എട്ട്
മെയിന്‍ റോഡില്‍ നിന്ന്, കൊച്ചി എയര്‍പോര്‍ട്ടിലേക്കു നയിക്കുന്ന റോഡിലേക്ക് കാര്‍ തിരിഞ്ഞു.
വിനോദിന്റെ മനസ്സില്‍ ഉന്മേഷമായിരുന്നു. ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യാന്‍ പോകുന്നത്.
സന്ധ്യയെ അമേരിക്കയിലേക്ക് യാത്രയാക്കാനാണ് ഈ ബോംബെ ട്രിപ്പ്. താനും സന്ധ്യയും.
നാളെ രാത്രിക്കാണ് ബോംബെയില്‍ നിന്ന് ന്യൂയോര്‍ക്കിനു ഫ്‌ളൈറ്റ്. മധുവിധുവിന്റെ അവസാന രാത്രി ബോംബെയില്‍ കഴിയുന്നതില്‍ പ്രത്യേകം ഹരം തോന്നി. മൂത്ത പെങ്ങളുടെ വീട്ടില്‍ താമസിക്കാം.
എയര്‍പോര്‍ട്ട് കോംപ്ലക്‌സിനു മുമ്പില്‍ കാര്‍ നിര്‍ത്തി. പെട്ടിയും സാധനങ്ങളും ഇറക്കി. ഡ്രൈവര്‍ കാര്‍ പാര്‍ക്കു ചെയ്യാന്‍ കൊണ്ടുപോയി.
സന്ധ്യെ സൂക്ഷിച്ചുനോക്കി. മുഖത്ത് ഒരു ക്ഷീണഭാവം. ഇന്നലെ രാത്രി താമസിച്ചാണുറങ്ങിയത്. രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുകയും ചെയ്തു.
തനിക്ക് ഉറക്കം വരാതിരുന്നത് ഈ യാത്രയുടെ ഹരം ഓര്‍ത്തിട്ടാണ്. സന്ധ്യയ്ക്ക് അങ്ങനെ ആയിരുന്നില്ല. മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ ഉണ്ടായിരുന്നതുപോലെ.
അപ്പച്ചനേയും കൂട്ടി പെട്ടികളൊക്കെ അകത്തേക്കു കൊണ്ടുപോയി. സന്ധ്യ ഹാന്‍ഡ്ബാഗുകള്‍ എടുത്തു.
അകത്ത് ആകെ തിക്കും തിരക്കും. മൂന്നു ഫ്‌ളൈറ്റുകളാണത്രെ ഒരു മണിക്കൂറിനുള്ളില്‍ ബോംബേക്ക്.
ചെക്ക്-ഇന്‍ കൗണ്ടറിനു മുന്നിലുള്ള ക്യൂവില്‍ പെട്ടികള്‍ വച്ച് സന്ധ്യോടൊപ്പം നിന്നു.
ബോംബേയ്ക്കുള്ള ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ഒരു മണിക്കൂര്‍ താമസിക്കുമെന്ന് അറിയിച്ചു.
നാശം! ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ സമയക്ലിപ്തത ഈയിടെ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നായിരുന്നു കേള്‍വി.
എന്നാലിപ്പോള്‍…
സന്ധ്യ നിസ്സാഹായതയോടെ നോക്കി.
“ഫ്‌ളൈറ്റ് ലേറ്റാണെങ്കിലും ചെക്ക് ഇന്‍ ചെയ്യുന്നുണ്ടല്ലോ.” അവള്‍ പറഞ്ഞു.
മറ്റ് ഫ്‌ളൈറ്റുകള്‍ക്കും ചെക്ക് ഇന്‍ ചെയ്യല്‍ നടക്കുന്നുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എത്തിയ അറിയിപ്പു വന്നു.
അതിനപ്പുറത്തെ കൗണ്ടര്‍ ഈസ്റ്റ് വെസ്റ്റിന്റേത്.
എന്തൊരു ചൂട്! സന്ധ്യ പറഞ്ഞു.
ഇാവിലെ എട്ടരയേ ആയിട്ടുള്ളെങ്കിലും അകത്ത് നല്ല ചൂട്. തിരക്കുകൊണ്ടായിരിക്കാം.
ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസ് വാങ്ങി. തിരക്കിനിടയിലൂടെ പുറത്തു വന്നു.
അപ്പച്ചനും അമ്മച്ചിയും സന്ധ്യയെ നോക്കി വീണ്ടും ചിരിച്ചു.
“ഫ്‌ളൈറ്റ് ഒരു മണിക്കൂര്‍ ലേമാണ്. വിനോദ് പറഞ്ഞു. വാ നമുക്ക് ഓരോ കാപ്പി കുടിക്കാം.”
ഹാന്‍ഡ് ബാഗുകളും എടുത്ത് കഫ്റ്റീരിയയിലേക്കു നടന്നു.
റണ്‍വേക്കഭിമുഖമായ വശം മുഴുവന്‍ ഗ്ലാസ് ഇട്ടിരിക്കയാണ്. അതിനടുത്ത ടേബിളില്‍ എല്ലാവരും ഇരുന്നു.
“വല്ലതും കഴിക്കുന്നോ?”
വിനോദ് സന്ധ്യയെ നോക്കി.
“ഒന്നും വേണ്ട. കാപ്പിമാത്രം മതി.”
സന്ധ്യ പറഞ്ഞു.
കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തു.
“എന്താ മോളേ ഒരു വല്ലായ്മ?” മറിയാമ്മ ചോദിച്ചു.
“ഒന്നുമില്ലമ്മേ.” സന്ധ്യ ചിരിക്കാന്‍ ശ്രമിച്ചു.
മത്തായിക്കുട്ടി വിനോദിന്റെ നേരെ തിരിഞ്ഞു.
“ബോംബെയിലെത്തിയാലുടനെ ഫോണ്‍ ചെയ്യാന്‍ മറക്കരുത്.”
വിനോദ് മൂളി.
കാപ്പി വന്നു.
വിനോദ് ഗ്ലാസിലൂടെ പുറത്തേക്കു നോക്കിയിരുപ്പാണ്. പുറത്ത് പ്രഭാതസൂര്യന്‍ നിറഞ്ഞു പ്രകാശിക്കുന്നു.
സന്ധ്യയ്ക്ക് അമ്മ കാപ്പി കൂട്ടിക്കൊടുത്തു.
“വിനോദിന്റെ കടലാസൊക്കെ കിട്ടാന്‍ മൂന്നാലു മാസമെങ്കിലുമെടുക്കുമായിരിക്കും. അല്ലേ മോളേ?”
മറിയാമ്മ ചോദിച്ചു.
വിനോദ് സന്ധ്യയെ നോക്കി. കപ്പിലേക്ക് നോക്കിയിരിപ്പാണ് അവള്‍.
“ങാ, ചെലുപ്പം ആറുമാസം വാരെയെടുത്തെന്നുവരാം.”
സന്ധ്യ വിനോദിനെ നോക്കി പറഞ്ഞു. ആ കണ്ണുകള്‍ എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി വിനോദിനു തോന്നി. പിന്നീടാകട്ടെ ചോദിച്ചറിയണം.
വിനോദ് ഓര്‍ത്തു. എത്ര വേഗമാണ് തന്റെ ജീവിതത്തില്‍ ഈ മാറ്റങ്ങള്‍ വന്നത്.
നിനച്ചിരിക്കാതെയായിരുന്നു ഈ ആലോചനയും വിവാഹവും. ലീലയുമായുള്ള പ്രശ്‌നം ഉണ്ടായില്ലായിരുന്നെങ്കില്‍ ഈയടുത്ത കാലത്തൊന്നും വിവാഹം നടക്കുമായിരുന്നെന്നു തോന്നുന്നില്ല. ആ സംഭവം അപ്പച്ചനേയും അമ്മച്ചിയേയും പരിഭ്രാന്തരാക്കി. അതൊക്കെ ഒരു വിധത്തില്‍ ഒതുക്കിത്തീര്‍ത്ത് തന്നെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ നെട്ടോട്ടമായിരുന്നല്ലോ.
അപ്പച്ചനെ നോക്കി പുറത്തേക്ക് കണ്ണു പായിച്ച് ഇരിപ്പാണ്.
ഈ വിവാഹത്തില്‍ അദ്ദേഹം വളരെ സന്തുഷ്ടനാണ്. എത്ര ഗര്‍വോടെയാണ് സന്ധ്യയുടെ കുടുംബത്തെപ്പറ്റി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരിക്കുന്നത്.
ഡോക്ടറേക്കാള്‍ ശമ്പളം കൂടുതല്‍ കിട്ടുന്ന ജോലിക്കു വേണ്ടിയാണത്രെ അവള്‍ പഠിക്കുന്നത്. വിനോദ് അങ്ങെത്തുമ്പോഴേക്കും പഠിപ്പു കഴിയും. ഉടനെ ജോലിയും കിട്ടും.
സന്ധ്യ എന്തുകൊണ്ടോ അതേപറ്റിയൊന്നും കൂടുതലായി പറഞ്ഞില്ല. കോഴ്‌സ് കുറേക്കാലം കൂടി ഉണ്ടെന്നാണ് പറഞ്ഞത്. എന്തായാലെന്താ, തന്റെ ജീവിതത്തിന്റെ മുഖഛായ തന്നെ മാറാന്‍ പോകുന്നു. അതുമതി.
കാപ്പികുടി കഴിഞ്ഞു. വെയ്റ്റര്‍ ബില്ലുമായി വന്നു. വിനോദ് നൂറിന്റെ ഒരു നോട്ട് മേശപ്പുറത്ത് വച്ചു.
“കുറേ നേരം കൂടി ഇവിടെയിരിക്കാം.” സന്ധ്യയെ നോക്കി പറഞ്ഞു. “ബോംബെയില്‍ നിന്ന് ഫ്‌ളൈറ്റ് എത്തിയിട്ടില്ലല്ലോ ഇതുവരെ.”
സന്ധ്യ ഒന്നും പറഞ്ഞില്ല.
താന്‍ ഇതുവരെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലെങ്കിലും പലരേയും യാത്രയയ്ക്കാന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് എയര്‍പോര്‍ട്ടിലെ രീതികളൊക്കെ അറിയാം.
“മോടമ്മേം അപ്പനേം ഒക്കെ ഞങ്ങടെ അന്വേഷണം അറിയിക്കണം.” മറിയാമ്മ സന്ധ്യയെ നോക്കി പറഞ്ഞു. “അനില്‍ മോനേം.”
സന്ധ്യ ചിരിച്ചു. രാവിലെ കണ്ട മൂകഭാവം മാറിവരുന്നതായി വിനോദിനു തോന്നി.
“അനില്‍ മോന്റെ കല്യാണവും ഉടനെ ഉണ്ടാകും അല്ലേ?” അപ്പച്ചന്‍ ചോദിച്ചു.
“ചിലപ്പോള്‍.” സന്ധ്യ പറഞ്ഞു. “ഒന്നു പറയാറായിട്ടില്ല.”
അപ്പച്ചനും അമ്മച്ചിയും പരസ്പരം നോക്കി.
ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ ബോംബെയില്‍ നിന്നുള്ള വിമാനം ലാന്‍ഡു ചെയ്യാന്‍ പോകുന്നതിന്റെ അറിയിപ്പ്.
“രക്ഷപ്പെട്ടു.” സന്തോഷം നടിച്ച് പറഞ്ഞു.
“ധൃതിവയ്‌ക്കേണ്ട. ഇനിയും ഒത്തിരി സമയമുണ്ട്.” സന്ധ്യ പരഞ്ഞു.
ഹാന്‍ഡ്ബാഗുകള്‍ എടുത്ത് എല്ലാവരും കഫ്റ്റീരിയയ്ക്കു പുറത്തേക്കു നടന്നു.
ബോംബേയ്ക്കുള്ള ജെറ്റ് എയര്‍വേയ്‌സ് ഫ്‌ളൈറ്റ് പോയെങ്കിലും വീണ്ടും തിരക്കുതന്നെ.
“നമുക്ക് സെക്യൂരിറ്റി ചെക്കിനു പോകാം.”
സന്ധ്യ പറഞ്ഞു.
“ഇപ്പേഴേ എന്തിനാ? അതുകഴിഞ്ഞ് പുറത്തു വരാന്‍ പറ്റില്ലല്ലോ.”
“തിരക്കുകൂടുന്നതിനു മുമ്പ് ചെയ്യാം. ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ കുറേ നേരം സ്വസ്ഥമായി ഇരിക്കാമല്ലോ.”
സന്ധ്യയുടെ ന്യായീകരണം കേട്ട് വിസ്മയം തോന്നി. തന്റെ അമ്മച്ചിയേയും അപ്പച്ചനേയും വിട്ടുപോകാന്‍ ഇത്ര തിടക്കമോ?
“എനിക്ക് ചെറിയൊരു തലവേദന. അല്പനേരം ഒന്നു മയങ്ങണം.” സന്ധ്യ വീണ്ടും പറഞ്ഞു.
“ശരി, എന്നാല്‍ നിങ്ങള്‍ അകത്തേക്കു പൊയ്‌ക്കോളിന്‍.”
അമ്മച്ചി സന്ധ്യയെ നോക്കി ചേര്‍ത്തുനിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
രണ്ടുപേരും അകത്തേക്കു കയറി.
സെക്യൂരിറ്റി ചെക്കു കഴിഞ്ഞു.
ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്റെ കോണിലുള്ള ഒഴിഞ്ഞ കസേരകളെ ലക്ഷ്യമാക്കി നടന്നു.
“വല്ലാത്ത തലവേദന.” ഇരുന്നുകൊണ്ട് സന്ധ്യ പറഞ്ഞു.
“ഗുളിക വേണോ?” ഉദ്വേഗത്തോടെ തിരക്കി.
“വേണ്ട, അല്പമൊന്നു മയങ്ങിയാല്‍ മതി. ഇന്നലെ ശരിക്കുറങ്ങാഞ്ഞിട്ടായിരിക്കും.”
തന്റെ തോളിലേക്കു തലചായ്ച് സന്ധ്യ കണ്ണടച്ചു.
സന്ധ്യയെ യാത്രയാക്കാന്‍ ബോംബെക്ക് പോകുന്നതില്‍ ആദ്യം അപ്പച്ചന് അത്ര സമ്മതമില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞേ തിരികെ വരൂ എന്നു പറഞ്ഞതാണ് കൂടുതല്‍ പ്രശ്‌നമായത്.
“നീയിവിടെയില്ലെങ്കില്‍ കാര്യങ്ങളെല്ലാം മുടങ്ങുകയില്ലേ?” അപ്പച്ചന്‍ ചോദിച്ചു.
“അതിന് അവനിവിടെ എന്നും ഉണ്ടാവുമോ?” അമ്മച്ചി തന്റെ ഭാഗം ചേര്‍ന്നു. “അമേരിക്കയ്ക്കു പോയാല്‍ പിന്നെ നിങ്ങളെന്തു ചെയ്യും.”
അപ്പച്ചന്‍ പിന്നീടൊന്നും പറഞ്ഞില്ല. അതു സമ്മതമായി കരുതാം.
പുത്തന്‍ പണക്കാരനായ അപ്പച്ചന്‍ കണക്കുകള്‍ കൂട്ടുന്ന കാര്യം വലിയ ഭാരമായാണ് തോന്നിയിട്ടുള്ളത്. തന്നെയാണ് അതിന് ആശ്രയിക്കാറുണ്ടായിരുന്നത്.
പലചരക്കു കടയുമായി ജീവിച്ചിരുന്ന കാലത്ത് അപ്പച്ചന്‍ കണക്കില്‍ വലിയ പ്രയാസമില്ലായിരുന്നു. ലക്ഷങ്ങളുടെ ബിസിനസായതിനു ശേഷമാണ് ആത്മവിശ്വാസം കുറഞ്ഞതെന്നു തോന്നുന്നു.
തനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ അപ്പച്ചന് പലചരക്കു കച്ചവടമായിരുന്നു. പിന്നെ മൂന്നേക്കറോളം നിലം കൃഷിയും.
മൂന്നു മക്കളായിരുന്നു. മൂത്തവര്‍ രണ്ടും ചേച്ചിമാര്‍. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആറ്റുനോറ്റുണ്ടായ ആണ്‍കുട്ടിയാണ് താനത്രേ!
ഗ്രാമത്തിന്റെ ഓരം ചേര്‍ന്നു കിടക്കുന്ന പാടശേഖരം പണ്ട് “പൊതുവല്‍” പ്രദേശമായിരുന്നു. ആര്‍ക്കും വേണ്ടാതെ, അണ്ടവാഴ കയറി കിടന്നിരുന്ന സ്ഥലം. ആ പ്രദേശമാണ് അദ്ധ്വാനശീലരായ കര്‍ഷകര്‍ കയ്യേറിത്തുടങ്ങിയത്. അന്ന് ഇരുപത്തിനാലുകാരനായിരുന്ന തന്റെ അപ്പച്ചനും അഞ്ചാറേക്കര്‍ സ്ഥലം കയ്യേറി. വല്യപ്പച്ചന്റെ പേരിലായിരുന്നു റിക്കാര്‍ഡുകള്‍.
പിന്നീട് പട്ടയം നല്‍കപ്പെട്ടു. അതോടെ നിലം വിഭജിക്കപ്പെട്ടു. അപ്പച്ചനും മൂന്നു സഹോദരങ്ങള്‍ക്കും ഒന്നരയേക്കര്‍ വീതം. അപ്പച്ചനും നേരെ മൂത്ത ജ്യേഷ്ഠനും കിട്ടിയത് റോഡിനോട് ചേര്‍ന്നുള്ള ഭാഗം . റോഡെന്നു വച്ചാല്‍ വെറും ചെമ്മണ്‍ പാത. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാറുള്ള പാത.
നേരെ മൂത്ത ജ്യേഷ്ഠന്റെ വീതം പിന്നീട്, അപ്പച്ചന്‍ വാങ്ങി.
ഗള്‍ഫ് ബൂം കാലത്ത് ഭൂമിയുടെ വില ക്രമാതീതമായി കൂടി. ക്രാന്തദര്‍ശിയായ അപ്പച്ചന്‍ റോഡിനോടു ചേര്‍ന്ന, തന്റെ വക നിലം മണ്ണിട്ടു നികത്തി തെങ്ങുവച്ചു.
ക്രമേണ വയലിനു കുറുകേയുള്ള റോഡ് വലുതായി, ടാര്‍ ചെയ്യപ്പെട്ടു. ബസ് സര്‍വ്വീസ് തുടങ്ങി.
ഗ്രാമത്തില്‍ ഫോണ്‍ കണക്ഷനായി.
വെള്ളപ്പൊക്കത്തിന്റെ ശല്യം പണ്ടത്തേപ്പോലെ ഉണ്ടാകാതെയായി.
ഗള്‍ഫ് ബൂം നാടിന്റെ മുഖഛായ തന്നെ മാറ്റിയെടുത്തു.
പുത്തന്‍ പണക്കാര്‍ക്ക് റോഡ് സൈഡായിരുന്നു നോട്ടം.
അപ്പച്ചന്റെ സ്ഥലത്തിനും ആവശ്യക്കാര്‍ വന്നു. ആദ്യമൊന്നും വില്ക്കാന്‍ കൂട്ടാക്കിയില്ല.
അന്നു പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്ന താനുംകൂടെ പറഞ്ഞാണ് ആദ്യത്തെ ഒരേക്കര്‍ വില്ക്കാനുള്ള തീരുമാനമായത്. സെന്റിന് 4000 രൂപ. അൂത്ത സഹോദരിയെ കെട്ടിച്ചയച്ച വകയില്‍ ഉണ്ടായിരുന്ന കുറെ കടം വീട്ടി. ബാക്കിയുള്ള പണം ഫൈനാന്‍സ് രംഗത്ത് നിക്ഷേപിച്ചു. അമിത പലിശയ്ക്കു കടം കൊടുത്തിരുന്ന ബ്ലേഡ് കമ്പനിയിലൂടെ മൂലധനം വര്‍ദ്ധിച്ചു വന്നു.
ഫോര്‍ത് ഗ്രൂപ്പില്‍ പ്രീഡിഗ്രി പാസായ താന്‍ ബി.കോമിനു ചേര്‍ന്നു. താമസിയാതെ രണ്ടാമത്തെ പെങ്ങളുടെ വിവാഹം നടന്നു.
അളിയന് ബോംബെയില്‍ ജോലി. അവര്‍ക്ക് സ്ത്രീധനത്തിന്റെ കാശ് ഉടനെ കിട്ടണമെന്നു പറഞ്ഞു. ബോംബെയില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ അങ്ങനെ ഒടുവില്‍ സ്വത്തു മുഴുവന്‍ തനിക്കായി.
കണക്കുകളുടെ ഉത്തരവാദിത്വം തനിക്ക് തന്നെ.
സാമ്പത്തിക നിലവാരം ഉയര്‍ന്നതോടെ അതിനു പറ്റിയ ഹോബികളും ശീലങ്ങളും കുറേശ്ശെയായി വന്നു പെട്ടു.
ഒരു മാരുതി കാര്‍ വാങ്ങി.
തിരുവനന്തപുരത്തെ ചില വനിതാ കോളേജുകള്‍ തന്റേയും കൂട്ടുകാരുടെയും വിഹാരരംഗങ്ങളായി. കാമുകിമാരുടെ എണ്ണം കൂടി.
കോവളത്തെ ഹോട്ടലുകളില്‍, പണക്കാരുടെ പെണ്‍കുട്ടികളോടൊപ്പം വാരാന്ത്യങ്ങള്‍ ചെലവഴിച്ചു.
അപ്പച്ചന് ചിലതൊക്കെ പിടികിട്ടിയെങ്കിലും സ്‌നേഹപൂര്‍വ്വം ശകാരിക്കുകയേ ചെയ്തുള്ളൂ.
കണക്കുകളുടെ ചുമതല മുഴുവന്‍ തനിക്കായിരുന്നതുകൊണ്ട് ചെലവാക്കുന്ന പണത്തിന്റെ വിവരം ആരും അറിഞ്ഞില്ല.
പഠിപ്പില്‍ ശ്രദ്ധയില്ലാതായി.
ബി.കോം ഫൈനല്‍ പരീക്ഷ തോറ്റു. വീട്ടില്‍ അനുയോജ്യങ്ങളായ ന്യായീകരണങ്ങള്‍ കൊടുത്തു. മകന്റെ ബിസിനസ് വൈഭവത്തില്‍ വലിയ മതിപ്പുള്ള മാതാപിതാക്കള്‍ അതേപറ്റി അധികമൊന്നും വ്യാകുലപ്പെട്ടില്ല.
വീണ്ടും വീണ്ടും എഴുതിയെങ്കിലും ഫലം പഴയതുതന്നെയായിരുന്നു.
അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരി പെണ്‍കുട്ടി ലീലയ്ക്ക് അവിഹിത ഗര്‍ഭം! ആരോപണത്തിന്റെ ചൂണ്ടുവിരല്‍ തന്റെ നേരെ ഉയര്‍ന്നു.
ആരോപണങ്ങള്‍ അസ്ഥാനത്താണെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ സംഗതി രാഷ്ട്രീയക്കാരുടെ കൈയിലേക്കു വഴുതി വീഴുമെന്നു കണ്ടപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ പണം കൊടുത്ത് ഒതുക്കിത്തീര്‍ത്തു.
അതിനുശേഷമാണ് മകനെ എത്രയും വേഗം വിവാഹം കഴിപ്പിക്കേണ്ടതിന്റെ ആവശ്യകത അപ്പച്ചനും അമ്മച്ചിക്കും ബോദ്ധ്യമായത്. തിരക്കിട്ട ആലോചനകള്‍ നടന്നു.
അപ്പച്ചനും അമ്മച്ചിയും നോക്കിയത് മകന്റെ ജീവിതം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ഒരു പെണ്‍കുട്ടിയെയായിരുന്നു. സ്ത്രീധനമൊന്നും പ്രശ്‌നമായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് അമേരിക്കയില്‍ നിന്ന് ആലോചന വന്നത്. അമ്മച്ചിയുടെ ബന്ധത്തിലുള്ള ഒരു ബ്രോക്കര്‍ വഴിയാണ് വിവരങ്ങള്‍ കൈമാറിയത്.
ഫോട്ടാകളും ജീവചരിത്രക്കുറിപ്പുകളുമെല്ലാം അന്യോന്യം പൊരുത്തമുള്ളവയായി അംഗീകരിക്കപ്പെട്ടു.
പിന്നെ എല്ലാം മിന്നല്‍ വേഗതയില്‍.
താന്‍ സന്ധ്യയെ വിവാഹം കഴിച്ചു.
ബോബെയ്ക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പുറപ്പെടാന്‍ തയ്യാറായതിന്റെ അറിയിപ്പു വന്നു.
സന്ധ്യയെ പതുക്കെ വിളച്ചുണര്‍ത്തി.
ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ നിന്നു പുറത്തേക്കു നയിക്കുന്ന കവാടത്തിലേക്കു രണ്ടുപേരും നടന്നു.