Image

സ്വപ്നഭൂമിക (നോവല്‍: 10 - മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 27 December, 2014
സ്വപ്നഭൂമിക (നോവല്‍: 10 - മുരളി ജെ നായര്‍)
ഒന്‍പത്
 എലിഫെന്റാ കേവില്‍നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയെ ലക്ഷ്യമാക്കി ബോട്ട് യാത്ര പുറപ്പെട്ടു. നിറയെ യാത്രക്കാര്‍.
വിനോദിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ഈ ട്രിപ്പ്. ഇന്നലെ ലില്ലിയമ്മാമ്മയുടെ വീട്ടിലെത്തിയപ്പോള്‍ മുതല്‍ പറയുന്നുണ്ടായിരുന്നു ബോംബെയില്‍ തന്നെയും കൊണ്ട് ഒന്നു ചുറ്റാന്‍ പോകണമെന്ന്. നല്ല സുഖമില്ലെന്നും അടുത്ത തവണ വരുമ്പോഴാകാമെന്നും പറഞ്ഞതാണ്. പക്ഷേ കാര്യമുണ്ടായില്ല. അമ്മാമ്മയും പറഞ്ഞു എന്തായാലും വിനോദ് ആദ്യമായി ബോംബെയ്ക്ക് വരികല്ലേ, ഓര്‍ത്തിരിക്കാനെന്തെങ്കിലും വേണ്ടേ, എന്ന്.
അങ്ങനെ ട്രിപ്പിനു സമ്മതിച്ചു. രാവിലെ വീട്ടില്‍നിന്നിറങ്ങിയതാണ്. വിനോദും ലില്ലിയമ്മാമ്മയും താനും. അമ്മാമ്മയുടെ ഭര്‍ത്താവിന് അവധിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണത്രെ.
“നോക്കൂ എത്ര മനോഹരമായിരിക്കുന്നു.” അമ്മാമ്മ പതുക്കെ തോണ്ടി, അകന്നു പോകുന്ന എലിഫെന്റാ കേവിനു നേരെ വിരല്‍ ചൂണ്ടി.
“യെസ്.” നിര്‍വികാരമായി പ്രതിവചിച്ചു.
ചിലര്‍ ക്യാമറയില്‍ ആ ദൃശ്യം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. താടിക്കു കൈയും കൊടുത്തിരുന്നു. ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഈ ടെന്‍ഷന്‍ തീരും. താന്‍ അമേരിക്കയിലേക്കു യാത്രയാവും.
വിനോദും പെങ്ങളും വീട്ടിലെ കാര്യങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനേ കഴിഞ്ഞില്ല. തന്നെ ഒരു വിധത്തിലും സംബന്ധിക്കുന്ന കാര്യങ്ങളല്ല അവര്‍ പറയുന്നത്.
ഇന്നലെയും ഒരു കാളരാത്രിയായിരുന്നു. വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. വിനോദിന് ഹണിമൂണിന്റെ അവസാനദിവസം ആയതിന്റെ അങ്കലാപ്പ്. ഇതുവരെ കാണാത്ത ആര്‍ത്തിയും ആവേശവും.
തുടരെത്തുടരെ “സാന്‍ഡീ” എന്നു വിളിച്ചതാണ് സഹിക്കാതിരുന്നത്. തന്റെ വിളിപ്പേര് അതാണെന്ന് പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല.
ഓരോ തവണ വിനോദ് 'സാന്‍ഡീ' എന്നു വിളിക്കുമ്പോഴും ഓര്‍ത്തത് കീത്തിനെയായിരുന്നു. ഭര്‍ത്താവിനോടൊത്ത് ഇരിക്കുമ്പോഴും മുന്‍ കാമുകനെപ്പറ്റിയോര്‍ക്കുന്നതില്‍ കുറ്റബോധം തോന്നി. എന്തോ, വിനോദിന്റെ പെരുമാറ്റവും സംസാരവും അത്തരത്തിലായിരുന്നു. തന്നെക്കൊണ്ട് കീത്തിന്റെ കാര്യം വീണ്ടും വീണ്ടും  ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍.
പറന്നകലുന്ന പക്ഷികളെ  നോക്കിയിരുന്നു. ബോട്ടിന്റെ ശബ്ദവും ആളുകളുടെ കലപിലശബ്ദവും ഒക്കെ വേറെ ഏതോ ലോകത്താണെന്നു തോന്നി. ഇപ്പോള്‍ ബോധമണ്ഡലത്തില്‍ തിളങ്ങി നില്‍ക്കുന്നത് കീത്തിന്റെ രൂപം മാത്രം!
കൂട്ടുകാരികളില്‍ പലര്‍ക്കും കീത്ത് റോബിന്‍സണുമായുള്ള തന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. സാധാരണ ആഫ്രിക്കന്‍ അമേരിക്കന്‍, അതായത് കറുത്ത വര്‍ഗ്ഗക്കാരായ യുവാക്കളെ ഡേറ്റ് ചെയ്യുന്ന  മലയാളി പെണ്‍കുട്ടികളെ സമശീര്‍ഷര്‍ അത്ര കനിവോടെയല്ല  കാണുന്നത്.
റീത്ത കുറേക്കാലം ഒരു കറുത്തവര്‍ഗക്കാരന്‍ സഹപാഠിയെ ഡേറ്റു ചെയ്തു നടന്നിരുന്നു. അതിന് അവള്‍ക്ക് വിചിത്രമായ ഒരു ന്യായവും ഉണ്ടായിരുന്നു. മാതാപിതാക്കളോടു പ്രതികാരം തീര്‍ക്കല്‍.
റീത്തയുടെ ആദ്യത്തെ ബോയ്ഫ്രണ്ട് മലയാളിയായിരുന്നു. റീത്തയും കുടുംബവും പോകുന്ന പള്ളിയില്‍ കൂടുന്ന എബി. രണ്ടു കൂട്ടരുടെയും മാതാപിതാക്കള്‍ പരസ്പരം അറിയുന്നവരും സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെയായിരുന്നു റീത്ത-എബിമാരുടെ സൗഹൃദം തുടങ്ങിയതു തന്നെ. എന്നാല്‍ അതു സീരിയസായപ്പോള്‍ മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നമായി.
റീത്തയുടെ മാതാപിതാക്കള്‍ക്കായിരുന്നു കൂടുതല്‍ ദേഷ്യം. കാരണം റീത്ത സുന്ദരിയായിരുന്നു. പഠിക്കാന്‍  സമര്‍ത്ഥയായിരുന്നു. സാമ്പത്തികശേഷിയിലും റീത്തയുടെ കുടുംബം മുന്നിലായിരുന്നു. എബി പഠിക്കാന്‍ അത്ര സമര്‍ത്ഥനൊന്നും ആയിരുന്നില്ല. കുടുംബത്തില്‍ സാമ്പത്തിക ശേഷിയും കുറവായിരുന്നു.
തങ്ങളുടെ മകളെ എബിയുടെ കുടുംബം മയക്കിയെടുത്തിരിക്കുകയാണെന്ന് റീത്തയുടെ മാതാപിതാക്കള്‍ പറഞ്ഞുപരത്തി. കുടുംബങ്ങള്‍ തമ്മില്‍ ചോദ്യമായി, പറച്ചിലായി, വഴക്കായി, വക്കാണമായി. ഇരുകൂട്ടര്‍ക്കും സൈ്വര്യമായി ജീവിക്കാന്‍ പറ്റാതായി.
മാതാപിതാക്കളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനു വഴങ്ങി റീത്ത, എബിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ റീത്തയുടെ മനസ്സില്‍ പക എരിഞ്ഞുകൊണ്ടിരുന്നു.
പ്രതികാരം തീര്‍ക്കാനും മാതാപിതാക്കളോടു പകവീട്ടാനുമാണ് റീത്ത കറുത്തവര്‍ഗക്കാരനുമായി പ്രണയത്തിലായത്.
“ഇനി എന്റെ ഡാഡിയും മമ്മിയും എന്തുചെയ്യുമെന്നു കാണട്ടെ.” അവള്‍ കൂട്ടുകാരികളോടു വീമ്പിളക്കി.
അവള്‍ക്കറിയാമായിരുന്നു ഒരു കറുത്തവര്‍ഗക്കാരനോടു പകരം ചോദിക്കാന്‍ ഒരു മലയാളിക്കും തന്റേടമുണ്ടാകുകയില്ലെന്ന്.
റീത്ത മനഃപൂര്‍വ്വം തന്റെ പുതിയ ബന്ധത്തിന് വലിയ പരസ്യം കൊടുത്തു. മാതാപിതാക്കള്‍ ദുഃഖിക്കുന്നതു കാണണം, അതായിരുന്നു അവളുടെ ഉദ്ദേശ്യം.
നീയീച്ചെയുന്നത് എത്ര വലിയ മണ്ടത്തരമാണെന്ന് അറിയുമോ?
ഒരിക്കല്‍ താന്‍ റീത്തയോടു ചോദിച്ചതാണ്.
“അതിലും വലിയ മഠയത്തരമല്ലേ നമ്മുടെയൊക്കെ ഡാഡിയും മമ്മിമാരും കാണിക്കുന്നത്?” റീത്ത തിരിച്ചടിച്ചു.
“നമ്മളും അത്ര വലിയ സായിപ്പന്മാരൊന്നുമല്ലല്ലോ. മാത്രമല്ല, വര്‍ണ്ണവിവേചനത്തിന് എതിരായി പൊരുതിയ ഗാന്ധിയുടെ സ്വന്തം നാട്ടില്‍നിന്നു വന്നവരുമല്ലേ?”
ഇക്കാര്യത്തില്‍ പുതിയ തലമുറയ്ക്കു പൊതുവെ ഒരുതരം-പ്രതിഷേധമുണ്ടായിരുന്നു. വിശേഷിച്ചും മലയാളികള്‍ കറുത്തവര്‍ഗ്ഗക്കാരെ നിന്ദിക്കുന്ന അര്‍ത്ഥത്തില്‍ 'കറുമ്പന്‍' എന്നു വിളിച്ച് ആക്ഷേപിക്കുന്നതിനെപ്പറ്റി.
എന്തായാലും മാതാപിതാക്കള്‍ കുറെയേറെ ദുഃഖിച്ചു എന്നു കണ്ടപ്പോള്‍ റീത്ത, ആഫ്രോ അമേരിക്കനുമായുള്ള ബന്ധം അവസാനിപ്പിച്ചു.
റീത്തയെപ്പോലെ, ഇതേ സാഹചര്യത്തില്‍ കറുത്തവര്‍ഗ്ഗക്കാരുമായി പ്രണയത്തിലായ പല മലയാളി പെണ്‍കുട്ടികളുടെയും കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചാരത്തിനുലുണ്ടായിരുന്നു.
എന്നാല്‍ കീത്തുമായുള്ള തന്റെ ബന്ധം അത്തരത്തിലുള്ള ഒന്നായിരുന്നില്ല.
കോളേജിന്റെ ആദ്യ ആഴ്ചകളിലാണ് തങ്ങള്‍ പരിചയപ്പെട്ടത്. താന്‍ ഫാര്‍മസി കോഴ്‌സിനും കീത്ത് ക്ലാസിക്കല്‍ ഇംഗ്ലീഷ് ലിറ്ററേച്ചിനും. ക്ലാസിക്കല്‍ ലിറ്ററേച്ചറിലുള്ള താല്‍പ്പര്യമായിരുന്നു തന്നെ കീത്തിലേക്ക് അടുപ്പിച്ചത്…
ബോട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തി. യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങി. വിനോദ് ഇറങ്ങി നിന്നിട്ട് തനിക്കായി കൈനീട്ടി. വിനോദിന്റെ കൈയില്‍ പിടിച്ച് കരയിലേക്ക് ചാടിയിറങ്ങി.
“എന്തുപറ്റിയെടോ തനിക്ക്?” വിനോദ് ചോദിച്ചു.
ഒന്നുമില്ല.”ഒഴിഞ്ഞുമാറുന്ന രീതിയില്‍ മറുപടി പറഞ്ഞു.
“എന്താ സന്ധ്യേ, സുഖമില്ലേ?”ലില്ലിയാമ്മാമ്മയുടെ ചോദ്യം.
“നല്ല സുഖം തോന്നുന്നില്ല. നമുക്ക് വീട്ടിലേക്കു പോകാം.”
പറഞ്ഞത് വിനോദിന് അത്ര സുഖിച്ചില്ലെന്നു തോന്നുന്നു. വൈകുന്നേരത്തെപ്പറ്റി വേറെ എന്തൊക്കെയോ  പ്ലാനുണ്ടായിരുന്നിരിക്കാം. 
ടാക്‌സിയില്‍ ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷനിലേക്കു യാത്ര ചെയ്യുമ്പോഴും കീത്ത് ആയിരുന്നു മനസ്സുനിറയെ.
“നീ എനിക്കു കിട്ടിയ ഇന്ത്യന്‍ ദേവതയാണ്.” കീത്ത് പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള വാചകം.  “ഞാനത്രെ ഭാഗ്യവനാണ്.”
കളിയാക്കുന്നതായി ചിലപ്പോഴൊക്കെ തോന്നിയിരുന്നെങ്കിലും കീത്തിന്റെ കണ്ണിലെ തിളക്കം, പറയുന്നത് സത്യമാണെന്ന് നൂറുതവണ ആണയിടുന്ന തരത്തിലായിരുന്നു…
“എന്തൊരു തിരക്കാണിത്.” യാത്രക്കാര്‍ നിറഞ്ഞൊഴുകുന്ന റോഡിലേക്കു നോക്കി വിനോദ് പറഞ്ഞു.
“അതേ, ഓരോ കൊല്ലംകഴിയുന്തോറും ബോംബെയിലെ തിരക്ക് കൂടിക്കൂടി വരികയാണ്.”  ലില്ലിയമ്മാമ്മ പറഞ്ഞു. ദിനംപ്രതിയെന്നോണം  ആയിരം ആളല്ലേ ബോംബെയ്ക്ക് കുടിയേറുന്നത്.”
 മഹാനഗരത്തില്‍ സ്വപ്നസൗധങ്ങള്‍ പണിയുന്നവര്‍. ഈ ജനങ്ങളില്‍ ഒരാളായിട്ടാണല്ലോ, ഒരു നല്ല നാളെയ്ക്കുവേണ്ടി പ്രയന്തിക്കാന്‍ മമ്മിയും ബോംബെയിലെത്തിയത്. ഏതായിരുന്നു മമ്മി പറയാറുണ്ടായിരുന്ന ഹോസ്പിറ്റല്‍, സന്ധ്യ ഓര്‍ക്കാന്‍ ശ്രമിച്ചു.
“മലയാളി നേഴ്‌സുമാര്‍ ഇപ്പോഴും ബോംബെയില്‍ ഒരുപാടുപേരുണ്ടോ?” സന്ധ്യ ചോദിച്ചു.
“പിന്നേ, ആയിരക്കണക്കിനു വരും. മറുനാടന്‍ മലയാളികളുടെ കുലത്തൊഴില്‍ മാതിരിയല്ലേ നേഴ്‌സ് ജോലി.” അമ്മാമ്മ പറഞ്ഞു.
വെള്ള യൂണിഫോം ധരിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ അര്‍പ്പണഭാവത്തോടെ ആതുരശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന മലയാളി ആന്റിമാരെപ്പറ്റി ഓര്‍ത്തു.
ടാക്‌സി ചര്‍ച്ച് ഗേറ്റിലെത്തി.
സ്റ്റേഷനിലും വലിയ തിരക്ക്.
ഫസ്റ്റ്കഌസ് റിട്ടേണ്‍ടിക്കറ്റ് രാവിലെ എടുത്തിരുന്നതുകൊണ്ട് ടിക്കറ്റിനു ലൈനില്‍ നില്‍ക്കേണ്ട.
അന്ധേരിക്കുള്ള വണ്ടി പ്ലാറ്റ്‌ഫോം നമ്പര്‍ രണ്ടില്‍, സ്ലോ ട്രെയിനായതുകൊണ്ട് അധികം തിരക്കില്ല. ഫസ്റ്റ്കഌസ് കമ്പാര്‍ട്ട്‌മെന്റില്‍ മൂന്നുപേര്‍ക്കും ഇരിക്കാന്‍ സ്ഥലം കിട്ടി. ഓഫീസ് ജീവനക്കാരുടെ തിരക്ക് തുടങ്ങിയിരുന്നില്ല.
സീറ്റിലേക്കു ചാരിയിരുന്ന് കണ്ണടച്ചു.
തലേദിവസത്തെ സംഭവങ്ങള്‍ മനസ്സിലൂടെ വീണ്ടും കടന്നുപോയി. പന്ത്രണ്ടുമണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള ഫ്‌ളൈറ്റ് ബോംബെയിലെത്തിയത്. ഉദ്ദേശിച്ചതിലും വൈകിയിരുന്നു.
അമ്മാമ്മയും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. വളരെ സ്‌നേഹത്തോടെയാണ് അമ്മാമ്മ സ്വീകരിച്ചത്. ചിരകാലബന്ധമുള്ള ഒരു സുഹൃത്തിനെപ്പോലെ അല്ലെങ്കില്‍ കൊച്ചനുജത്തിയെപ്പോലെ.
വീട്ടിലെത്തുന്നതുവരെ വിനോദും പെങ്ങളും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. എന്തെല്ലാം കാര്യങ്ങളായിരുന്നു സംസാരവിഷയമായത്. വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധിക്കളുടെയും ഒക്കെ പ്രശ്‌നങ്ങള്‍. ഇടയ്ക്കിടെ തന്റെ നേരെ നോക്കി ചിരിക്കാനും അമ്മാമ്മ മറന്നില്ല.
എന്നാല്‍ തനിക്ക്, എന്തോ ഒരു തരം ടെന്‍ഷനായിരുന്നു. എന്താണ് ഈ അശാരണമായ ഭീതി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നല്ലപോലെ ഒന്നുറങ്ങിയാല്‍ സുഖം തോന്നുമെന്നു കരുതി. ലഞ്ച് എന്തോ കഴിച്ചെന്നു വരുത്തി. ഒട്ടും വിശപ്പുതോന്നിയില്ല.
ഉറങ്ങാന്‍ കിടന്നു. അരമണിക്കൂറിനകം പേടിസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. പിന്നെ ഉറങ്ങാനേ കഴിഞ്ഞില്ല.
വൈകുന്നേരം പുറത്തുപോകാമെന്ന് വിനോദ് നിര്‍ബന്ധിച്ചതാണ്. സുഖമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
വിനോദും അളിയനും കൂടി പുറത്തുപോയി. ഒന്നു മിനുങ്ങിയാണ് രണ്ടുപേരും തിരിച്ചുവന്നത്. വിവാഹശേഷം രണ്ടാമത്തെ തവണയാണ് വിനോദ് പുറത്തുനിന്നു മദ്യപിക്കുന്നത്. തന്റെ മുഖഭാവം കണ്ടിട്ടാവണം ആരും കേള്‍ക്കാതെ 'ഒരു സോറിഡിയര്‍'  പറയാന്‍ വിനോദ് മറന്നില്ല.
രാത്രി കിടപ്പറയില്‍ വിനോദിന് ആവേശമായിരുന്നു. തനിക്ക് വിരക്തിയും.
ആവേശത്തിന്റെ ഇടവേളകളില്‍ വിനോദ് തന്റെ നേരെ തിരിഞ്ഞ് വളരെനേരം കണ്ണിലേക്കുറ്റുനോക്കി കിടന്നു. തന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് മുത്തിക്കൊണ്ട് തൊണ്ട ഇടറുന്ന രീതിയില്‍ പറഞ്ഞു; “എനിക്കു ദൈവം തന്ന വരദാനമാണു നീ.”
ആകെ ചിന്താക്കുഴപ്പമാണു തോന്നിയത്, വിനോദിന്റെ പെരുമാറ്റത്തില്‍.
“എന്റെ പൊന്നേ ഇനി എത്രനാള്‍ ഞാന്‍ കാത്തിരിക്കണം?”
വല്ലാതെ സങ്കടം തോന്നി വിനോദിന്റെ ചോദ്യം കേട്ടപ്പോള്‍. എന്തു മറുപടി പറയണം.
“എന്റെ സാന്‍ഡീ.” വിനോദ് തന്നെ ഇറുകെ പുണര്‍ന്നുകൊണ്ടു പറഞ്ഞു.
ആ വിളിയും പുണരലും തന്നെ വേറൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. കീത്തിന്റെ അടുത്തേക്ക്. അടുത്തക്ഷണം കുറ്റബോധത്തോടെ വിങ്ങിക്കരഞ്ഞു.
കരച്ചില്‍ സഹായിച്ചെന്നു തോന്നുന്നു.
“കരയാതെ,” വിനോദ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അത് കുറ്റബോധം കൂട്ടിയതേയുള്ളൂ.
 “വാ സന്ധ്യേ, ഇറങ്ങാം.”
അമ്മാമ്മയുടെ വാക്കുകള്‍ വര്‍ത്തമാനകാലത്തേക്കു തിരിച്ചുക്കൊണ്ടുവന്നു. വണ്ടി അന്ധേരിയില്‍ എത്തിയിരിക്കുകയാണ്.
മൂന്നു പേരും ഇറങ്ങി, സ്റ്റേഷനു പുറത്തു കടന്നു. ഇവിടെനിന്ന് കഷ്ടിച്ച എഴുമിനിറ്റ് ദൂരമേയുള്ളൂ ഫ്‌ളാറ്റിലേക്ക്.
നാലരമണി. രാത്രി രണ്ടരയ്ക്കാണ് ന്യൂയോര്‍ക്കിനുള്ള ഫ്‌ളൈറ്റ്. പതിനൊന്നുമണിക്ക് വീട്ടില്‍നിന്നിറങ്ങിയാല്‍ മതിയാകും. അടുത്താണ് എയര്‍പോര്‍ട്ട്.
വീട്ടിലെത്തി ഡ്രസ്മാറാന്‍ കിടപ്പുമുറിയിലേക്ക് കയറി. കൂടെ വിനോദും.
“എന്താ സന്ധ്യേ, എന്തുപറ്റി?”
വിനോദിന്റെ  ചോദ്യം അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു.
“ഇല്ല, ഒന്നുമില്ല.”
“അല്ല, എന്തോ ഉണ്ട്. എന്താ തനിക്ക് എന്നോടു സത്യം പറഞ്ഞാല്‍?”
വിനോദിന്റെ യാചന നിറഞ്ഞ മുഖം അനുകമ്പയുണര്‍ത്തി.
“ഒന്നുമില്ല, ഒരു ചെറിയ തലവേദന.”
“എപ്പോഴും ഉണ്ടല്ലോ ഈ തലവേദന? എന്താ ഇങ്ങനെ?”
സന്ധ്യ ഒരു നിമിഷം ആലോചിച്ചു.
“ബോംബെയിലെ ഈ പൊടിയും പുകയും കലര്‍ന്ന അന്തരീക്ഷത്തിന്റെ അലര്‍ജിയായിരിക്കും.”
വിനോദ് കഴുത്തിലൂടെ കൈയിട്ട് സന്ധ്യയെ ചേര്‍ത്തു നിര്‍ത്തി.
“വിട്, ആരെങ്കിലും കയറിവരും.”
കുതറിമാറി.
“നോക്ക് സന്ധ്യേ, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തുറന്നു പറയണം.”
വിനോദിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ദൈവമേ, ഈ മനുഷ്യനില്‍നിന്നു താന്‍ എന്തെല്ലാം ഒളിക്കണം!
പതുക്കെ വിനോദിന്റെ കരംഗ്രഹിച്ച് ചുണ്ടോടടുപ്പിച്ച് ഒന്നു മുത്തിയിട്ട് പൊട്ടിക്കരഞ്ഞു.
“അയാം സോറി, വിനു….അയാം സോറി.”
വിനോദിന്റെ കരവലയത്തില്‍ ആദ്യമായി ഒരു സുരക്ഷിതത്വബോധം തോന്നി.

സ്വപ്നഭൂമിക (നോവല്‍: 10 - മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക