ശരി മാഡം” നാന്‍സിയുടെ മറുപടി.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തുകഴിഞ്ഞ് കെല്‍സിയും അവരുടെ പാത്രത്തില്‍തന്നെ തന്റെ ഡിന്നറും കഴിച്ചു. ഇന്ന് അജിത്ത് വരികയില്ല. ബിസിനസ് സംബന്ധമായ യാത്രയിലാണ്.

ഭക്ഷണത്തിനുശേഷം നാന്‍സിക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഫ്രണ്ട്‌ഡോര്‍ ലോക്ക് ചെയ്ത് കെല്‍സി കുട്ടികളെയും കൂട്ടി ബഡ്‌റൂമിലേക്കു പോയി…

റൂമില്‍ കയറി മ്യൂസിക് സിസ്റ്റത്തില്‍ താരാട്ടുപാട്ടുകളുടെ കളക്ഷന്‍ പ്ലേ ചെയ്തു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കളക്ഷന്‍സാണ്; തനിക്കും… എത്ര ഹൃദ്യമായ ഗാനങ്ങള്‍… പഴയകാല മലയാള ഗാനശാഖയിലെ  ശ്രവണസുന്ദരമായ ഗാനങ്ങള്‍…! മാതൃസ്‌നേഹത്തിന്റെ നിറവായ് ഉള്ളില്‍ ഊറുകയായിരുന്നു…

തനിക്കേറെയിഷ്ടം അമ്മയോടായിരുന്നു. ആണ്‍പ്രജകള്‍ക്കിടയിലെ പെണ്‍കിടാവ് എന്ന നിലയില് അമ്മയുടെയും അച്ഛന്റെയും സ്‌നേഹം അതിരേതുമില്ലാതെ തനിക്ക് ലഭിച്ചിരുന്നു. അമ്മയുടെ വാത്സല്യപൂര്‍വ്വമായ പരിചരണവും ശ്രദ്ധയും എനിക്കേറെ ലഭിച്ചിരുന്നു. അമ്മയുണ്ടാക്കി വിളമ്പിതന്നിരുന്ന മാമ്പഴപ്പുളിശ്ശേരിയുടെ രുചി. ഹാ… എത്ര വര്‍ണ്ണിച്ചാലും മതിവരില്ല… ഇപ്പോഴും അതിന്റെ രുചി നാവില്‍ നിറയുണ്ട്. തറവാട്ടുവീട്ടിലെ ആ നാട്ടുമാവ് ഇപ്പോഴു മുതുമുത്തച്ഛനായി നില്‍ക്കയാണ്. അമ്മയുടെ സ്‌നേഹം വിലമതിക്കാനാവില്ല…

ഓരോ പ്രാവശ്യവും അമ്മയുടെ സ്‌നേഹപൂര്‍ണ്ണമായ സാന്ത്വനം അകലെയാണെങ്കിലും നാടിന്റെ നന്മയായി എന്നില്‍നിറയുന്നത് ഇടയ്ക്കിടയ്ക്കുള്ള  ഫോണ്‍കോളുകളാണ്.

പലപ്പോഴും കരുതിയതാണ് തന്റെ ഹൃദയവ്യഥ അമ്മയുമായി പങ്കുവയ്ക്കണമെന്ന്. പക്ഷേ ഓരോ പ്രാവശ്യവും വേണ്ടെന്നുള്ള തീരുമാനത്തിലാണ് താന്‍ എത്തിച്ചേരാറുള്ളത്. എന്നെങ്കിലും ഒരിക്കല്‍ അജിത്തേട്ടന്‍ തന്നെ മനസ്സിലാക്കിയാല്‍ അത് തങ്ങളില്‍ ഒതുങ്ങിനിന്നാല്‍ മതിയെന്നു നിശ്ചയിച്ചു അത്രതന്നെ.

പലപ്പോഴും അമ്മയെയും അച്ഛനെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നാലോ എന്നു ചിന്തിച്ചതുമാണ്. സ്വരച്ചേര്‍ച്ചയില്ലാത്ത ഈ കുടുംബജീവിതത്തിലേക്ക് അധികപ്പറ്റാകുവാന്‍ അവരെയും വലിച്ചിഴയ്‌ക്കേണമോ?

അപ്പുവിന്റെയും മിന്നുവിന്റെയും ചോറൂണിനുവന്ന് പങ്കുകൊണ്ട് മടങ്ങിയതാണ് പിന്നെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര ഉണ്ടായതുമില്ല. അമ്മയ്ക്ക് ഏറെയിഷ്ടം തറവാട് വീടുതന്നെയാണ്. അമ്മയ്ക്ക് നേരം കൂട്ടാന്‍ ട്യൂഷന്‍ ക്ലാസുകളുമുണ്ട്. അച്ഛനാണെങ്കില്‍ പിതൃക്കള്‍ ഉറങ്ങുന്ന മണ്ണുവിട്ട് എങ്ങുമില്ലെന്ന നിര്‍ബദ്ധക്കാരനും. റിട്ടയേര്‍ഡ് കൃഷിയോഫീസറായ അച്ചന് കൃഷിയും മറ്റുമായി നാട്ടില്‍ കഴിയുന്നതാണ് ഇഷ്ടം.

കുടുംബം വക ക്ഷേത്രം ഉള്ളതിനാല്‍ അതിന്റെ മേല്‍നോട്ട ചുമതല അച്ഛനുണ്ട്. തങ്ങളുടെ എല്ലാ നന്മയ്ക്കും ഐശ്വര്യത്തിനും കാരണമായ കുടുംബദേവതയെ വിട്ട് എങ്ങോട്ടേയ്ക്കും ഇല്ലെന്ന വാശിയും ഉണ്ട് അച്ഛന്.

വര്‍ഷാവര്‍ഷം മുടങ്ങാതെ നടത്തപ്പെടുന്ന ഉത്സവത്തിന്റെ കാര്യക്കാരനായി മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കുന്നതിന്റെ ഗമ അച്ഛന് മറക്കാനാവില്ലല്ലോ? അന്നാട്ടിലെ സര്‍വ്വരും ഒത്തുചേരുന്ന നാട്ടിന്റെ ഉത്സവമാണ്.

ക്ഷേത്രാധികാരിയുടെ മകളായതിനാല്‍ ഐസ് കച്ചവടക്കാരന്‍ മുന്തിയ ഐസ്തന്നെ ധാരാളം തന്നിരുന്നു. തിന്നു തിന്ന് ജലദോഷവും ചുമയും പിടിച്ചിട്ടുണ്ട്. ഒടുവില്‍ അച്ഛന്റെ ശാസന ഐസ് കച്ചവടക്കാരനും.

പത്തുനാള്‍ നീളുന്ന ഉത്സവാഘോഷങ്ങളില്‍ കരക്കാരുടെ കലാപരിപാടികളും ബാക്കി ദിനങ്ങളില്‍ മിമിക്‌സ് പരേഡ്, ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍!
താന്‍ ആദ്യമായി സിനിമാതാരങ്ങളെയും പിന്നണിഗായകരെയും എല്ലാം അടുത്തു പരിചയിച്ചത് ഈ വേദികളിലൂടെയാണ്. മനസില്‍ കലാരംഗത്തോടള്ള ആഗ്രഹം ഉദിച്ചതും അങ്ങനെയായിരുന്നു.
നൃത്തപഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്റെ അഭിരുചി മനസ്സിലാക്കിയപ്പോള്‍ അച്ഛനോ അമ്മയോ എതിര്‍ത്തില്ല. നന്നായി പ്രോത്സാഹിപ്പിക്കുകയും ഡാന്‍സ്  ക്ലാസില്‍ കൊണ്ടുപോയി പഠിപ്പിക്കുകയും ചെയ്തത് അച്ഛനായിരുന്നു.

പിന്നീട് തന്റെ അരങ്ങേറ്റം അത്യാര്‍ഭാടപൂര്‍വ്വം അച്ഛന്‍ തങ്ങളുടെ കുടുംബക്ഷേത്രത്തില്‍ വച്ചുതന്നെ നടത്തി. പ്രശസ്ത നര്‍ത്തകിമാര്‍ക്കൊപ്പം തന്റെ അരങ്ങേറ്റം…

പിന്നെ തന്റെ സിനിമാ പ്രവേശവും മികവും പ്രശസ്തിയും എല്ലാം അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചിരുന്നു….അജിത്തിന്റെയും കുടുംബത്തിന്റെയും വിവാഹ ഡിമാന്റ് ആദ്യം താല്പര്യപൂര്‍വ്വം അച്ഛന്‍ പരിഗണിച്ചിരുന്നുമില്ല. വളരെയധികം ശ്രമിച്ചിട്ടും ഫലമില്ലെന്നു കണ്ടാണ് ആ തീരുമാനത്തിന് തന്റെ നിര്‍ബന്ധത്താല്‍ അച്ഛന്‍ ശിരസുകുലുക്കിയത്.

അങ്ങനെയുള്ള അച്ഛനോടും അമ്മയോടും എങ്ങനെ താന്‍ ഈ അസ്വസ്തത പങ്കുവയ്ക്കും. അവര്‍ക്കത് താങ്ങാനാവുമോ? അതോ അവര്‍തന്നെ കുറ്റപ്പെടുത്തുമോ?

തീര്‍ച്ചയായും കുറ്റപ്പെടുത്തുമായിരിക്കാം… നീ ഒറ്റ ഒരുത്തിയുടെ ഇഷ്ടംകൊണ്ടല്ലേ ഈ തീരുമാനത്തിന് ഞങ്ങള്‍ വഴങ്ങിയത് എന്ന് കുറ്റപ്പെടുത്തുമായിരിക്കും… എന്താണെങ്കിലും വരുന്നിടത്തുവച്ചു കാണാം എന്ന തീരുമാനത്തില്‍ കെല്‍സി ചിന്തകളില്‍നിന്ന് ഉണര്‍ന്നു.

കുഞ്ഞുങ്ങള്‍ ഉറക്കം പിടിച്ചിരുന്നു. മ്യൂസിക് സിസ്റ്റം ഓഫ് ചെയ്ത് എയര്‍ കണ്ടീഷണറുടെ കൂളിംഗ് കുറച്ചിട്ടു… ബ്ലാങ്കറ്റ് എടുത്ത് കുഞ്ഞുങ്ങളെ പുതപ്പിച്ചു നന്നായി കിടത്തി. ലൈറ്റണച്ച് കുഞ്ഞുങ്ങളോട് ചേര്‍ന്നുകിടന്നു. ലോണിലെ ലൈറ്റ് ടേബിളിലിരിക്കുന്ന തങ്ങളുടെ വിവാഹഫോട്ടോയിലേയ്ക്ക് അരണ്ട കിരണങ്ങള്‍ വിതറുന്നുണ്ടായിരുന്നു. വെളിച്ചത്തിന്റെ വ്യതിയാനത്തില്‍ ഫോട്ടോയില്‍ ഓളങ്ങള്‍ ഉണ്ടാക്കുന്നതായി തനിക്ക് തോന്നി…

ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി കിടകുവാന്‍ എന്തുരസം! ഏകാന്തരാവുകള്‍ക്ക് കൂട്ടായി അങ്ങകലെ ടെക്‌സാസ് നഗരത്തിലെ വാനില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതു കാണാമായിരുന്നു…
മേപ്പിള്‍ മരത്തിന്റെ ഇലകളില്‍ ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു. ഇലകളുടെ ഇളകിയാട്ടം പ്രക്ഷുബ്ധമായ മനസിന്റെ പ്രതീകമാണ്. തന്റെ ചിന്തകള്‍ക്ക് താളം പിടക്കുകയാണ് എന്നു തോന്നിപ്പോകും. ജീവിതത്തിന്റെ താളാത്മകതയും സന്തോഷവും എന്നേ നഷ്ടമായിരിക്കുന്നു.
എല്ലാം തിരികെപ്പിടിക്കേണം. കുഞ്ഞുങ്ങള്‍ പറക്കമുറ്റി അവരുടെ വഴികള്‍ തിരിയുമ്പോഴേക്കും ആവാം എന്നു നിനച്ചാല്‍ എല്ലാം വ്യര്‍ത്ഥമാവുകയേ ഉള്ളൂ. ജീവിതത്തില്‍ പ്രാരാബ്ദങ്ങളും കെട്ടുപാടുകളും വന്നു കഴിഞ്ഞാല്‍പിന്നെ ചിറകുവിരിച്ച് പറക്കുവാന്‍ കഴിഞ്ഞെന്നുവരില്ല.
പെണ്‍മനസ്സുപതറിയാല്‍ ശരീരത്തില്‍ വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ പടരും…ദുഃഖം കണ്‍തടങ്ങളില്‍ കറുപ്പായി പടരും. നിരാശ യുവതിയെയും തളര്‍ത്തിക്കളയും…പാടില്ല; തന്റെ മേല്‍ പരാജയത്തിന്റെ ചുക്കിച്ചുളിവുകള്‍ തെളിയും മുന്‍പേ പഴയപ്രതാപം വീണ്ടെടുക്കുവാന്‍ ശ്രമിക്കണം… ഇടറിയ ഇടത്തുനിന്നും ഉയര്‍ച്ചയുടെ ചുവടുകളുറപ്പിക്കണം… ചെറുമഞ്ഞ് ജനല്‍ഗ്ലാസുകളിലെ കാഴ്ചകളെ മൂടിത്തൂടങ്ങിയിരിക്കുന്നു…കെല്‍സി നിദ്രയുടെ സുഖസുഷുപ്തിയില്‍ ലയിക്കുകയായിരുന്നു… ഉറക്കം; എല്ലാ പ്രതിസന്ധികളില്‍ നിന്നുമുള്ള താല്‍ക്കാലിക വിരാമം!


ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:10- കൊല്ലം തെല്‍മ)
Alex Thomas 2014-12-20 12:08:17
Athe. urakkam,ellaa prathisandhikalil ninnulla thaalkkaalika viraamam aanallo. pakshe unarumbol veendum ellaam neridukayum venam. Jeevitham. Novel gambheeramaakunnund,Abhinandanangal!! Alex
James.K. 2014-12-22 11:46:38
Novel ishttappettoo, Congrats!! James
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക